Thursday 2 October 2014

187.VELLIMOONGA(MALAYALAM.2014)

187.VELLIMOONGA(MALAYALAM,2014),Dir:-Jibu Jacob,*ing:-Biju Menon,Aju Varghese.

"ചളിയുടെ എണ്ണം കുറച്ചാലും മലയാളി കുടുംബങ്ങള്‍ തിയറ്ററില്‍ കയറും".

 മലയാളം സിനിമയില്‍ താരങ്ങള്‍ മാത്രം ആയപ്പോള്‍ കുറഞ്ഞതാണ് നിഷ്കളങ്ക ചളികള്‍.ഹാസ്യ സിനിമകള്‍ നല്ലവണ്ണം കൈകാര്യം ചെയ്യുന്നവര്‍ ദൈവതുല്യരായി മാറുകയും പിന്നീട് ചില  ഭാഷകളില്‍ ഉള്ള തമാശകള്‍ ക്ലച് പിടിക്കുകയും ചെയ്തു.എന്നാല്‍ ഒരു പരിധി വരെ മാത്രമേ അതിനും നിലനില്‍പ്പ്‌ ഉണ്ടായുള്ളൂ.പിന്നീട് ന്യൂ ജെനരേശന്‍ സിനിമകളും അല്ലാത്ത ഹാസ്യ പ്രധാനമായ സിനിമകളും തമാശയ്ക്ക് വേണ്ടി ഉപയോഗിച്ചത് ചളികള്‍ ആണ്.തിയറ്ററില്‍ അത് കേള്‍ക്കുമ്പോള്‍ ചിരി വരും എങ്കിലും അല്‍പ്പം നേരത്തിനു ശേഷം മറന്നു പോകാവുന്നത്ര ആയുസ്സ് മാത്രമേ അതിനു ഉണ്ടായിരുന്നുള്ളൂ.ഇപ്പോഴത്തെ അവസ്ഥയില്‍ ത്രില്ലറുകള്‍ ആണ് എല്ലാവര്‍ക്കും ഇഷ്ടം എന്നും തോന്നി പോകുന്നു.അപ്പോഴാണ്‌ അപ്രതീക്ഷിതമായി വലിയ പരസ്യവും കോലാഹലവും ഒന്നും ഇല്ലാതെ "വെള്ളിമൂങ്ങ" വന്നത്.ബിജു മേനോന്‍ എന്ന നടന്‍റെ പടത്തിനു എന്ത് മാത്രം ഉണ്ടാകും മാര്‍ക്കറ്റ് എന്നതും ഒരു വിഷയം ആയിരുന്നു.

  മാമച്ചന്‍ എന്ന "ഖദര്‍ധാരി"യുടെ രാഷ്ട്രീയം ആണ് സിനിമയില്‍ ഹാസ്യാത്മകം ആയി അവതരിപ്പിച്ചിരിക്കുന്നത്.കേരളത്തിലെ മുന്നണി രാഷ്ട്രീയവും അവിശുദ്ധ കൂട്ടുകെട്ടുകളും എല്ലാം അത് പോലെ തന്നെ തമാശ രൂപേണ അവതരിപ്പിച്ചിട്ടുണ്ട്.നാട്ടുകാര്‍ക്ക് ഒരു ഗുണവും ഇല്ലാത്ത "ശിക്കാരി ശംഭു" എന്ന് മനസ്സില്‍ തോന്നി പോകുന്ന "വെള്ളിമൂങ്ങ" മാമച്ചന്‍ ആയി വന്ന ബിജു മേനോന്‍ കലക്കി എന്ന് തന്നെ പറയാം.നല്ല ടൈമിംഗ് ഉള്ള തമാശകളും പിന്നെ അജു വര്‍ഗീസും ആയുള്ള  കോമ്പിനേഷനും ഒക്കെ നന്നായിരുന്നു.പ്രത്യേകിച്ച് എടുത്തു പറയാന്‍ സങ്കീര്‍ണമായ ഒരു കഥയൊന്നും ഇതില്‍ ഇല്ല.പകരം കുറെ സിട്ടുവേഷനല്‍ കോമഡികള്‍ ആണ് ചിത്രത്തില്‍ അധികവും.ആദ്യ പകുതിയില്‍ ചിരി ഒഴിഞ്ഞു നേരം ഇല്ല എന്നത് പോലെ ആയിരുന്നു.മസ്സില്‍ പിടിക്കാതെ അല്‍പ്പം റിലാക്സ് ചെയ്തു കണ്ടാല്‍ ചിരി വരാന്‍ നല്ല സാധ്യത ഉണ്ട്.പിന്നെ എന്ത് കട്ട ചളിക്കും ചിരിച്ചു മറിയുന്ന എനിക്ക് ഇതൊക്കെ ധാരാളം ആയിരുന്നു.കൂടെ തിയറ്ററില്‍ ഉണ്ടായിരുന്നവരും എന്നെ പോലെ ആണെന്ന് കരുതുന്നു.ജിബു തോമസിന്‍റെ സംവിധാനം നന്നായിരുന്നു.ഭാവി ഉണ്ടെന്ന് തോന്നുന്ന ഒരു സംവിധായകന്‍.കുടുംബവും ആയി പോയി കാണാവുന്ന ഒരു നല്ല കൊച്ചു സിനിമ ആണ് "വെള്ളിമൂങ്ങ "

  വെള്ളിമൂങ്ങ ഇറങ്ങിയ ദിവസം മറ്റൊരു സിനിമ കാണാന്‍ നിന്ന  എന്‍റെ സുഹൃത്തിനോട്‌ ഒരാള്‍ ചോദിച്ചു അപ്പുറത്തെ തിയറ്ററിലെ സിനിമ എങ്ങനെ ഉണ്ടെന്ന്.അവന്‍ പറഞ്ഞു കൊള്ളില്ല എന്ന്.ഞാന്‍ അവനോടു പിന്നീട്  ചോദിച്ചു നീ അതിനു അത് കണ്ടോ അതോ റിപ്പോര്‍ട്ട് വല്ലതും കിട്ടിയിരുന്നോ എന്ന്.അപ്പോള്‍ അവന്‍ പറഞ്ഞു "പേര് കേട്ടാല്‍ തന്നെ അറിയില്ലേ പടം പൊളി ആണെന്ന്".ഇന്നും തിയറ്ററിലെ തിരക്ക് കാരണം അവനു ടിക്കറ്റ് കിട്ടിയിട്ടില്ല ഇത് വരെ..

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment

1835. Oddity (English, 2024)