Wednesday, 30 December 2015

567.FORREST GUMP(ENGLISH,1994)

567.FORREST GUMP(ENGLISH,1994),|Drama|Comedy|Romance|,Dir:- Robert Zemeckis,*ing:-Tom Hanks, Robin Wright, Gary Sinise.

  ടോം ഹാങ്ക്സ് എന്ന നടനെ കുറിച്ചും ഈ ചിത്രത്തെക്കുറിച്ചും അധികം പറയണ്ട കാര്യമില്ല എന്നറിയാം.എന്നാലും ഒരു ചിത്രം പല വട്ടം  കാണുമ്പോഴും  ഇഷ്ടം കൂടുകയും മനസ്സില്‍ സന്തോഷം നിറയ്ക്കുകയും ചെയ്യുന്ന അപൂര്‍വ്വം ചിത്രങ്ങളില്‍ ഒന്നാണ് "ഫോറസ്റ്റ് ഗമ്പ്".ഒരു പക്ഷേ ടോം ഹാങ്ക്സ് ഇതിലെ കഥാപാത്രം  ചെയ്യാന്‍ വേണ്ടി  മാത്രം ജനിച്ചതാണ് എന്ന് തോന്നും.അദ്ദേഹത്തിന്റെ മറ്റു  സിനിമകള്‍ മോശം ആണെന്ന് അതിനു അര്‍ത്ഥമില്ല.പകരം ഈ വേഷം ടോം ഹാങ്ക്സ് അല്ലാതെ വേറെ  ആര്  ചെയ്താലും  ഇത്രയും  ഗംഭീരം  ആകും എന്ന് തോന്നുന്നില്ല.(സ്വന്തം അഭിപ്രായം മാത്രം ആണത്)

  ഫോറസ്റ്റ് ഗംപ് എന്ന ഐ ക്യൂ തീരെ കുറവുള്ള,പ്രത്യേക കഴിവുകള്‍ ഒന്നും ഇല്ലാത്ത കുട്ടിയുടെ കഥയില്‍ നിന്നും ആണ് സിനിമ ആരംഭിക്കുന്നത്.കഥ പറയുന്നത് മുതിര്‍ന്ന ഫോറസ്റ്റ് ഗംപും.തികച്ചും നിഷ്ക്കളങ്കനായ ഒരാള്‍ ഒരു ബസ് സ്റ്റോപ്പില്‍ അടുത്തിരുന്ന സ്ത്രീയോട് ,അവര്‍ക്ക് സംസാരിക്കാന്‍ പോലും താല്‍പ്പര്യം ഇല്ലാതിരുന്ന സമയത്ത് സംഭവ ബഹുലമായ ആ കഥ പറഞ്ഞു തുടങ്ങുന്നു.നേരത്തെ പറഞ്ഞതില്‍ ഒരു ചെറിയ വ്യത്യാസം ഉണ്ട്.അവന്റെ കഴിവുകളെ കുറിച്ച് പറഞ്ഞതില്‍.ഗംപ് മികച്ച ഒരു ഓട്ടക്കാരന്‍ ആയിരുന്നു.അത് അവനു മനസ്സിലായത് അവന്‍റെ എക്കാലത്തെയും പ്രണയിനി ആയിരുന്ന ജെന്നിയും.അവന്റെ ആ കഴിവ് അവനെ പോലെ ബൗദ്ധിക നിലവാരം കുറവാണ് എന്ന് കരുതിയ കൊണ്ട് എത്തിച്ചത് സ്വപ്നതുല്യമായ ഒരു ജീവിതത്തിലേക്ക് ആയിരുന്നു.കോളേജ് റഗ്ബി ടീമില്‍ നിന്നും പട്ടാളത്തിലേക്ക്.പിന്നീട് അവിടെ നിന്നും പുതിയ മേച്ചില്‍ പുറങ്ങളിലേക്കും.സൗഹൃദത്തിനും പ്രണയത്തിനും ജീവിതത്തില്‍ വില കൊടുത്തിരുന്ന ഗംപിനെ ഏറ്റവും ആകര്‍ഷിച്ച വ്യക്തിത്വം അവന്റെ അമ്മയുടെ ആയിരുന്നു.അവര്‍ ശരിക്കും അവനു വേണ്ടി ജീവിച്ചു എന്ന് പറയാം.എല്ലാ അര്‍ത്ഥത്തിലും.

  ഗംപിന്റെ കഥ ഡ്രാമയായോ റൊമാന്‍സ് ആയോ മുഖ്യ പ്രമേയം വരുന്ന കഥയില്‍ നിന്നും ഒരു ഫാന്റസി ആയി കാണാന്‍ ആണ് ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ താല്‍പ്പര്യം.കാരണം കഥ അവതരിപ്പിച്ചിരിക്കുന്നത് ഒരു മുത്തശ്ശി കഥ പറയുന്ന അത്ര രസകരമായ രീതിയില്‍ ആയിരുന്നു.ഗംപിന്റെ ജീവിതത്തിലെ ഓരോ ഏടും ആകര്‍ഷകം ആകുന്നതു അത് കൊണ്ടാണ്."വിന്‍സ്ടന്‍ ഗ്രൂം" എഴുതിയ നോവല്‍ അതെ പേരില്‍ ചിത്രം ആയപ്പോള്‍ തിരക്കഥ എഴുതിയ "എറിക് റോത്ത്" ആ കഥയെ സിനിമ ഭാഷ്യമായി മനോഹരമായി തിരക്കഥ എഴുതി എന്ന് പറയാം.പതിമൂന്നു വിഭാഗത്തില്‍ ഓസ്ക്കര്‍ നാമ നിര്‍ദേശം ലഭിച്ച ചിത്രം അതില്‍ ആറു വിഭാഗങ്ങളില്‍ മികവു തെളിയിച്ചു വിജയിയും ആയി.മികച്ച നടന്‍/ചിത്രം/സംവിധായകന്‍/തിരക്കഥ/എഡിറ്റിംഗ്/വിഷ്വല്‍ എഫക്ട്സ് എന്നീ വിഭാഗങ്ങളില്‍ ആയിരുന്നു അവ.

  ഫോറസ്റ്റ് ഗംപ് തനിക്കു ആവശ്യം ഉള്ള കാര്യങ്ങള്‍ മാത്രം ആയിരുന്നു ജീവിതത്തില്‍ മനസ്സിലാക്കിയിരുന്നത്.അല്ലെങ്കില്‍ അവന്റെ ജീവിതത്തില്‍ അവനു വേണ്ടിയിരുന്നത് സരളമായ കുറച്ചു കാര്യങ്ങള്‍ മാത്രമായിരുന്നു.ബാക്കി എല്ലാം അവന്‍റെ ജീവിതത്തില്‍ അവനെ തേടി എത്തി.ഗംപ് അവന്റെ ജീവിതത്തില്‍ എത്തി ചേര്‍ന്ന വഴികള്‍ ഒക്കെ നോക്കുമ്പോള്‍ "The Man From Earth"  ലെ പ്രോഫസ്സര്‍ ജോണ്‍ ഓള്‍ഡ്‌മാനെ ആര്‍ക്കെങ്കിലും ഓര്‍മ വന്നാലും തെറ്റില്ല.കാരണം ഈ രണ്ടു സിനിമയ്ക്കും ചേരുന്ന ഒരു ഫാന്റസി അവിടെ ഉണ്ട്.അത്രയ്ക്കും അസ്വാഭാവികം ആണ് ഗംപിന്റെ കഥ.ഒരിക്കലും കണ്ടാല്‍ മടുപ്പ് തോന്നാത്ത ഗംപിന്റെ അവിശ്വസനീയം ആയ കഥ.ചിത്രത്തിന്റെ അവസാന രംഗം അവന്‍റെ ജീവിതത്തിനു പൂര്‍ണത നല്‍കുന്നും ഉണ്ട്.സിനിമ അവസാനിക്കുമ്പോള്‍ ഒരു നല്ല പുസ്തകം വായിച്ച പ്രതീതിയും.

More movie suggestions @www.movieholicviews.blogspot.com

    

No comments:

Post a Comment