Saturday 4 November 2017

795.INCENDIES(FRENCH,2010)

795.INCENDIES(FRENCH,2010),|Mystery|Drama|War|,Dir:-Denis Villeneuve,*ing:-Lubna Azabal, Mélissa Désormeaux-Poulin, Maxim Gaudette.


    നവാല്‍ മര്‍വാന്‍ തന്‍റെ മരണത്തിനു ശേഷം ഇരട്ടകള്‍ ആയ തന്‍റെ മക്കള്‍ക്ക്‌ വേണ്ടി എഴുതിയ വില്‍പത്രത്തില്‍ ഉണ്ടായിരുന്നത് അവര്‍ക്കുള്ള സ്വത്തു വിവരങ്ങള്‍  മാത്രമല്ലായിരുന്നു.അറിയപ്പെടാത്ത അവരുടെ ജീവിതം കൂടിയായിയിരുന്നു.കാനഡയില്‍ കുടിയേറിപ്പാര്‍ത്ത നവാല്‍ അവരുടെ വേരുകളിലേക്ക് ഇറങ്ങി ചെല്ലാന്‍ തന്‍റെ മക്കളെ നിര്‍ബന്ധിതരാക്കുന്നു.അധികമാര്‍ക്കും അറിയാത്ത അവരുടെ മുന്‍ക്കാല ജീവിതം,അവരുടെ രാഷ്ട്രീയം,പ്രണയം,ജീവിതത്തിലെ ദുരിതങ്ങള്‍ എന്നിവയെല്ലാം അവരുടെ മരണത്തിനു ശേഷം പ്രാധാന്യമേറി വരുന്നു.

   തന്‍റെ വില്‍പ്പത്രത്തില്‍ ജീന്‍ മര്‍വാനും,സൈമണ്‍ മര്‍വാനും ആയി നീക്കി വച്ചവയില്‍ രണ്ടു എഴുത്തുകളും ഉണ്ടായിരുന്നു.ഒന്ന് അവരുടെ പിതാവിനെ കണ്ടെത്തി അയാള്‍ക്ക്‌ കൊടുക്കാന്‍.മറ്റൊന്ന് അവര്‍ക്ക്  ഒരിക്കലും അറിയാത്ത തങ്ങളുടെ സഹോദരനെ കണ്ടെത്തി അയാളെ ഏല്‍പ്പിക്കാന്‍ ഉള്ളത് .സൈമണ്‍ തന്‍റെ അമ്മയുടെ ഭ്രാന്തിനെ അവഗണിക്കാന്‍ ശ്രമിക്കുന്നെങ്കിലും നോട്ടറി ആയ ലെബേലും സഹോദരി ജീന്‍ മര്‍വാനും ,നവാലിന്റെ ആഗ്രഹം തന്നെ നടക്കണം എന്ന് വാശി പിടിക്കുന്നു.നവാലിന്റെ ആവശ്യങ്ങള്‍ അറിഞ്ഞപ്പോള്‍ ഉണ്ടായ ഞെട്ടലുകളില്‍ നിന്നും അവരുടെ ആഗ്രഹങ്ങള്‍ സാധിക്കാനായുള്ള അന്വേഷണം തുടരുന്നതായാണ് Incendies എന്ന ഫ്രഞ്ച്-കനേഡിയന്‍ ചിത്രം അവതരിപ്പിക്കുന്നത്‌,മനുഷ്യന്റെ ദുരൂഹവും ഒരിക്കലും മനസ്സിലാകാന്‍ സാധിക്കാത്ത മനുഷ്യന്റെ വിധിയെ കുറിച്ചും ആണ്.ആരോടും പരിഭവങ്ങള്‍ പറയാനും ചോദ്യം ചെയ്യാനും സാധിക്കാന്‍ കഴിയാത്ത വിധി.സാഹചര്യങ്ങളുടെ സ്വാധീനം മാത്രമായിരിക്കാം ഒരു പക്ഷെ ഓരോ മനുഷ്യന്റെയും വിധിയെ തീരുമാനിക്കുന്നത് എന്നതിന് അടിവരയിടുന്നു ചിത്രത്തില്‍ പലയിടത്തും.

   തന്‍റെ പ്രണയത്തിനു പകരമായി നവാലിനു നഷ്ടപ്പെട്ടത് അവരുടെ പ്രിയപ്പെട്ടവനെ ആണ്.കുടുംബത്തിന്റെ മാന്യത തകര്‍ത്തൂ എന്ന് പറഞ്ഞു നവാലിന്റെ സഹോദരന്മാര്‍ നടത്തിയ കൊലപാതകം.അവളുടെ പ്രണയത്തിന്‍റെ അടയാളമായി ലഭിച്ച ആണ്ക്കുഞ്ഞിനെ ജനിച്ചയുടന്‍ തന്നെ അവള്‍ക്കു ഉപേക്ഷിക്കേണ്ടി വരുന്നു,ജീവിതത്തില്‍ മറ്റു പലതും നേടാം എന്ന ഉപാധിയോടെ.ഒരമ്മ എന്ന നിലയില്‍ നവാല്‍ ആ സാഹചര്യത്തില്‍ തീര്‍ത്തും ബലഹീന ആയിരുന്നു.എന്നാല്‍ പിന്നീട് ലഭിച്ച പുതു ജീവിതത്തില്‍ അവര്‍ രാഷ്ട്രീയവും സാമൂഹികവുമായ ഐക്യപ്പെടലുകള്‍ നടത്തുന്നു.ഒപ്പം എന്നെങ്കിലും തനിക്കു നഷ്ടമായ കുഞ്ഞിനെ തിരികെ കണ്ടെത്തും എന്ന വിശ്വാസത്തോടെ.


  നവാല്‍ തന്‍റെ രക്തത്തെ കണ്ടെത്തുമോ എന്ന ചോദ്യം പ്രേക്ഷകനില്‍ ഉണ്ടാകുമ്പോള്‍ ,ആ ഉത്തരം നല്‍കുന്ന അടുത്ത ചോദ്യമാണ് ഒരിക്കലും പൂരിപ്പിക്കാന്‍ ആകാത്ത സമസ്യ പോലെ അവസാനിക്കുന്നതും.ഒരിക്കലും ചേര്‍ക്കാന്‍ കഴിയാത്ത ഒരു കണക്കു കൂട്ടല്‍.പ്രത്യേകിച്ചും പരിഷ്കൃത സമൂഹത്തില്‍ നീചമായി കരുതുന്ന പലതിനെയും അറിഞ്ഞു കൊണ്ട് അംഗീകരിക്കേണ്ടി വരുന്ന അവസ്ഥ.ദുരൂഹമായ നവാല്‍ മര്‍വാന്റെ സംഭവബഹുലം ആയ കഥയാണ് Incendies അവതരിപ്പിക്കുന്നത്‌.

  ടെന്നീസ് വില്ലേനൂവിന്റെ അസാധാരണമായ സംവിധായക മികവില്‍ കുത്തുകള്‍ യോജിപ്പിച്ച് ലക്ഷ്യത്തില്‍ എത്തിച്ചേരുന്ന ഒരു കളി പോലെയാണ് Incendies ന്‍റെ അവതരണം.വില്ലേനൂവിന്റെ ചിത്രങ്ങളില്‍ പലപ്പോഴുംകാനുന്ന ദുരൂഹതയേറിയ കഥാപാത്രങ്ങളും സാഹചര്യങ്ങളും ഇവിടെയും അന്യമല്ല.യാഥാസ്ഥിക കുടുംബങ്ങളില്‍ ഒരു പെണ്‍ക്കുട്ടിയുടെ പ്രണയം അവള്‍ക്കു ജീവിതം മുഴുവന്‍ ബാധ്യതയായി തീരുന്നതും,സംഘര്‍ഷഭരിതം ആയ, അജ്ഞാതമായ ആ രാജ്യത്തെ കലാപങ്ങള്‍ എല്ലാം രാഷ്ട്രീയമായും സാമൂഹികമായും പലതിന്റെയും ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി മാറുന്നു.

"1+1=2" ആണെന്നാണ്‌ പഠിച്ചിട്ടുള്ളത്.എന്നാല്‍ സാധാരണ ഗതിയില്‍ ഒരിക്കലും ശരിയാകാത്ത  ഒന്നാണ് "1+1=1".പക്ഷേ
ന്യായീകരിക്കാന്‍ ആകാത്ത തെറ്റുകളുടെ മേലെ ഉള്ള സത്യങ്ങളുടെ കണക്കുകള്‍ പലപ്പോഴും ഇങ്ങനെ ആണ്.അജ്ഞാതമായ,നിഗൂഡതകള്‍ ഏറെയുള്ള തെറ്റുകളുടെ സൂത്ര വാചകം.

No comments:

Post a Comment

1835. Oddity (English, 2024)