Tuesday, 20 September 2022

1544. Attention Please (Malayalam, 2022)

 1544. Attention Please (Malayalam, 2022)

          Streaming on Netflix



    പണ്ട് കോളേജിൽ പഠിച്ചിരുന്ന സമയം നഗർകോവിലിലെ SMRV യിൽ ആണെങ്കിലും മണവാളക്കുറിച്ചിയിൽ ആണെങ്കിലും പാതി രാത്രി ടെറസിന്റെ മുകളിൽ റൂമിൽ ഉള്ളവരെല്ലാം കൂടി ചെറിയ കലാപരിപാടികളും ആയി കുറെ കഥകളും ആയി ഇരിക്കുക പതിവായിരുന്നു. പ്രായത്തിന്റെതായ കഥകൾ, പിന്നെ കുറെ തള്ളൽ കഥകൾ അങ്ങനെ പലതും അത്തരം സദസ്സുകളെ കൊഴുപ്പിക്കുമായിരുന്നു.


  പക്ഷെ ഈ കഥകൾക്കും അപ്പുറം യഥാർത്ഥത്തിൽ സംഭവിച്ചിട്ടുണ്ടെന്ന രീതിയിൽ ഇടയ്ക്ക് വരുന്ന പ്രേത കഥകൾ, അല്ലെങ്കിൽ ഹൊററിന്റെ അതി പ്രസരം ഉള്ള കഥകൾ ഒക്കെ സ്ഥിരമായിരുന്നു. നന്ദി പറയേണ്ടത് കോളേജ് ഇരിക്കുന്ന വലിയ ക്യാമ്പസ്സിൽ ഉള്ള മരങ്ങളിലെ ആണികൾക്കും, അതിൽ ചുറ്റിയിരിക്കുന്ന ചുവന്ന തുണികൾക്കും ഒപ്പം മണവാളക്കുറിച്ചിയിൽ താമസിച്ചിരുന്ന വീടിന്റെ മുറ്റത്തു ഉള്ള, രാത്രിയിൽ മുല്ലപ്പൂവിന്റെ മണം വരുന്ന നാല് ശവക്കല്ലറകൾക്ക് കൂടി ആണ്‌. വല്ലാത്തൊരു അന്തരീക്ഷം ആയിരുന്നു അത്. പല സംഭവങ്ങൾ കാരണം വീടിന്റെ ഉടമസ്ഥർ സൗകര്യങ്ങൾ എല്ലാം ഉള്ള ആ വീട്ടിൽ താമസിക്കാതെ അപ്പുറത്ത് കുടിൽ കെട്ടി തമായിക്കുന്നു. അതും തുച്ഛമായ വാടകയ്ക്ക് വീട് ഞങ്ങൾക്ക് തന്നിട്ട്.


  ഇത്തരം സ്ഥലങ്ങളിലെ കഥകൾക്ക് എല്ലിന്റെ ഇടയിലേക്ക് പോലും ഒരു ചെറിയ തണുപ്പോടെ ഭീതി ഉളവാക്കാൻ സാധിക്കാറുണ്ട്. പറഞ്ഞു വന്നത് അറ്റൻഷൻ പ്ലീസ് എന്ന മലയാള സിനിമയെ കുറിച്ചാണ്. വളരെയധികം ഇത്തരം ഒരു അന്തരീക്ഷം ആവശ്യപ്പെടുന്ന സിനിമയാണ് അത്. താൻ സിനിമയ്ക്ക് വേണ്ടി എഴുതുന്ന കഥകൾ കൊള്ളില്ല എന്നു പറയുന്ന നാല് സുഹൃത്തുക്കൾക്ക് ഇടയിൽ ഹരി എന്ന യുവാവ് തന്റെ കഥകൾ അവതരിപ്പിക്കുന്ന രീതിയിൽ ആണ്‌ സിനിമ അവതരിപ്പിച്ചിരുന്നത്. നേരത്തെ പറഞ്ഞ ടെറസിലെ കഥകൾ പോലെ കഥകൾ ഓരോന്നായി വരുകയാണ്. അതിന്റെ ഒപ്പം അവിചാരിതമായി പലതും സംഭവിക്കുന്നു.


  തുടക്കത്തിൽ ഹൊറർ മാത്രം വിഷയമായി മാറിയെങ്കിലും പിന്നീട് ഈഗോ, തൊലിയുടെ നിറം, ജാതി, അതിജീവനം തുടങ്ങിയവയെല്ലാം വിഷയമായി മാറുന്നുണ്ട്. ഒരു പക്ഷെ മുഖ്യ കഥപാത്രത്തിന്റെ മാനസിക വ്യാപരങ്ങൾ എല്ലാം തന്നെ ആ കഥകളിൽ നിഴലിക്കുന്നുണ്ട്. അതിൽ നിന്നും ഹൊറർ ആയി ചിത്രം മാറുന്നത് മികച്ച അനുഭവം ആയിരുന്നു. പണ്ട് Get Out കണ്ടപ്പോൾ കിട്ടിയ ഒരു വൈബ് ഇവിടെയും ഉണ്ടായി. അവിടെ നിന്നും ഒരു പക്ഷെ പ്രതീക്ഷിക്കാവുന്ന ഒരു ക്ലൈമാക്സ്‌ ആയിരുന്നു ചിത്രത്തിന് വന്നതെങ്കിലും സിനിമയുടെ ഇനിയും മുന്നോട്ടു ഉള്ള കഥയെ കുറിച്ച് ചെറിയ രീതിയിൽ കൗതുകം തോന്നുകയും ചെയ്തു.


 അസാധ്യമായി ആണ്‌ ഹരി എന്ന കഥാപാത്രത്തെ വിഷ്ണു ഗോവിന്ദൻ അവതരിപ്പിച്ചത്. ചൊറി കൂട്ടുകാരിൽ മികച്ച ചൊറിയും ആയി ശ്രീജിത് അവതരിപ്പിച്ച ജിതിനും ആനന്ദ് അവതരിപ്പിച്ച അജിത്തും സിനിമയിൽ മുഖ്യ പങ്കു വഹിക്കുന്നുണ്ട്. സാധാരണ സിനിമ സങ്കൽപ്പങ്ങളിൽ നിന്നും വ്യത്യസ്തമായ അവതരണ ശൈലി ആണ്‌ ചിത്രത്തിന് ഉള്ളതു. കഥ എഴുതി സംവിധാനം ചെയ്ത ജിതിൻ ഐസക്ക് സിനിമയെ സമീപിച്ച രീതി നന്നായിരുന്നു.


 ചെറിയ സിനിമ ആണ്‌. OTT യിൽ കാണേണ്ട ആവശ്യം മാത്രമുള്ള സിനിമ. പക്ഷെ അവതരണ രീതി കൊണ്ട് മികച്ച മൂല്യം ഉള്ള ചിത്രം ആയി ആണ്‌ എനിക്ക് തോന്നിയത്. കണ്ട് നോക്കൂ.

No comments:

Post a Comment