Tuesday 4 February 2014

93.THE TERROR LIVE(KOREAN,2013)

93.THE TERROR LIVE(KOREAN,2013),|Thriller|Crime|,Dir:-Byeong-woo Kim,*ing:-Duek-mun ChoiJin-ho ChoiJung-woo Ha 

 The Terror Live,മാധ്യമങ്ങളും ബ്യൂറോക്രാസിയും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങള്‍ പലപ്പോഴും നീതിയുടെ അടുക്കല്‍ നിന്നും സാധാരണക്കാരനെ അകറ്റുന്നു.വളച്ചൊടിച്ച് വരുന്ന വാര്‍ത്തകള്‍ സമൂഹത്തില്‍ ഉള്ള പണക്കാരനും പാവപ്പെട്ടവനും തമ്മില്‍ ഉള്ള വിടവ് നീതിയുടെ കാര്യത്തില്‍ കൂടി വരുന്നു.രമ്യഹര്‍മ്യങ്ങള്‍ പണിതു പൊക്കുന്ന സമ്പദ് വ്യവസ്ഥ പലപ്പോഴും കുടിലുകളുടെ പുറത്ത് നികുതികളിലൂടെയും വിലക്കയറ്റം തുടങ്ങിയവയിലൂടെ സാധാരണ മനുഷ്യന്‍റെ ചോര കുടിക്കുന്നു.കൊറിയന്‍ സിനിമകളില്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രങ്ങള്‍ മിക്കതും അസാധാരണമായ വേഗത കൊണ്ടും നിര്‍മാണശൈലി  കൊണ്ടും കഥാവസാനം എന്താകുമെന്ന് ഒരു പിടിയും നല്‍കാതെ അവസാന നിമിഷം വരെ ത്രില്‍ അടിപ്പിക്കാറുണ്ട് .ഹോളിവുഡ് സിനിമകള്‍ ഒക്കെ ഇപ്പോള്‍ പ്രേക്ഷകന് അത്തരം ഒരു അനുഭവം കൊടുക്കുന്നതില്‍ നിന്നും വളരെയധികം അകന്നിരിക്കുന്നു.കഥകളിലെ അസാധാരണത്വം കൊറിയന്‍ സിനിമകളുടെ ഒരു വലിയ സവിശേഷത ആണ്.ഒരിക്കലും ഊഹിക്കാനാകാത്ത രീതിയില്‍ കഥാഗതിയില്‍ പെട്ടന്ന് കൊണ്ട് വരുന്ന മാറ്റങ്ങള്‍ പലപ്പോഴും പ്രേക്ഷകനെ  അത്ഭുതപ്പെടുത്താറുണ്ട്

    ഇനി സിനിമയിലേക്ക്..ഒരു ബ്രോട്കാസ്ട്ടിംഗ് സ്റ്റുഡിയോയില്‍ ഏതാനും മണിക്കൂറുകളില്‍ നടക്കുന്ന സംഭവങ്ങള്‍ ആണ് ഈ ത്രില്ലര്‍ അവതരിപ്പിക്കുന്നത്‌.ചില പ്രത്യേക കാരണങ്ങള്‍ കാരണം രാത്രി വാര്‍ത്തയിലെ അവതാരക സ്ഥാനത് നിന്നും മാറ്റപ്പെട്ട യൂന്‍ അതേ മാധ്യമ ഗ്രൂപ്പിന്‍റെ റേഡിയോ ചാനലിലെ പ്രഭാത പരിപാടി അവതരിപിക്കാന്‍ തുടങ്ങുന്നു.അയാള്‍ ആ അടുത്ത് വിവാഹ മോചനം നേടിയിരുന്നു.അന്നത്തെ അയാളുടെ ഷോയിലെ പ്രധാന വിഷയം നികുതി കൂട്ടിയ ഭരണകൂടത്തിന്‍റെ നടപടി പണക്കാരെ സഹായിക്കുവാന്‍ മാത്രം ഉള്ളതാണോ എന്നതായിരുന്നു.ശ്രോതാക്കളുടെ അഭിപ്രായം ആരാഞ്ഞ് വന്ന ആദ്യ വിളി വന്നത് പാര്‍ക്ക് എന്നയാളുടെ ആയിരുന്നു.താന്‍ ഒരു നിര്‍മാണ തൊഴിലാളി ആണെന്നും തന്‍റെ വീട്ടില്‍ ഉള്ള ഒരു ഫ്രിട്ജിനും ടി വിക്കും കൂടി കൊടുക്കുന്ന കറന്റ് ബില്ല് അധികം ആണെന്നും അയാള്‍ പറയുന്നു.എന്നാല്‍ അന്നത്തെ വിഷയം നികുതികളെ കുറിച്ചാണ് എന്ന് യൂന്‍ പറയുമ്പോള്‍ വൈദ്യുതിയും നികുതിയില്‍ പെടും എന്ന് അയാള്‍ പറയുന്നു.എന്നാല്‍ യൂന്‍ അയാളുടെ കോള്‍ കട്ട് ചെയ്യുന്നു.അടുത്ത കോളിലേക്ക് യൂന്‍ പോയെങ്കിലും പാര്‍ക്ക് കട്ട് ചെയ്യാത്തത് കൊണ്ട് ഓണ്‍ എയറില്‍ അയാളുടെ ശബ്ദം പോകുന്നു.അയാളോട് കോള്‍ കട്ട് ചെയ്യാന്‍ യൂന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും തനിക്കു പറയാന്‍ ഉള്ളത് മുഴുവന്‍ കേട്ടതിനു ശേഷം മാത്രമേ അടുത്ത കോളിലേക്ക് പോകാന്‍ സമ്മതിക്കൂ എന്ന് പാര്‍ക്ക് പറയുന്നു.മാത്രമല്ല തന്‍ പറയുന്നത് മുഴുവന്‍ കേട്ടില്ലെങ്കില്‍ മാപ്പോ നദിക്കു കുറുകയുള്ള മാപ്പോ പാലം താന്‍ ബോംബ്‌ വച്ച് തകര്‍ക്കും എന്നയാള്‍ ഭീഷണിപ്പെടുത്തുന്നു.എന്നാല്‍ ഒരു വ്യാജ ഭീഷണി ആയി മാത്രമേ യൂന്‍ അതിനെ കാണുന്നുള്ളൂ.

   അവസാനം ദേഷ്യം വന്ന യൂന്‍ പാര്‍ക്കിനെ അസഭ്യം പറയുന്നു.പറ്റുമെങ്കില്‍ ബോംബ്‌ പൊട്ടിക്കാന്‍ യൂന്‍ പാര്‍ക്കിനെ വെല്ലു വിളിക്കുന്നു.എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മാപ്പോ പാലം തകരുന്നു.അയാള്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്നു മനസിലാക്കിയ യൂന്‍ അയാളോട് സംസാരിക്കുന്നു.അപ്പോള്‍ പാര്‍ക്ക് തന്‍റെ ആവശ്യങ്ങള്‍ സാധിച്ചു തന്നില്ലെങ്കില്‍ വീണ്ടും ബോംബ്‌ സ്ഫോടനം  ഉണ്ടാകും എന്ന് പറയുന്നു.എന്നാല്‍ യൂന്‍ ഇത് തന്‍റെ നഷ്ടപ്പെട്ടു പോയ സ്ഥാനം വീണ്ടെടുക്കാന്‍ ഉള്ള ഒരു എക്സ്ക്ലൂസീവ് വാര്‍ത്ത ആയി കരുതുന്നു.അയാള്‍ ന്യൂസ്‌ ചീഫിനെ ഫോണില്‍ വിളിച്ച് ആ ബോംബ്‌ വച്ച ആള്‍ തന്നോട് സംസാരിച്ചു എന്നും തന്നെ ആ വാര്‍ത്ത അവതരിപ്പിക്കാനും അയാളോട് സംസാരിക്കാന്‍ അനുവദിച്ചാല്‍  മാത്രമേ ആ എക്സ്ക്ലൂസിവ് അവര്‍ക്ക് ലഭിക്കുകയുള്ളൂ എന്ന് പറയുന്നു.സ്ഫോടനത്തെ കുറിച്ച് ഒരു വിവരവും ഇല്ലാതെ കുഴയുന്ന മറ്റു ചാനലുകളില്‍ നിന്നും തങ്ങളുടെ റേറ്റിംഗ് കൂട്ടാന്‍ ഉള്ള സാധ്യത മനസിലാക്കിയ ന്യൂസ്‌ ചീഫ് യൂനിനെ ആ റേഡിയോ സ്റ്റുഡിയോയില്‍ വച്ച് തന്നെ ടി വി ന്യൂസ്‌  പ്രക്ഷേപണം ചെയ്യാന്‍ ഉള്ള അനുമതി നല്‍കുന്നു.എന്നാല്‍ തന്നെക്കൊണ്ട് എല്ലാ ന്യൂസ്‌ ചാനലുകള്‍ക്കും ഉപയോഗം ഉണ്ടെന്നു മനസ്സിലാക്കിയ പാര്‍ക്ക് യൂനിനോട് സംസാരിക്കണമെങ്കില്‍ അയാള്‍ ആവശ്യപ്പെടുന്ന തുക നല്‍കണം എന്ന് ആവശ്യപ്പെടുന്നു.അല്ലെങ്കില്‍ ആ ന്യൂസ്‌ മറ്റു ചാനലുകളില്‍ വരും എന്ന് പറയുന്നു.പാര്‍ക്ക് ചോദിച്ച കാശ് അവര്‍ നല്‍കുന്നു.എന്നാല്‍ സ്വന്തമായി ഏറ്റെടുത്ത ആ വാര്‍ത്താ വായന വളരെയധികം സങ്കീര്‍ണവും അപകടകരവും ആണെന്ന് യൂന്‍ പതിയെ മനസ്സിലാക്കുന്നു.പാര്‍ക്ക് എന്ന ആളുടെ ആവശ്യങ്ങള്‍ യൂനിന്റെ പരിധിക്കും അപ്പുറം ഉള്ള കാര്യങ്ങള്‍ ആയിരുന്നു.പിന്നീട് ഏതാനും മണിക്കൂറുകളില്‍ നടക്കുന്ന സംഭവങ്ങള്‍ അപ്രതീക്ഷിതം ആയിരുന്നു.അമ്പതു വയസ്സുള്ള നിര്‍മാണ തൊഴിലാളി ആണ് എന്ന് പരിചയപ്പെടുത്തിയ പാര്‍ക്ക് യതാര്‍ത്ഥത്തില്‍ ആരായിരുന്നു?അയാളുടെ ആവശ്യങ്ങള്‍ എന്തൊക്കെ ആയിരുന്നു ?എന്ത് കൊണ്ടാണ് അയാള്‍ യൂനിനെ തന്‍റെ ആവശ്യങ്ങള്‍ നിറവേറ്റാനായി തിരഞ്ഞെടുത്തു?ഇതാണ് ബാക്കി ചിത്രം പറയുന്നത്.

  ഒന്നരമണിക്കൂര്‍ ഉള്ള ഈ ചിത്രം ആദ്യ സീനില്‍ നിന്നും തന്നെ ഒരു ത്രില്ലര്‍ സിനിമയ്ക്ക് വേണ്ടിയുള്ള വേഗത കൈ വരിക്കുന്നു.അപ്രതീക്ഷിതമായ അപരിചിതന്റെ നീക്കങ്ങള്‍ അവരുടെ പ്രതീക്ഷകള്‍ക്കും അപ്പുറം ആയിരുന്നു.ഒരു രാജ്യത്തെ മൊത്തം നോക്കു കുത്തി ആക്കി നടത്തിയ സ്ഫോടനം വെറും ഒരു ഭ്രാന്തന്റെ ഭീഷണി അല്ലായിരുന്നു.അതിന്‍റെ പിന്നില്‍ ന്യായമായ ആവശ്യങ്ങള്‍ ഉണ്ടായിരുന്നു.ചെറുതെന്ന് തോന്നുമെങ്കിലും അപ്രാപ്യം ആയവ.എന്നാല്‍ ചില ആവശ്യങ്ങള്‍ അങ്ങനെ ആണ്.എളുപ്പം ഉള്ളതാണ് എന്ന് തോന്നുമെങ്കിലും അതി കഠിനം ആയിരിക്കും.സിനിമ കാണുമ്പോള്‍ അല്‍പ്പം പോലും മുഷിപ്പിക്കാത്ത ഒരു പരിപൂര്‍ണ ത്രില്ലര്‍ ആണ് ഈ ചിത്രം.ചെറിയ ബട്ജട്ടില്‍ വന്നെങ്കിലും സാമ്പത്തികമായി വിജയിച്ച ചിത്രമായിരുന്നു The Terror Live,ഭീകരതയുമായി നേര്‍ക്കുനേര്‍..ഈ ചിത്രത്തിന് ഞാന്‍ നല്‍കുന്ന മാര്‍ക്ക് 7.5/10!!

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment

1835. Oddity (English, 2024)