Monday, 13 June 2022

1503. CODA (English, 2021)

 1503. CODA (English, 2021)

          Musical/ Romance: Streaming on Apple TV+



  സാധാരണയായി മ്യൂസിക്കൽ- റൊമാൻസ്/ ഡ്രാമ  സിനിമകൾ തീരെ താൽപ്പര്യം  ഇല്ലാത്ത ആളാണ് എങ്കിലും മിസ് ചെയ്യരുതാത്ത സിനിമയാണ് Coda. ഈ ഒരു ജോൻറെ തീരെ താല്പ്പര്യം ഇല്ലാത്തത് കൊണ്ട് തന്നെയാണ് ഓസ്ക്കാർ വേദിയിൽ മികച്ച സിനിമയ്ക്കുള്ള പുരസ്ക്കാരം ലഭിച്ചിട്ടും സിനിമ ഇത്രയും ദിവസം കാണാതെ ഇരുന്നതും. 

  

 ബധിരരായ ഫ്രാങ്ക്-ജാക്കി ദമ്പതികളുടെ മക്കളാണ് ലിയോയും റൂബിയും. ലിയോ മാതാപിതാക്കളെ പോലെ ശബ്ദം അന്യമായ ഒരാളാണ്. എന്നാൽ റൂബി അവരില് നിന്നും വ്യത്യസ്തമായി സംഗീത ആസ്വദിക്കുകയും ശബ്ദങ്ങളുടെ ലോകത്തിൽ  ജീവിക്കുകയും അതിനോടൊപ്പം സ്വന്തം കുടുംബത്തിന്റെ ശബ്ദമായി മാറുകയും  ചെയ്യുന്നു. ഡോക്റ്ററുടെ അടുക്കൽ പോകുന്ന സീന് ഒക്കെ രസകരം ആയിരുന്നു.


പാരമ്പര്യമായി മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന റോസി കുടുംബം കാലങ്ങളെ അതിജീവിച്ചതിന് ശേഷം ചില പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയാണ് ഇപ്പോൾ . മാറിയ രീതിയിൽ ഉള്ള വെള്ളത്തിലെ നിയമങ്ങളും, പാറി പറക്കാൻ സമയമായ, തന്റെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാൻ ഉള്ള അവസരം ലഭിക്കുകയും ചെയ്യുന്ന റൂബിയും റോസി കുടുംബത്തിന് മുന്നിൽ ഒരു ചോദ്യ ചിഹ്നം ആയി മാറുകയാണ്. അവിടെ റൂബിയുടെ സ്വപ്നങ്ങൾ , ജീവിതത്തിലെ പ്രണയം, സ്വന്തം കുടുംബം മാത്രം അല്ലാതെ മറ്റൊരു ജീവിതം ഒക്കെ വിഷയം ആവുകയാണ്. റൂബിയ്ക്ക് പറക്കാൻ ആഗ്രഹമുണ്ട്. പക്ഷേ അവളുടെ ചിറകുകൾ അദൃശ്യമായ, ബന്ധങ്ങളുടെയും സ്നേഹത്തിന്റേയും കയറ് കൊണ്ട് കുരുക്കിയിട്ടിരിക്കുകയാണ് . Coda ചർച്ച ചെയ്യുന്ന വിഷയവും അതാണ്. 


  ഒരു ഫീൽ - ഗുഡ് സിനിമ ആയി മാറുന്ന CODA അതിനൊപ്പം നമ്മളിൽ പലരുടെയും  ജീവിതത്തിൽ  ബന്ധിപ്പിക്കുന്ന ചില ചിന്തകൾക്കുള്ള ഇടവും തുറക്കുന്നുണ്ട്. 18 വയസ്സിൽ വിദ്യാഭ്യാസത്തിനായും അതിനു ശേഷം ജോലിക്ക് വേണ്ടിയും ജീവിക്കാനായും സ്വന്തം വീട്ടിൽ നിന്നും മാറി നിൽക്കേണ്ടി വന്ന, ഇപ്പോഴും പ്രവാസിയായി മാറിയ എന്നെ പോലെ ഉള്ള പലർക്കും അവസാനത്തെ രംഗം ശരിക്കും ഫീൽ ചെയ്യുന്ന ഒന്നാണ് എന്ന് തോന്നി. അതിനും അപ്പുറം സ്വന്തം കുട്ടികളും അത്തരം ഒരു ഘട്ടത്തിൽ എത്തുമ്പോൾ എന്താകും തോന്നുക എന്ന് ചിന്തിക്കാൻ ഉള്ള അവസരവും. കുട്ടികൾ അല്ലേ? അവർ പറക്കട്ടെ എന്ന് സ്വയം മനസ്സിനെ വിശ്വസിപ്പിക്കാൻ പരിശീലിപ്പിക്കുന്ന സിനിമയിലെ അവസാന രംഗങ്ങൾ സിനിമയുടെ മനോഹാരിത കൂട്ടുകയാണ് ചെയ്തത്. 


  ഈ അടുത്ത് കണ്ടതിൽ ഏറ്റവും ഭംഗിയുള്ള സിനിമ ആണ് എനിക്ക് CODA. മുൻവിധിയോടെ സിനിമ ഇത്രയും ദിവസം കാണാത്തതിൽ വിഷമം തോന്നി സിനിമ കണ്ടു കഴിഞ്ഞപ്പോൾ. CODA ഒരു ത്രില്ലർ അല്ല. വലിയ വേഗതയിൽ കഥ പറഞ്ഞു പോകേണ്ട ആവശ്യവും ഇല്ല. സിനിമയുടെ കഥയ്ക്ക് ആവശ്യമുള്ള, കഥാപാത്രങ്ങളെ പ്രേക്ഷകനിലേക്ക് എത്തിക്കുകയും അവരുടെ മാനസികവ്യാപാരങ്ങളിലേക്ക് നമ്മളെയും കണക്റ്റ് ചെയ്യുന്ന ഗംഭീരമായ ഭംഗി എന്നാൽ സിനിമയ്ക്ക് ഉണ്ട്. അത്തരം ഒരു പേസിങും സിനിമ മനോഹരമാക്കി. 


കാണുക!!


RT: 94%, IMDb: 8/10

No comments:

Post a Comment