Saturday 11 April 2020

1188. Anjaam Pathiraa( Malayalam, 2020)


1188. Anjaam Pathiraa( Malayalam, 2020)
         

   "ഓവർ റേറ്റഡ് അല്ലെ അഞ്ചാം പാതിരാ?"



  "കുറെ കൊറിയൻ സിനിമ കണ്ടൂ.അതു കൊണ്ടു അഞ്ചാം പാതിര തീരെ ഇഷ്ടപ്പെട്ടില്ല." "ലൂപ്പ് ഹോൾസ് ഒക്കെ ധാരാളം അപ്പൊ തന്നെ കണ്ടു പിടിച്ചു ബോർ അടിച്ചു." " സിനിമ തിയറ്ററിൽ കണ്ടപ്പോൾ തന്നെ പറയണം എന്ന് കരുതിയാണ് കൊള്ളില്ല എന്നു പക്ഷെ പറയാൻ നിന്നില്ല." സിനിമ സൂര്യ ടി വിയിൽ റിലീസ് കഴിഞ്ഞത് മുതൽ കാണുന്ന ഫേസ്‌ബുക്ക് അഭിപ്രായങ്ങൾ.

ഈ പറയാൻ പോകുന്നത് ഒക്കെ എന്തിനാണെന്ന് തോന്നിയാൽ ഓർക്കുക.ഇതു സിനിമയുടെ കഥയെ ഒന്നും വിശകലനം ചെയ്ത് കൊണ്ടുള്ള പോസ്റ്റ് അല്ല.പകരം സിനിമ എങ്ങനെ ആസ്വദിച്ചു എന്നത് മാത്രമാണ്.

  "ബഹുജനം പലവിധം"എന്നല്ലേ പറയുന്നത്?പലരുടെയും അഭിപ്രായപ്രകടനങ്ങൾ ആയിരുന്നു ഇതെല്ലാം.ആ അഭിപ്രായങ്ങൾ എല്ലാം മാനിച്ചു കൊണ്ടു പറയുന്നു. ഒരിക്കലും അങ്ങനെ തോന്നിയില്ല. അഞ്ചാം പാതിര ഓവർ റേറ്റഡ് അല്ല.പകരം തോന്നിയത് മലയാളത്തിലെ നവ സിനിമകളിലെ മികച്ച കുറ്റാന്വേഷണ ചിത്രം ആയി കൂട്ടാവുന്ന ഒന്നാണ് എന്നാണ്.

  ശരിയാണ്.ഒരു പക്ഷെ കൊറിയൻ സിനിമകൾ മുതൽ ഉള്ള സീരിയൽ കില്ലറുകളെ കുറിച്ചുള്ള സിനിമകളിൽ ഇതിലും അധികം കണ്ടത് കൊണ്ടു പ്രത്യേകിച്ചു ആവേശം ഒന്നും തോന്നി കാണില്ല പലർക്കും.പക്ഷെ എനിക്കു നല്ല ആവേശം ആയിരുന്നു 60 ഇഞ്ചിന്റെ ടി വിയിൽ കണ്ടപ്പോൾ.എനിക്ക് മാത്രമല്ല, എന്റെ ഭാര്യയ്ക്ക് പുള്ളികാരിയുടെ അച്ഛനും അമ്മയും എല്ലാം അതേ ആവേശത്തോടെ ആണ് കണ്ടത്.

  ഇരുന്ന സ്ഥലത്തു നിന്നും എഴുന്നേറ്റു പോകാതെ ചിത്രം കാണാൻ ഉള്ള അത്ര ആവേശം.സിനിമ കഴിഞ്ഞപ്പോൾ അവസാനം വന്നത് ആരാണെന്നു മാത്രം മനസ്സിലാകാതെ ഭാര്യയുടെ അച്ഛൻ വന്നു അതാരായിരുന്നു എന്നു ചോദിച്ചു.ആളാരാണെന്നു പറഞ്ഞപ്പോഴേ മനസ്സിലായി പുള്ളിക്ക്.

  ലൂപ്പ് ഹോൾസ് ഒക്കെ കാണുമായിരിക്കും.പലതും സിനിമ കണ്ടു കഴിഞ്ഞുള്ള സംശയ നിവാരണ പോസ്റ്റുകൾ കണ്ടപ്പോഴാണ് തോന്നിയത്.ചിലതിനൊക്കെ ഇങ്ങനെ ആയിരിക്കും എന്ന് ഉള്ള ഉത്തരം സ്വയം കൊടുത്തു.സ്പൂണ് ഫീഡിങ് അല്ല സിനിമയുടെ പ്രധാന കർത്തവ്യം എന്നു വിശ്വസിക്കുന്നു.പ്രേക്ഷകനും സ്‌പേസ് കൊടുക്കണമല്ലോ.പക്ഷെ, Believe Me, എനിക്ക് സിനിമ കാണുന്നതിന്റെ ഇടയ്ക്കു അങ്ങനെ ഒന്നും ചിന്തിക്കാൻ ഉള്ള അവസരം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.ഓരോ സീനിലും പ്രേക്ഷകനെ സ്‌ക്രീനിൽ തന്നെ ശ്രദ്ധ ചെലുത്താൻ ഉള്ള ശ്രമം നന്നായി വിജയിച്ച ചിത്രം ആണ് അഞ്ചാം പാതിരാ.സിനിമയുടെ അവസാനം കഥ അൽപ്പം ക്ളീഷേയിലേക്കു പോയെങ്കിലും അതു വരെ ചിത്രം തന്ന വ്യത്യസ്തത മതി സിനിമ ആസ്വദിക്കാൻ.

  ഉണ്ണിമായ പ്രസാദ് അസഹനീയം ആണെന്ന് പറഞ്ഞത് ഒരു പക്ഷെ വാണി വിശ്വനാഥ്, വിജയശാന്തി തുടങ്ങിൻപോലീസ് വേഷത്തിൽ ഗ്ലാമർ താരങ്ങളെ കണ്ടു ശീലം ആയ ഒരു മനസ്ഥിതി വച്ചായിരിക്കാം.പോലീസിൽ ഗ്ലാമർ ഒക്കെ അത്ര വലിയ കാര്യം ആണെന്ന് തോന്നുന്നില്ല.ഇനി അതല്ല കാരണമെങ്കിൽ എല്ലാ പോലീസ് ഉദ്യോഗസ്ഥരും സുരേഷ് ഗോപിയുടെ എനർജി ലെവൽ ഉണ്ടാകണം എന്നു വാശി പിടിക്കുന്നതിൽ അർത്ഥം ഉണ്ടെന്നു തോന്നുന്നില്ല.ഇടയ്ക്കു വ്യത്യസ്ത ഒക്കെ വരട്ടെന്നെ.

  കുഞ്ചാക്കോ ബോബന്റെ സൈക്കാട്രിസ്റ്റ് റോൾ നന്നായിരുന്നു.സിനിമയുടെ ബാക് ബോണ് ആണ് നായകൻ ആണെന്ന് ഒന്നും പറയാൻ അധികം സാഹചര്യം ഇല്ലായിരുന്നെങ്കിലും കഥയുമായി നല്ല പോലെ ബ്ലെൻഡ് ചെയ്തു പോകുന്ന കഥാപാത്രമായി ആണ് തോന്നിയത്.കുറെ നല്ല വശങ്ങൾ ഉണ്ടായിരുന്നു ഒരു മിസ്റ്ററി ത്രില്ലർ എന്ന നിലയിൽ.പിന്നെ ഇരുന്നു ആലോചിച്ചു കണ്ടു പിടിക്കാവുന്ന ലൂപ്പ് ഹോൾസും.

  ധാരാളം സിനിമകളിൽ പിന്നീട് ഉള്ള വായനയിൽ ഒക്കെ ലൂപ്പ് ഹോൾസ് ഒക്കെ തോന്നിയിട്ടണ്ട്.പക്ഷെ അഞ്ചാം പാതിരയുടെ മേക്കിങ് സ്ഥിരം കുറ്റാന്വേഷണ ചിത്രത്തിന്റെ ഫോർമുല അതേ പോലെ ഫോളോ ചെയ്ത്‌ തന്നെ ആയിരുന്നു.Engaging factor ആയിരുന്നു സിനിമയുടെ നട്ടെല്ല്.മറ്റു ഭാഷകളിലെ ഇത്തരം സിനിമകൾ അധികം കാണാത്തവരെ ഒക്കെ പിടിച്ചു തിരുത്താൻ ഉള്ള എന്തോ സിനിമയിൽ ഉണ്ടായിരുന്നു.ഫേസ്‌ബുക്കിൽ ചിത്രം ഇഷ്ടമായി എന്നു പറഞ്ഞു കണ്ടവരിൽ പലരും ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞു കണ്ടിരുന്നു.


  എന്തായാലും നല്ലത്‌ പോലെ അവതരിപ്പിച്ച ഒരു സിനിമയായി തോന്നി അഞ്ചാം പാതിര.

 

 

No comments:

Post a Comment