Sunday 11 April 2021

1339. The Mole Agent (Spanish, 2020)

 Oscar Nomination for the Best Documentary.

1339. The Mole Agent (Spanish, 2020)

           Documentary/Drama



 കയ്യിൽ ഭൂത കണ്ണാടിയും പിടിച്ചിരിക്കുന്ന സെർജിയോ അപ്പൂപ്പനെ കണ്ടോ?അങ്ങേർക്കു 84 വയസ്സോളം ഉണ്ട്.ആൾക്ക് പുതിയൊരു ജോലി കിട്ടി.അതും ഈ പ്രായത്തിൽ , പേരക്കുട്ടികളുടെ കൂടെ കളിച്ചും ചിരിച്ചും ഇരിക്കേണ്ട പ്രായത്തിൽ.ജോലി കിട്ടിയതു ഒരു സ്പൈ ആയിട്ടാണ്.അതേ, ഒരു ഡിറ്റക്ട്ടീവ് ഏജൻസിയുടെ ചാരനായി സെർജിയോ 3 മാസം ഒരിടത്തു പോകണം.ഏജൻസിയുടെ ക്ളൈന്റിന്റെ ആവശ്യം അനുസരിച്ചു അവർക്ക് വേണ്ടി ചില രഹസ്യങ്ങൾ കണ്ടെത്തണം എന്നതാണ് ജോലി.


  ഒരു സിനിമ കഥ ആണെന്ന് വിചാരിക്കരുത് ഈ കഥ.മേൽ പറഞ്ഞ കാര്യങ്ങൾ എല്ലാം യാഥാർഥ്യമാണ്.അതു കൊണ്ടു ആണ് Documentary/ Drama എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയതും.അപൂർവങ്ങളിൽ അപൂർവം ആകും ഇങ്ങനെ ഒരു ഡോക്യുമെന്ററി.യഥാർത്ഥ ആളുകളെ അതേ പേരിൽ റിയൽ ആയുള്ള ഒരു കാര്യത്തിലേക്ക് ഇറക്കി വിടുന്നു.അതും അവരുടെ അതേ പേരിലും ഭാവത്തിലും.ക്യാമറകൾ ചുറ്റും ഉണ്ട്.അതാത് സമയം നടക്കുന്ന സംഭവങ്ങൾ അനുസരിച്ചു പ്രതികരിക്കുക.അതാണിവിടെ നടക്കാൻ പോകുന്നത്.


  അങ്ങനെ ഏകദേശം 300 മണിക്കൂറോളം ഉള്ള സംഭവങ്ങളിൽ നിന്നും ഒന്നര മണിക്കൂറിൽ താഴെ ഉള്ള, ഒരു ഫിക്ഷണൽ കഥ എന്നു പ്രേക്ഷകന് തോന്നുന്ന രീതിയിൽ ഒരു ഡോക്യുമെന്ററി.അതാണ് ചിലിയൻ ഡോക്യൂ/ഡ്രാമ The Mole Agent പ്രേക്ഷകന് നൽകുന്നത്.


 സെർജിയോയ്ക്ക് കഴിയാവുന്ന അത്ര ദിവസങ്ങളിലേക്ക് താമസിക്കാൻ ആണ് ആ വൃദ്ധ സദനത്തിലേക്കു ആ ക്രൂ കൊണ്ടു പോകുന്നത്.വൃദ്ധസദനങ്ങളെ കുറിച്ചുള്ള ഒരു ചെറിയ ചിത്രം ഉണ്ടാക്കാൻ ആണെന്ന ഭാവേന, അവർ അവിടെ ക്യാമറകളും സ്ഥാപിച്ചു.ആദ്യം തങ്ങളുടെ സ്വകാര്യതയിലേക്ക് തിരിച്ചു വച്ച ക്യാമറയെ അവിടത്തെ അന്തേവാസികൾ സംശയത്തോടെ ആണ് നോക്കി കാണുന്നത്.എന്നാൽ സെര്ജിയോയുടെ വരവോട് കൂടി അവരിൽ പലരുടെയും ജീവിത കാഴ്ചപ്പാട് മാറി.അവർ ചിരിക്കാനും, മനസ്സു തുറന്നു കരയാനും തുടങ്ങി.സെർജിയോ അപ്രതീക്ഷിതമായി അവരുടെ എല്ലാം ജീവിതത്തിലെ മുറിവുകൾ ഉണക്കുന്ന മരുന്നായി മാറി എന്നതാണ് സത്യം.താൻ അന്വേഷിക്കാൻ വന്ന കാര്യങ്ങൾക്കും അപ്പുറമായിരുന്നു അയാൾ അവിടെ ജോലി ചെയ്തത്.


 തന്റെ പുത്തൻ ജോലിക്കു വേണ്ടി മാത്രം മൊബൈൽ ഫോണിലെ അടിസ്ഥാന സാങ്കേതികത പഠിച്ച സെർജിയോ എന്നാൽ പെട്ടെന്ന് തന്നെ സങ്കീർണമായ മനുഷ്യ മനസ്സിന്റെ നൊമ്പരങ്ങൾ പഠിക്കുകയും അവയ്ക്കുള്ള പ്രതിവിധികൾ നൽകാനും സാധിച്ചു.ഒരു ചാരനായി പോയ അയാളുടെ കണ്ടെത്തലുകൾ നടക്കുന്ന സമയം പ്രേക്ഷകനിൽ ചില നൊമ്പരങ്ങൾ അയാൾ ഉണ്ടാക്കുന്നുണ്ട്.അയാൾ തന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ ശരിക്കും നമ്മളെ വിഷമിപ്പിക്കും.അതിനോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്യും.


 സെർജിയോ ആ വൃദ്ധ സദനത്തിൽ നിന്നും ഇറങ്ങി പോയിരുന്നെങ്കിൽ അവിടം കൊണ്ടു അവസാനിക്കേണ്ടിയിരുന്ന പ്രോജക്റ്റ് ആണിത്.എന്നാൽ ധാരാളം ആളുകളിൽ നിന്നും അഭിമുഖത്തിലൂടെ തിരഞ്ഞെടുത്ത , സ്പൈ സിനിമകളിലെ പോലെ ഉള്ള കുഞ്ഞൻ സാങ്കേതിക വിദ്യകളും ആയി പോയ സെര്ജിയോയുടെ കയ്യിൽ ഉണ്ടായിരുന്നത് അതിനും അപ്പുറം ഉള്ള വിദ്യങ്ങൾ ആയിരുന്നു എന്ന് പ്രേക്ഷകന് മനസ്സിലാകും.


 ഒരു ഫീൽ ഗുഡ് സിനിമ കണ്ട പ്രതീതി ആണ് ശരിക്കും ഈ ഡോക്യൂ/ഡ്രാമ കാണുമ്പോൾ ഉണ്ടാകുന്നത്.ഓസ്‌കാർ പുരസ്‌ക്കാരങ്ങളിൽ മികച്ച ഡോകുമെന്ററി ആയി തിരഞ്ഞെടുത്താൽ പോലും അത്ഭുതപ്പെടേണ്ടി വരില്ല The Mole Agent. ശരിക്കും പ്രേക്ഷകന്റെ കണ്ണും മനസ്സും നിറയ്ക്കും.കാണുക.നല്ലൊരു അനുഭവം ആയിരിക്കും.ഒരു ഡോക്യുമെന്ററി ആയി കണ്ടു സിനിമ സ്നേഹികൾ The Mole Agent ഉപേക്ഷിക്കരുത്.അതു നിങ്ങളുടെ നഷ്ടം ആയിരിക്കും.അൽപ്പം അതിശയോക്തി ആയി തോന്നാമെങ്കിലും സിനിമ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിൽ തോന്നിയത് ഇതാണ്.


Telegram download link: https://t.me/mhviews


 ഡൌൺലോഡ് ലിങ്കിനും കൂടുതൽ സിനിമകൾക്കും ആയി www.movieholicviews.blogspot.ca സന്ദർശിക്കുക.

No comments:

Post a Comment

1818. Lucy (English, 2014)