Sunday, 5 June 2022

1499. Thar (Hindi, 2022)

 1499. Thar (Hindi, 2022)

          Mystery, Crime: Streaming on Netflix



   എൺപതുകളുടെ മധ്യത്തിൽ രാജസ്ഥാനിലെ താർ മരുഭൂമിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു Western Noir ചിത്രത്തിന്റെ ഛായ ആണ്‌ താർ എന്ന ചിത്രത്തിനുള്ളത്. വളരെ ക്രൂരത നിറഞ്ഞ, ദുരൂഹത നിറഞ്ഞ മരണങ്ങൾ പലയിടതായി നടക്കുന്നു. അതിന്റെ ഒപ്പം പാകിസ്ഥാൻ അതിർത്തി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കൊലയാളി സംഘങ്ങൾ കൂടി ചേരുമ്പോൾ മരണങ്ങൾ ആരുടെ അക്കൗണ്ടിൽ ചേർക്കണം എന്നു അറിയാതെ ഇൻസ്പക്റ്റർ സുരേഖ സിങ്ങും ടീമും കുഴങ്ങുന്നു.


  ആ സമയം തന്നെ അവിടെ വന്ന അപരിചിതൻ ആയ ഒരാൾ  അവിടത്തെ ചെറിയ ടൗണിൽ പരിചയങ്ങൾ ഉണ്ടാക്കി തുടങ്ങുന്നു.പുരാവസ്തുക്കൾ ശേഖരിക്കുന്ന ഒരാൾ ആണെന്ന് സ്വയം പരിചയപ്പെടുത്തുന്ന ആൾ എന്നാൽ ദുരൂഹത ആയി നിൽക്കുന്നു. പ്രത്യേകിച്ചും സിനിമയുടെ തുടക്കത്തിൽ തന്നെ അയാളെ കുറിച്ച് ചെറിയ ഒരു സൂചന പ്രേക്ഷകന് ലഭിക്കുന്നും ഉണ്ട്. ഒരു പക്ഷെ സിനിമയുടെ ഇത്തരത്തിൽ ഉള്ള സ്വഭാവം കാരണം അധികം ഡെവലപ്പ് ചെയ്യാതെ പോയ ഒരു കഥാപാത്രം ആണ്‌ ഹർഷവർദ്ധൻ കപൂറിന്റെ സിദ്ധാർഥ് എന്ന കഥാപാത്രം എന്നു തോന്നി.


  ദുൽക്കർ സൽമാനുമായി എവിടെയൊക്കെയോ സാമ്യത തോന്നുന്ന ഹർഷവർദ്ധൻ ചില സീനുകളിൽ 'ഇത് താൻ അല്ലയോ ഇത്' എന്നു തോന്നിപ്പിച്ചു. ഇന്ത്യൻ സിനിമ നിലവാരം വച്ചു നോക്കുമ്പോൾ വയലൻസ് നല്ല രീതിയിൽ തന്നെയുണ്ട് ചിത്രത്തിൽ. പഴയ ഹോളിവുഡ് വെസ്റ്റേൺ സിനിമകളിൽ കാണുന്ന കഥാ പശ്ചാത്തലം, കഥാപാത്രങ്ങൾ തുടങ്ങി പലതും ആ ഒരു കാലഘട്ടത്തെ ഓർമിപ്പിക്കുന്നുണ്ട്.


  എന്നാലും നീണ്ടു നിവർന്നു കിടക്കുന്ന രാജസ്ഥാൻ - താർ മരുഭൂമി ഭാഗമായി ധാരാളം അത്തരം സിനിമകൾക്ക് സ്കോപ് അന്നത്തെ കാലത്ത് പോലും ഉണ്ടായിരുന്നതായി തോന്നി. ഇത്തരം സിനിമകളുടെ ദുരൂഹമായ പശ്ചാത്തലം അതിന്റെ എല്ലാ സാധ്യതകളോടും അവതരിപ്പിക്കാൻ കഴിയും. സിനിമകൾ വന്നിട്ടില്ല എന്നല്ല, പണ്ട് ഇത്തരം പശ്ചാത്തലത്തിൽ കണ്ട സിനിമകളുടെ ചെറിയ ഓർമ്മകൾ ഉണ്ടെങ്കിലും ഇപ്പോഴും ഇത്തരം പശ്ചാത്തലത്തിനു ഉള്ള സാധ്യത കൂടുതൽ ആണെന്ന് കരുതുന്നു.


  അനിൽ കപൂറും മകൻ ഹർഷവർദ്ധനും തന്നെ ആണ്‌ സിനിമയുടെ നട്ടെല്ല്. സിനിമയുടെ ദുരൂഹത അഴിയുന്ന സമയത്താണ് സിനിമയിൽ മൊത്തത്തിൽ ഉണ്ടായിരുന്ന ടെൻഷൻ കുറയുന്ന കാര്യങ്ങൾ സംഭവിക്കുന്നതും.തരക്കേടില്ലാത്ത ഒരു revenge ത്രില്ലർ ആണ്‌ Thar. എനിക്ക് ഇഷ്ടമാവുകയും ചെയ്തു.


No comments:

Post a Comment