Wednesday 14 May 2014

113.SECONDS(ENGLISH,1966)

113.SECONDS(ENGLISH,1966),|Drama|Mystery|,Dir:-John Frankenheimer,*ing:-Rock HudsonFrank CampanellaJohn Randolph

  സെക്കന്റ്സ്-നിമിഷങ്ങള്‍ എന്ന് നമ്മള്‍ പറയുന്ന ഈ വാക്കിന് ജീവന്റെ വില വരുന്ന അവസ്ഥ ആലോചിച്ചിട്ടുണ്ടോ?അതും പലരും പല രീതിയില്‍ ആഖ്യാനിക്കുന്ന ജനന-മരണ പ്രക്രിയയെ സൂചിപ്പിക്കുമ്പോള്‍.പുനര്‍ജനിക്കുന്ന മനുഷ്യരെ കുറിച്ച് പലയിടത്തും,മിത്തുകളിലും ഇതിഹാസങ്ങളിലും വിശ്വാസങ്ങളിലും എല്ലാം പ്രതിപാദിക്കുന്നുണ്ട്.എന്നാല്‍ അവയെല്ലാം സാധാരണയായി മരണത്തിനു ശേഷം സംഭവിക്കുന്ന പ്രക്രിയകള്‍ ആയാണ് വിവരിക്കുന്നത്.എന്നാല്‍ ജീവനോടെ ഇരിക്കുമ്പോള്‍ അത്തരം ഒരു അവസ്ഥയെ നേരിടേണ്ടി വരുന്ന അവസ്ഥ?അതാണ്‌ ഈ ചിത്രം പ്രതിപാദിക്കുന്ന പ്രമേയം.ജനന-മരണ പ്രക്രിയകള്‍ സാധാരണയായി പ്രകൃതിയുടെ മാറ്റങ്ങളെ അനുസരിച്ച് സംഭവിക്കുന്നു.എന്നാല്‍ മനസ്സിന്‍റെ മാറ്റങ്ങള്‍ക്കനുസരിച്ച് ഈ ഒരു അവസ്ഥയെ നേരിടാനുള്ള അവസ്ഥയാണ് ആര്‍തര്‍ ഹാമില്‍ട്ടന്‍ എന്ന ജീവിതത്തില്‍ എല്ലാം നേടി എന്ന തോന്നല്‍ ഉണ്ടായ മനുഷ്യന് നേരിടേണ്ടി വന്നത്.

  ആര്‍തര്‍ ഹാമില്‍ട്ടന്‍ ജീവിതത്തിലെ പടവുകള്‍ എല്ലാം വിജയകരമായി കടന്നിരിക്കുന്നു.അയാളുടെ ജീവിതത്തില്‍ ലക്ഷ്യങ്ങളും അയാളെ കുറിച്ച് വ്യാകുലപ്പെടുന്നവരുടെ എണ്ണം പോലും കുറഞ്ഞതായി അയാള്‍ക്ക്‌ തോന്നുന്നു.സ്വന്തം ഭാര്യയെ പോലും തൃപ്തിപ്പെടുത്താന്‍ സാധിക്കാത്ത അയാള്‍ക്ക്‌  ഒരു ഫോണ്‍ കോള്‍ വരുന്നു.മറുവശത്ത് ആര്‍തറിന്റെ മരിച്ചു പോയെന്നു കരുതുന്ന ചാര്‍ളി എന്ന സുഹൃത്തില്‍ നിന്നായിരുന്നു.താന്‍ മരിച്ചിട്ടില്ല എന്നും.തന്‍റെ മരണ വാര്‍ത്ത വെറും  ഒരു കഥയാണെന്നും പുതിയ ഭാവത്തില്‍ താന്‍ ജീവിച്ചിരിപ്പുണ്ടെന്നും അയാള്‍ ആര്‍തറിനെ അറിയിക്കുന്നു.ചാര്‍ളി തന്നെ പോലെ ആകാന്‍ ആര്‍തറിനെ ക്ഷണിക്കുന്നു.ചാര്‍ളി പറഞ്ഞത് പോലെ വിത്സണ്‍ എന്ന പേരില്‍ ആര്‍തര്‍ അയാള്‍ പറഞ്ഞ അറവുശാലയില്‍  എത്തുന്നു."കമ്പനി" എന്ന പേരില്‍ അറിയപ്പെടുന്ന ഒരു കൂട്ടം ആളുകള്‍ നടത്തുന്ന ആ സ്ഥാപനത്തില്‍ തങ്ങളുടെ മരണം മറ്റൊരാളുടെ ശവം ഉപയോഗിച്ച് യാഥാര്‍ത്ഥ്യം ആക്കുകയും,ആവശ്യക്കാര്‍ക്ക് ശസ്ത്രക്രിയയിലൂടെ പുതിയ രൂപം നല്‍കുകയും ചെയ്യുന്നു.ആര്‍തര്‍ തന്‍റെ ജീവിതത്തിലേക്ക് നോക്കിയപ്പോള്‍ ഒരു പുനര്‍ജനനം തനിക്കു ആവശ്യം ആണെന്ന് മനസ്സിലാക്കുന്നു.ശസ്ത്രക്രിയയ്ക്ക് ശേഷം വിത്സന്‍ എന്ന പേരില്‍ ജീവിക്കാന്‍ തുടങ്ങുന്നു.നോറ എന്ന കാമുകിയും അയാളുടെ കൂടെ വരുന്നു.സന്തോഷകരമായ ആദ്യ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആണ് തനിക്കു ലഭിച്ചു പുനര്‍ജന്മത്തിന്റെ ദോഷവശങ്ങള്‍ ആര്‍തര്‍ മനസ്സിലാക്കുന്നത്.എന്നാല്‍ എന്നെന്നേക്കുമായി അകപ്പെട്ടു പോയ അവസ്ഥയില്‍ ആയിരുന്നു വിത്സണ്‍.വിത്സണ്‍ എന്ന ആര്‍തറിന് കമ്പനിയുടെ അടുക്കല്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമോ?തന്‍റെ പുനര്‍ജന്മത്തിലെ ദോഷ വശങ്ങള്‍ എന്തൊക്കെയായിരുന്നു?ആ രഹസ്യങ്ങള്‍ ആണ് ബാക്കി ചിത്രം പറയുന്നത്.

 ഡേവിഡ് എലി എഴുതിയ  അതേ പേരില്‍ ഉള്ള നോവലില്‍ നിന്നും കടം കൊണ്ടതാണ് ഈ സിനിമ.കാന്‍സ്‌ ചലച്ചിത്ര മേളയില്‍ ഒക്കെ അംഗീകാരം ലഭിച്ച ഈ  ചിത്രം ഒസ്കാറിലും മത്സര രംഗത്തുണ്ടായിരുന്നു ചായഗ്രഹണ വിഭാഗത്തില്‍.ജോണ്‍ ഫ്രാങ്ക്ഹൈമര്‍ സംവിധാനം ചെയ്ത ഈ ചിത്രം പ്രമേയപരമായി പ്രേക്ഷകനുമായി ധാരാളം കാര്യങ്ങള്‍ സംവേദനം നടത്തുന്നുണ്ട്.അതിലൊന്നാണ് പ്രകൃതി നിയമങ്ങളെ മാനസിക നിലയ്ക്കനുസരിച്ചു രൂപപ്പെടുതുന്നതിലെ അപാകതകള്‍ തന്നെ പ്രധാനം.പിന്നെ ബന്ധങ്ങളില്‍ എന്താണ് സംഭവിക്കുന്നതെന്നും .പലപ്പോഴും നമ്മുടെ ചിന്തകള്‍ക്കും അപ്പുറം ആണ് ബന്ധങ്ങള്‍.ബന്ധങ്ങളിലെ പരിപാവനത പലപ്പോഴും മനസ്സിലാക്കുമ്പോള്‍ വൈകിയിരിക്കും.അറുപതുകളില്‍ ഇറങ്ങിയ ഈ ചിത്രം ഒരു സാധാരണ സയന്‍സ് ഫിക്ഷന്‍ സിനിമയുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ ഒരിക്കലും കഴിയില്ല.അതിലും മുകളില്‍ ആണ് ഈ ചിത്രത്തിന്‍റെ സ്ഥാനം.സിനിമ ആരംഭിക്കുമ്പോള്‍ കാണിക്കുന്ന ഭൂതക്കണ്ണാടിയിലൂടെ ഉള്ള ചിത്രങ്ങള്‍ പോലെ തന്നെ സൂക്ഷ്മമായി പ്രതിപാദിക്കുന്ന പലതും ഈ ചിത്രത്തിലുണ്ട്.ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 8/10!!

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment

1835. Oddity (English, 2024)