Monday, 10 May 2021

1353. Nayaattu (Malayalam, 2021)

 1353. Nayaattu (Malayalam, 2021)

          OTT: Netflix




നായാട്ട് :'വേട്ടക്കാർ ഇരകളാകുമ്പോൾ'


  കാര്യം എത്ര ജനമൈത്രി പോലീസ് ഒക്കെ ആണെങ്കിലും പോലീസിന്റെ മുന്നിൽ നിന്നു അവരുടെ ഭാഷ്യത്തിൽ ഉള്ള 'മര്യാദ'യുടെ ഭാഷയിൽ സംസാരിച്ചില്ലെങ്കിൽ പ്രശ്നങ്ങൾ കൂടുതൽ ഗുരുതരം ആവുകയാണ് സാധാരണയായി.ഈ അവസരങ്ങളിൽ പലപ്പോഴും പൊതു ജനം നിസഹായർ ആയി മാറാറുണ്ട്, സർക്കാർ ഏതു ആയാലും.ഈ അവസരങ്ങളിൽ ജനം പലപ്പോഴും ഇര ആവുകയാണ്;പോലീസ് വേട്ടക്കാരനും.കാട്ടിൽ അല്ലാതെ നാട്ടിൽ നടക്കുന്ന നായാട്ട്.

   എന്നാൽ മാർട്ടിൻ പ്രകാട്ടിന്റെ നായാട്ടിൽ ഒരു വ്യത്യാസമുണ്ട്.ഇവിടെ പൊലീസുകാർ തന്നെ ഇരയും വേട്ടക്കാരനും ആകുന്നു.ഒരു ഇലക്ഷന്റെ സമയം ഭരണകക്ഷിയുടെ ഇലക്ഷൻ വിജയത്തിന്റെ സാധ്യതകളെ പ്രതികൂലമായി സ്വാധീനിക്കാൻ കഴിയുന്ന സംഭവങ്ങൾ ഉണ്ടാകുന്നു.അവിടെ നിന്നും മൂന്ന് പൊലീസുകാർ പ്രതി സ്ഥാനത്തേക്ക് മാറുകയാണ്.പോലീസും പ്രതികളായി മാറിയ പോലീസും തമ്മിൽ ഉള്ള ക്യാറ്റ് ആൻഡ് മൗസ് കളി ആണ് പിന്നീട് സിനിമയിൽ.

   സിനിമ സംസാരിക്കുന്ന ദളിത് രാഷ്ട്രീയത്തിൽ ഇരു വശങ്ങളിലും അതേ വിഭാഗത്തിൽ ഉള്ളവർ വന്ന് ഒരു ബാലൻസിങിന് ശ്രമിക്കുന്നത് കാണാമായിരുന്നു.ഒരു പക്ഷെ അത് മറ്റൊരു രീതിയിൽ ആയിരുന്നെങ്കിൽ സിനിമയിലെ ആ കഥാപാത്രങ്ങൾ മറിച്ചൊരു പൊതു ഓഡിറ്റിങ്ങിന് എന്നെങ്കിലും വിധേയമാകേണ്ടി വന്നേനെ എന്നു ഉറപ്പാണ് ഇന്നത്തെ കേരളത്തിൽ.

 മികച്ച അഭിനയം ആയിരുന്നു കഥാപാത്രങ്ങളിൽ ഭൂരിഭാഗവും.ഡിനിഷിന്റെ കഥാപാത്രം കണ്ടപ്പോൾ വൻ ചൊറിയൻ ആയാണ് തോന്നിയത്.ആർക്കാണെങ്കിലും കൈ വയ്ക്കാൻ തോന്നുന്ന അത്ര ദേഷ്യം തോന്നി ആ കഥാപാത്രത്തിനോട്.യമയുടെ പോലീസ് കഥാപാത്രവും നന്നായിരുന്നു.കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം ആയിരിക്കും ഈ സിനിമയിലെ മൈക്കിൾ.ജോജുവിന്റെ കഥാപാത്രം,പിന്നെ പ്രത്യേകിച്ചു ഒന്നും പറയാൻ ഇല്ലായിരുന്നു.ആൾ 'ജോജുവിസം' എന്ന അവസ്ഥയിലേക്ക് പോവുകയാണെന്ന് തോന്നും.ഏതു കഥാപാത്രം ആണെങ്കിലും അതിൽ ജോജുവിന്റെ കാണാം.പക്ഷെ മടുപ്പിക്കാത്ത രീതിയിൽ ഉള്ള ആരെയും ആകർഷിക്കുന്ന എന്തോ ഒരു മാജിക്കും ജോജുവിന് ഉണ്ടെന്നു തോന്നിയിട്ടുണ്ട്.അപാര സ്‌ക്രീൻ പ്രസൻസ് കൂടി ആകുമ്പോൾ കൂടെ ഉള്ളവർ അപ്രസക്തർ ആയി മാറുന്നത് പോലെ.

   സിനിമ മികച്ചത് ആണോ അല്ലയോ എന്നൊക്കെ പറയേണ്ട ആവശ്യം ഇനി ഉണ്ടാകില്ല എന്നു കരുതുന്നു.ചിത്രത്തിന്റെ ക്ളൈമാക്‌സും ഇഷ്ടമായി.എന്താണ് അവസാനം സംഭവിക്കാൻ പോകുന്നതെന്ന് നിമിഷയുടെ കഥാപാത്രം പറഞ്ഞിട്ടുണ്ട്.അതങ്ങനെ തന്നെ ആകട്ടെ എന്നു വിശ്വസിക്കുന്നു.


 ഒരു പ്രേക്ഷകൻ എന്ന നിലയ്ക്ക് നായാട്ട് ഈ അടുത്തു കണ്ട ചിത്രങ്ങളിൽ ഗംഭീരമായ ഒരു അനുഭവം ആയിരുന്നു.


ഒന്നും മറിച്ചു പറയാൻ ഇല്ല.


Stream it!!


@mhviews rating: 4/4

No comments:

Post a Comment