Monday 14 September 2015

497.COURT(MARATHI,2014)

497.COURT(MARATHI,2014),|Drama|,Dir:-Chaitanya Tamhane,*ing:-Usha Bane, Vivek Gomber, Pradeep Joshi.

  2015 ലെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ച ചിത്രം ആണ് "കോര്‍ട്ട്".അസാധാരണമാം വിധം സാധാരണം ആണ് ഈ ചിത്രം.ഒരു നേര്‍ രേഖയില്‍ അല്ലെങ്കില്‍ ഇടയ്ക്കിടെ ഒഴുക്കിന്റെ വേഗം കൂട്ടിയും കുറച്ചും കൊണ്ട് പോകുന്ന ഒരു കഥയ്ക്ക്‌ പകരം ഈ ചിത്രം പിന്തുടര്‍ന്നത്‌ കുറച്ചു ആളുകളുടെ ജീവിതം ആണ്.ആളുകള്‍ എന്ന് പറഞ്ഞാല്‍ അധികാരത്തിന്റെയും ആദര്‍ശങ്ങളുടെയും ഭാരം മാറ്റി വച്ചാല്‍ വെറും സാധാരണക്കാര്‍ ആയ ഇന്ത്യക്കാരുടെ കഥ.ഇന്ത്യന്‍ ജനതയെ മൊത്തം അല്ല ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്.പകരം ഇന്ത്യന്‍ നിയമ വ്യവസ്ഥിതിയും നിയമത്തിന്‍റെ നിസ്സംഗതയും മുന്‍ വിധികളോടെ പൗരന്മാരെ കാണുന്ന സാമൂഹിക വ്യവസ്ഥയെ ആണ്.സിനിമ അവതരിപ്പിച്ചിരിക്കുന്നത് Plain ആയ അത്തരം ഒരു കാഴ്ച ആണ്.അതിനു മറ്റൊരു മുഖം ഉണ്ടോ എന്ന് പ്രേക്ഷകന് അന്വേഷിക്കവുന്നതും ആണ്.

    നാരായണ്‍ കാംബ്ലെ ദളിത്‌ വിഭാഗങ്ങളുടെ ഉന്നമനത്തിനായി ആണ് ജീവിക്കുന്നത്.ഒഴിവു നേരങ്ങളില്‍ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കുകയും കവിത,നാടകം എന്നിവയിലൂടെ ഒക്കെ ദളിത്‌ വിഭാഗത്തെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന നാരായണ്‍ കാംബ്ലയെ പോലീസ് അയാള്‍ നടത്തുന്ന ഒരു പരിപാടിയുടെ ഇടയില്‍ വച്ച് അറസ്റ്റ് ചെയ്യുന്നു.കുറ്റം ആയി പറഞ്ഞത് അടുത്ത ദിവസങ്ങളില്‍ മരിച്ച മാലിന്യ നിര്‍മാര്‍ജന തൊഴിലാളിയുടെ മരണത്തില്‍ അയാളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചു എന്നതായിരുന്നു.ദളിത്‌ വിഭാഗങ്ങള്‍ക്ക് വേണ്ടി കേസ് വാദിക്കുന്ന വിനയ് വോറ കേസ് ഏറ്റെടുക്കുന്നു.

  ഈ സംഭവം സിനിമയിലേക്ക് ഉള്ള ഒരു ജാലകം മാത്രം ആണ്.വര്‍ഷങ്ങളായി സമൂഹത്തിനു പ്രശ്നം ഉണ്ടാക്കും എന്ന് ഭയക്കുന്ന ഭരണകൂടം അല്ലെങ്കില്‍ പോലീസ് നടത്തുന്ന പ്രവൃത്തികളുടെ ഇരയാണ് നാരായണ്‍ കാംബ്ലെ എന്ന് ചിത്രത്തില്‍ നിന്നും മനസ്സിലാകുന്നുണ്ട്.തീവ്ര വിഭാഗങ്ങളില്‍ പ്രവൃത്തിച്ചിരുന്ന അയാള്‍ വര്‍ഷങ്ങളായി തന്റെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തി എങ്കിലും പോലീസ് അയാളുടെ പുറകെ ഉണ്ട്.

   നേരത്തെ പറഞ്ഞത് പോലെ ഒരു ജനല്‍ തുറന്നു കൊടുത്തിട്ട് സിനിമയുടെ ഉദ്ദേശം മനസ്സിലാക്കുന്നത്‌ ഒരു തരം സ്വഭാവ പഠനങ്ങളിലൂടെ ആണ്.പ്രത്യേകിച്ചും ജഡ്ജ്,അഭിഭാഷക എന്നിവര്‍.അവര്‍ക്ക് കേസ് എന്നത് വെറും ഒരു തൊഴില്‍  മാത്രം ആണ്.പോലീസും പ്രവൃത്തിക്കുന്നത് അങ്ങനെ തന്നെ.നിസംഗതയോടെ രാജ്യത്തെ പ്രധാന സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ പെരുമാറുന്നു.നാരായണ്‍ കാംബ്ലെ എന്നത് ഒരു പ്രതീകം മാത്രം ആണ് ഇവിടെ.ദളിത്‌ വര്‍ഗ നേതാവായി ചിത്രീകരിച്ചിരിക്കുന്നു എങ്കിലും ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ പ്രതിനിധി ആണ് നാരായണ്‍.പ്രത്യേകിച്ചും അയാളുടെ മൌലിക അവകാശങ്ങള്‍ പലപ്പോഴിം ലംഘിക്കുന്നതായി കാണുന്നു.അതും നാട്ടിലെ നിയമ വ്യവസ്ഥതയുടെ മുന്നില്‍ വച്ച് തന്നെ.

  പഴകിയ നിയമങ്ങള്‍,കോടതിയുടെ പരമാധികാരം  വസ്ത്രധാരണ രീതിയ്ക്ക് പോലും ബാധകം ആക്കി കൊണ്ട് അവതരിപ്പിക്കുന്നത്‌ മുതല്‍ ട്രെയിനില്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവര്‍ വരെ ശിക്ഷണ നടപടികളില്‍ ഭാഗം ആകുന്നുണ്ട്.എന്നാല്‍ പൌരനെ ബാധിക്കുന്ന വലിയ സംഭവങ്ങള്‍ പോലും ലഘൂകരിക്കുന്ന ന്യായാധിപന്‍ ചെറിയ വിഷയത്തില്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതില്‍ കഥ അവസാനിക്കുന്നു.ഈ കഥ നമുക്കെല്ലാം പരിചിതം ആണ്.ഗര്‍ജിക്കുന്ന സിംഹങ്ങള്‍ ഒക്കെ കോടതികളില്‍ കാണുന്നത് സിനിമകളിലും അല്ലെങ്കില്‍ അമാനുഷിക പരിഗണന ലഭിച്ച വക്കീലന്മാരിലും ആണെന്ന് തോന്നും ഈ ചിത്രം കണ്ടാല്‍.ഇത്തരം ഒരു വിഷയം കൈകാര്യം ചെയ്ത ചിത്രത്തിന് നല്‍കിയ പുരസ്ക്കാരം ആരുടേയും കണ്ണ് തുറപ്പിക്കുകയോ മാറ്റങ്ങള്‍ ഉണ്ടാക്കുകയോ ഇല്ല.എന്നാലും ഒരു സിനിമ എന്ന നിലയില്‍ ഒരു വ്യത്യസ്തമായ അനുഭവം ആണ്.

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment

1835. Oddity (English, 2024)