Thursday 14 December 2017

812.STRONGER(ENGLISH,2017)

812.STRONGER(ENGLISH,2017)

   |Drama|Biography|
Directed by David Gordon Green
Characters Played by Jake Gyllenhaal, Tatiana Maslany, Miranda Richardson

MH Views Rating;4/5

   
  2013 ലെ 'ബോസ്റ്റണ്‍ മാരത്തോണ്‍' ബോംബ്‌ സ്ഫോടനം ആസ്പദമാക്കി ചിത്രങ്ങള്‍ നിര്‍മിച്ചിരുന്നു.'Patriot's Day' എന്ന മാര്‍ക്ക് വാല്ബെര്‍ഗ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ആ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന കേസ് അന്വേഷണം ആയിരുന്നു പ്രധാനമായും അവതരിപ്പിച്ചത്.എന്നാല്‍ ആ സംഭവത്തിനെ വേറെ ഒരു രീതിയില്‍,അതില്‍ ഇരയായി മാറിയ ഒരാളുടെ കാഴ്ച്ചപ്പാടിലൂടെ അവതരിപ്പിച്ച ചിത്രമാണ് 'Stronger'.യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ,സ്ഫോടനത്തില്‍ രണ്ടു കാലുകളും നഷ്ടപ്പെട്ട ജെഫ് ബോമാന്റെ മറക്കാന്‍ ആഗ്രഹിക്കുന്ന ആ ദിവസത്തിന് ശേഷം നടന്ന സംഭവങ്ങള്‍ ആണ് ചിത്രത്തില്‍ ഉള്ളത്.ഇതേ പേരില്‍,ജെഫ് ബോമാനും,ബ്രെറ്റ് വിട്ടറും എഴുതിയ ഓര്‍മ്മക്കുറിപ്പുകള്‍‍ ആണ് ചിത്രത്തിന്റെ ജീവന്‍.

   മാരത്തോണില്‍ പങ്കെടുക്കുന്ന കാമുകിയെ ഫിനീഷിംഗ് ലൈനില്‍ കാണാനായി കാത്തിരുന്ന ബോമാന്‍ എന്നാല്‍ അന്ന് നടന്ന ഇരട്ട സ്ഫോടനങ്ങളില്‍ ഒന്നില്‍ ഇരയായി മാറുകയായിരുന്നു.'കോസ്ക്കോ'യിലെ സാധാരണ ജീവനക്കാരന്‍ ആയ ജെഫ് എന്നാല്‍ കമ്പനിയില്‍ നിന്നും ലഭിച്ച ആനുകൂല്യങ്ങള്‍ ഉള്‍പ്പടെ ഉള്ള സഹായത്താല്‍ തന്‍റെ മോശം അവസ്ഥയെ നേരിടാന്‍ ശ്രമിക്കുന്നു.അന്നത്തെ ദാരുണ സംഭവത്തിന്‌ മുന്‍പ് അയാളോടുള്ള മറ്റുള്ളവരുടെ സമീപനം;പ്രത്യേകിച്ചും കുടുംബക്കാരുടെ,അപകടത്തിനു ശേഷം അയാള്‍ അവര്‍ക്കൊരു ബാധ്യത ആകും എന്ന് കരുതിയ നിമിഷങ്ങള്‍,പിന്നീട് 'Boston Strong' ന്‍റെ പ്രചാരണത്തിലൂടെ നേടിയ താര പരിവേഷം അവര്‍ മുതലെടുക്കുന്നത്.അങ്ങനങ്ങനെ അയാള്‍ ആ ചുരുങ്ങിയ കാലയളവില്‍ കടന്നു പോയത് ധാരാളം അവസ്ഥകളിലൂടെ ആയിരുന്നു.

  ജേക്ക് കണ്ണുകള്‍ വളരെ പ്രാധാന്യത്തോടെ തന്‍റെ കഥാപാത്രങ്ങളില്‍ ഉപയോഗിക്കുന്ന നടന്‍ ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.അലസമായ കഥാപാത്രത്തില്‍ നിന്നും ഇരയായും നിസഹായനായും എല്ലാം അഭിനയിക്കാന്‍ ആ കണ്ണുകള്‍ തന്നെ ജേക്കിനു ധാരാളമായിരുന്നു.പല ചിത്രങ്ങളിലും അയാള്‍ തന്‍റെ കഥാപാത്രങ്ങളെ കണ്ണുകള്‍ കൊണ്ട് അവിസ്മരണീയം ആക്കിയിട്ടും ഉണ്ട്.അയാളോടൊപ്പം കഥാപാത്രങ്ങളിലൂടെ ചിരിക്കാനും കരയാനും ചിലപ്പോള്‍ പ്രേക്ഷകന് സാധിക്കുന്നത് ആ കണ്ണുകളിലൂടെ ആയിരുന്നിരിക്കണം.


 രണ്ടു കാലും നഷ്ടപ്പെട്ട അവസ്ഥ തരണം ചെയ്യുന്ന വെറും ഒരു 'ക്ലീഷേ' ,'ഫീല്‍ ഗുഡ്' സിനിമ അല്ല ഒരിക്കലും 'Stronger'.പകരം,ഇത്തരമൊരു വിഷയത്തെ അമിതമായ പൊക്കി പറച്ചിലുകള്‍ ഇല്ലാതെ വേറൊരു കാഴ്ചപ്പാടില്‍ ആണ് ചിത്രത്തിന്റെ മൊത്തത്തില്‍ ഉള്ള അവതരണ രീതി.തന്നിലേക്ക് വന്ന താര പരിവേഷം അയാള്‍ കാണുന്നത് വൈരുദ്ധ്യാത്മകമായി ,തനിക്കു സംഭവിച്ച നഷ്ടത്തിലൂടെ ആണ്.പലപ്പോഴും അയാള്‍ക്ക്‌ സ്വയം നിയന്ത്രിക്കാന്‍ കഴിയാതെ പൊട്ടി തെറിക്കുകയും അയാളുടെ ആകുലതകളും ഭയങ്ങളും വേട്ടയാടുന്നും ഉണ്ട്.ചുരുക്കത്തില്‍ അതി മനോഹരമായ ജീവനുള്ള,എന്നാല്‍ സ്ഥിരം രീതികള്‍ അവലംബിക്കാതെ,ഇത്തരം അവസ്ഥയില്‍ ആകുന്ന ഏതൊരാള്‍ക്കും ജീവിതത്തോട് ഇഷ്ടം തോന്നിക്കുന്ന അവസാന സംഭാഷണ ശകലങ്ങള്‍ മനസ്സില്‍ തങ്ങി നില്‍ക്കുക തന്നെ ചെയ്യും.അതൊരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ്.ലോകത്തില്‍ ദുരന്തങ്ങളിലൂടെ കടന്നു പോകുമ്പോള്‍ അതില്‍ എങ്കിലും നമ്മള്‍ ഒറ്റയ്ക്കല്ല എന്ന സന്തോഷം.


  അടുത്ത് കണ്ട മികച്ച ചിത്രങ്ങളില്‍ ഒന്നാണ് 'Stronger'.നിരൂപക പ്രശംസ നല്ലത് പോലെ ലഭിച്ചുവെങ്കിലും പരാജയ ചിത്രമായി മാറാന്‍ ആയിരുന്നു വിധി.എന്നാല്‍ പോലും ഈ ചിത്രത്തിലൂടെ എന്ത് ആണ് അവതരിപ്പിക്കാന്‍ ശ്രമിച്ചത്‌ എന്ന് വ്യക്തമായി പ്രേക്ഷകനെ ബോധിപ്പിക്കാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ടെന്നു വിശ്വസിക്കുന്നു.

No comments:

Post a Comment

1835. Oddity (English, 2024)