Tuesday 20 September 2022

1545. Cobra (Tamil, 2022)

 1545. Cobra (Tamil, 2022)



             സ്ക്കൂളിൽ Cos θ, Sin θ ഒക്കെ കണക്കിൽ പഠിക്കുന്നത് എന്തിനാണെന്ന് ചോദിക്കുന്നവരുണ്ട്.കണക്കിലെ പല കാര്യങ്ങളും നമ്മൾ  അറിയാതെ തന്നെ ജോലിയിലും ജീവിതത്തിലും ഉപയോഗിക്കാറുണ്ട്. ചുമ്മാ കണക്കു കൂട്ടുന്നത് മാത്രമല്ല കണക്ക്.അതിന്റെ പ്രായോഗിക വശം ആണ്‌ അതിന്റെ സൗന്ദര്യം എന്ന് ആരോ പറഞ്ഞത് ഓർക്കുന്നു. എന്നാൽ കണക്കിന് മറ്റൊരു ഉപയോഗവും ഉണ്ടായിരുന്നു. അത് മനസ്സിലാക്കിയ ഒരു വാടക കൊലയാളിയും .അതിനൊപ്പം അയാൾ വലിയ ഫാൻസി ഡ്രസ്സുകാരനും ആയിരുന്നു. നിന്ന നിൽപ്പിൽ ലുക്ക് മാറ്റുന്ന ആൾ.

            

ലോകത്തിൽ എവിടെയും പോയി കൊലപാതകങ്ങൾ നടത്തുക ആണ്‌ വാടക കൊലയാളി ആയ അയാൾ ചെയ്യുന്നത്.അപ്പോൾ അതൊക്കെ ആവശ്യം ഉള്ളതുമാണല്ലോ .പക്ഷെ ചില്ലറ കളിയൊന്നും അല്ല അയാൾ കളിക്കുന്നത് . കണക്കിന്റെ അനന്ത സാധ്യതകൾ ഉപയോഗിച്ച് നടത്തുന്ന, തലയിൽ അൽപ്പം വെളിച്ചം ഉള്ളവർക്ക് മാത്രം മനസ്സിലാകുന്ന രീതിയിൽ കൊലപാതകങ്ങൾ നടത്തുന്ന ഒരാൾ ആണയാൾ . രാമാനുജന്റെയും ശകുന്തളാ ദേവിയുടെയും നാട്ടിൽ പിറന്ന ഒരാൾക്ക്‌ ഇത്രയും എങ്കിലും ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ മാത്രേ അത്ഭുതപ്പെടാൻ ഉളളൂ.


  സിനിമയിൽ ഇതൊന്നും പറയുന്നില്ലെങ്കിലും അമ്മാതിരി ഒരു ബിൽഡപ്പിൽ ഇന്ത്യയിൽ നിന്നും ഒരു വാടക കൊലയാളി ആണ്‌ സിനിമയിലെ ഒരു മുഖ്യ കഥാപാത്രം . സംഭവം ഒക്കെ കിടിലം ആണ്‌. നമുക്ക് അത്ര കണക്കു അറിയില്ലെങ്കിലും എന്തൊക്കെയോ സംഭവം ഉണ്ട് എന്ന് തോന്നും. അങ്ങനെ കുറച്ചു കൊലപാതകങ്ങൾ ഒക്കെ കൊള്ളാമായിരുന്നു . അങ്ങനെ കൊലപാതകം ഒക്കെ ആയി പോകുമ്പോൾ ലോകത്തിലെ ഏതു ഇൻവെസ്റ്റിഗേഷൻ സംഘടനയും ഹാക്ക് ചെയ്യാൻ ചെയ്യാൻ കഴിയുന്ന ജോക്കറിന്റെ ഫോട്ടോ പോലെ ഒരെണ്ണം ഐ ഡി ആയി വച്ചിരിക്കുന്ന അജ്ഞാതനായ ഒരാൾ ഈ കൊലയാളിക്ക് എതിരെ വരുന്നു . അയാൾ ഇന്റർപ്പോൾ മുതൽ റഷ്യയിൽ വരെ ഈ കൊലയാളിയെ കുറിച്ച് വിവരം കൊടുക്കുന്നു, അതും അവരെ ഒക്കെ ഹാക്ക് ചെയ്തു കൊണ്ട് തന്നെ . പക്ഷെ ഒരു രക്ഷയും ഇല്ല. ഓരോ കൊലപാതകങ്ങൾ കഴിയുമ്പോഴും ഇവരൊക്കെ ചമ്മുന്നു. C++ പോലും അറിയാത്ത എന്നെ പോലുള്ളവർ അമ്പരപ്പോടെ  കാണുന്ന ഹാക്കിങ് രംഗങ്ങൾ.


  ഇപ്പോഴും വൻ സംഭവം ആയാണ് സിനിമ പോകുന്നത്. അന്താരാഷ്ട്ര ഡീൽസ് ആണ്‌ കൂടുതലും. എന്നാൽ പെട്ടെന്ന് സിനിമ ഇന്ത്യയിലേക്ക് മാറി. പിന്നെ അണ്ണൻ -തമ്പി പാസം, കുടുംബ ബന്ധങ്ങൾ, പ്രണയം, കാമുകി, ത്യാഗം ഒക്കെ ആയി വേറെ ലെവലിലേക്ക് സിനിമ മാറുകയാണ്. ഇതൊന്നും ഇല്ലാതെ എന്ത് തമിഴ് സിനിമ എന്ന് കരുതുന്ന സംവിധായകൻ ആണെന്ന് തോന്നുന്നു.

 

എന്നാൽ, 3 മണിക്കൂർ ഉള്ളത് കൊണ്ട് വേണമെങ്കിൽ ഇടയ്ക്കൊക്കെ ഉറങ്ങിയോ മൊബൈൽ നോക്കിയോ ഒക്കെ ടി വിയിൽ സിനിമ കണ്ട് തീർക്കാവുന്ന അവസ്ഥയാണ് പിന്നീട് ഉള്ളത്. ഇനി കൂടുതൽ ഒന്നും പറയുന്നില്ല. വലിയ ബിൽഡപ്പ് കൊടുത്തു എങ്ങും ആകാതെ പോയ ഒരു തമിഴ് ബോംബ് സിനിമയാണ് കോബ്ര.


 വിക്രവും ജയറാമും തിരിച്ചു വരവുകൾ കുറെയേറെ നടത്തേണ്ടി വരുമെന്നാണ് തോന്നുന്നത്. രണ്ട് പേരും എന്നെങ്കിലും ഒരു നല്ല സിനിമ ആയി തിരിച്ചു വരും എന്ന് കരുതിയിരിക്കുന്ന ഒരാളായത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്. പക്ഷെ വിക്രത്തിന്റെ മഹാൻ  നല്ല സിനിമ ആയിരുന്നു.കിടിലം എന്നൊക്കെ പറയാവുന്ന ഒന്ന് ആയി തോന്നിയതും ആണ്‌.പക്ഷെ അങ്ങേരു വീണ്ടും പഴയ ഫോമിൽ എത്തിയിട്ടുണ്ട്.


ഇവന്മാരൊക്കെ ഇതു പോലത്തെ സിനിമയിലൊക്കെ ഇങ്ങനത്തെ വൈകാരിക സംഭവങ്ങളൊക്കെ എന്തിനാണോ ഇടിച്ചു കുത്തി കയറ്റുന്നത്? ചുമ്മാ ഒരു ക്യാറ്റ് & മൗസ് ഗെയിം ഒക്കെ ആണെങ്കിൽ പോലും കണ്ടിരിക്കാമായിരുന്നു എന്ന് തോന്നി. എന്നാൽ അതും ഉണ്ടായില്ല ഇവിടെ.

No comments:

Post a Comment

1818. Lucy (English, 2014)