Thursday 19 October 2017

783.EL BAR(SPANISH,2017)

770.EL BAR(SPANISH,2017),|Thriller|Dir:-Álex de la Iglesia,*ing:-Jorge Guerricaechevarría, Álex de la Iglesia.


സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള മാറ്റം മനുഷ്യരില്‍ ഉണ്ടാകാറുണ്ട്.അതില്‍  തന്നെ ഭയം ഉള്ള അവസ്ഥയില്‍ ഒരു മനുഷ്യന്‍ എങ്ങനെ പെരുമാറുന്നു എന്നത് സസൂക്ഷ്മം  നിരീക്ഷിക്കപ്പെടെണ്ട ഒന്നാണ്.ഒരു പക്ഷെ മനുഷ്യസ്വഭാവം മറകള്‍ ഒന്നും ഇല്ലാതെ പുറത്തു വരുന്ന ഒരേ ഒരു അവസ്ഥ അവന്റെ ഭയത്തില്‍ ആയിരിക്കാം.തന്‍റെ യഥാര്‍ത്ഥ സ്വഭാവത്തിന് മറയായി അവതരിപ്പിക്കുന്ന ജീവിത വീക്ഷണങ്ങള്‍ ആകില്ല ഭയത്തെ നേരിടേണ്ട സന്ദര്‍ഭത്തില്‍എത്തുമ്പോള്‍.El bar എന്ന സ്പാനിഷ് ത്രില്ലര്‍ ചിത്രം അത്തരം അവസരങ്ങള്‍ അന്വേഷിക്കുകയാണ് മനുഷ്യ മനസ്സിലൂടെ.

   ഒരു പ്രത്യേക ദിവസം രാവിലെ ആ ചെറിയ രെസറ്റൊരന്റില്‍ ഒന്നിച്ചു കൂടുന്ന അപരിചിതര്‍.അവര്‍ അന്ന് നേരിടേണ്ടി വരുന്നത് അസാധാരണം ആയ സാഹചര്യങ്ങള്‍ ആയിരുന്നു.രെസറ്റൊരന്റില്‍ നിന്നും വെളിയില്‍ ഇറങ്ങിയപ്പോള്‍ കൊല്ലപ്പെട്ട രണ്ടു പേര്‍.പുറം ലോകവും ആയുള്ള ബന്ധം അല്‍പ്പ സമയത്തിനുള്ളില്‍ തന്നെ അവര്‍ക്ക് നഷ്ടമാകുന്നു.എന്താണ് തങ്ങളുടെ ചുറ്റും സംഭവിക്കുന്നത്‌ എന്ന് അവര്‍ക്ക് മനസ്സിലാകുന്നില്ല.എന്തോ കുത്തി വച്ചതിനു ശേഷം മരണപ്പെട്ട തടിച്ച മനുഷ്യന്‍റെ ശവ ശരീരം കൂടി അവിടത്തെ ശുചിമുറിയില്‍ കണ്ടെത്തിയതോടെ അവര്‍ കൂടുതല്‍ പരിഭ്രാന്തരാകുന്നു.

  ഇതിനോടൊപ്പം പരസ്പ്പരം ഉണ്ടാകുന്ന സംശയങ്ങളിലൂടെ അവര്‍ ഓരോരുത്തരും സ്വന്തം ജീവിതം കൂടുതല്‍ അപകടത്തില്‍ എത്തിക്കുന്നു..സംശയങ്ങള്‍ പലതരം കഥകള്‍ ആയി മാറുന്നു.പുറത്തു ഉണ്ടായിരുന്ന ശവ ശരീരം അപ്രത്യക്ഷമാകുന്നു.പിന്നീട് നടന്ന സംഭവങ്ങളിലൂടെ അവരുടെ ചിന്തകള്‍ക്ക് ഒപ്പം നില്‍ക്കുന്നവരില്‍ അവരുടെ വിശ്വസതാരെ കണ്ടെത്തുകയും മറ്റുള്ളവരെ സംശയത്തോടെ നോക്കി കാണുവാനും തുടങ്ങുന്നു.


   ഒരു ബി ഗ്രേഡ് ഹൊറര്‍ ചിത്രം ആയി മാറാവുന്ന കഥാപശ്ചാത്തലം.എന്നാല്‍ പ്രമേയപരമായി ചിത്രം പിന്നീട് വളരെയേറെ മുന്നേറുന്നത് ആണ് കാണാന്‍ സാധിക്കുക.മനുഷ്യ മനസ്സുകളില്‍ ഭയം എന്ന വികാരം  എന്തെല്ലാം സ്വഭാവ വ്യതിയാനങ്ങള്‍ വരുത്തുന്നു എന്നുള്ളത് പ്രാധാന്യമുള്ള ഒരു വിഷയം ആണ് അതില്‍.പരസ്പ്പരം കൊല ചെയ്യാന്‍ പോലുമുള്ള മാനസികാവസ്ഥ അല്‍പ്പ സമയം കൊണ്ട് പരിചയത്തില്‍ ആയവര്‍ തമ്മിലുണ്ടായി.ഊഹാപോഹങ്ങള്‍ അവരില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കി.നഗരം മുഴുവന്‍ പടര്‍ന്നു പിടിച്ച വൈറസ് ആയിരിക്കും അവരുടെ ഈ അവസ്ഥയിലേക്ക് നയിച്ചതെന്ന തരത്തില്‍  വിശ്വസിക്കുന്നു.ആധികാരികത ഒട്ടും ഇല്ലാത്ത ചിന്തകള്‍ വരെ അതിലുണ്ടായി.അല്‍പ്പ നേരം പുറം ലോകവുമായുള്ള ബന്ധം മുറിഞ്ഞാല്‍ നമ്മളില്‍ പലരും ഇപ്പോഴത്തെ ജീവിത സാഹചര്യങ്ങള്‍ നല്‍കിയ easy-life ല്‍ ഇങ്ങനെ അല്ലെ ചിന്തിക്കുക എന്ന് പോലും ഭയത്തോടെ തോന്നിപ്പിക്കും.


  അവിടെ പിന്നീട് എന്തുണ്ടായി എന്നാണ് ചിത്രം അവതരിപ്പിക്കുന്നത്‌.ചിത്രത്തിന്റെ ക്ലൈമാക്സ്‌ അക്ഷരാര്‍ത്ഥത്തില്‍ അതിനു മുന്‍പുള്ള രംഗങ്ങള്‍ സമ്മാനിച്ച ഒരു ത്രില്ലര്‍ സ്വഭാവത്തില്‍ നിന്നും ഭയപ്പെടുത്തുന്ന,വിഷമിപ്പിക്കുന്ന ഒന്നായി മാറും പ്രേക്ഷകന്.ഒരു പക്ഷെ കെട്ടു കഥകളിലൂടെ ഭയത്തിന്റെ വിത്തുകള്‍ സ്വയം പാകി അതില്‍ ഭയം എന്ന വൃക്ഷത്തെ വളര്‍ത്തുന്ന നമ്മളില്‍ പലരിലും ഇതിലെ കഥാപാത്രങ്ങളെ കാണാന്‍ സാധിക്കും.കഥാപാത്രങ്ങള്‍ തമ്മില്‍ ഉള്ള സംഭാഷണങ്ങളിലൂടെ  തുടക്കത്തില്‍ സഞ്ചരിക്കുന്ന ചിത്രം പിന്നീട് സ്വന്തം നിലനില്‍പ്പിനായി പരിമിതമായ ആ സാഹചര്യങ്ങളില്‍ ശ്രമിക്കുന്ന കഥാപാത്രങ്ങളിലൂടെ മറ്റൊരു മുഖം കൈവരിക്കുന്നു.

  ഒരു ദിവസത്തെ സംഭവങ്ങള്‍ ആണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നതെങ്കിലും കാലാകാലങ്ങളായി അവരുടെ ചുറ്റും കാണുന്നതും കേള്‍ക്കുന്നതുമായ വാര്‍ത്തകളുടെ,സംഭവങ്ങളുടെ ഭയം ഉളവാക്കുന്ന ചിന്തകള്‍ ആയിരിക്കും അവരെ കൊണ്ട് അങ്ങനെ എല്ലാം ചെയ്യിക്കുന്നത്.അവസാനം തങ്ങളുടെ പ്രവര്‍ത്തികള്‍ അവരെ എവിടെ കൊണ്ടെത്തിക്കുന്നു എണ്ണത്തില്‍ ചിത്രം അവസാനിക്കുമ്പോള്‍ ബാക്കിയാകുന്നത് അവര്‍ ചെയ്തതെല്ലാം എന്തിനു വേണ്ടി എന്ന ചോദ്യത്തിലായിരിക്കും.

No comments:

Post a Comment

1835. Oddity (English, 2024)