Sunday 22 January 2017

731.JOKER(TAMIL,2016)

731.JOKER(TAMIL,2016),Dir:-Raju Murugan,*ing:- Guru Somasundaram,Ramya pandian.


  കക്കൂസിന്റെ  രാഷ്ട്രീയം പ്രസക്തം  ആയ  രാജ്യത്തിന്  ചേരുന്ന തരത്തില്‍  അണിയിച്ചു  ഒരുക്കിയ  മികച്ച  പൊളിറ്റിക്കല്‍  സറ്റയര്‍/ഡ്രാമ  വിഭാഗത്തില്‍  ഉള്ള  ചിത്രം  ആണ്  ജോക്കര്‍.ജനാധിപത്യം നല്‍കുന്ന  സംരക്ഷണം  സമൂഹത്തിലെ ഒരു  വിഭാഗം  ആളുകളിലേക്ക്‌  മാത്രം  എത്തുകയും അതിനു  അപ്പുറം  ഉള്ളവര്‍  മനുഷ്യര്‍  ആയി  പോലും  കണക്കാക്കാത്ത  സാമൂഹിക  വ്യവസ്ഥിതിയുടെ  ഭീകരം  ആയ  കാഴ്ചയും  ഈ  ചിത്രത്തില്‍  അവതരിപ്പിക്കപ്പെടുന്നുണ്ട്.മന്നര്‍  മന്നന്‍ അയാളുടെ  ജീവിതത്തില്‍  അനുഭവിച്ചതില്‍  നിന്നും  ഉണ്ടായ  പ്രതിഷേധം   ആണ് സമൂഹത്തിന്റെ  മുന്നില്‍  പരിഹസ്യന്‍  ആയി  സ്വയം  പ്രഖ്യാപിത ഇന്ത്യന്‍  പ്രസിഡന്റ്‌ ആകാന്‍  ഉള്ള  കാരണം.സ്വബോധം  നശിച്ച  മനുഷ്യന്‍  ആണ്  അയാള്‍  എന്ന തോന്നല്‍  ഉണ്ടാകുമെങ്കിലും അയാളിലും  ശരികള്‍  ഉണ്ടായിരുന്നു.ഒരു  പക്ഷെ സമൂഹം  തീര്‍ത്ത  വേലി  കെട്ടുകള്‍  ഇല്ലാത്ത  ആര്‍ക്കും  തോന്നാവുന്ന  ചിന്തകള്‍.


    ബ്യൂറോക്രട്ടുകളോട്  അവരുടെ  ജോലി  ചെയ്യാന്‍  ഉത്തരവിടുന്ന രാഷ്ട്രപതിയില്‍  നിന്നും  സ്ക്കൂള്‍  കെട്ടിട  നിര്‍മാണ  വേളയില്‍  അപകടത്തില്‍  ആയ  കുട്ടിയെ  തിരിഞ്ഞു  നോക്കാത്ത  ആളിനെതിരെ  നടത്തുന്ന  കൊലപാതക  ശ്രമം  പോലും  ജനാധിപത്യത്തിന്റെയും  രാഷ്ട്രീയത്തിന്റെയും സങ്കീര്‍ണതകളില്‍  നിന്നും  മാറി  ചിന്തിച്ചാല്‍ അയാളുടെ  ശരികളും  പ്രേക്ഷകന്  മനസ്സിലാകും.മന്നര്‍  മന്നന്‍ ശരിക്കും  ഒരു  പ്രതീകം  ആണ്.ദുരിതങ്ങള്‍  ഒരു  മനുഷ്യന്റെ  ജീവിതത്തില്‍  എന്തെല്ലാം  മാറ്റങ്ങള്‍  ഉണ്ടാക്കാം  എന്നതിന്‍റെ  ഉത്തമ  പ്രതീകം.അയാള്‍  മറ്റാരെങ്കിലും സമൂഹം  നേരെ  ആക്കും  എന്ന്  കരുതി  ഇരുന്നില്ല.അയാള്‍  തീവ്രവാദി  ആയില്ല.പകരം അയാള്‍  തന്‍റെ  മനസ്സിന്റെ  സന്തോഷത്തിനു  വേണ്ടി  എങ്കിലും  മാറ്റത്തിന്റെ  കാരണം  ആകാന്‍  പ്രയത്നിക്കുന്നു  ഒരു  മിഥ്യ  ലോകത്തില്‍  നിന്നും  കൊണ്ട്.

     വീട്ടില്‍  കക്കൂസ്  ഉള്ള  ഒരാളെ  മാത്രമേ  കല്യാണം  കഴിക്കൂ  എന്ന്  പറയുന്ന  ഗ്രാമീണ  യുവതി  അവളുടെ  തികച്ചും ന്യായമായ  ഒരു  അവകാശത്തിനു  വേണ്ടി  ആണ്  സംസാരിക്കുന്നത്.എന്നാല്‍  നൂറു  കോടിയില്‍  അധികം  ജന  സംഖ്യ  ഉള്ള  രാജ്യത്ത്  കക്കൂസ്  പോലും  ഒരു  ആര്‍ഭാടം  ആണെന്നു  മനസ്സിലാകുന്നിടത്  ആണ്  പ്രേക്ഷകനെ  ചിന്തിപ്പിക്കുകയും  അതിനൊപ്പം  ഒരു  ചെറിയ  ഷോക്കും  ആയി  മാറുന്നത്.ഒരു  ദിവസത്തെ  മുഖ്യമന്ത്രി,അനീതിക്ക്  എതിരെ  പൊരുതുന്ന  നായകന്‍  തുടങ്ങിയ  കൊമേര്‍ഷ്യല്‍  സിനിമകളിലെ ആഘോഷിക്കപ്പെടുന്ന  കഥാപാത്രങ്ങളുടെ  ഇടയ്ക്ക്  അതെ  പ്രമേയം വളരെ  സരളമായി  അവതരിപ്പിച്ചിരിക്കുന്നു  ജോക്കര്‍  എന്ന  തമിഴ്  ചിത്രത്തില്‍.മന്നര്‍  മന്നനായി  അഭിനയിച്ച  ഗുരു  സോമസുന്ദരം  ചിത്രം  അവസാനിക്കുമ്പോഴും  മനസ്സില്‍  തങ്ങി  നില്‍ക്കും.

More movie suggestions @www.movieholicviews.blogspot.ca

No comments:

Post a Comment