Thursday, 16 April 2015

350.THE SNOW WHITE MURDER CASE(JAPANESE,2014)

350.THE SNOW WHITE MURDER CASE(JAPANESE,2014),|Mystery|Thriller|Crime|,Dir:-Yoshihiro Nakamura,*ing:-Mao Inoue, Gô Ayano, Nanao.

  ഒരു കൊലപാതകത്തിന്റെ ഇന്റര്‍നെറ്റ്‌ ഭാഷ്യം.അതാണ്‌ ഈ ചിത്രത്തെ കുറിച്ച് ചുരുക്കി ഒറ്റ വാക്കില്‍ പറയാന്‍ പറ്റുന്നത്.കാനേ മിനാറ്റോ എഴുതിയ ഈ നോവലിന്റെ ഉദ്ദേശവും അത് തന്നെ ആയിരിക്കണം.സോഷ്യല്‍ മീഡിയ സംഭവങ്ങളെ അവലോകനം ചെയ്യുന്നത് എങ്ങനെ ആണെന്ന് ഈ ചിത്രത്തില്‍ അതി ഗംഭീരം ആയി അവതരിപ്പിച്ചിട്ടുണ്ട്.പ്രത്യേകിച്ചും കുറ്റവാളി ആരാണെന്ന് തെളിവുകള്‍ ലഭിക്കാത്ത ഒരു കൊലപാതകം എങ്ങനെ ഒക്കെ വിലയിരുത്താന്‍ പേര് പോലും വെളിപ്പെടുത്താന്‍ മടിയുള്ള സാങ്കല്‍പ്പിക ലോകത്തിനു കഴിയുന്നു എന്നുള്ള വെളിപ്പെടുത്തല്‍ ആണ് ഈ ചിത്രം.ജാപ്പനീസ് ത്രില്ലറുകളുടെ പൊതു സ്വഭാവം ആണ് ഒരു മെല്ലെപ്പോക്ക്.ഒരു കഥയില്‍ നിന്നും മറ്റൊന്നിലേക്ക്,അങ്ങനെ അങ്ങനെ ഒന്ന് രണ്ടു സിനിമയ്ക്കുള്ള കഥ പറയാറുണ്ട്‌ ഇത്തരം പല ജാപ്പനീസ് ത്രില്ലറുകളും .അതെ ഫോര്‍മാറ്റില്‍ ആണ് ഈ ചിത്രവും അവതരിപ്പിച്ചിരിക്കുന്നത്.

   ശരീരത്തില്‍ മുറിവുകള്‍ ഏറ്റു കൊല്ലപ്പെട്ട യുവതിയുടെ ശരീരം തീ കൊളുത്തിയ നിലയില്‍ കാണപ്പെടുന്നു.പ്രശസ്ത ബ്യൂട്ടി സോപ ആയ സ്നോ വൈറ്റിലെ ജീവനക്കാരി ആയിരുന്നു കൊല്ലപ്പെട്ട മിക്കി നോറിക്കോ.നോറിക്കോ സുന്ദരി ആയിരുന്നു.ഏതൊരു സ്ത്രീയ്ക്കും അസൂയ തോന്നുന്ന സൗന്ദര്യവും ചുറുചുറുക്കും.പോലീസ് തെളിവുകള്‍ ഒന്നും ആ കേസില്‍ ലഭിക്കാതെ ആയപ്പോള്‍ ആണ് ഒരു ടി വി ചാനലിലെ തുടക്കക്കാരന്‍ ആയ അക്കാഹോഷിക്ക് ആ ഫോണ്‍ കോള്‍ വരുന്നത്.അക്കൊഹോഷിയുടെ പഴയ സുഹൃത്തായ രിസാക്കോ കാനോ എന്ന യുവതി ആയിരുന്നു അവനെ വിളിച്ചത്.മരണപ്പെട്ട നോറിക്കോ അവളുടെ കൂടെ ജോലി ചെയ്തിരുന്നതായിരുന്നു എന്നും കൊലപാതകിയെ കുറിച്ച് അവര്‍ക്കൊക്കെ ഒരു സംശയം ഉണ്ടെന്നും അക്കൊഹോഷിയെ അറിയിക്കുന്നു.RED STAR എന്ന പേരില്‍ ട്വിറ്റെര്‍ അക്കൌണ്ട് ഉപയോഗിക്കുന്ന അക്കൊഹോഷി ട്വിറ്റെരിലൂടെ മരണ കാരണങ്ങള്‍ പുറത്തു വിടുന്നു.അക്കൊഹോഷി നോറിക്കൊയുടെ കൂടെ ജോലി ചെയ്തവരും ആയി നടത്തിയ അഭിമുഖ സംഭാഷണങ്ങള്‍ക്ക് ശേഷം ആയിരുന്നു വെളിപ്പെടുത്തലുകള്‍.

  ടി വിയിലും കുറ്റാന്വേഷണ പരിപാടിയില്‍ ആ കൊലപാതകം ചര്‍ച്ച ചെയ്യപ്പെട്ടു.പോലീസ് അന്വേഷണം നടക്കുമ്പോള്‍ തന്നെ ഓണ്‍ ലൈന്‍ ലോകം കൊലയാളിയെ കണ്ടെത്തുന്നു.നോറിക്കൊയുടെ കൂടെ ജോലി ചെയ്തിരുന്ന ഷിറോണോ ആണ് കൊലയാളിയുടെ പേരിന്റെ സ്ഥാനത്ത് ഉള്ളത്.കൂടെ ജോലി ചെയ്തിരുന്നവരുടെ അഭിപ്രായത്തില്‍ ഷിറോണോയ്ക്ക് നോറിക്കൊയുടെ അവളുടെ സൗന്ദര്യത്തിന്റെ പേരില്‍ അസൂയ ഉണ്ടായിരുന്നു എന്നതാണ്.കൊലയാളിയെ ഓണ്‍ ലൈനില്‍ കണ്ടെത്തിയെങ്കിലും അതിനു എതിര്‍ അഭിപ്രായം ഉള്ള ഒരാള്‍ ഉണ്ടായിരുന്നു.ഷിറോനോയെ അനുകൂലിച്ചും പ്രതികൂലിച്ചും കഥകള്‍ വന്നു തുടങ്ങി.എന്താണ് സത്യം?ആരുടെ വാക്കുകളില്‍ ആണ് സത്യം ഉള്ളത്?കൊലപാതകം നടന്നതിനു ശേഷം അപ്രത്യക്ഷയായ ഷിറോണോ എവിടെയാണ്?ഒരു സംഭവം തന്നെ പല രീതിയില്‍ വിലയിരുത്തി,അതും പല ആളുകളുടെ മനോ വിചാരം അനുസരിച്ചാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.വ്യത്യസ്തമായ മേക്കിംഗ് ആണ് ചിത്രത്തിന് മുതല്‍ക്കൂട്ട് ആയിരിക്കുന്നത്.ത്രില്ലര്‍ സിനിമ സ്നേഹികള്‍ക്ക് വ്യത്യസ്തം ആയിരിക്കും ഇത്തരത്തില്‍ അവതരിപ്പിക്കപ്പെട്ട കുറ്റാന്വേഷണ ചിത്രം.

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment