Saturday, 31 January 2015

288.THE TALE OF THE PRINCESS KAGUYA(JAPANESE,2013)

288.THE TALE OF THE PRINCESS KAGUYA(JAPANESE,2013),|Animation|Fantasy|,Dir:-Isao Takahata,Voice:-Chloë Grace Moretz, James Caan, Mary Steenburgen.

 ഈ വര്‍ഷത്തെ മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള  ഓസ്ക്കാര്‍ നാമനിര്‍ദേശം ലഭിച്ച ചിത്രം ആണ് "The Tale Of The Princess Kaguya".

   The Tale of the Bamboo Cutter എന്ന നാടോടി കഥയെ ആസ്പദം ആക്കിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ഒരു അനിമേഷന്‍ ചിത്രം ആയിരുന്നിട്ടു കൂടി ഇതിനു കഥയില്‍ നല്ല പ്രാധാന്യം ലഭിക്കാന്‍ കാരണം വാ മൊഴിയില്‍ വികസിച്ച കഥ ആയതിനാല്‍ ആകും.നാടോടി കഥകള്‍ കാലത്തെ അതിജീവിച്ചു ഇപ്പോള്‍ അനിമേഷന്‍ രൂപങ്ങളില്‍ എത്താന്‍ ഉള്ള ഒരു കാരണം അതാകാം.

  മിയാടുസ്കോ എന്ന മുള വെട്ടുകാരന്‍ ഒരു ദിവസം പ്രകാശിക്കുന്ന ഒരു മുള മരം കണ്ടു.അയാള്‍ അതിന്‍റെ അടുക്കല്‍ ചെന്നപ്പോള്‍ അതില്‍ നിന്നും ഒരു കുഞ്ഞു രാജകുമാരി വരുന്നത് കണ്ടു.അയാള്‍ ആ രാജകുമാരിയെ തന്‍റെ കയ്യില്‍ എടുത്തു.അയാള്‍ വീട്ടിലേക്കു അവളെ ഉള്ളം കയ്യില്‍ വച്ച് കൊണ്ട് ഓടി.മക്കള്‍ ഇല്ലാതിരുന്ന അയാള്‍ ആ രാജകുമാരിയെ തന്‍റെ ഭാര്യയെ കാണിച്ചു.അവരുടെ കയ്യില്‍ എത്തിയ ഉടന്‍ ആ രാജകുമാരി ഒരു കൊച്ചു കുഞ്ഞായി മാറി.ജനിച്ചു വീണ ഒരു കുട്ടിയായി മാറിയ അവള്‍ക്കു മിയാടുസ്ക്കൊയുടെ ഭാര്യ മുലപ്പാള്‍ നല്‍കുന്നു.അവള്‍ അങ്ങനെ അവരുടെ മകളായി അവിടെ ജീവിക്കുന്നു.

  എന്നാല്‍ അവളുടെ വളര്‍ച്ച പെട്ടന്നായിരുന്നു.നോക്കി നില്‍ക്കുമ്പോള്‍ തന്നെ അവള്‍ വളര്‍ന്നു വലുതായി.മിയാടുസ്ക്കോ "രാജകുമാരി" എന്നവളെ വിളിച്ചെങ്കിലും ആ ഗ്രാമത്തിലെ മറ്റു കുട്ടികള്‍ അവളെ "മുളയില്‍ നിന്നും വന്ന കുട്ടി" എന്ന് വിളിച്ചു.എന്നാല്‍ മിയാടുസ്ക്കൊയ്ക്ക് ഒരു കാര്യം അറിയാമായിരുന്നു.അവള്‍ അവിടെ ജനിക്കെണ്ടാവല്‍ അല്ലായിരുന്നു.അവള്‍ ഒരു രാജകുമാരി ആണ്.ഒരു രാജകുമാരിയെ പോലെ അവളെ വളര്‍ത്തണം.അതിനായി പിന്നീട് മുളയില്‍ നിന്നും കിട്ടിയ സ്വര്‍ണവും ആയി നഗരത്തില്‍ ഒരു കൊട്ടാരം പനിയുവാനായി അയാള്‍ പോകുന്നു.മുളയില്‍ നിന്നും ജനിച്ച ആ പെണ്‍ക്കുട്ടിയുടെ ബാക്കിയുള്ള ജീവിതം ആണ് പിന്നീട് ഉള്ള സിനിമ.

  ഫാന്റസി ആണ് കഥയുടെ പ്രമേയം എങ്കിലും പലപ്പോഴും വൈകാരികമായി ഒരു അടുപ്പം ഈ ചിത്രത്തിനോട് പ്രേക്ഷകന് തോന്നുന്നത് പോലെ തോന്നി.ഇന്ത്യ പോലെ നാടോടി കഥകള്‍ക്ക് ഒരു ക്ഷാമവും ഇല്ലാത്ത രാജ്യത്ത് നിന്നും ഇത്തരത്തില്‍ ഉള്ള ചിത്രങ്ങള്‍ വന്നിരുന്നു എങ്കില്‍ എത്ര നന്നായേനെ എന്ന് കരുതി.ഈ ജാപനീസ് ചിത്രം അവതരിപ്പിച്ചതിലും അധികം അത്ഭുതങ്ങള്‍ ലോക സിനിമയില്‍ കാണിക്കുവാന്‍ ആ ചിത്രങ്ങള്‍ക്ക് ആകും എന്ന് പ്രതീക്ഷിക്കുന്നു.കാരണം അത്ര സമ്പുഷ്ടം ആണ് നമ്മുടെ നാടോടി കഥാ ശാഖ.

More movie suggestions @www.movieholicviews.blogspot.com

287.CADAVERI EXCELLENTI(ITALIAN,1976)

287.CADAVERI EXCELLENTI(ITALIAN,1976),|Thriller|Crime|Mystery|,Dir:-Francesco Rosi,*ing:-Lino Ventura, Tino Carraro, Marcel Bozzuffi .

 രാഷ്ട്രീയമായും സാമൂഹികമായും അസ്ഥിരത ഇറ്റലിയില്‍ ഉണ്ടായിരുന്ന കാലഘട്ടത്തില്‍ ആണ് ചിത്രത്തില്‍ അവതരിപ്പിക്കുന്ന  സംഭവങ്ങള്‍ നടക്കുന്നത്.സമൂഹത്തിലെ ഏറ്റവും ഉയര്‍ന്ന തട്ടില്‍ തങ്ങള്‍ ആണെന്ന്  സ്വയം അഭിമാനിക്കുന്ന ന്യായാധിപന്മാരും അവര്‍ എല്ലാം തന്നെ മാഫിയ ആണെന്ന് ആരോപിക്കുന്ന യുവ ജനങ്ങളും തമ്മില്‍ ഉള്ള  സാമൂഹിക അരക്ഷിതാവസ്ഥയും.അതോടൊപ്പം വലതു പക്ഷ സര്‍ക്കാരും അവരെ എതിര്‍ക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയും അന്നത്തെ രാഷ്ട്രീയത്തെ ഗ്രസിച്ചിരുന്നു.

  ആ സമയത്താണ് അടുപ്പിച്ചടുപ്പിച്ച് ന്യായാധിപന്മാര്‍ കൊല്ലപ്പെട്ടു തുടങ്ങിയത്.മരിച്ചവര്‍ ഒക്കെയും കോടതികളിലെ മുതിര്‍ന്ന ന്യായാധിപന്മാരും ആയിരുന്നു.വര്‍ഗാസ്‌ എന്ന ന്യായാധിപന്റെ കൊലപാതകത്തിന് ശേഷം മറ്റു രണ്ടു ജഡ്ജിമാര്‍ കൂടി കൊല്ലപ്പെടുന്നു.കേസന്വേഷണം രോഗാസ് എന്ന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ആണ് ഏറ്റെടുത്തത്.റോഗാസ് അന്വേഷിച്ചു തുടങ്ങുമ്പോള്‍ ആദ്യം അന്വേഷിക്കുന്നത് ഈ കൊലപാതകങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു കണ്ണി ആയിരുന്നു.മരിച്ചവര്‍ എല്ലാം ഏറെ കുറെ ഒരേ രീതിയില്‍ ആണ് കൊല്ലപ്പെട്ടത്.റോഗാസ് ഇവര്‍ എല്ലാം ഒരുമിച്ചു വിധി എഴുതിയ കേസുകളിലേക്ക് അന്വേഷണം തിരിക്കുന്നു.റോഗാസ് കൊല്ലപ്പെട്ട ജഡ്ജിമാര്‍ കുറ്റവാളികള്‍ എന്ന്  വിധി എഴുതുകയും പിന്നീട് ആ വിധി തെറ്റായിരുന്നു എന്ന് പിന്നീട് മനസ്സിലാക്കുകയും ചെയ്ത മൂന്നു കേസുകളുടെ പുറകെ പോകുന്നു.

റോഗാസിന്റെ അഭിപ്രായത്തില്‍ ഈ കേസില്‍ ഉള്‍പ്പെട്ട ആരോ ഒരാള്‍ ആണ് ഈ പരമ്പര കൊലപാതകങ്ങളുടെ പിന്നില്‍ എന്നാണു.റോഗാസിന്റെ പിന്നീടുള്ള അന്വേഷണവും അദൃശ്യനായ കൊലയാളിയെ തേടുമ്പോള്‍ ആ കേസിന് മറ്റൊരു മുഖം നല്‍കാന്‍ ശ്രമിക്കുന്ന കുറച്ചു അവിശുദ്ധ കൂട്ടുകളിലേക്കും കഥ തിരിയുന്നു.വളരെ നല്ല ഒരു ത്രില്ലര്‍ ആണ് ഈ ഇറ്റാലിയന്‍ ചിത്രം.പ്ലോട്ട് എന്താണോ അവതരിപ്പിക്കുന്നത്‌,അതിലും മുകളില്‍ ഈ ചിത്രത്തിന് പറയാനായി ഉണ്ട്.ത്രില്ലര്‍ ചിത്രങ്ങളുടെ സ്നേഹികള്‍ കണ്ടിരിക്കേണ്ട ഒരു ക്ലാസിക് ആണ് ഈ ചിത്രം.

More movie suggestions @www.movieholicviews.blogspot.com

Thursday, 29 January 2015

286.THE STATION AGENT(ENGLISH,2003)

286.THE STATION AGENT(ENGLISH,2003),|Comedy|Drama|,Dir:-Thomas McCarthy,*ing:-Peter Dinklage, Patricia Clarkson, Bobby Cannavale.

"മികച്ച തിരക്കഥയ്ക്കുള്ള Bafta Award 2004 ല്‍ നേടിയ ചിത്രം ആണ് 'സ്റ്റേഷന്‍ എജന്റ്റ്' "

  ചില മനുഷ്യര്‍ക്കുണ്ടാകുന്ന ചെറിയ കുറവുകളെ പോലും പരിഹസിക്കുന്ന ലോകം ആണ് നമ്മുടെ ചുറ്റും ഉള്ളത്.എന്നാല്‍ ആ കുറവുകള്‍ അനുഗ്രഹം ആക്കി വിസ്മയം സൃഷ്ടിച്ചവരും ഉണ്ട്.കുറവുകള്‍ ഒന്നും ഇല്ല എന്ന മിഥ്യാധാരണ വച്ച് പുലര്‍ത്തുന്ന പലരും പലപ്പോഴും പരിഹസിക്കപ്പെടുന്നവരില്‍ നിന്നും എത്രയോ ചെറുതാണ് എന്ന് അവര്‍ അറിയുന്നില്ല.അത്തരം ഒരാള്‍ ആണ് ഫിന്‍.ഫിന്‍ ഒരു "കൊച്ചു മനുഷ്യന്‍" ആണ്.നാലടി നാലിഞ്ചു ഉയരവും എന്നാല്‍ അതിലേറെ ആരെയും ശല്യപ്പെടുത്താതെ,പരിഹസിക്കുന്നവരെ ശ്രദ്ധിക്കാതെ നടക്കുന്ന ഒരു മനുഷ്യന്‍.

   ട്രെയിന്‍ മോഡലുകള്‍ വില്‍ക്കുന്ന ഒരു കടയില്‍ ആണ് ഫിന്‍ ജോലി ചെയ്തിരുന്നത്.സഹോദര തുല്യനായ ഹെന്രി ഒരു ദിവസം മരിക്കുന്നു.അയാളുടെ വില്‍ പത്രത്തില്‍ ഫിന്നിനും രണ്ടു ഏക്കര്‍ സ്ഥലം അയാള്‍ കൊടുത്തിട്ടുണ്ട്‌.റെയില്‍ പാതയുടെ അടുക്കല്‍ ഉള്ള സ്ഥലം.ഫിന്നിനും ഹെന്രിക്കും സിനിമകള്‍ ഇഷ്ടം ആയിരുന്നു.എന്നാല്‍ അവ നമ്മള്‍ കാണുന്ന പോലത്തെ സാധാരണ സിനിമകള്‍ അല്ലായിരുന്നു.ശബ്ദരേഖ ഉള്‍പ്പെടുത്തിയ ട്രെയിന്‍ യാത്രകള്‍ ആയിരുന്നു ആ ചിത്രങ്ങള്‍.പുതിയ സ്ഥലത്ത് എത്തിയ ഫിന്‍ ജോ എന്ന വണ്ടിയില്‍ സ്നാക്സ് വില്‍ക്കുന്ന യുവാവിനെയും ജീവിതത്തില്‍ ദുരിതങ്ങള്‍ ഏറെ ഉണ്ടായ ഒലിവിയ എന്ന സ്ത്രീയെയും കണ്ടു മുട്ടുന്നു.ആദ്യം അവരോടു അടുക്കാതെ ഇരുന്ന ഫിന്‍ എന്നാല്‍ അവര്‍ തന്‍റെ ജീവിതത്തിലെ നിര്‍ണായക സ്വാധീനം ആകുന്നതായി പതിയെ മനസ്സിലാക്കുന്നു,

  സൗഹൃദവും ദുരിതങ്ങളില്‍  നിന്നും രക്ഷപ്പെടാന്‍ പരസ്പ്പരം ഒരു കൂട്ടായി മാറുന്ന ആ മൂന്നു പേരുടെയും കഥയാണ് ബാകി ചിത്രം.സസ്പന്‍സ് പോലെ ഒന്നും ഇല്ലാത്തത് കൊണ്ടാണ് ഈ ചിത്രത്തെ കുറിച്ച് ആ രീതിയില്‍ എഴുതാത്തത്.എന്നാലും കണ്ടു കഴിയുമ്പോള്‍ മനസ്സിന് ഒരു പ്രത്യേക സന്തോഷം ഉണ്ടാകും.പീറ്റര്‍ ദിന്ക്ലെജ് എന്ന ചെറിയ നായക നടന്‍റെ അഭിനയം നന്നായിരുന്നു.അയാളുടെ കണ്ണുകളില്‍ ഉള്ള ഒരു ആത്മവിശ്വാസം തന്നെയാണ് ഈ ചിത്രത്തിന്റെ ശക്തിയും.നല്ല സിനിമകള്‍ കാണുന്ന കൂട്ടത്തില്‍ ഈ ചിത്രത്തെയും ഉള്‍പ്പെടുത്താം.

More reviews @www.mmovieholicviews.blogspot.com

Tuesday, 27 January 2015

285.HORRIBLE BOSSES SERIES(I & II)

285.HORRIBLE BOSSES,|Comedy|Crime|

Horrible Bosses(ENGLISH,2011),Dir:-Seth Gordan,*ing:-Jason Bateman, Charlie Day, Jason Sudeikis

Horrible Bosses ന്‍റെ ആദ്യ ഭാഗം ശ്രദ്ധേയം ആയതു അതിലെ നായക കഥാപാത്രങ്ങളിലും ഉപരി അതിലെ വില്ലന്‍ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച പ്രശസ്തരുടെ പേരില്‍ ആകാം.ഞാന്‍ ആദ്യ ഭാഗം കണ്ടത് ആ പേരില്‍ ആണ്.കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്.കെവിന്‍ സ്പേസി,കോളിന്‍ ഫാരല്‍,ജെനിഫര്‍ അനിസ്ട്ടന്‍ എന്നിവര്‍ ആയിരുന്നു നിക്ക്,ഡേല്‍ ,കുര്‍ട്ട് എന്നിവരുടെ ശല്യക്കാരായ ഓഫീസ് മേലധികാരികള്‍ ആയി എത്തിയത്.അവരുടെ പീഡനങ്ങള്‍ ഒരു പരിധിക്കപ്പുറം ആയപ്പോള്‍ അവര്‍ പ്രതികരിക്കാന്‍ തീരുമാനിക്കുന്നു.

  അവര്‍ മൂന്നു പേരും അവരുടെ ബോസ്സുമാരെ കൊല്ലാന്‍ തീരുമാനിക്കുന്നു.ആര്‍ക്കും സംശയം ഉണ്ടാകാതെ ഇരിക്കാന്‍ ഒരാളുടെ ബോസ്സിനെ മറ്റൊരാള്‍ കൊല്ലുക എന്നതായിരുന്നു അവരുടെ കൊലപാതക കണ്സല്‍ടന്റ്റ്‌ ആയ ഡീന്‍ അവര്‍ക്ക് കൊടുത്ത ഉപദേശം.അതായിരുന്നു ആദ്യ ഭാഗത്തിലെ കഥ.രസകരം ആയിരുന്നു ആദ്യ ഭാഗം.പ്രത്യേകിച്ചും അത്തരം ബോസ് ഒക്കെ ഉള്ളവര്‍ക്ക് കൂടുതല്‍ ഇഷ്ടം തോന്നാം ആദ്യ ഭാഗം.അങ്ങനത്തെ ഒരു ബോസ് അല്ല ഉണ്ടായിരുന്നു എങ്കിലും എനിക്കും പ്രിയപ്പെട്ടതായിരുന്നു ആദ്യ ഭാഗം.

Horrible Bosses 2(ENGLISH,2014),Dir:-Sean Anders,*ing:-Jason Bateman, Jason Sudeikis, Charlie Day


രണ്ടാം ഭാഗം ആകുമ്പോള്‍ നിക്ക് ,കുര്‍ട്ട്,ഡേല്‍ എന്നിവര്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ജോലി ചെയ്യുന്നത് നിര്‍ത്തിയിട്ടു സ്വന്തമായി ബിസിനസ് തുടങ്ങാന്‍ തീരുമാനിക്കുന്നു.അതിനായി അവര്‍ ഒരു പുതിയ പ്രോടക്റ്റ് മാര്‍ക്കറ്റില്‍ ഇറക്കാന്‍ ഉള്ള ശ്രമത്തില്‍ ആണ്.Shower Buddy എന്ന് അവര്‍ വിളിക്കുന്ന ആ പ്രോടക്റ്റ് മാര്‍ക്കറ്റില്‍ ഇറക്കാന്‍ അവര്‍ക്ക് ഒരു വലിയ ഗ്രൂപ്പിനെ ആവശ്യമായിരുന്നു.ആ പ്രോടക്റ്റ് അവര്‍ ഒരു ടി വി ഷോയിലൂടെ അവതരിപ്പിക്കുന്നു.

അവരെ തേടി ഒരാള്‍ എത്തി.റെക്സ് എന്ന കോടീശ്വര പുത്രന്‍.എന്നാല്‍ അയാള്‍ അവരോടു ആ പ്രോടക്റ്റ് അയാളുടെ പേരില്‍ എഴുതി കൊടുത്തു അയാള്‍ പറയുന്ന തുകയും വാങ്ങി പോകാന്‍ ആവശ്യപ്പെടുന്നു.എന്നാല്‍ മൂവര്‍ കൂട്ടം അതിനു സമ്മതിക്കുന്നില്ല.അപ്പോഴാണ്‌ ദൈവ ദൂതനെ പോലെ റെകസിന്റെ പിതാവും പ്രശസ്ത ബിസിനസുകാരനും ആയ ബുര്‍റ്റ് ഹാന്‍സന്‍ എത്തുന്നത്‌.അയാള്‍ അവരുമായി ബിസിനസ് ചെയ്യാന്‍ തയ്യാറായിരുന്നു.എന്നാല്‍ എന്നും ബോസ്സുമാരെ എതിര്‍ക്കുന്ന മൂവര്‍ സംഘം ഈ ബിസിനസ്സുമായി മുന്നോട്ടു പോകാന്‍ സാധിക്കുമോ?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

 ആദ്യ ഭാഗത്തിലെ രണ്ടു ബോസ്സും ഡീന്‍ എന്ന കൊലപാതക കണ്സല്‍ട്ടന്റും എല്ലാം ഈ ഭാഗത്തിലും വരുന്നുണ്ട്.ആദ്യ ഭാഗത്തിന്റെ പ്രമേയവുമായി ഒത്തു ചേരാന്‍ ശ്രമിച്ചു എങ്കിലും കഥ മൊത്തത്തില്‍ കണ്ടു മടുത്ത രീതിയില്‍ ആണ് കുറെ ദൂരം സഞ്ചരിക്കുന്നത്.എന്നാല്‍ ക്ലൈമാക്സ് ആകുമ്പോള്‍ സിനിമ പഴയ ഓര്‍മ്മകള്‍ അല്‍പ്പം എങ്കിലും തിരിച്ചു കൊണ്ട് വരുന്നുണ്ട്.ആദ്യ ഭാഗത്തിന്‍റെ അത്ര മികച്ചതല്ലെങ്കിലും ഒരു പ്രാവശ്യം കണ്ടിരിക്കാവുന്നതാണ് രണ്ടാം ഭാഗം.

more reviews @www.movieholicviews.blogspot.com

Monday, 26 January 2015

284.TRANSSIBERIAN(ENGLISH,2008)

284.TRANSSIBERIAN(ENGLISH,2008),|Mystery|Thriller|,Dir:-Brad Anderson,*ing:-Woody Harrelson, Emily Mortimer, Ben Kingsley .

 ഒരു മനുഷ്യന് മറ്റൊരാളുടെ ജീവിതം ആസ്വാദ്യകരം ആക്കുവാന്‍ അയാളുടെ നല്ല ഇടപ്പെടലുകള്‍ മതി എന്ന് പറയുന്നത് പോലെ തന്നെ ഒരാളുടെ ജീവിതം ദുരിത പൂര്‍ണം ആക്കുവാനും മറ്റൊരാള്‍ക്കു കഴിയും.ഈ സിനിമയുടെ പ്രമേയം ഇങ്ങനെ വേണമെങ്കില്‍ ചുരുക്കി പറയാം.ഇവിടെ ഒരു യാത്രയാണ് നടക്കുന്നത്.കുട്ടികള്‍ക്കായി ചൈനയില്‍ വച്ച് നടത്തിയ ഒരു പ്രാര്‍ത്ഥന കൂട്ടായ്മയില്‍ പങ്കെടുത്തതിന് ശേഷം അമേരിക്കന്‍  ദമ്പതികള്‍ ആയ റോയിയും ജെസ്സിയും റഷ്യയിലേക്ക് യാത്രയായി.കുടുംബ ജീവിതത്തിലെ രസ ചരടുകള്‍ എവിടെയൊക്കെയോ തെറ്റി എന്ന് മാന്സ്സിലാക്കിയ റോയ് യാത്ര കൂടുതല്‍ രസകരം ആക്കുവാന്‍ ട്രെയിന്‍ ആണ് റഷ്യയിലേക്ക് ചേരുവാന്‍ തിരഞ്ഞെടുത്തത്.

  ട്രെയിന്‍ യാത്രകള്‍ റോയ്ക്ക് ഒരു ഹരവും ആയിരുന്നു.പലതരം ട്രെയിനുകളെ കുറിച്ച് അറിയാന്‍ ഉള്ള ആഗ്രഹവും അത് പോലെ അതിനെ കുറിച്ചുള്ള പരിജ്ഞാനവും അയാള്‍ക്ക്‌ ഉണ്ടായിരുന്നു.ജെസ്സി തന്‍റെ ഭൂതക്കാലം ചിലപ്പോള്‍ എങ്കിലും മറക്കാന്‍ ആഗ്രഹിക്കുന്നതായി കാണാം.റോയിയെ അവര്‍ കണ്ടു മുട്ടിയത്‌ മുതല്‍ അവരുടെ ജീവിതവും മാറി.ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറി എന്നതായിരിക്കും ശരി.ഇവിടെ ഒരാള്‍ മറ്റൊരാളുടെ ജീവിതം നല്ലത് ആക്കി മാറ്റി.

ആ യാത്രയുടെ ആദ്യ ദിവസം ട്രെയിനില്‍ വച്ച് ചൈനീസ്,റഷ്യന്‍ പോലീസുകാരെ കുറിച്ച് പറഞ്ഞ യാത്രക്കാരന്‍ ഒരു ഭീകര സംഭവം അവരോടു വിവരിക്കുന്നു.അതിനു ശേഷം അവരുടെ കൂപ്പയില്‍ യാത്ര ചെയ്യാന്‍ വന്ന രണ്ടു പേര്‍ ആയിരുന്നു കാര്‍ലോസ് എന്ന യുവാവും അയാളുടെ കാമുകി അബിയും.നേരത്തെ പറഞ്ഞ രണ്ടാമത്തെ രീതിയില്‍ ഉള്ള ജീവിത മാറ്റം ഇവിടെ റോയ്-ജെസ്സി ദമ്പതികള്‍ക്ക് സംഭവിക്കുന്നു.എന്തായിരുന്നു അത്?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

  ഒരു നല്ല മിസ്റ്ററി/സസ്പന്‍സ് ത്രില്ലര്‍ ആയി ചിത്രം അനുഭവപ്പെട്ടു/പ്രധാനമായും തണുത്തുറഞ്ഞ കാലാവസ്ഥയില്‍ മഞ്ഞില്‍ പുതഞ്ഞിരിക്കുന്ന നിഗൂഡതകള്‍ പോലെ ആയിരുന്നു ചിത്രം പലപ്പോഴും.ത്രില്ലര്‍ സിനിമ സ്നേഹികള്‍ തീര്‍ച്ചയായും കാണേണ്ട ഒരു ചിത്രമായി തോന്നി ഇത്.

More reviews @www.movieholicviews.blogspot.com

Thursday, 22 January 2015

283.IDA(POLISH,2013)

283.IDA(POLISH,2013),|Drama|,Dir:-Pawel Pawlikowski,*ing:-Agata Kulesza, Agata Trzebuchowska, Dawid Ogrodnik.

മികച്ച വിദേശ ഭാഷ സിനിമയ്ക്കും,ക്യാമറയ്ക്കും ഈ വര്‍ഷത്തെ  ഓസ്കാര്‍ നാമനിര്‍ദേശം ലഭിച്ച പോളീഷ് ചിത്രം ആണ് ഐഡ.പോളീഷ്,യൂറോപിയന്‍ ഫിലിം അക്കാദമി പുരസ്ക്കാരങ്ങളും ഈ ചിത്രത്തിന് ലഭിച്ചിരുന്നു.

 ചില സിനിമകള്‍ സംസാരിക്കുന്നത് ആ ദേശത്തിന്‍റെ കഥയായിരിക്കും.പ്രത്യേകിച്ചും ചില ചരിത്ര സംഭവങ്ങള്‍,അത് ആ ഒരു രാജ്യത്തിന് മാത്രം ബാധകം ആയിരിക്കും.ഒരു പക്ഷേ അതിന്‍റെ ഒരു സിനോപ്സിസ് എടുത്തു വേറെ ഒരു ഭാഷയിലേക്ക് മാറ്റിയാല്‍ ആ ഒരു അനുഭവം കിട്ടുകില്ല.അത്തരത്തില്‍ ഒരു പ്രമേയം ആണ് ഐഡ എന്ന സിനിമയിലും ഉള്ളത്.അന്ന എന്ന യുവതി കന്യാസ്ത്രീ ആകാന്‍ ഉള്ള ഒരുക്കത്തില്‍ ആണ്.അവള്‍ ജനിച്ചു വളര്‍ന്നത്‌ ഒരു കന്യാസ്ത്രീ മഠത്തില്‍ ആണ്.

  കര്‍ത്താവിന്റെ മണവാട്ടി ആകാന്‍ ഒരാഴ്ച കൂടി ഉള്ളപ്പോള്‍ ആണ് അവിടത്തെ മേലധികാരി അവളോട്‌ കന്യാസ്ത്രീ ആകുന്നതിനു മുന്‍പ് അവളുടെ കുടുംബത്തെ കാണുവാന്‍ ആവശ്യപ്പെടുന്നത്.അന്ന തന്‍റെ ജീവിച്ചിരിക്കുന്ന ഒരേ ഒരു ബന്ധുവിനെ കാണുവാന്‍ യാത്രയാകുന്നു.അന്ന കണ്ടെത്തിയ അവളുടെ ബന്ധു ഒരു സ്ത്രീ ആയിരുന്നു.അവര്‍ അന്നയെ തന്‍റെ വീട്ടിലേക്കു കൊണ്ട് പോകുന്നു.ആ സ്ത്രീ അന്നയില്‍ നിന്നും വ്യത്യസ്ത ആയിരുന്നു എല്ലാം കൊണ്ടും.ശിരോവസ്ത്രം ധരിച്ച്,എതിര്‍ ലിംഗത്തില്‍ ഉള്ളവരും ആയി ബന്ധം ഇല്ലാതിരുന്ന,മദ്യപിക്കാത്ത ,പുകവലിക്കാത്ത അന്നയ്ക്കു ആ സ്ത്രീയെ വ്യത്യസ്തയായി തോന്നിയതില്‍ അതിശയം ഇല്ല.എന്നാല്‍ ആ സ്ത്രീ അന്നയെ കാണുവാന്‍ ആവശ്യപ്പെട്ടതിന് പിന്നില്‍ ഒരു കാരണം ഉണ്ടായിരുന്നു.അന്ന അറിയാത്ത അവളുടെ ജീവിതത്തെ കുറിച്ചുള്ള രഹസ്യം.എന്തായിരുന്നു ആ സ്ത്രീയ്ക്ക് അന്നയെ അറിയിക്കാന്‍ ഉണ്ടായിരുന്നത്?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

 ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയി ചിത്രീകരിച്ച ഈ ചിത്രത്തില്‍ വിശ്വാസവും അവിശ്വാസവും തമ്മില്‍ ഉള്ള വൈരുധ്യം അവതരിപ്പിക്കുന്നുണ്ട്.ഒരാള്‍ ജനിച്ച സാഹചര്യങ്ങളില്‍ നിന്നും വ്യത്യസ്തമായി പറിച്ചു നട്ടപ്പെട്ട ജീവിതത്തിലേക്ക് പോകുമ്പോള്‍ അവര്‍ അറിയാതെ തന്നെ അവരുടെ ഉള്ളില്‍ ആ വിശ്വാസങ്ങളെ കുറിച്ച് മാറി ചിന്തിക്കുവാന്‍ ഉള്ള അവസരവും വരും,പ്രത്യേകിച്ചും ആ സംഭവങ്ങള്‍ അറിയുമ്പോള്‍.കുറച്ചു കഥാപാത്രങ്ങള്‍ മാത്രം.അധികം സംഭവങ്ങള്‍ പുറമേ കാണിക്കുന്നില്ലെങ്കിലും അവയ്ക്ക് പറയാന്‍ കുറെ കാര്യങ്ങള്‍ ഉള്ളത് പോലെ തോന്നി.പ്രത്യേകിച്ചും ക്ലൈമാക്സില്‍ എത്തുമ്പോള്‍ ഉള്ള അന്ന.

More reviews @www.movieholicviews.blogspot.com

Monday, 19 January 2015

282.A BLOODY ARIA(KOREAN,2006)

282.A BLOODY ARIA(KOREAN,2006),|Action|Drama|Thriller|,Dir:-Shin-yeon Won,*ing:-Ye-ryeon Cha, Suk-kyu Han, Kyeong-ho Jeong .

  കൊറിയന്‍ സിനിമകള്‍ കാണുമ്പോള്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട് അവ മറ്റു ഭാഷകളില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ എന്താകും എന്ന്.ചില പ്രശസ്ത കൊറിയന്‍ സിനിമകള്‍ മറ്റു ഭാഷകളിലേക്ക് അറിഞ്ഞും അറിയാതെയും മൊഴി മാറി എത്തിയപ്പോള്‍ ഒറിജിനല്‍ സിനിമകള്‍ക്ക്‌ നല്‍കാന്‍ കഴിഞ്ഞ മൂഡ്‌ അവയില്‍ പപലതില്‍ നിന്നും അപ്രത്യക്ഷമായതായി തോന്നി.അത് Oldboy ആണെങ്കിലും Confession of a Murder ആണെങ്കിലും എത്രയൊക്കെ മറ്റു രാജ്യങ്ങളിലേക്ക് മറിച്ചു നട്ടാലും ഗതി കിട്ടാതെ പോകുന്ന ഒരു അവസ്ഥയാണ്.പിന്നെ ഇത്തരം സിനിമകള്‍ അവയുടെ ഒറിജിനല്‍ സിനിമകളോട് അല്‍പ്പം എങ്കിലും നീതി പുലര്‍ത്തണം എങ്കില്‍ "ഈ ചിത്രം കുടുംബമായി കാണാതെ ഇരിക്കുക" എന്നൊരു ടാഗ് ലൈന്‍ കൂടി ഉണ്ടെങ്കില്‍ നന്നാകും എന്ന് കരുതുന്നു.എന്നിട്ട് വള്ളി പുള്ളി തെറ്റാതെ സ്വഭാഷയിലേക്ക് മാറ്റുക.നല്ലൊരു ശ്രമം ആകും അത്.

  അത്തരത്തില്‍ മറ്റൊരു ഭാഷയിലേക്ക് മാറ്റിയാല്‍ അല്ലെങ്കില്‍ മറ്റേതു സിനിമ കാണുന്നത് പോലെ ഇരുന്നു കണ്ടാലും ഇഷ്ടം ആകാന്‍ സാധ്യത ഇല്ലാത്ത ഒരു ചിത്രം ആണ് A Bloody Aria.കിം കി ദുക് സംവിധാനം ചെയ്ത ചില pervert ചിത്രങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ കൂടി കൊറിയന്‍ സിനിമ അവലംബിക്കുന്ന വഴിയിലൂടെ ആണ് ഈ ചിത്രവും ചലിക്കുന്നത്‌.തന്‍റെ പുതിയ  Mercedes ഓടിച്ചു കൊണ്ട് പോകുന്ന പ്രശസ്ത സംഗീതജ്ഞന്‍ ആയ പ്രൊഫസര്‍ യോംഗ് സിയോണിന്റെ കൂടെ സംഗീത ലോകത്തിലെ പുതുമുഖം ആയ ഇന്‍ ജിയോംഗും ഉണ്ട്.അവള്‍ തന്‍റെ കഴിവിന്റെ പരമാവധി Audition നടത്തിയപ്പോള്‍ ശ്രമിച്ചു എങ്കിലും അവളുടെ ആത്മവിശ്വാസക്കുറവു മുതലെടുക്കാന്‍ ആണ് യോംഗ് സിയോണ്‍ ശ്രമിക്കുന്നത്.വഴിയില്‍ വച്ച് ചുവപ്പ് വെളിച്ചത്തില്‍ ട്രാഫിക് സിഗ്നലില്‍ നിര്‍ത്താത്ത അയാളെ ഒരു പോലീസുകാരന്‍ വഴിയില്‍ വച്ച് തടഞ്ഞു പിഴ ഈടാക്കുന്നു.അതില്‍ ക്ഷുഭിതന്‍ ആയ യോംഗ് അടുത്ത ട്രാഫിക് സിഗ്നലില്‍ വച്ച് പോലീസുകാരനെ  വെല്ലു വിളിച്ചു കൊണ്ട് വണ്ടിയുമായി പോകുന്നു.അയാള്‍ ഇടയ്ക്ക് ആ പോലീസുകാരന്റെ വഴി തെറ്റിക്കുകയും ചെയ്യുന്നു.ഒരു പുഴക്കരയില്‍ എത്തി അയാള്‍ ഇന്‍ ജിയോംഗിനെ ശാരീരികമായി ലൈംഗിക ദാഹത്തോടെ അടുക്കാന്‍ ശ്രമിക്കുന്നു.എന്നാല്‍ അവള്‍ അയാളെ എതിര്‍ക്കുന്നു.അയാളെ കബളിപ്പിച്ച്‌ അവള്‍ മറ്റൊരു വഴിയിലൂടെ പോകുന്നു.അവളെ കാണാതായപ്പോള്‍ പ്രഫസ്സര്‍ അവിടെ നിന്നും മടങ്ങാന്‍ തീരുമാനിക്കുന്നു.അപ്പോഴാണ്‌ അയാള്‍ അവിടെ എത്തുന്നത്‌.ബാക്കി എന്ത് അവിടെ സംഭവിച്ചു എന്നത് വിവരിക്കുന്നതിലും അധികം കണ്ടു മനസ്സിലാക്കുന്നത് ആകും നല്ലത്.

  ഒരു ക്രൈം ത്രില്ലര്‍ ചിത്രം ആണെങ്കിലും ദുരൂഹമായത് ഊഹിച്ചു എടുക്കാന്‍ ശ്രമിക്കുമെങ്കിലും മനസ്സില്‍ പ്രതീക്ഷിച്ചതിലും അപ്പുറം ഉള്ള സംഭവങ്ങള്‍ ആണ് പിന്നീട് ഉണ്ടാകുന്നത്.അതി ക്രൂരമായ പീഡന മുറകളും പിന്നെ അത് പോലെ ഒരു പ്രമേയവും.അതേ ,ഈ ചിത്രവും വ്യത്യസ്തം ആണ് കൊറിയന്‍ സിനിമകളെ കുറിച്ചുള്ള ക്ലീഷേ അഭിപ്രായം പോലെ.

More reviews @www.movieholicviews.blogspot.com

Sunday, 18 January 2015

281.THE THEORY OF EVERYTHING(ENGLISH,2014)

281.THE THEORY OF EVERYTHING(ENGLISH,2014),|Biography|Romance|Drama|,Dir:-James Marsh.*ing:-Eddie Redmayne, Felicity Jones, Tom Prior .

   ഈ വര്‍ഷത്തെ ഓസ്കാര്‍ നാമനിര്‍ദേശ പട്ടികയില്‍ അഞ്ചു വിഭാഗങ്ങളില്‍ ഇടം ലഭിച്ച ചിത്രം ആണ് The Theory Of Everything.മികച്ച ചിത്രം,നടന്‍,നടി,തിരക്കഥ,സംഗീതം എന്നിവയാണ് ആ വിഭാഗങ്ങള്‍,

  ദൈവം ഇല്ല എന്ന വിശ്വാസം താന്‍ ആര്‍ജിച്ച പഠനങ്ങളിലൂടെയും അതില്‍ നിന്നും ഉരിത്തിരിഞ്ഞ തിയറികളിലൂടെയും സമര്‍ഥിക്കാന്‍ ശ്രമിച്ച വിശ്വ പ്രസിദ്ധനായ ഫിസിക്സ് വിദഗ്ധനും സയന്‍സിലൂടെ പ്രപഞ്ച സത്യങ്ങള്‍ പഠിക്കുവാനായി കേംബ്രിഡ്ജ് സര്‍വകലാശാലയുടെ ഉപവിഭാഗം ആയ Centre for Theoretical Cosmology യുടെ ആശയ വക്താവും ആയ സ്റ്റീഫന്‍ ഹോക്കിംഗ്സിന്‍റെ ജീവിത കഥയാണ്.അതില്‍ ഉപരി അദ്ദേഹത്തിന്റെ ആദ്യ ഭാര്യ ജേനും ആയുള്ള പ്രണയവും അവരുടെ ബന്ധത്തിന്‍റെ ആഴവും പ്രതിപാദിക്കുന്ന ജേന്‍ തന്നെ എഴുതിയ My Life with Stephen എന്ന പുസ്തകത്തിന്‍റെ ദൃശ്യാവിഷ്ക്കാരം ആണ് ഈ ചിത്രം.

   ദൈവം ഇല്ല എന്ന് വാദിക്കുമ്പോഴും അദ്ദേഹത്തിന്റെ കഥയില്‍ ദൈവീകമായ എന്തോ ഒന്ന് ഉള്ളത് പോലെ തോന്നും.പ്രത്യേകിച്ചും അതി സമര്‍ത്ഥനും ബൗദ്ധിക മേഖലയില്‍ വലിയ അറിവും ഉള്ള ഒരാള്‍ ഒരു ദിവസം തളര്‍ന്നു വീഴുമ്പോള്‍ അയാളുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന  motor neuron disease എന്ന അസുഖം ആണെന്ന് മനസ്സിലാക്കുമ്പോള്‍ വൈദ്യ ശാസ്ത്രം അദ്ദേഹത്തിന് നല്‍കിയത് രണ്ടു വര്‍ഷത്തെ ജീവിതം മാത്രം ആയിരുന്നു.എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്,ഒരു പക്ഷേ ചിത്രത്തില്‍ ഇത്തരം ഒരു പ്രതിപാദ്യം ഇല്ലെങ്കില്‍ പോലും ശാസ്ത്ര സത്യങ്ങളെ ഇത്രയധികം വിശ്വസിക്കുന്ന ഒരാളുടെ ജീവിതത്തില്‍ സംഭവിച്ച അത്ഭുതം ആയിരുന്നു രണ്ടു വര്‍ഷക്കാലത്തിനു അപ്പുറം ഉള്ള ജീവിതം.മരണം കാത്തു കഴിയവേ കൂട്ടായി രോഗാവസ്ഥയെ നേരിടാന്‍ വന്ന പെണ്‍കുട്ടി ആയിരുന്നു ജേന്‍.ജീവിതത്തില്‍ ഇനിയൊന്നും നേടാന്‍ ഇല്ല എന്ന അവസ്ഥയില്‍നിന്നും നമ്മള്‍ അറിയുന്ന സ്റ്റീഫന്‍  ഹോക്കിംഗ്സിലെക്കുള്ള കണ്ണി ജേന്‍ ആയിരുന്നു.അവരുടെ ബന്ധത്തിന്റെ പ്രാധാന്യം ആണ് ചിത്രം മുഴുവന്‍.

  ഈ വര്‍ഷത്തെ മികച്ച നടന്‍ ആകാന്‍ ഏറ്റവും അധികം സാധ്യത സ്ടീഫനെ അവതരിപ്പിച്ച Eddy Redmayne തന്നെയാകും എന്ന തരത്തില്‍ ആണ് പ്രകടനം.മികച്ച അഭിനയം ആണ് അദ്ദേഹം കാഴ്ച വച്ചിരിക്കുന്നത്.തന്‍റെ ജീവിതത്തോട് നീതി പുലര്‍ത്തി എന്ന് സ്റ്റീഫന്‍ ഹോക്കിംഗ്സ് തന്നെ പറഞ്ഞ സിനിമയില്‍  സ്റ്റീഫന്‍ ഹോക്കിങ്ങ്സ് ആയി Eddy ജീവിക്കുകയായിരുന്നു.കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ചിത്രങ്ങളില്‍ പ്രണയവും ബന്ധങ്ങളുടെ തീവ്രതയും എല്ലാം കൊണ്ടും മികച്ചതായി തോന്നി ഈ ചിത്രം.

More reviews @www.movieholicviews.blogspot.com

   

280.NIGHTCRAWLER(ENGLISH,2014)

 
280.NIGHTCRAWLER(ENGLISH,2014),|Thriller|Crime|,Dir:-Dan Gilroy,*ing:-Jake Gyllenhaal, Rene Russo, Bill Paxton .

  വാര്‍ത്തകള്‍ ഏറ്റവും കൂടുതല്‍ sensation ആക്കാന്‍ ഉള്ള പ്രവണത ദൃശ്യാ മാധ്യമങ്ങള്‍ തമ്മില്‍ ഉള്ള മത്സരങ്ങള്‍ക്കിടയില്‍ സംഭവിക്കാറുണ്ട്.പലപ്പോഴും നിരപരാധികള്‍ പോലും അത്തരം ശ്രമങ്ങളില്‍ അകപ്പെടാറും ഉണ്ട്.ഒരു പ്രത്യേക അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങള്‍ പലപ്പോഴും ക്രൂരമായ സംഭവങ്ങള്‍ കൂടുതല്‍ പൊലിപ്പിച്ചു നല്‍കാറും ഉണ്ട്.ഈ സിനിമയില്‍ തന്നെ ലൂയിസ് പറയുന്നുണ്ട് 22 നിമിഷങ്ങളില്‍ അവതരിപ്പിക്കപ്പെടുന്ന ജനങ്ങള്‍ക്ക്‌ ആവശ്യം ഉള്ള വാര്‍ത്തകളുടെ എത്രയോ ഇരട്ടി സമയം ആണ് ബ്രേക്കിംഗ് ന്യൂസ്‌ അവതരിപ്പിക്കാന്‍ ദൃശ്യ മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന്.ഒരു വിധത്തില്‍ നോക്കിയാല്‍ മാധ്യമങ്ങളുടെ പോക്ക് ആ വഴിക്കും ആണ്.

ഇനി സിനിമയുടെ കഥയിലേക്ക്..ലൂയിസ് ബ്ലൂം എന്ന യുവാവ് ജീവിക്കാന്‍ ആയി പല ജോലികള്‍ ചെയ്തു നോക്കുന്നു.മോഷ്ട്ടാവ് വരെ ആയി അയാള്‍ മാറുമ്പോള്‍ ജീവിക്കാന്‍ മാന്യതയുള്ള ഒരു ജോലി നോക്കുമ്പോള്‍ മോഷ്ട്ടാവ് എന്ന ലേബല്‍ അയാളെ അറിയാവുന്നവരില്‍ നിന്നും പോലും ഒരു ജോലി ലഭിക്കാന്‍ ഉള്ള സാഹചര്യം കുറയ്ക്കുന്നു.ഒരു രാത്രി കാറില്‍ പോകുമ്പോള്‍ ആണ് ലൂയിസ് ആ ജോലിയെ കുറിച്ച് അറിയുന്നത്.രക്തം  അന്വേഷിക്കുന്ന  കണ്ണുകള്‍ക്ക്‌ ചെയ്യാന്‍ കഴിയുന്ന ജോലി.നഗരത്തിലെ സെന്‍സേഷനല്‍ ആയ വാര്‍ത്തകള്‍ ക്യാമറയില്‍ പകര്‍ത്തി ചാനലുകള്‍ക്ക് വില്‍ക്കുക.അതിനായി അയാള്‍ ഒരു ക്യാംകോഡര്‍ വാങ്ങുന്നു കൂടെ പോലീസ് വയര്‍ലസ് സന്ദേശങ്ങള്‍ അറിയാന്‍ ഉള്ള ഒരു റേഡിയോ സ്കാനറും.ലൂയിസ് ആദ്യം ആയി ഷൂട്ട്‌ ചെയ്ത അപകടം ഒരു ടെലിവിഷന്‍ ചാനലിനു നല്‍കുമ്പോള്‍ ആ ജോലിയിലേക്ക് എന്താണ് തന്‍റെ മുതല്‍മുടക്ക് എന്ന് മനസിലാക്കുന്നു.സഹായത്തിനായി അയാള്‍ 30 ഡോളര്‍ ഒരു രാത്രിയില്‍ കൊടുക്കാം എന്ന ഉറപ്പോടെ റിക്കിനെയും കൂട്ടുന്നു.ലൂയിസ് എല്ലാം ഇന്റര്‍നെറ്റില്‍ നിന്നും പഠിക്കുന്ന ആളാണ്‌.അത് കൊണ്ട് തന്നെ വിദ്യാഭ്യാസം കുറവായിരുന്നിട്ടു പോലും അയാള്‍ ഉറപ്പിച്ച ലക്ഷ്യങ്ങള്‍ തേടി അയാള്‍ തന്റെ യാത്ര തുടങ്ങുന്നു.ആ യാത്രയാണ് ബാക്കി സിനിമ.

   ഇരുട്ടിന്റെ "വെളിച്ചത്തില്‍" ആണ് ചിത്രം ഉടനീളം അവതരിപ്പിച്ചിരിക്കുന്നത്.ഇരുട്ടത്ത്‌ ദുഷ്ട  ശക്തികള്‍ ഇറങ്ങും എന്ന വിശ്വാസം പോലെ തന്നെ ഇരുട്ടിന്റെ മറവില്‍ നടക്കുന്ന അത്തരം പ്രവര്‍ത്തികള്‍ ഹരം പിടിപ്പിക്കുന്ന കഥാപാത്രം ആയി ജേക് വീണ്ടും വിസ്മയിപ്പിക്കുന്നു.ഇനിയും ജേക്കില്‍ നിന്നും മികച്ച അഭിനയം ഉള്ള ചിത്രങ്ങള്‍ പ്രതീക്ഷിക്കാം എന്ന് തോന്നുന്നു.ഓസ്കാര്‍ നാമനിര്‍ദേശം മികച്ച തിരകഥയ്ക്ക്‌  ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട് ഈ വര്‍ഷം.ഇരുട്ടിന്റെ മറവില്‍ നടക്കുന്ന നല്ല ഒരു ക്രൈം/ത്രില്ലര്‍ ആയി തോന്നി ഈ ചിത്രം,

More reviews @www.movieholicviews.blogspot.com


Saturday, 17 January 2015

279.GONE GIRL(ENGLISH,2014)

279.GONE GIRL(ENGLISH,2014),|Mystery|Thriller|,Dir:-David Fincher,*ing:-Ben Affleck, Rosamund Pike, Neil Patrick Harris.

   ഡേവിഡ് ഫിഞ്ചര്‍ സിനിമകള്‍ക്ക്‌ പലപ്പോഴും പ്രേക്ഷകന്‍ ശ്രദ്ധിക്കാത്ത മറ്റൊരു കഥ കൂടി ഉണ്ടാകാറുണ്ട്.വളരെയധികം നിഗൂഡതകള്‍ ആണ് ഓരോ ഡേവിഡ് ഫിഞ്ചര്‍ സിനിമകളും പ്രേക്ഷകന് മുന്നില്‍ അവതരിപ്പിക്കുന്നത്‌.ഫേസ്ബുക്കിന്റെ കഥ അവതരിപ്പിച്ച The Social Network പോലും ഒരു ത്രില്ലര്‍ കണ്ടിരിക്കുന്നത് പോലെ ഉള്ള അനുഭവം ആയിരുന്നു.അതേ !!ഡേവിഡ് ഫിഞ്ചര്‍ സിനിമകള്‍ എല്ലാം ഒരേ പോലെ ആണ്.പ്രേക്ഷകന് ഏറ്റവും മികച്ച ത്രില്ലര്‍ അനുഭവം കാഴ്ച വയ്ക്കുന്ന സിനിമകള്‍ നല്‍കാന്‍  അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.ഫിഞ്ചര്‍ സംവിധാനം ചെയ്ത എല്ലാ സിനിമകളും കണ്ടു നോക്കിയാല്‍ മനസ്സിലാകും അവയുടെ തീക്ഷ്ണത.

  Gone Girl... ,Gillian Flynn എഴുതിയ അതേ പേരുള്ള നോവലിന്‍റെ ദൃശ്യാവിഷ്ക്കാരം ആണ്.Amazing Amy എന്ന കുട്ടികള്‍ക്കായി ഉള്ള പുസ്തക പരമ്പര അമിയുടെ മാതാപിതാക്കള്‍ പുറത്തിറക്കുമ്പോള്‍ അതിനുള്ള പ്രചോദനം അവള്‍ ആയിരുന്നു-അമി.അത് കൊണ്ട് തന്നെ അവള്‍ ദുരൂഹത ഏറെ അവശേഷിപ്പിച്ചു അപ്രത്യക്ഷ ആയപ്പോള്‍ പബ്ലിക് അത് ഏറ്റെടുക്കുന്നു.അമിയുടെ ഭര്‍ത്താവായ നിക്ക് ആയിരുന്നു സംശയത്തില്‍ ഉണ്ടായിരുന്നത്.അവരുടെ അഞ്ചാം വിവാഹ വാര്‍ഷിക ദിവസം നടന്ന അമിയുടെ തിരോധാനം മീഡിയയും ജനങ്ങളും ഏറ്റെടുത്തു.ഡിറ്റക്റ്റീവ് റോണ്ട കേസ് അന്വേഷണം നടത്തുമ്പോള്‍ പൊതു സമൂഹം നിക്ക് കുറ്റക്കാരന്‍ ആണെന്ന് ഉറപ്പിച്ചിരുന്നു.നിക്ക് ആണ് തിരോധാനത്തിന് പിന്നില്‍ എന്ന് പറയാന്‍ മാത്രം ഉള്ള തെളിവുകളും സുലഭം.അമി എങ്ങനെ അപ്രത്യക്ഷയായി?ഭര്‍ത്താവായ നിക്കിന് ഇതില്‍ എന്താണ് പങ്ക്?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

 ഓസ്കാര്‍ നാമനിര്‍ദേശം മികച്ച നടിക്ക് ഉള്ളത് Rosamund Pike ഈ ചിത്രത്തിലൂടെ നേടിയിട്ടുണ്ട്.Die Another Day ലെ മിറാണ്ട ഫ്രോസ്റ്റ് ആയി ഗ്ലാമറസ് ആയി വന്ന Rosamund എന്നാല്‍ ഈ ചിത്രത്തില്‍ മികച്ച അഭിനയം കൂടി കാഴ്ച വച്ചിട്ടുണ്ട്.അവാര്‍ഡ് കിട്ടാന്‍ ഉള്ള സാധ്യത വിദൂരം ആണെങ്കില്‍ പോലും മികച്ച പ്രകടനം ആയിരുന്നു അവരുടെ.സിനിമയുടെ അവസാനം ആകുമ്പോള്‍ കാണുന്ന കാഴ്ചകള്‍ എല്ലാം ചിത്രത്തിന് കൂടുതല്‍ പ്രേക്ഷകരെ എത്തിക്കും.സിനിമയ്ക്ക് ലഭിച്ച ജനപിന്തുണ കാണുമ്പോള്‍ ഒരു മിസ്റ്ററി ക്ലാസിക് ആയി ഈ ചിത്രം ഭാവിയില്‍ വിലയിരുത്തപ്പെടും എന്നത് ഉറപ്പാണ്.

More reviews @www.movieholicviews.blogspot.com

Thursday, 15 January 2015

278.PHOBIA 2(THAI,2009)

278.PHOBIA 2(THAI,2009),|Horroe|Mystery|,Dir:-Various,*ing"-Various/

നാല്  കഥകള്‍ ഉള്ള ആദ്യ ഭാഗത്തില്‍ നിന്നും രണ്ടാം ഭാഗത്തിലേക്ക് ഫോബിയ പരമ്പര(ആദ്യ  ഭാഗത്തെ കുറിച്ച് ഇവിടെ വായിക്കാം:-http://www.movieholicviews.blogspot.in/2015/01/2764biapart-ithai2008.html)  എത്തുമ്പോള്‍ അഞ്ചു കഥകള്‍ ആണ് ഇതില്‍ അവതരിപ്പിക്കപ്പെടുന്നത്,ഇത്തവണ എല്ലാ കഥകളിലും പൊതുവായുള്ള കഥാപാത്രം ആണ് വാഹനങ്ങള്‍.പല വാഹനങ്ങളും പലരുടെയും ജീവിതത്തില്‍ നിര്‍ണായക ശക്തികള്‍ ആകാന്‍ കാരണം ആകുന്നു ഈ ഭാഗത്തില്‍.

ഇനി ഓരോ ഭാഗവും അവതരിപ്പിക്കാം..

1)Novice,Dir:-Paween Purijitpanya.:-ബുദ്ധ മത ആശ്രമത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പെയ് എന്ന കുട്ടിക്ക് മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു ഭൂതക്കാലം ഉണ്ട്.അതില്‍ നിന്നും ഉള്ള രക്ഷ നേടാനായി ആണ് അവന്റെ അമ്മ അവനെ അവിടെ ചേര്‍ക്കുന്നത്.എന്നാല്‍ സംഭവിച്ചതോ?എന്താണ് അവന്റെ ആ ഭൂതക്കാലം?

2)Ward,Dir:Visute Poolvoralak-:-

   ഒരു ബൈക്ക് ആക്സിടന്റില്‍ പരുക്കേറ്റ ആര്‍ത്തിത് എന്ന  യുവാവിനെ ആശുപത്രിയില്‍ ആക്കുന്നു.കൂടുതല്‍ പരിച്ചരനതിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അവനു കൂട്ടായി ആ മുറിയില്‍ ഉണ്ടായിരുന്നത് അയാള്‍ ആയിരുന്നു?ആരാണയാള്‍?ആ യുവാവിന്റെ ജീവിതം എങ്ങനെ മാറി?ചിത്രം കാണുക.

3)Backpacker,Dir:-Songyos Sugmakanan:-

  ഒരു യാത്രയില്‍ വച്ചാണ് ജപ്പാനില്‍ നിന്നും തായ്ലാന്‍ഡ് സന്ദര്‍ശിക്കാന്‍ എത്തിയ ജാപ്പനീസ് വിനോദ സഞ്ചാരികള്‍ ആ വാഹനത്തില്‍ ലിഫ്റ്റ്‌ ചോദിക്കുന്നത്.വിജനമായ റോഡും വല്ലപ്പോഴും മാത്രം വരുന്ന വണ്ടികളില്‍ ലിഫ്റ്റ്‌ കിട്ടിയും ഇല്ല.എന്നാല്‍ ഒരാള്‍ ആ വണ്ടി നിര്‍ത്തി.അതാരാണ്?എങ്ങനെ ആണ് അവരുടെ ജീവിതം ഈ യാത്രയിലൂടെ മാറുന്നത്?

4)Salvage,Dir:-Parkpoom Wongpoom:-

  സെക്കന്ഡ് ഹാന്‍ഡ് കാറുകള്‍ വില്‍ക്കുന്ന നച് എന്ന യുവതി എന്നാല്‍ തന്‍റെ കാറുകള്‍ വാങ്ങാന്‍ വന്നിരുന്ന ആളുകള്‍ക്ക് കാര്‍ കൊടുത്തിരുന്നത് കള്ളത്തരങ്ങളുടെ പുറത്തായിരുന്നു.എന്നാല്‍ അവരുടെ ആ കള്ളത്തരങ്ങള്‍ ചിലര്‍ക്ക് ഇഷ്ടം ആകുന്നില്ല.അവര്‍ നച്ചിന്റെ ജീവിതം നശിപ്പിക്കാന്‍ തീരുമാനിക്കുന്നു.ബാക്കി കാണുക.

5)In The End,Dir:Banjong Pisanthanakun.-:-

  ആദ്യ ഭാഗത്തിലെ The Man in the Middle ല്‍ അഭിനയിച്ച നാല് പേരെയും കണ്ടപ്പോള്‍ എന്തോ ഒരു ബന്ധം ആ സിനിമയ്ക്കും ഇതിനും തോന്നി.ഒരു പ്രേത സിനിമയുടെ ശൂടടിന്‍ഗ നടക്കുന്നു,അവസാന രംഗം മാത്രം എടുക്കാന്‍ ഉള്ള സമയം ആണ് ആ സംഭവം നടന്നത്.അപ്രതീക്ഷിതമായ ചിന്തകളും വിചാരങ്ങളും മാറ്റി മച്ച റിഒരു സിനിമ ഷൂട്ടിംഗ്.ഒരു പക്ഷെ ഈ അഞ്ചു സിനിമകളിലും ഏറ്റവും മികച്ചതായി തോന്നിയത് ഇതാണ്.

 തായ് സിനിമയിലെ പ്രഗല്‍ഭ സംവിധായകര്‍ തങ്ങളുടെ ചെറു കഥ സിനിമകളിലൂടെ വിസ്മയിപ്പിച്ചു ഈ തവണയും.തീര്‍ച്ചയായും മലയാള സിനിമയിലും പരീക്ഷിച്ചു നോക്കാവുന്നതാണ് ഇത്തരം ആശയങ്ങള്‍.ഒരു പക്ഷെ ഇതിലും കൂടുതല്‍ കഥകള്‍ ലഭിക്കും ഇവിടെ.ആദ്യ ഭാഗത്തില്‍ ഉള്ളത് പോലെ തന്നെ കഥകള്‍ തമ്മില്‍ ഉള്ള ബന്ധം ഈ ഭാഗത്തും കണ്ടു.

More reviews @www.movieholicviews.blogspot.com

Wednesday, 14 January 2015

277.I(TAMIL,2014)

277.I(TAMIL,2015),Dir:-Shankar,*ing:-Vikram,Amy Jackson,Suresh Gopi.

  മൂന്നു വര്‍ഷത്തെ കോലാഹലങ്ങള്‍ കഴിഞ്ഞു I എന്ന ഇന്ത്യന്‍ വിസ്മയം ഇപ്പോള്‍ ഉള്ള സംവിധായകരില്‍ ഇന്ത്യന്‍ ഷോമാന്‍ എന്ന വിശേഷണത്തിന് അര്‍ഹനായ ഷങ്കര്‍ സംവിധാനം ചെയ്തു എത്തുമ്പോള്‍ പ്രതീക്ഷകളും കൂടുതല്‍ ആയിരുന്നു.എന്നാല്‍ അങ്ങനത്തെ പ്രതീക്ഷകള്‍ ഒന്നും വച്ച് പുലര്‍ത്താതെ ഏതൊരു തമിഴ്‌ സിനിമയും കാണുന്ന അതേ മനസ്സോടെ തന്നെ കാണാന്‍ തീരുമാനിച്ചു.പടത്തില്‍ എടുത്തു പറയേണ്ടത് വിക്രം എന്ന നടന്‍ നടത്തിയ പരിശ്രമങ്ങള്‍ തന്നെയാണ്.നാല്‍പ്പത്തിയേഴാം വയസ്സിലും ശരീരം സിനിമയ്ക്ക് വേണ്ടി പാകപ്പെടുത്തി എടുക്കുന്ന പരിശ്രമങ്ങള്‍ക്കും അതിന്‍റെ രിസല്‍ട്ടിനും നല്‍കാം മുഴുവന്‍ മാര്‍ക്കും.ശങ്കര്‍ സിനിമകളില്‍ ഉപയോഗിക്കുന്ന പലതരം പുതിയ ടെക്നോളജികള്‍ വച്ച് നോക്കിയാല്‍ പോലും ഈ അദ്ധ്വാനം തന്നെയാണ് മുന്നില്‍ നില്‍ക്കുക.വിക്രം ലിംഗേശ്വരന്‍ ആയും ലീ ആയും കൂനന്‍ ആയും തിളങ്ങി.ശരീരം ഒരു ബോഡി ബില്‍ഡറുടെ പോലെ ആക്കിയതിനു ശേഷം സുന്ദരനായ വിക്രം ആയും പിന്നെ വൈരൂപ്യം ഉള്ള കൂനന്‍ ആയും മികച്ചു നിന്നു.

  ഇനി സിനിമയിലേക്ക്.മൊത്തത്തില്‍ വര്‍ണമയം ആക്കിയപ്പോള്‍ കഥയില്‍ എവിടെയൊക്കെയോ പോരായ്മകള്‍ ഉള്ളതായി തോന്നി.ഒരു മികച്ച സിനിമ എന്ന് പറയുന്നത്  കാണുമ്പോള്‍ ഉള്ള ഒന്നും I സിനിമ പ്രേക്ഷകന്‍ എന്ന നിലയ്ക്ക് എനിക്ക് തന്നില്ല.സിനിമയുടെ ആരംഭം നല്ലൊരു ത്രില്ലര്‍ ആകും എന്ന് തോന്നിപ്പിച്ചു.നോണ്‍  ലീനിയര്‍ രീതിയില്‍ അവതരിപ്പിച്ച രംഗങ്ങളില്‍ ഒന്നില്‍ നിന്നും മറ്റൊന്നിലേക്കു പോകാന്‍ ഉപയോഗിച്ച ടി വി പരസ്യങ്ങള്‍ പുതുമ നല്‍കി.എന്നാല്‍ കഥയിലേക്ക് എത്തിച്ചേരാനും ചൈനയിലെ പൂക്കളുടെ ഭംഗിയൊക്കെ കാണിച്ചു വന്നപ്പോള്‍ ചിത്രത്തിന്‍റെ ആകെ മൊത്തം ഉള്ള ഒരു ഒഴുക്ക് നഷ്ടം ആയി.ബ്ലാക്ക് മണിയുടെ പേരില്‍ ഉള്ള കഥകള്‍ പലപ്പോഴും ജനക്കൂട്ടങ്ങള്‍ക്ക് വേണ്ടി അവതരിപ്പിച്ച ഷങ്കര്‍ ഇത്തവണ മനുഷ്യന്‍റെ ബാഹ്യ സൗന്ദര്യം ആണ് പ്രമേയം ആക്കിയത്.എങ്കിലും മുന്‍ക്കാല ചിത്രങ്ങള്‍ നല്‍കിയ ഒരു ഹരം ഈ ചിത്രത്തിന് പ്രേക്ഷകനില്‍ എത്തിക്കാന്‍ സാധിച്ചിട്ടുണ്ടോ എന്നുള്ളത് സംശയം ആണ്.

  ഏറെ വിവാദങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപിക്ക് സിനിമയില്‍ പ്രാധാന്യം ഉള്ള ഒരു റോള്‍ തന്നെ ലഭിച്ചു.എന്നാല്‍ ആ റോള്‍ ഒരു സസ്പന്‍സ് ആക്കാന്‍ ഷങ്കര്‍ ശ്രമിച്ചു എന്ന് തോന്നുന്നില്ല.കാരണം ആര്‍ക്കും ഊഹിക്കാവുന്ന രീതിയില്‍ തന്നെ ആയിരുന്നു കഥാ ഗതി.ആമി ജാക്സണ്‍ യുവ പ്രേക്ഷകര്‍ക്ക്‌ ഹരം ആകാന്‍ വേണ്ടി ഉള്ളതെല്ലാം ചെയ്തിട്ടുണ്ട്.സന്താനം കൊമേഡിയന്‍ ആയി വന്നപ്പോള്‍ ഇടയ്ക്കൊക്കെ സ്കോര്‍ ചെയ്തു.പ്രത്യേകിച്ചും പവര്‍ സ്റ്റാര്‍ ശ്രീനിവാസനും ആയുള്ള രംഗങ്ങള്‍.റഹ്മാന്‍ജിയുടെ പാട്ടുകളും അവയുടെ ദൃശ്യാവിഷ്ക്കാരവും ശങ്കര്‍ പടങ്ങളുടെ നിലവാരത്തില്‍ തന്നെയായിരുന്നു.

   ഈ ചിത്രത്തിന്‍റെ പൂര്‍ണതയ്ക്കു വേണ്ടി മൂന്നു വര്‍ഷങ്ങള്‍ ചിലവാക്കി എങ്കിലും മൊത്തത്തില്‍ അത്തരം ഒരു പൂര്‍ണത വന്നതായി തോന്നിയില്ല കഥയില്‍.പിന്നെ നേരത്തെ പറഞ്ഞത് പോലെ ഏതൊരു തമിഴ് സിനിമയും പ്രതീക്ഷിച്ചു പോകുന്നത് പോലെ പോയപ്പോള്‍ ആ ഒരു അളവുക്കോലില്‍ സിനിമ സ്ക്കോര്‍ ചെയ്തു എന്ന് പറയാം.അത് കൊണ്ട് ഈ ചിത്രത്തിന് ഞാന്‍ നല്‍കുന്ന റേറ്റിംഗ് 3/5!!..ഒരു അന്ന്യന്‍ ഒക്കെ പ്രതീക്ഷിച്ചു പോയാല്‍ ചിലപ്പോള്‍ നിരാശന്‍ ആകേണ്ടി വന്നേക്കാം.

More reviews @www.movieholicviews.blogspot.com

Tuesday, 13 January 2015

276.4BIA:PART I(THAI,2008)

276.4BIA:PART I(THAI,2008),|Horror|Mystery|,Dir:-Various,*ing:-Various.

  തായ് സിനിമയിലെ നാല് പ്രഗല്‍ഭ സംവിധായകര്‍ ഒരുക്കിയ നാല് പ്രേത കഥകള്‍ ആണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌.ഭയം എന്ന മനുഷ്യന്‍റെ വികാരത്തെ ഒരു വിധം മുതലെടുക്കാന്‍ ഈ നാല് കഥകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.രണ്ടാമത്തെ കഥയില്‍ ഉപയോഗിച്ച അത്ര നിലവാരമില്ലാത്ത ചില ഗ്രാഫിക്സ് രംഗങ്ങള്‍ ഒഴിച്ച് മാറ്റിയാല്‍ മറ്റു മൂന്നെണ്ണവും നല്ല നിലവാരം പുലര്‍ത്തിയതായി തോന്നി.രണ്ടാമത്തെ കഥയില്‍ സത്യത്തില്‍ അനാവശ്യം ആയി തോന്നി ആ ഗ്രാഫിക്സ് രംഗങ്ങള്‍.ഒരു പ്രേത സിനിമ എന്നതില്‍ ഉപരി ഈ സിനിമകളുടെ എല്ലാം ഉള്ള നിഗൂഡത ഈ ചിത്രത്തെ കൂടുതല്‍ രസകരം ആക്കുന്നു.

ഇനി നാല് കഥകളിലൂടെ.

1)Loneliness,Dir:-Youngyooth Thongkonthun:-

  ഒരു ആക്സിടന്റിലൂടെ ഉണ്ടായ പരിക്ക് മൂലം തന്‍റെ മുറിയില്‍ ഒതുങ്ങി കൂടേണ്ടി വന്ന ഒരു യുവതിയുടെ കഥ ആണിത്.അവരുടെ ഏകാന്തതയില്‍ ഒരു സുഹൃത്തിനെ അവര്‍ക്ക് ലഭിക്കുന്നു.ആ സൗഹൃദം അവരെ എവിടെ കൊണ്ടെത്തിക്കും എന്നതാണ് ഈ ഭാഗത്തിലെ ബാക്കി ഉള്ള കഥ.

2)Deadly Charm,Dir:-Paween Purikitpanya:-

   മോശമായ കൂട്ട്കെട്ടുകള്‍ നശിപ്പിച്ച കുറച്ചു വിദ്യാര്‍ഥികള്‍.എന്നാല്‍ അവര്‍ക്ക് നേരിട്ട ഒരു തിരിച്ചടിയ്ക്ക് അവര്‍ പ്രതികാരം ചെയ്യുമ്പോള്‍ അവര്‍ മനുഷ്യര്‍ അല്ലാതായി മാറുന്നു.ഗ്രാഫിക്സ്  രംഗങ്ങള്‍ മാറ്റി വച്ച് നോക്കിയാല്‍ ബ്ലാക്ക് മാജിക് ഒക്കെ ഉള്ള ഒരു നല്ല പ്രേത കഥ.ക്ലൈമാക്സ് കുറച്ചു പേടി ഉണ്ടാക്കും കഥാപരമായി നോക്കിയാല്‍.

3)The Man In The Middle,Dir:Banjong Pisanthanakun-:-

  ഒരു വനത്തില്‍ അവധിക്കാലം ആഘോഷിക്കാന്‍ ആയി എത്തിയ നാല് യുവാക്കള്‍.പതിവ് പോലെ പ്രേത കഥകള്‍ പറഞ്ഞു അവര്‍ ഒരു ടെന്റില്‍ ആ രാത്രി കഴിഞ്ഞു കൂട്ടി.ഇതിന്‍റെ ഇടയ്ക്ക് ഒരു കൂട്ടുകാരന്‍ തമാശയ്ക്ക് എടുത്ത പ്രതിജ്ഞ പിറ്റേ ദിവസം നടന്ന സംഭവങ്ങളിലൂടെ അവരുടെ ജീവിതത്തില്‍ ഭീതി വിതയ്ക്കുന്നു.നല്ല ക്ലൈമാക്സ്.

4)The Last Flight,Dir:-Parkpoom Wongpoon:-

  ഒരു ഫ്ലൈറ്റിലെ എയര്‍ ഹോസ്റ്റസ് ആയിരുന്നു അവള്‍.അവളുടെ രാജ്യത്ത് അവസാനമായി രാജകുമാരി വന്നപ്പോള്‍ ഫ്ലൈറ്റില്‍ ഉണ്ടായിരുന്ന അതേ ക്രൂ തന്നെ മതി എന്നവര്‍ നിഷ്കര്‍ഷിക്കുന്നു.അവളോടൊപ്പം ഉണ്ടായിരുന്ന എയര്‍ ഹോസ്റ്റസ് എന്നാല്‍ അന്ന് അവരുടെ അനുജനു സംഭവിച്ച ദുരിതം മൂലം അവധിയില്‍ ആകുന്നു.ഫ്ലൈറ്റില്‍ എ രാജകുമാരിയും എയര്‍ ഹോസ്റ്റസും മാത്രം.എന്തിനാണവര്‍ അന്നുണ്ടായിരുന്ന ആളുകള്‍ അവിടെ വേണം എന്ന് നിര്‍ബന്ധം പിടിച്ചത്?

  മൂന്നാമത്തെ കഥയും നാലാമത്തെ കഥയും തമ്മില്‍ ചെറുതായി ഒരു ബന്ധം ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു.കഥയിലെ ഒരു പരാമര്‍ശം അത് സൂചിപ്പിക്കുന്നതായി തോന്നി.

Statuatory Warning:-ഭയം മനസ്സിന്‍റെ ഒരു വികാരം ആണ്.പലര്‍ക്കും അത് വ്യത്യസ്തം ആകും.ധൈര്യശാലികള്‍ ഈ സിനിമ ഒക്കെ കണ്ടാല്‍ ചിരിക്കും.എന്നാല്‍ എന്നെ പോലെ ഉള്ള പേടിത്തൊണ്ടന്‍മാര്‍ക്ക് കുറച്ചൊക്കെ പേടിക്കാന്‍ ഉള്ളത് ഉണ്ട്.ഒരു ഹെഡ് ഫോണ്‍ ചെവിയില്‍ തിരുകി വച്ച്  ആരും ഇല്ലാത്ത സമയം കാണുക.പേടിക്കുമായിരിക്കും.

More reviews @ www.movieholicviews.blogspot.com


Monday, 12 January 2015

275.WHAT WE DO IN THE SHADOWS(ENGLISH,2014)

275.WHAT WE DO IN THE SHADOWS(ENGLISH,2014),|Comedy|Horror|,Dir:-Jemaine Clement, Taika Waititi,*ing:-Jemaine Clement, Taika Waititi, Jonathan Brugh.

  വാമ്പയറുകള്‍ക്ക് ഹൃദയവും സ്നേഹവും ഇല്ല എന്നുള്ള മുന്‍വിധികളെ  മാറ്റി മറിക്കുന്ന ചിത്രമാണ്  New Zealand ല്‍ നിന്നും ഉള്ള  What We Do In The Shadows.പലപ്പോഴും സിനിമകളില്‍ ഹൊറര്‍ മൂഡ്‌ കൊണ്ട് വരാന്‍ സാധിച്ചിരുന്ന ഡ്രാക്കുള എന്ന പഴയക്കാല സൂപ്പര്‍ സ്റ്റാര്‍ രക്തദാഹിയില്‍ നിന്നും Twilight പരമ്പര എത്തിയപ്പോള്‍ വാമ്പയര്‍ ഒക്കെ വെറും വായിനോക്കി,പഞ്ചാര  പൂവാലന്മാര്‍ ആയതു പോലെ തോന്നി.പെണ്ണിന്‍റെ ഭാഗത്ത്‌ നിന്നും ചിന്തിക്കുന്ന കഥയായത് കൊണ്ടാകാം Twilight പരമ്പരയിലൂടെ ഡ്രാക്കുളയുടെ പോലും വില പോയത്.

  എന്നാല്‍ ജെമയിന്‍ ക്ലെമെന്റ് ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത് വാമ്പയര്‍ എന്ന് വിളിക്കപ്പെടുന്ന രാത്രിചരന്മാരുടെ മറ്റൊരു ഭാഗം ആണ്. അവരെ ഒക്കെ സാധാരണ മനുഷ്യരായി സങ്കല്‍പ്പിച്ചു നോക്കിയാല്‍ എങ്ങനെ ഉണ്ടാകും?അതായത് അവരുടെ ഭക്ഷണ രീതികളും രാത്രി സഞ്ചാരവും മാറ്റി വച്ചാല്‍ ഉള്ള ഒരു അവസ്ഥ.അങ്ങനെ ചിന്തിക്കുമ്പോള്‍ അവര്‍ക്കും സ്നേഹവും കരുതലും ഉണ്ടാകേണ്ടതാണ് കൂടെ ഉള്ളവരോട്.അത്തരത്തില്‍ ഉള്ള നാല് വാംബയറുകള്‍ ആണ് വിയാഗോ(379 വയസ്സ്),വ്ലാടിസ്ലാവ്(862 വയസ്സ്).ഡീക്കന്‍(183 വയസ്സ്) പിന്നെ പീറ്റര്‍ എന്ന രണ്ടായിരത്തില്‍ കൂടുതല്‍ വയസ്സ് പ്രായം ഉള്ള വാമ്പയറും.പകല്‍ സമയങ്ങളില്‍ അവര്‍ താമസിക്കുന്ന വലിയ വീട്ടില്‍ പലയിടതായി അവര്‍ക്ക് ഉള്ള ശവപ്പെട്ടിയില്‍ കിടന്നുറങ്ങും.രാത്രി ആറു മണിക്ക് ഉറക്കം എണീറ്റ്‌ അവര്‍ സാധാരണ മനുഷ്യരോടൊപ്പം ജീവിക്കുന്നു.ഇങ്ങനെ ഒരവസരത്തില്‍ ഒരു ഡോക്യുമെന്റ്റി ടീമിന് ഇവരെ കുറിച്ച് പ്രോജക്റ്റ് ചെയ്യാന്‍ അനുമതി ലഭിക്കുന്നു,ക്യാമറയും ആയി മുഴുവന്‍ സമയവും ഇവര്‍ പുറകെയും ഉണ്ട്.New Zealand ല്‍ ഉണ്ടെന്നു വിശ്വസിക്കുന്ന ധാരാളം ഇത്തരം രഹസ്യ സംഘങ്ങളില്‍ ഉള്ള ഒരു കൂട്ടര്‍ ആണ് ഇവര്‍.ഇവരുടെ പഴയക്കാല ജീവിതവും ഇപ്പോഴും അത്രയൊക്കെ മാത്രം ലോകം വളര്‍ന്നത്‌ അറിഞ്ഞ അവരുടെ ഇടയ്ക്ക് പുതു ലോകത്തിലെ പ്രതിനിധി ആയി ഒരു വാമ്പയര്‍ കൂടെ ചേരുന്നു.ഒരു ഡാറ്റ അനലിസ്റ്റ് കൂടി അവരുടെ കൂടെ എത്തുന്നു മനുഷ്യ രൂപത്തില്‍.

  ഇത്രയും വര്‍ഷത്തെ ജീവിതത്തില്‍ അവര്‍ക്ക് അന്യം ആയി നിന്ന സൗഹൃദങ്ങള്‍ ടെക്നോളജി എല്ലാം അവര്‍ക്ക് ലഭിക്കുന്നു.അതവരുടെ ജീവിതം  മാറ്റുന്നു.അവര്‍ കുറച്ചു പ്രതിജ്ഞകള്‍ എടുക്കുന്നു.ബാക്കി അറിയാന്‍ ചിത്രം കാണുക.ഈ വര്‍ഷം ഇറങ്ങിയ നിഷ്കളങ്കമായ ഹാസ്യം തന്നെയാണ് ഈ ചിത്രത്തിന്‍റെ പ്രത്യേകത ആയി തോന്നിയത്.പല ക്ലീഷേകളെയും ഈ ചിത്രം നല്ലത് പോലെ കളിയാക്കിയിട്ടുണ്ട്.അത് കൊണ്ട് തന്നെ ചിത്രം പലയിടത്തും രസകരമായി തോന്നുകയും ചെയ്തു.നല്ലൊരു കോമഡി/ഹൊറര്‍ ചിത്രം ആണ് ഇരുട്ടില്‍ മാത്രം പണിക്കിറങ്ങുന്ന വാമ്പയറുകളുടെ കഥയും ആയി വന്ന What We Do In The Shadows.

More reviews @www.movieholicviews.blogspot.com

Sunday, 11 January 2015

274.AMERICAN SNIPER(ENGLISH,2014)

274.AMERICAN SNIPER(ENGLISH,2014),|Biograpghy|War|Drama|,Dir:-Clint Eastwood,Bradley Cooper, Sienna Miller, Kyle Gallner.

" ക്ലിന്റ്‌ ഈസ്റ്റ്‌വുഡ് " ഹോളിവുഡ് സിനിമ  ലോകത്തിലെ ഇതിഹാസം എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തി.ഒരു പക്ഷേ വിദേശ സിനിമകളോടുള്ള ഇഷ്ടം എനിക്ക്  തുടങ്ങിയത് ഈസ്റ്റ്‌വുഡ് അഭിനയിച്ച ചിത്രങ്ങള്‍ കണ്ടു തുടങ്ങിയതിനു ശേഷം ആണ്.അത് കൊണ്ട് തന്നെ ആരാധന തോന്നിയിട്ടുള്ള നടന്‍ എന്ന ചോദ്യത്തിന് ഉത്തരമായി ആദ്യം പറയുക ഈ വ്യക്തിയുടെ പേര്  ആണ്."Dirty Harry" പരമ്പരയിലെ അഞ്ചു സിനിമകളെ കുറിച്ചും ഭിന്നാഭിപ്രായം പലര്‍ക്കും ഉണ്ടെങ്കിലും എന്‍റെ പ്രിയപ്പെട്ട സിനിമ പരമ്പരയായി അതിന്നും നില്‍ക്കുന്നതിന്‍റെ കാരണം ഈ വ്യക്തിയാണ്.എണ്‍പത്തിയഞ്ചാം വയസ്സിലേക്ക് കടക്കുമ്പോഴും സിനിമയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം ഒന്ന് മാത്രം മതി ആ നടനെ ഇതിഹാസം ആക്കാന്‍.ക്ലിന്റ് ഈസ്റ്റ്‌വുഡ് സംവിധാനം ചെയ്തു നിര്‍മാതാക്കളില്‍ ഒരാളായി മാറി അവസാനം റിലീസ് ആയ ചിത്രം ആണ് American Sniper.

    അമേരിക്കന്‍ യുദ്ധ സേനയില്‍ ഇതിഹാസതുല്യമായ സ്ഥാനം ലഭിച്ച ക്രിസ് കൈല്‍ എന്ന സൈനികന്‍റെ ജീവിതകഥ ആയ അതേ പേരില്‍ ഉള്ള പുസ്തകത്തെ ആസ്പദം ആക്കിയാണ് നിര്‍മിച്ചിരിക്കുന്നത്.കര്‍ഷക കുടുംബത്തില്‍ ജനിച്ച ക്രിസ് എന്നാല്‍ പിതാവില്‍ നിന്നും ഒരു കൌ ബോയി ശൈലിയില്‍ ഉള്ള ജീവിതം ആണ് നയിച്ചത്.തന്‍റെ കൂടെ ഉള്ളവരെ സംരക്ഷിക്കുക എന്ന തത്വം ക്രിസ് അങ്ങനെ പിതാവില്‍ നിന്നും സ്വായത്തം ആക്കി.അത് പോലെ തന്നെ ഉന്നം പിഴയ്ക്കാതെ കാഞ്ചി വലിക്കാന്‍ ഉള്ള കഴിവും ക്രിസ് നേടി.അമേരിക്ക എന്ന സ്വന്തം നാടിനോടുള്ള സ്നേഹം ക്രിസ്സിനെ സൈന്യത്തില്‍ എത്തിച്ചു.ക്രിസ് വളരെയധികം അദ്ധ്വാനിച്ചു.ജീവനുള്ള എന്തിനെയും വെടി വച്ച് വീഴതാന്‍ ഉള്ള കഴിവ് ക്രിസ്സിനെ പിന്നീട് അമേരിക്ക പല കാരണങ്ങള്‍ കൊണ്ടും നടത്തിയ  യുദ്ധങ്ങളിലൂടെ ക്രിസ്സിനെ ഒരു ഇതിഹാസ നായകന്‍ ആക്കി മാറ്റി.ഒരു പക്ഷേ അമേരിക്കയിലെ ഏറ്റവും മികച്ച ഷാര്‍പ് ഷൂട്ടര്‍ ആക്കി.ക്രിസ്സിന്റെ ഇറാഖിലേക്കുള്ള യുദ്ധത്തിനായുള്ള നാല്  യാത്രകളും World Trade Center തകര്‍ത്ത സമയത്ത് നടന്ന വിവാഹത്തിന് ശേഷം അകലേക്ക്‌ ഭാര്യയേയും വിട്ടു പോയ ജീവിതവും എല്ലാം ആണ് ചിത്രം അവതരിപ്പിക്കുന്നത്‌.

  അമേരിക്കയുടെ യുദ്ധക്കൊതിയെ ദേശ സ്നേഹത്തിന്‍റെ പേരില്‍ പണ്ട് തന്നെ അമേരിക്കക്കാരന്‍ ആയതില്‍ കൂടുതലായി അഭിമാനിച്ചിരുന്ന ക്ലിന്റ് ഈസ്റ്റ്‌വുഡ് കുറേ അധികം വിശുദ്ധീകരിച്ചിട്ടുണ്ട്.പലപ്പോഴും സിനിമയെ കുറിച്ച് കേട്ട ഒരു പഴി ഇതായിരുന്നു.എന്നാല്‍ സിനിമയുടെ അവസാനത്തോട് അടുക്കുമ്പോള്‍ അതല്‍പ്പം കുറയുന്നതായി തോന്നുമെങ്കിലും ക്രിസ് എന്ന മനുഷ്യന്‍ ഏറ്റവും ആഗ്രഹിച്ചത് യുദ്ധവും യുദ്ധ വേദിയില്‍ ഉള്ള സഹഭടന്മാരോടും ഉള്ള സ്നേഹം  ആണെന്ന് തോന്നി പോവുക സ്വാഭാവികം.പ്രസ്തുത വേഷത്തിനായി ബ്രാഡ്ലി കൂപ്പര്‍ നല്ലത് പോലെ ശരീരം വലുതാക്കിയിട്ടുണ്ട്.ഒറ്റ നോട്ടത്തില്‍ ഒരു ഗംഭീര പട്ടാളക്കാരന്‍ ആണെന്ന് തോന്നിപ്പിക്കുന്ന പ്രകൃതം.കുട്ടികളെയും സ്ത്രീകളെയും മറയാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന തീവ്രവാദികളെ അവതരിപ്പിക്കാന്‍ ക്ലിന്റ് പലയിടത്തും ശ്രമിച്ചിട്ടും ഉണ്ട്.ഒരു പക്ഷേ ആശയ പ്രശ്നങ്ങളുടെ പേരില്‍ ഒരു കൂട്ടര്‍ ഈ ചിത്രത്തെ വെറുക്കാനും അതൊരു കാരണം ആകാം.പക്ഷേ ക്ലിന്റ് ഈസ്റ്റ്‌വുഡ് വിഭാവനം ചെയ്യുന്നതു എന്താണോ അത് സിനിമയില്‍ മുഴുവനും ഉണ്ടായിരുന്നു.സ്വന്തം നാടിനോടും നാട്ടുകാരോടും മാത്രം ഉള്ള സ്നേഹം.കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ചിത്രങ്ങളില്‍ മികച്ചവയില്‍ ഒന്നായി തോന്നി ഈ സിനിമ.ഒരു യഥാര്‍ത്ഥ അമേരിക്കന്‍ സിനിമ എന്ന് വേണമെങ്കില്‍ പറയാവുന്ന ഈ ചിത്രം അത് കൊണ്ട് തന്നെ വരാന്‍ പോകുന്ന അക്കാദമി പുരസ്ക്കാരങ്ങളില്‍ മുന്തിയ സ്ഥാനം കയ്യടക്കും എന്ന് കരുതാം.

More reviews @www,movieholicviews.blogspot.com

273.BIG HERO 6(ENGLISH,2014)

273.BIG HERO 6(ENGLISH,2014),|Adventure|Action|Animation|,Dir:-Don Hall, Chris Williams,Voice:-Ryan Potter, Scott Adsit, Jamie Chung

  മാര്‍വല്‍ കോമികസിന്റെ അതേ പേരുള്ള കോമിക്സിലെ  കഥാപാത്രങ്ങളെ ചേര്‍ത്ത് കൊണ്ട് വാള്‍ട്ട് ഡിസ്നി നിര്‍മിച് ചിത്രം ആണ് Big Hero 6.ഹിരോ ഹമട എന്ന പതിമൂന്ന് വയസ്സുകാരന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീന ശക്തി ആയിരുന്നു അവന്റെ ജ്യേഷ്ഠന്‍ ആയ തടാശി.കോളേജില്‍ ചേരേണ്ട സമയം ആയപ്പോള്‍ അവിടെ നിന്നും പുതുതായി ഒന്നും പഠിക്കാന്‍ ഇല്ല എന്നാണു ഹിരോയുടെ അഭിപ്രായം.അത് കൊണ്ട് തന്നെ അവന്‍ കോളേജില്‍ ചേരാന്‍ താല്‍പ്പര്യം കാണിക്കുന്നില്ല.

  അതിനു പകരം ഹിരോ ബോട്ടുകളുടെ ഗുസ്തി മത്സരത്തില്‍ പങ്കെടുത്തു വിജയിക്കുന്നു.എന്നാല്‍ നിയമവിരുദ്ധമായ ആ മത്സരത്തില്‍ പങ്കെടുത്തതിന് അവനെ പോലീസ് അറസ്റ്റ് ചെയ്യുന്നു.മാതാപിതാക്കളെ ചെറുപ്പത്തില്‍ തന്നെ നഷ്ടപ്പെട്ട അവര്‍ താമസിക്കുന്നത് അവരുടെ ആന്റിയുടെ കൂടെ ആണ്.കോളേജില്‍ പോകാന്‍ താല്‍പ്പര്യം ഇല്ല എന്ന് പറഞ്ഞ ഹിരോയോടു ജ്യേഷ്ഠന്‍ യോജിക്കുന്നു.എന്നാല്‍ തടാശി അവനെയും കൂട്ടി താന്‍ പരീക്ഷണങ്ങള്‍  നടത്തുന്ന അസാമാന്യ ഭാവനയും ബുദ്ധിശക്തിയും ഉള്ളവര്‍ മാത്രം ഉള്ള Nerd സ്ക്കൂളില്‍ പോകുന്നു. ഹിരോയ്ക്ക് അവിടെ കൂടുതല്‍ ഇഷ്ടം ആകുന്നു.അവന്റെ മനസ്സിന് ഇണങ്ങിയ സ്ഥലം.അവിടെ കയറിപ്പറ്റാന്‍ ഒരു വഴിയേ ഉള്ളു.സങ്കല്‍പ്പങ്ങള്‍ക്ക് വിപരീതമായി എന്തെങ്കിലും വികസിപ്പിച്ചെടുക്കുക.അത് വാര്‍ഷിക ശാസ്ത്ര പ്രദര്‍ശനത്തില്‍ വയ്ക്കുക.ഹിരോ ചിന്തിച്ചു തുടങ്ങുന്നു.എന്നാല്‍ ആ ചിന്തകള്‍ അവന്‍റെ ജീവിതം മൊത്തം മാറ്റി മറിക്കുന്നു.കൂടെ കുറച്ചു മനുഷ്യരുടെയും.ബാക്കി അറിയാന്‍ ചിത്രം കാണുക.

  കഴിഞ്ഞ വര്‍ഷം ഇറങ്ങിയ അനിമേഷന്‍ ചിത്രങ്ങളില്‍ മികച്ചതായി തോന്നി Big Hero 6.സ്ഥിരം കഥയും കഥാപാത്രങ്ങളും ആയിരുന്നെങ്കിലും അവതരണത്തില്‍ ഒരു പുതുമ തോന്നി.ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരുകള്‍ തുടക്കം തന്നെ ഒരു ജാപ്പനീസ് മാംഗയില്‍ ഉള്ളത് പോലെ തോന്നി.ബെയ്മാക്സിനെ വളരെയധികം ഇഷ്ടമായി Transformers ലെ Bumble Bee യെ പോലെ.അനിമേഷന്‍-സൂപ്പര്‍ ഹീറോ സിനിമ ആയതു കൊണ്ട് കുട്ടികളുടെ ഷൂ ഒക്കെ എടുത്തു ഇട്ടു കാണുന്നതാണ് നല്ലതു.ഞാന്‍ എന്‍റെ മകന്റെ ചെരുപ്പ് അടിച്ചു മാറ്റി  അതിട്ടാണ് സിനിമ കണ്ടത്.അത് കൊണ്ട് തന്നെ ചിത്രം ഇഷ്ടം ആവുകയും ചെയ്തു.


More reviews @www.movieholicviews.blogspot.in

Friday, 9 January 2015

272.THE IMITATION GAME(ENGLISH,2014)


272.THE IMITATION GAME(ENGLISH,2014),|Biography|History|Thriller|,Dir:-Morten Tyldum,*ing:-Benedict Cumberbatch, Keira Knightley, Matthew Goode .

  അലന്‍ ടൂറിംഗ് - മുന്നില്‍ ഇരിക്കുന്ന കംപ്യൂട്ടറുകളുടെ എല്ലാം പിതാവ് എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന ഗണിത ശാസ്ത്ര വിദഗ്ധന്‍.രണ്ടാം ലോക മഹായുദ്ധക്കാലത്ത്‌ ഒരു പക്ഷേ ആ യുദ്ധത്തിന്‍റെ ചരിത്രം തന്നെ മാറ്റി മറിക്കാന്‍ തക്ക ശക്തിയുള്ള തന്‍റെ  തലച്ചോറ് ശാസ്ത്രത്തിനു നല്‍കിയ വിദഗ്ധന്‍.അദ്ധേഹത്തിന്റെ ജീവിത കഥ സിനിമയില്‍ ഉള്ളത് പോലെ തന്നെ ഒരു ത്രില്ലര്‍ ആയിരുന്നു പലപ്പോഴും.ആര്‍ക്കും സാധിക്കാത്ത ഒന്ന് നേടുന്ന ആരും പ്രതീക്ഷിക്കാത്ത ആള്‍ ഇല്ലേ?അതായിരുന്നു ടൂറിംഗ്.

  ചിത്രം ആരംഭിക്കുന്നത് അമ്പതുകളുടെ തുടക്കത്തില്‍ ആണ്.തലേ ദിവസം രാത്രി ടൂറിംഗിന്റെ വീട്ടില്‍ കള്ളന്‍ കയറി എന്നുള്ള പരാതി അയല്‍ക്കാരന്‍ പോലീസിനു നല്‍കുന്നു.എന്നാല്‍ തനിക്കു പരാതി  ഇല്ല എന്നും ഒന്നും നഷ്ടം ആയില്ല എന്നും ആയിരുന്നു ടൂറിങ്ങിനെ സമീപിച്ച പോലീസിനു ലഭിച്ച ഉത്തരം. എന്നാല്‍ ഈ ഉത്തരം അന്വേഷണ  ഉദ്യോഗസ്ഥനെ ടൂറിംഗിന്റെ മേല്‍ സംശയം ഉണ്ടാക്കുന്നു.മുഖ്യ കാരണം ടൂറിംഗ് ആരായിരുന്നു എന്ന് ലോകം അറിഞ്ഞിരുന്നില്ല അന്ന്.കാരണം അറിയണം എങ്കില്‍ 1939 ലേക്ക് പോകണം.രണ്ടാം ലോക മഹായുദ്ധത്തില്‍ ഹിറ്റ്ലറുടെ നാസിപ്പട വികസിപ്പിച്ച അക്കാലത്തെ ഏറ്റവും മികച്ച Encrypting സംവിധാനം ആയ Enigma ബ്രിട്ടീഷ് പട്ടാളത്തിന് മേല്‍ വിനാശം വരുത്തുക ആയിരുന്നു.നേരിട്ട് യുദ്ധം ചെയ്തല്ലായിരുന്നു ആ നാശ നഷ്ടം വരുത്തിയിരുന്നത്.ആ മെഷീനില്‍ നിന്നും  വരുന്ന രഹസ്യ സന്ദേശങ്ങള്‍ ബ്രിട്ടീഷ് പട്ടാളത്തിന് ലഭിക്കുന്നുണ്ടായിരുന്നുവെങ്കിലും അത് മനസ്സിലാക്കാന്‍ പ്രാപ്തി ഉള്ള സംവിധാനങ്ങള്‍ അന്ന് ജര്‍മനിക്ക് അല്ലാതെ മറ്റൊരു രാജ്യത്തിനും ഉണ്ടായിരുന്നില്ല.

 ഒരു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ആണ് ടൂറിംഗ് അവിടെ പട്ടാള ഓഫീസില്‍ എത്തുന്നത്,എന്നാല്‍ ജര്‍മന്‍ പോലും വായിക്കാനോ സംസാരിക്കാനോ അറിയാത്ത ടൂറിംഗ് ആ ജോലിയില്‍ എങ്ങനെ മികവു പ്രകടിപ്പിക്കും എന്ന് മേലധികാരികള്‍ സംശയിക്കുന്നു.എന്നാല്‍ ഗണിത ശാസ്ത്രത്തില്‍ വിദഗ്ധന്‍ ആയ ടൂറിംഗ് മറ്റൊന്നായിരുന്നു ചിന്തിച്ചത്.ലോകത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥയില്‍ എത്തിച്ചതില്‍ ടൂറിംഗ് നല്‍കിയ ധീരമായ തീരുമാനങ്ങളും കണ്ടുപിടുത്തങ്ങളും അതോടൊപ്പം ദുഷ്ക്കരം ആയി മാറിയ ജീവിതവും ഏറ്റവും അധികം വിശ്വസ്യത്തോടെ ആണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.കൂമ്പര്‍ബാച് അലന്‍ ടൂറിംഗ് ആയി നല്ല അഭിനയം ആണ് കാഴ്ച വച്ചിരിക്കുന്നത്.ഒരു ബയോഗ്രാഫി ആയിരുന്നു എങ്കില്‍ കൂടി ജീവിതം ഇത്രയും ത്രില്ലര്‍ ആയി മാറ്റി അദ്ദേഹത്തിന്റെ സ്വഭാവങ്ങള്‍.തീര്‍ച്ചയായും കാണേണ്ട സിനിമ ആണ് The Imitation Game.

More reviews @www.movieholicviews.blogspot.com

271.WHIPLASH(ENGLISH,2014)

271.WHIPLASH(ENGLISH,2014),|Musical|Drama|,Dir:-Damien Chazelle,*ing:-Miles Teller, J.K. Simmons, Melissa Benoist .

  Whiplash-സംഗീതം പ്രമേയം ആയി വന്ന ഒരു മികച്ച സിനിമ.

  തന്‍റെ സ്വപ്നങ്ങളിലേക്ക് ഒരാള്‍ക്ക്‌ എത്തി ചേരാന്‍ എന്താണ് കൂടുതല്‍ ആവശ്യം?കുഴപ്പമില്ല എന്നുള്ള മറ്റുള്ളവരുടെ അഭിപ്രായം ആണോ?അതോ പരിഹസിക്കപ്പെടുകയും ഒന്നിനും കൊള്ളില്ല എന്നുള്ള പരാമര്‍ശങ്ങളും ആണോ?ഒരു മേഖലയില്‍  ഏറ്റവും മിടുക്കന്‍ എന്ന് വിളിക്കപ്പെടാന്‍ എന്താണ് വേണ്ടത്?സ്വയം സമ്പാദിച്ച  സ്ഥാനങ്ങള്‍ ആണോ അതോ എളുപ്പ മാര്‍ഗത്തില്‍ ലഭിച്ചതാണോ?അമേരിക്കയിലെ മികച്ച സംഗീത സ്ക്കൂളുകളില്‍ ഒന്നായ ഷഫെറില്‍ പത്തൊമ്പത് വയസ്സുകാരന്‍ ആയ നെയ്മാന്‍ തന്റെ സ്വപ്നങ്ങളെ ചേര്‍ത്ത് പിടിച്ചു പഠനത്തിനായി ചേരുന്നു.ഒരു ഡ്രമ്മര്‍ ആണ് നെയ്മാന്‍.

  ലോകത്തിലെ തന്നെ മികച്ച ഡ്രമ്മര്‍ ആവുക എന്ന ലക്ഷ്യത്തോടെ ആണ് നെയ്മാന്‍ അവിടെ പഠനത്തിനു ചേരുന്നത്.കഠിനാധ്വാനം ആണ് തന്‍റെ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗം എന്ന് തിരിച്ചറിഞ്ഞ  നെയ്മാന്‍ അതിനായി പരിശ്രമിക്കുന്നു.ഒഴിവു സമയങ്ങള്‍ പോലും അതിനായി അവന്‍ ചിലവഴിക്കുന്നു.അത്തരം ഒരു അവസരത്തില്‍ ആണ് നെയ്മാന്‍ കാത്തിരുന്ന ജാസ് സംഗീത മേഖലയില്‍  മികച്ച അദ്ധ്യാപകന്‍ ആയ ഫ്ലെച്ചര്‍ അങ്ങോട്ട്‌ വരുന്നത്.ഒന്നാം വര്‍ഷ വിദ്യാര്‍ഥി ആയ നെയ്മാനോട് അയാള്‍ ഡ്രംസ് കൊട്ടാന്‍ ആവശ്യപ്പെടുന്നു.എന്നാല്‍ ഒന്നും മിണ്ടാതെ അയാള്‍ അതിനു ശേഷം അയാള്‍ പോകുന്നു.എന്നാല്‍ അടുത്ത ദിവസം അപ്രതീക്ഷിതമായി നെയ്മാന്റെ ക്ലാസ്സില്‍ കടന്നു വന്ന ഫ്ലെച്ചര്‍ ഒരു പരീക്ഷ നടത്തുന്നു.നെയ്മാന്റെ ജീവിതം അവിടെ മാറി മറിയുന്നു.

  തന്‍റെ സ്വപ്നത്തിലേക്ക് നെയ്മാന്‍ അടുക്കുമ്പോഴും അവനു നഷ്ടപ്പെടാന്‍ ഏറെ ഉണ്ടായിരുന്നു.സംഗീതത്തില്‍ നിന്നും മാറിയുള്ള ജീവിതം.ഏതൊരു കൌമാരക്കരനെയും പോലെ അവനും തോന്നാവുന്ന വികാരങ്ങള്‍.എന്നാല്‍  ഡ്രം കൊട്ടി കയ്യില്‍ നിന്നും രക്തം വരുന്നത് വരെ പരിശ്രമിക്കാന്‍ മടി ഇല്ലാത്ത നെയ്മാന്‍ എന്നാല്‍ അതെല്ലാം ഉപേക്ഷിക്കാന്‍ തീരുമാനിക്കേണ്ട അവസ്ഥയില്‍ ആണ്. പ്രതീക്ഷിച്ച അത്ര മിടുക്കന്‍ ആയിരുന്നോ നെയ്മാന്‍?ഫ്ലച്ചറിനു പറയാന്‍ വേറെ ആണുള്ളത്.അടുത്ത Buddy Rich ആകാനായി കൊതിക്കുന്ന നെയ്മാനും ഫ്ലച്ചറും തമ്മില്‍ ഉള്ള മികവിലെക്കുള്ള വാതിലിലേക്ക് ആണ് ഈ സിനിമ പിന്നെ പോകുന്നത്.സംഗീതത്തെ കുറിച്ച് വലിയ അറിവ് ഇല്ലെങ്കിലും അവസാന രംഗങ്ങള്‍ ഒക്കെ മികച്ചതായി തോന്നി ക്ലീഷേകള്‍ ഉണ്ടായിരുന്നു എങ്കിലും.ചിത്രവും മൊത്തത്തില്‍ അങ്ങനെ തന്നെ തോന്നി!!

More reviews @www.movieholicviews.blogspot.com

270.Av MEVSIMI(TURKISH,2010)

270.Av MEVSIMI(TURKISH,2010),|Mystery|Thriller|Crime|,Dir:-Yavuz Turgul,*ing:-Sener Sen, Cem Yilmaz, Çetin Tekindor.

  നദിക്കരയില്‍ നിന്നും കിട്ടിയ ഒരു കൈ കാരണം ഇത് വരെയുള്ള ജീവിതത്തില്‍ നിന്നും  മാറ്റങ്ങള്‍ സംഭവിച്ച  ഹോമിസൈഡ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന മൂന്നു അന്വേഷണ  ഉദ്യോഗസ്ഥന്മാരുടെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.ശരീരത്തില്‍ നിന്നും കത്തി ഉപയോഗിച്ച് മുറിച്ചു മാറ്റപ്പെട്ട രീതിയില്‍ കാണപ്പെട്ട ആ കൈക്ക് പറയാന്‍ കഥ ഏറെ ഉണ്ടായിരുന്നു.അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ കുറവ് കാരണം പുതുതായി ജോലിക്ക് ചേര്‍ന്ന ഹസനെയും കൂട്ടിയാണ് ഫെര്‍മാന്‍,ഇദ്രീസ് എന്നീ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തങ്ങളുടെ അന്വേഷണം ആരംഭിച്ചത്.

  ആദ്യ കാഴ്ചയില്‍ തന്നെ കൊലപാതകം ആണെന്ന് മനസ്സിലായ കേസില്‍ പ്രത്യേകിച്ച് തുമ്പ് ഒന്നും അവര്‍ക്ക് ലഭിക്കുന്നില്ല.വിരലുകള്‍ക്കിടയില്‍ കാണപ്പെട്ട ആരുടെയോ തൊലി മാത്രം ആണ് അവര്‍ക്ക് നേര്‍ വഴി കാണിക്കാന്‍ ആകെ മൊത്തം ഉണ്ടായിരുന്നത്.എന്നാല്‍ കേസ് അന്വേഷണത്തില്‍ അതൊരു മുഖ്യ ഘടകം ആയി വരുന്നും ഇല്ല.മുന്നോട്ടുള്ള പരിശോധനയില്‍  മരിച്ച ആള്‍ പതിനാറു വയസു പ്രായം ഉള്ള ഒരു പെണ്‍ക്കുട്ടി ആണെന്ന് മനസിലാക്കുന്നു.അവസാനം അവര്‍ അവളെ കണ്ടെത്തി.മയക്കു മരുന്ന് കേസില്‍ കുറച്ചു ദിവസം മുന്‍പ് അറസ്റ്റില്‍ ആകുകയും പിന്നീട് തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുകയും ചെയ്തിരുന്നു അവളെ.അന്വേഷണം നേരെ എത്തി നില്‍ക്കുന്നത് അവളുടെ കാമുകന്‍ ആണെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്ന യുവാവില്‍ ആണ്.എന്നാല്‍ കണ്മുന്നില്‍ ഉള്ള കാഴ്ചകള്‍ പോലും ചതിക്കാന്‍ സാധ്യത ഉള്ളത് കൊണ്ട് എ കാഴ്ചകളെ മറ്റൊരു രീതിയില്‍ കാണണം എന്ന് പുതുതായി ജോലിക്ക് ചേരുന്നവരെ പഠിപ്പിക്കുന്ന ഫെര്‍മാനും അദ്ദേഹത്തിന്റെ ആശയങ്ങളെ ബഹുമാനിക്കുന്ന ചൂടനായ ഇദ്രിസും ശാസ്ത്രീയമായി മൌന്ശ്യരെ കുറിച്ച് പഠിക്കുന്ന Anthropology യില്‍ ഗവേഷണം നടത്തുന്ന ഹസനും കൂടുതല്‍ അന്വേഷനതിലേക്ക് പോകുന്നു.പരമ്പര കൊലയാളികള്‍ എന്ത് കൊണ്ട് ടര്‍ക്കിയില്‍ ഇല്ല എന്നതായിരുന്നു ഹസന്‍റെ പഠനവിഷയം.അതിനുള്ള ഉത്തരം തേടി ഹസനും തങ്ങളെ കുഴപ്പിക്കുന്ന കേസുമായി ഫെര്‍മാന്‍ ,ഇദ്രീസ് എന്നിവരും മുന്നോട്ടു പോകുന്നു.

  നദിക്കരയില്‍ കാണപ്പെട്ടത് ആരുടെ കൈ ആയിരുന്നു?എന്തിനാണവള്‍ കൊല്ലപ്പെട്ടത്?കൂടുതല്‍ അറിയാന്‍ ഈ ചിത്രം കാണുക.നേര്‍ക്കാഴ്ച്ചകളെ പിന്തള്ളി തെളിവുകള്‍ക്കായി അലയുമ്പോള്‍ ജീവിതത്തില്‍ പലതും സംഭവിക്കാം.അത്തരം ഒരു അവസ്ഥയും മികച്ച രീതിയില്‍ ഉള്ള കുറ്റാന്വേഷണവും കേസിനെ നേരിടുന്ന കാഴ്ചപ്പാടും ഒക്കെ ഈ ചിത്രത്തെ ഒരു മികച്ച ക്രൈം ത്രില്ലര്‍ ആക്കുന്നു.തീര്‍ച്ചയായും ത്രില്ലര്‍ സിനിമ പ്രേമികള്‍ കണ്ടിരിക്കേണ്ട ചിത്രം ആണ് Av Mevsimi എന്ന ഈ ടര്‍ക്കിഷ് ചിത്രം.ടര്‍ക്കിഷ് ബോക്സോഫീസില്‍ മികച്ച വിജയം നേടിയതാണ് ഈ ചിത്രം.

More reviews @www.movieholicviews.blogspot.com

Wednesday, 7 January 2015

269.CHOTUSHKONE(2014,BENGALI)

269.CHOTUSHKONE(2014,BENGALI),|Thriller|Drama|,Dir:-Srijit Mukherji,*ing:-Aparna Sen, Chiranjit, Goutam Ghose,Parambrata Chatterjee.

  മരണം ആസ്പദം ആക്കി ഒരു ചിത്രം എടുക്കാന്‍ അയാള്‍ക്ക് നാല് സംവിധായകരെ ആവശ്യം ഉണ്ട്.അതിനായി രണ്ടു സിനിമകള്‍ സംവിധാനം ചെയ്യുകയും കുറച്ചു സിനിമയില്‍ അഭിനയിക്കുകയും ചെയ്ത ജോയ് എന്ന യുവ സംവിധായകനെ ഏല്‍പ്പിക്കുന്നു.ജോയ് അവരെ പോയി കാണുന്നു.ഒരു സിനിമ,നാല് കഥകള്‍.മരണം തീം ആയി വരുന്ന ഒരു അന്തോളജി ആയിരുന്നു അയാളുടെ മനസ്സില്‍.ജോയ് അവരെ ഓരോരുത്തരെയും ആ പ്രോജക്ട്ടിലേക്ക് ക്ഷണിക്കുന്നു.മുന്‍ക്കാല  നടിയും ഇപ്പോള്‍ സംവിധായകയും ആയ ട്രീന,കൊമേര്‍ഷ്യല്‍ സിനിമകളില്‍ അഭിനയിക്കുകയും ചിലത് സംവിധാനം ചെയ്യുകയും ചെയ്ത ദിപ്തോ,ബംഗാളിലെ ആര്‍ട്ട് സിനിമകളില്‍ വിശ്വസിക്കുന്ന സാക്യോ എന്ന സംവിധായകനും ആയിരുന്നു മൂന്നു സിനിമകള്‍ക്കായി കഥ എഴുതുന്നത്‌.നാലാമത്തെ സിനിമ ജോയിയും സംവിധാനം ചെയ്യും.

  കൂടുതല്‍ ചര്‍ച്ചകള്‍ക്കായി, എത്ര വേണമെങ്കിലും കാശ് മുടക്കാന്‍ തയ്യാറായ ആ നിര്‍മാതാവിനെ കാണുവാനായി അവര്‍ നാല് പേരും Henry's Island ലേക്ക് യാത്ര തിരിക്കുന്നു.പോകുന്ന വഴിയില്‍ നാല് പേരും കഥകള്‍ ഉണ്ടാക്കി ചര്‍ച്ചകള്‍ ആകാം എന്നൊരു ഉദ്ദേശവും ആ യാത്രയ്ക്ക് ഉണ്ടായിരുന്നു,എന്നാല്‍ ഇവരുടെ ചിന്തകളില്‍ നിന്നും വിഭിന്നമായ സംഭവങ്ങള്‍ ആണ് ആ യാത്രയില്‍ സംഭവിക്കുന്നത്‌.ഒരു പക്ഷേ കഥയെ പുനരവതരിപ്പിക്കുന്ന ഇത് പോലെ ഉള്ള സാധാരണ എഴുത്തില്‍ മനസ്സിലാക്കാന്‍ കഴിയാത്ത പലതും ആ യാത്രയില്‍ ഉണ്ടായിരുന്നു.ഫ്രെയിമില്‍ കാണുന്നത് പലപ്പോഴും ശ്രദ്ധ തിരിപ്പിക്കും പ്രേക്ഷകന്‍റെ.പ്രത്യേകിച്ചും ഓരോ കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങള്‍ കാണുമ്പോള്‍.ട്രീനയുടെ നഷ്ട ജീവിതവും എന്നാല്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്നതും,പരസ്പരം  വഴക്കുകള്‍  ഉണ്ടാകുമെങ്കിലും സന്തോഷ പൂര്‍ണമായ ദാമ്പത്യം ആണ് അവര്‍ക്ക് ഉണ്ടായിരുന്നത്.അത് പോലെ ദീപ്തോയുടെ  പകുതി പ്രായം ഉള്ള പെണ്‍ക്കുട്ടിയും ആയുള്ള ബന്ധം,അയാള്‍ക്ക്‌ മകനുമായുള്ള അടുപ്പം എല്ലാം ഈ കഥയില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്.

  അത് പോലെ തന്നെയാണ് അവരുടെ ചര്‍ച്ചകളില്‍ കടന്നു വരുന്ന ബംഗാളി സിനിമകളുടെ മൂല്യച്യുതിയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ .ഒരു സമയത്ത് ക്ലാസിക്കുകള്‍ ഏറെ നല്‍കിയിരുന്ന ഒരു സിനിമ ലോകം കച്ചവട സിനിമയിലേക്ക് മാറിയപ്പോള്‍ ഉണ്ടായ പരിണിത ഫലങ്ങളും മാര്‍ക്സിസത്തെ കൈ വിട്ട ബംഗാളും എല്ലാം ഉള്‍ക്കൊള്ളിക്കാന്‍  ശ്രമിച്ചിട്ടുണ്ട് സംവിധായകന്‍ ശ്രീജിത്ത്‌ മുഖര്‍ജീ.കഥ പറയുമ്പോള്‍ ഉള്ള നല്ല കയ്യടക്കം സംവിധായകന്‍ പ്രകടിപ്പിച്ചതായി തോന്നി.കാരണം വിരസമായ രംഗങ്ങള്‍ കുറവായിരുന്നു.അത് മാത്രമല്ല നോണ്‍ ലീനിയര്‍ രീതിയില്‍  അവതരിപ്പിക്കപ്പെട്ട സമാന്തരമായുള്ള കഥയും പ്രേക്ഷകന്‍റെ ആകാംക്ഷയെ ഉണര്‍ത്താന്‍ പാകത്തില്‍ ഉള്ളതായിരുന്നു.അത് പോലെ തന്നെ ആണ് അപ്രതീക്ഷിത ട്വിസ്റ്റും ക്ലൈമാക്സും.അനുപം റോയ് സംഗീതം നല്‍കിയ പാട്ടുകള്‍ ഒരു ബംഗാളി സിനിമ ആയിരുന്നിട്ടു പോലും ശ്രവണ സുന്ദരമായി തോന്നി.കഴിഞ്ഞ വര്‍ഷത്തെ ബംഗാളിലെ മികച്ച സിനിമകളില്‍ ഒന്നായി മാറി "ചൊതുഷ്കോന്‍".ആ യാത്രയുടെ അവസാനം കാണുവാനായി ചിത്രം മുഴുവന്‍ കാണുക.വളരെ നല്ല ഒരു സിനിമ ആണ് ചൊതുഷ്കോന്‍.

More reviews @www.movieholicviews.blogspot.com

Tuesday, 6 January 2015

268.THE FLY(ENGLISH,1986)

268.THE FLY(ENGLISH,1986),|Sci-Fi|Horror|,Dir:-David Cronenberg,*ing:-Jeff Goldblum, Geena Davis, John Getz .

 George Langelaan 1957 ല്‍ എഴുതിയ ചെറുകഥയെ ആസ്പദം ആക്കി ഡേവിഡ് ക്രോണന്‍ബര്‍ഗ് സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ ചിത്രം ആണ് The Fly.ക്രിസ് വാലസ്, ദുപീസ്‌ എന്നിവര്‍ക്ക് പ്രസ്തുത ചിത്രത്തിലൂടെ മികച്ച മേക് അപ് മാനുള്ള അക്കാദമി പുരസ്ക്കാരം ലഭിക്കുകയുണ്ടായി.Disaster Experiments ആണ് ഈ ചിത്രത്തിന്‍റെ പ്രമേയം.ഒരു സമയം സയന്‍സ് ഫിക്ഷന്‍ ആയി മാസികകളില്‍ വന്നിരുന്ന കഥകളുമായി സാമ്യം ഉള്ള ഒരു കഥയാണ് ഈ ചിത്രത്തിനും.എങ്കിലും അന്നത്തെ സാങ്കേതിക മികവില്‍ മുന്നിട്ടു നിന്നിരുന്നു ഈ ചിത്രം.

   ബ്രുണ്ടെല്‍ എന്ന യുവശാസ്ത്രജ്ഞ്ജനെ വെറോണിക്ക പരിചയപ്പെടുന്നത് ഒരു മീറ്റ്‌ ദി പ്രസ്‌ പരിപാടിയുടെ ഇടയില്‍ ആണ്.ബാര്‍ടോക് സയന്‍സ് ഇന്ടസ്ട്രീസ് നടത്തുന്ന പരിപാടിയായിരുന്നു അത്.ശാസ്ത്ര ലോകത്തിനു വിസ്മയം ആയേക്കാവുന്ന പരീക്ഷണങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് അന്വേഷിച്ചാണ് വെറോണിക്ക അവിടെ എത്തുന്നത്‌.ബ്രുണ്ടെല്‍ വെറോണിക്കയോട് മനുഷ്യ രാശിയിലെ ഏറ്റവും ഗംഭീരം ആയ പരീക്ഷണം ആണ് താന്‍ നടത്തുന്നത് എന്ന് പറയുന്നു.ആദ്യ നിസ്സാരം ആയി തള്ളിയെങ്കിലും വെറോണിക്കയെ നിര്‍ബന്ധിച്ചു അയാളുടെ പരീക്ഷണ ശാലയിലേക്ക് കൊണ്ട് പോകുന്നു.അവിടെ കണ്ട ഫോണ്‍ ബൂത്ത്‌ പോലെ തോന്നിക്കുന്ന വസ്തുക്കള്‍ കണ്ടു വെറോണിക്ക അയാളെ ആദ്യം പുചിക്കുന്നു.എന്നാല്‍ തന്‍റെ കണ്ടു പിടുത്തം വെറോണിക്ക അണിഞ്ഞിരുന്ന സ്റ്റൊക്കിങ്ങ്സിലൂടെ അയാള്‍ അവതരിപ്പിച്ചപ്പോഴും അഭിപ്രായത്തിനു മാറ്റം ഇല്ലായിരുന്നു.പിറ്റേ ദിവസം ഇതിനെ കുറിച്ച് വെറോണിക്ക  സ്ടാതീസ് എന്ന മുന്‍ കാമുകന്‍ ആയ മേലധികാരിയോട് പറഞ്ഞപ്പോള്‍ അയാളും കാര്യമാക്കിയില്ല.പുറം ലോകത്തിനു ഈ പരീക്ഷണങ്ങളെ കുറിച്ച് അറിവില്ലായിരുന്നു.എന്നാല്‍ പിന്നീട് വെറോണിക്ക ബ്രുണ്ടെല്‍പറയുന്നത് വിശ്വസിച്ചു അയാള്‍ നിര്‍മിച്ച Telepod കാണുവാന്‍ ഒന്നും കൂടി പോകുന്നു.ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് പോകാന്‍ ഉള്ള എളുപ്പ വഴി,അതോടൊപ്പം സമയത്തെയും ദൂരത്തെയും തോല്‍പ്പിക്കുന്ന യന്ത്രം ആയിരുന്നു അത്.പരീക്ഷണങ്ങള്‍ നടക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.ആ പരീക്ഷണങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ ബ്രുണ്ടെല്‍ വെറോണിക്കയെ അനുവദിക്കുന്നു.എന്നാല്‍ എല്ലാ പരീക്ഷണങ്ങളിലും അടങ്ങിയിരിക്കുന്ന റിസ്ക്‌ ഈ പരീക്ഷണത്തിലും  ഉണ്ടായിരുന്നു.ഒരു പക്ഷേ അപ്രതീക്ഷിതമായ റിസ്ക്കുകള്‍.അതിനെ കുറിച്ചും അതിന്‍റെ അന്തര ഫലങ്ങളെ കുറിച്ചും ആണ് ബാക്കി ചിത്രം.

 ഈ ചിത്രത്തിലെ Monkey-Cat പരീക്ഷണ രംഗങ്ങള്‍ ഒക്കെ അതിന്റെ ഭീകരത കാരണം മുറിച്ചു മാറ്റിയിരുന്നു മറ്റു പല രംഗങ്ങളെ പോലെ.ഇതിന്‍റെ രണ്ടാം ഭാഗം 1989 ല്‍ ഇറങ്ങിയിരുന്നു  The Fly 2 എന്ന പേരില്‍.ഒരു കൌതുകത്തിന്റെ പേരില്‍ ആണെങ്കിലും കണ്ടു തുടങ്ങിയാല്‍ പലര്‍ക്കും ഇഷ്ടം ആകും ഈ ചിത്രം എന്ന് കരുതുന്നു.പരീക്ഷണങ്ങളില്‍  നടക്കുന്ന ദുരിതങ്ങളെ വലിയ ഒരു ക്യാന്‍വാസില്‍ ഈ ചിത്രം അവതരിപ്പിച്ചിട്ടും ഉണ്ട്.മനുഷ്യന്‍റെ ചിന്തകളുടെ ഭീകരത ആണ് ഈ ചിത്രവും അവതരിപ്പിക്കുന്നത്‌.

more reviews @ www.movieholicviews.blogspot.com

Monday, 5 January 2015

267.LOS SIN NOMBRE(SPANISH,1999)

267.LOS SIN NOMBRE(SPANISH,1999),|Thriller|Mystery|Crime|,Dir:-Jaume Balagueró,*ing:-Emma Vilarasau, Karra Elejalde, Tristán Ulloa .

   ക്ലൌടിയ-മാര്‍ക്ക് ദമ്പതികളുടെ ആറു വയസ്സുകാരിയായ മകളെ കാണാതാകുന്നു.കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ശരീരം വികൃതമാക്കപ്പെട്ട രീതിയില്‍ ഒരു ചെറിയ കിണറ്റില്‍ നിന്നും ലഭിക്കുന്നു.ശരീരം മൊത്തം സൂചികള്‍ കുത്തിയിറക്കിയ പാടുകള്‍ കാണപ്പെട്ടു.അതും അവള്‍ ജീവനോടെ ഉള്ള സമയത്ത്.ആസിഡ് ഒഴിച്ച് മുഖം നശിപ്പിച്ചതിനാല്‍ അങ്ങനെ  തിരിച്ചറിയാന്‍ പാടായിരുന്നു എങ്കിലും ശരീരത്തിന്‍റെ അടുക്കല്‍ നിന്നും ലഭിച്ച ബ്രെസലട്ടും  ഒരു കാലിനു മറ്റു കാലിനെക്കാളും നീളം കുറവാണ് എന്ന കണ്ടെത്തലും എല്ലാം  എല്ലാം ശവം ആ ആറു വയസ്സുകാരിയുടെ ആണെന്ന നിഗമനത്തില്‍ എത്തി ചേരുന്നു പോലീസ്.കുട്ടിയുടെ അച്ഛനായ മാര്‍ക്കും അത് ശരി വയ്ക്കുന്നു.

  ഇനി കഥ നടക്കുന്നത് അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ആണ്.കുട്ടിയുടെ മാതാപിതാക്കളായ മാര്‍ക്കും ക്ലൌടിയയും ബന്ധം വേര്‍ പിരിഞ്ഞു.മാര്‍ക്ക് ഇംഗ്ലണ്ടില്‍ ആണ് താമസം.അവര്‍ തമ്മില്‍ ഒരു വിനിമയവും ഇല്ല.ക്ലൌടിയ ഒരു മാസികയില്‍ എഡിറ്റര്‍ ആയി ജോലി ചെയ്യുന്നു.എന്നാല്‍ മകളുടെ വേര്‍പാട് മൂലം ഒറ്റയ്ക്കായ അവര്‍ മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ ഉള്ള മരുന്നുകളില്‍ അഭയം തേടുന്നു.അന്ന് കേസ് അന്വേഷിച്ച പോലീസ് ഓഫീസര്‍ മസ്സേര രണ്ടാഴ്ച മുന്‍പ് പോലീസില്‍ നിന്നും വിരമിച്ചു.അയാളുടെ കുടുംബത്തില്‍ ഉണ്ടായ ദുരന്തം ആയിരുന്നു അതിനു കാരണം.തന്‍റെ ഓഫീസില്‍ ഉള്ള കുറച്ചു സാധനങ്ങള്‍ എടുക്കാനായി വന്നപ്പോഴാണ് ക്ലൌടിയ അയാള്‍ക്ക്‌ അയച്ച സന്ദേശത്തെ കുറിച്ച് അറിയുന്നത്.അല്‍പ്പ ദിവസം മുന്‍പ് ക്ലൌടിയയ്ക്ക് ഒരു ഫോണ്‍ കോള്‍ ലഭിക്കുന്നു.മരിച്ചു പോയി എന്ന് കരുതിയിരുന്ന തന്‍റെ മകള്‍ അവരെ വിളിച്ചു താന്‍ അകപ്പെട്ട സ്ഥലത്ത് നിന്നും രക്ഷപ്പെടാന്‍ സഹായം ചോദിച്ചു എന്നും പറയുന്നു.അവള്‍ പറഞ്ഞതനുസരിച്ച് ബീച്ചില്‍ അവര്‍ പോയ വിവരവും പറയുന്നു.അസ്വാഭാവികം എന്ന് തോന്നാം എങ്കിലും ക്ലൌടിയയുടെ വിശ്വാസത്തിനു കാതോര്‍ക്കാന്‍ മെസ്സേര തീരുമാനിക്കുന്നു.ക്ലൌടിയയുടെ മകള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ?അതോ വേറെ ആരെങ്കിലും അവരെ മാനസികമായി തകര്‍ക്കാന്‍ ചെയ്യുന്ന പ്രവര്‍ത്തി ആണോ ഇത്.ശേഷം സ്ക്രീനില്‍ കാണുക.

   വിശ്വാസങ്ങളും മനുഷ്യന്‍ തന്നെ മുന്നോട്ടു വയ്ക്കുന്ന ചില മതങ്ങളുടെ ആശയങ്ങളും ഇവിടെ പ്രതിപാദിക്കുന്നുണ്ട്. വളരെയധികം താല്‍പ്പര്യം തോന്നിയ ഒരു പ്ലോട്ട് ആയതു കൊണ്ടാണ് സിനിമ കണ്ടത്.സിനിമ മോശവും ആയിരുന്നില്ല.എന്നാല്‍ ക്ലൈമാക്സ് കുറച്ചും കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി.പിന്നെ സംഭാഷണങ്ങള്‍ക്ക്  ഉള്ള പരാമര്‍ശങ്ങള്‍ കഥയുടെ അവസാനം പ്രവചിക്കുന്നതായി തോന്നി.പ്രത്യേകിച്ചും വില്ലനെ കുറിച്ച് ഉള്ള സൂചനകള്‍,സന്ദര്‍ഭങ്ങളും സാഹചര്യങ്ങളും പ്രേക്ഷകന് ആ ക്ലൂ ഒക്കെ എളുപ്പം ലഭിക്കാവുന്ന പാകത്തില്‍ ആക്കി.എന്നിരുന്നാലും അവസാന ഒരു അഞ്ചു മിനിറ്റ് ഒഴികെ ചിത്രം മികച്ചു നിന്ന്.അവസാന ഭാഗം മോശം ആണെന്നല്ല.എങ്കില്‍ കൂടിയും കുറച്ചും കൂടി നന്നാക്കിയുരുന്നെങ്കില്‍ എന്ന് തോന്നി.

More reviews @www.mmovieholicviews.blogspot.com

Sunday, 4 January 2015

266.POKER NIGHT(ENGLISH,2014)

266.POKER NIGHT(ENGLISH,2014),|Thriller|Mystery|Crime|,Dir:-Greg Francis,*ing:-Beau Mirchoff, Ron Perlman, Giancarlo Esposito

 POKER NIGHT ന്‍റെ സിനോപ്സിസ് വായിച്ചു ഇഷ്ടപ്പെട്ടതിന് ശേഷം ആണ് കാണാന്‍ ആരംഭിച്ചത്.മോശമായ റേറ്റിംഗുകളുടെ  ഒപ്പം  ചിത്രം മികച്ചതാണ് എന്നുള്ള അഭിപ്രായങ്ങളും കണ്ടിരുന്നു.VDO(Video On Demand) ലൂടെ ഇറങ്ങിയ ഈ ചിത്രം കുറച്ചു തിയറ്ററുകളിലും പ്രദര്‍ശിപ്പിച്ചിരുന്നു.ഇനി സിനിമയെക്കുറിച്ച് എനിക്ക് എന്ത് തോന്നുന്നു എന്ന് പറയാം.

  വളരെയധികം താല്‍പ്പര്യം തോന്നിയ ഒരു പ്ലോട്ട് ആണ് ചിത്രത്തിന് ഉള്ളത്.നോണ്‍ ലീനിയര്‍ ആഖ്യാന ശൈലി ആണ് ചിത്രത്തില്‍ ഉപയോഗിച്ചിട്ടുള്ളത്.സമാന്തരമായി കാണിക്കുന്ന മൂന്നു സന്ദര്‍ഭങ്ങള്‍.സ്റ്റാന്‍ ജീറ്റര്‍ എന്ന യുവ ഡിറ്റക്ടീവ് താന്‍ വിജയിച്ച ആദ്യ കേസിനെക്കുറിച്ച് ഉള്ളത് ഒന്ന്.പിന്നെ ഉള്ളത് സ്റ്റാന്‍ പങ്കെടുത്ത പോക്കര്‍ ഗെയിമിനെക്കുറിച്ച്.അന്ന് രാത്രി ആ മുറിയില്‍ നടന്നത് സ്റ്റാനിന്റെ മികവു കണ്ടെത്താനായി നടത്തുന്ന ഒരു പരീക്ഷണം ആയിരുന്നു.അത് നടത്തുന്നത് പോലീസിലെ തന്നെ ഏറ്റവും മിടുക്കരും സീനിയറും ആയ ഉദ്യോഗസ്ഥരും.അവരുടെ അനുഭവ പരിജ്ഞാനം ഒരു കളിയില്‍ എന്നത് പോലെ അവര്‍ സ്റ്റാനിനെ പഠിപ്പിക്കുന്നു.മൂന്നു കേസുകള്‍,എളുപ്പം എന്ന് തോന്നും എങ്കിലും അവര്‍ പോയ വഴികള്‍ ,അവരുടെ അനുഭവങ്ങള്‍.സ്റ്റാന്‍  ആ സന്ദര്‍ഭത്തില്‍ എത്തിയാല്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് പറഞ്ഞു കൊടുക്കുന്നു. .മൂന്നാമതായി സ്റ്റാന്‍ അകപ്പെട്ടിരിക്കുന്ന ഒരു വലിയ അപകടത്തെ കുറിച്ചും.ഈ മൂന്നു സംഭവങ്ങളും സ്റ്റാനിന്റെ മുന്നോട്ടു ഉള്ള ജീവിതത്തില്‍ നിര്‍ണായകം ആയി മാറുന്നു.കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

   എനിക്ക് വളരെ നല്ലൊരു ത്രില്ലര്‍ ചിത്രം ആയി തന്നെ ഈ സിനിമ തോന്നി.പ്രത്യേകിച്ചും സ്കോട്ട് ഗ്ലാസ്ഗോയുടെ പശ്ചാത്തല സംഗീതം ഓരോ സീനിനും യോജിച്ചതായിരുന്നു.

   "If you really want to kill people,and you really want to get with it,then you do need to do a little research.Now where do you go to learn sick things like that?The Discovery channel off course.They have a whole channel devoted to murder.It was liking watching TV to get a PhD. in murder.And the Internet,a World of debauchery right at your finger tips.Everything you ever wanted to know about anything,sick and twisted."
 
  പലപ്പോഴും എനിക്കും ഇങ്ങനെ തോന്നിയിട്ടുണ്ട് ഇതൊക്കെ.അത്രയ്ക്കും ഭാവനയാണ് പലപ്പോഴും വായിച്ചും കണ്ടും പോകുന്ന പല കൊലപാതകങ്ങളിലും ഉള്ളത്.ഒരു പക്ഷേ സിനിമ അവതരിപ്പിച്ച രീതി പലര്‍ക്കും ഇഷ്ടം ആയി കാണില്ല എന്ന് കരുതുന്നു.എന്നാല്‍ വ്യക്തിപരമായി ഈ ചിത്രം എനിക്ക് ഇഷ്ടപ്പെട്ടു.

More reviews @www.movieholicviews.blogspot.com

Friday, 2 January 2015

265.MY TOP 10 MALAYALAM MOVIES 2014

                                   
265.MY TOP 10 MALAYALAM MOVIES 2014

   2014 ല്‍ നൂറ്റമ്പതോളം മലയാളം സിനിമകള്‍ റിലീസ് ആയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.ഇതില്‍ പലതും വന്നതും പോയതും ആരും അറിഞ്ഞില്ല എന്നത് പോലെ തന്നെ വളരെ പ്രതീക്ഷകളോടെ വന്ന ചില ചിത്രങ്ങള്‍ ബോക്സോഫീസ് ദുരിതം ആയി മാറുകയും ചെയ്തു.സിനിമകള്‍ കാണാന്‍ ഉള്ള ആഗ്രഹങ്ങള്‍ കാരണം കഴിയുന്നതൊക്കെ തിയറ്ററില്‍ നിന്ന് തന്നെ കാണാന്‍ ശ്രമിച്ചിട്ടുണ്ട്.എല്ലാ ചിത്രവും കണ്ടില്ലെങ്കിലും മുഖ്യധാര സിനിമകളില്‍ കൂടുതലും കാണാന്‍ കഴിഞ്ഞിരുന്നു.അങ്ങനെ ആണ് 2014 ലെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഒരു TOP 10 ഉണ്ടാക്കാന്‍ ശ്രമിച്ചത്‌.ഇത് എനിക്ക് മാത്രം ഉള്ള അഭിപ്രായം ആണ്.അതൊരു 2014 Round Up ആയി അവതരിപ്പിക്കുന്നു എന്ന് മാത്രം.ആസ്വാദന നിലവാരം വ്യത്യസ്തം ആണ് എല്ലാവര്‍ക്കും എന്ന സ്വയം ബോധത്തോടെ  തന്നെ എന്‍റെ ഒരു ചെറിയ ലിസ്റ്റ്.

NB:-ഇവിടെ ചിത്രങ്ങള്‍ അവതരിപ്പിചിരിക്കുന്നടു അവയുടെ ബോക്സോഫീസ് ലാഭം നോക്കി അല്ല.ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ എന്നെ  അല്‍പ്പം എങ്കിലും തൃപ്തിപ്പെടുത്തിയ ചിത്രങ്ങള്‍ മാത്രം ആണ് ഇതില്‍ ഉള്ളത്.

1)ഇയോബിന്റെ പുസ്തകം:-പ്രതീക്ഷ തീരെ ഇല്ലാതെ പോയത് കൊണ്ടാകാം ഈ ചിത്രം എന്നെ വളരെയധികം ആകര്‍ഷിച്ചു.ഒരു പക്ഷേ തിരശീലയില്‍ കണ്ട ക്യാമറ കണ്ണുകളില്‍ ഒരു പ്രേക്ഷകന്‍ ആയ ഞാന്‍ വീണു പോയി എന്നതാകും സത്യം. അമല്‍ നീരദ് എന്ന ടെക്നീഷ്യന്‍റെ കഴിവാണ് ഈ ചിത്രത്തെ മറ്റുള്ളവയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കഴിഞ്ഞത്.

2)1983:-സച്ചിനെയും അത് പോലെ തന്നെ നോസ്ടാല്‍ജിയയും ഉള്‍പ്പെടുത്തി എണ്‍പതുകളുടെ പകുതിയില്‍ ജീവിതം തുടങ്ങിയവരെ ഒക്കെ വളരെയധികം ആകര്‍ഷിക്കാന്‍ കഴിഞ്ഞു ഈ ചിത്രം എന്ന് കരുതുന്നു.നിവിന്‍ പോളി എന്ന 2014 ന്‍റെ വിജയ നായകന്‍റെ ചിത്രം.അബ്രിദ് ഷൈന്‍ എന്ന പുതിയ സംവിധായകന് അഭിമാനിക്കാവുന്ന ചിത്രം.

3)മുന്നറിയിപ്പ് & അപ്പോത്തിക്കരി:-

മുന്നറിയിപ്പ്:-ആരാധകര്‍ ആഘോഷിച്ച സിനിമകള്‍ കൂടുതലും ദുരിതം ആയപ്പോള്‍ മലയാളികളുടെ സിനിമ അഭിരുചികളില്‍ വ്യത്യസ്തതയും ആയി വേണു  വന്ന ചിത്രം ആണ് മുന്നറിയിപ്പ്.രാഘവന്‍റെ ക്ലൈമാക്സിലെ ചിരി അങ്ങനെ മലയാളികളുടെ ഇടയില്‍ സംസാരവിഷയം ആയി.മമ്മൂട്ടി എന്ന നടന്‍ അഭിനയം മറന്നിട്ടില്ല എന്ന് ഈ ചിത്രം കാണിച്ചു തന്നു.

അപ്പോത്തിക്കരി:-സുരേഷ് ഗോപിയുടെ ഏറെ നാളുകള്‍ക്കു ശേഷം ഉള്ള ചിത്രം പതിവ് പോലീസ് വേഷങ്ങളില്‍ നിന്നും വിഭിന്നം ആയി ഒരു ഡോക്റ്റര്‍ ആയി ആയിരുന്നു.ജയസൂര്യ,ആസിഫ് അലി എന്നിവര്‍ക്ക് ലഭിച്ച വേഷങ്ങളും സംസാര വിഷയം ആയി.ഈ ചിത്രങ്ങള്‍ ആണ് എന്റെ ലിസ്റ്റില്‍  മൂന്നാം സ്ഥാനത്ത് ഉള്ളത്.

4)വെള്ളിമൂങ്ങ:-താരശോഭയില്‍ ഉപരി സിനിമയ്ക്ക് വിജയിക്കാം എന്ന് കാണിച്ച ചിത്രം ആയിരുന്നു വെള്ളിമൂങ്ങ.ബിജു മേനോന്‍ കഴിഞ്ഞ വര്‍ഷം മലയാളികളെ ഏറെ ചിരിപ്പിച്ച സിനിമയുടെ ഭാഗം ആയ വെള്ളിമൂങ്ങ ആയി മാറി.മറ്റൊരു പുതുമുഖ സംവിധായകന്‍ ആയ ജിബു  കൂടി നല്ല ചിത്രവും ആയി മലയാളികളുടെ മുന്നില്‍ വന്നു.

5)ബാംഗ്ലൂര്‍ ഡെയ്സ്:-2014 ലെ പണം വാരി മലയാള ചിത്രങ്ങളില്‍ മുന്നിട്ടു നിന്നത് ഈ മള്‍ട്ടി സ്റ്റാര്‍ ചിത്രം ആയിരുന്നു.ഫഹദ്,ദുല്‍ക്കാര്‍,നിവിന്‍ എന്നീ യുവതാരങ്ങളുടെ ഈ ചിത്രം ആകര്‍ഷിച്ചത് യുവാക്കളെ ആയിരുന്നു കൂടുതലും.

6)വര്‍ഷം:-രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ചില രംഗങ്ങള്‍ ഒക്കെ എന്നെ കരയിപ്പിച്ചിരുന്നു.പുതുമകള്‍ ഒന്നും അവകാശപ്പെടാന്‍ ഇല്ലാതിരുന്ന ഈ ചിത്രം എന്നാല്‍ മമ്മൂട്ടി എന്ന നടന്‍റെ അഭിനയ ശേഷി അല്‍പ്പം എങ്കിലും ചൂഷണം ചെയ്യാന്‍ കഴിഞ്ഞു എന്ന് കരുതുന്നു.

7)ഞാന്‍ സ്റ്റീവ് ലോപസ് & സപ്തമശ്രീ തസ്ക്കര:-

  ഞാന്‍ സ്റ്റീവ് ലോപസ്:-രാജീവ് രവി ചുരുങ്ങിയ ചിലവില്‍ ഒരുക്കിയ ഈ ചിത്രം എനിക്ക് നന്നായി ഇഷ്ടപ്പെട്ടിരുന്നു.ഒരു പക്ഷേ അലസനായ നായകന്‍റെ അധികം നാടകീയമായ ഭാവങ്ങള്‍ അല്ലാതെ സാധാരണ മനുഷ്യരെ അവതരിപ്പിച്ചത് കൊണ്ടാണ് ഇഷ്ടം ആയത് എന്ന് കരുതുന്നു.ഒരു പക്ഷേ സാധാരണ ഒരു സിനിമയില്‍ വില്ലനോട് പ്രതികാരം ചെയ്യാന്‍ നടക്കുന്ന നായകനില്‍ നിന്നും തന്‍റെ പരിമിതികളില്‍ മാത്രം നിന്ന സ്റ്റീവിനെ ഇഷ്ടമായി.

സപ്തമശ്രീ തസ്ക്കര:-ചെമ്പന്‍ വിനോദ് ,നീരജ് മാധവ് എന്നിവര്‍ കാരണം ഒരു സ്ഥിരം ഹീസ്റ്റ് മൂവിയെ ആളുകള്‍ക്ക് ഇഷ്ടപ്പെടുതാന്‍ സംവിധായകന്‍ ആയ അനില്‍ രാധാകൃഷ്ണന് സാധിച്ചു.അത് കൊണ്ട് തന്നെ കേട്ട് പഴകിയ പ്രമേയം ആയിരുന്നു എങ്കിലും ലീഫ് വാസൂ കൂടി വന്നതോടെ ചിത്രം പ്രേക്ഷകനെ ആകര്‍ഷിച്ചു.

8)ഇതിഹാസ & ഹോംലി മീല്‍സ്:-

 ഇതിഹാസ:-ഇംഗ്ലീഷ് സിനിമയില്‍ നിന്നും സ്വാധീനം ഉള്ള ചിത്രം ആയിരുന്നു എങ്കിലും മലയാളീകരിച്ചപ്പോള്‍ പ്രേക്ഷകന്‍ ഏറ്റെടുക്കാന്‍ മാത്രം നിലവാരം ഉണ്ടായി ഈ ചിത്രത്തിന്.അനുശ്രീയും  ഷൈന്‍ ടോമും തങ്ങളുടെ വേഷം നന്നാക്കിയിരുന്നു.വീണ്ടും ഒരു പുതുമുഖ സംവിധായകന്‍ ആയ ബിനുവിനെ അവതരിപ്പിച്ച ചിത്രം.

ഹോംലി മീല്‍സ്:-കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ടോറന്റ് ഹിറ്റ്‌.തിയറ്ററില്‍ പോയി കാണാത്തവര്‍ ഭൂരി ഭാഗവും ഇഷ്ടം ആയി എന്ന് പറഞ്ഞ ചിത്രം.വിപിന്‍ അട്ളീ എന്ന ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക്‌ സുപരിചിതന്‍ ആയ നടന്റെ വ്യത്യസ്തം ആയ ഒരു ചിത്രം ആയിരുന്നു ഇത്.പലപ്പോഴും ഈ ചിത്രത്തിന് പ്രേക്ഷകനെ ചിരിപ്പിക്കാന്‍ സാധിച്ചിരുന്നു.

9)ഗോഡ്സ് ഓണ്‍ കണ്ട്രി:-ഒരു ദിവസം നടക്കുന്ന സംഭവങ്ങളെ ആസ്പദം ആക്കി അവതരിപ്പിച്ച ഈ ചിത്രം നല്ലൊരു ത്രില്ലര്‍ ആയി അനുഭവപ്പെട്ടു.അത് കൊണ്ട് ഈ ചിത്രവും ലിസ്റ്റില്‍ ഇടം പിടിച്ചു.ന്യൂ ജെനരേശന്‍ സംവിധാകര്‍ പരീക്ഷിച്ച പ്രമേയം തന്നെയാണ് വാസുദേവന്‍ സനല്‍ ഇവിടെയും ഉപയോഗിച്ചത് എന്നാല്‍ മൊത്തത്തില്‍ ഈ ചിത്രത്തിന് ആ ഒരു ഫീല്‍ നിലനിര്‍ത്താന്‍ കഴിഞ്ഞതായി തോന്നി.

10)Hai I'm Tony:-ജൂനിയര്‍ ലാലിന്‍റെ ഈ ചിത്രം ആസിഫ് അലി ആരാധകര്‍ കാരണം വളരെയധികം വാര്‍ത്ത ആയി മാറിയ ചിത്രം ആണ്.എന്നാല്‍ വിവാദങ്ങള്‍ തിയറ്ററില്‍ ഈ ചിത്രത്തെ സഹായിച്ചില്ല എന്ന് മാത്രം.എങ്കില്‍ കൂടി ഒരു രാത്രിയില്‍ നടക്കുന്ന സംഭവങ്ങളുടെ ദൃശ്യാവിഷ്ക്കാരവും നല്ലൊരു ത്രില്ലര്‍ ആയി തോന്നി.

More reviews @www.movieholicviews.blogspot.com

  

Thursday, 1 January 2015

264.Dr.CABBIE(ENGLISH,2014)

264.Dr.CABBIE(ENGLISH,2014),|Comedy|Romance|,Dir:-Jean-François Pouliot,*ing:-Vinay Virmani, Adrianne Palicki, Kunal Nayyar.

  കാനഡ എന്ന് എവിടെ കണ്ടാലും ഞാന്‍  ഇപ്പോള്‍ എത്തി നോക്കുന്ന അവസ്ഥയില്‍ നില്‍ക്കുന്ന സമയം ആയതു കൊണ്ടാണ് Dr.Cabbie യുടെ സിനോപ്സിസ് വായിച്ചപ്പോള്‍ തന്നെ സിനിമ  കാണാന്‍ തീരുമാനിച്ചത്.2015 ല്‍ ഞാന്‍ ആദ്യം കാണുന്ന സിനിമ അങ്ങനെ ഇതായി മാറി,വിദേശ രാജ്യങ്ങളിലെ ഭാവിയിലേക്കുള്ള ജീവിതത്തിലേക്ക് നോക്കിയാല്‍ ഇപ്പോള്‍  ഏറ്റവും കൂടുതല്‍ സാധ്യത ഉള്ള രാജ്യം കാനഡ ആണെന്ന് തോന്നുന്നു.കൂടുതലായി ആ രാജ്യത്ത് ഉള്ള വിഭവങ്ങളും കുറഞ്ഞ ജനവാസവും ആണ് അതിനു മുഖ്യ കാരണം.ഈ ഒരു അവസ്ഥയില്‍ ആണ് ഇന്ത്യയില്‍ നിന്നും MBBS,MD എന്നിവ കഴിഞ്ഞ ദീപക് വീര്‍ ചോപ്ര എന്ന യുവാവ് അമ്മയോടൊപ്പം കാനഡയിലേക്ക് കൂടുതല്‍ സൌഭാഗ്യങ്ങള്‍ തേടി എത്തിയത്.

  ദീപക്കിനെയും അമ്മയെയും സ്പോണ്‍സര്‍ ചെയ്തത് ദീപക്കിന്റെ അമ്മയുടെ സഹോദരനും ഇന്ത്യന്‍ ഹോട്ടല്‍ ഉടമയും ആയ വിജയ്‌ ആയിരുന്നു.റാണി എന്ന് പേര് മാറ്റിയ ഒരു വെള്ളക്കാരിയും ആയി വിജയ്‌ അവിടെ ജീവിക്കുന്നു.നല്ല സ്വീകരണം ആയിരുന്നു ദീപക്കിനും അമ്മയ്ക്കും അവിടെ ലഭിച്ചത്.എന്നാല്‍ ജോലി അന്വേഷിച്ചു ഇറങ്ങിയ ദീപക്കിനെ കാത്തിരുന്നത് കര്‍ശനമായ നിയമങ്ങള്‍ ആയിരുന്നു.അത് കൊണ്ട് തന്നെ ഡോക്റ്റര്‍മാര്‍ നല്‍കുന്ന സേവനങ്ങള്‍ കിട്ടാനായി ജനങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥ ആണ് അവിടെ ഉണ്ടായിരുന്നത്.അതിനാല്‍ തന്നെ അയാള്‍ക്ക് ഒരു ഡോക്റ്റര്‍ ആയി ജോലി ചെയ്യാന്‍ സാധിക്കുന്നില്ല.തന്‍റെ മരിച്ചു പോയ ഡോക്റ്റര്‍ ആയ പിതാവിന്‍റെ ആഗ്രഹപ്രകാരം ഡോക്റ്റര്‍ ആയ ദീപക്കിന്റെ മാനസികാവസ്ഥയും മാറുന്നു ആ വിഷമത്തില്‍.എന്തെങ്കിലും ജോലി എന്ന നിലയില്‍ ദീപക് അമ്മാവന്റെ ഹോട്ടലില്‍ ജോലിക്കാരന്‍ ആയി കയറുന്നു.എന്നാല്‍ ഹോട്ടലിലെ ജോലിയില്‍ മികവു കാണിക്കാന്‍ ആ ഇന്ത്യന്‍ ഡോക്റ്റര്‍ക്ക്‌ കഴിഞ്ഞില്ല.ആ സമയം ആണ് ഇന്ത്യന്‍ വംശജനും ടാക്സി ഡ്രൈവറും ആയ ടോണിയെ ദീപക് പരിചയപ്പെടുന്നത്.ടോണിയുടെ അഭിപ്രായ പ്രകാരം ദീപക് ഒരു ടാക്സി ഡ്രൈവര്‍ ആകുന്നു.എന്നാല്‍ ഡോക്റ്റര്‍   ടാക്സി ഡ്രൈവര്‍ ആയി മാറിയപ്പോള്‍  ദീപക്കിന്റെ ജീവിതം ഈ ഒരു തീരുമാനത്തിലൂടെ മാറി മറിയുന്നു.ദീപക്കിന് ആഗ്രഹിച്ച ജീവിതം ലഭിക്കുമോ?അതോ ഒരു ടാക്സി ഡ്രൈവര്‍ ആയി അയാള്‍ അവിടെ ജീവിക്കാണ്ടി വരുമോ എന്നുള്ളതാണ് ബാക്കി സിനിമ.

  ഒരു റൊമാന്റിക് ഹിന്ദി/ഇംഗ്ലീഷ് കോമഡി സിനിമയാണ് Dr.Cabbie.ദ്വയാര്‍ത്ഥപ്രയോഗത്തിലെ സാധ്യതകള്‍ ആവശ്യത്തിനു ഈ ചിത്രത്തില്‍ ഉപയോഗിച്ചിട്ടും ഉണ്ട്.ഒരു പക്ഷേ ഒരു ബോളിവുഡ് സിനിമയായി തന്നെ ഇറക്കാമായിരുന്ന കഥയാണ് നായകനായ ദീപക് ചോപ്രയെ അവതരിപ്പിച്ച വിനയ് വിര്‍മാനി എഴുതിയ ഈ കഥയിലും ഉള്ളത്.ഒരു പ്രാവശ്യം വലിയ മുഷിപ്പില്ലാതെ കണ്ടിരിക്കാവുന്ന ചിത്രം ആയി തോന്നി Dr.Cabbie.

More reviews @www.movieholicviews.blogspot.com