Monday, 24 February 2014

101.MIRACLE IN CELL NO.7(KOREAN,2013)

101.MIRACLE IN CELL NO.7(KOREAN,2013),|Comedy|Drama|,Dir:-Hwan-kyung Lee,*ing:-Ryu Seung-RyongKal So-WonDal-su Oh

  കൊറിയന്‍ സിനിമകളുടെ പൊതുവായുള്ള സാമ്യം എന്ന് പറയാവുന്നത് വൈകാരികമായ രീതിയില്‍ കഥാപാത്രങ്ങളോട് കാണിക്കുന്ന അനുകമ്പയാണ്.അത് കഥയിലെ നായകനും വില്ലനും എല്ലാം ഒരേ പോലെ ലഭിക്കുന്നുണ്ട് പലപ്പോഴും.കഥാപാത്ര രൂപീകരണത്തില്‍ അത്തരമൊരു സാധ്യത അവര്‍ മിയ്ക്കവാറും എല്ലാ ചിത്രങ്ങളിലും കാത്തു സൂക്ഷിക്കുന്നു എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.ഏതു ജോണരില്‍ ഉള്‍പ്പെടുത്താവുന്ന സിനിമയിലും ഇത്തരം കഥാപാത്രങ്ങളെ കാണുവാന്‍ സാധിക്കും.ഒരു ഡ്രാമ-കോമഡി ജോണരില്‍ ഉള്‍പ്പെടുത്താവുന്ന "മിറാക്കിള്‍ ഇന്‍ സെല്‍ നമ്പര്‍.7 എന്ന ചിത്രത്തിലും ഇത്തരം ഒരു രീതി പിന്തുടര്‍ന്നതായി കാണാം.ഈ ചിത്രം മാനസികമായ വളര്‍ച്ചയില്‍ പിന്നോട്ട് നില്‍ക്കുന്ന ഒരു അച്ഛനും ,അമ്മയില്ലാത്ത മകളും തമ്മിലുള്ള ബന്ധം ആണ് അവതരിപ്പിക്കുന്നത്‌.ഈ സിനിമയുടെ തീമില്‍ തന്നെ വൈകാരികമായ ഘടകങ്ങള്‍ എല്ലാം ഉള്‍പ്പെടുത്താന്‍ ഉള്ള സാധ്യതയുണ്ട്.അത് ഉചിതമായ രീതിയില്‍ സിനിമയില്‍ ഉപയോഗിച്ചിട്ടുമുണ്ട്.

      ആറു വയസ്സിന്റെ ബുദ്ധിവളര്‍ച്ച ഉള്ള ലീ യംഗ് ഗൂ തന്‍റെ ആറു വയസ്സ് പ്രായമുള്ള മകള്‍ യെ-സുംഗുമായി സന്തോഷത്തോടെ ജീവിച്ചു വരുകയായിരുന്നു.ബുധിവലര്ച്ചയില്‍ പിന്നോട്ട് ആയിരുന്നെങ്കിലും കാര്യങ്ങള്‍ തന്റേതായ രീതിയില്‍ മനസ്സിലാക്കുവാന്‍ ഉള്ള കഴിവ് ലീ യോംഗിനു ഉണ്ടായിരുന്നു.ഒരു സൂപ്പര്‍ മാര്‍ക്കറ്റിലെ കാര്‍ പാര്‍ക്കിംഗ് ജീവനക്കാരനായിരുന്നു അയാള്‍.മകളുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കുവാന്‍ ആഗ്രഹമുള്ള ലീ യോംഗ് അവള്‍ ആവശ്യപ്പെട്ടത് പോലെ "സെയിലര്‍ മൂണ്‍" ബാഗ് വാങ്ങിക്കുവാനായി ശ്രമിക്കുന്നു.എന്നാല്‍ തന്റെ ശമ്പള ദിവസം ആകുമ്പോള്‍ വാങ്ങിക്കുവാന്‍ തയ്യാറെടുക്കുകയും ചെയ്യുന്നു.എല്ലാ ദിവസവും അവര്‍ ആ ബാഗ് വില്‍ക്കുന്ന കടയില്‍ പോയി അതിന്റെ ഭംഗി ആസ്വദിക്കുകയും ചെയ്യും.എന്നാല്‍ ഒരു ദിവസം ആ ബാഗ് പോലീസ് ചീഫിന്റെ മകള്‍ക്കായി ആ ബാഗ് വില്‍ക്കപ്പെടുന്നു.തങ്ങളുടെ ഇഷ്ട കഥാപാത്രത്തിന്റെ പേരില്‍ ഉള്ള ആ ബാഗ് നഷ്ടമായപ്പോള്‍ അവര്‍ അത് വാങ്ങിക്കരുത് എന്ന് പോലീസ് ചീഫിനോട് അഭ്യര്‍ത്ഥിക്കുന്നു.എന്നാല്‍ അയാള്‍ അവരെ വക വച്ചില്ല.മാത്രമല്ല ലീ യോംഗിനെ തല്ലുകയും ചെയ്യുന്നു.അടുത്ത ദിവസം പോലീസ് ചീഫിന്റെ മകള്‍ വഴിയില്‍ മരിച്ചു കിടക്കുന്നതായി കാണുന്നു.തൊട്ടടുത്തായി ലീ യോംഗും.ദൃക്സാക്ഷി മൊഴിയില്‍ നിന്നും അയാളെ പോലീസ് അറസ്റ്റ് ചെയ്തു.

  ബുദ്ധിവളര്‍ച്ച ഇല്ലാത്ത ലീ യോംഗിന്റെ കുറ്റ സമ്മതം ഒപ്പിട്ടു വാങ്ങുകയും ചെയ്യുന്നു.അങ്ങനെ ജയിലില്‍ അടയ്ക്കപ്പെട്ട ലീ യോംഗിനെ ആദ്യം അവിടെയുള്ളവര്‍ എല്ലാം ഒരു കൊച്ചു കുട്ടിയുടെ കൊലപാതകി ആണെന്നും പറഞ്ഞ് ദ്രോഹിക്കുന്നു.എന്നാല്‍ ലീ യോംഗ് അവരുടെയെല്ലാം പ്രതീക്ഷകള്‍ക്കും അപ്പുറം ആയിരുന്നു.ലീ യോംഗിനെ അടുത്തറിഞ്ഞ അവര്‍ അയാളുടെ എല്ലാമെല്ലാം ആയ മകളെ അയാളെ കാണിക്കുവാന്‍ വേണ്ടി ഉള്ള ശ്രമം തുടങ്ങി.ലീ യോംഗിനു മകളെ കാണുവാന്‍ സാധിച്ചോ?ലീ യോംഗ് ആണോ യഥാര്‍ത്ഥ കുറ്റവാളി?അല്ലെങ്കില്‍ ലീ-യോമ്ഗിനു നീതി ലഭിക്കുമോ?ഇതിനെല്ലാം ഉള്ള ഉത്തരം ഒരു വ്യത്യസ്തമായ രീതിയില്‍ കണ്ടെത്തുകയാണ് ഈ ചിത്രം.യെ-സുംഗിന്റെ കുട്ടിക്കാലം അവതരിപ്പിച്ച കുട്ടിയുടെ ഓമനത്വം നിറയുന്ന മുഖവും അഭിനയവും മികച്ചതായിരുന്നു.അത് പോലെ തന്നെ ചില കഥാപാത്രങ്ങള്‍ ഒക്കെ ചിരിപ്പിക്കുകയും അല്‍പ്പം നൊമ്പരം ഉണര്‍ത്തുകയും ചെയ്തു.സാധാരണമായ ഒരു കഥയെ ഒരു കൊച്ചു പെണ്‍ക്കുട്ടിയുടെ കാഴ്ചപ്പാടില്‍ അവതരിപ്പിച്ചിരിക്കുന്നു ഈ ചിത്രത്തില്‍.കഥ സഞ്ചരിക്കുന്നത് അവളുടെ വാക്കുകളില്‍ ആണ്.സത്യം തേടിയുള്ള യാത്രയും അങ്ങനെ തന്നെ.

  വളരെ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രമായിരുന്നു ഇത്.ഒരു നല്ല ഫീല്‍ ഗുഡ് മൂവി എന്ന് വിളിക്കാം ഈ ചിത്രത്തെ.ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 7.5/10!!

  More reviews @ www.movieholicviews.blogspot.com

Saturday, 15 February 2014

100.THE FOUNTAIN(ENGLISH,2006)

100.THE FOUNTAIN(ENGLISH,2006),|Fantasy|Sci-fi|,Dir:-Darren Aronofsky,*ing:-Hugh JackmanRachel Weisz
  
 പ്രേക്ഷകന്റെ ഭാവനയില്‍ വിരിയുന്ന ഒരു ചിത്രമാണ് "ദി ഫൗണ്ടന്‍".അതിനായുള്ള സന്ദര്‍ഭങ്ങള്‍ ഒരുക്കി കൊടുത്തിരിക്കുകയാണ് "Pi" ,ബ്ലാക്ക് സ്വാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഡാരന്‍ അറ്നോഫ്സ്കി എന്ന സംവിധായകന്‍.നോണ്‍ ലീനിയര്‍ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ സിനിമയില്‍ മൂന്നു കാലഘട്ടത്തില്‍ ഉള്ള കഥകളാണ് അവതരിപ്പിച്ചിരിക്കുന്നത്.പ്രപഞ്ചാരംഭം മുതല്‍ തുടങ്ങുന്ന ഈ സിനിമയില്‍ ഭൂതം,ഭാവി,വര്‍ത്തമാനം എന്നീ മൂന്നു കാലഘട്ടങ്ങളെ സമര്‍ത്ഥമായി ഉപയോഗിച്ചിരിക്കുന്നു.ഈ കാലഘട്ടങ്ങള്‍ തമ്മില്‍ ഒരു ബന്ധമുണ്ട്.അവയുടെ എല്ലാം ലക്‌ഷ്യം ഒന്നാണ്.സര്‍വ ജീവന്റെയും തുടിപ്പെന്ന് വിശ്വസിക്കുന്ന ഒരു രഹസ്യത്തിലേക്ക്.മായന്മാരുടെ മിത്തുകളിലെ ശിബാബ എന്ന നക്ഷത്രക്കൂട്ടം ലക്ഷ്യമാക്കി യാത്ര തിരിക്കുന്ന ടോമാസ്‌ എന്ന സ്പാനിഷ് പോരാളിയും , മരണം ഒരു രോഗമായി കാണണം എന്നും അതിനു മരുന്നുണ്ട് എന്ന് വിശ്വസിക്കുന്ന ക്രിയോ എന്ന ഡോക്റ്ററും ഭാവിയില്‍ മരണത്തെ അതിജീവിച്ച ക്രിയോ തന്‍റെ പ്രിയതമയെ തേടുന്ന ലോകവും എല്ലാം അവസാനിക്കുന്നത് ആ രഹസ്യത്തിലാണ്. 

    ഡോക്റ്റര്‍ ക്രിയോയുടെ ഭാര്യ ഇസ്സി തലച്ചോറിലെ ട്യൂമര്‍ മൂലം മരണത്തെ കാത്തിരിക്കുകയാണ്.അതിനെതിരായി ഒരു വൃക്ഷത്തില്‍ നിന്നുമെടുക്കുന്ന മരുന്ന് അവളെ സുഖപ്പെടുത്തും എന്നുള്ള വിശ്വാസത്തില്‍ പരീക്ഷണങ്ങള്‍ നടത്തുന്നു ക്രിയോ.അതേ സമയം ഇസ്സി ഒരു കഥയുടെ പണിപ്പുരയിലാണ്.സ്പാനിഷ് യോദ്ധാവായ ടോമാസ് മനുഷ്യനെ അജയനാക്കുന്ന മായന്‍ രഹസ്യത്തെ തേടി പോകുന്ന കഥ.എന്നാല്‍ അതിന്‍റെ അവസാന ഭാഗം എഴുതി ചേര്‍ക്കാന്‍ ഉള്ള നിയോഗം ക്രിയോയ്ക്കാണ് എന്ന് ഇസ്സി വിശ്വസിക്കുന്നു.പിന്നീടുള്ളത് ഭാവിയില്‍ മരണത്തെ അതിജീവിച്ച് തന്‍റെ പ്രിയതമയുമായി ഒന്നിക്കാന്‍ വെമ്പുന്ന കുമിള മനുഷ്യനും അവസാനം ആ രഹസ്യം കണ്ടെത്തുന്നു.നേരത്തെ പറഞ്ഞത് പോലെ ജീവന്‍റെ രഹസ്യം എന്ന് പറയാവുന്ന ആ പ്രാചീന സത്യത്തിന്റെ പൊരുള്‍ എന്താണ് എന്നുള്ളതാണ് ബാക്കി ചിത്രം പറയുന്നത്.

 പെരുന്തച്ചന്‍റെ കുളം പോലെ ഒരു വശത്ത് നിന്ന് നോക്കിയാല്‍ ഒരു സയന്‍സ് ഫിക്ഷന്‍ ആണെന്ന് തോന്നുകയും,മറുഭാഗത്ത്‌ നിന്നും നോക്കിയാല്‍ ഒരു ഫാന്റസി ആണെന്ന് തോന്നുന്ന ചിത്രത്തിന് യാഥാര്‍ത്ഥ്യം പറയുന്ന മുഖവും ഉണ്ട്. ഈ ചിത്രത്തില്‍ എടുത്തു പറയേണ്ടത് ഇതിന്‍റെ പശ്ചാതല സംഗീതമാണ്.ക്ലിന്റ് മാന്‍സേല്‍ ചിത്രത്തിന്‍റെ മൊത്തത്തില്‍ ഉള്ള ഒരു കാല്‍പ്പനിക അന്തരീക്ഷത്തെ പ്രതിനിധീകരിക്കുന്നുണ്ട്.പിന്നെ ഇതിന്‍റെ പല രംഗങ്ങളും കണ്ടപ്പോള്‍ ഇത് 3 D ചിത്രമായി ഇന്നെങ്ങാനും റിലീസ് ആയെങ്കില്‍ ഉള്ള സൌന്ദര്യം ഓര്‍ത്തു പോയി.അത്രയ്ക്കും മനോഹരമായാണ് ഇതിലെ ഭൂത-ഭാവി കാലങ്ങള്‍ അവതരിപ്പിക്കുന്നത്‌.ഹ്യൂജ്ക ജാക്ക്മാന്‍ നന്നായി മൂന്ന്‍ കാലത്തുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.ഒരു കഥയെക്കാളുപരി രംഗങ്ങള്‍ പ്രേക്ഷകന്‍റെ ഭാവനയ്ക്ക് അനുസൃതമായി സങ്കല്‍പ്പിക്കാന്‍ ഉള്ള അവസരം ആരോന്ഫസ്കി നല്‍കിയിട്ടുണ്ട്.ഒരു പ്രത്യേക ക്രമത്തില്‍ അല്ലാതെ രൂപപ്പെടുത്തിയ സീനുകള്‍ പോലും അത്തരമൊരു ചിന്തയ്ക്കുള്ള സാധ്യത നല്‍കുന്നുണ്ട്.വളരെ മനോഹരമായ ഒരു കോണ്‍സെപ്റ്റ് ഈ സിനിമയ്ക്കുണ്ട്.എന്നാല്‍ അത് എല്ലാവരെയും എത്രത്തോളം തൃപ്തിപ്പെടുത്തും എന്ന് പറയുക അസാധ്യമാണ്.2046 പോലെ ഉള്ള ചിത്രങ്ങള്‍ ഇഷ്ടമായവര്‍ക്ക് തീര്‍ച്ചയായും ഈ സിനിമ കണ്ടു നോക്കാവുന്നതാണ്.ഈ ചിത്രത്തിന് എന്‍റെ മാര്‍ക്ക് 7.5/10!!

More reviews @ www.movieholicviews.blogspot.com

Friday, 14 February 2014

99.PAPILIO BUDDHA(MALAYALAM,2013)

PAPILIO BUDDHA(MALAYALAM,2013),Dir:-Jayan K Cherian,*ing:-Sreekumar,Saritha Sunil,Kallen Pokkudan.

പപ്പിലിയോ ബുദ്ധ ഒരു പ്രതീകമാണ്.വംശനാശം വന്നിരിക്കുന്ന ഒരു ചിത്രശലഭവവും അത് പോലെ തന്നെ സാമൂഹിക അരക്ഷിതാവസ്ഥയില്‍ അന്യം നിന്ന് പോയേക്കാവുന്ന കുറച്ചു മനുഷ്യരുടേയും കഥയാണ്.മലയാളം സിനിമയില്‍ ഒരിക്കലും അവതരിപ്പിക്കാന്‍ സാധ്യതയില്ലാത്ത തീം ആണ് ചിത്രത്തിന്.നമുക്ക് പരിചിതമല്ലാത്ത ഒരു മലയാള സിനിമ..ഒരു സിനിമ എന്ന നിലയില്‍ ഇതില്‍ വര്‍ണത്തില്‍ ചാലിച്ച കഥയില്ല, കഥാപാത്രങ്ങളില്ല.പകരം ഇരുളടഞ്ഞ കുറച്ചു ജീവിതങ്ങള്‍,അതും സമ്പൂര്‍ണ സാക്ഷരതയുടെയും ബൗദ്ധിക ജ്ഞാനത്തിന്റെയും നിറക്കുടങ്ങള്‍ എന്ന് സ്വയം അഹങ്കരിക്കുന്ന ഒരു സമൂഹത്തില്‍ തൊട്ടുകൂടായ്മ സാമൂഹികമായും രാഷ്ട്രീയമായും പതിപ്പിച്ചു കൊടുത്തവരുടെ ജീവിതം ആണിവിടെ പ്രതിപാദ്യം.

 "പപ്പിലിയോ ബുദ്ധ" എന്ന ചിത്രശലഭങ്ങളെ കുറിച്ച്  പഠനം നടത്താന്‍ വരുന്ന അമേരിക്കക്കാരനായ ജാക്കിന്‍റെ സഹായി ആണ് ശ്രീകുമാര്‍ അവതരിപ്പിക്കുന്ന ശങ്കരന്‍.ബ്രാഹ്മണ നാമാധാരിയായ തൊട്ടുകൂടാത്തവന്‍.ശങ്കരനും ജാക്കും സ്വവര്‍ഗ്ഗാനുരാഗികള്‍ ആണ്..ശങ്കരന്‍റെ അച്ഛനായ കരിയേട്ടന്‍(കല്ലേന്‍ പൊക്കുടന്‍) ആണ് ആദിവാസികളുടെ സമരമുഖത്തെ നേതാവ്.സ്വന്തമായി ഭൂമിക്കായി അവര്‍ വനം കയ്യേറി സമരം ചെയ്യുന്നു.പഴയ കമ്മ്യൂണിസ്റ്റ് ആയ കരിയേട്ടന്‍ ദൈവത്തോടൊപ്പം ആരാധിച്ചിരുന്ന ഈ.എം.എസ് പിന്നീട് ഭൂമിയുടെ കാര്യം വന്നപ്പോള്‍ നമ്പൂതിരിയും മറ്റെയാളുകളും എന്ന നിലപാടെടുത്തപ്പോള്‍ പാര്‍ട്ടിയോട് വിട പറഞ്ഞു.എങ്കിലും ഒരിക്കല്‍ ചുവരില്‍ കയറിയ "ദൈവത്തെ" താഴെ ഇറക്കാന്‍ കരിയേട്ടന്‍ തുനിയുന്നില്ല.ദളിത്‌ യുവതിയായ മഞ്ചുശ്രീ ഒരു ഓട്ടോ ഡ്രൈവര്‍ ആണ്.ഓട്ടോ ഓടിച്ചു കിട്ടുന്ന കാശില്‍ അവിടത്തെ കുട്ടികളെ അവള്‍ പഠിപ്പിക്കുന്നു.കഥാപാത്രങ്ങള്‍ എന്ന് പറയുന്നത് ഇവരൊക്കെ ആണ്.പിന്നെ ഉള്ളതെല്ലാം പ്രതീകങ്ങള്‍ ആണ്.

സീം എന്ന എന്‍.ജി.ഓ സ്വഭാവമുള്ള ഗ്രൂപ്പ് അവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.എന്നാല്‍ ആദിവാസികള്‍ക്കായി പ്രത്യേകിച്ച് ഒന്നും ചെയ്യാതെ ഭോഗിച്ചും കുടിച്ചും  പ്രവര്‍ത്തിക്കുന്ന അവരിലും ജാതീയവും മതപരവുമായ മോശം പരാമര്‍ശങ്ങള്‍ ഉണ്ടാകുമ്പോള്‍ അവരോടൊപ്പം ഉള്ള ജീവിതത്തെ സ്നേഹിക്കുന്ന ജെ.എന്‍.യൂ ക്കാരനായ ശങ്കരന്‍ അവരില്‍ നിന്നും അകലുന്നു.ദളിത്‌ തീവ്രവാദികള്‍ എന്ന് മുദ്രകുത്തി ഭയാനകമായ രീതിയില്‍ പോലീസ് പീഡിപ്പിക്കുന്ന ശങ്കരനും കാമാതുരമായ  കണ്ണുകളോടെ തന്നെ സമീപിച്ച സഹ ഓട്ടോ ഡ്രൈവറെ  ആക്രമിച്ചതിന്റെ പ്രതികാരമായി പീഡിപ്പിക്കപ്പെട്ട മഞ്ചുശ്രീ എന്നിവര്‍ അവകാശങ്ങള്‍ ഇല്ലാത്ത സമൂഹത്തെ പ്രതിനിധികരിക്കുന്നു.ദളിതരായ ശങ്കരനെയും മഞ്ചുശ്രീയേയും ആര്‍ക്കും വേണ്ട.മാധ്യമ നയനങ്ങള്‍ക്ക് അവര്‍ അന്യരാണ്.സെന്‍സര്‍ ബോര്‍ഡിന്‍റെ കുരുക്കുകളില്‍ പെട്ട് പ്രദര്‍ശനാനുമതി നിഷേധിച്ച ഈ സിനിമയില്‍ നഗ്നതയും പിന്നെ ചില ദേശിയ പ്രതീകങ്ങളോടുള്ള പ്രത്യക്ഷമായ എതിര്‍പ്പും പ്രകടിപ്പിക്കുന്നുണ്ട്.ഈ ചിത്രത്തില്‍ ഗാന്ധിജിയെക്കാളും അംബേദ്‌കര്‍ ,അയ്യങ്കാളി ,ബുദ്ധന്‍ എന്നിവര്‍ക്കാണ് പ്രാമൂഖ്യം നല്‍കിയിരിക്കുന്നത്.ഗാന്ധിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളും അവസാന രംഗങ്ങളില്‍ കത്തിക്കുകയും ചവിട്ടി തെറിപ്പിക്കുകയും ചെയ്യുന്ന ഇത്തരം പ്രതീകങ്ങളും ഈ നിരോധനത്തിന് ആക്കം കൂട്ടി എന്ന് വേണം കരുതാന്‍.ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന മഞ്ചുശ്രീയെ ആക്രമിക്കുന്നവരില്‍ എല്ലാ തരക്കാരും ഉണ്ടെന്ന് ഓട്ടോകളില്‍ ഉള്ള ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു.

 നിലവിലുള്ള സാമൂഹിക കാഴ്ചപ്പാടിനെയും രാഷ്ട്രീയത്തെയും മോശമാക്കി ചിത്രീകരിക്കുന്ന ഒരു രീതിയാണ് ഇതില്‍ അവലംബിച്ചിരിക്കുന്നത്.എന്നാല്‍ ഒരു സിനിമയെ സിനിമയായി കാണാന്‍ സാധിച്ചാല്‍ ഫിക്ഷന്റെ കണിക അധികമില്ലാത്ത ഈ ചിത്രത്തെ ധീരമായ ഒരു ചുവടുവയ്പ്പ് ആണെന്ന് പറയേണ്ടി വരും.അവകാശങ്ങളില്ലാത്ത ദളിത്‌ ജനത,പിന്നെ സ്ത്രീ സുരക്ഷ മതപരവും ജാതിപരവുമായ തൊട്ടു കൂടായ്മ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു ചിത്രം.അതിനായി ഉപയോഗിച്ച രംഗങ്ങള്‍ ഭീകരമായിരുന്നു.ഞാന്‍ കണ്ടത്തില്‍ വച്ച് റിയാലിറ്റിയോട് അടുത്ത് നില്‍ക്കുന്ന ക്രൂരമായ രംഗങ്ങള്‍ ഈ ചിത്രത്തിലാണ്.എം.ജെ രാധാകൃഷ്ണന്റെ ക്യാമറ ചലിച്ചപ്പോള്‍ കണ്ടത് കാനന സൌന്ദര്യവും കാനന ക്രൌര്യതയും ആണ്.അഭിനയത്തേക്കാള്‍ ഉപരി ജീവിക്കുകയായിരുന്നു ഇതിലെ നടീ നടന്മാര്‍ എന്ന് വേണം പറയാന്‍.അല്‍പ്പം മാറി ചിന്തിക്കുന്ന ചിത്രം കാണണം എന്നഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും കാണാവുന്ന സിനിമയാണിത്.സിനിമയുടെ തുടക്കത്തില്‍ ഉള്ള ഇരുട്ട് ഒരു പ്രതീകമായിരുന്നു എന്ന് മനസ്സിലാകും സിനിമ അവസാനിക്കുമ്പോള്‍..പരാജിതരായ ഒരു ജനസമൂഹത്തിന്റെ ജീവിതത്തിലെ ഇരുട്ട്..

More reviews @ www.movieholicviews.blogspot.com

Tuesday, 11 February 2014

98.THE TRAFFICKERS(KOREAN,2012)

98.THE TRAFFICKERS(KOREAN,2012),|Crime|Thriller|,Dir:-Hong-seon Kim,*ing:-Chang Jung LimDaniel ChoiDal-su Oh

"ദി ട്രാഫിക്കര്‍സ്",പേര് സൂചിപ്പിക്കുന്നത് പോലെ സ്വാര്‍ത്ഥ ലാഭത്തിനായി മനുഷ്യനെ ഉപയോഗിക്കുന്നവരുടെ കഥ പറയുന്ന ചിത്രമാണ്.എന്നാല്‍ ഇവിടെ ശരീരങ്ങളെ വികാര ശമനത്തിനായി ഉപയോഗിക്കുന്ന വില്ലന്മാരൊക്കെ ഉള്ള  സാധാരണ തട്ടികൊണ്ട് പോകല്‍ ചിത്രമല്ല.പകരം ഇതില്‍ ശരീര അവയവങ്ങളെ കച്ചവടച്ചരക്കാക്കുന്ന ഒരു വലിയ റാക്കറ്റിന്റെ കഥയാണ് പറയുന്നത്.ചിത്രം ആരംഭിക്കുമ്പോള്‍ കയ്യില്‍ ഒരു കത്തിയുമായി ദേഹം മുഴുവന്‍ രക്തം ഒലിപ്പിച്ചു കൊണ്ട് ഒരാള്‍ ഒരു കപ്പലില്‍ നില്‍ക്കുന്നത് കാണിക്കുന്നു.അയാളെ പിടിക്കാനായി പോയ ആളെയും കൊല്ലപ്പെടുത്തി അയാള്‍ കടലിലേക്ക്‌ ചാടുന്നു.പിന്നെ വ്യത്യസ്ഥ സ്ഥലങ്ങളില്‍ ഉള്ള മൂന്ന്‍ ആളുകളെ കാണിക്കുന്നു.മൂന്നു പേര്‍ക്കും ഒരേ ലക്ഷ്യമാണ്‌.ചൈനയിലേക്ക് പോകുന്ന ആ കപ്പലില്‍ കയറുക എന്നത് ആയിരുന്നു അവരുടെ ലക്‌ഷ്യം.ഒരാള്‍ കാലിന് സ്വാധീനമില്ലാത്ത ഭാര്യയുമായി ,സാംഗ്-ഹോ.അവര്‍ ചൈനയിലേക്കുള്ള വിനോദ സഞ്ചാരികള്‍ ആണ്.രണ്ടാമത്തേത് യൂ-റി.തന്‍റെ അച്ഛന്റെ ഹൃദയശസ്ത്രക്രിയയ്ക്ക് വേണ്ടി ചൈനയില്‍ പോകുന്നു.മൂന്നാമതായി യംഗ്-യൂ തന്‍റെ കൂട്ടുകാരോടൊപ്പം ഒരു കലാശക്കൊട്ടിനെന്നപ്പോലെ ഒരു കുറ്റകൃത്യം നടത്താനായി പോകുന്നു.

     ആ കപ്പലില്‍ അന്ന് രാത്രി സാംഗ്-ഹോയ്ക്ക് തന്‍റെ ഭാര്യയെ നഷ്ടപ്പെടുന്നു.വീല്‍ചെയറില്‍ മാത്രം സഞ്ചരിക്കുന്ന അവരുടെ തിരോധാനം നിഗൂഡത ആയിരുന്നു.സാംഗ് ഹോയുടെ ഭാര്യയെ കാണാതാകുന്നതിനു മുന്‍പ് അവര്‍ യൂ-റി യോട് സംസാരിച്ചിരുന്നു.അങ്ങനെ യൂ-റിയും സാംഗ്-ഹോയുടെ കൂടെ അവരെ അന്വേഷിക്കുന്നു.എന്നാല്‍ അവരുടെ അന്വേഷണം സഫലമായില്ല.കപ്പലിലെ ജോലിക്കാരുടെ നിസ്സഹകരണം മൂലം സാംഗ്-ഹോയ്ക്ക് തന്‍റെ ഭാര്യയെ കണ്ടെത്താന്‍ സാധിക്കുന്നില്ല.അന്ന് രാത്രി സാംഗ്-ഹോയെ ആരോ തലയ്ക്കടിച്ചു വീഴ്ത്തുകയും ചെയ്യുന്നു.അതേ സമയം യംഗ്-യൂവും കൂട്ടരും അവരുടെ ലക്‌ഷ്യം സാധിക്കാന്‍ ഉള്ള തത്രപ്പാടില്‍ ആയിരുന്നു.അന്താരാഷ്‌ട്ര കടല്‍ നിയമങ്ങള്‍ ബാധകം ആകുന്ന സ്ഥലത്ത് അവരുടെ പ്രവര്‍ത്തികള്‍ നിയമവിരുദ്ധം അല്ലായിരുന്നു.അങ്ങനെ അവസാനം ആ കപ്പല്‍ ചൈനയില്‍ എത്തുന്നു.യംഗ്-യൂവും കൂട്ടരും തങ്ങളുടെ ജോലി തീര്‍ത്തു ചൈനയില്‍ ഇറങ്ങുന്നു.ചികിത്സയ്ക്കായി പോകുന്ന യൂ-റിയും കപ്പലില്‍ നിന്നും ഇറങ്ങി.എന്നാല്‍ സാംഗ്-ഹോ ഭാര്യയെ അന്വേഷിച്ച് അലയുന്നു.അവസാനം സാംഗ്-ഹോയുടെ ഫോണില്‍ ഒരു കോള്‍ വരുന്നു.അങ്ങേതലയ്ക്കല്‍ സാംഗ്-ഹോയുടെ ഭാര്യ ആയിരുന്നു.അവര്‍ക്ക് എന്ത് സംഭവിച്ചു?യൂ-റിയുടെ അച്ഛനെ രക്ഷ്സിക്കാന്‍ സാധിക്കുമോ?യംഗ്-യൂവും കൂട്ടരും തങ്ങളുടെ ലക്ഷ്യത്തില്‍ വിജയിച്ചോ?ഇങ്ങനെ പരസ്പ്പര്‍ബന്ധം ഇല്ലാത്ത മൂന്ന്‍ ആളുകളുടെ ജീവിത കഥ പരസ്പരം കൂട്ടി യോജിച്ചു വരുന്നു ഒരു സ്ഥലത്ത്.അതാണ്‌ ബാക്കി ചിത്രം.

  സ്ഥിരം കൊറിയന്‍ സിനിമകളുടെ ഫോര്‍മുലയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം പതിവ് പോലെ ധാരാളം സസ്പന്സുകള്‍ നമുക്കായി മാറ്റി വച്ചിട്ടുണ്ട്.കഥയുടെ ഒരവസരത്തില്‍ നമ്മള്‍ അത് വരെ കണ്ടതാണോ സത്യം അതോ ഇപ്പോള്‍ കാണുന്നതാണോ സത്യം എന്ന് ഒരു ചിന്താകുഴപ്പം ഉണ്ടാവുകയും ചെയ്യും.സാധാരണ രീതിയില്‍ തുടങ്ങുന്ന ഈ ചിത്രം രണ്ടാം പകുതിയില്‍ അത്ഭുതപ്പെടുത്തും..കൊറിയന്‍ ത്രില്ലറുകളുടെ ആരാധകര്‍ക്ക് ഇഷ്ടപ്പെടും ഈ സിനിമ.ഒരു ദിവസത്തെ ഈ മൂന്നു കൂട്ടരുടെ കഥ പറഞ്ഞ ചിത്രത്തിന് ഞാന്‍ നല്‍കുന്ന മാര്‍ക്ക് 6.5/10!!

More reviews @ www.movieholicviews.blogspot.com

Sunday, 9 February 2014

97.PANNAIYARUM PADMINIYUM(TAMIL,2014)

97.PANNAIYARUM PADMINIYUM(TAMIL,2014),Dir:-Arun Kumar,*ing:-Vijay Sethupathi,Jayaprakash,Dinesh,Sneha

 "പണ്ണയാറും പദ്മിനിയും" തൊണ്ണൂറുകളില്‍ ഉള്ള തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിന്‍റെ കഥയാണ് അവതരിപിക്കുന്നത്.അപ്രതീക്ഷിതമായി ആ നാട്ടില്‍ വന്ന ഒരു പ്രീമിയര്‍ പദ്മിനി കാറിനെ ചുറ്റിപറ്റിയാണ് കഥ വികസിക്കുന്നത്..സാധാരണ മനുഷ്യരുടെ ചെറിയ ആഗ്രഹങ്ങളുടെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.അതിനാല്‍ തന്നെ ഒരു നന്മയുള്ള ചിത്രം ആണിത് ആ നാട്ടിലെ ഏറ്റവും സമ്പന്നന്‍ ആണ് ജയപ്രകാശ് അവതരിപ്പിക്കുന്ന പണ്ണയാര്‍ എന്ന കഥാപാത്രം.ആ നാട്ടില്‍ ആദ്യമായി റേഡിയോ,ടി വി എല്ലാം അവതരിപ്പിച്ചത് അദ്ദേഹം ആണ്.നാട്ടിലെ ആദ്യ കക്കൂസ് പോലും അയാല്‍ ആണ് അവതരിപ്പിച്ചത്.അങ്ങനെയിരിക്കെ അയാളുടെ സുഹൃത്തായ ഷണ്മുഖന്‍ തന്‍റെ പദ്മിനി കാര്‍ മകളുടെ വീട്ടില്‍ പോകുന്ന സമയം അയാളെ ഏല്‍പ്പിച്ചു.ആദ്യമായി ആ കാര്‍ കണ്ടപ്പോള്‍ തന്നെ ആഗ്രഹം തോന്നിയിരുന്നു പണ്ണയാര്‍ക്ക് .അതോടെ പണ്ണയാരുടെയും ആ നാട്ടുകാരുടെയും ജീവിതം ആകെ മൊത്തം മാറി.നാട്ടില്‍ ആ കാര്‍ ഓടിക്കാന്‍ ആരും ഇല്ലാതിരുന്നത് കൊണ്ട് അവിടെ ട്രക്ക് ഓടിച്ചിരുന്ന മുരുഗേശന്‍ ആ കാറിന്റെ ആസ്ഥാന ഡ്രൈവറായി.തന്‍റെ ട്രക്കില്‍ കുട്ടികളുടെ സൈക്കിളിനോട് പോലും റേസിംഗ് നടത്തി തോല്‍ക്കുന്ന മുരുകേശന് ആ കാര്‍ വളരെയധികം ഇഷ്ടപ്പെടുന്നു.അവിടെ ഉള്ളവര്‍ക്കെല്ലാം ഒരു ആത്മബന്ധം ആ കാറിനോട് ഉണ്ടായി.കല്യാണം,മരണം എന്ന് വേണ്ട പ്രസവം വരെ ആ കാറില്‍ നടന്നു.നാട്ടുകാരുടെ ഏതു ആവശ്യത്തിനും ആ കാര്‍ ഓടിത്തുടങ്ങി.

അങ്ങനെയിരിക്കെ പണ്ണയാറുടെ ഭാര്യയ്ക്ക് ഒരു ആഗ്രഹം.തങ്ങളുടെ വിവാഹവാര്‍ഷികത്തിന്റെ അന്ന് അമ്പലത്തില്‍ പോകുന്നത് പണ്ണയാര്‍ ആ കാര്‍ ഓടിച്ചു വേണം എന്ന്.അതിനായി മുരുഗേശന്‍ പണ്ണയാരെ കാര്‍ ഓടിക്കാന്‍ പഠിപ്പിച്ചും തുടങ്ങി.മറ്റു ചിലര്‍ക്കും ഈ കാറിനെ ചുറ്റിപറ്റി സ്വപ്‌നങ്ങള്‍ ഉണ്ട്.കാറിന്റെ മുന്നില്‍ ഇരിക്കാന്‍ കാശ് ചോദിച്ച ബീടായ്ക്ക് കൊടുക്കാന്‍ വേണ്ടി കാശ് സ്വരൂപിക്കുന്ന കുട്ടി,കാര്‍ സ്വന്തം ആണെന്ന് കരുതുന്ന മുരുഗേശന്‍ എന്നിവര്‍ എല്ലാം ഇതില്‍ ചിലത് മാത്രം.എന്നാല്‍ ചില പ്രശ്നങ്ങള്‍ അവിടെ ഉണ്ടാകുന്നു.ഏല്‍പ്പിക്കാന്‍ കൊടുത്ത ആ കാര്‍ ഉടമസ്ഥന്‍ തിരിച്ചു വരുമ്പോള്‍ കൊടുക്കണം എന്നുള്ളത് പ്രധാന പ്രശ്നം.കാരണം അവര്‍ക്കാര്‍ക്കും അതിനെ പിരിയാന്‍ സാധിക്കില്ലായിരുന്നു.എന്നാല്‍ പ്രശ്നങ്ങള്‍ വേറെയും ഉണ്ടായിരുന്നു.എന്തെല്ലാമായിരുന്നു പ്രശ്നങ്ങള്‍?അവര്‍ക്കെല്ലാം ആ പ്രശ്നങ്ങളെ അതിജീവിക്കാന്‍ സാധിച്ചോ എന്നതാണ് ബാക്കി ചിത്രം.വിജയ്‌ സേതുപതി എന്ന നടന്‍ തമിഴ് സിനിമ ലോകത്ത് വ്യത്യസ്തമായ പ്രമേയങ്ങളില്‍ അഭിനയിച്ച് ശ്രദ്ധ നേടിയ നടനാണ്‌.എക്സ്ട്രാ നടനായി എം.കുമരന്‍ സണ്‍ ഓഫ് മഹാലക്ഷിമിയില്‍ അഭിനയം തുടങ്ങിയ സേതുപതി ഇപ്പോള്‍ തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ്.പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്.എങ്ങനെ ആണ് ഈ നടന് മാത്രം ഇത്തരം വ്യത്യസ്ഥ പ്രമേയങ്ങള്‍ തേടി വരുന്നതെന്ന്.സ്വാഭാവികമായ അഭിനയം മുഖമുദ്രയാക്കിയ നടന്‍ ആണ് സേതുപതി.പിസ്സയിലെ വേഷത്തില്‍ തിളങ്ങിയ വിജയ്‌ സേതുപതി പിന്നീട് തമിഴിലെ മിനിമം ഗാരന്റി ഉള്ള നടനായി മാറി.റമ്മി എന്ന ചിത്രം നിരാശപ്പെടുത്തിയെങ്കിലും തന്‍റെ മറ്റു വിജയ്‌ ചിത്രങ്ങളിലെ പോലെ ലളിത സുന്ദരമായ കഥയാണ് ഈ ചിത്രത്തിലും.ഹീറോയിസം തൊട്ടു തീണ്ടാത്ത ആ ചിത്രങ്ങള്‍  തമിഴിലെ നവ നായക സങ്കല്‍പ്പങ്ങളെ മാറ്റി മറിച്ചു.

  ജയപ്രകാശ് എന്ന നടന് (ഉസ്താദ് ഹോട്ടല്‍) ലഭിച്ച മുഴുനീള കഥാപാത്രം ആണ് ഈ ചിത്രം.ബീഡ എന്ന കഥാപാത്രം ഇടയ്ക്കിടെ ചിരിപ്പിച്ചു.സംഗീതം ആണ് ഈ ചിത്രത്തിന്‍റെ മറ്റൊരു പ്രധാന ഘടകം.ഇമ്പമാര്‍ന്ന ഗാനങ്ങള്‍ ആണ് ഈ ചിത്രത്തില്‍ നവാഗതനായ ജസ്റ്റിന്‍ പ്രഭാകര്‍ നല്‍കിയിരിക്കുന്നത്.ഇതേ പേരില്‍ ഉള്ള പ്രശസ്തമായ തന്‍റെ തന്നെ  ഷോര്‍ട്ട് ഫിലിം ആണ് സംവിധായകന്‍ അരുണ്‍ കുമാര്‍ ഈ ചിത്രമായി മാറ്റിയിരിക്കുന്നത്.ഈ ചിത്രത്തില്‍ നായകന്‍റെ പ്രണയത്തിനു പുറമേ വ്യത്യസ്തമായ ഒരു പ്രണയം കൂടി ഉണ്ട്.അതിസുന്ദരമായ മറ്റൊരു പ്രണയം.ഒരു "നല്ല ഫീല്‍ ഗുഡ് മൂവി" എന്ന് തീര്‍ച്ചയായും ഇതിനെ വിലയിരുത്താം.സ്ഥിരം തമിഴ് സിനിമ ഫോര്‍മുലയില്‍ നിന്നും മാറിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്..ഈ ചിത്രത്തിന് ഞാന്‍ നല്‍കുന്ന മാര്‍ക്ക്‌ 3.5/5!!

More reviews @ www.movieholicviews.blogspot.com

Saturday, 8 February 2014

96.BAALYAKAALASAKHI(MALAYALAM,2014)

96.BAALYAKAALASAKHI(MALAYALAM,2014),Dir:-Pramod Payyanur,*ing:-Mammootty,Isha,Seema Bishvas

   ബേപ്പൂര്‍ സുല്‍ത്താന്റെ തൂലികയില്‍ വിരിഞ്ഞ മലയാളത്തിലെ മികച്ച പ്രണയ കഥ ആയിരുന്നു ബാല്യകാലസഖി.ഒരു പ്രണയ കഥ മാത്രമല്ലാതെ അതില്‍ ജീവിതം ഉണ്ട്,കുട്ടിക്കളി ഉണ്ട്,കുസൃതിയുണ്ട്,വേദനകള്‍ ഉണ്ട്,ചരിത്രമുണ്ട് അതിനു മേമ്പൊടിയായി പ്രണയവും.അതായിരുന്നു ഭാഷയുടെ ആലങ്കാരിക പദങ്ങള്‍ക്ക് പ്രാമൂഖ്യം കൊടുത്തിരുന്ന കൃതികള്‍ ഉണ്ടായിരുന്ന ഒരു നാട്ടില്‍ ഈ കൃതി അത്ര മാത്രം സ്വീകാര്യമായി മാറിയത്.ബാല്യകാലസഖിയില്‍ ബഷീറിന്റെ ആത്മകഥാപരമായ അംശം ഉണ്ടായിരുന്നു.ആ യാത്രയും നാടുമെല്ലാം അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ ആയിരുന്നു.മജീദ്‌ എന്ന പണക്കാരനും ദരിദ്രയായ സുഹറയും തമ്മിലുള്ള പ്രണയം ആസ്വാധകര്‍ക്ക് പ്രണയത്തിന്റെ അനുഭൂതി പകര്‍ന്നിരുന്നു.എന്നാല്‍ അതിന്‍റെ 2014 ലെ സിനിമാഭാഷ്യത്തില്‍ പ്രമോദ് പയ്യന്നൂര്‍ എന്ന സംവിധായക-തിരക്കഥാകൃത്ത്‌ തന്‍റെ സ്വാതന്ത്ര്യവും ഉപയോഗിച്ചിരിക്കുന്നു.കുട്ടിക്കാലം മുതലുള്ള പ്രണയത്തിനും വളര്‍ന്നു വന്നപ്പോള്‍ മാറി പോയ ജീവിത സാഹചര്യങ്ങളും ആണ് ഇവിടെ പ്രധാനപ്പെട്ടത്.

   പക്വതയുള്ള മജീദ്‌-സുഹ്റ പ്രണയം ഇതില്‍ ഇല്ലായിരുന്നു.കുട്ടിക്കാലത്തെ സൗഹൃദം അവര്‍ തമ്മില്‍ ഉണ്ടാക്കിയ അവാച്യമായ ഒരു ബന്ധം അവരുടെ മോശം സമയത്തും അവരെ കണ്ടുമുട്ടിച്ചു.അവരുടെ ദുരിതങ്ങള്‍ക്ക് ആണ് സിനിമയില്‍ പ്രാമൂഖ്യം.അത് പോലെ തന്നെ ദുരിതത്തില്‍ ആകുന്ന സഹ കഥാപാത്രങ്ങളും.തന്നെ പടച്ചവന്‍റെ കുറ്റം കാരണം അങ്ങനെ ആയി തീര്‍ന്ന സെല്‍വിയും ,ബംഗാളില്‍ കണ്ടു മുട്ടിയ മറ്റു കഥാപാത്രങ്ങളും എല്ലാം ഇതിനുദാഹരണം ആണ്.ഇവിടെയാണ്‌ നമ്മള്‍ വായിച്ചറിഞ്ഞ ബാല്യകാലസഖിയും ചിത്രവും ആയുള്ള വ്യത്യാസം.ഒരു പ്രണയാനുഭൂതി നിറഞ്ഞ സിനിമപ്രതീക്ഷിച്ച് പോയാല്‍ നിരാശരാകേണ്ടി വരും.മജീദിന്റെ കുട്ടിക്കാലത്ത് ആയിരുന്നു പ്രണയം ഏറെയും.അതിനാല്‍ തന്നെ മമ്മൂട്ടി എന്ന പ്രണയനായകനെ സിനിമയില്‍ ആവശ്യമില്ലായിരുന്നു.പകരം ജീവിതത്തിലെ കഷ്ടതകള്‍ വൈകാരികമായി അവതരിപ്പിക്കാന്‍ കഴിവുള്ള ഒരു നല്ല നടന്‍ മാത്രമായി ഇതിലെ മമ്മൂട്ടി എന്ന മജീദ്‌.മജീദിന്റെ ബാപ്പയായി വന്ന മമ്മൂട്ടിക്കും പ്രാധാന്യം ഏറെ ഉണ്ടായിരുന്നു.കാര്‍ക്കശ്യക്കാരന്‍ ആയ മുതലാളി ആയും കഷ്ടാരിഷ്ടതകള്‍ അനുഭവിക്കുന്ന വൃദ്ധനായും ആ കഥാപാത്രം മികച്ചു നിന്ന്.മീനയെ മമ്മൂട്ടിയുടെ അമ്മയായി സങ്കല്‍പ്പിക്കാന്‍ ഉള്ള ബുദ്ധിമുട്ട് കഥാപാത്രം എന്ന നിലയില്‍ അവരെ കണ്ടാല്‍ മാറുവാന്‍ കഴിയുന്നതേ ഉള്ളു.പിന്നെ പറയേണ്ടത് ഇഷ തല്‍വാര്‍ ആണ്.കുട്ടിക്കാലത്ത് കാണിച്ച പ്രണയത്തിന്‍റെ ഒരു അംശം പോലും മുതിര്‍ന്ന സുഹ്രയിലൂടെ ഇഷയ്ക്ക് അവതരിപ്പിക്കാന്‍ സാധിച്ചില്ല.മൊഞ്ചത്തി ആണെങ്കിലും  പ്രണയിക്കാന്‍ അറിയില്ല എന്ന് തോന്നി.സിനിയിലെ വൈകാരികമായ രണ്ടു രംഗങ്ങള്‍ ഉണ്ട്.തിരിച്ചു വരുന്ന മജീദും ബാപ്പയും ആയുള്ള കണ്ടുമുട്ടലും പിന്നെ കാലു മുറിച്ചത് അറിഞ്ഞു വിഷമിക്കുന്ന മജീദും.രണ്ടിലും മമ്മൂട്ടിയുടെ നല്ല അഭിനയം ഉണ്ടായിരുന്നു.

  ഒരിക്കലും മതിലുകള്‍ പോലെ ഒരു ക്ലാസിക് സിനിമയായി ഇത് മാറും എന്ന് കരുതുന്നില്ല.പ്രധാനമായും എഡിറ്റിങ്ങില്‍ ഉള്ള പോരായ്മകള്‍.പിന്നെ മലയാളികള്‍ പ്രണയിച്ച ഒരു കഥ ഇങ്ങനെ മാറ്റിയതില്‍ പ്രേക്ഷകര്‍ എത്ര മാത്രം അംഗീകരിക്കും എന്നുള്ളതും ചോദ്യമാണ്.മുന്‍പ് പുസ്തകമായിട്ടുള്ള സിനിമകളില്‍ എല്ലാം തന്നെ മാറ്റങ്ങള്‍ വരുത്തിയിരുന്നു.ചിലതൊക്കെ വന്‍ പരാജയങ്ങള്‍ ആയിരുന്നു.എന്നാല്‍ ഇവിടെ കഥാഘടന മാറ്റാതെ പകരം സിനിമയുടെ മൊത്തത്തില്‍ ഉള്ള മൂഡ്‌ ആണ് ഇവിടെ മാറ്റപ്പെട്ടിരിക്കുന്നത്.ബിജി ബാലിന്റെ സംഗീതം മനസ്സിലധികം നിന്നില്ല.സുനില്‍ സുഖദ,മാമുക്കോയ,സീമ ബിശ്വാസ്,ശശി കുമാര്‍,തനുശ്രീ ഘോഷ് പിന്നെ ബഷീറിന്റെ സ്ഥിരം കഥാപാത്രങ്ങളും സിനിമയില്‍ ഉണ്ടായിരുന്നു.രണ്ടു മണിക്കൂറില്‍ താഴെ ഉള്ള ഈ ചിത്രം പ്രേക്ഷകര്‍ വരും നാളുകളില്‍ എങ്ങനെ സ്വീകരിക്കും എന്നുള്ളത് അനുസരിച്ചിരിക്കും ഈ സിനിമയുടെ ഭാവി.ബാല്യകാലസഖിയുടെ കഥ അതേപ്പടി സിനിമ ആക്കിയാല്‍ മാത്രമേ ഇഷ്ട്ടപ്പെടൂ എന്നുള്ളവര്‍ ഈ ചിത്രം കാണാതിരിക്കുക.കാരണം ഇതില്‍ സംവിധായകന്‍ തന്‍റെ ഭാഷ്യം ആണ് കൂടുതല്‍ ഉപയോഗിച്ചിരിക്കുന്നത്.അതിനാല്‍ തന്നെ രണ്ടു പക്ഷം ഈ സിനിമയ്ക്ക് ഉണ്ടെന്ന് തോന്നുന്നു.എന്തായാലും ഒരു പരീക്ഷണം എന്ന നിലയില്‍ ഈ ചിത്രം അധികം മുഷിപ്പിച്ചില്ല.എന്നാലും "ഇമ്മിണി ബല്യ ഒരൊന്നാകാന്‍"ഈ ചിത്രഭാഷ്യത്തിനു കഴിഞ്ഞോ എന്ന് ഒരു സംശയം.ഈ ചിത്രത്തിന്  എന്‍റെ മാര്‍ക്ക് 3/5!!

More reviews @ www.movieholicviews.blogspot.com

Friday, 7 February 2014

95.OM SHANTHI OSHAANA(MALAYALAM,2014)

95.OM SHAANTHI OSHAANA(MALAYALAM,2014),Dir:-Jude Anthany Joseph,*ing:-Nazriya,Nivin,Vineeth Sreenivasan

 ഓം ശാന്തി ഓശാന ഒരു പ്രണയകഥ ആണ്.സാധാരണ പ്രണയങ്ങളില്‍ വ്യത്യസ്ഥതയ്ക്ക് ഉള്ള സാധ്യത വളരെയധികം കുറവാണ്.അതിനാല്‍ തന്നെ കണ്ടും കേട്ടും മടുത്ത കഥ ആണ് ചിത്രത്തില്‍.എന്നാല്‍ ഈ സിനിമ അതിന്‍റെ കഥയേക്കാളും ശ്രദ്ധിക്കപ്പെടുന്നത് അതിനെ അവതരിപ്പിച്ച രീതിയിലാണ്.പതിവിലും വ്യത്യസ്തമായി ഒരു കൌമാര പ്രായത്തില്‍ ഉള്ള പെണ്‍ക്കുട്ടിയുടെ പ്രണയം അവളുടെ കാഴ്ചപ്പാടില്‍ ആണ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.അത് കൊണ്ട് തന്നെ ഇത് പൂജ എന്ന പെണ്‍ക്കുട്ടിയുടെ കഥയാണ് ഇവിടെ ഉള്ള മറ്റു കഥാപാത്രങ്ങള്‍ അവളുടെ പ്രണയം,സ്വപ്നം എന്നിവയിലെ കഥാപാത്രങ്ങള്‍ മാത്രമാണ്.പൂജയുടെ ചിന്തകള്‍ ആണ് സിനിമയുടെ പ്രധാന കഥ തന്നെ.പൂജയുടെ കൌമാരം മുതല്‍ പക്വതയുള്ള ഒരു പെണ്‍ക്കുട്ടി അആകുന്നത് വരെ ഉള്ള സംഭവങ്ങള്‍ ആണ് ചിത്രത്തില്‍.ചിത്രത്തിന്‍റെ തുടക്കത്തില്‍ സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യമുള്ള ചിത്രത്തില്‍ പ്രത്യേകം നിവിന് അണിയറക്കാര്‍ നല്‍കിയ നന്ദി ഇതിലെ മറ്റു കഥാപാത്രങ്ങളും അര്‍ഹിക്കുന്നു.പ്രണയം എന്നും പൈങ്കിളി ആണ്.അതും ഒരു പെണ്‍ക്കുട്ടിയുടെ ചിന്തകളിലൂടെ അവതരിപ്പിക്കുമ്പോള്‍ അവള്‍ വര്‍ണിക്കുന്നത് നായകന്‍റെ നന്മകളെ ആണ്.അതിനോടുള്ള ആരാധനയും.

     "തട്ടത്തിന്‍  മറയത്ത് " എന്ന പ്രണയകഥയില്‍ നായകന്‍റെ ഭാഗത്ത്‌ നിന്നും അവതരിപ്പിച്ചത് നായികയുടെ സ്ഥാനത്തു നിന്നാണെങ്കില്‍ എങ്ങനെ ആയിരിക്കും  എന്ന് ഈ ചിത്രം പറയുന്നു.ട്വിലൈറ്റ് പോലെ ഉള്ള ചിത്രങ്ങളില്‍ അവതരിപ്പിച്ച രീതി.അതിനാല്‍ തന്നെ ഇവിടെ ഹീറോയിസം കൂടുതലും പെണ്‍ക്കുട്ടി ആണ് അവതരിപ്പിക്കുന്നത്‌.അജുവിന്‍റെ കാഞാണിയും,വിനീതിന്‍റെ ഡോക്ടര്‍ പ്രസാദും,രഞ്ജി പണിക്കരുടെ അച്ഛന്‍ വേഷവും എല്ലാം അത് കൊണ്ട് തന്നെ നായികയുടെ കഥാപാത്ര രൂപികരണത്തില്‍ പങ്കു വയ്ക്കുന്ന വ്യക്തികള്‍ മാത്രമായി മാറി.അഭിനയത്തിന്‍റെ കാര്യത്തില്‍ തുടക്കം  നസ്രിയ ശരാശരി ആയിരുന്നു.നായകന്‍ ഗിരി എന്ന കഥാപാത്രം അയ്യയിലെ പ്രിത്വിയെ പലപ്പോഴും ഓര്‍മിപ്പിച്ചു.പ്രത്യേകിച്ചും തുടക്കം ഉള്ള രംഗങ്ങളില്‍..കൃത്രിമത്വം ആദ്യ പകുതിയില്‍ തോന്നിയിരുന്ന പൂജയുടെ മാനറിസങ്ങള്‍ എന്നാല്‍ രണ്ടാം പകുതിയില്‍ മെച്ചപ്പെട്ടു.ആദ്യപകുതിയില്‍ നായികയുടെ കാഴ്ചപ്പാടില്‍ മാത്രം അവതരിപ്പിച്ചിരുന്ന ചിത്രം രണ്ടാം പകുതിയില്‍ മറ്റു കഥാപാത്രങ്ങള്‍ക്കും പ്രാധാന്യം നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്.ദൂരദര്‍ശന്‍,ശക്തിമാന്‍,ജംഗിള്‍ ബുക്ക്,പ്രതികരണം തുടങ്ങിയ തൊണ്ണൂറുകളിലെ പ്രധാന നോസ്ടാല്‍ജിയ എല്ലാം ഇതിലും ഉണ്ട്.

   പ്രത്യേകിച്ച് കഥ ഇല്ലാത്ത ഈ ചിത്രം വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിച്ച സംവിധായകന്‍ ജൂഡ് ആന്റണി ജോസഫും സഹ തിരക്കഥാകൃത്തായ മിഥുന്‍ മാനുവല്‍ തോമസും അവതരണ രീതി കൊണ്ട് വ്യത്യസ്ഥമാക്കി.ഒരിക്കലും വന്‍ പ്രതീക്ഷകളോടെ ഈ ചിത്രത്തിന് പോകരുത്.കാരണം ഈ ചിത്രം കൗമാരത്തില്‍ ഒരു പെണ്‍ക്കുട്ടി കണ്ട സ്വപ്നങ്ങളുടെ കഥ കാലാന്തരത്തില്‍ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തില്‍.സംഗീതത്തില്‍ ഷാന്‍ റഹ്മാനും,ക്യാമറയില്‍ വിനോദും നിരാശപ്പെടുത്തിയില്ല.കൊച്ചു കൊച്ചു തമാശകളുമായി മുഷിപ്പിക്കാതെ രണ്ടു മണിക്കൂറില്‍ ഈ ചിത്രം തീര്‍ന്നത് കൊണ്ട് പ്രേക്ഷകര്‍ക്കും മറ്റുള്ള പ്രേക്ഷകര്‍ക്കും  ഇഷ്ടമായി എന്ന് കരുതുന്നു.ഞാന്‍ ഈ കൊച്ചു ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 3/5!!

 More reviews @ www.movieholicviews.blogspot.com

1995. Drop ( English, 2025)