1550 . Thirteen Lives (English, 2022)
Survival Drama: Streaming on Amazon Prime
ഒരു സിനിമ കാഴ്ച എന്നതിലുപരി ലോകം മൊത്തം ഒന്നിച്ച ഒരു രക്ഷ പ്രവർത്തനം എന്ന നിലയിൽ Thirteen Lives എന്ന സിനിമ നൽകുന്ന ഫീൽ മറ്റൊന്നാണ്. തായ്ലാൻഡിലെ ഗുഹയിൽ നിന്നും പുറത്തു കടക്കാനാകാതെ പോയ 12 കുട്ടികളും അവരുടെ കോച്ചിനെയും രക്ഷിക്കുന്ന കഥ അത് നടക്കുന്ന സമയം ലോകം മുഴുവൻ പ്രാർഥനയോടെ അവർക്ക് വേണ്ടി കാത്തിരുന്നതാണ് . എന്നാൽ പ്രതികൂലമായ സാഹചര്യങ്ങളെ വക വയ്ക്കാതെ മനുഷ്യ ജീവന് വലിയ വില നൽകി അത് നഷ്ടപ്പെടാതെ ശ്രമിച്ച ഒരു കൂട്ടം ആളുകൾ ഉണ്ടായിരുന്നു ലോകത്ത്. സിനിമയുടെ ടാഗ് ലൈനിൽ പറയുന്നത് പോലെ, 17 രാജ്യങ്ങൾ , 5000 ആളുകൾ പങ്കെടുത്ത ബൃഹത്തായ, ലോകത്തിലെ തന്നെ ഏറ്റവും വലിയ രക്ഷാ ദൗത്യം ആയിരുന്നു അത്. ആരും വിളിക്കാതെ തന്നെ, തങ്ങളെ കൊണ്ട് ആകുന്ന രീതിയിൽ രക്ഷാപ്രവർത്തനത്തിന് വന്ന ആളുകൾ ഓരോരുത്തരും അവരുടേതായ രീതിയിൽ അന്ന് അതിൽ പങ്കാളികൾ ആയി. ഇത്തരം സാഹചര്യങ്ങൾ അപരിചിതമായ, അതിനൊപ്പം എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ നിന്ന സർക്കാരിന്റെയും ജനങ്ങളുടെയും ഇടയിലേക്ക് വന്ന ആളുകൾ എങ്ങനെ നായകരായി എന്നാണ് സിനിമ കാണിച്ചു തരുന്നത്.
ഈ സംഭവങ്ങളുടെ വെളിച്ചത്തിൽ സിനിമാറ്റിക് രീതികൾ കുറച്ചു കൊണ്ടും, എന്നാൽ ഒരു ഡോക്യുമെന്ററി ആയി മാറുകയും ചെയ്യാത്ത സിനിമയാണ് റോൺ ഹോവാർഡ് അവതരിപ്പിച്ചിരിക്കുന്നത്. കോളിൻ ഫാരൽ , വിഗോ മോർടൻസൻ തുടങ്ങി ഒരു പിടി നല്ല അഭിനേതാക്കൾ ആണ് ചിത്രത്തിൽ ഉള്ളത്. സിനിമയെക്കുറിച്ച് പറയുകയാണെങ്കിൽ അതി നാടകീയത ഇല്ലാതെ , എന്നാൽ ഒരു സിനിമ കാണുമ്പോൾ ഉണ്ടാകുന്ന വികാരങ്ങൾ പ്രേക്ഷകന് നല്കുന്നുണ്ട് Thirteen Lives.
ലോകം എത്ര ചെറുതാണ് അല്ലേ? ചില നേരങ്ങളിൽ നമ്മുടെ എല്ലാം സ്വരം ഒന്നായി മാറും . അതിന് അതിർത്തികൾ ഉണ്ടാകില്ല. അതിനും ഉപരിയായി ഒരു മനുഷ്യൻ മറ്റൊരുവനോടും സമൂഹത്തോടും സ്വന്തം ഇഷ്ടത്തിൽ ചെയ്യുന്ന നല്ല കാര്യങ്ങൾ, അതിനു ഒരിക്കലും അന്ത്യം ഉണ്ടാകില്ല എന്ന് വിശ്വസിപ്പിക്കാൻ കഴിയുന്ന തരത്തിൽ ആണ് സിനിമയുടെ അവതരണം. ഒരു fast- paced survival- thriller അല്ല ചിത്രം. മാത്രമല്ല സിനിമയുടെ ക്ലൈമാക്സും അറിയാവുന്നതാണ്. എന്നാൽ പോലും ചില ഭാഗങ്ങളിൽ ,ചില കഥാപാത്രങ്ങളിലൂടെ സിനിമയുടെ മനോഹരമായ ഒരു വശം കൂടി Thirteen Lives നൽകുന്നുണ്ട് . സിനിമ എന്ന നിലയിൽ നല്ലത് പോലെ ഇഷ്ടപ്പെട്ടൂ Thirteen Lives.
സമയം കിട്ടുകയാണെങ്കിൽ കണ്ടു നോക്കൂ. ഇതേ സംഭവത്തെ കുറിച്ച് സിനിമകളും ഡോക്യുമെന്ററികളും വേറെയും വന്നിട്ടുണ്ട്. അതൊന്നും ഞാൻ കണ്ടിട്ടില്ല. ഇനി അത് കാണുമോ എന്നും അറിയില്ല. അത്ര ഇഷ്ടമായി ഈ സിനിമ. ഈ കഥ വച്ച് ഉള്ള സിനിമ ഇങ്ങനെയെ എടുക്കാവൂ എന്ന് മനസ്സ് പറയുന്നുണ്ട്. അതാണ് കാരണം.
No comments:
Post a Comment