Wednesday, 26 September 2018

944.Derailed(Korean,2016)


944.Derailed(Korean,2016)
       Action,Crime.

   
       ആ മൂന്നു ആളുകളും പരസ്പ്പരം കണ്ടു മുട്ടണം എന്നതായിരുന്നു വിധി.സിനിമയുടെ കാല്‍പനികത മാറ്റി വച്ചാല്‍ നമ്മളില്‍ പലര്‍ക്കും കണ്ടെത്താന്‍ കഴിയും ഇത്തരം കഥാപാത്രങ്ങളെ ചുറ്റും.ദൈനംദിന ജീവിതത്തില്‍ അല്ലെങ്കില്‍ പോലും പത്ര വാര്‍ത്തകളില്‍ ഒളിഞ്ഞിരിക്കുന്ന കഥാപാത്രങ്ങളില്‍ കൂടി എങ്കിലും.ഇതൊരു കുട്ടവാളിക്കും അയാളുടെ ഭാഷ്യം ഉണ്ടായിരിക്കും.അയാളുടെ ചെയ്തികളെ ഭൂരിഭാഗവും ന്യായീകരിക്കുന്ന കാരണങ്ങള്‍.അങ്ങനെ ആയിരുന്നു ഈ മൂന്നു പേര്‍ക്കും.അവര്‍ക്കും ഉണ്ടായിരുന്നു അവരുടെതായ കഥ.അവരുടെ ജീവിതം കാണുമ്പോള്‍ കഥാപാത്രങ്ങളുടെ നന്മയും എല്ലാം ചോദ്യങ്ങള്‍ മാത്രം ആകും.

  ഹ്യുംഗ്-സുക്,ജിന്‍ ഇല്‍.സുംഗ് ഹോ എന്നിവരാണിവര്‍.ഇവരില്‍ രണ്ടു പേര്‍ക്ക് അവരുടെ സ്വന്തമായതിനെ കാത്ത് സൂക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരാള്‍ തട്ടിയെടുക്കാന്‍ ആണ് ശ്രമിക്കുന്നത്.അങ്ങനെ അത് തന്‍റെ പ്രിയപ്പെട്ടതാക്കാന്‍ അയാള്‍ ശ്രമിക്കുമ്പോള്‍ സംഭവങ്ങള്‍ എല്ലാം മാറി പോവുകയാണ്.ജീവിതത്തിലെ ദാരിദ്ര്യം ആണ് ഒരു കൂട്ടരേ ആ അവസ്ഥയില്‍ എത്തിച്ചത്.അവര്‍ അതിനായി തിരഞ്ഞെടുത്ത വഴി തെറ്റിയത് കൊണ്ടാകാം പരസ്പ്പരം ബന്ധിപ്പിക്കുന്ന ഈ സംഭവങ്ങളുടെ തുടക്കം അത്തരം ചില സംഭവങ്ങളിലൂടെ ആയിരുന്നു ഈ കഥയുടെ മുന്നോട്ടുള്ള പ്രയാണവും.

   മനുഷ്യന്റെ അതിജീവനത്തിന്റെ കഥയാണ് Derailed.വഴി തെറ്റിയ ജീവിതങ്ങള്‍.അവരെ നേര്‍വഴിക്കു കൊണ്ട് വന്നു പുണ്യവാന്മാര്‍ ഒന്നും ആക്കുന്നില്ല എങ്ങും.സിനിമയില്‍ കാണുന്നതിനും അപ്പുറം അത്തരത്തില്‍ ഉള്ള ഒരു വലിയ ശതമാനം ആളുകളും അവര്‍ക്ക് നിയോഗിച്ചിരിക്കുന്ന ജീവിതങ്ങള്‍ ജീവിച്ചു തീര്‍ക്കാന്‍ മാത്രേ ശ്രമിക്കാറും ഉള്ളൂ.വളരെ സത്യസന്ധമായ കഥാപാത്രങ്ങള്‍,കഥയും അങ്ങനെ തന്നെ.സസ്പന്‍സ് /മിസ്റ്ററി ഘടകങ്ങള്‍ ഒന്നും ഉണ്ടാകില്ല.പക്ഷെ തെരുവില്‍ നിന്നുമുള്ള ചെറിയ തെറ്റുകള്‍ക്ക് പിന്നിലൂടെ പോകുന്നവരും,അല്‍പ്പം മാറ്റത്തോടെ ആണെങ്കിലും ആ ജീവിതത്തെ പിന്തുടരുന്നവരും ഓക്കെ ആയി നോക്കുമ്പോള്‍ 'Deranged' പ്രേക്ഷകന് നല്ല ഒരു അനുഭവമാണ്.പ്രത്യേകിച്ചും ക്ലൈമാക്സ്!!അതില്‍ ദയ ആണോ അതോ ജീവന്‍ എടുക്കാന്‍ ഉള്ള ത്വര ആയിരുന്നോ കഥാപാത്രങ്ങളില്‍ എന്ന് സംശയിക്കാം.

കാണാന്‍ ശ്രമിക്കുക.

സിനിമയുടെ telegram ലിങ്ക് www.movieholicviews.blogspot ല്‍ ലഭ്യമാണ്..

Telegram link: t.me/mhviews

943.6ixty Nin9(Thai,1999)


943.6ixty Nin9(Thai,1999)
       Mystery,Thriller


    മൃതദേഹങ്ങള്‍ മാത്രമായി മാറി ആ മുറിയില്‍.ജീവനോടെ അകത്തു കയറിയ ഭൂരി ഭാഗം മനുഷ്യരും ശവ ശരീരങ്ങള്‍ മാത്രം ആകുന്ന അവസ്ഥ.കാരണം എന്താണ്?വല്ല പ്രേതബാധയും ആണോ?അതോ മറ്റെന്തെങ്കിലും?സാധാരണ ഗതിയില്‍ ഇതൊക്കെ ആണ് സംഭവിക്കേണ്ടത്‌.എന്നാല്‍ പ്രേക്ഷകനെ രസിപ്പിക്കുന്ന ഒരു നല്ല കഥയുണ്ട്. ആ കഥ ചുരുക്കി പറയാം. ഉണ്ടായിരുന്ന ജോലി നഷ്ടമായി ഇരിക്കുന്ന ഒരാള്‍.ജീവിക്കാന്‍ ഇനി വേറെ ഒരു മാര്‍ഗവും ഇല്ല 'തും'  എന്ന യുവതിയുടെ മുന്നില്‍.അവള്‍ ആത്മഹത്യ ചെയ്യുന്നതായി വരെ സ്വപ്നം കാണുന്നു.എന്നാല്‍ അല്‍പ്പ സമയത്തിന് ശേഷം 'തും' തന്‍റെ കൂട്ടുകാരിയെ ഫോണില്‍ വിളിച്ചു ചോദിച്ച ചോദ്യം ഇതായിരുന്നു."ഒരു പെട്ടി നിറയെ പണം നിന്റെ വാതിലിനു മുന്നില്‍ കണ്ടാല്‍ നീ എന്ത് ചെയ്യും"?


     പ്രേക്ഷകനും തോന്നും 'ശരിയാണ്,ഒരു പെട്ടി നിറയെ പണം കിട്ടിയാല്‍ എന്ത് ചെയ്യാം' എന്ന്.പക്ഷെ ഒന്ന് കാത്തിരിക്കണം.കാരണം ആ പണത്തിനു പിന്നാലെ ധാരാളം ആളുകള്‍ ഉണ്ട്.അറിഞ്ഞും അറിയാതെയും വരുന്നവര്‍.അവരില്‍ ഭൂരിഭാഗത്തിന്റെയും വിധി സമാനമായിരുന്നു.അധോലോകവും ,സാധാരണക്കാരനും എന്തിനു പോലീസ് വരെ ഇതില്‍ ഉള്‍പ്പെടുന്നു.തുമ്മിന്റെ ഒരു ദിവസത്തെ ജീവിതം ആണ് '6ixty Nin9" എന്ന തായ്‌ ചിത്രത്തിന്റെ കഥ.എന്ത് കൊണ്ടാണ് ഈ രീതിയില്‍ ചിത്രത്തിന്റെ പേര് എന്നല്ലേ?അത് ഒരു വലിയ രഹസ്യമാണ്.രസകരവുമാണ്‌.


   തായ് സിനിമയിലെ 'Pulp Fiction' എന്നായിരുന്നു ഈ ചിത്രത്തെ നിരൂപകര്‍ വാഴ്ത്തിയത്.മികച്ച സിനിമകളില്‍ ഒന്ന് എന്ന് തന്നെ പറയേണ്ടി വരും.ഒരു നിമിഷം പോലും പ്രേക്ഷകനെ മടുപ്പിക്കാത്ത,ചടുലമായ കഥ.അതിനോടൊപ്പം അടുത്ത നിമിഷം എന്താണ് സംഭവിക്കുന്നത്‌ എന്നാ ആകാംക്ഷ.ഒരു മികച്ച ചിത്രം വേറെ എന്താണ് പ്രേക്ഷകന് നല്‍കാനുള്ളത്?ധാരാളം കഥാപാത്രങ്ങള്‍ വരുന്ന ഈ ചിത്രത്തില്‍ ഓരോരുത്തര്‍ക്കും ഓരോ കഥയും ഉണ്ട്.എന്നാല്‍ എല്ലാവരുടെയും ലക്‌ഷ്യം ഒന്നാണ്.മനസ്സിനെ മാറ്റുന്ന ആ വസ്തുവിന് മരണത്തിനെ വിളിച്ചു വരുത്താനും കഴിവുണ്ട്.

മികച്ച തായ് ചിത്രങ്ങളില്‍ ഒന്നാണ് 6ixty Nin9.ചിത്രം telegram ല്‍ ലഭ്യമാണ്.
ചാനല്‍ ലിങ്ക് ബ്ലോഗില്‍ ലഭ്യമാണ്
www.movieholicviews.blogspot.ca


Telegram link:- t.me/mhviews

942.Deranged(Korean,2012)



942.Deranged(Korean,2012)
       Thriller


        രാവിലെ നടക്കാനിറങ്ങിയപ്പോള്‍ ആണ് അയാള്‍ പുഴയിലെ വെള്ളത്തില്‍ സംശയാസ്പദമായ രീതിയില്‍ എന്തോ ഒരു വസ്തു കണ്ടത്.അതെന്താണെന്ന് നോക്കാനുള്ള ശ്രമത്തില്‍ അയാള്‍ വെള്ളത്തില്‍ വീഴുകയും ചെയ്തു.എന്നാല്‍ അത് എന്താണെന്ന് നോക്കിയപ്പോള്‍ അയാള്‍ ഭയപ്പെട്ടു.കാരണം അതൊരു മൃതദേഹം ആയിരുന്നു.ഭീകരമായ രൂപത്തില്‍ കാണപ്പെട്ട മൃതദേഹം.പോലീസ് അന്വേഷണം ആരംഭിച്ചു.എന്നാല്‍ വീണ്ടും വീണ്ടും മൃതദേഹങ്ങള്‍ കാണപ്പെട്ടു തുടങ്ങി.മനുഷ്യനാല്‍ സാധ്യമായ രീതിയില്‍ നടന്ന കൊലപാതകങ്ങള്‍ ആയിരുന്നില്ല.പകരം എന്താണ് അത്?


   രാജ്യമെമ്പാടും പടര്‍ന്ന ഒരു പ്രത്യേക തരാം ദുരൂഹമായ അവസ്ഥയുടെ കഥയാണ് Deranged അവതരിപ്പിക്കുന്നത്‌.മനുഷ്യനെ ബാധിക്കുന്ന/ബാധിക്കാവുന്ന ഏതു മാരക അവസ്ഥയ്ക്കും പിന്നില്‍ കണ്ടെത്തുന്ന മികച്ച ഭാവനകളുടെ മിശ്രിതം ആണ് Deranged.ഇത്തരത്തില്‍ ഉള്ള ചിത്രങ്ങളില്‍ മികച്ചതെന്നു പറയാവുന്ന ഒന്ന്.മുഖ്യ കാരണം ,കൊറിയന്‍ സിനിമകളില്‍ ഇത്തരം വിഷയങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ഉള്ള കൂടുതല്‍ വൈകാരികമായ പശ്ചാത്തലം.സമാന സിനിമകളുടെ റീമേക്കുകളില്‍ പോലും പലപ്പോഴും അന്യമാകുന്ന ഒന്നാണിത്.അത്തരത്തില്‍ ഉള്ള സമീപനം ചിത്രത്തിന് കൊണ്ട് വരുന്ന ദുരൂഹതയും ഭയവും ഏറെയാണ്‌.

  ഇവിടെ ജീവിക്കാനായി പൊരുതുന്ന തന്‍റെ ഭാര്യയെയും മകളെയും രക്ഷിക്കാന്‍ ശ്രമിക്കുന്ന ജേ-ഹ്യൂക്കിന്റെ കഥ ആണെങ്കിലും ഒരു വലിയ വിഭാഗം ജനങ്ങളെ ബാധിക്കുന്ന ഒരു അവസ്ഥയുടെ സ്വാര്‍ത്ഥതയും ദയയും എല്ലാം സിനിമയുടെ ഒഴുക്കിനെ നന്നായി സ്വധീനിക്കുന്നും ഉണ്ട്.പ്രത്യേകിച്ച് താന്‍ അന്വേഷിച്ചു ഇറങ്ങിയ സാധനം കയ്യില്‍ കിട്ടുമ്പോള്‍ ജേ-ഹ്യൂക്ക് ചെയ്യുന്നതും അതിന്റെ അനന്തര ഫലങ്ങളും എല്ലാം.അതിനൊപ്പം മനുഷ്യനിലെ ഏറ്റവും ഭയങ്കരമായ വിഷം.മറ്റുള്ളവന്റെ ജീവന് വില കല്‍പ്പിക്കാതെ ലാഭ കണക്കുകള്‍ക്ക്‌ പുറകെ ഓടുന്ന ജീവിതങ്ങള്‍.

കേട്ട് പഴകിയ കഥ ആണെങ്കില്‍ കൂടിയും മികച്ച ട്രീട്ട്മെന്റ്റ് ആണ് ഈ കൊറിയന്‍ Survival Thriller അവതരിപ്പിക്കുന്നത്‌.Deranged മികച്ച ഒരു സിനിമ പരിശ്രമം ആണ്.ക്ലീഷേ ആയ വിഷയത്തിനു ആഴമേറിയ അവതരണ ശൈലി നല്‍കിയ ഒന്ന്.കൊറിയന്‍ സിനിമകളിലെ മികച്ച വിജയങ്ങളില്‍ ഒന്നായിരുന്നു Deranged നേടിയതും.

Wednesday, 19 September 2018

941.Reasonable Doubt(English,2014)


941.Reasonable Doubt(English,2014)
      Crime,Mystery

        അടുത്തായി ജയിച്ച കേസിന്‍റെ വിജയാഘോഷങ്ങള്‍ മദ്യത്തിലേക്ക് നയിച്ചപ്പോള്‍,ഒരു ടാക്സി വിളിച്ചു പോകാമായിരുന്നിട്ടും ചിക്കാഗോയിലെ യുവ അറ്റോര്‍ണി ആയ മിച്ച് സ്വന്തം കാറില്‍ ഡ്രൈവ് ചെയ്തു പോകാന്‍ തന്നെ തീരുമാനിച്ചു.എന്നാല്‍ പോകുന്ന വഴി ഒരാളെ വണ്ടി ഇടിക്കുകയും മിച്ച് പരിഭ്രാന്തന്‍ ആവുകയും ചെയ്യുന്നു.അതിനു വലിയൊരു കാരണം ഉണ്ടായിരുന്നു.തന്‍റെ ഭാവി പോലും മദ്യപിച്ചു വണ്ടിയോടിച്ചു അപകടം ഉണ്ടാക്കി എന്ന കാരണം കൊണ്ട് അയാള്‍ക്ക്‌ നഷ്ടമായേക്കാം.അത് കൊണ്ട് തന്നെ അടുത്തുള്ള ഫോണ്‍ ബൂത്തില്‍ നിന്നും ഒരു ആംബുലന്‍സ് വിളിച്ചതിന് ശേഷം അയാള്‍ അവിടെ നിന്നും രക്ഷപ്പെടുന്നു.

   എന്നാല്‍ പിറ്റേ ദിവസം ആ അപകടത്തിലേക്ക് ഉള്ള  സൂചനകള്‍ പതിയെ കൊണ്ടെത്തിക്കുന്നത് മറ്റൊരു പ്രതിയിലേക്ക് ആയിരുന്നു.മിച്ചിന് കുറ്റബോധം തോന്നുന്നു.തന്‍റെ ചെയ്തികള്‍ക്ക് മറ്റൊരാള്‍ ശിക്ഷ അനുഭവിക്കാന്‍ പോകുന്നു.മിച്ചിന്റെ മനസാക്ഷി അതിനു അനുവദിക്കുന്നില്ല.അയാള്‍ വേറെ രീതിയില്‍ ആ കേസ് കൈകാര്യം ചെയ്യാന്‍ നോക്കുന്നു.എന്നാല്‍ മിച് എടുത്ത തീരുമാനം ശരിയായിരുന്നോ?കാരണം .സമാന സ്വഭാവമുള്ള കൊലപാതകങ്ങള്‍ വീണ്ടും അരങ്ങേറുന്നു.ഒരു പരമ്പര കൊലയാളിയുടെ സാന്നിദ്ധ്യം പോലീസ് സംശയിക്കുന്നു.

   നല്ല ഒരു പ്രമേയം കയ്യില്‍ ഉണ്ടായിരുന്നിട്ടും അതിനു ആവശ്യമായ രീതിയില്‍ അവതരിപ്പിക്കാന്‍ സാധിച്ചിരുന്നില്ല എന്ന് തോന്നി.നിലവാര തകര്‍ച്ച അല്ലായിരുന്നു ചിത്രത്തിന്റെ പ്രശ്നം.പക്ഷെ ഗ്രിപ്പിംഗ് ആയ ഒരു മൂഡ്‌ നിലനിര്‍ത്താന്‍ സാധിച്ചിരുന്നോ എന്ന കാര്യത്തില്‍ സംശയമുണ്ട്‌.ചിത്രം കൂടുതല്‍ predictable ആയതു പോലെ തോന്നി.മികച്ച ഒരു സിനിമ ആയി മാറുന്നതില്‍ അതാണ്‌ തടസ്സം നിന്നത്.എന്നാല്‍ക്കൂടിയും ഒരു ശരാശരി ത്രില്ലര്‍ എന്ന നിലയില്‍ ചിത്രം സംതൃപ്തി നല്‍കി.

  

940.Parmanu:The Story of Pokhran.(Hindi,2018)


940.Parmanu:The Story of Pokhran.(Hindi,2018)
       Drama,History

          ലോക രാജ്യങ്ങള്‍ തമ്മില്‍ ഉള്ള വിശ്വാസം പരസ്പ്പരം കുറയുകയും,സ്വന്തം അയല്‍ രാജ്യങ്ങളെ പോലും സംശയത്തോടെ കാണേണ്ടി വരുന്ന അവസരങ്ങളില്‍ ഓരോ രാജ്യവും അവരുടെ അതിരുകള്‍ കാത്തു സൂക്ഷിക്കാന്‍ ഉള്ള ബാധ്യത കൂടുന്നു.ആ ഒരു പ്രക്രിയയുടെ ഫലമാണ്, കൂടി വരുന്ന ആയുധ കച്ചവടം.പല രാജ്യങ്ങളുടെയും വാര്‍ഷിക ബഡ്ജറ്റില്‍ വലിയൊരു പങ്കും ആയുധങ്ങള്‍ക്കും മറ്റുമായി ചിലവഴിക്കുന്നും ഉണ്ട്.അങ്ങനെ ഉള്ള ലോകത്തില്‍ ഓരോ രാജ്യവും മറ്റുള്ള രാജ്യങ്ങളെ ഭയപ്പെടുത്താനും സ്വയം സുരക്ഷയെ കരുതിയും ആണവ പരീക്ഷണങ്ങള്‍ നടത്താറുണ്ട്‌.ആയുധം മാത്രം അല്ലാതെ മറ്റുള്ള  ആവശ്യങ്ങള്‍ക്കും ആണവ ശക്തി ഉപയോഗിക്കാം എന്നതും വേറെ കാര്യം.


  ഇന്ത്യ ഇന്ന് ആണവായുധം സ്വന്തമായി ഉള്ള രാജ്യമാണ്.എന്നാല്‍ തൊണ്ണൂറുകളുടെ അവസാനം ഇന്ത്യ 1974 ല്‍ നടത്തിയ Pokhran 1നും അപ്പുറം കാര്യമായ ശ്രദ്ധ ആ മേഖലയില്‍ നടത്തിയിരുന്നില്ല എന്ന് വേണം അനുമാനിക്കാന്‍.അയല്‍ രാജ്യമായ ചൈന ആ മേഖലയില്‍ ബഹു ദൂരം മുന്നേറിയപ്പോള്‍ ഒരു ശ്രമം  1995 ല്‍ രാഷ്ട്രീയ ഇടപ്പെടലുകള്‍ മൂലം തുടക്കത്തില്‍ തന്നെ ആ ശ്രമം ഉപേക്ഷിക്കേണ്ടി വന്നൂ.സമാധാന ആവശ്യങ്ങള്‍ക്ക് വേണ്ടി നടത്തിയ 'Smiling Buddha' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ആദ്യ പരീക്ഷണം മാത്രമായി ഒതുങ്ങി പാതി വഴിയില്‍  ഉപേക്ഷിക്കേണ്ടി വന്നൂ.പിന്നീട് വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് നടത്തിയ പൊഖ്റാന്‍ ആണവ പരീക്ഷണത്തിന്റെ കഥയുടെ ഫിക്ഷണല്‍ രൂപമാണ് 'Parmanu:The Story of Pokhran'


   അശ്വത് എന്ന IAS ഉദ്യോഗസ്ഥന്‍ സര്‍ക്കാരിന്റെ മുന്നില്‍ അവതരിപ്പിച്ചു ആദ്യം പരാജയപ്പെട്ട ആണവ പദ്ധതി പിന്നീടു വിജയകരമായി നടത്താന്‍ പരിശ്രമിക്കുന്നതാണ് ചിത്രം.യഥാര്‍ത്ഥ സംഭവങ്ങളുടെ സിനിമാറ്റിക് ആവിഷ്ക്കാരം ആയതിനാല്‍ കഥയില്‍ അത്തരത്തില്‍ ഉള്ള നാടകീയ സന്ദര്‍ഭങ്ങള്‍ ആവോളമുണ്ട്.ദേശ സ്നേഹം ഒക്കെ  പ്രമേയം ആയി വരുന്ന ചിത്രത്തില്‍ ഇടയ്ക്ക് നല്ല ത്രില്ലര്‍ ചിത്രം ആയി മാറുന്ന ധാരാളം അവസരങ്ങളും ഉണ്ട്.ചുരുക്കത്തില്‍ നല്ല ഒരു സിനിമ ആയാണ് അനുഭവപ്പെട്ടത്.അവസാന രംഗങ്ങള്‍ ഒക്കെ ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ അഭിമാനം ഉളവാക്കുന്ന രീതിയില്‍ തന്നെ അവതരിപ്പിച്ചിരിക്കുന്നു.ക്ലൈമാക്സില്‍ ഈ സംഭവങ്ങളുടെ പിന്നിലെ യഥാര്‍ത്ഥ മഹത് വ്യക്തികളെ കാനിക്കുന്നും ഉണ്ട്.

  Propoganda ചിത്രം എന്ന നിലയില്‍ 'Parmanu:The Story of Pokhran' നെ വിശകലനം ചെയ്തതായി കണ്ടിരുന്നു.ആ രീതിയില്‍ അമിതമായി ഒന്നും തോന്നിയിരുന്നില്ല.ഒരു സിനിമയെ സിനിമ മാത്രമായി കാണാനുള്ള മനസ്സ് ഉള്ളത് കൊണ്ട് പ്രത്യേകിച്ചും!!

939.VISHWAROOPAM 2(TAMIL,2018)



939.VISHWAROOPAM 2(TAMIL,2018)
       Action

      വിശ്വരൂപം ആദ്യ ഭാഗം ഏറ്റവും അധികം ശ്രദ്ധേയമായത് അതുയര്‍ത്തിയ വിവാദങ്ങള്‍ കാരണമായിരുന്നു.ആവിഷ്ക്കാര സ്വാതന്ത്ര്യവും മത വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന കാര്യങ്ങളും എന്ന നിലയില്‍ ഉള്ള ഒരു സംഘര്‍ഷം ആണ് അന്ന് ഉണ്ടായിരുന്നത്.ഒരു പ്രേക്ഷകന എന്ന നിലയില്‍ അതിനൊന്നും ശ്രദ്ധ കൊടുക്കാതെ കണ്ടത് കൊണ്ട് ആയിരിക്കണം ആദ്യ ഭാഗം നന്നായി ഇഷ്ടപ്പെട്ടൂ.ആദ്യ ഭാഗത്തിലെ പ്രാര്‍ഥിക്കാന്‍ സമയം വേണം എന്ന് പറഞ്ഞു കരയുന്ന പാവത്താനായ കഥാപാത്രം ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്ന രീതിയല്‍ ഉണ്ടായ transformation ഗംഭീരം ആയിരുന്നു.അത് പോലെ ചിത്രത്തിലെ സംഘട്ടന്‍ രംഗങ്ങള്‍,പശ്ചാത്തല സംഗീതം എല്ലാം കൂടി നല്ലൊരു ഇന്ത്യന്‍-സ്പൈ ചിത്രം ആയിരുന്നു വിശ്വരൂപം ഒന്നാം ഭാഗം.

  രണ്ടാം ഭാഗം ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം റിലീസ് ആകുമ്പോള്‍ അന്നത്തെ പ്രതീക്ഷയ്ക്ക് ഒത്തു ഉയര്‍ന്നോ എന്ന് ചോദിച്ചാല്‍ വിഷമത്തോടെ ഇല്ല എന്ന് പറയേണ്ടി വരും എന്റെ ഉള്ളിലെ വിശ്വരൂപം ആരാധകന്.പ്രകടമായ വ്യത്യാസം ജിബ്രാന്‍ നല്‍കിയ സംഗീതം ആയിരുന്നു.പ്രതിഭ ഉള്ള കലാകാരന്‍ ആയിരുന്നെങ്കിലും പശ്ചാത്തല സംഗീതം വളരെ നിരാശ ആയിരുന്നു ,ആദ്യ ഭാഗത്തെ വച്ച് താരതമ്യപ്പെടുത്തിയാല്‍.ശങ്കര്‍-എഹ്സാന്‍-ലോയ് കൂട്ടുക്കെട്ടിന്റെ ആദ്യ ഭാഗത്തെ അപേക്ഷിച്ച് ആ ഒരു  ത്രില്ലര്‍ ഫീല്‍ കിട്ടിയില്ല എന്ന് തോന്നി.കമലഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രോമോ ആയി തുടങ്ങിയ ചിത്രം ഇത്തവണ ഫ്ലാഷ് ബാക്കില്‍ തന്നെ ആണ് ജീവിക്കുന്നത്.ആദ്യ ഭാഗം അവസാനിച്ചിടത്ത് നിന്നും തുടങ്ങുന്ന രണ്ടാം ഭാഗം അത് കൊണ്ട് തന്നെ പലപ്പോഴും ഫ്ലാഷ് ബാക്കില്‍ ആണ് അവതരിപ്പിക്കപ്പെട്ടത്.

   ഇത്തവണ ആക്ഷന്‍ രംഗങ്ങളില്‍ വന്ന ഗണ്യമായ കുറവിനോടൊപ്പം സെന്റി സീനുകള്‍ എല്ലാം ഉള്‍പ്പെടുത്തിയതോടെ സാധാരണ ഒരു ചിത്രം മാത്രമായി തോന്നി വിശ്വരൂപം 2.ഇതൊന്നും അല്ലാതെ ആ സ്പൈ- ത്രില്ലര്‍ എന്ന് വിളിക്കാവുന്ന ഭാഗത്തില്‍ .ഇടയ്ക്കൊക്കെ സിനിമയുടെ ദൈര്‍ഘ്യം കൂടുതലായത് പോലെ തോന്നി.പ്രത്യേകിച്ച് ഓര്‍ത്തു വയ്ക്കാന്‍ ഉള്ള ഒന്നും ചിത്രം നല്‍കിയില്ല എന്ന് നിരാശയോടെ തന്നെ പറയേണ്ടി വരും.എന്നാല്‍ തീരെ മോശം പടം അല്ലതാനും.ഒരു ശരാശരി സിനിമാനുഭവം മാത്രം ആയാണ് ചിത്രം തോന്നിയത്.ഒരു പക്ഷേ റിലീസ് ചെയ്യണം എന്നുള്ളത് കൊണ്ട് മാത്രമായിരിക്കും കമല്‍ ഈ ചിത്രത്തിന് തയ്യാറായത് തന്നെ തോന്നുന്നു.ഒരു പ്രാവശ്യം കണ്ടു മറക്കാന്‍ കഴിയുന്ന ശരാശരി ചിത്രമാണ് വിശ്വരൂപം എന്ന് തോന്നി.
   

938.TAG(ENGLISH,2018)

938.TAG(ENGLISH,2018)
       Comedy,Adventure.

        ഒരു പക്ഷെ 'Blue Whale" കളിയെ ഒക്കെ കിണറ്റില്‍ ഇടാന്‍ പറഞ്ഞു ഒരു കളി വന്നാലോ?(അപകടകരമായ ഒരു കളി സാധാരണക്കാരും കളിക്കുന്നു എന്ന അര്‍ത്ഥത്തില്‍ ആണ് 'Blue Whale' പരാമര്‍ശം ഉപയോഗിച്ചത്).ഒരു സിനിമയുടെ കഥ ആണെന്ന് പറഞ്ഞു എഴുതി തല്ലാന്‍ വരട്ടെ.യഥാര്‍ത്ഥ സംഭവങ്ങളെ ആധികാരമാക്കി അവതരിപ്പിച്ച ചിത്രം ആണ് 'Tag'.കളി ഇനി എന്താണെന്ന് ചോദിച്ചാല്‍ പറയും "തൊട്ടേ-പിടിച്ചേ" കളി ആണെന്ന്.പെട്ടെന്ന് ഒരു വരിയില്‍ കേള്‍ക്കുമ്പോള്‍ ഈ കളിക്ക് എന്താണ് ഇത്ര പ്രത്യേകത എന്ന് തോന്നും?ഭൂരിഭാഗം മനുഷ്യരും ജീവിതത്തില്‍ കൊച്ചു നാളില്‍ എങ്കിലും ഈ കളിചിട്ടുണ്ടാകും.ലോകമെമ്പാടും പ്രചാരം ഉള്ള ഒരു സാധാരണ കളി എന്ന് പറയാനും മാത്രം സാധാരണമായ ഒരു കളി.

    എന്നാല്‍ ഈ കളി ഒരു കൂട്ടം ആളുകള്‍ക്ക് വെറുതെ ഒരു കളി അല്ലായിരുന്നു.വര്‍ഷങ്ങളായി 5 സുഹൃത്തുക്കള്‍ കളിച്ചു പോന്നിരുന്ന ഒരു കളി.ചെറുപ്പത്തില്‍,മുതിര്‍ന്നാലും ഈ കളിയുമായി മുന്നോട്ടു പോകും എന്ന് തീരുമാനിച്ച അവര്‍ എന്നാല്‍ കുറച്ചു കാലമായി ഈ കളിയില്‍ 4 പേര്‍ തോറ്റ പോലെയാണ്.കാരണം,ഈ കൂട്ടത്തിലെ അഞ്ചാമന്‍ ജെറി ആണ്.ജെറിയെ കണ്ടെത്തി ടാഗ് ചെയ്യാന്‍ വര്‍ഷങ്ങളായി മറ്റു നാല് പേര്‍ക്കും കഴിഞ്ഞിട്ടില്ല.അപ്പോഴാണ്‌ അവരുടെ കൂട്ടത്തിലെ ഹോഗി വരുന്നത്.ഹോഗി അവരെ ഒരു രഹസ്യം അറിയിക്കുന്നു.ജെറിയുടെ കല്യാണം ആണ് ഈ വരുന്ന ദിവസങ്ങളില്‍.അതിനു ശേഷം ജെറി,ഈ കളിയില്‍ നിന്നും വിരമിക്കാന്‍ ആണ് പദ്ധതി.അങ്ങനെ വിരമിച്ചാല്‍ ജെറി അജയനായി മാറും.അത് കൊണ്ട് ഇതു വിധേയനെയും ഈ വര്ഷം ജെറിയെ ടാഗ് ചെയ്യണം.

  ഹോഗി മറ്റു സുഹൃത്തുക്കളായ ചില്ലി,ബോബ്,കെവിന്‍ എന്നിവരെ പല സ്ഥലങ്ങളില്‍ നിന്നാന്യി കൂട്ടി  ജെറിയുടെ കല്യാണം നടക്കുന്ന അവരുടെ പഴയ ചെറു പട്ടണത്തിലേക്ക് തിരിച്ചു.എന്നാല്‍ ജെറി അവരുടെ പ്രതീക്ഷകള്‍ അനുസരിച്ച് കീഴ്പ്പെടുത്താന്‍ കഴിയുന്ന ആളായിരുന്നോ?സിനിമയുടെ കാതലായ ഭാഗം ആ വിഷയത്തിലൂന്നി ആണ്.'Fun-Filled' എന്ന് പറയാം.ഇതിന്റെ കൂടെ മറ്റൊന്ന് കൂടി ഉണ്ട്.സൌഹൃദങ്ങളുടെ വില.അത് നന്നായി അവതരിപ്പിച്ചിട്ടുണ്ട് ചിത്രത്തില്‍.അവരുടെ കഥ റിപ്പോര്‍ട്ട് ചെയ്യാനായി ആകസ്മികമായി വന്നു ചേര്‍ന്ന ഒരു 'Wall Street Journal' റിപ്പോര്‍ട്ടറും ഉണ്ട് കൂട്ടത്തില്‍.ഇനി രണ്ടാമതൊരു മുഖം കൂടി ഉണ്ട് ചിത്രത്തിന്.അത് അല്‍പ്പം സസ്പന്‍സ് ആണ്.സിനിമയുടെ വഴി മൊത്തത്തില്‍ മാറ്റുന്ന ഒരു വശം.

   'Wall Street Journal' ല്‍ പ്രസിദ്ധീകരിച്ച സമാനമായ ഒരു യഥാര്‍ത്ഥ സംഭവത്തിന്‍റെ സിനിമാവിഷ്ക്കാരം ആണ് ടാഗ്.സൌഹൃദങ്ങള്‍ക്ക് മറ്റൊരു മുഖം നല്‍കിയ ചിത്രം നല്ലൊരു Entertainer ആണ്.അതിലുപരി നല്ലൊരു ഫീല്‍ ഗുഡ് തമാശ ചിത്രവും ആണ്.ഈ 5 സുഹൃത്തുക്കളും പ്രേക്ഷകനെ ചിരിപ്പിക്കും.കുറച്ചൊക്കെ നൊസ്റ്റു അടിപ്പിക്കും.കാരണം ബാല്യത്തിലെ നിഷ്കളങ്കതയില്‍ നിന്നും മുതിര്‍ന്നപ്പോള്‍ നഷ്ടമായ പലതിന്റെയും മറ്റൊരു തരത്തില്‍ ഉള്ള ആവിഷ്ക്കാരം ആണ് ചിത്രം.

കാണാന്‍ ശ്രമിക്കുക!!!


1995. Drop ( English, 2025)