Monday 19 December 2022

1622. Taxi Driver (English, 1976)

 

1622. Taxi Driver (English, 1976)
         Psychological Thriller, Drama. Streaming on Netflix



ട്രാവിസ് ബിക്കിളിനെ കുറിച്ച് പറയാൻ ഏറ്റവും എളുപ്പം റോജർ എബർട്ട് അദ്ദേഹത്തിന്റെ റിവ്യൂവിൽ എഴുതിയ വാക്കുകൾ ഉപയോഗിച്ച് ആണ്‌. റോഡ് മുറിച്ചു കടക്കാൻ താൽപ്പര്യം ഇല്ലാത്ത വൃദ്ധയെ താൻ എന്തോ വലിയ കാര്യമാണ് ചെയ്തത് എന്ന് വിശ്വസിച്ചു റോഡ് മുറിച്ചു കടത്തുന്ന ആൾ. അതാണ്‌ ട്രാവിസും ചെയ്യുന്നത്. ഇൻസോംനിയ കാരണം രാത്രി ഉറക്കം ഇല്ലാത്തത് കൊണ്ട് തനിക്കു ഏറ്റവും യോജിച്ച ജോലി രാത്രിയിൽ ടാക്സി ഓടിക്കുന്നത് ആണെന്ന്  ട്രാവിസ് കണ്ടെത്തുന്നു. അയാളുടെ കണ്ണിൽപ്പെടുന്ന രണ്ട് സ്ത്രീകൾ അപകടത്തിൽ ആണെന്ന് വിശ്വസിക്കുകയും അവരെ രക്ഷപ്പെടുത്താൻ അവർക്കു താൽപ്പര്യം ഇല്ലാതിരുന്നിട്ട് കൂടി ശ്രമിക്കുകയും ചെയ്യുന്നു.

  തന്റെ നഗരത്തിനെ കാർന്നു തിന്നുന്ന എല്ലാത്തരം മാലിന്യങ്ങളെയും നശിപ്പിക്കണം എന്ന് കരുതുന്ന, ഒരു പക്ഷെ സ്വയം ഒരു രക്ഷകൻ വേഷം അണിയാൻ ആണ്‌ ട്രാവിസ് ശ്രമിക്കുന്നതും. ട്രാവിസ് സാമൂഹികമായുള്ള ബന്ധങ്ങൾ നിർമിച്ചു എടുക്കുന്നതിൽ വലിയ പരാജയം ആണ്‌. അല്ലെങ്കിൽ തനിക്ക് ഇഷ്ടപ്പെട്ട സ്ത്രീയെ സിനിമയ്ക്ക് വിളിച്ചിട്ടു xxx ചിത്രം പ്രദർശിപ്പിക്കുന്ന തിയറ്ററിൽ കൊണ്ട് പോകുമോ? അയാൾ ശരിക്കും ഒരു മായാ ലോകത്തിൽ ആണ്‌. തന്റെ ചുറ്റും ഉള്ളവരെ ആ ലോകത്തിലേക്കു എത്തിക്കാൻ അയാൾ ശ്രമിക്കുന്നും ഉണ്ട്.

തമാശയ്ക്ക് ജോലി ഇല്ലാതെ ഇരിക്കുന്ന ആൾ താൻ യഥാർത്ഥത്തിൽ സീക്രട്ട് സർവീസിൽ ജോലി ചെയ്യുന്നു എന്ന് പറഞ്ഞാൽ എങ്ങനെ ഇരിക്കും? ട്രാവിസും അങ്ങനെ എല്ലാം സ്വയം വിശ്വസിക്കുകയാണ്  താൻ സീക്രട്ട് സർവീസിൽ ആണെന്ന്. അല്ലെങ്കിൽ അയാൾ അങ്ങനെയും സ്വയം പരിചയപ്പെടുത്തുകയാണ്. ട്രാവീസിന്റെ ഏകാന്ത ജീവിതത്തിൽ അയാൾ മനസ്സിൽ സങ്കൽപ്പിച്ചു നിർമിക്കുന്ന ശത്രുക്കളും ഇരകളും എല്ലാം അയാളുടെ ജീവിതത്തിന്റെ ഭാഗം ആവുകയാണ് പതുക്കെ.

മാർട്ടിൻ സ്ക്കോർസി മൈക്കിൾ ചാപ്മാൻറെ ഒപ്പം സൃഷ്ടിച്ച ദൃശ്യവിന്യാസത്തിലെ പുതുമകളുടെ എല്ലാം മുന്നിൽ നിൽക്കുന്ന കഥാപാത്ര സൃഷ്ടി ആണ്‌ Taxi Driver ലെ ട്രാവിസ് ബിക്കിൾ.എക്കാലത്തെയും എനിക്കിഷ്ടപ്പെട്ട മികച്ച സിനിമകളിൽ ഒന്നായി Taxi Driver മാറാൻ കാരണവും അതാണ്‌ . Taxi Driver കോളേജ് കാലഘട്ടത്തിൽ കാണുമ്പോൾ A Clockwork Orange, The Shining എന്നിവ പോലെയൊക്കെ കഥാപാത്ര സൃഷ്ടിയിൽ പ്രാധാന്യം കൊടുത്ത ക്ലാസിക്കുകൾ ആയിട്ട് കണക്കാക്കാൻ ആണ്‌ ഇഷ്ടപ്പെട്ടത്. ഇന്നും ആ കാഴ്ചപ്പാടിൽ മാറ്റം ഇല്ല.ഡി നീറോയെ കുറിച്ച് ഒന്നും പറയാനില്ല. ഈ ചിത്രത്തിൽ ട്രാവിസ് ബിക്കിളിനെ കാണാൻ മാത്രമേ സാധിച്ചുള്ളൂ. അതാണ്‌.

വീണ്ടും കാണുമ്പോൾ/ കണ്ടപ്പോൾ ട്രാവിസ് ബിക്കിൾ സമൂഹത്തിനു അപകടകാരി ആണോ അതോ മാനസികാരോഗ്യം ആകെ താറുമാറായ, സഹായം കിട്ടാത്ത ഒരു മനുഷ്യൻ ആണോ എന്ന് മാത്രം പൂർണമായും മനസ്സിലാകാതെ നിൽക്കുന്നുണ്ട്.

വളരെയധികം ഇഷ്ടപ്പെട്ട ചിത്രം എന്ന നിലയിൽ 5/5 ൽ കുറഞ്ഞത് ഒന്നും റേറ്റിങ് ആയി കൊടുക്കാൻ മനസ്സ് സമ്മതിക്കുകയും ഇല്ല.

Taxi Driver കാണാത്തവർക്ക് ടെലിഗ്രാം ലിങ്ക്  കൊടുക്കുന്നു.

t.me/mhviews1

Taxi Driver ലെ ട്രാവിസ് ആരാധകർ ഉണ്ടോ ഇവിടെ?

1 comment:

1823. Persumed Innocent (English, 1990)