Tuesday 19 May 2020

1221. Nooravathu Naal (Tamil, 1984)



1221. Nooravathu Naal (Tamil, 1984)
          Mystery

"ദേവി തന്റെ ദുഃസ്വപ്നങ്ങളിൽ ഒന്നിൽ കാണുന്നത് അവളുടെ സഹോദരിയുടെ മരണം ആയിരുന്നു.അൽപ്പ ദിവസങ്ങൾക്കു ശേഷം ദേവിയുടെ സഹോദരിയെ കാണാതാകുന്നു.എന്നാൽ ദേവി പിന്നെയും സ്വപ്നങ്ങൾ കാണുന്നു.പലതിന്റെയും അർത്ഥം അവൾക്കു മനസ്സിലാകുന്നില്ലായിരുന്നു.എന്നാൽ ആ സ്വപ്നങ്ങൾ അവളെ പിന്തുടർന്നുക്കൊണ്ടിരുന്നു.എന്താണ് ആ സ്വപ്നങ്ങളുടെ പിന്നിൽ ഉള്ള രഹസ്യം"?

  ഇന്ത്യൻ സിനിമയിലെ ക്രൈം ത്രില്ലറുകളിൽ ഒരു വലിയ സംഭവം ആയി കണക്കാക്കാം 1984ൽ ഇറങ്ങിയ നൂറാവത് നാളുകൾ.മണിവണ്ണന്റെ എഴുത്തിലും സംവിധാനത്തിലും അന്നത്തെ നല്ലൊരു താര നിര ആയിരുന്നു സിനിമയിൽ ഉണ്ടായിരുന്നത്.മോഹൻ, വിജയകാന്ത്, സത്യരാജ്, നളിനി എന്നിവർ ആയിരുന്നു മുഖ്യ കഥാപാത്രങ്ങൾ. മികച്ച ഇന്ത്യൻ മിസ്റ്ററി ത്രില്ലർ ക്ളാസിക്കുകളിൽ ഒന്നായി നൂറാവത് നാളിനെ ഇപ്പോഴും കണക്കാക്കുന്നു.ഇറ്റാലിയൻ ചിത്രമായ "Sette note in nero" യെ ആസ്പദം ആക്കിയാണ് ഈ സിനിമ അവതരിപ്പിച്ചത്.

  ഈ ചിത്രം ആദ്യമായി കാണുന്നത് 1997-'98 കാലഘട്ടത്തിൽ ആണെന്നാണ് ഓർമ. സണ് ടിവിയിൽ ആണെന്ന് തോന്നുന്നു കണ്ടത്.അപ്പന്റെ ഉച്ചയ്ക്കുള്ള സിനിമ കാഴ്ചയിൽ ഇടയ്ക്കു സ്ക്കൂളിൽ നിന്നും വരുമ്പോൾ പങ്കു ചേരാറുണ്ടായിരുന്നു.അങ്ങനെ ആണ് സിനിമ കണ്ടത്.അന്ന് നളിനി കാണുന്ന സ്വപ്നവും അതിൽ മൃതദേഹം ഒളിപ്പിക്കുന്നതും ഒക്കെ പുതുമ ആയിട്ടാണ് തോന്നിയത്.ഇതിന്റെ മലയാളം സിനിമ ആയിരം കണ്ണുകൾ കണ്ടതായി ഓർമയും ഇല്ല.അതു കൊണ്ടു തന്നെ അന്ന് കൊലപാതകിയെ കണ്ടു പിടിച്ചപ്പോൾ ഒക്കെ വലിയ അത്ഭുതം തോന്നി.പക്ഷെ കഴിഞ്ഞ ദിവസം കണ്ടപ്പോൾ കൊലപാതകി ആരാണ് എന്നുള്ള confusion വീണ്ടും വന്നു.കഥ മറന്നു പോയി എന്ന് ചുരുക്കം.

  ഇന്നത്തെ കാലത്തിൽ കഥ ഒക്കെ പഴഞ്ചൻ ആയെന്നു തോന്നുമായിരിക്കും.പക്ഷെ ഓരോന്നിനും അതിന്റെതായ തുടക്കം ഉണ്ടല്ലോ.അങ്ങനെ ഉള്ള തുടക്കങ്ങളിൽ ഒന്നായിരിക്കും ഈ ചിത്രവും.വിദേശ സിനിമകൾ കാസറ്റുകളിലൂടെ കാണുന്ന കാലത്തിൽ കൂടുതൽ പ്രേക്ഷകനും കാണാൻ അവസരം ഇല്ലാതിരുന്നത് കൊണ്ടു പല ചിത്രങ്ങളും ആ കാലഘട്ടങ്ങളിൽ ഇന്ത്യൻ ഭാഷകൾ പല രൂപത്തിലും പേരുകളിലും സംസാരിച്ചിരുന്നു.ആ ഒരു വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രമാണ് നൂറാവത് നാൾ.എന്നാൽക്കൂടിയും ഇന്ത്യൻ ഭാഷകളിൽ പലതിലും റീമേക് ചെയ്യുന്ന രീതിയിൽ ഉള്ള ഒരു മാർക്കറ്റ് വാല്യു ആ സിനിമയ്ക്ക് ഉണ്ടായിരുന്നു എന്നത് സത്യമാണ്.

  ഏകദേശം 25 വർഷങ്ങൾക്കു മുന്നേ edge-of-the-seat ത്രില്ലർ ആയി കണ്ട ചിത്രം ഇന്നലെ കണ്ടപ്പോൾ അങ്ങനെ തോന്നി എന്നു പറയുന്നത് അതിശയോക്തി ആകും.എന്നാൽ ചിത്രത്തിന്റെ ക്ളൈമാക്‌സ് മറന്നു പോയിരുന്നു.ഓർത്തെടുത്തപ്പോൾ സിനിമ തീരാറായിരുന്നു.എന്നാൽക്കൂടിയും അന്നത്തെ ആ ലോകത്തിൽ ഇങ്ങനെ ഒരു സംഭവം സിനിമ ആയി കണ്ടപ്പോൾ ഉള്ള ആളുകളുടെ കൗതുകം എന്തായിരിക്കും?പരിമിതമായ സിനിമ ആസ്വാദന  ഉപാധികളിൽ നിന്നും ആ കാലഘട്ടത്തിൽ സംഭവിച്ച മികച്ച തമിഴ് സിനിമകളിൽ ഒന്നാണ് നൂറാവത് നാൾ എന്നാണ് അഭിപ്രായം.

  കാലത്തെ അതിജീവിച്ച കഥ എന്നൊന്നും അവകാശപ്പെടുന്നില്ല.പക്ഷെ കഥ പിന്നീട് കാലങ്ങളിലൂടെ സഞ്ചരിച്ചിരിക്കാം. സിനിമ കാണാൻ ഒരു പ്രചോദനം അത് ആണെങ്കിൽ കണ്ടോളൂ. 

  സിനിമ YouTube ൽ ലഭ്യമാണ്.

 t.me/mhviews or @mhviews യിൽ ടെലിഗ്രാം ചാനൽ ലിങ്ക് ലഭ്യമാണ്.

1 comment:

  1. കാലത്തെ അതിജീവിച്ച കഥ എന്നൊന്നും അവകാശപ്പെടുന്നില്ല.
    പക്ഷെ കഥ പിന്നീട് കാലങ്ങളിലൂടെ സഞ്ചരിച്ചിരിക്കാം....

    ReplyDelete