Sunday 11 January 2015

274.AMERICAN SNIPER(ENGLISH,2014)

274.AMERICAN SNIPER(ENGLISH,2014),|Biograpghy|War|Drama|,Dir:-Clint Eastwood,Bradley Cooper, Sienna Miller, Kyle Gallner.

" ക്ലിന്റ്‌ ഈസ്റ്റ്‌വുഡ് " ഹോളിവുഡ് സിനിമ  ലോകത്തിലെ ഇതിഹാസം എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തി.ഒരു പക്ഷേ വിദേശ സിനിമകളോടുള്ള ഇഷ്ടം എനിക്ക്  തുടങ്ങിയത് ഈസ്റ്റ്‌വുഡ് അഭിനയിച്ച ചിത്രങ്ങള്‍ കണ്ടു തുടങ്ങിയതിനു ശേഷം ആണ്.അത് കൊണ്ട് തന്നെ ആരാധന തോന്നിയിട്ടുള്ള നടന്‍ എന്ന ചോദ്യത്തിന് ഉത്തരമായി ആദ്യം പറയുക ഈ വ്യക്തിയുടെ പേര്  ആണ്."Dirty Harry" പരമ്പരയിലെ അഞ്ചു സിനിമകളെ കുറിച്ചും ഭിന്നാഭിപ്രായം പലര്‍ക്കും ഉണ്ടെങ്കിലും എന്‍റെ പ്രിയപ്പെട്ട സിനിമ പരമ്പരയായി അതിന്നും നില്‍ക്കുന്നതിന്‍റെ കാരണം ഈ വ്യക്തിയാണ്.എണ്‍പത്തിയഞ്ചാം വയസ്സിലേക്ക് കടക്കുമ്പോഴും സിനിമയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം ഒന്ന് മാത്രം മതി ആ നടനെ ഇതിഹാസം ആക്കാന്‍.ക്ലിന്റ് ഈസ്റ്റ്‌വുഡ് സംവിധാനം ചെയ്തു നിര്‍മാതാക്കളില്‍ ഒരാളായി മാറി അവസാനം റിലീസ് ആയ ചിത്രം ആണ് American Sniper.

    അമേരിക്കന്‍ യുദ്ധ സേനയില്‍ ഇതിഹാസതുല്യമായ സ്ഥാനം ലഭിച്ച ക്രിസ് കൈല്‍ എന്ന സൈനികന്‍റെ ജീവിതകഥ ആയ അതേ പേരില്‍ ഉള്ള പുസ്തകത്തെ ആസ്പദം ആക്കിയാണ് നിര്‍മിച്ചിരിക്കുന്നത്.കര്‍ഷക കുടുംബത്തില്‍ ജനിച്ച ക്രിസ് എന്നാല്‍ പിതാവില്‍ നിന്നും ഒരു കൌ ബോയി ശൈലിയില്‍ ഉള്ള ജീവിതം ആണ് നയിച്ചത്.തന്‍റെ കൂടെ ഉള്ളവരെ സംരക്ഷിക്കുക എന്ന തത്വം ക്രിസ് അങ്ങനെ പിതാവില്‍ നിന്നും സ്വായത്തം ആക്കി.അത് പോലെ തന്നെ ഉന്നം പിഴയ്ക്കാതെ കാഞ്ചി വലിക്കാന്‍ ഉള്ള കഴിവും ക്രിസ് നേടി.അമേരിക്ക എന്ന സ്വന്തം നാടിനോടുള്ള സ്നേഹം ക്രിസ്സിനെ സൈന്യത്തില്‍ എത്തിച്ചു.ക്രിസ് വളരെയധികം അദ്ധ്വാനിച്ചു.ജീവനുള്ള എന്തിനെയും വെടി വച്ച് വീഴതാന്‍ ഉള്ള കഴിവ് ക്രിസ്സിനെ പിന്നീട് അമേരിക്ക പല കാരണങ്ങള്‍ കൊണ്ടും നടത്തിയ  യുദ്ധങ്ങളിലൂടെ ക്രിസ്സിനെ ഒരു ഇതിഹാസ നായകന്‍ ആക്കി മാറ്റി.ഒരു പക്ഷേ അമേരിക്കയിലെ ഏറ്റവും മികച്ച ഷാര്‍പ് ഷൂട്ടര്‍ ആക്കി.ക്രിസ്സിന്റെ ഇറാഖിലേക്കുള്ള യുദ്ധത്തിനായുള്ള നാല്  യാത്രകളും World Trade Center തകര്‍ത്ത സമയത്ത് നടന്ന വിവാഹത്തിന് ശേഷം അകലേക്ക്‌ ഭാര്യയേയും വിട്ടു പോയ ജീവിതവും എല്ലാം ആണ് ചിത്രം അവതരിപ്പിക്കുന്നത്‌.

  അമേരിക്കയുടെ യുദ്ധക്കൊതിയെ ദേശ സ്നേഹത്തിന്‍റെ പേരില്‍ പണ്ട് തന്നെ അമേരിക്കക്കാരന്‍ ആയതില്‍ കൂടുതലായി അഭിമാനിച്ചിരുന്ന ക്ലിന്റ് ഈസ്റ്റ്‌വുഡ് കുറേ അധികം വിശുദ്ധീകരിച്ചിട്ടുണ്ട്.പലപ്പോഴും സിനിമയെ കുറിച്ച് കേട്ട ഒരു പഴി ഇതായിരുന്നു.എന്നാല്‍ സിനിമയുടെ അവസാനത്തോട് അടുക്കുമ്പോള്‍ അതല്‍പ്പം കുറയുന്നതായി തോന്നുമെങ്കിലും ക്രിസ് എന്ന മനുഷ്യന്‍ ഏറ്റവും ആഗ്രഹിച്ചത് യുദ്ധവും യുദ്ധ വേദിയില്‍ ഉള്ള സഹഭടന്മാരോടും ഉള്ള സ്നേഹം  ആണെന്ന് തോന്നി പോവുക സ്വാഭാവികം.പ്രസ്തുത വേഷത്തിനായി ബ്രാഡ്ലി കൂപ്പര്‍ നല്ലത് പോലെ ശരീരം വലുതാക്കിയിട്ടുണ്ട്.ഒറ്റ നോട്ടത്തില്‍ ഒരു ഗംഭീര പട്ടാളക്കാരന്‍ ആണെന്ന് തോന്നിപ്പിക്കുന്ന പ്രകൃതം.കുട്ടികളെയും സ്ത്രീകളെയും മറയാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന തീവ്രവാദികളെ അവതരിപ്പിക്കാന്‍ ക്ലിന്റ് പലയിടത്തും ശ്രമിച്ചിട്ടും ഉണ്ട്.ഒരു പക്ഷേ ആശയ പ്രശ്നങ്ങളുടെ പേരില്‍ ഒരു കൂട്ടര്‍ ഈ ചിത്രത്തെ വെറുക്കാനും അതൊരു കാരണം ആകാം.പക്ഷേ ക്ലിന്റ് ഈസ്റ്റ്‌വുഡ് വിഭാവനം ചെയ്യുന്നതു എന്താണോ അത് സിനിമയില്‍ മുഴുവനും ഉണ്ടായിരുന്നു.സ്വന്തം നാടിനോടും നാട്ടുകാരോടും മാത്രം ഉള്ള സ്നേഹം.കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ചിത്രങ്ങളില്‍ മികച്ചവയില്‍ ഒന്നായി തോന്നി ഈ സിനിമ.ഒരു യഥാര്‍ത്ഥ അമേരിക്കന്‍ സിനിമ എന്ന് വേണമെങ്കില്‍ പറയാവുന്ന ഈ ചിത്രം അത് കൊണ്ട് തന്നെ വരാന്‍ പോകുന്ന അക്കാദമി പുരസ്ക്കാരങ്ങളില്‍ മുന്തിയ സ്ഥാനം കയ്യടക്കും എന്ന് കരുതാം.

More reviews @www,movieholicviews.blogspot.com

No comments:

Post a Comment

1835. Oddity (English, 2024)