Thursday 7 November 2013

58.PHILIPS AND THE MONKEY PEN(MALAYALAM,2013)


PHILIPS AND THE MONKEY PEN(MALAYALAM,2013),Dir:-Shanil Muhammed , Rojin,*ing:-Ryan Philip,Jayasurya,Remya Nambeeshan

JUST GET INTO A CHILD'S SHOE എന്ന് പറഞ്ഞു തുടങ്ങുന്ന ഫിലിപ്സ് ആന്‍ഡ്‌ ദി മങ്കി പെന്‍ ശരിക്കും അങ്ങനത്തെ ഒരു അവസ്ഥയില്‍ കാണേണ്ട ഒരു ചിത്രം ആണ് .ചില്ലര്‍ പാര്‍ട്ടി പോലുള്ള സിനിമകള്‍ കാണുമ്പോള്‍ ഉള്ള അതേ രീതിയില്‍ മനസ്സിനെ പാകപ്പെടുത്തണം ഈ ചിത്രം കാണുമ്പോള്‍ .കാരണം ഈ ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങള്‍ എല്ലാം കുട്ടികളാണ് .ഒരു കുട്ടിക്കളിയുടെ അപ്പുറത്ത് അവര്‍ സമൂഹത്തില്‍ ചെറു പ്രായത്തില്‍ എന്തൊക്കെ ചെയ്യുന്നു എന്ന് കാണിക്കുന്ന ഒരു ചിത്രം .കുസൃതിയുടെ ലോകത്ത് നിന്നും കയ്പേറിയ സത്യതെക്കാളും അതി മധുരം ഉള്ള കള്ളത്തരത്തിന് എന്തൊക്കെ  അത്ഭുതങ്ങള്‍ കാണിക്കുവാന്‍ സാധിക്കും എന്ന് ഈ ചിത്രം പറയുന്നു .

 റയാന്‍ ഫിലിപ് എന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയുടെ ഏറ്റവും വലിയ ശത്രു കണക്കും ,ഹോം വര്‍ക്ക് ചെയ്യാത്തതിന് ശിക്ഷിക്കുന്ന കണക്ക് മാഷും ആണ് .പുതു തലമുറ ;എന്തിനും ഏതിനും സംശയം ചോദിക്കുന്ന ,സ്വയം ഉത്തരങ്ങള്‍ നല്‍കുന്ന ഒരു തലമുറയുടെ വക്താവാണ്‌ ക്രിസ്തിയാനിയായ അപ്പന്റെയും മുസ്ലീം ആയ അമ്മയുടെയും മകനായ റയാന്‍ .ചെറുപ്രായത്തില്‍ തന്നെ റയാന്റെ മാതാപിതാക്കള്‍ ആകേണ്ടി വന്നവര്‍ തന്‍റെ മകനെ വളര്‍ത്തുന്ന രീതി കാരണം അല്‍പ്പം കുസൃതി ഉള്ള പയ്യന്‍ .അങ്ങനെ ഇരിക്കെ അവന്‍റെ ജീവിതം മാറ്റി മറിച്ച് കൊണ്ട് അവനൊരു മങ്കി പെന്‍ കിട്ടുന്നു .അതിനു ശേഷം നടക്കുന്ന സംഭവങ്ങള്‍ ആണ് ചിത്രം ബാക്കി പറയുന്നത് .

ഫാന്ടസ്സിയുടെ അകമ്പടിയോടെ ഒരു മുത്തശ്ശി കഥ പോലെ പറഞ്ഞു പോയിരിക്കുന്നു ഈ ചിത്രം .നമ്മുടെ എല്ലാം ഉള്ളില്‍ ഒരു കൊച്ചു കുട്ടി ഉണ്ടാകും.റയാനെ പോലെ കുസൃതികളും കാണിച്ച്നടക്കാന്‍ ആഗ്രഹിക്കുന്ന ഒരു കുട്ടി .അത് കൊണ്ട് തന്നെ പുതുമുഖ  സംവിധായകര്‍ ഒരുക്കിയ ഈ ചിത്രം എല്ലാവരെയും ആകര്‍ഷിക്കുമായിരിക്കും .കുടുംബ പ്രേക്ഷകര്‍ ഈ അടുത്തായി ചിരിച്ചുല്ലസിക്കുന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ ഈ ചിത്രത്തില്‍ ഇല്ല .തന്നെ സ്വയം കണ്ടെത്തുന്ന ഈ കുട്ടിയുടെ കഥ കുടുംബ ബന്ധങ്ങള്‍ ,Trivandrum Lodge ലെ കുട്ടി പ്രണയം ,കുട്ടികളുടെ കുസൃതികള്‍ എന്നിവയിലൂടെ യാത്ര ചെയ്യുന്നു .സ്വന്തം കുട്ടിക്കാലവും ഇപ്പോള്‍ ഉള്ള തലമുറയ്ക്ക് ലഭിച്ചിരിക്കുന്ന ജീവിത സാഹചര്യങ്ങളും തമ്മില്‍ ഉള്ള വ്യത്യാസം ഈ ചിത്രത്തില്‍ കാണാം .കംപ്യുട്ടര്‍ എന്ന യന്ത്രത്തിന്റെ അകത്തു എന്താണ് ഉള്ളതെന്ന് എന്ജിനീയറിംഗ് പഠിക്കാന്‍ മാത്രം പോയപ്പോള്‍ കണ്ട എനിക്ക് ഇപ്പോള്‍ ഉള്ള കുട്ടികള്‍ RAM ന്‍റെ സ്പീഡ് എത്ര ആണെന്ന് ചോദിക്കുമ്പോള്‍ തോന്നുന്ന അതേ കൌതുകം ആണ് ഈ ചിത്രത്തില്‍ മൊത്തം .

 കുസൃതിയായ റയാനായി വന്ന റയാന്‍ ഫിലിപ് എന്ന ന്യൂ ജെനറേഷന്‍ നായകന്‍ തന്‍റെ ഭാഗം വൃത്തിയായി ചെയ്തു .നവരസങ്ങള്‍ കാണിക്കുവാന്‍ ഉള്ള പ്രായം ഒന്നും ആകാത്ത ആ കുട്ടി റയാനായി നല്ല പ്രകടനം ആണ് കാഴ്ച വച്ചത് .റയാന്റെ കൂട്ടുകാരനായി വരുന്ന ജുഗ്ഗു ഇടയ്ക്ക് ചിരി ഉണര്‍ത്തി .ജയസൂര്യ ഈ വേഷം ചെയ്തതിന് സമ്മതിച്ചേ തീരു ..അഭിനയ മികവു കൊണ്ടല്ല .ഇത്തരം ഒരു ചിത്രത്തില്‍ ചെറുതായ ഒരു വേഷം സ്വീകരിച്ചതില്‍ ഉള്ള മനസ്സ് .ജോയ് മാത്യു സ്ഥിരം കര്‍ക്കശക്കാരനായ വേഷത്തിലും ,രമ്യയുടെ അമ്മ വേഷം എന്നിവ ചെറുതായിരുന്നു എങ്കിലും അവര്‍ എല്ലാം ആ കുട്ടികളുമായി ഇണങ്ങി പോയെന്നു തോന്നുന്നു .

 ഈ ചിത്രം നിര്‍മ്മിക്കാന്‍ മുന്നോട്ടു വന്ന വിജയ്‌ ബാബു ,സാന്ദ്ര തോമസ്‌ എന്നിവരെ സമ്മതിക്കണം .കേരളം പോലെ ഉള്ള ഒരു പ്രേക്ഷക സമൂഹം ഈ ചിത്രത്തെ എങ്ങനെ സമീപിക്കും എന്നുള്ളത് ഒരു ചോദ്യ ചിഹ്ന്നമായി ഇപ്പോഴും നില്‍ക്കുന്ന ഈ സമയത്ത് .ശക്തമായ ഒരു തിരക്കഥ ഇല്ലാത്തത് ഒരു പോരായ്മയായി തോന്നാമെങ്കിലും ആദ്യം പറഞ്ഞത് പോലെ ഒരു കുട്ടിയുടെ രീതിയില്‍ മനസ്സിനെ പാകപ്പെടുതിയാല്‍ മാറാവുന്ന സംഭവമേ ഉള്ളു .ബാക്ക് ഗ്രൌണ്ട് മ്യുസിക് ഒക്കെ സന്ദര്‍ഭത്തിനനുസരിച്ച് നന്നായിരുന്നു ...പാട്ടുകള്‍ അധികം മനസ്സില്‍ പതിഞ്ഞില്ല എന്നൊരു പോരായ്മയും പറയാം .മുതിര്‍ന്നവരെക്കാളും  കുട്ടികളെ ലക്‌ഷ്യം വച്ചിറങ്ങിയ ഒരു ചിത്രം ആയിരുന്നു ഇത് .

 യുടൂബ് ട്രെയിലര്‍ കണ്ടപ്പോള്‍ തന്നെ ഒരു കൌതുകം തോന്നിയത് കൊണ്ടാണ് ഈ സിനിമയ്ക്ക് പോയത് .നല്ല പരസ്യങ്ങള്‍ ഈ ചിത്രത്തിന് മുതല്‍ക്കൂട്ടായി .ടി ഡി ദാസന്‍ ,101 ചോദ്യങ്ങള്‍ ,മഞ്ചാടിക്കുരു എന്നീ ചിത്രങ്ങള്‍ ഇതിലും എത്രയോ മികച്ചതാണ് .എങ്കിലും മാര്‍ക്കറ്റ് വാല്യു ഉള്ള നടീ നടന്മാരും നല്ല പരസ്യങ്ങളും ആ ചിത്രങ്ങള്‍ക്ക് ഇല്ലായിരുന്നു എന്ന് തോന്നുന്നു .ഓര്‍മയില്ലേ സിദ്ധാര്‍ത് ശിവ എന്ന സംവിധായകന്‍ തന്‍റെ ദേശിയ അവാര്‍ഡ് കിട്ടിയ 101 ചോദ്യങ്ങള്‍ക്ക് തിയറ്റര്‍ കിട്ടാത്തതില്‍ വിഷമിച്ചത് .എന്തായാലും ഈ ചിത്രത്തിന് ആ ഗതി ഉണ്ടായില്ല .കുട്ടികളോടൊപ്പം അവരുടെ ചിന്തകളും ചിരികളുമായി കണ്ടിരിക്കാവുന്ന ഒരു ചിത്രം .ഇതില്‍ മാസ്സ് കോമഡി ,ആക്ഷന്‍ അങ്ങനെ ഒന്നും ഇല്ല .അത്തരം ചിത്രങ്ങള്‍ കാണാന്‍ ഇഷ്ടമുള്ളവര്‍ ഈ ചിത്രം കാണാത്തിരിക്കുകയാവും നല്ലത് .അല്ലെങ്കില്‍ മൌത്ത് പബ്ലിസിറ്റിയിലൂടെ ഈ ചിത്രവും തകരാന്‍ സാധ്യത ഉണ്ട്..എന്തായാലും ഒരു കുട്ടിയുടെ മനസ്സുമായി ഈ ചിത്രത്തിന് പോവുക ..ഇഷ്ട്ടപ്പെടും..എന്തായാലും എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ഈ ചിത്രം ...ഞാന്‍ ഇതിനു കൊടുക്കുന്ന മാര്‍ക്ക് 8/10 !!

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment

1823. Persumed Innocent (English, 1990)