Thursday 1 May 2014

109.TEOREMA(ITALIAN,1968)

109.TEOREMA(ITALIAN,1968),|Mystery|Drama|,Dir:-Pier Paolo Pasolini,*ing:-Silvana ManganoTerence StampMassimo Girotti

 "Teorema" നിഗൂഡമായി ഒരു കുടുംബത്തിലേക്ക് അതിഥിയായി വന്ന ഒരു യുവാവ് ആ കുടുംബത്തില്‍ ഉള്ളവരില്‍ നല്‍കിയ സന്തോഷങ്ങളും അതിനു ശേഷം അവരില്‍ ഉണ്ടാക്കിയ മാറ്റങ്ങളുടെയും കഥ പറയുന്നു.ഒരു മിസ്റ്ററി സിനിമ എന്ന നിലയില്‍ വളരെയധികം സാധ്യതകള്‍ പ്രേക്ഷകന് മുന്നില്‍ തുറന്നിടുന്നുണ്ട് ഈ ചിത്രം.ഇറ്റലിയില്‍ ഉള്ള ഒരു സമ്പന്ന കുടുംബത്തില്‍ ഒരു അതിഥി എത്തുന്നു.അതിഥി എന്ന് മാത്രം ആണ് ആ കഥാപാത്രത്തിനെ സിനിമയില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.ഇറ്റലിയിലെ സമ്പദ് വ്യവസ്ഥയില്‍ ഉന്നത സ്വാധീന ഉള്ള ആ കുടുംബത്തില്‍ ഉണ്ടായിരുന്നത് ഗൃഹനാഥനും,ഗൃഹനാഥയും അവരുടെ രണ്ടു കുട്ടികളും ഒരു വേലക്കാരിയും ആയിരുന്നു.സുമുഖനായ ആ അതിഥി അവരുടെ ജീവിതത്തില്‍ ഒരു പ്രത്യേക സ്ഥാനം നേടിയെടുത്തു.അല്ലെങ്കില്‍ ആ കുടുംബത്തെ ഒന്നടങ്കം വശീകരിച്ചു.അവരും ആയി ശാരീരികവും മാനസികവും ആയ അടുപ്പം അയാള്‍ ഉണ്ടാക്കി എടുക്കുന്നു. 

   ദൈവഭക്തയായ വേലക്കാരിയെ ആത്മഹത്യയില്‍ നിന്നും രക്ഷിക്കുന്നു.പിന്നീട് ജീവിതത്തില്‍ ഒരു അര്‍ത്ഥവും ഇല്ലാതെ ജീവിച്ച അവരുടെ മകനെ ആശ്വസിപ്പിക്കുന്നു.പിന്നീട് കുടുംബ ജീവിതത്തില്‍ തൃപ്തി ഇല്ലാത്ത ഗൃഹനാഥ അയാളില്‍ ആശ്വാസം കണ്ടെത്തുന്നു.കുട്ടിത്തം മാറാത്ത തന്നിഷ്ടക്കാരിയായ മകള്‍ക്ക് ജീവിതവും പഠിപ്പിച്ചു കൊടുക്കുന്നു.ഏറ്റവും പ്രധാനമായത് അയാള്‍ ഇവരുടെ എല്ലാം കൂടെ കിടപ്പറ പങ്കിട്ടു എന്നതാണ്.അസുഖം വന്ന ഗൃഹനാഥന്‍ അയാളുടെ സാമീപ്യത്തില്‍ സുഖപ്പെടുന്നു.എന്നാല്‍ പെട്ടന്നൊരു ദിവസം ഒരു അയാള്‍ തിരിച്ചു പോകുന്നു.അയാളുടെ തിരിച്ചു പോക്ക് അവരില്‍ എല്ലാം മാറ്റങ്ങള്‍ ഉണ്ടാക്കുന്നു.ഒരു പ്രത്യേകതരം അവസ്ഥയിലേക്ക് അവര്‍ എല്ലാം മാറുന്നു.ഓരോരുത്തരും അവരുടെ ജീവിതത്തില്‍ പലതും ആയി മാറുന്നു;അയാളുടെ വരവിനു മുന്‍പ് ഉണ്ടായിരുന്നവരെ അല്ല പിന്നീട് കാണുന്നത്.അയാള്‍ യഥാര്‍ത്ഥത്തില്‍ ആരായിരുന്നു??അയാള്‍ ദൈവം ആയിരുന്നോ??അതോ ചെകുത്താനോ??കാരണം അവരില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ അത്രയ്ക്കും വലുതായിരുന്നു.അവരുടെ ജീവിതത്തില്‍ ഉണ്ടായ മാറ്റങ്ങളും എല്ലാം ബാക്കി സിനിമ അവതരിപ്പിക്കുന്നു.

  വ്യത്യസ്തമായ ആഖ്യാന രീതി ആണ് ഈ ചിത്രത്തില്‍ സംവിധായകന്‍ പസോളിനി സ്വീകരിച്ചിരിക്കുന്നത്.സുമുഖനായ ദൈവ (ചെകുത്താന്‍) സമാനനായ യുവാവിനെ അവതരിപ്പിച്ചിരിക്കുന്നത് ടെറന്‍സ്‌ സ്റ്റാമ്പ് ആയിരുന്നു.വളരെയധികം വിമര്‍ശനങ്ങള്‍ ഏറ്റ് വാങ്ങിയിരുന്നു ഈ ചിത്രം.പ്രധാനമായും ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്ന പ്രമേയം തന്നെ.ദൈവ വിശ്വാസ സങ്കല്‍പ്പങ്ങളെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ എല്ലാം ഈ ചിത്രം ചെയ്യുന്നുണ്ട്.അത് കാഴ്ചക്കാരന്റെ കണ്ണില്‍ വ്യത്യസ്തപ്പെടും എന്ന് മാത്രം.സ്ഫോടനാത്മകമായ ആശയം പറയുന്ന ഈ ചിത്രം എല്ലാവര്ക്കും ദഹിക്കണം എന്നില്ല.കാരണം വ്യത്യസ്തമായ അവതരണ രീതി തന്നെ.എന്തായാലും അല്‍പ്പം ആലോചിച്ചിട്ടാണ് എങ്കിലും ഈ ചിത്രം കഴിയാവുന്നത്ര മനസ്സിലാക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്.ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 8/10!!

 More reviews @ www.movieholicviews.blogspot.com

No comments:

Post a Comment

1835. Oddity (English, 2024)