Sunday 16 September 2018

935.EEDA(MALAYALAM,2018)


935.EEDA(MALAYALAM,2018)

   
   വാര്‍ത്തകളില്‍ നിറയുന്ന ആക്രമണകാരികള്‍ ആയ രാഷ്ട്രീയ  പാര്‍ട്ടികളെ കുറിച്ചുള്ള വിവരങ്ങള്‍ എന്നും ഭയം ഉളവാക്കുന്നത് ആണ്.പേരില്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയും,വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രീതികള്‍ ആളുകളിലേക്ക്‌ ഇറക്കി വിടുകയും ചെയ്യുന്ന എല്ലാ പാര്‍ട്ടികളെയും സമാസമം കാഴ്ചയിലൂടെ വിമര്‍ശിക്കുന്ന ചിത്രമാണ് 'ഈട'.സാമാന്യബുദ്ധിയ്ക്കും അപ്പുറം ആണ് കണ്ണൂരില്‍ നടക്കുന്ന സംഭവങ്ങള്‍ എന്ന് തോന്നുന്നു.ആക്രമണ രാഷ്ട്രീയത്തെ ശക്തമായി എതിര്‍ത്ത് കൊണ്ട് ഉള്ള മനസ്സുമായി ആണ് 'ഈട' കണ്ടു തുടങ്ങിയത്.


   ഒരു പ്രണയകഥയാണ് ചിത്രത്തില്‍ നായിക-നായക കഥാപാത്രങ്ങള്‍ക്ക് വേണ്ടി  ഒരുക്കി വച്ചിട്ടുള്ളത് എങ്കിലും,പത്രങ്ങളില്‍ നിന്നും ഓരോ കൊലപാതക സമയത്തും വരച്ചുകാട്ടുന്ന ചിത്രമുണ്ട് ഓരോ പാര്‍ട്ടിയുടെയും 'പാര്‍ട്ടി ഗ്രാമങ്ങളെ' കുറിച്ചുള്ളതു.ആ വിവരങ്ങളുടെ ദൃശ്യാവിഷ്കാരം ആയിരുന്നു ചിത്രം ഏറെക്കുറെയും.പ്രാദേശിക വിദ്വേഷങ്ങള്‍ ഏറെ കഥാപ്രമേയം ആയി വരുന്ന  തമിഴ് സിനിമയ്ക്ക് കട്ടയ്ക്ക് എതിര് നില്‍ക്കും 'ഈട'.അത്രയേറെ സ്വാഭാവികം ആയിരുന്നു കൊലപാതകങ്ങളും അത് മറ്റുള്ളവരിലേക്ക് പടര്‍ത്തുന്ന ഭീതിയും എല്ലാം.


   സിനിമയുടെ കഥയില്‍ വലിയ സങ്കീര്‍ണതകള്‍ ഒന്നുമില്ല.പക്ഷെ 'ഷെയിന്‍ നിഗം' എന്ന ചെറുപ്പക്കാരന്‍ ഇനിയും കൂടുതല്‍ പ്രതീക്ഷ നല്‍കുന്ന നടന്‍ ആണെന്ന് തന്നെ ഉള്ള വിശ്വാസം കാത്തു.എവിടെയോ വായിച്ചിരുന്നു.'എല്ലാ നടിമാരും രാവിലെ ഒരുങ്ങി മേയ്ക്കപ്പ് ഇടുമ്പോള്‍,നിമിഷ സജയന്‍ മാത്രം വെറുതെ മുഖവും കഴുകി ക്യാമറയുടെ മുന്നില്‍ വന്നു നില്‍ക്കുന്നു' എന്ന്.ആ ഒരു രൂപ ഭംഗി തന്നെയാകും ഒട്ടും കൃത്രിമത്വം തോന്നിക്കാത്ത ഒരു സാധാരണ മലയാളി പെണ്‍ക്കുട്ടി ആയി തന്നെ ആ കഥാപാത്രത്തെ കാണാനും കഴിഞ്ഞത് എന്ന് തോന്നുന്നു.'ഈട' യുടെ കഥ ആ പ്രണയം ഇല്ലായിരുന്നെങ്കില്‍ 'കണ്ണൂരിലെ കൊലക്കളങ്ങള്‍' എന്നോ മറ്റോ പറഞ്ഞു ഒരു ഡോക്യുമെന്‍ററി ആയി അവതരിപ്പിക്കാന്‍ തക്ക റിയാലിറ്റി ഉള്ളതായി തോന്നി.

  തന്‍റെ കന്നി ചിത്രത്തിലൂടെ തന്നെ ബി.അജിത്കുമാര്‍ എന്ന സംവിധായകനും നല്ല ഒരു സിനിമ ഒരുക്കി തന്നെ ആണ് പ്രേക്ഷകന്റെ മുന്നില്‍ വന്നിരിക്കുന്നത് എന്നതും പ്രതീക്ഷ നല്‍കുന്നു.ഫിലിം എഡിറ്ററില്‍ നിന്നുമുള്ള മാറ്റത്തില്‍ ആരുടേയും പക്ഷം പികാതെ തന്നെ ഇത്രയും 'sensitive' ആയ ഒരു വിഷയം കൈകാര്യം ചെയ്തത് തന്നെ പ്രശംസ അര്‍ഹിക്കുന്നു.പ്രേക്ഷകര്‍ പലരും കാത്തിരുന്നു കണ്ട സിനിമ ആണ് 'ഈട' എന്ന് അറിയാം.ഇനിയും കാണാത്തവര്‍ ഉണ്ടെങ്കില്‍ കാണുക.പ്രത്യേകിച്ചും വാര്‍ത്തകളിലൂടെ മാത്രം അറിയുന്ന കൊലക്കളങ്ങള്‍ കാണുവാന്‍.ആ ഭാഗങ്ങളില്‍ ജീവിക്കേണ്ടി വരാത്തതില്‍ സന്തോഷവും തോന്നുന്നു,വ്യക്തിപരമായി!!
 


   

No comments:

Post a Comment

1835. Oddity (English, 2024)