1399. The Innocent (Spanish, 2021)
Mystery.
Oriol Paulo- Harlan Coben.
Netflix കാലത്തു ഏറ്റവും വലിയ കൂട്ടുക്കെട്ടിൽ ഒന്നു ആണ് ഇതെന്ന് നിസംശയം പറയാം. രണ്ടു പേരുടെയും മുൻകാല വർക്കുകൾക്ക് ഒക്കെ ധാരാളം ആരാധകരും ഉണ്ട്.ഒരു മിസ്റ്ററി സീരീസ്/സിനിമ സ്നേഹിയെ സംബന്ധിച്ചു ഏറ്റവും മികച്ച കൂട്ടുക്കെട്ടു എന്നു തന്നെ പറയാം. അവർ ഒന്നിച്ച സ്പാനിഷ് പരമ്പര ആയ The Innocent ഈ വാദത്തിനോട് നന്നായി യോജിക്കുന്നും ഉണ്ട്. വളരെ സങ്കീർണമായ ഒരു കഥയുമായി ആണ് The Innocent പ്രേക്ഷകന്റെ മുന്നിൽ വരുന്നത്.
ജീവിതത്തിൽ പൊയ്മുഖങ്ങൾ അണിഞ്ഞവർ ധാരാളം ഉണ്ടാകും.ചിലരുടെ ജീവിതക്കാലത്തിൽ തന്നെ അവർ അണിഞ്ഞിരുന്ന മുഖമൂടികൾ അഴിഞ്ഞു വീഴാറുണ്ട് എന്നത് ഒരു യാഥാർഥ്യമായിരിക്കേ തന്നെ ഈ മുഖമൂടി നൽകുന്ന സംരക്ഷണം കാരണം നിഷ്ക്കളങ്കർ ആയി ജീവിക്കാൻ സാധിക്കുന്നവരും ഉണ്ട്.ഒരു അർത്ഥത്തിൽ നമ്മളിൽ ഭൂരിഭാഗവും അങ്ങനെ ആയിരിക്കാം അല്ലെ?
Netflix Series
No. of Episodes: 8
ചെറുപ്പത്തിൽ അറിയാതെ ചെയ്ത ഒരു തെറ്റ് കാരണം ആണ് Mateo Vidal 4 വർഷക്കാലം ജയിൽ ശിക്ഷ അനുഭവിച്ചത്.സ്വന്തം ജീവിതം അയാൾ കുടുംബത്തിന്റെ ഒപ്പം നല്ല രീതിയിൽ കൊണ്ടു പോകാൻ ശ്രമിക്കുമ്പോൾ ആണ് അയാളുടെ ജീവിതത്തിൽ പല കാര്യങ്ങളും സംഭവിക്കുന്നത്.ചില കാര്യങ്ങൾ ചിന്തകൾക്കും അപ്പുറം ഉള്ളവയായിരുന്നു.അതിനെല്ലാം തുടക്കം കുറിച്ചത് ഒരു കന്യാ സ്ത്രീ മഠത്തിൽ നടന്ന കൊലപാതകവും ഏകദേശം ആ സമയത്തോട് അനുബന്ധിച്ചു അയാളുടെ ഭാര്യയുടെ തിരോധാനവും ആയിരുന്നു.
ഒരു സാധാരണ കഥ പ്രതീക്ഷിച്ചു പോയാൽ നിരാശ ആയിരിക്കും ഫലം.കാരണം നേരത്തെ പറഞ്ഞ പൊയ്മുഖങ്ങൾ തന്നെ.നമ്മൾ സ്‌ക്രീനിൽ കണ്ടിരുന്ന കഥാപാത്രങ്ങളുടെയെല്ലാം നേരെ ക്യാമറ ഫോക്കസ് ചെയ്യുമ്പോൾ പ്രേക്ഷകന്റെ മുന്നിൽ ദുരൂഹതകൾ ഓരോന്നായി അവതരിപ്പിക്കുകയാണ്. അതിന്റെ പിന്നിൽ ഉള്ള രഹസ്യങ്ങൾ കണ്ടെത്താനായി ഓരോ എപ്പിസോഡ് കഴിയുമ്പോഴും കൂടുതൽ കുരുക്കിൽ അകപ്പെട്ട് പോകുന്ന അവസ്ഥ ആണ് പ്രേക്ഷകന് ഉണ്ടാവുക.
സീരീസിലെ ഒട്ടു മിയ്ക്ക കഥാപാത്രങ്ങളുടെയും അവസ്ഥ ഇതാണ്.ഹാർലൻ കൊബേന്റെ Netflix സീരീസുകളിൽ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമാണ് സ്‌ക്രീനിൽ വരുന്ന ഓരോ കഥാപാത്രത്തിനും നൽകുന്ന വ്യക്തിത്വവും അതിന്റെ ഒപ്പം കഥയുടെ ഗതിയെ അവർ സ്വാധീനിക്കുന്ന രീതിയും.വളരെ ഇഷ്ടമാണ് ശരിക്കും ആ ഒരു അവതരണ രീതി.ഇത്തരം സീരീസുകൾ അതു കൊണ്ടു തന്നെ കാണുന്ന സമയവും, കണ്ടു കഴിഞ്ഞാലും കഥാപാത്രങ്ങൾ മനസ്സിൽ നിൽക്കുകയും ചെയ്യും.ഒരു പക്ഷെ കഥ ഊഹിച്ചു വരുമ്പോൾ ഓരോ കഥാപാത്രത്തിനും അതിൽ സ്ഥാനം ഉണ്ടാവുകയും പിന്നീട് അതിൽ നിന്നും വ്യത്യസ്തമായി ഒരു കഥാഗതി ഉണ്ടാകുന്നത് കൊണ്ടു ആകാം.
The Innocent അങ്ങനെ ഒരു സീരീസ് തന്നെയാണ്. സങ്കീർണമായ ജീവിതാവസ്ഥകളിലൂടെ പോകുന്ന ഒരു കൂട്ടം മനുഷ്യർ.അവരുടെ പൊയ്മുഖങ്ങൾ നൽകുന്ന സംരക്ഷണ വലയത്തിൽ നിന്നും അവർ ചാടുമ്പോൾ ഉണ്ടാകുന്ന സംഘർഷങ്ങൾ ഉണ്ട്, അതു നന്നായി.പ്രേക്ഷകനിൽ എത്തിക്കാൻ Oriol Paulo യ്ക്ക് കഴിയുകയും ചെയ്തു എന്ന് തോന്നി.
Out of Nowhere എന്ന് പറയാൻ കഴിയുന്ന രീതിയിൽ ഒരു മാന്ത്രികന്റെ സാമർഥ്യത്തോടെ ആണ് ഈ സീരീസിലെ പല സംഭവങ്ങളും അവതരിപ്പിച്ചിരിക്കുന്നത് എന്നതാണ് അഭിപ്രായം.8 എപ്പിസോഡ് ക്ഷമയോടെ തന്നെ കണ്ടു ഇരിക്കണം.കാരണം അവസാന എപിതാക്കോഡിലെ അവസാന രംഗത്തു പോലും ഉണ്ടാകും പ്രേക്ഷകനെ കാത്ത് ഇരിക്കുന്ന ദുരൂഹതകളുടെ ഉത്തരം.അവസാനം Mateo Videl ന് എന്താകും സംഭവിച്ചിട്ടുണ്ടാവുക? ആകാംക്ഷ തോന്നുന്നുണ്ടെങ്കിൽ അൽപ്പ നേരം മാറ്റി വയ്ക്കുക.നിരാശപ്പെടേണ്ടി വരില്ല.
എനിക്ക് നല്ല രീതിയിൽ തന്നെ ഇഷ്ടമായി.
@mhviews rating: 4/4
No comments:
Post a Comment