Saturday, 14 September 2019

1094.Yesterday(English,2019)


1094.Yesterday(English,2019)
          Fanatasy,Romance


     വെറും 12 നിമിഷത്തിൽ ലോകം മാറി എന്നു കരുതുക.അതായത്,നമുക്ക് പ്രിയപ്പെട്ടവ ആയിരുന്ന പലതും ലോകത്തിൽ ഉണ്ടായിരുന്നതായി പോലും ഓർമ ഇല്ല.ഉദാഹരണത്തിന് നമ്മുടെ ഇഷ്ട സിനിമകൾ,കഥകൾ,പാട്ടുകൾ,പ്രണയം അങ്ങനെ പലതും.ആ അവസ്ഥ ഉറപ്പായും ഒരു ശൂന്യത സൃഷ്ടിക്കും.ഒരു പക്ഷെ ന്യൂ ഡൽഹി, രാജാവിന്റെ മകൻ, കമ്മീഷണർ,രാംജി റാവു സ്പീക്കിങ് പോലെ അനേകം സിനിമകളിൽ ഏതെങ്കിലും ഒക്കെ ഒരു മലയാളി പ്രേക്ഷകൻ എന്ന നിലയിൽ ഉണ്ടായിരുന്നതായി പോലും ഭൂരിപക്ഷം ആളുകൾക്കും ഓർമ ഇല്ല എന്നിരിക്കട്ടെ.ആ സാഹചര്യത്തിൽ ഈ സിനിമയും അതിന്റെ കഥയും നമ്മളിൽ ഒരാൾക്ക് മാത്രം ഓർമ ഉണ്ടെങ്കിലോ?

  സാധ്യതകൾ ഏറെ ആണ്.അതു ഓര്മയുള്ള ആളുടെ അഭിരുചി അനുസരിച്ചു.സിനിമ മോഹം തലയ്ക്കു പിടിച്ച ആളാണെങ്കിൽ?


  ഡാനി ബോയ്‌ൽ സംവിധാനം ചെയ്ത Yesterday ഈ പ്രമേയത്തെ ആസ്പദമാക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്.ഒരു ചെറിയ ടൈം ഷിഫ്റ്റ് ലോകത്തിനു പല കാര്യങ്ങൾക്കും ഒപ്പം  നഷ്ടമാക്കിയത് ബീറ്റിൽസ് എന്ന അനശ്വര ബാൻഡിനെ ആണ്.എന്നാൽ അവയുടെ പാട്ടുകൾ ഓർമ ഉള്ള ഒരാൾ ഉണ്ടായിരുന്നു.പാടാൻ കഴിവുണ്ടായിരുന്നിട്ടും തീരെ ശ്രദ്ധിക്കപ്പെടാതെ പോയ ജാക് മാലിക് എന്ന ഏഷ്യയിൽ നിന്നും കുടിയേറിയ മാതാപിതാക്കളുടെ മകൻ..ബീറ്റിൽസില്ലാത്ത ലോകത്തിന്റെ ശൂന്യത മാറ്റാൻ അവൻ തയ്യാറായി.പക്ഷെ,അതു സ്വന്തം കാര്യത്തിന്ധ് വേണ്ടി മാത്രം ആയിരുന്നു എന്നതാണ് സത്യം.


  ഒരു ടൈം ഷിഫ്റ്റിൽ ലോകത്തിനു പലതും നഷ്ടം ആയപ്പോൾ ജാക് മാലിക് ഏറെ നേടി.അയാളുടെ കഥയാണ് Yesterday.ഒരു പക്ഷെ അവസാനം വരെ ആ ടൈം ഷിഫ്റ്റിൽ കുറച്ചും കൂടി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിൽ എന്നു തോന്നി പോയി.പകരം ഒരു സാധാരണ സിനിമയായി അവസാനിച്ചത് പോലെ ആണ് തോന്നിയത്.പക്ഷെ ഒന്നുണ്ട്.ചിത്രത്തിന്റെ സംഗീതം.എഡ് ഷീറാൻ പോലെ ഉള്ള ഗായകരുടെ സ്‌ക്രീൻ ടൈം,സിനിമയിലെ പാട്ടുകൾ.ബീറ്റിൽസിന്റെ പ്ളേലിസ്റ്റ് ഇട്ടു പാട്ടു കേൾക്കുന്നത് പോലെ തോന്നി.ഡാനിയുടെ സിനിമകളുടെ മികവ് അതു പോലെ ഇല്ലെങ്കിലും പ്രമേയത്തിലെ സാധ്യതകളെ കുറിച്ചു ചിന്തിക്കുവാൻ ആഗ്രഹം ഉള്ളവർക്ക് കാണാം.


More movie suggestions @www.movieholicviews.blogspot.ca

 ചിത്രത്തിന്റെ ലിങ്ക്: t.me/mhviews

Monday, 9 September 2019

1093.Midsummer's Equation(Japanese,2013)


1093.Midsummer's Equation(Japanese,2013)
        Mystery,Drama.


   അപകടകരമായ സാഹചര്യത്തിൽ മരിച്ച മുൻ കുറ്റാന്വേഷണ ഉദ്യോഗസ്ഥൻ ആയ ഷുകാഹാര ആ ഹോട്ടലിൽ അതിഥി ആയിരുന്നു.മനോഹരമായ കടൽ തീരത്തിന്റെ അടുത്തുള്ള ഒരു ഹോട്ടൽ.അവിടെ മനാബു യുകാവയും ഉണ്ട്.ഓർമയില്ലേ ആളെ?ജാപ്പനീസ് കുറ്റാന്വേഷണ സിനിമകളിലെ ക്ളാസിക്കുകളിൽ ഒന്നായ Suspect X ൽ കീഗോ ഹികാശിനോ അവതരിപ്പിച്ച ഗലീലിയോയെ?ശാസ്ത്രീയമായ അനുമാനങ്ങളിൽ നിന്നും കുറ്റാന്വേഷണം നടത്തുന്ന ഒരു പക്ഷെ ജാപ്പനീസ് ഷെർലോക് ഹോംസ് എന്നു വിളിക്കാവുന്ന കഥാപാത്രം.Midsummer's Equation ഉം ആ സാഹചര്യങ്ങളിൽ തന്നെ ആണ് ഒരുക്കിയിരിക്കുന്നത്.


    വ്യക്തിപരമായി ഓരോരുത്തർക്കും രഹസ്യങ്ങൾ ഉള്ള കുടുംബം.വരെ സങ്കീർണമായ കഥയാണ് അവരുടേത്.ഈ മരണവും ആയി അവരെ ബന്ധിപ്പിക്കുന്ന എന്തോ ഉണ്ടെന്നു മനാബു വിശ്വസിക്കുന്നു.എന്നാൽ സാഹചര്യങ്ങളുടെ അനുമാനത്തിൽ അതിന് അധികം പ്രസക്തി ലഭിക്കുന്നില്ല.പ്രത്യേകിച്ചും അപകട മരണം ആണെന്നുള്ള നിഗമനത്തിൽ പോലീസ് എത്തി ചേരുന്നതിനാൽ.എന്നാൽ വലിയ ഒരു കഥ നമ്മളെ പ്രേക്ഷകന് എന്ന നിലയിൽ കാത്തിരുപ്പുണ്ട്.വർഷങ്ങൾക്കു മുൻപ് നടന്ന ഒരു കഥ.ആ കഥ അറിയണം.അതിലെ കഥാപാത്രങ്ങളെ മനസ്സിലാകണം.എങ്കിൽ,പ്രേക്ഷകനെ കാത്തിരിക്കുന്നത് മികച്ച ഒരു കുറ്റാന്വേഷണ ഡ്രാമ ആണ്.

  കീഗോ ഹികാശിനോ ജാപ്പനീസ് എഴുത്തുകാരിൽ ഒരു ഇതിഹാസം ആണെന്ന് തോന്നിയിട്ടുണ്ട്.പ്രത്യേകിച്ചും കഥാപാത്രങ്ങളുടെ അവതരണത്തിൽ ഉള്ള ആഴം.ഇത്രയും മികച്ച രീതിയിൽ ശാസ്ത്രീയമായി അടിത്തറ നൽകി,വൈകാരികമായ പരിസരങ്ങളിൽ കഥ അവതരിപ്പിക്കാൻ ഉള്ള മിടുക്കു പ്രശംസനീയം ആണ്.എന്റെ പ്രിയപ്പെട്ട എഴുത്തുകാരിൽ ഒരാളാണ് അദ്ദേഹം.കൂടുതലും സിനിമകളിലൂടെ ആണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ പരിചയപ്പെട്ടത് എങ്കിലും.

Suspect X ന്റെ sequel എന്നു പറയാവുന്ന Midsummer's Equation മികച്ച ജാപ്പനീസ് കുറ്റാന്വേഷണ സിനിമകളിൽ ഒന്നാണ്.കാണുക!!

More movie suggestions @www.movieholicviews.blogspot
ca

ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക്:t.me/mhviews

Sunday, 18 August 2019

​​1091.Oru Kuprasidha Payyan(Malayalam,2018)


​​1091.Oru Kuprasidha Payyan(Malayalam,2018)

         ആരും ചോദിക്കാനോ അന്വേഷിക്കാനോ ഇല്ലാത്ത ഒരാളെ കേസിൽ കുടുക്കിയാൽ പ്രത്യേകിച്ചു പ്രശ്നം ഒന്നുമില്ല എന്നും കേസ് തെളിഞ്ഞത് തന്റെ ജോലിയിൽ ഒരു നേട്ടം ആകും എന്നു കരുതി കാണും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ.കാരണം അത്രയ്ക്കും ഉണ്ടായിരുന്നല്ലോ അന്വേഷണ ഉദ്യോഗസ്ഥരുടെ മേൽ ഉള്ള സമ്മർദ്ദം.അവരുടെ profiling നു ചേരുന്ന ഒരാളെ പ്രതിയായി മുന്നിൽ കാണാൻ കഴിഞ്ഞപ്പോൾ ഒന്നും നോക്കിയില്ല.അയാൾ ആയി കൊലപാതകി.ഒറ്റയ്ക്ക് താമസിച്ചിരുന്ന ഒരു സ്ത്രീയുടെ കൊലപാതകി.

   "ഒരു കുപ്രസിദ്ധ പയ്യൻ" എന്ന ചിത്രത്തിലെ അജയൻ യഥാർത്ഥത്തിൽ ഉള്ള ജയേഷ് ആണെന്നുള്ള അവസ്ഥ വച്ചു നോക്കുമ്പോൾ ആണ് റീൽ ലൈഫും റിയൽ ലൈഫും തമ്മിൽ എത്ര മാത്രം ബന്ധം ഉണ്ടെന്നു മനസ്സിലാവുക.ഒരു അഭിമുഖത്തിൽ വായിച്ചിരുന്നു യഥാർത്ഥ സംഭവങ്ങളും ആയുള്ള ബന്ധം."അമ്മിണി പിള്ള കൊലക്കേസ്" എങ്ങനെ ആണ് ക്രൈം ബ്രാഞ്ച് കണക്കിലെടുത്തതെന്നു ഇപ്പോഴും പ്രതികളെ കിട്ടാത്ത കേസ് ആയി അവശേഷിക്കുമ്പോൾ മനസ്സിലാകും.

    ടോവിനോ ഈ വേഷത്തിന് ഇൻട്രോയിലെ കാളയെ മലർത്തിയടിക്കുന്ന സീനിൽ,ജയിൽ ഫൈറ്റിൽ ഒക്കെ തിളങ്ങിയെങ്കിലും ഒരു പാവത്താൻ ഇമേജ് തീരെ യോജിച്ചില്ല.ഇടയ്ക്കുള്ള അഭിനയം കണ്ടപ്പോൾ ഇനി അജയൻ ആണോ കൊലപാതകി എന്നു പ്രേക്ഷകൻ സംശയിച്ചു പോലും സംശയിച്ചു പോകും.ഞാൻ ശരിക്കും ക്ളൈമാക്‌സ് ഒക്കെ കഴിഞ്ഞു ഒരു കള്ള ചിരിയോടെ എല്ലാവരെയും പറ്റിച്ചേ എന്ന ഭാവത്തിൽ നിൽക്കുന്ന സൈക്കോ ആയ അജയനെ ആണ് പ്രതീക്ഷിച്ചതും.എന്നാൽ അതാണോ ചിത്രം പറയാൻ ശ്രമിച്ചത് എന്നു ചോദിച്ചാൽ ഗൗരവപൂര്ണമായ ഒരു സാമൂഹിക പ്രശ്നം ആണെന്ന് പറയേണ്ടി വരും.ആരും ഇല്ലാത്തവന്റെ മേൽ ഉള്ള അധികാര ശക്തി നിയമപാലകർ ഉപയോഗിച്ചു എന്നതാണ്.നിമിഷയുടെ വക്കീൽ വേഷം,ദുര്ബലയിൽ നിന്നും സീനിയറിന്റെ മുന്നിൽ ജയിക്കാൻ ഉള്ള ആഗ്രഹം പോലുള്ള സിനിമാറ്റിക് ഘടകങ്ങളിലൂടെ ചിത്രത്തിന്റെ പ്രധാന ഭാഗമായി മാറി.

  മൊത്തത്തിൽ നോക്കിയാൽ തരക്കേടില്ലാത്ത ഒരു കോർട്ട് റൂം ഡ്രാമ എന്നു പറയാം ചിത്രത്തെ കുറിച്ചു.തമിഴ് ചിത്രം "വിസാരണയ്" യുടെ ഒപ്പം ഒക്കെ വരാൻ ഉള്ള കാലിബർ പ്രമേയപരമായി ഉണ്ടായിരുന്നെങ്കിലും അത്രയ്ക്കൊന്നും ശ്രമിച്ചില്ല മധുപാലും കൂട്ടരും എന്നു തോന്നി പോയി സിനിമ അവസാനിക്കുമ്പോൾ.എങ്കിൽക്കൂടിയും നേരത്തെ പറഞ്ഞതു പോലെ തരക്കേടില്ലാത്ത ചിത്രം തന്നെയാണ് "ഒരു കുപ്രസിദ്ധ പയ്യൻ".

More movie suggestions @www.movieholicviews.blogspot.ca

1092.Parasite(Korean,2019)


1092.Parasite(Korean,2019)
          Mystery,Horror

   "ഓടരുതമ്മാവ ആളറിയാം" എന്ന സിനിമ ഓർമയില്ലേ?അതിൽ നെടുമുടി വേണുവിന്റെ വീട്ടിൽ കയറിപ്പറ്റുന്ന ശ്രീനിവാസൻ,മുകേഷ്,ജഗദീഷ് എന്നിവരെ ഒക്കെ ഓർമയില്ലേ?ഒരു കോമഡി സിനിമയിൽ അവർക്കെല്ലാം ഇഷ്ടമുള്ള പെണ്കുട്ടിയെ നേടാൻ വേണ്ടി നടത്തുന്ന ശ്രമങ്ങൾ എല്ലാം രസകരമായിരുന്നു.എന്നാൽ ഇതേ തീം മറ്റൊരു രീതിയിൽ,കൂടുതൽ ഗൗരവപൂര്ണമായ സാമൂഹിക അവസ്ഥ ഒക്കെ ഉൾപ്പെടുന്ന ഒരു വലിയ വിഷയമായി മാറിയാൽ എങ്ങനെ ഇരിക്കും?അങ്ങനെ ഒരു ചിത്രം നിങ്ങൾ കാണുന്നത് "Palme D'Or" പുരസ്ക്കാരം നേടിയ Parasite എന്ന പേരിൽ ആയിരിക്കും.

   നേരത്തെ പറഞ്ഞ മലയാളം സിനിമ പൂർണമായും മനസ്സിൽ നിന്നും കളയുക.സിനിമയിൽ ഒളിച്ചിരിക്കുന്ന കഥകളോ പരന്ന വായനയോ ഒന്നും ആവശ്യമില്ലാതെ തന്നെ അപകടകരമായ ഒരു കഥാതന്തു തന്നെ ആണ് മുന്നിൽ ഉള്ളത്.Parasite എന്താണ് എന്ന്  ചെറുപ്പത്തിൽ ബയോളജി ക്ലാസിൽ പഠിച്ചിട്ടുണ്ടാകും.സിനിമയുടെ പ്രമേയത്തെ കുറിച്ചുള്ള ഏകദേശ ധാരണയ്ക്ക് ഇതു മതി.

   തുടക്കം ഒരു കൂട്ടം തട്ടിപ്പ് വീരന്മാർ ധനികരായ ഒരു കുടുംബത്തെ പറ്റിക്കാൻ ഇറങ്ങിയ കഥയായി തോന്നുമെങ്കിലും കൊറിയയിലെ മാത്രമല്ല ലോകത്തിലെ മുഴുവൻ ദാരിദ്ര്യവും ,ധനികർ ആ ദാരിദ്ര്യത്തിനു ചാർത്തി കൊടുക്കുന്ന ദുർഗന്ധം പോലും വിഷയമായി വരുന്നുണ്ട്.ഒരു മനുഷ്യന് എത്ര മാത്രം ആകും സഹിക്കാൻ കഴിയുക,നിരന്തരമായി അയാളുടെ ശരീരത്തിൽ നിന്നും ഉള്ള മണത്തെ ദുർഗന്ധം ആയി വെറുക്കപ്പെടേണ്ട ഒന്നായി ,ഒരു പക്ഷെ അയാൾ ആ സമയത്തു ഉണ്ടാകേണ്ട സ്ഥലത്തു അല്ലെങ്കിൽ പോലും  അപമാനം ഏറ്റുവാങ്ങേണ്ടി വരുമ്പോൾ അയാളുടെ മാനസികാവസ്ഥയെ എത്ര മാത്രം ബാധിക്കാം?

  "ടേക്" എന്ന കഥാപാത്രം അത്തരം ഒരു അവസ്ഥയിൽ ആയിരുന്നു.പെട്ടെന്ന് ചിത്രത്തിന്റെ സ്വഭാവം മാറുമ്പോൾ അയാളുടെ മനസ്സിലെ ആ നാണക്കേട് പോലും പ്രാധാന്യം ഉള്ളതായി മാറുന്നു.അവസാനം കഥ പോലും അയാളുടെ വഴിയിലൂടെ ആണ് പോകുന്നത്.ചിത്രത്തിലെ പല കഥാപാത്രങ്ങളെയും മുന്നോട്ട് കൊണ്ടു പോകുന്നത് അത്യാർത്തി എന്നൊരു ഘടകം ആണെന്ന് തോന്നുമെങ്കിലും Survival Instinct ആയിരുന്നു എന്ന് പതിയെ മനസ്സിലാകുന്നുണ്ട്.

  ഒരു Conman സിനിമയിൽ നിന്നും മാറ്റം കൊണ്ടു വരുന്ന ആ ട്വിസ്റ്റ് അപ്രതീക്ഷിതം ആയിരുന്നു.എന്തായാലും പല രീതിയിൽ,പല കാര്യങ്ങളിലൂടെ ഈ ചിത്രത്തെ കുറിച്ചു മനസ്സിലാക്കാൻ സാധിക്കും.ഒരു പക്ഷെ അന്താരാഷ്ട്ര വേദിയിൽ വന്നത് കൊണ്ടു തന്നെയുള്ള പഠനങ്ങളുടെ ഭാഗം ആകാം.

   എന്തായാലും എന്റെ ഏറ്റവും പ്രിയപ്പെട്ട കൊറിയൻ ചിത്രമായ "Memories of Murder" ന്റെ സംവിധായകൻ "ബോങ് ജൂന് ഹോ" സംവിധാനം ചെയ്ത ചിത്രം എന്ന നിലയിൽ തന്നെ ശ്രദ്ധാപൂർവം,താല്പര്യത്തോടെ തന്നെ ആണ് ചിത്രം കണ്ടത്.വളരെയധികം ഇഷ്ടം തോന്നി സിനിമയോട്,ഒപ്പം കാംഗ് ഹോ യുടെ ടേക് എന്ന കഥാപാത്രത്തോടും.അവസാനം നിങ്ങൾ അയാളെ ശ്രദ്ധിക്കും.അയാളെ മാത്രേ ശ്രദ്ധിക്കൂ.അത്രയ്ക്കും വിശ്വാസ്യത അയാൾ ആ കഥാപാത്രത്തിലൂടെ നൽകി.തന്റെ തളർച്ച പോലും കാണാമായിരുന്നു ആ കണ്ണുകളിൽ.

   More movie suggestions @www.movieholicviews.blogspot.ca

ചിത്രത്തിന്റെ ലിങ്ക് : @mhviews 

അല്ലെങ്കിൽ t.me/mhviews

Friday, 16 August 2019

1090.Chernobyl(English,2019)


1090.Chernobyl(English,2019)
          Miniseries

     

  ഒരു മിനി സീരീസ് ,അതും മനുഷ്യരാശിയിലെ തന്നെ ഏറ്റവും കൂടുതൽ നാളുകൾ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന ഒരു ദുരന്തത്തിന്റെ കഥ ഒരു ത്രില്ലർ ആയി മാറിയത് ആണ് Chernobyl ന്റെ കാഴ്ചയിൽ പ്രേക്ഷകനെ ആകർഷിക്കുന്ന ഏറ്റവും പ്രധാന ഘടകം.റഷ്യൻ-അമേരിക്ക സൗന്ദര്യപിണക്കത്തിലെ പുതിയ അധ്യായങ്ങളിൽ ഒന്നു തുടങ്ങേണ്ട അവസ്ഥയിൽ വരെ എത്തിയിരുന്നു Chernobyl പരമ്പര HBO ബ്രോഡ്കാസ്റ്റ് ചെയ്തപ്പോൾ.പ്രത്യേകിച്ചും കമ്യൂണിസ്റ്റ് ഭരണ പ്രദേശം ആയിരുന്ന സോവിയറ്റ് റഷ്യയിലെ ഭരണകൂടത്തിന്റെ ഈഗോ ഈ ദുരന്തത്തിൽ എത്ര മാത്രം സ്വാധീനം ഉണ്ടാക്കി എന്നുള്ള കാഴ്ച്ചകൾ ഒക്കെ രാഷ്ട്രീയമായി പല ചർച്ചകൾക്കും വിധേയമായി.

   എന്തായാലും രാഷ്ട്രീയം മാറ്റി വച്ചാൽ ഒരു വലിയ ദുരന്തം,അതും ഒരിക്കലും  പ്രതീക്ഷിക്കാത്ത മനുഷ്യ നിർമിതമായ ഒന്നിന്റെ കഥയാണ്. തുടക്കം മുതൽ Core നു കേടു വന്നൂ എന്നു ജീവനക്കാർ പറയുമ്പോൾ അസിസ്റ്റന്റ് ചീഫ് എൻജിനീയർ Dyatlov പുച്ഛത്തോടെ അവരോടു സംസാരിക്കുകയും അവരുടെ ജോലിയ്ക്ക് വരെ ഭീഷണി ആവുകയും ചെയ്യുന്നുണ്ട്.ഭയങ്കര ക്രൂരനായ ഒരു വില്ലൻ.ഒരു പക്ഷെ വിഷയത്തിന്റെ പ്രാധാന്യം കൊണ്ടു കൂടി ആകണം ആ കഥാപാത്രം പോലെ നെഗട്ടീവ് ആയ ഒന്നു കണ്ടെത്താൻ തന്നെ പ്രയാസമാണ്.ചെകുത്താന്റെ പ്രതിരൂപം എന്നൊക്കെ ആലങ്കാരികമായി പറയാവുന്ന ഒന്നു.ക്ളൈമാക്സിലെ ദുരന്തത്തിന്റെ കാരണം അവതരിപ്പിക്കുന്ന രംഗങ്ങൾക്ക് വലിയ ഒരു രഹസ്യം അനാവരണം ചെയ്യുന്ന പ്രതീതി ആയിരുന്നു.

   ഒരിക്കലും ഒരു ഹിസ്റ്റോറിക്കൽ ഡ്രാമ കാണുന്ന മൂഡ് അല്ലായിരുന്നു Chernobyl നു ഉണ്ടായിരുന്നത്.ഭയപ്പെടുത്തുന്ന പശ്ചാത്തല സംഗീതം.കഥാപാത്രങ്ങളുടെ deep study യും കൂടി ചേർന്നപ്പോൾ നന്മ-തിന്മകളുടെ അവതരണ രൂപമായ നായക-വില്ലൻ കഥാപാത്രങ്ങൾ കൂടി ആയി.


  ഓരോ എപ്പിസോഡും ഒരു മിസ്റ്ററി ത്രില്ലർ  കാണുന്ന പോലെ ആയിരുന്നു ആദ്യ കുറച്ചു സമയം കണ്ടത് മുതൽ.ഇഷ്ടപ്പെട്ട സീരീസുകളുടെ കൂട്ടത്തിൽ,ക്ലാസിക് പദവി ഇപ്പൊ തന്നെ വന്നു കഴിഞ്ഞ Chernobyl എന്നും ഉണ്ടാകും.ഒരു പക്ഷെ ഏറ്റവും ഇഷ്ടപ്പെട്ട സീരീസ് തന്നെ ആയി.


More suggestions @www.movieholicviews.blogspot.ca


ലിങ്ക് ടെലിഗ്രാം ചാനലിൽ ലഭ്യമാണ്:t.me/mhviews

Monday, 12 August 2019

1089.Thagaraaru(Tamil,2013)

1089.Thagaraaru(Tamil,2013)
          Mystery,Thriller.


   ഒറ്റ ചോദ്യത്തിന് ആണ് ഉത്തരം വേണ്ടത്.സ്വന്തം കൂടപ്പിറപ്പുകളെ പോലെ ഉള്ള സൗഹൃദം.അതിൽ 4 കൂട്ടുകാർ.അനാഥരായ അവർക്ക് ഉള്ള അച്ഛനും,അമ്മയും,സഹോദരനും,സഹോദരിയും എല്ലാം പരസ്പ്പരം അവർ തന്നെയാണ്.പക്ഷെ അവരിൽ ഒരാൾ ഇന്നില്ല.കാരണങ്ങൾ പലതാകാം.കൊലയാളിയും പലരാകാം.പക്ഷെ ആരാണ്?ചോരക്കളി ആണ് മൊത്തം.ഒപ്പം ഒരു പ്രണയക്കഥയും.


  മധുരയുടെ പശ്ചാത്തലത്തിൽ കള്ളന്മാരായ നാലു യുവാക്കളുടെ കഥ ആണ് ചിത്രം.കൂട്ടത്തിൽ ഒരുത്തനെ തൊട്ടാൽ ഒന്നും നോക്കാതെ ടൂൾസ് എടുക്കുന്ന ടൈപ്പ് ആളുകൾ.അതിൽ ഒരാൾക്ക് ഒരു പെണ്ണിനോട് പ്രണയം തോന്നി.പക്ഷെ അവർ ദിവസവും പ്രശ്നങ്ങളെ പുതപ്പായി ധരിക്കുന്നവർ ആയതു കൊണ്ട് ആകാം അവർ അതിനെ ഒക്കെ അതിജീവിച്ചു.പക്ഷെ അപ്പോഴാണ്...


     തമിഴിലെ മിസ്റ്ററി/ത്രില്ലർ സിനിമകളുടെ സ്ക്രിപ്റ്റുകൾ തിരഞ്ഞെടുത്തു ചെയ്യുന്ന അരുൾ നിധിയുടെ 2013ലെ ചിത്രമാണ് "തകരാറു".ഇപ്പോഴത്തെ തമിഴ് സിനിമയുടെ "New Wave" ന്റെ തുടക്ക സമയം ആണ് ചിത്രം വരുന്നത്.വെങ്കട് പ്രഭു സിനിമകൾ,സുബ്രഹ്മണ്യപുരം പോലെ ഉള്ള സിനിമകളിലൂടെ വേറെ ഒരു തരം നായക കഥാപാത്രങ്ങൾ,വയലൻസ് ഒക്കെ ചേർന്നു വന്ന സമയത്തിന്റെ തുടർച്ച.വിരളമായിരുന്നു എങ്കിലും സിനിമകൾ വരുന്നുണ്ടായിരുന്നു സ്ഥിരം കൊമേർഷ്യൽ സിനിമകൾ കൂടാതെ.ആ സമയം നിരൂപക പ്രശംസ കിട്ടിയെങ്കിലും തിയറ്ററിൽ ശരാശരി ആയതു കൊണ്ട് കാണാൻ തോന്നിയില്ല ഈ സിനിമ.എന്നാൽ കഴിഞ്ഞ ദിവസം "സിദ്ദിഖ് ഹസൻ" ന്റെ നിരൂപണത്തിൽ കണ്ടപ്പോൾ ആണ് ഓർമ വന്നത് ഈ ചിത്രം.ഇന്ന് കണ്ടൂ.

  ഇന്ന് തമിഴ് സിനിമ അങ്ങു വലിയ യാത്രകൾ നടത്തുമ്പോൾ"തകരാറു" എത്ര മാത്രം പ്രേക്ഷകനെ ഇഷ്ടപ്പെടുത്തും എന്നു ചിന്തിക്കുന്നില്ല.പക്ഷെ അരുൾ നിധിയുടെയും,ഷംനയുടെയും ഒക്കെ മികച്ച പ്രകടനങ്ങൾ.എന്നാൽ സുലിൽ കുമാറിന്റെ കഥാപാത്രത്തോട് കുറച്ചു ഇഷ്ടം കൂടുതൽ തോന്നി.കണ്ടു നോക്കൂ "തകരാറു".ഇഷ്ടപ്പെടുമായിരിക്കും..

More movie suggestions and Telegram channel link available in www.movieholicviews.blogspot.ca

t.me/mhviews

        

Sunday, 11 August 2019

1087.The Investigator(Hungarian,2008)


1087.The Investigator(Hungarian,2008)
          Mystery

    "Perfect Crime എന്നൊന്ന് ഉണ്ടോ?"
         

 അയാളുടെ അമ്മയ്ക്ക് കാൻസർ ആണ്.മരിക്കാറായി കിടക്കുന്നു.സ്വീഡനിലെ സന്നദ്ധ സംഘടനയുടെ സഹായം പ്രതീക്ഷിച്ചിരുന്നെങ്കിലും അതു ലഭിക്കുന്നില്ല.അപ്പോഴാണ് അയാൾക്ക്‌ ഒഴിവാക്കാൻ പറ്റാത്ത ഒരു ഓഫർ ലഭിക്കുന്നത്.Cyclops!!അജ്ഞാതനായ ആ കഥാപാത്രത്തെ നായകൻ വിളിക്കുന്നത് അങ്ങനെ ആണ്.Cyclops ,അയാളോട് ഒരാളെ വധിക്കുവാൻ ആവശ്യപ്പെടുന്നു.പ്രത്യുപകാരമായി അമ്മയുടെ ചികിത്സയ്ക്കുള്ള പണം നൽകാം എന്നതായിരുന്നു വാഗ്‌ദാനം.സ്വാഭാവികം ആയും അയാൾ അതിനു സമ്മതിക്കുന്നു..

   പക്ഷെ??അയാൾ വിചാരിച്ചത് പോലെ അല്ലായിരുന്നു കാര്യങ്ങൾ.ഒരിക്കലും അയാൾ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത സംഭവങ്ങൾ ആണ് നടക്കുന്നത്.

   Perfect Crime എന്നൊന്ന് ഉണ്ടോ എന്ന് പലരും പലപ്പൊഴുമായി ചർച്ച ചെയ്യുന്ന ഒന്നാണ്.ഒരു കുറ്റകൃത്യം പിടിക്കപ്പെടുമ്പോൾ അതിലെ Perfect Crime എന്ന element അപ്രത്യക്ഷമാകുന്നു.തെളിയിക്കപ്പെടാത്ത കുറ്റകൃത്യങ്ങൾ എത്ര മാത്രം ഉണ്ടാകും എന്നത് അനുസരിച്ചിരിക്കും വിജയ സാധ്യതകൾ.ഒരിക്കൽ എങ്കിലും ദുരൂഹതയുടെ പിന്നിലെ രഹസ്യം പുറത്തു വരുമ്പോൾ അതു Perfect Crime അല്ലാതെ ആയി മാറുന്നു എന്നതാണ് സത്യം.ഒരാൾക്ക് മറ്റൊരാളെ പരിചയമില്ല.അയാളെ കൊന്നാൽ,ഒരു പക്ഷെ ആ സീനിൽ പോലും പൊലീസിന് മുന്നിൽ വരുന്നില്ലെങ്കിൽ അയാളുടെ നേരെ സംശയം പോകില്ല എന്നതാണ് വാസ്തവം!

   ഇവിടെ അസിസ്റ്റന്റ് Pathologist ആയ റ്റിബോർ മൽക്കോവ് ആണ് ജീവിതത്തിലെ പുതിയ സമസ്യയുടെ മുന്നിൽ പെട്ടു നിൽക്കുന്നത്.സാമൂഹിക ജീവിതം ഇല്ലാത്ത ഒരു മനുഷ്യൻ.അയാളുടെ ജീവിതത്തിലേക്ക് കുറെയേറെ കഥാപാത്രങ്ങൾ കടന്നു വരുകയാണ്.പലരെയും അയാൾ അന്വേഷിച്ചു പോകുന്നു എന്ന് പറയുന്നതാകും ശരി.അയാൾക്ക്‌ അറിയാനായി കുറെ കാര്യങ്ങൾ ഉണ്ടായിരുന്നു.അതിനായി അയാൾ ഒരു കുറ്റാന്വേഷകൻ(????) ആയി മാറുന്നു!!

   ഹംഗേറിയൻ ക്രൈം ചിത്രങ്ങളിലെ മികച്ച ഒന്നായി നിരൂപകർ കരുതുന്നു ഈ ചിത്രം.താല്പര്യം ഉള്ളവർ കാണുക.

More movie suggestions @www.movieholicviews.blogspot.ca

 ചിത്രത്തിന്റെ ടെലിഗ്രാം ലിങ്ക് t.me/mhviews

1995. Drop ( English, 2025)