Wednesday 30 January 2019

1011.Green Book(English,2018)



1011.Green Book(English,2018)
         Biography,Comedy

     
         #Oscar 3

  വളരെയേറെ പുരോഗമിച്ചെങ്കിലും ഒരുക്കാലത്ത് കറുത്ത വംശജരോട് പ്രത്യക്ഷമായി തന്നെ അടിമകളെ പോലെ കരുതിയിരുന്നവരാണ് അമേരിക്കക്കാര്‍.സമൂഹത്തിലെ വിലയും നിളയും തൊലി നിറത്തിന്റെ പേരില്‍ വിലയിരുത്തുക എന്ന ദൗര്‍ഭാഗ്യം അനുഭവിക്കേണ്ടി വന്ന ഒരു ജനത ,ലോകത്തിന്റെ പല കോണുകളിലും പല രീതിയില്‍ ഇത്തരത്തില്‍ അകറ്റി നിര്‍ത്തപ്പെട്ട ആളുകളില്‍ നിന്നും ഒരു വ്യത്യാസവും ഇല്ലാതെ അമേരിക്കയിലും ജീവിച്ചിരുന്നു.അത്ഹിനു പ്രധാന കാരണം തൊലിയുടെ നിറം ആയിരുന്നു എന്ന് മാത്രം.പ്രത്യക്ഷത്തില്‍ താന്‍ ഒരു വര്‍ണവെറിയന്‍ അല്ല എന്ന് കാണിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ആളുകള്‍.അത് അമേരിക്കക്കാരന്‍ ആയാലും പിന്നീട് കുടിയേറിപ്പാര്‍ത്ത ഇറ്റലിക്കാരന്‍ ആയാലും ഒരു പോലെ ആയിരുന്നു.ഈ അവസ്ഥയില്‍ ഇറ്റലിക്കാരനെ അമേരിക്കക്കാരന്‍ അവന്റെ തൊലി നിറത്തിന്‍റെ പേരില്‍ അല്ലെങ്കില്‍ പോലും 'കറുത്തവന്‍" എന്ന് വിളിച്ചാലോ?അതെ.കറുത്ത നിറം അടിമകളെ അല്ലെങ്കില്‍ സ്വന്തം നിലയില്‍ നിന്നും താഴ്ന്നവരെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു കാലം.ആ കാലത്തിന്റെ മറ്റൊരു അടയാളപ്പെടുത്തല്‍ ആണ് 'Green Book'.പേരില്‍ മാത്രമേ ഈ 'പച്ച' ഉള്ളൂ.വ്യക്തമായി കറുത്ത വര്‍ഗക്കാരെ വേര്‍തിരിക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു പുസ്തകം.

  അതെങ്ങനെ ആണ് ഉപയോഗിച്ചിരുന്നതെന്ന് പറയാം.കറുത്ത നിറം ഉള്ളവന്‍ എവിടെ എല്ലാം താമസിക്കാം,ഭക്ഷണം കഴിക്കാം തുടങ്ങിയവ അടങ്ങിയ പുസ്തകമായിരുന്നു അത്.അതായത്.കറുത്ത നിറമുള്ള മനുഷ്യന്‍ എവിടെ ഓക്കെ കയറരുത് എന്നുള്ള സൂചന നല്‍കുന്ന പുസ്തകം എന്നും പറയാം.യഥാര്‍ത്ഥ സംഭവങ്ങളെ ആധാരമാക്കി അവതരിപ്പിച്ച ഈ ചിത്രത്തില്‍,ഒരിക്കല്‍ ഒരു ഇറ്റലിക്കാരന്‍ കറുത്ത വര്‍ഗക്കാരന്‍ ആയ ഒരാളുടെ ജോലിക്കാരന്‍ ആയി മാറുകയും ഈ പുസ്തകം ഉപയോഗിക്കേണ്ടിയും വന്നു.സംഭവ ബഹുലമായ ആ കഥയാണ് 'Green Book'  അവതരിപ്പിക്കുന്നത്‌.

    ടോണി ലിപ് എന്നറിയപ്പെടുന്ന "ടോണി വല്ലെലോംഗ" ജീവിക്കാനായി എന്തും ചെയ്യുന്ന തരത്തില്‍ ഉള്ള ആളാണ്‌.വേണമെങ്കില്‍ ആളുകളെ പറ്റിച്ചായാലും ജീവിക്കാന്‍ തയ്യാറാണ് എന്ന് ചുരുക്കം.അയാള്‍ ജോലി ചെയ്തിരുന്ന കാല്ബ് രണ്ടു മാസത്തേക്ക് പൂട്ടിയപ്പോള്‍ ആണ് ഒരു ജോലി ആവശ്യം വരുന്നത്.സ്വതവേ അന്നത്തെ സാമൂഹിക സ്ഥിതിയില്‍ കറുത്ത നിറം ഉള്ളവനോട് പരിഹാസത്തോടെയും പുച്ഛത്തോടെയും ആണ് അയാളും പെരുമാറിയിരുന്നത്.അയാള്‍ക്ക്‌ ലഭിച്ച ജോലി ഡോ.ഷെര്‍ളി എന്ന കറുത്തവര്‍ഗക്കാരനായ പിയാനോ വിദഗ്ദ്ധന്റെ കൂടെ രണ്ടു മാസക്കാലം നീണ്ടു നില്‍ക്കുന്ന സംഗീത പര്യടനത്തിനു പോവുക എന്നതായിരുന്നു.

  തന്‍റെ മുന്‍വിധികള്‍ ടോണിയെ ആ ജോലിയില്‍ നിന്നും ആദ്യം അകറ്റി നിര്‍ത്തിയെങ്കിലും ഡോ.ശേര്‍ലിക്കു അയാളുടെ സേവനം ആവശ്യമായിരുന്നു.അതിനു കാരണവും ഉണ്ടായിരുന്നു.ഷെര്‍ളി നടത്തുന്ന സംഗീത പര്യടനം അമേരിക്കയിലെ പ്രശസ്തമായ നഗരങ്ങളിലെ പണക്കാര്‍ക്ക് വേണ്ടി ഉള്ള പ്രത്യേക പരിപാടികളില്‍ ആയിരുന്നു.അവര്‍ യാത്ര തുടരുന്നു.ക്രിസ്തുമസിനു മുന്‍പ് തിരിച്ചു വരാം എന്ന പ്രതീക്ഷയോടെ.ഒരു റോഡ്‌ മൂവി എന്ന് ഭാഗികമായി വിളിക്കാവുന്ന ചിത്രമാണ് 'ഗ്രീന്‍ ബുക്ക്'.അവര്‍ രണ്ടു പേരും യാത്രയിലൂടെ പരസ്പ്പരം മനസ്സിലാക്കുകയാണ്.ഒരിക്കലും ചേരാത്ത രണ്ടു പ്രകൃതങ്ങള്‍.അന്തസ്സാണ് മനുഷ്യന് വേണ്ടതെന്നു കരുതുന്ന ഷെര്‍ളി.ഇഷ്ടമുള്ള കാര്യം ചെയ്യുന്നതാണ് ജീവിതം എന്ന് പറയുന്ന ടോണിയും തമ്മില്‍ സ്വഭാവത്തിന്റെ അന്തരത്തില്‍ ഉണ്ടാകുന്ന ഭിപ്രായ വ്യത്യാസങ്ങള്‍ രസകരമായിരുന്നു.ചിത്രത്തിന്‍റെ ആത്മാവ് അതായിരുന്നു.അതിനോടൊപ്പം പല സ്ഥലങ്ങളിലും ഉള്ള വംശീയ വിദ്വേഷത്തിന്റെ അവതരണവും.

  നല്ല ഒരു സൗഹൃദം അവിടെ രൂപപ്പെടുകയായിരുന്നു.അവരുടെ യാത്ര അതി മനോഹരമായി മാറുന്നു ഒരവസരത്തില്‍.'നന്മ മരം' എന്ന് വിളിച്ചു ആക്ഷേപിക്കാന്‍ തോന്നുമ്പോള്‍ മനസ്സിലാക്കണം.ഇത് ഒരു കാലത്തിന്റെ അടയാളപ്പെടുത്തല്‍ ആണ്.അവിടെ നന്മയുടെ ഉറവിടം വറ്റിയിരുന്നെങ്കില്‍ നമ്മള്‍ ഈ ഭൂമിയില്‍ കാണുകയില്ലായിരുന്നു എന്ന്.ആ പച്ച പുസ്തകത്തിലെ പേരും അന്വേഷിച്ചു,കറുത്ത നിറം ഉള്ളവനെ സ്വാഗതം ചെയ്യുന്ന സ്ഥലം അന്വേഷിച്ചു അവര്‍ യാത്ര തുടരുകയാണ്.സാമൂഹികവും രാഷ്ട്രീയവുമായ മാനം ചിത്രത്തിന് ഉണ്ടെങ്കിലും എനിക്ക് ഇഷ്ടമായത് ബന്ധങ്ങളുടെ കഥയാണ്.ഇടയ്ക്ക് കരയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന വളരെ നല്ല ഒരു 'feel good movie' ആയിരുന്നു 'ഗ്രീന്‍ ബുക്ക്'.മറക്കാതെ കാണുക.ഇഷ്ടമാകും!!


  2019 ലെ ഓസ്ക്കാര്‍ നാമനിര്‍ദേശ പട്ടികയില്‍ അവസാന ഘട്ടത്തിലേക്ക് കടന്ന ചിത്രം 5 വിഭാഗത്തില്‍ മത്സരത്തിനുണ്ട്.മികച്ച നടനായി വിഗോ മോര്‍ട്ടന്സന്‍,സഹനടന്‍ വിഭാഗത്തില്‍ മഹേര്‍ഷല അലി എന്നിവര്‍ വളരെ നല്ല നാമനിര്‍ദേശം ആയാണ് തോന്നിയത്.ഇതില്‍ മഹേര്‍ഷല അലി ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരം നേടുകയും ചെയ്തിരുന്നു.മികച്ച ചിത്രം,തിരക്കഥ,ഫിലിം എഡിറ്റിംഗ് എന്നിവയാണ് മറ്റു വിഭാഗങ്ങള്‍.


More movie suggestions @www.movieholicviews.blogspot.ca

സിനിമയുടെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്

t.me/mhviews

No comments:

Post a Comment

1835. Oddity (English, 2024)