Saturday, 23 December 2017

813.WHAT HAPPENED TO MONDAY?a.k.a 7 SISTERS(ENGLISH,2017)





813.WHAT HAPPENED TO MONDAY?a.k.a 7 SISTERS(ENGLISH,2017)

✪✪✪✫✫
Cast:Noomi Rapace, Glenn Close, Willem Dafoe 
Director:Tommy Wirkola

"What happened to Monday" a.k.a "7 Sisters" is yet another Netflix movie released recently.The theme of the movie seems a much 'cliched' one ,particularly discussing the dystopian worlds,as often mentioned in most of the Hollywood flicks.The story follows the same straight pattern of 'world about to be destroyed-saviour-dramatic format.The trenchant factor which makes the movie worth watching is the provocative thought that lies towards the end of the movie.

   The mammoth population increase compelled the authorities to take stern decisions for the survival of humanity.Mostly,due to genetic disorders the new births were more in pairs.The alarming rise in population lead to a new law.Couples are allowed to give birth to single kid and when there are more kids,the officials will take them and preserve in a cryogenic environment.The process was to give them a proper life when the poverty and scarcity of food comes under control.


  Meanwhile,a mother gave birth to septuplets and soon after the delivery she was dead leaving them with her dad Terrence Settmann (Willem Dafoe).According to the law ,he could keep one and leave the rest to  cryogenic preservation.But he had his own ideas.He decided to take care of  'em secretly in his apartment.He re-modified his place,gave the girls name denoting the days of a week as Sunday to Saturday.He taught them how to save themselves from the authorities,provided  education and even made a schedule for them to go out to the world outside.Each of 'em can go out according to the week-day which represented their name.

  It's 30 years after the birth of the septuplets.Upbraid on the cryogenic preservation existed among the citizens.Mean while,a sense of umbrage among the grown up septuplets,provided their grand dad is no more to keep 'em calm.They have an identity by the name Karen Settmann and the "identical-looking' ladies live their life for a day every week.It's a crucial time in their life with career and on a Monday, the Monday girl Karen Settmann never came back.This changed the whole scenario.Then comes the question.What happened to Monday?


   Then the movie's mystery part is slowly revealed through the turpitude attitude of authorities,the emotions,the alter ego and defiant nature of the Karen Settmanns.The trite already created confusion and the surreptitious nature of cryogenic preservation slowly builds up it's own cast around everyone.

Noomi Rapace did justice to her alter ego portrait of characters.At the end,when the mysteries are revealed raising up a question in the minds of viewers.This action-packed movie maintains an identity for itself with theme,resulting from the mysterious surroundings it covered.I still think that there is more room for movies narrating the dystopian worlds in the future too,provided with better execution. The movie ends on a note "Who was right and who was wrong?Actually ,is there an alternative way to face this problem effectively??"



Thursday, 14 December 2017

812.STRONGER(ENGLISH,2017)

812.STRONGER(ENGLISH,2017)

   |Drama|Biography|
Directed by David Gordon Green
Characters Played by Jake Gyllenhaal, Tatiana Maslany, Miranda Richardson

MH Views Rating;4/5

   
  2013 ലെ 'ബോസ്റ്റണ്‍ മാരത്തോണ്‍' ബോംബ്‌ സ്ഫോടനം ആസ്പദമാക്കി ചിത്രങ്ങള്‍ നിര്‍മിച്ചിരുന്നു.'Patriot's Day' എന്ന മാര്‍ക്ക് വാല്ബെര്‍ഗ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ആ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന കേസ് അന്വേഷണം ആയിരുന്നു പ്രധാനമായും അവതരിപ്പിച്ചത്.എന്നാല്‍ ആ സംഭവത്തിനെ വേറെ ഒരു രീതിയില്‍,അതില്‍ ഇരയായി മാറിയ ഒരാളുടെ കാഴ്ച്ചപ്പാടിലൂടെ അവതരിപ്പിച്ച ചിത്രമാണ് 'Stronger'.യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ,സ്ഫോടനത്തില്‍ രണ്ടു കാലുകളും നഷ്ടപ്പെട്ട ജെഫ് ബോമാന്റെ മറക്കാന്‍ ആഗ്രഹിക്കുന്ന ആ ദിവസത്തിന് ശേഷം നടന്ന സംഭവങ്ങള്‍ ആണ് ചിത്രത്തില്‍ ഉള്ളത്.ഇതേ പേരില്‍,ജെഫ് ബോമാനും,ബ്രെറ്റ് വിട്ടറും എഴുതിയ ഓര്‍മ്മക്കുറിപ്പുകള്‍‍ ആണ് ചിത്രത്തിന്റെ ജീവന്‍.

   മാരത്തോണില്‍ പങ്കെടുക്കുന്ന കാമുകിയെ ഫിനീഷിംഗ് ലൈനില്‍ കാണാനായി കാത്തിരുന്ന ബോമാന്‍ എന്നാല്‍ അന്ന് നടന്ന ഇരട്ട സ്ഫോടനങ്ങളില്‍ ഒന്നില്‍ ഇരയായി മാറുകയായിരുന്നു.'കോസ്ക്കോ'യിലെ സാധാരണ ജീവനക്കാരന്‍ ആയ ജെഫ് എന്നാല്‍ കമ്പനിയില്‍ നിന്നും ലഭിച്ച ആനുകൂല്യങ്ങള്‍ ഉള്‍പ്പടെ ഉള്ള സഹായത്താല്‍ തന്‍റെ മോശം അവസ്ഥയെ നേരിടാന്‍ ശ്രമിക്കുന്നു.അന്നത്തെ ദാരുണ സംഭവത്തിന്‌ മുന്‍പ് അയാളോടുള്ള മറ്റുള്ളവരുടെ സമീപനം;പ്രത്യേകിച്ചും കുടുംബക്കാരുടെ,അപകടത്തിനു ശേഷം അയാള്‍ അവര്‍ക്കൊരു ബാധ്യത ആകും എന്ന് കരുതിയ നിമിഷങ്ങള്‍,പിന്നീട് 'Boston Strong' ന്‍റെ പ്രചാരണത്തിലൂടെ നേടിയ താര പരിവേഷം അവര്‍ മുതലെടുക്കുന്നത്.അങ്ങനങ്ങനെ അയാള്‍ ആ ചുരുങ്ങിയ കാലയളവില്‍ കടന്നു പോയത് ധാരാളം അവസ്ഥകളിലൂടെ ആയിരുന്നു.

  ജേക്ക് കണ്ണുകള്‍ വളരെ പ്രാധാന്യത്തോടെ തന്‍റെ കഥാപാത്രങ്ങളില്‍ ഉപയോഗിക്കുന്ന നടന്‍ ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.അലസമായ കഥാപാത്രത്തില്‍ നിന്നും ഇരയായും നിസഹായനായും എല്ലാം അഭിനയിക്കാന്‍ ആ കണ്ണുകള്‍ തന്നെ ജേക്കിനു ധാരാളമായിരുന്നു.പല ചിത്രങ്ങളിലും അയാള്‍ തന്‍റെ കഥാപാത്രങ്ങളെ കണ്ണുകള്‍ കൊണ്ട് അവിസ്മരണീയം ആക്കിയിട്ടും ഉണ്ട്.അയാളോടൊപ്പം കഥാപാത്രങ്ങളിലൂടെ ചിരിക്കാനും കരയാനും ചിലപ്പോള്‍ പ്രേക്ഷകന് സാധിക്കുന്നത് ആ കണ്ണുകളിലൂടെ ആയിരുന്നിരിക്കണം.


 രണ്ടു കാലും നഷ്ടപ്പെട്ട അവസ്ഥ തരണം ചെയ്യുന്ന വെറും ഒരു 'ക്ലീഷേ' ,'ഫീല്‍ ഗുഡ്' സിനിമ അല്ല ഒരിക്കലും 'Stronger'.പകരം,ഇത്തരമൊരു വിഷയത്തെ അമിതമായ പൊക്കി പറച്ചിലുകള്‍ ഇല്ലാതെ വേറൊരു കാഴ്ചപ്പാടില്‍ ആണ് ചിത്രത്തിന്റെ മൊത്തത്തില്‍ ഉള്ള അവതരണ രീതി.തന്നിലേക്ക് വന്ന താര പരിവേഷം അയാള്‍ കാണുന്നത് വൈരുദ്ധ്യാത്മകമായി ,തനിക്കു സംഭവിച്ച നഷ്ടത്തിലൂടെ ആണ്.പലപ്പോഴും അയാള്‍ക്ക്‌ സ്വയം നിയന്ത്രിക്കാന്‍ കഴിയാതെ പൊട്ടി തെറിക്കുകയും അയാളുടെ ആകുലതകളും ഭയങ്ങളും വേട്ടയാടുന്നും ഉണ്ട്.ചുരുക്കത്തില്‍ അതി മനോഹരമായ ജീവനുള്ള,എന്നാല്‍ സ്ഥിരം രീതികള്‍ അവലംബിക്കാതെ,ഇത്തരം അവസ്ഥയില്‍ ആകുന്ന ഏതൊരാള്‍ക്കും ജീവിതത്തോട് ഇഷ്ടം തോന്നിക്കുന്ന അവസാന സംഭാഷണ ശകലങ്ങള്‍ മനസ്സില്‍ തങ്ങി നില്‍ക്കുക തന്നെ ചെയ്യും.അതൊരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ്.ലോകത്തില്‍ ദുരന്തങ്ങളിലൂടെ കടന്നു പോകുമ്പോള്‍ അതില്‍ എങ്കിലും നമ്മള്‍ ഒറ്റയ്ക്കല്ല എന്ന സന്തോഷം.


  അടുത്ത് കണ്ട മികച്ച ചിത്രങ്ങളില്‍ ഒന്നാണ് 'Stronger'.നിരൂപക പ്രശംസ നല്ലത് പോലെ ലഭിച്ചുവെങ്കിലും പരാജയ ചിത്രമായി മാറാന്‍ ആയിരുന്നു വിധി.എന്നാല്‍ പോലും ഈ ചിത്രത്തിലൂടെ എന്ത് ആണ് അവതരിപ്പിക്കാന്‍ ശ്രമിച്ചത്‌ എന്ന് വ്യക്തമായി പ്രേക്ഷകനെ ബോധിപ്പിക്കാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ടെന്നു വിശ്വസിക്കുന്നു.

Tuesday, 12 December 2017

811.THE YOUNG OFFENDERS(ENGLISH,2016)

811.THE YOUNG OFFENDERS(ENGLISH,2016)

  |Comedy|Crime|
Director: Peter Foott
Characters Played by  Alex Murphy, Chris Walley, Hilary Rose

MH Views Rating:4/5

 ഈ അടുത്ത് കണ്ട ചിത്രങ്ങളില്‍ ഏറ്റവും മികച്ചതായി തോന്നിയ ഒന്നാണ് അയര്‍ലണ്ടില്‍  നിന്നുമുള്ള ചിത്രമായ 'The Young Offenders'.ഡാര്‍ക്ക് കോമഡികളിലൂടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം ആസ്പദം ആക്കിയത് ഒരു യഥാര്‍ത്ഥ സംഭവത്തെയാണ്.അയര്‍ലാണ്ടില്‍ നടന്ന ഒരു കൊക്കെയ്ന്‍ കള്ളക്കടത്തും ആയി ബന്ധപ്പെട്ട സംഭവങ്ങള്‍ ആണ് ചിത്രത്തിനാധാരം.സ്വന്തം ജീവിതത്തില്‍ ഏറെ കുറ്റങ്ങള്‍ കണ്ടെത്തുന്ന രണ്ടു ടീനേജ് കുട്ടികള്‍,അവരുടെ ജീവിതത്തിലെ സ്വപ്‌നങ്ങള്‍ നേടാന്‍ വേണ്ടി ഒരു വളഞ്ഞ വഴി സ്വീകരിക്കുന്നു.

  പതിനെട്ടു വയസ്സില്‍ താഴെ ഉള്ളവരുടെ കുറ്റകൃത്യങ്ങള്‍ക്ക് നിയമം നല്‍കുന്ന 'പരിരക്ഷ' മുതലെടുക്കാന്‍ ശ്രമിക്കുന്നു ജോക്കും,കോനോറും.ചെറുപ്പത്തില്‍ തന്നെ പിതാവ് മരണപ്പെട്ട കോണോര്‍ അമ്മയുടെ ഒപ്പം ആണ് താമസവും ജോലിയും.സദാ സമയം മകനെ കുറ്റപ്പെടുത്തുന്ന അമ്മ,അവരുടെ ജീവിതത്തിലെ അവസ്ഥകള്‍ കാരണം ശരിക്കും വലഞ്ഞിരുന്നു.സമാനമായിരുന്നു ജോക്കിന്റെ അവസ്ഥയും.അമ്മ മരണപ്പെട്ട ജോക്ക് മുഴുക്കുടിയന്‍ ആയി മാറിയ പിതാവിന്റെ ഒപ്പം ആയിരുന്നു താമസം.സ്ക്കൂള്‍ പഠനം ഉപേക്ഷിച്ചതിനു ശേഷം, ടീനേജ് കാലഘട്ടത്തില്‍ ഏതൊരാളും സ്വപ്നം കാണുന്നത് തന്നെയായിരുന്നു അവരും കണ്ടിരുന്നത്‌.എന്നാല്‍ സ്വന്തം വീട്ടില്‍ നിന്നും മാറി താമസിക്കുവാന്‍ അവര്‍ക്ക് പ്രശ്നം പണം ആയിരുന്നു.

  അമ്മയോടൊപ്പം മീന്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന കോനോറിന്റെ ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്നത് ജോക്ക് ആയിരുന്നു.നില്‍പ്പിലും നടപ്പിലും സ്വന്തം സ്വഭാവത്തില്‍ പോലും കോണോര്‍ ,ജോക്കിനെ അനുകരിക്കുന്നുണ്ടായിരുന്നു.അങ്ങനെയിരിക്കെ അയര്‍ലണ്ടില്‍ നടന്ന ഏറ്റവും വലിയ കൊക്കെയ്ന്‍ വേട്ടയെ കുറിച്ച് അവര്‍ അറിയുന്നു.ആ സംഭവത്തില്‍ നിന്നും പണം ഉണ്ടാക്കാം എന്ന് അവര്‍ കണക്കു കൂട്ടുന്നു.ഏകദേശം 7 മില്യന്‍ യൂറോ ആണ് അവരെ കാത്തിരിക്കുന്നത്.എന്നാല്‍ അവരുടെ സ്ഥിരം കുസൃതികളുടെ ഫലമായി വന്ന ശത്രുക്കള്‍ അവരുടെ പിന്നാലെ ഉണ്ടായിരുന്നു.

  സംഭവബഹുലമായ ഈ കഥയാണ് 'The Young Offenders' അവതരിപ്പിക്കുന്നത്‌.ഐറിഷ് സിനിമകളിലെ ഏറ്റവും വലിയ കള്‍ട്ട് ചിത്രങ്ങളില്‍ ഒന്നായി മാറിയ 'The Young offenders' 2016 ല്‍ ഏറ്റവും വേഗത്തില്‍ 1 മില്യന്‍ യൂറോ കളക്ഷന്‍ നേടിയ ചിത്രവുമായി മാറി.RT നല്‍കിയ 100 ശതമാനം ഉള്‍പ്പടെ നിരൂപകര്‍ മികച്ച ചിത്രമായി വാഴ്ത്തിയിരുന്നു.സിനിമയുടെ അവസാനത്തിലേക്ക് എത്തി ചേരുമ്പോള്‍ സാന്ദര്‍ഭികമായി വരുന്ന ട്വിസ്റ്റുകള്‍,കഥാപാത്രങ്ങള്‍ എല്ലാം ചെറുത്‌ ആണ് എന്ന് തുടക്കം തോന്നിപ്പിക്കുന്ന ഒരു ചിത്രത്തെ കൂടുതല്‍ ഭംഗിയുള്ളത് ആക്കി മാറ്റി.ഓരോ കഥാപാത്രങ്ങളെ എടുത്തു നോക്കിയാലും ഓരോ കഥയ്ക്ക്‌ ഉള്ളത് ഉണ്ട്.ഇവരെ എല്ലാം കൂടി ഒന്നര മണിക്കൂറില്‍ താഴെ ഉള്ള ചിത്രമായി മികവുറ്റ രീതിയില്‍ തന്നെ അവതരിപ്പിച്ചിട്ടും ഉണ്ട്.

Monday, 11 December 2017

810.THE TARGET(KOREAN,2014)

810.THE TARGET(KOREAN,2014)

|Action|Thriller|
Dir:-Hong-Seung Yoon
Characters Played by Seung-ryong Ryu, Joon-sang Yoo, Jin-wook Lee

MH Rating:2.75/5


     അപ്രതീക്ഷിതമായി ഒരു കൊലപാതകത്തില്‍ പ്രതിയായി മാറേണ്ടി വരുന്ന മുന്‍ സൈനികന്‍ യീവോ ഹൂന്റെയും അതില്‍ തന്‍റെ ജീവിതവും ഔദ്യോഗിക ജീവിതവും അപകടകരമായ അവസ്ഥയിലൂടെ കടന്നു പോകേണ്ടി വരുന്ന ഡോക്റ്റര്‍ ടെ-ജൂനിന്റെയും കഥയാണ് The Target എന്ന കൊറിയന്‍ ചിത്രം അവതരിപ്പിക്കുന്നത്‌.സമാധാനപരമായ ജീവിതവുമായി പോയിരുന്ന ഡോക്റ്റര്‍ ടെ-ജൂന്‍.അയാളുടെ ഭാര്യ ഗര്‍ഭിണി ആയിരുന്നു.

  ഒരു ദിവസം കൊലപാതകി ആണെന്ന് സംശയിക്കുന്ന യീവോ ഹൂനിനെ ടെ-ജൂന്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു.സമ്പന്നനായ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ ആയിരുന്നു അയാള്‍ മുഖ്യ പ്രതി ആയി മാറിയത്.അയാളെ ചികില്‍സിച്ചിരുന്നത്‌ ടെ-ജൂന്‍ ആയിരുന്നു.ടെ-ജൂണിനു പിന്നീട് ഒരു ഫോണ്‍ കോള്‍ ലഭിക്കുന്നു.യീവോയെ രക്ഷപ്പെടുത്താന്‍ ടെ-ജൂന്‍ സഹായിച്ചില്ലെങ്കില്‍ ഗര്‍ഭിണി ആയ അയാളുടെ ഭാര്യ കൊല്ലപ്പെടും എന്നും അവര്‍ ഇപ്പോള്‍ ഫോണ്‍ വിളിച്ച ആളുടെ കസ്ട്ടടിയില്‍ ഉണ്ടെന്നുമായിരുന്നു ഫോണ്‍ സന്ദേശം.

  സ്വന്തം ഭാര്യയെ രക്ഷിക്കാനായി കൊലപാതക കേസിലെ പ്രതിയെ ആശുപത്രിയില്‍ നിന്നും രക്ഷപ്പെടുത്തുവാന്‍ ശ്രമിക്കുന്ന ടെ-ജൂന്‍ എന്നാല്‍ തന്‍റെ ഉദ്യമം പരാജയപ്പെടുന്ന സമയം ആണ് മനസ്സിലാക്കുന്നത്,തന്‍റെ ശത്രുക്കളുടെ എണ്ണം കൂടുന്നു എന്ന്.ഈ സമയം രക്ഷപ്പെടാനായി യീവോ ശ്രമിക്കുമ്പോള്‍ അയാളില്‍ ആരോപിക്കപ്പെട്ട കേസിന്‍റെ കൂടുതല്‍ രഹസ്യങ്ങള്‍ അനാവരണം ചെയ്യപ്പെടുന്നു.ടെ-ജൂണിനു തന്‍റെ ഭാര്യയെ രക്ഷിക്കാന്‍ കഴിയുമോ?യീവോയുടെ ജിവിതത്തില്‍ ആരോപണം എങ്ങനെ ഉണ്ടായി?ആരാണ് യഥാര്‍ത്ഥ പ്രതികള്‍?The Target ഇതിനുള്ള ഉത്തരങ്ങള്‍ നല്‍കുന്നു.


   വേഗതയേറിയ ഒരു ആക്ഷന്‍ ത്രില്ലര്‍ ആണ് The Target.ഔദ്യോഗിക ജീവിതം അനാവശ്യമായി ഉപയോഗം ചെയ്യുന്ന ആളുകളുടെയും അതില്‍,അവരുടെ പണക്കൊതി മൂലം ഇരകള്‍ ആകേണ്ടിയും വരുന്ന സാധാരണക്കാരുടെ ജീവിതം ആണ് സിനിമയുടെ മുഖ്യ പ്രമേയം എന്ന് തന്നെ പറയാം.2010 ല്‍ റിലീസ് ആയ Point Blank എന്ന ഫ്രഞ്ച് ചിത്രത്തിന്റെ റീമേക്ക് ആണ് ചിത്രം.

  

Wednesday, 6 December 2017

809.NEWTON(HINDI,2017)

809.NEWTON(HINDI,2017)

  |Comedy|Drama|
Dir:Amit Masurkar
Characters Played by:-Rajkummar Rao, Pankaj Tripathi, Anjali Patil


MH Views Rating:4/5

Newton-Indian Nomination,90th Academy Awards.

ന്യൂട്ടന്‍ പ്രതിനിധീകരിക്കുന്നത് ഇന്ത്യന്‍ ബ്യൂറോക്രസിയിലെ ന്യൂന പക്ഷത്തെയാണ്.ന്യൂന പക്ഷം എന്ന് പറയുമ്പോള്‍ ,സര്‍ക്കാര്‍ ജോലി എന്നത് രാജാവിനു സമം ആണെന്ന് വിശ്വസിക്കുന്ന ഭൂരിഭാഗത്തിന്റെ മറു വശം.ഒരു സര്‍ക്കാര്‍ ഓഫീസില്‍ പോകുമ്പോള്‍ മുതല്‍ തുടങ്ങുന്ന "സാര്‍" വിളിയില്‍ ആത്മപുളകിതരാകുന്ന ഭൂരിപക്ഷം.ജോലിയില്‍ സമയ ക്രമം പാലിക്കാതെ,അനധികൃതമായി സ്വത്തു സമ്പാദിക്കാന്‍ വേണ്ടി ജോലി ചെയ്യുന്ന സമയ നിഷ്ഠ പാലിക്കാത്ത ഭൂരിപക്ഷം.ചുരുക്കത്തില്‍ ഒരു സര്‍ക്കാര്‍ ജോലിക്കാരനില്‍ കാണപ്പെടുന്ന 'ക്ലീഷേ' സ്വഭാവങ്ങളുടെ നേരെ എതിരാണ് ന്യൂട്ടന്‍.

   നൂതന്‍ കുമാര്‍ എന്ന പേര് ന്യൂട്ടന്‍ എന്നാക്കി മാറ്റിയ അയാള്‍ പല മുന്‍വിധികളെയും മാറ്റി മറിയ്ക്കാന്‍ ആണ്  ശ്രമിക്കുന്നത്.പ്രൊബേഷന്‍ ഓഫീസര്‍ ആയ ന്യൂട്ടന്‍ ഇത്തരത്തില്‍ ഒരു മുന്‍വിധിയെ മാറ്റാന്‍ അവസരമുണ്ടാകുന്നു.


 സന്ദര്‍ഭം:

നക്സലുകള്‍ക്ക് സ്വാധീനമുള്ള ഛത്തീസ്ഗഡ്‌ സംസ്ഥാനത്തിലെ അപകടകരമായ സ്ഥലത്ത് നടക്കുന്ന ഇലക്ഷന്‍.വര്‍ഷങ്ങള്‍ക്കു ശേഷം ,പട്ടാളത്തിന്റെ നിയന്ത്രണത്തില്‍ ആയ സ്ഥലത്ത് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഓഫീസറായി പോകാന്‍ ആരും താല്‍പ്പര്യം പ്രകടിപ്പിക്കാതെയിരിക്കുമ്പോള്‍ ആണ് റിസേര്‍വ് ആയിരുന്ന ന്യൂട്ടന്‍ അതിനു തയ്യാറാകുന്നത്.ഇലക്ഷന്‍ നടക്കുന്ന സ്ഥലം,സമയം എന്നിവയില്‍ എല്ലാം നിഷ്കര്‍ഷത പാലിക്കുന്ന ന്യൂട്ടന്‍,അവിടെ ഇലക്ഷന് വേണ്ടുന്ന സംരക്ഷണ നല്‍കാന്‍ നിയോഗിക്കപ്പെട്ട ആത്മ സിംഗ് എന്ന പട്ടാള ഓഫീസറും ആയി പല രീതിയിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നു.ജനാധിപത്യം നിഷ്കര്ഷിക്കപ്പെടുന്ന രീതിയില്‍ തന്നെ നടത്തണം എന്ന് കരുതുന്ന ഓഫീസറും,മറ്റുള്ളവരുടെ സുരക്ഷയ്ക്ക് മുഖ്യ സ്ഥാനം നല്‍കുന്ന ആത്മ സിംഗും മികച്ച രീതിയില്‍ തന്നെ ആണ് അവരുടെ മേല്‍ നിക്ഷിപ്തമായ ജോലികള്‍ ചെയ്യാന്‍ ശ്രമിക്കുന്നത്.ഈ സമയമാണ് ഇലക്ഷനെ കുറിച്ച് ഉള്ള പരിപാടി തയ്യാറാക്കുവാന്‍ വിദേശ ലേഖകര്‍ വരുന്നു എന്ന വാര്‍ത്ത ലഭിക്കുന്നത്.അതോടെ സംഭവങ്ങള്‍ മാറി മറിയുന്നു.

  ആ ദിവസത്തെ ഇലക്ഷന്‍ നടത്തിപ്പും അതിനെ സംബന്ധിച്ച് നടക്കുന്ന സംഭവ വികാസങ്ങളും ആണ് ചിത്രത്തിന്റെ ബാക്കി കഥ അവതരിപ്പിക്കുന്നത്‌.മാവോയിസ്റ്റ് കേന്ദ്രങ്ങളിലെ ജനതയുടെ പിന്നോക്കാവസ്ഥയും അതിനു കാരണം ആയ സംഭവങ്ങളിലേക്കും ചിത്രത്തിന്‍റെ ശ്രദ്ധ തിരിക്കപ്പെടുന്നുണ്ട്.ഇലക്ഷന്‍ പ്രക്രിയ അവര്‍ക്ക് എത്ര മാത്രം അപ്രധാനം ആണ് എന്ന് പലപ്പോഴും കാണാന്‍ സാധിക്കും.ഒരു ഗ്രാമവാസി പത്രലേഖകരോട് പറയുന്നത് പോലെ."ഇലക്ഷന്‍ ഒരു മാറ്റവും ഞങ്ങള്‍ക്ക് കൊണ്ട് വരില്ല" എന്ന്.അവര്‍ക്ക്

  ന്യൂട്ടന്‍ എന്ന കഥാപാത്രം നന്മയുടെ ഒരു വശം ആയി അവതരിപ്പിച്ചത് എങ്കിലും.അയാളുടെ ചില പ്രവര്‍ത്തികള്‍ പലപ്പോഴും പ്രായോഗികം അല്ലായിരുന്നു എന്ന് തോന്നി പോകും.പ്രത്യേകിച്ചും ആത്മ സിംഗ് ,സുരക്ഷയില്‍ ആകുലത പ്രകടിപ്പിക്കുമ്പോള്‍ ന്യൂട്ടന്‍ തന്‍റെ നിലപാടുകള്‍ക്ക് വേണ്ടി നില്‍ക്കുമ്പോള്‍ പ്രായോഗികതയും നിലപാടുകളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നു.രണ്ടു പേരും ശരിയായ രീതിയില്‍ അവരുടെ ജോലികള്‍ തന്നെയാണ് ചെയ്യുന്നത്.എന്നാല്‍ അതില്‍ പ്രകടമായ,ആരുടെ പക്ഷം ചേരണം എന്ന രീതിയില്‍ ഉള്ള സംശയം പ്രേക്ഷകനിലും ഉണ്ടാക്കുന്നു.

  ബോളിവുഡ് സിനിമകളിലെ സ്ഥിരം ചേരുവകകളില്‍ നിന്നും മാറി സഞ്ചരിച്ച ചിത്രം മികച്ച വിജയവും നേടിയിരുന്നു.രാജ്കുമാര്‍ റാവു,പങ്കജ് എന്നിവര്‍ അവതരിപ്പിച്ച വേഷങ്ങള്‍ മികച്ചതായിരുന്നു.ഒരു 'ഓഫ്-ബീറ്റ്' ചിത്രമായി മാറാതെ ഹാസ്യത്തിലൂടെ ഗൌരവപൂര്‍വ്വം വിഷയത്തെ സമീപിച്ചിട്ടും ഉണ്ട്.മികച്ച രീതിയില്‍,നുറുങ്ങു തമാശകളിലൂടെയും സന്ദര്‍ഭങ്ങളിലൂടെയും അവതരിപ്പിച്ച "ന്യൂട്ടന്‍"

Sunday, 3 December 2017

808.THEERAN ADHIGARAM ONDRU(TAMIL,2017)

808.THEERAN ADHIGARAM ONDRU(TAMIL,2017)

  Crime|Thriller|

Dir:H.Vinoth
Characters Played by Karthi,Rakul

MH Views rating: 3.5/5

  സാധാരണക്കാരുടെ ജീവിതത്തില്‍ പേടി സ്വപ്നമായി മാറിയ കൊള്ളക്കാരുടെ സംഘം പിന്നീട് രാഷ്ട്രീയക്കാരെയും കൊല്ലപ്പെടുത്തി തുടങ്ങിയപ്പോള്‍ സമ്മര്‍ദത്തില്‍  ആയ പോലീസ്,അത്തരം കൊലപാതകങ്ങള്‍ക്ക് അറുതി വരുത്താന്‍ ഉള്ള നിര്‍ദേശം ലഭിച്ചപ്പോള്‍  നടത്തുന്ന അന്വേഷണം ആണ് "തീരന്‍-അധികാരം ഒന്ട്രു" എന്ന കാര്‍ത്തി ചിത്രം."ബാവരിയ ഓപ്പറേഷന്‍" എന്ന വളരെ ബുദ്ധിമുട്ടേറിയ പോലീസ് ദൌത്യത്തിന്റെ സിനിമാവിഷ്ക്കാരം ആണ് ചിത്രം.ഏ ഐ ഡി എം കെ എം.എല്‍.ഏ ആയിരുന്ന സുദര്‍ശന്റെ മരണത്തോടെ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ആയിരുന്ന ജയലളിതയുടെ നിര്‍ദേശ പ്രകാരം ഇന്‍സ്പെക്ട്ടര്‍ ജെനറല്‍ ജങ്ങിദ് കൊലപാതകികളുടെ സാന്നിധ്യം ഉണ്ടെന്നു മനസ്സിലാക്കിയ സംസ്ഥാനങ്ങളുടെ സഹായത്തോടെ ആയിരുന്നു 'ഓപ്പറേഷന്‍ ബാവരിയ' പൂര്തീകരിക്കുന്നത്.


   വളരയേറെ ബുദ്ധിമുട്ടുകള്‍ സഹിച്ചും രാജസ്ഥാനിലെ പല ഗ്രാമങ്ങളിലും തമ്പടിച്ചു ദൗത്യസേന നടത്തിയ പ്രവര്‍ത്തനങ്ങളുടെ "തമിഴ്" സിനിമാവിഷ്ക്കാരം ആണ് ചിത്രം.കാര്‍ത്തി, ചിത്രത്തില്‍ DSP തീരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.അടുത്തായി ചില മോശം ചിത്രങ്ങളുടെ ഭാഗം ആകേണ്ടി വന്ന കാര്‍ത്തിയുടെ കഥാപാത്രം ആണ് ചിത്രത്തിന്റെ പ്രധാന വിജയ ഘടകങ്ങളില്‍ ഒന്ന്.തീരന്‍ തന്‍റെ പോലീസ് ഉദ്യോഗം ;ട്രെയിനിംഗ് കാലഘട്ടം മുതല്‍ അവതരിപ്പിച്ചിരിക്കുന്നു.അയാളുടെ പ്രണയം,കുടുംബം,നിലപാടുകള്‍ എല്ലാം സിനിമയുടെ രീതിയില്‍ തന്നെ ആവിഷ്കരിച്ചിരിക്കുന്നു.


    തുടക്കത്തിലേ അവതരണ രീതി മാറ്റി നിര്‍ത്തിയാല്‍ വയലന്‍സ് നിറഞ്ഞ ഒരു കുറ്റാന്വേഷണ ചിത്രം ആണ് തീരന്‍,H.വിനോത് എന്ന സംവിധായകന്റെ മികവും ഇവിടെ ആയിരുന്നു.ചിത്രം പ്ലാന്‍ ചെയ്ത രീതി.ഒരു പക്ഷെ ബാവരിയ ഓപ്പറേഷന്‍ മാത്രം അവതരിപ്പിചിരുന്നതെങ്കില്‍ നിരൂപക പ്രശംസയില്‍ മാത്രം ഒതുങ്ങി പോകേണ്ടിയിരുന്ന ഒരു ചിത്രം,അത് അവതരിപ്പിച്ചിരിക്കുന്ന പ്രേക്ഷകര്‍ക്ക്‌ വേണ്ടി മസാല ചേരുവകകള്‍ ആവശ്യത്തിനു ചേര്‍ത്തിട്ടും ഉണ്ട്.കൊമേര്‍ഷ്യല്‍ വിജയത്തിന് വേണ്ടുന്ന ചേരുവകകള്‍ ഉള്‍പ്പെടുത്തി ഇത്തരം ഒരു പ്രമേയം അവതരിപ്പിക്കുകയും അത് വിജയം ആക്കുകയും ചെയ്യേണ്ട കടമ ഒരു സംവിധായകന്‍ എന്ന നിലയില്‍ ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നു.


   ഒരു പോലീസിന്റെ ജീവിതം.അയാളുടെ ബലഹീനതകള്‍,അയാളുടെ നിരാശകള്‍,നഷ്ടങ്ങള്‍, ഇവയില്‍ നിന്നും എല്ലാം കര കയറാന്‍ ഉള്ള അയാളുടെ പ്രതീക്ഷകള്‍ എല്ലാം തീരന്‍ എന്ന കഥാപാത്രത്തില്‍ കാണുവാന്‍ സാധിക്കും.ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌ പോലെ തുടക്കം വര്‍ഷങ്ങളായി നടന്നു വരുന്ന ക്രൂരമായ കൊലപാതകങ്ങള്‍ക്ക് അത്രയേറെ പ്രാധാന്യം കൊടുക്കതിരുന്നവര്‍ ഒരു എം എല്‍ ഏയുടെ കൊലപതകത്തോടെ കേസിന് വരുന്ന പ്രാധാന്യം ജീവന്റെ വില നിശ്ചയിക്കുന്ന ഇന്ത്യന്‍ സാമൂഹിക ഘടനയുടെ നേര്‍ അവിഷ്ക്കാരവും ആയിരുന്നു.സംവിധായകനും ഇത് തന്നെയാകും പറയാന്‍ ഉദ്ദേശിച്ചതും.

  ബാവരിയ സംഘാംഗങ്ങള്‍ ആയി വരുന്ന നടന്മാര്‍ പലരും അവരുടെ കഥാപാത്രങ്ങളോട് രൂപം,ശരീര ഘടന എന്നിവ കൊണ്ടുള്ള ഭീതി പ്രേക്ഷകരില്‍ എത്തിക്കാന്‍ സാധിച്ചു. ഈ അടുത്ത് കണ്ട ഏറ്റവും മികച്ച ത്രില്ലറുകള്‍ ഒന്നാണ് തീരന്‍.ഒരിക്കല്‍ പോലും മുഷിപ്പിക്കാതെ ശ്വാസം അടക്കിപ്പിടിച്ചു കൊണ്ട് കണ്ട സംഘട്ടന രംഗങ്ങള്‍ അനേകം.കൊമേര്‍ഷ്യല്‍ ചേരുവകകള്‍ ചിത്രത്തിന്റെ മൊത്തത്തില്‍ ഉള്ള മൂഡ്‌ നശിപ്പിച്ചു എന്ന്‍ അഭിപ്രായം ഉള്ളവര്‍ പോലും ഈ രംഗങ്ങള്‍ കണ്ടു ആസ്വധിച്ചിരിക്കാന്‍ സാധ്യതയുണ്ട്."സതുരംഗ വേട്ട" പോലത്തെ ഒരു ചിത്രം അവതരിപ്പിച്ച H.വിനോത് എന്ന സംവിധായകനില്‍ ഉള്ള പ്രതീക്ഷ ഈ ചിത്രത്തിലൂടെ വീണ്ടും കൂടിയിരിക്കുന്നു.

807.HAPPY DEATH DAY(ENGLISH,2017)

807.HAPPY DEATH DAY(ENGLISH,2017),|

Thriller|Mystery|Fantasy|,
Director:-Christopher Landon,
Characters Played by:-Jessica Rothe, Israel Broussard, Ruby Modine

MH Views rating:2.75/5

"Happy Death Day"-'When Groundhog Day' meets 'Scream'

   തന്‍റെ ചുറ്റും നടക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തനവും, ഒരേ ദിവസം ആണ് പല തരത്തില്‍  പിന്നീട് പല ദിവസങ്ങലുമായി ജീവിക്കുന്നത് എന്ന വിവരം തെരേസയുടെ ജീവിതത്തില്‍ പലതരം പ്രശ്നങ്ങള്‍ ആണ് സൃഷ്ടിച്ചത്.സ്വന്തം ജീവിതത്തിനു പ്രാമുഖ്യം നല്‍കിക്കൊണ്ട് മറ്റുള്ളവരെ ശ്രദ്ധിക്കാതെ ജീവിച്ചിരുന്ന അവള്‍ തന്‍റെ ജന്മദിനമായ സെപ്റ്റംബര്‍ 18 നു ഫോണില്‍ റിങ്ങ്ടോണ്‍ കേട്ട് ഉണരുമ്പോള്‍ കാര്‍ട്ടര്‍ എന്ന സഹപാഠിയുടെ റൂമില്‍ ആയിരുന്നു.അതിനു ശേഷം നടക്കുന്ന ഓരോ സംഭവങ്ങളും പിന്നീട് ഉള്ള ദിവസങ്ങളില്‍ ആവര്‍ത്തിച്ചു വരുന്നതായി അവള്‍ കാണുന്നു.

   കാര്ട്ടരിന്റെ മുറിയില്‍ ഉറക്കം ഉണരുന്നത് മുതല്‍ മുഖമൂടി വച്ച ഒരാള്‍ അവളെ പിന്നീട് കൊല്ലുന്നത് വരെയുള്ള സംഭവങ്ങള്‍ പിറ്റേ ദിവസം ഉറക്കത്തില്‍ കണ്ട ഒരു സ്വപ്നം പോലെ ആണ് അവള്‍ക്കു തോന്നുക.തെരേസ അവളുടെ ജീവിതത്തില്‍ പിന്നീട് അവളുടെ തന്നെ മരണത്തിലേക്ക് നയിക്കുന്ന സംഭവങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുന്നു.യഥാര്‍ത്ഥ കൊലയാളിയെ കണ്ടെത്താന്‍ ഉള്ള ഒരു ശ്രമം കൂടി അവള്‍ക്കു ഇതിനു പിന്നിലുണ്ടായിരുന്നു.

  എന്നാല്‍ പലപ്പോഴും അവളുടെ വിധി ഒന്ന് തന്നെ ആയിരുന്നുവെങ്കിലും കൊലയാളിയെ കണ്ടെത്താന്‍ സാധിക്കുന്നില്ല.തെരേസ,സ്വയമായി അവളുടെ കൊലയാളിയെ തേടി ഇറങ്ങുന്നതനു ചിത്രത്തിന്റെ പ്രമേയം.പക്ഷെ അതിനായി അവള്‍ക്കു ജീവിതത്തിലെ ഓരോ സംഭവങ്ങളിലും മാറ്റങ്ങള്‍ വരുത്തേണ്ടി വരുന്നു.തെരേസ അവളുടെ കൊലയാളിയെ കണ്ടെത്തുമോ?ഈ ടൈം ലൂപ്പില്‍ നിന്നും അവള്‍ക്കു രക്ഷപ്പെടാന്‍ ആകുമോ?സെപ്റ്റംബര്‍ 19 എന്ന ദിവസം അവള്‍ക്കു അന്യമാണോ?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.


ടൈം ലൂപ് പ്രമേയമായി സാദൃശ്യം ഉള്ള പ്ലോട്ടുകളുമായി അടുത്ത് ഇറങ്ങിയ ചിത്രങ്ങളാണ് "Before I Sleep","Happy Death Day" എന്നിവ.രണ്ടു വിദ്യാര്‍ത്ഥിനികള്‍ടൈം ലൂപ്പില്‍ അകപ്പെടുന്നതാണ് രണ്ടു കഥയുടെയും പ്രമേയം.തന്‍റെ കൊലയാളിയെ കണ്ടെത്തുക,സ്വഭാവ സമീപനങ്ങളിലെ മാറ്റം വരുത്തല്‍ തുടങ്ങിയവ രണ്ടു ചിത്രങ്ങളിലെയും പൊതു ഘടകങ്ങള്‍ ആയിരുന്നെങ്കിലും ക്ലൈമാക്സ് രണ്ടു ചിത്രതിലും അവതരിപ്പിച്ചിരിക്കുന്ന രീതിയില്‍ പ്രകടമായ വ്യത്യാസം ഉണ്ട്.പ്രത്യേകിച്ചും അടുത്ത ദിവസം അവര്‍ എങ്ങനെ നോക്കി കാണുന്നു എന്നതില്‍.സിനിമ എന്ന നിലയില്‍ രണ്ടു ചിത്രങ്ങളും പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമാകും.

Friday, 1 December 2017

806.CROOKED HOUSE(ENGLISH,2017)

806.CROOKED HOUSE(ENGLISH,2017),|Mystery|Thriller|
       Dir:-Gilles Paquet-Brenner
       Characters Played by: Christina Hendricks, Honor Kneafsey, Gillian Anderson
     
MH Views rating: 2.75/5



    സ്റ്റീഫന്‍ കിംഗ്‌,അഗത ക്രിസ്റ്റി തുടങ്ങിയ എഴുത്തുകാരുടെ കഥകള്‍ക്ക് സിനിമ ലോകത്തില്‍ നല്ല മാര്‍ക്കറ്റ് ഉണ്ടായിരുന്നു എപ്പോഴും.ഇവരുടെ രണ്ടു പേരുടെയും കഥകള്‍ ചിത്രങ്ങള്‍ ആയി ഇപ്പോഴും പലതും ഇറങ്ങുന്നത് കൊണ്ടാണ് ഇരുവരെയും ഒരേ ലീഗില്‍ ഉള്‍പ്പെടുത്തിയത്.കഥകളില്‍ ഒക്കെ വ്യക്തമായ ശൈലി വ്യത്യാസം ഇവരില്‍ രണ്ടു പേരിലും കാണാന്‍ സാധിക്കുമെങ്കിലും.അഗത ക്രിസ്റ്റിയുടെ Poirot എന്ന കുറ്റാന്വേഷണ വിദഗ്ധന്‍ ഇതിഹാസം ആയതു പോലെ സ്റ്റെഫാന്‍ കിങ്ങിന്റെ സിഗ്നേച്ചര്‍ കഥാപാത്രമായി മാറി IT ലെ കോമാളി.

   ഇനി സിനിമയിലേക്ക്.Crooked House ഒരു കുറ്റാന്വേഷണ സിനിമയാണ്.എംബസി ഉദ്യോഗസ്ഥന്‍ ആയിരുന്ന ചാര്‍ല്സ് ഹേയ്വാര്‍ഡ്‌ തന്‍റെ ജോലി വ്യക്തിപരമായ കാരണങ്ങളാല്‍  ഉപേക്ഷിച്ച് ഒരു കുറ്റാന്വേഷണ ഏജന്‍സി നടത്തുകയാണ്,തന്‍റെ അച്ഛന്റെ പാത പിന്തുടര്‍ന്ന്.സോഫിയ എന്ന ഒരു യുവതി ഒരു ദിവസം ചാര്‍ല്സിനെ കാണാന്‍ എത്തുന്നു.ധനികനായ അവരുടെ മുത്തശന്‍ കൊല്ലപ്പെട്ടിരിക്കുന്നു.ഹൃദയാഘാതം ആണ് മരണത്തിനു കാരണം എന്ന് ആദ്യം കരുതിയിരുന്നെങ്കിലും പിന്നീട് ഇന്‍സുലിന്‍ കുപ്പിയില്‍ വിഷം മാറ്റി വച്ച് ആരോ ചെയ്ത കൊലപാതകം ആണെന്നുള്ള സൂചന ലഭിച്ചു തുടങ്ങിയിരുന്നു.

  പോലീസ് അന്വേഷണം തുടരുന്നതിനിടയില്‍ അരിസ്ട്ടിദ് ലയനിടിസ് കൊല്ലപ്പെട്ട ആ ബംഗ്ലാവില്‍ തന്നെ ഉണ്ടാകും കൊലപാതകി എന്ന് സോഫിയ വിശ്വസിക്കുന്നു.പോലീസ് ആ രഹസ്യം കണ്ടെത്തുന്നതിനു മുന്‍പ് ചാര്‍ല്സ് ആ കേസ് അന്വേഷണം ഏറ്റെടുക്കാന്‍ അവള്‍ അഭ്യര്‍ത്ഥിക്കുന്നു.ചാര്‍ല്സ് തീരുമാനം എടുക്കാന്‍ ആകാതെ കുഴയുമ്പോള്‍ ആണ് ചാര്‍ല്സിന്റെ പിതാവിന്റെ സുഹൃത്തായ സ്കോട്ട്ലന്റ് ഉദ്യോഗസ്ഥന്‍ ചാര്‍ല്സിനോട് കേസ് അന്വേഷണം നടത്താന്‍ ആവശ്യപ്പെടുന്നു.അതിനു അയാള്‍ക്ക്‌ വ്യക്തമായ കാരണങ്ങള്‍ ഉണ്ടായിരുന്നു.ലയനിടിസിനു ഉള്ള പല അന്താരാഷ്ട്ര ബിസിനസ്സുകളിലും പല വിദേശ ഇന്റലിജന്‍സ് ഏജന്‍സികളുമായി ബന്ധം ഉണ്ടായിരുന്നു.അവര്‍ ആരെങ്കിലും ആണോ ഇത് ചെയ്തതെന്ന് അറിയാന്‍ ഉള്ള ആഗ്രഹം ആയിരുന്നു സ്കോട്ട്ലന്റ് യാര്‍ഡിന് ആ കേസില്‍ ഉള്ള താല്‍പ്പര്യം.

  ചാര്‍ല്സ് അന്വേഷണം ഏറ്റെടുക്കുന്നു.അയാള്‍ അതിനായി ആ വീട്ടിലേക്കു പോകുന്നു.ലയനിടിസ് എന്ന കോടീശ്വരന്റെ സാമ്രാജ്യത്തിന്റെ രഹസ്യങ്ങളുടെ നിഗൂഡത പോലെ തന്നെ നിഗൂഡത പേറി ജീവിക്കുന്ന അയാളുടെ മക്കള്‍,ബന്ധുക്കള്‍ എന്നിവര്‍.അവിടെ ഉള്ള എല്ലാവരിലും കൊലപാതകി ആണെന്നുള്ള സൂചനകള്‍ ഉണ്ടായിരുന്നു.കേസന്വേഷണം നടത്താന്‍ സമീപിച്ച സോഫിയയില്‍ പോലും.ചാര്‍ല്സിന്റെ അന്വേഷണത്തില്‍ കൊലപാതകിയെ കണ്ടെത്താന്‍ സാധിക്കുമോ?ആരാണ് യഥാര്‍ത്ഥ കൊലപാതകി?എന്തായിരുന്നു ആ കൊലപാതകത്തിന്റെ ഉദ്ദേശ്യം?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

    ഈ ചിത്രത്തില്‍ Poirot നു കൊടുത്ത പോലെ ഉള്ള ഒരു കഥാപാത്ര സൃഷ്ടിക്ക് അഗത ശ്രമിച്ചില്ല എന്ന് തോന്നും.കാരണം,പലപ്പോഴും അപ്രസക്തമായിരുന്നു അയാളുടെ ഇടപെടലുകള്‍ ആ അന്വേഷണത്തില്‍.അപൂര്‍വ്വം ആയി മാത്രം ആയിരുന്നു അയാളില്‍ കുറ്റാന്വേഷകന്‍ എന്ന ഗുണം കാണാന്‍ സാധിക്കുക.ഇത് മനപ്പൂര്‍വം ആണെന്നും തോന്നുന്നു.കാരണം,അഗതയ്ക്ക് പറയാന്‍ ഉണ്ടായിരുന്നത് ആ വലിയ ബംഗ്ലാവിലെ നിഗൂഡതയുടെ കഥയാണ്.സ്വാതന്ത്ര്യമില്ലായ്മയുടെ പ്രതിഷേധത്തിന്റെ കഥ ആയിരുന്നു.

Tuesday, 28 November 2017

805.THE TRUTH BENEATH(KOREAN,2016)

805.                              THE TRUTH BENEATH(KOREAN,2016),|Mystery|Crime|

                      Director: Kyoung-mi Lee
                       Characters Played by:Ye-jin Son, Ju-hyuk Kim, Yu-hwa Choi .

    രാഷ്ട്രീയം പ്രധാന വിഷയം ആയി ആരംഭിക്കുന്ന The Truth Beneath എന്ന കൊറിയന്‍ ചിത്രം പിന്നീട് ഒരു മിസ്റ്ററി/ക്രൈം ചിത്രം ആയി മാറുന്നു.നാഷണല്‍ അസംബ്ലിയിലേക്ക് മത്സരിക്കുന്ന ചാന്‍ ജോംഗ് കുറെ കാലങ്ങളായി അനൌന്സര്‍ ആയി ജോലി ചെയ്യുകയായിരുന്നു.എന്നാല്‍ ഇത്തവണ ഇലക്ഷന്‍ ജയിക്കണം എന്ന ആഗ്രഹത്തോടെ തന്നെ അയാള്‍ പ്രചരണം തുടങ്ങുന്നു തന്‍റെ കന്നിയങ്കത്തില്‍.ആദ്യ ദിവസം അയാളുടെ ഭാര്യ ഹോംഗ് യോണും ഉത്സാഹത്തോടെ തന്‍റെ ഭര്‍ത്താവിന്റെ ഇലക്ഷന്‍ പ്രചാരണത്തില്‍ പങ്കാളിയായി.

  എന്നാല്‍ അന്ന് അവരെ വരവേറ്റ വാര്‍ത്ത അവരുടെ ടീനെജ്കാരിയായ മകള്‍ മിന്‍-ജിന്നിനെ കാണുന്നില്ല എന്നതായിരുന്നു.പ്രത്യേകതരം സ്വഭാവക്കാരി ആയ മിന്‍ ജിന്നിന്റെ തിരോധാനം അവര്‍ ആദ്യം കാര്യമായെടുക്കുന്നില്ല.എന്നാല്‍ പിന്നീട് മനസ്സിലായി സംഭവം അല്‍പ്പം ഗൌരവം ഉള്ളതാണ് എന്ന്.ഇലക്ഷന്‍ പ്രചരണം തുടര്‍ന്ന ചാന്‍ ഗോംഗ് മകളുടെ തിരോധാനം ഇലക്ഷനില്‍ സഹതാപ വോട്ടുകള്‍ക്കായി ഉപയോഗിച്ച് തുടങ്ങുമ്പോള്‍ ഹോംഗ് യോണ്‍ മകളെ കണ്ടെത്താന്‍ ഒറ്റയ്ക്ക് ഇറങ്ങി തിരിക്കുന്നു.തെളിവുകള്‍ ഇല്ലാതെ പോലീസും.

   യോംഗ് ഹോന്‍ മകളുമായി ബന്ധം ഉള്ളവരെയും,അവള്‍ സ്ഥിരം ഫോണ്‍ വിളിക്കുന്നവരെയും അത് പോലെ മെയില്‍ അയക്കുന്നവരെയും എല്ലാം നേരിട്ടോ അല്ലാതെയോ ബന്ധപ്പെടാന്‍ തുടങ്ങി.അവരുടെ അന്വേഷണം മുന്നോട്ടു പോകുമ്പോള്‍ ആണ് മിന്‍-ജിന്നിന്‍റെ സ്വഭാവം അവര്‍ കരുതിയത്‌ പോലെ അല്ല എന്ന് മനസ്സിലാകുന്നത്‌.ഇതിന്റെ ഇടയ്ക്ക് അവളുടെ മറവു ചെയ്യപ്പെട്ട ശരീരം ലഭിക്കുന്നു.

  ആരാണ് യഥാര്‍ത്ഥത്തില്‍ അവളെ കൊല്ലപ്പെടുത്തിയത്?അവളുടെ സുഹൃത്തുക്കള്‍ക്ക് അതില്‍ പങ്കുണ്ടോ?അതോ മറ്റാരെങ്കിലും ആണോ?യോംഗ് ഹോന്നിന്റെ ഈ ഒറ്റയാള്‍ അന്വേഷണം ആണ് ബാക്കി ചിത്രം അവതരിപ്പിക്കുന്നത്‌.പ്രേക്ഷകനെ കേസില്‍ പ്രതികള്‍ ആണെന്ന് ഉള്ള ധാരണ നല്‍കാന്‍ പല കഥാപാത്രങ്ങളിലൂടെയും ശ്രമിക്കുന്നുണ്ട്.എന്നാല്‍ക്കൂടിയും അധികം പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് കൂടി നല്‍കി ചിത്രം അവസാനിക്കുമ്പോള്‍ നല്ല ഒരു കൊറിയന്‍ ചിത്രം ആകും പ്രേക്ഷകന്റെ മുന്നില്‍ അവസാനിക്കുക.

Monday, 27 November 2017

804.BEFORE I FALL(ENGLISH,2017)

804.BEFORE I FALL(ENGLISH,2017),|Fantasy|Mystery|
       Dir:Ry Russo-Young
        Characters Played by: Zoey Deutch, Halston Sage, Cynthy Wu


      "ടൈം ലൂപ്" പ്രധാന പ്രമേയമായി വന്ന ധിത്രങ്ങള്‍ ഒരുപാട് ഉണ്ട് പല ഭാഷകളിലായി."Groundhog Day" എന്ന ബില്‍ മറെ ചിത്രം ആണ് ഈ വിഭാഗത്തിലെ ക്ലാസിക് ആയി വാഴ്ത്തപ്പെടുന്നത്.സ്പാനിഷ് ചിത്രം "Los cronocrímenes" (Time Crimes) ,Triangle, തുടങ്ങി നീണ്ടു കിടക്കുന്ന ഒരു ലിസ്റ്റ് ആണ് ഈ ഴോന്രെയില്‍ ഉള്ള ചിത്രങ്ങളുടെ ആയുള്ളതു,പ്രധാന കഥാപാത്രം/കഥാപാത്രങ്ങള്‍ ഒരു പ്രത്യേക സമയ പരിധിക്കുള്ളില്‍ അവരുടെ ജീവിതം തളയ്ക്കപ്പെടുന്നു.എന്നും ഒരേ ജീവിതം തന്നെ ഒരേ രീതിയില്‍ അല്ലെങ്കില്‍ ആ അവസ്ഥയില്‍ ചില മാറ്റങ്ങള്‍ വരുത്തുമ്പോള്‍ മറ്റൊരു രീതിയിലേക്ക് പോകുന്ന അവസ്ഥ.


    "Before I Sleep" എന്ന ലോറന്‍ ഒലിവറിന്റെ നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ഫെബ്രുവരി 12,Cupid's Day ആയി ആചരിക്കുമ്പോള്‍ സ്ക്കൂള്‍ വിദ്യാര്‍ത്ഥിനി ആയ സമാന്ത അന്നത്തെ ദിവസം കൂട്ടുകാരികളോട് ഒപ്പം പല കാര്യങ്ങളും പ്ലാന്‍ ചെയ്തിരുന്നു.പതിവ് രീതിയില്‍ വീട്ടില്‍ നിന്നും ഇറങ്ങിയ അവള്‍ക്കു അന്ന് ലഭിച്ച പുഷപ്പങ്ങളും അന്നത്തെ ദിവസം വൈകിട്ട് സുഹൃത്തിന്റെ വീട്ടില്‍ വച്ചുള്ള പാര്‍ട്ടിയിലെ പദ്ധതികളും എല്ലാമായിരുന്നു മനസ്സ് നിറയെ.എന്നാല്‍ സമാന്തയ്ക്ക് കൂട്ടുകാര്‍ക്കും ഇഷ്ടപ്പെടാത്ത ഒരു അതിഥി അന്ന് ആ പാര്‍ട്ടിയില്‍ എത്തി ചേരുന്നു.അവിടെ ഉണ്ടായ പ്രശ്നങ്ങള്‍ക്ക് ശേഷം നാല്‍വര്‍ സംഘം യാത്ര തിരിക്കുമ്പോള്‍ ഒരു അപകടം ഉണ്ടാകുന്നു.

 പിറ്റേന്ന് രാവിലെ ഉണര്‍ന്നു നോക്കുമ്പോള്‍ സമാന്ത തലേ ദിവസത്തെ കാര്യങ്ങള്‍ അത് പോലെ നടക്കുന്നതായി മനസ്സിലാക്കുന്നു.തലേ ദിവസം നടന്ന സംഭവങ്ങള്‍ എന്ന് കരുതിയത്‌ ഒരു സ്വപ്നം ആണോ?അതോ?അന്ന് ആ പാര്‍ട്ടിയില്‍ വന്ന അതിഥി ആരായിരുന്നു?"Before I Sleep" ന്‍റെ ബാകി കഥ അതാണ്‌.

  നല്ല പശ്ചാത്തല സംഗീതവും ചിത്രത്തിന് യോജിച്ച രീതിയില്‍ അവതരിപ്പിച്ച ടീനേജ് കഥാപാത്രങ്ങളും ആണ് സിനിമയുടെ പ്രധാന ഘടകങ്ങള്‍.സമാന്ത അവളുടെ അത് വരെയുള്ള ജീവിതത്തില്‍ നടത്തിയ തെറ്റുകള്‍ക്ക് പ്രായശ്ചിത്തം ചെയ്യാന്‍ അവള്‍ക്കു കിട്ടിയ ഓരോ ദിവസവും ശ്രമിക്കുന്നു.അത് അവള്‍ തുടരുന്നു ഇനിയും മുന്നോട്ടു ദിവസങ്ങള്‍ എന്നെങ്കിലും പോകുമെന്ന് ഉള്ള പ്രതീക്ഷയില്‍.




      

Tuesday, 21 November 2017

803.BAD GENIUS(THAI,2017)

803.BAD GENIUS(THAI,2017),|Thriller|Crime|,Dir:- Nattawut Poonpiriya,*ing:-Chutimon Chuengcharoensukying, Eisaya Hosuwan, Teeradon Supapunpinyo.


 ഒറ്റ വരിയില്‍ ഉള്‍ക്കൊള്ളിക്കാവുന്ന ഒരു കഥ."പരീക്ഷ എഴുതാന്‍ നിയമവിരുദ്ധമായ രീതിയില്‍ ,പണം വാങ്ങി സഹായം ചെയ്ത ബുദ്ധിശാലികളുടെ കഥ".ഏറ്റവും വിരസമായ പരീക്ഷകളെ രണ്ടു മണിക്കൂറില്‍ അധികം ഉള്ള ഒരു സിനിമയായി അവതരിപ്പിച്ച് ഒരു നിമിഷം പോലും പ്രേക്ഷകനെ മുഷിപ്പിക്കാത്ത മികച്ച ചിത്രമായി മാറിയ തായ് സിനിമയാണ് Bad Genius.

  ശരിക്കും ഈ ചിത്രം അത്ഭുതപ്പെടുത്തി കളഞ്ഞൂ.എഡിറ്റിംഗ് വേഗത ഒക്കെ ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിച്ച് യാതാര്‍ത്ഥത്തില്‍ നടന്ന ഒരു സംഭവത്തെ ഇത്രയും മികവുറ്റ രീതിയില്‍ അവതരിപ്പിച്ചത് തന്നെ ഒരു അത്ഭുതമാണ്."ഓംഗ്-ബാക്ക്" ഒരു കാലത്ത് തായ് സിനിമകളില്‍ നിന്നും ലോകം ആകമാനം പടര്‍ന്നു പിടിച്ച തരംഗമായിരുന്നു.എന്നാല്‍ കളക്ഷനില്‍ പല ഏഷ്യന്‍ രാജ്യങ്ങളിലും ഓംഗ്-ബാക്കിനെ പോലും പിന്തള്ളി ആണ് പുതുമുഖം ആയ Chutimon Chuengcharoensukying പ്രധാന കഥാപാത്രമായ ലിന്നിനെ അവതരിപ്പിച്ച ഈ ചിത്രം പ്രശസ്തി നേടുന്നത്.

   ഒരു സ്ക്കൂളും കുറച്ചു വിദ്യാര്‍ത്ഥികളും ആണ് പ്രധാന കഥാപാത്രങ്ങള്‍.അതീവ ബുദ്ധിശാലി ആയ ലിന്നിന് തന്‍റെ പിതാവിന്റെ അധ്യാപക ജോലി കൊണ്ട് തന്‍റെ സ്വപ്‌നങ്ങള്‍ ഒന്നും നേടാന്‍ കഴിയില്ല എന്ന ചിന്തയില്‍ ആണ് അവള്‍ പരീക്ഷകളില്‍ സുഹൃത്തുക്കളെ പണം വാങ്ങി സഹായിക്കാം എന്ന് സമ്മതിക്കുന്നത്.സാധാരണ രീതിയില്‍ ഉള്ള കോപ്പിയടി ആയിരുന്നില്ല അത്.ലിന്‍ തന്‍റെ ബുദ്ധിയില്‍ കോപ്പിയടിയില്‍ പലതരം പുതിയ ടെക്നിക്കുകളും കൊണ്ട് വരുന്നു.സ്ക്കൊലര്‍ഷിപ് നേടി പഠിക്കുന്ന ലിന്നിന്റെ സഹായത്തോടെ ധനികരായ ധാരാളം വിദ്യാര്‍ഥികള്‍ വിജയങ്ങള്‍ നേടി തുടങ്ങി.

  എന്നാല്‍ പിന്നീട് അവരുടെ അതിബുദ്ധി അന്താരാഷ്ട്രതലത്തില്‍ നടത്തപ്പെടുന്ന പരീക്ഷകളില്‍ കൂടി പ്രയോഗിക്കാന്‍ ശ്രമം തുടങ്ങുന്നു.ലിന്നിനും കൂട്ടര്‍ക്കും എന്ത് സംഭവിച്ചു?അതാണ്‌ ചിത്രത്തിന്റെ ബാക്കി കഥ പറയുന്നത്.പുതുമുഖങ്ങളുടെ അഭിനയം മികച്ചതായിരുന്നു.ഈ അടുത്ത് കണ്ട മികച്ച സിനിമകളില്‍ ഒനാണു തായ് ഭാഷയില്‍ നിന്നുമുള്ള ഈ അത്ഭുത ത്രില്ലര്‍.എല്ലാതരം സിനിമകളുടെ ആസ്വാദകരെയും ഒരു പോലെ തൃപ്തിപ്പെടുന്ന ചിത്രമാണ് Bad Genius.

Sunday, 19 November 2017

802.LAST HOUSE ON THE LEFT(ENGLISH,2009)

802.LAST HOUSE ON THE LEFT(ENGLISH,2009),|Thriller|Horror|,Dir:- Dennis Iliadis,*ing:-Garret Dillahunt, Monica Potter, Tony Goldwyn.


  അവധിക്കാലം ചിലവഴിക്കാന്‍ വേണ്ടിയാണ് ജോണ്‍ തന്‍റെ കുടുംബവും ആയി അവധിക്കാല വസതിയില്‍ എത്തുന്നത്‌.ഒപ്പമുണ്ടായിരുന്ന മകള്‍ മേരി അവളുടെ കൂട്ടുകാരിയെ കാണാനായി പോയി.ഒരു കടയില്‍ ജോലി ചെയ്തിരുന്ന അവളുടെ കൂട്ടുകാരിയുമായി സംസാരിച്ചു നില്‍ക്കുമ്പോള്‍ ആണ് അന്ന് രാത്രി അവളുടെ പിറന്നാള്‍ ആഘോഷിക്കാന്‍ അല്‍പ്പം കൂടി എരിവു പകരുന്ന വസ്തുവുമായി ഒരു യുവാവ് അവിടേക്ക് വരുന്നത്.

   അവന്റെയൊപ്പം പോകാന്‍ തീരുമാനിച്ച ഇരുവരും എത്തിച്ചേരുന്നത് വലിയൊരു അപകടത്തിലേക്ക് ആയിരുന്നു.അല്‍പ്പ ദിവസം മുന്‍പ് വലിയ രീതിയില്‍ കൊലപാതകം നടത്തി ഇറങ്ങിയ ക്രൂരരായ ഒരു കൂട്ടം ആളുകളുടെ അടുക്കല്‍.അവിടെ നിന്നും അവര്‍ രക്ഷപ്പെടുമോ?ചിത്രത്തിന്റെ കഥ ഇതാണ്.

  ക്ലീഷേകള്‍ നിറഞ്ഞ സ്ഥിരം ഹോളിവുഡ് ഹൊറര്‍ ചിത്രങ്ങളുടെ സ്റ്റോറി ലൈന്‍ തന്നെ ആണ് ഈ ചിത്രത്തിലും ഉള്ളത്.1972 ല്‍ ഇറങ്ങിയ ഇതേ പേരില്‍ ഉള്ള ചിത്രം സംവിധാനം ചെയ്ത വെസ് ക്രേവന്‍ ആണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.അന്ന് ചിത്രം റിലീസ് ചെയ്തപ്പോള്‍ ഉണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്നും വലിയ ഒരു കാന്‍വാസില്‍ ചിത്രം അവതരിപ്പിക്കാന്‍ ആണ് അദ്ദേഹം ശ്രമിച്ചതും.Torture Porn വിഭാഗം പ്രബലമായിരുന്ന ഒരു കാലത്ത് നിര്‍മിച്ച ചിത്രം ആയതു കൊണ്ട് തന്നെ അത്തരം ഒരു രീതിയില്‍ ആയിരുന്നു ചിത്രം അവതരിപ്പിച്ചിരുന്നതും.B grade ചിത്രം എന്ന് വിളിക്കാവുന്ന ഒന്ന് ആയിരുന്നിട്ടു കൂടി സാമ്പത്തികമായി ചിത്രം വിജയിച്ചിരുന്നു.കാരണം ചിത്രം അവതരിപ്പിച്ച ഴോന്രെയോടു നീതി പുലര്‍ത്താന്‍ കഴിഞ്ഞിരുന്നു എന്നത് ആണ് ഒരു കാരണം.

801.JOINT SECURITY AREA(KOREAN,2000)

801.JOINT SECURITY AREA(KOREAN,2000),|Thriller|Drama|,Dir:-Chan-wook Park,*ing:-Seong-san Jeong, Hyun-seok Kim .


  രാഷ്ട്രീയ സാഹചര്യങ്ങള്‍ വളരെയധികം മോശമായി നില നില്‍ക്കുന്ന 2 അയല്‍ രാജ്യങ്ങള്‍ ആണ് ദക്ഷിണ കൊറിയയും ഉത്തര കൊറിയയും.കമ്യൂണിസ്റ്റുകള്‍ ആധിപത്യം നില നിര്‍ത്തിയ ഉത്തര കൊറിയ സ്വേചാധിപത്യം നില നിര്‍ത്തി.അമേരിക്കയുടെ സഹായത്തോടെ കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടുകളിലൂടെ ദക്ഷിണ കൊറിയ സ്വതന്ത്രമായി.ഈ രണ്ടു രാജ്യങ്ങളെയും തമ്മില്‍ യോജിപ്പിക്കുന്ന തന്ത്ര പ്രധാനമായ അതിര്‍ത്തി ആണ് JSA(Joint Security Area).ഒരു പാലത്തിനു അപ്പുറവും ഉള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ വ്യത്യസ്തമായ രണ്ടു രാജ്യങ്ങള്‍.പരസ്പ്പരം ഉള്ള സുരക്ഷ ഭീഷണി കാരണം വളരെ പ്രാധാന്യത്തോടെ ആണ് രണ്ടു രാജ്യങ്ങളും ഈ അതിര്‍ത്തി കാത്തു സൂക്ഷിക്കുന്നതും.


    അതിര്‍ത്തികള്‍ അപകടകരമാകുന്ന അവസ്ഥയിലാണ് ഉത്തര കൊറിയന്‍ അതിര്‍ത്തിയില്‍ രണ്ടു പട്ടാളക്കാരെ വധിച്ചിട്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ദക്ഷിണ കൊറിയന്‍ പട്ടാളക്കാരന്‍ ലീ സൂ ഹ്യൂക് പിടിയില്‍ ആകുന്നതു.ചെറിയ സംഭവങ്ങള്‍ പോലും പ്രശ്നങ്ങള്‍ വഷളാക്കുന്ന സ്ഥലത്ത് ഈ പ്രധാന സംഭവം രണ്ടു രാജ്യങ്ങള്‍ തമ്മില്‍ ഉള്ള ശത്രുത കൂട്ടി.ദക്ഷിണ കൊറിയന്‍ സേന ലീ സ്യൂക്കിനെ രക്ഷിച്ചെങ്കിലും അത് ഉത്തര കൊറിയയ്ക്ക് അപമാനമായി തീര്‍ന്നൂ.ഈ അവസരത്തില്‍ ആണ് NNSC(Neutral Nations Supervisory Commission) ഉദ്യോഗസ്ഥ ആയ സോഫി സ്വിറ്റ്സര്‍ലന്‍ഡ് അന്നത്തെ സംഭവങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ എത്തുന്നത്‌.


   എന്നാല്‍ അന്വേഷണം തുടങ്ങുമ്പോള്‍ തന്നെ അന്നത്തെ രാത്രിയെ കുറിച്ച് ഇരു സേനയിലും ഉള്ള പട്ടാളക്കാര്‍ പറഞ്ഞതല്ല ശരിക്കുള്ള കഥ എന്ന സംശയത്തില്‍ എത്തുന്നു സോഫി.വൈരുധ്യങ്ങള്‍ ആയ മൊഴികള്‍ ആയിരുന്നു പലപ്പോഴും ആ കഥയുടെ മൊത്തത്തില്‍ ഉള്ള സ്വഭാവത്തെ മാറ്റിയത്.അന്ന് രാത്രി അതിര്‍ത്തിയില്‍ നടന്ന സംഭവങ്ങളുടെ സത്യാവസ്ഥ അറിയാന്‍ അവര്‍ തീരുമാനിക്കുന്നു.സോഫിക്ക് അന്നത്തെ സംഭവങ്ങളുടെ രഹസ്യം അറിയാന്‍ സാധിക്കുമോ?അന്നെന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്?അതോ സോഫിയുടെ വെറും സംശയം മാത്രം ആയിരുന്നോ അത്?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

   രാഷ്ട്രീയ  സംഭവങ്ങള്‍ കാരണം ശത്രുക്കള്‍ ആകുന്ന രാജ്യങ്ങള്‍ അവരുടെ അതിര്‍ത്തികളില്‍ പരസ്പ്പര അവിശ്വാസത്തോടെയാണ് സുരക്ഷ ഉറപ്പാക്കുന്നത്.എന്നാല്‍ ഇരു ഭാഗത്തും ഉള്ള ജനത.പ്രത്യേകിച്ചും രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് വിഭാജിക്കപ്പെട്ടവര്‍ തമ്മില്‍ സ്വന്തം എന്ന ഭാവത്തിലുള്ള കൂട്ടുക്കെട്ടുകള്‍ കാണും.ഇത്തരം കലഹങ്ങള്‍ ജനങ്ങളെ എത്രമാത്രം സ്വാധീനിക്കുന്നു എന്നത് കണ്ടറിയുമ്പോള്‍ ചിലപ്പോള്‍ നേരത്തെ ഉള്ള ചിന്തകള്‍ എല്ലാം തെറ്റാണ് എന്ന് മനസ്സിലാകാന്‍ വരെ സാദ്ധ്യതകള്‍ ഉണ്ട്.Park Sang-yeon ന്‍റെ DMZ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.സിനിമ റിലീസ് ആയ കാലത്ത് കൊറിയന്‍ സിനിമയിലെ ഏറ്റവും വലിയ പണം വാരി പടങ്ങളില്‍ ഒന്നായിരുന്നു ചിത്രം.
ചാന്‍ വൂക് പാര്‍ക്കിന്റെ മികച്ച ചിത്രങ്ങളില്‍ ഒന്ന്.

Sunday, 12 November 2017

800.OLDBOY(KOREAN,2003)

800.OLDBOY(KOREAN,2003),|Thriller|Mystery|Action|,Dir:-Chan-wook Park,*ing:-Min-sik Choi, Ji-tae Yu, Hye-jeong Kang

Remember this: "Be it a rock or a grain of sand, in water they sink as the same."

   ജീവിതത്തിലെ സംഭവങ്ങളും ഇത് പോലെയാണ്.തുല്യ പ്രാധാന്യം ഇല്ലാത്ത സംഭവങ്ങള്‍ ആണെങ്കിലും അവസാന ഫലം പലപ്പോഴും ഒന്ന് തന്നെയായിരിക്കും.

 
 ചാന്‍ വുക്ക് പാര്‍ക്കിന്റെ പ്രതികാരം പ്രമേയം ആയി വരുന്ന Vengeance Trilogy യിലെ രണ്ടാമത്തെ ചിത്രമാണ് Oldboy.കൊറിയന്‍ സിനിമകളിലെ കള്‍ട്ടുകളില്‍ ഒന്നായി മാറിയ ചിത്രം പലപ്പോഴും ലോക സിനിമ വേദിയില്‍ കൊറിയന്‍ ചിത്രങ്ങളുടെ മുഖമുദ്ര ആയി മാറുകയും ചെയ്തിരുന്നു.കൊറിയന്‍ സിനിമകള്‍ക്ക്‌ മാത്രം ചേരുന്ന തരത്തില്‍ ബന്ധങ്ങളും പ്രതികാരവും എല്ലാം സമന്വയിപ്പിച്ച ചിത്രം അതിന്റെ മറ്റു ഭാഷകളില്‍ ഉള്ള റീമേക്കുകളില്‍ വന്‍ പരാജയങ്ങള്‍ ആയി മാറിയത് ചരിത്രം.കാന്‍സില്‍ പ്രീമിയര്‍ നടത്തിയ ചിത്രം അവിടെ നിന്നും ഗ്രാന്‍ഡ്‌ പ്രിക്സ് നേടുകയുണ്ടായി.

   കഥാപരമായ കൗതുകം പ്രേക്ഷകനില്‍ ഉണ്ടാക്കുവാന്‍ ചിത്രത്തിന് തുടക്കം തന്നെ സാധിച്ചിട്ടുണ്ട്.പതിനഞ്ചോളം വര്‍ഷമായി ഒരു മുറിയില്‍ അകപ്പെട്ട ഡേ സൂ എന്ന നായക കഥാപാത്രം.തന്നെ എന്തിനാണ് ആ മുറിയില്‍ ഇത്രയും കാലം ആയി പാര്‍പ്പിച്ചിരിക്കുന്നത് എന്ന ചോദ്യം സ്വയം ചോദിക്കുമ്പോള്‍ അയാള്‍ക്ക്‌ അതിനുള്ള ഉത്തരങ്ങള്‍ ഇല്ലായിരുന്നു.താനും ആയി ശത്രുത ഉള്ള ആളുകളുടെ പേരുകള്‍ നോക്കി ഒരു ആത്മവിശകലനം നടത്തിയെങ്കിലും ഉത്തരം അയാളില്‍ നിന്നും അകന്നു തന്നെ നിന്നൂ.

  ടെലിവിഷന്‍ ആയിരുന്നു പുറം ലോകവും ആയുള്ള അയാളുടെ ഏക ബന്ധം.അയാളുടെ പള്ളിയും,കാമുകിയും,ലൈംഗികതയും,സുഹൃത്തും എല്ലാം ആ കാലയളവില്‍ ടെലിവിഷനില്‍ മിന്നി മായുന്ന കാഴ്ചകള്‍ ആയിരുന്നു.ആ മുറിയില്‍ കഴിയുന്ന ഓരോ ദിവസവും അയാള്‍ എണ്ണി സൂക്ഷിച്ചു.അയാളില്‍ പ്രതികാരം കൂടിക്കൊണ്ടിരുന്നു ഓരോ ദിവസവും.ആ മുറിയില്‍ വച്ച് പുറം ലോകത്ത് പോയി തന്‍റെ ശത്രുവിനെ കണ്ടെത്തുമ്പോള്‍ അയാളെ നേരിടാന്‍ വേണ്ടി ശരീരം പോലും അതിനായി പ്രാപ്തമാക്കാന്‍ അയാള്‍ ശ്രമിച്ചു.

  അവസാനം ആ ദിവസം വന്നെത്തി.അയാള്‍ സ്വതന്ത്രന്‍ ആയി.ആ സമയത്ത് പലപോഴുമായി അയാള്‍ തന്‍റെ ശത്രുവിന്റെ അവ്യക്തമായ രൂപം കണ്ടൂ.പലപ്പോഴും അയാള്‍ക്ക്‌ അന്വേഷണങ്ങള്‍ കൊണ്ടെത്തിക്കുന്ന സ്ഥലങ്ങളില്‍ കണ്ടെത്തുന്ന പ്രതിയോഗികളെ നേരിടെണ്ടാതായി വരുന്നു.ഈ ഇടയ്ക്ക് അയാള്‍ തന്നെക്കാളും വളരെയധികം പ്രായം കുറഞ്ഞ ഒരു പെണ്‍ക്കുട്ടിയെ പരിചയപ്പെടുന്നു.അവളുമായുള്ള പ്രണയം അയാളെ ഇത്രയും കാലം അടച്ചിട്ട മുറിയില്‍ കഴിഞ്ഞത് നന്നായി എന്ന് പോലും തോന്നിപ്പിക്കുന്നു.അല്ലെങ്കില്‍ അയാള്‍ക്ക്‌ അവളെ ഒരിക്കലും കണ്ടു മുട്ടന്‍ സാധിക്കില്ല എന്ന് പോലും കരുതുന്നു.

   ഡേ-സൂ വിന്റെ അന്വേഷണം ആണ് ബാക്കി ചിത്രം.അയാള്‍ എന്ത് കൊണ്ട് ഇത്രയും കാലം ശിക്ഷ അനുഭവിച്ചു?ആരാണ് അയാളുടെ ശത്രു?അയാളുടെ ശത്രുതയ്ക്ക് കാരണം എന്താണ്?ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ബാക്കി ചിത്രം.റിപ്പര്‍ മോടലില്‍ ആക്രമിക്കുന്ന നായകന്‍.അയാളുടെ ബലഹീനതകള്‍ പലപ്പോഴും ദൃശ്യമാണ്.മികച്ച ആക്ഷന്‍ രംഗങ്ങള്‍.പരിധിയിലും കൂടുതല്‍ ഉള്ള വയലന്‍സ്,പ്രമേയപരമായി വിലക്കപ്പെട്ട ലൈംഗിക രംഗങ്ങള്‍ എന്നിവയെല്ലാം ചിത്രത്തില്‍ ഉണ്ടെങ്കിലും കഥാപരമായി അവയെല്ലാം നീതി പുലര്‍ത്തിയോ എന്നത് പ്രേക്ഷകന്‍റെ കണ്ണിലൂടെ ഉള്ള കാഴ്ചയില്‍ വന്നു ചേരുന്ന ചിന്തകള്‍ ആണ്.അത് കൊണ്ട് പ്രമേയം എത്രത്തോളം സ്വീകാര്യം എന്നത് അനുസരിച്ചിരിക്കും സിനിമ ആസ്വാദനവും.

Friday, 10 November 2017

799.SYMPATHY FOR Mr.VENGEANCE(KOREAN,2002)

799.SYMPATHY FOR Mr.VENGEANCE(KOREAN,2002),|Crime|Thriller|,Dir:-Chan-wook Park,*ing:-Kang-ho Song, Ha-kyun Shin, Doona Bae.


  കൊറിയന്‍ സിനിമയിലെ മികച്ച മൂന്നു ചിത്രങ്ങള്‍ സമ്മാനിച്ച Vengeance Trilogy യിലെ ആദ്യ ഭാഗം ആണ് Sympathy for Mr.Vengeance.സംവിധായകന്‍ ചാന്‍ വൂക് പാര്‍ക്ക് ,പ്രതികാരത്തിന്റെ കഥ നല്ല രീതിയില്‍ വയലന്‍സ് കൂടി ചേര്‍ത്താണ് ഈ മൂന്നു ചിത്രങ്ങളും അവതരിപ്പിച്ചിരിക്കുന്നത്.ഒരു കൊറിയന്‍ സിനിമയില്‍ മിസ്റ്ററി,വയലന്‍സ് എന്നീ ഘടകങ്ങള്‍ കൂട്ടി ചേര്‍ക്കുകയും അതിന്‍റെ തീക്ഷ്ണമായ ഭാവം പ്രേക്ഷകനില്‍ എത്തിക്കാനും ഈ ചിത്രങ്ങള്‍ക്ക് സാധിച്ചു.കഥാപരമായി ബന്ധം ഒന്നും ഇല്ലെങ്കിലും പ്രമേയപരമായി ബന്ധം ഉള്ള മൂന്നു കഥകള്‍ ആണ് ഈ Trilogyയില്‍ അവതരിപ്പിച്ചിട്ടുള്ളത്.

1.Sympathy for Mr.Vengeance
2.Oldboy
3.Sympathy for Lady Vengeance എന്നിവയാണ് പ്രതികാര കഥകളിലെ ഒരു ബെഞ്ച്മാര്‍ക്ക് ആയി മാറിയ Trilogy  യിലെ ചിത്രങ്ങള്‍.


1.Sympathy for Mr.Vengeance.

     സമൂഹത്തിലെ അദൃശ്യമായ രീതിയില്‍ വിഭജിക്കപ്പെട്ടിരിക്കുന്ന ധനികന്‍,ദരിദ്രന്‍ എന്നീ വിഭാഗങ്ങള്‍.സാധാരണഗതിയില്‍ പരസ്പ്പരം ജോലി സ്ഥലം പോലുള്ള അപൂര്‍വ സ്ഥലങ്ങളില്‍ അല്ലാതെ വ്യക്തിപരമായി യാതൊരു ബന്ധവും ഇല്ലാത്ത ആളുകള്‍.എന്നാല്‍ ഇവരെ ബന്ധിപ്പിക്കുന്ന പൊതുവായ ഒരു കാര്യമുണ്ട്.ഇവരെ തമ്മില്‍ വേര്‍തിരിച്ച പണം.പണം ആണ് ഇവിടെ നല്ലവരെയും മോശം ആളുകളെയും തീരുമാനിക്കുന്നത്.ഈ ചിത്രത്തില്‍ അത് എങ്ങനെ ആണെന്ന് നോക്കാം.

  ഒരു ഫാക്റ്ററി തൊഴിലാളി ആയ റ്യൂ തന്‍റെ സഹോദരിയുടെ കിഡ്നി മാറ്റി വയ്ക്കുന്നതിനായുള്ള ശ്രമത്തിലാണ്.പണി മുടക്കിയ കിഡ്നി അവളുടെ ജീവന് തന്നെ അപകടം ആകുമ്പോള്‍ അവള്‍ക്കായി കിഡ്നി ദാനം ചെയ്യാന്‍ ഒരാളെ തേടി റ്യൂ അലയുന്നു.അവന്റെ സ്വന്തം കിഡ്നി ബ്ലഡ് ഗ്രൂപ്പ് വ്യത്യാസം ആയതു കൊണ്ട് കൊടുക്കാന്‍ കഴിയില്ല എന്ന് മനസ്സിലായപ്പോള്‍ കരിഞ്ചന്തയില്‍ ആയി അവന്റെ അന്വേഷണം.അവയവ കച്ചവടം നടത്തുന്ന ഒരു സ്ത്രീയെ അവന്‍ പരിചയപ്പെടുകയും അവന്റെ കിഡ്നി അവര്‍ക്ക് കൊടുക്കാമെന്നും പകരം പെങ്ങള്‍ക്ക് വേണ്ടി ഒരു കിഡ്നി ഒപ്പിച്ചു  കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.

  എന്നാല്‍ വിചാരിച്ചത് പോലെ അല്ലായിരുന്നു കാര്യങ്ങള്‍.അവന്‍ ചതിക്കപ്പെടുന്നു.കിഡ്നി ഒപ്പിക്കാന്‍ ഉള്ള അടുത്ത ശ്രമങ്ങള്‍ തുടങ്ങുന്നു.ആ സമയത്താണ് റ്യൂവിന്റെ കാമുകി അവനു മറ്റൊരു ആശയം നല്‍കുന്നത്.സമ്പന്നന്‍ ആയ ഒരാളുടെ മകളെ തട്ടിക്കൊണ്ടു വരുക.റ്യൂ ചെയ്യുന്നതിലെ ശരിക്കേടുകള്‍ അന്വേഷിച്ച അവന്റെ സഹോദരി ആത്മഹത്യ ചെയ്യുന്നു.ബധിരനും മൂകനും ആയ റ്യൂവിന്റെ കയ്യില്‍ നിന്നും ഉണ്ടായ ചെറിയ അബദ്ധങ്ങള്‍ പിന്നീട് വലിയ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.പിന്നീട് അവിടെ ഒഴുകിയത് ചോരപ്പുഴ ആയിരുന്നു.എന്തെല്ലാം സംഭവങ്ങള്‍ ആണ് അവയവ ദാനത്തിന്റെ കാര്യത്തില്‍  ഉണ്ടായത്?കൊലപാതകങ്ങള്‍ എന്തിനു വേണ്ടി ആയിരുന്നു യഥാര്‍ത്ഥത്തില്‍ കൊലപാതകങ്ങള്‍?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

  ഇവിടെ പ്രേക്ഷകന്റെ മുന്നില്‍ സംവിധായകന്‍ എറിഞ്ഞു കൊടുക്കുന്ന ചോദ്യം ഉണ്ട്.ആരാണ് ഇവിടെ ദയ അര്‍ഹിക്കുന്ന നീതിമാന്‍?ഇവിടെ ആളുകള്‍ തങ്ങളുടെ മനസ്സിന് തോന്നിയ ധര്‍മം ആണ് ചെയ്യുന്നത്.അത് ചിത്രത്തിന്റെ അവസാന രംഗത്ത്‌ പോലും ഉണ്ട്.പലപ്പോഴും പലയിടത്തായി ചിത്രത്തിന്റെ ഗതിയെ നിയന്ത്രിക്കുന്ന ഇത്തരത്തില്‍ ഒരു കൂട്ടം ആളുകളിലൂടെ ആണ്.സ്ക്രീനിലെ കഥാപാത്രങ്ങള്‍ക്ക് പ്രമൂഖമായ സ്ഥാനം ചിത്രത്തില്‍ ഉണ്ടെന്നു ചുരുക്കം.ധാര്‍മികത ഒരാളുടെ മാത്രം കുത്തക അല്ല എന്ന് കാണാം.ചിത്രത്തില്‍ സാമ്പ്രധായിക രീതിയില്‍ നിന്നും വ്യതി ചലിച്ചു ഇത്തരത്തില്‍ ഓരോ കഥാപാത്രങ്ങളുടെ ചെയ്തികളിലും ചാരികള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നും ഉണ്ട്.അത് ജോലി നഷ്ടപ്പെട്ട ആള്‍ ആണെങ്കിലും ഇടതു പക്ഷ കലാപകാരികള്‍ ആണെങ്കിലും.ചെറുതെന്ന് തോന്നുന്ന ഇത്തരം കഥാപാത്രങ്ങള്‍ക്ക് പോലും വ്യക്തമായ വ്യക്തിത്വംനല്‍കിയിരിക്കുന്നു Sympathy for Mr.Vengeance ല്‍.

Thursday, 9 November 2017

798.I'M A KILLER(POLISH,2016)

798.I'M A KILLER(POLISH,2016),|Crime|Mystery|Drama|,Dir:- Maciej Pieprzyca,*ing:-Miroslaw Haniszewski, Arkadiusz Jakubik, Agata Kulesza.


   പോളണ്ടില്‍ 1979 കളില്‍ കുപ്രസിദ്ധിയാര്‍ജിച്ച കേസ് ആണ് "The Silesian Vampire" എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കൊലയാളി നടത്തിയ പന്ത്രണ്ടോളം സ്ത്രീകളുടെ കൊലപാതകങ്ങള്‍.കൊലപാതകങ്ങള്‍ നടത്തിയ രീതി കാരണം ആണ് അയാള്‍ക്ക്‌ "The Silesian Vampire" എന്ന പേര് വരുന്നത്.അതി ക്രൂരമായി തല തകര്‍ത്തു കൊലപാതകം നടത്തുന്ന ആള്‍ സ്ത്രീകളെ ആരെയും ബലാല്‍സംഘം ചെയ്തിരുന്നും ഇല്ല.ആകെ കേസിന്‍റെ പ്രാരംഭ ദിശയില്‍ ലഭിക്കുന്നത് 42 സൈസില്‍ ഉള്ള ഒരു ഷൂവിന്റെ അടയാളം മാത്രമാണ്.

  പോലീസിന്റെ വിവിധ യൂണിറ്റുകള്‍ ശ്രമിച്ചിട്ടും കൊലപാതകി അജ്ഞാതന്‍ ആയി തുടരുമ്പോള്‍ പോലീസ് അധികാരികളില്‍ സമ്മര്‍ദം ഏറുന്നു.പ്രത്യേകിച്ചും അയാളുടെ ഇരകളില്‍ ഒരാള്‍ പോളീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ First Secretary യുടെ ബന്ധു കൂടി ആയിരുന്നു.കേസ് അന്വേഷണം ജനുസ്കി എന്ന അധികം സീനിയര്‍ അല്ലാത്ത പോലീസ് ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കുന്നു.പരിചയക്കുറവ് ഉണ്ടായിരുന്നുവെങ്കിലും ജനുസ്കി മികച്ച  നയ ചാതുര്യ വിദഗ്ധന്‍ ആയിരുന്നു.ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഉള്ളവര്‍ തന്‍റെ ആവശ്യങ്ങളോട് ചേര്‍ന്ന് പോകുന്ന രീതിയില്‍ പ്രവര്‍ത്തിപ്പിക്കാനും അയാള്‍ക്ക്‌ സാധിക്കുന്നുണ്ടായിരുന്നു.

  പോളീഷ് കമ്യൂണിസ്റ്റ് രാഷ്ട്രീയ  നിലപാടുകള്‍ക്ക് വിരുദ്ധം ആയിരുന്നിട്ടു പോലും അന്നത്തെ കാലത്തെ ആദ്യ കമ്പ്യൂട്ടറുകളില്‍ ഒന്ന് ഈ കേസന്വേഷണത്തില്‍ ഭാഗമാകാന്‍ അയാളുടെ ഇടപ്പെടലുകള്‍ മൂലം സാധിച്ചു.അന്വേഷണ വൈദഗ്ധ്യം കുറഞ്ഞത്‌ കൊണ്ടാണ് അതോ അന്നത്തെ കാലത്തെ സൌകര്യമില്ലായ്മ കാരണമോ ആകാം കേസ് നീണ്ടു പോയത്.എന്നാല്‍ കുറച്ചു സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ ജനുസ്ക്കി ,വീസ്ലോ എന്നയാളെ അറസ്റ്റ് ചെയ്യുന്നു.എന്നാല്‍ അയാള്‍ കുറ്റം സമ്മതിക്കുന്നില്ല.എന്നാല്‍ ജനുസ്കി അയാളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു.

  സ്ഥിരം പരമ്പര കൊലയാളിയെ കുറിച്ചുള്ള അന്വേഷണത്തില്‍ നിന്നും ചിത്രം ഇവിടെ വഴി മാറുന്നു.ചിത്രം മുഖ്യമായും ശ്രദ്ധിച്ചിരിക്കുന്നത്‌ ജനുസ്ക്കി ആ കേസില്‍ നടത്തിയ ഇടപ്പെടലുകള്‍ ആണ്.പ്രത്യേകിച്ചും മറ്റൊരാളെ സംശയത്തിന്‍റെ ആനുകൂല്യത്തില്‍ കിട്ടിയെങ്കിലും അയാളുടെ അശ്രദ്ധയും തന്‍റെ നിലപാട് തെറ്റാണ് എന്നും മറ്റുള്ളവര്‍ പറയാതെ ഇരിക്കാനും വേണ്ടി അയാള്‍ നടത്തിയ നീക്കങ്ങള്‍ കേസ് കൂടുതല്‍ സങ്കീര്‍ണമാക്കി.കേസന്വേഷണം മുന്നോട്ടു പോകാന്‍ ഉള്ള സാഹചര്യം മറ്റുള്ളവര്‍ അയാള്‍ക്കായി ഉണ്ടാക്കി കൊടുത്തെങ്കിലും തന്‍റെ ഈഗോ ജനുസ്ക്കിയ്ക്ക് വില്ലനായി മാറുന്നു.

  ഈഗോ,കോമ്പ്ലക്സ് എന്നിവ ഒരാളെ എത്ര മാത്രം ജീവിതത്തില്‍ ബാധിക്കും?ജനുസ്ക്കിയുടെ ഭാഗത്തുള്ള ശരികള്‍ എന്തൊക്കെയാണ്?വീസ്ലോ യഥാര്‍ത്ഥത്തില്‍ കുറ്റവാളി ആണോ?പ്രേക്ഷകന്റെ മുന്നില്‍ ചോദ്യചിഹ്നം ആയി പല കാര്യങ്ങളും അവശേഷിക്കും.സ്ഥിരം സീരിയല്‍ കില്ലര്‍ ഫോര്‍മാറ്റില്‍ ഉള്ള ചിത്രം അല്ല I'm A Killer.പകരം,അന്വേഷണത്തിന്റെ ഒപ്പം പോലീസ് ഉദ്യോഗസ്ഥരുടെ ശരികളും,തെറ്റുകളും അവരുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളും എല്ലാം പല രീതിയില്‍ കേസിന്‍റെ മുന്നോട്ടുള്ള നിലപാടുകളെ നിര്‍ണയിക്കും.അന്വേഷണ ഉദ്യോഗസ്ഥന്‍റെ കാഴ്ചപ്പാടുകള്‍ ശരിയായ ദശയില്‍ ആണെങ്കില്‍ കൊലപാതകി പിടിയിലാകും.തിരിച്ചു ആയാലോ?ഇത്തരത്തില്‍ ഉള്ള ചിത്രത്തില്‍ മികച്ച ഒന്നായി തോന്നി I'm A Killer.പ്രത്യേകിച്ചും പഴയ സോവിയറ്റ്,പോളീഷ് സിനിമകളിലെ പശ്ചാത്തല സംഗീതം ,സീനുകളെ വേഗത്തിലാക്കാന്‍ നല്ല രീതിയില്‍ ഉപയോഗിച്ചിട്ടുമുണ്ട്.


  

Tuesday, 7 November 2017

797.MEMOIR OF A MURDERER(KOREAN,2017)

797.MEMOIR OF A MURDERER(KOREAN,2017),|Mystery|Thriller|,Dir:-Shin-yeon Won,*ing:-Kyoung-gu Sul, Nam-gil Kim, Seol-Hyun Kim


   സീരിയല്‍ കില്ലര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കൊറിയന്‍ മിസ്റ്ററി ചിത്രങ്ങള്‍ സര്‍വസാധാരണം ആണ്.മിക്കപ്പോഴും നോവല്‍ രൂപങ്ങളുടെ അല്ലെങ്കില്‍ യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി വരുന്ന അത്തരം ചിത്രങ്ങള്‍ക്ക് ക്രൂരതയുടെ പര്യായം ആയ കഥാപാത്രങ്ങളെ ധാരാളം കാണാനാകും.പല ചിത്രങ്ങളും മികച്ചതാണെങ്കിലും "കൊറിയന്‍ സിനിമകളിലെ ക്ലീഷേ" എന്ന് പറയാവുന്ന സ്ഥിരം പ്രമേയങ്ങള്‍ ആണ് ഇത്തരം ചിത്രങ്ങള്‍.എന്നാല്‍ ഒരു സീരിയല്‍ കില്ലര്‍,അയാള്‍ ഇത് വരെ നേരിടാത്ത സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നതാണ് "Memoir of a Murderer" എന്ന ചിത്രത്തിന്‍റെ പ്രമേയം."Salinjaui Gieokbeob" എന്ന കിം-യംഗ്-ഹായുടെ നോവാലിനെ ആസ്പദമാക്കിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

   ബ്യൂമ്ഗ്-സൂ പതിനേഴു വര്‍ഷങ്ങള്‍ മുന്‍പ് വരെ സമൂഹത്തില്‍ ജീവിക്കാന്‍ യോഗ്യത ഇല്ല എന്ന സ്വന്തം അഭിപ്രായം മൂലം ധാരാളം ആളുകളെ കൊന്നൊടുക്കിയിരുന്നു രഹസ്യമായി.അയാള്‍ ശവശരീരങ്ങള്‍ എല്ലാം രഹസ്യമായി ഒരു സ്ഥലത്ത് മറവു ചെയ്തിരുന്നു.ഇപ്പോള്‍ വൃദ്ധനായി മാറിയ ബ്യൂംഗ് സൂ അല്ഷിമേഴ്സ് രോഗത്തിന്റെ പിടിയില്‍ ആണ്.പലപ്പോഴും അയാള്‍ക്ക്‌ ഓര്‍മ്മകള്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു.പ്രധാനപ്പെട്ട സംഭവങ്ങള്‍ എല്ലാം റെക്കോര്ഡറില്‍ രേഖപ്പെടുത്താന്‍ അയാള്‍ ശ്രമിച്ചിരുന്നു.

   മകളോടൊപ്പം കഴിഞ്ഞിരുന്ന അയാള്‍ സ്വയം പഴയക്കാല ഓര്‍മ്മകള്‍ ടൈപ്പ് ചെയ്തു സൂക്ഷിക്കാന്‍ തുടങ്ങി.ഈ സന്ദര്‍ഭത്തില്‍ ആയിരുന്നു ഒരു നാള്‍ താന്‍ മൃതദേഹങ്ങള്‍ ഉപേക്ഷിച്ച സ്ഥലത്ത് നിന്നും വണ്ടിയില്‍ വരുമ്പോള്‍ ഒരു കാറുമായി കൂട്ടിമുട്ടുന്നത്.വണ്ടിയില്‍ നിന്നും ഇറങ്ങിയ ബ്യൂംഗ് സൂ അതില്‍ രക്തം കാണുന്നു.വണ്ടി ഓടിച്ചിരുന്ന ആള്‍ ഒരു കൊലപാതകി ആണെന്ന് അയാള്‍ സംശയിക്കുന്നു.ബ്യൂംഗ് സൂ പോലീസില്‍ വിവരം അറിയിക്കുന്നു.എന്നാല്‍ പിന്നീട് സംഭവിച്ചത് എന്തായിരുന്നു?കൊലപാതകി എന്ന് സംശയിച്ച ആള്‍ യഥാര്‍ത്ഥത്തില്‍ ആരായിരുന്നു?ഓര്‍മ്മകള്‍ നഷ്ടപ്പെട്ടു തുടങ്ങിയ ബ്യൂംഗ് സൂവിന്റെ തെറ്റായ ചിന്തകള്‍ ആയിരുന്നോ അത്?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

  മികച്ച രീതിയില്‍ അവതരിപ്പിച്ച ചിത്രമാണ് "Memoir of a Murderer".തനിക്കു സമമായി മറ്റൊരാള്‍ ഉണ്ടെന്നു തോന്നുകയും അയാളുടെ ചിന്തകള്‍ എത്രത്തോളം ക്രൂരം ആണെന്നും ചിന്തിക്കുന്ന ബ്യൂംഗ് സൂവിന്റെ കണ്ടെത്തലുകള്‍ ആണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്.നല്ല ഒരു മിസ്റ്ററി/ത്രില്ലര്‍ ആയി തോന്നി ചിത്രം.

Sunday, 5 November 2017

796.THE ORPHANAGE(SPANISH,2007)

796.THE ORPHANAGE(SPANISH,2007),|Mystery|Thriller|,Dir:-J.A. Bayona,*ing:- Belén Rueda, Fernando Cayo, Roger Príncep .


   ഭൂതക്കാലം നല്‍കിയ ഓര്‍മ്മകള്‍,അന്ന് നടന്ന സംഭവങ്ങള്‍ എല്ലാം പുതിയ കാലത്തില്‍ നടക്കുന്ന സംഭവങ്ങളും ആയി ബന്ധപ്പെടുത്തേണ്ട അവസ്ഥ ഉണ്ടാകുമ്പോള്‍ സംഭവിക്കുന്നത്‌ അന്ധവിശ്വാസത്തിന്റെയും അതിനൊപ്പം സാമാന്യ യുക്തിക്ക് നിരക്കാത്ത കാര്യങ്ങളിലൂടെ ഉള്ള ഒരു സഞ്ചാരം ആയിരിക്കും.ഒന്നില്‍ കൂടുതല്‍ വ്യക്തികള്‍ അതില്‍ ഉള്‍പ്പെടുമ്പോള്‍ ഒരാളുടെ മാത്രം ചിന്തകള്‍ പലപ്പോഴും ഇത്തരത്തില്‍ വേറിട്ട്‌ നില്‍കാന്‍ സാധ്യതയുണ്ട്‌.എന്നാല്‍ കൂടിയും ഇത്തരം ചിന്തകള്‍ക്ക് ചുറ്റും ഉള്ളവരില്‍ നിന്നും ലഭിക്കുന്ന അംഗീകാരം അതെല്ലാം എത്ര മാത്രം വിശ്വസനീയം ആണെന്ന് വിവേചനപരമായ തീരുമാനം എടുക്കാന്‍ സാധിക്കുന്ന മട്ടുല്ലവരിലൂടെ ആയിരിക്കും.


  "The Orphanage" എന്ന സ്പാനീഷ് ചിത്രം മേല്‍പ്പറഞ്ഞ ചിന്തകള്‍ക്ക് പ്രാമൂഖ്യം നല്‍കുന്നുണ്ട്.ലോറ അനാഥ ആയിരുന്നു.അവള്‍ കുട്ടിക്കാലം ചിലവഴിച്ച അനാഥാലയം പിന്നീട് അവള്‍ വാങ്ങുകയും,അവളുടെ നല്ല ജീവിതത്തിനു നന്ദിയായി ഒരു അനാഥാലയം തുടങ്ങാനും തീരുമാനിക്കുന്നു.ഭര്‍ത്താവായ കാര്‍ലോസ്,വളര്‍ത്തു മകന്‍ ആയ സൈമണ്‍ എന്നിവരോടൊപ്പം അവള്‍ അവിടെ താമസമാക്കി.ചില ആരോഗ്യ പ്രശ്നങ്ങള്‍ സൈമണിന് ഉണ്ടായിരുന്നു.എന്നാല്‍ അവന്റെ അസുഖ വിവരവും അവനെ ദത്തെടുത്ത വിവരവും ലോറയും കാര്‍ലോസും അവനില്‍ നിന്നും മറച്ചു പിടിക്കുന്നു.

   Invisible Friends തനിക്കു ഉണ്ടെന്നു അവകാശപ്പെടുന്ന സൈമണ്‍ അവരോടൊപ്പം കളിക്കുന്നു എന്ന് ലോറയോടു പറഞ്ഞിരുന്നു.ഒരു ദിവസം ലോറയെ കാണാന്‍ വൃദ്ധയായ ഒരു സ്ത്രീ എത്തുന്നു.അവരുടെ സംസാരത്തില്‍ നീരസം തോന്നിയ ലോറ അവരോടു അവിടെ നിന്നും പോകാന്‍ ആവശ്യപ്പെടുന്നു.കുട്ടിയുടെ ആരോഗ്യ കാര്യങ്ങളെ കുറിച്ച് സംസാരിക്കാന്‍ എത്തിയ സോഷ്യല്‍ വര്‍ക്കര്‍ ആണെന്ന് പറഞ്ഞാണ് അവര്‍ അവിടെ എത്തുന്നത്‌.അന്ന് രാത്രി അവരെ അവിടെ ചുറ്റുവട്ടങ്ങളില്‍ ദുരൂഹ സാഹചര്യങ്ങളില്‍ ലോറ കാണുന്നു.അനാഥാലയം തുറക്കുന്ന ദിവസം ലോറയും സൈമണും തമ്മില്‍ ചെറിയ രീതിയില്‍ വഴക്കുണ്ടാകുന്നു.അവനെ കാണാതാകുന്നു.സൈമണിന് എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്?അവന്‍ ജീവനോടെ ഇപ്പോഴും ഉണ്ടോ?പോലീസ് അന്വേഷണം തുടങ്ങുന്നു.അതിനൊപ്പം ലോറയും.കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

    ചിത്രം പലപ്പോഴും ഒരു ഹൊറര്‍ ചിത്രം പോലെയാകും പ്രേക്ഷകന് തോന്നുക.Scare Jump സീനുകള്‍ ഒന്നുമില്ലാതെ തന്നെ പ്രമേയപരമായ ഒരു ഹൊറര്‍ സ്വഭാവം ചിത്രം നിലനിര്തുന്നും ഉണ്ട്.ക്ലൈമാക്സ്‌ ട്വിസ്ട്ടിലൂടെ കഥയുടെ യഥാര്‍ത്ഥ സ്വഭാവം മനസ്സിലാകുമെങ്കിലും ചിത്രം അവതരിപ്പിച്ച രീതി പ്രേക്ഷകനെ പല കാര്യത്തിലും ചിന്തിപ്പിക്കുന്നും ഉണ്ട്.ലോറയുടെ വിശ്വാസങ്ങള്‍,ഭര്‍ത്താവും പോലീസും എല്ലാം അതിനോട് പ്രതികരിക്കുന്നത്.അവള്‍ പറയുന്ന കഥകള്‍ എന്നിവയെല്ലാം അവളുടെ അനുഭവങ്ങളിലൂടെ ആയതു കൊണ്ട് ആണ് പ്രേക്ഷകനും ഈ സംശയത്തില്‍ ആകുന്നതു.വളരെ മികച്ച ഒരു മിസ്റ്ററി/ത്രില്ലര്‍ ചിത്രം ആണ് സ്പാനിഷ്‌ ദേശിയ പുരസ്ക്കാരം ആയ ഗോയ പുരസ്ക്കാരം 7 വിഭാഗത്തില്‍ നേടിയ ഈ ചിത്രം.

Movie on my View:Above Average Mystery/Thriller.
   

Saturday, 4 November 2017

795.INCENDIES(FRENCH,2010)

795.INCENDIES(FRENCH,2010),|Mystery|Drama|War|,Dir:-Denis Villeneuve,*ing:-Lubna Azabal, Mélissa Désormeaux-Poulin, Maxim Gaudette.


    നവാല്‍ മര്‍വാന്‍ തന്‍റെ മരണത്തിനു ശേഷം ഇരട്ടകള്‍ ആയ തന്‍റെ മക്കള്‍ക്ക്‌ വേണ്ടി എഴുതിയ വില്‍പത്രത്തില്‍ ഉണ്ടായിരുന്നത് അവര്‍ക്കുള്ള സ്വത്തു വിവരങ്ങള്‍  മാത്രമല്ലായിരുന്നു.അറിയപ്പെടാത്ത അവരുടെ ജീവിതം കൂടിയായിയിരുന്നു.കാനഡയില്‍ കുടിയേറിപ്പാര്‍ത്ത നവാല്‍ അവരുടെ വേരുകളിലേക്ക് ഇറങ്ങി ചെല്ലാന്‍ തന്‍റെ മക്കളെ നിര്‍ബന്ധിതരാക്കുന്നു.അധികമാര്‍ക്കും അറിയാത്ത അവരുടെ മുന്‍ക്കാല ജീവിതം,അവരുടെ രാഷ്ട്രീയം,പ്രണയം,ജീവിതത്തിലെ ദുരിതങ്ങള്‍ എന്നിവയെല്ലാം അവരുടെ മരണത്തിനു ശേഷം പ്രാധാന്യമേറി വരുന്നു.

   തന്‍റെ വില്‍പ്പത്രത്തില്‍ ജീന്‍ മര്‍വാനും,സൈമണ്‍ മര്‍വാനും ആയി നീക്കി വച്ചവയില്‍ രണ്ടു എഴുത്തുകളും ഉണ്ടായിരുന്നു.ഒന്ന് അവരുടെ പിതാവിനെ കണ്ടെത്തി അയാള്‍ക്ക്‌ കൊടുക്കാന്‍.മറ്റൊന്ന് അവര്‍ക്ക്  ഒരിക്കലും അറിയാത്ത തങ്ങളുടെ സഹോദരനെ കണ്ടെത്തി അയാളെ ഏല്‍പ്പിക്കാന്‍ ഉള്ളത് .സൈമണ്‍ തന്‍റെ അമ്മയുടെ ഭ്രാന്തിനെ അവഗണിക്കാന്‍ ശ്രമിക്കുന്നെങ്കിലും നോട്ടറി ആയ ലെബേലും സഹോദരി ജീന്‍ മര്‍വാനും ,നവാലിന്റെ ആഗ്രഹം തന്നെ നടക്കണം എന്ന് വാശി പിടിക്കുന്നു.നവാലിന്റെ ആവശ്യങ്ങള്‍ അറിഞ്ഞപ്പോള്‍ ഉണ്ടായ ഞെട്ടലുകളില്‍ നിന്നും അവരുടെ ആഗ്രഹങ്ങള്‍ സാധിക്കാനായുള്ള അന്വേഷണം തുടരുന്നതായാണ് Incendies എന്ന ഫ്രഞ്ച്-കനേഡിയന്‍ ചിത്രം അവതരിപ്പിക്കുന്നത്‌,മനുഷ്യന്റെ ദുരൂഹവും ഒരിക്കലും മനസ്സിലാകാന്‍ സാധിക്കാത്ത മനുഷ്യന്റെ വിധിയെ കുറിച്ചും ആണ്.ആരോടും പരിഭവങ്ങള്‍ പറയാനും ചോദ്യം ചെയ്യാനും സാധിക്കാന്‍ കഴിയാത്ത വിധി.സാഹചര്യങ്ങളുടെ സ്വാധീനം മാത്രമായിരിക്കാം ഒരു പക്ഷെ ഓരോ മനുഷ്യന്റെയും വിധിയെ തീരുമാനിക്കുന്നത് എന്നതിന് അടിവരയിടുന്നു ചിത്രത്തില്‍ പലയിടത്തും.

   തന്‍റെ പ്രണയത്തിനു പകരമായി നവാലിനു നഷ്ടപ്പെട്ടത് അവരുടെ പ്രിയപ്പെട്ടവനെ ആണ്.കുടുംബത്തിന്റെ മാന്യത തകര്‍ത്തൂ എന്ന് പറഞ്ഞു നവാലിന്റെ സഹോദരന്മാര്‍ നടത്തിയ കൊലപാതകം.അവളുടെ പ്രണയത്തിന്‍റെ അടയാളമായി ലഭിച്ച ആണ്ക്കുഞ്ഞിനെ ജനിച്ചയുടന്‍ തന്നെ അവള്‍ക്കു ഉപേക്ഷിക്കേണ്ടി വരുന്നു,ജീവിതത്തില്‍ മറ്റു പലതും നേടാം എന്ന ഉപാധിയോടെ.ഒരമ്മ എന്ന നിലയില്‍ നവാല്‍ ആ സാഹചര്യത്തില്‍ തീര്‍ത്തും ബലഹീന ആയിരുന്നു.എന്നാല്‍ പിന്നീട് ലഭിച്ച പുതു ജീവിതത്തില്‍ അവര്‍ രാഷ്ട്രീയവും സാമൂഹികവുമായ ഐക്യപ്പെടലുകള്‍ നടത്തുന്നു.ഒപ്പം എന്നെങ്കിലും തനിക്കു നഷ്ടമായ കുഞ്ഞിനെ തിരികെ കണ്ടെത്തും എന്ന വിശ്വാസത്തോടെ.


  നവാല്‍ തന്‍റെ രക്തത്തെ കണ്ടെത്തുമോ എന്ന ചോദ്യം പ്രേക്ഷകനില്‍ ഉണ്ടാകുമ്പോള്‍ ,ആ ഉത്തരം നല്‍കുന്ന അടുത്ത ചോദ്യമാണ് ഒരിക്കലും പൂരിപ്പിക്കാന്‍ ആകാത്ത സമസ്യ പോലെ അവസാനിക്കുന്നതും.ഒരിക്കലും ചേര്‍ക്കാന്‍ കഴിയാത്ത ഒരു കണക്കു കൂട്ടല്‍.പ്രത്യേകിച്ചും പരിഷ്കൃത സമൂഹത്തില്‍ നീചമായി കരുതുന്ന പലതിനെയും അറിഞ്ഞു കൊണ്ട് അംഗീകരിക്കേണ്ടി വരുന്ന അവസ്ഥ.ദുരൂഹമായ നവാല്‍ മര്‍വാന്റെ സംഭവബഹുലം ആയ കഥയാണ് Incendies അവതരിപ്പിക്കുന്നത്‌.

  ടെന്നീസ് വില്ലേനൂവിന്റെ അസാധാരണമായ സംവിധായക മികവില്‍ കുത്തുകള്‍ യോജിപ്പിച്ച് ലക്ഷ്യത്തില്‍ എത്തിച്ചേരുന്ന ഒരു കളി പോലെയാണ് Incendies ന്‍റെ അവതരണം.വില്ലേനൂവിന്റെ ചിത്രങ്ങളില്‍ പലപ്പോഴുംകാനുന്ന ദുരൂഹതയേറിയ കഥാപാത്രങ്ങളും സാഹചര്യങ്ങളും ഇവിടെയും അന്യമല്ല.യാഥാസ്ഥിക കുടുംബങ്ങളില്‍ ഒരു പെണ്‍ക്കുട്ടിയുടെ പ്രണയം അവള്‍ക്കു ജീവിതം മുഴുവന്‍ ബാധ്യതയായി തീരുന്നതും,സംഘര്‍ഷഭരിതം ആയ, അജ്ഞാതമായ ആ രാജ്യത്തെ കലാപങ്ങള്‍ എല്ലാം രാഷ്ട്രീയമായും സാമൂഹികമായും പലതിന്റെയും ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി മാറുന്നു.

"1+1=2" ആണെന്നാണ്‌ പഠിച്ചിട്ടുള്ളത്.എന്നാല്‍ സാധാരണ ഗതിയില്‍ ഒരിക്കലും ശരിയാകാത്ത  ഒന്നാണ് "1+1=1".പക്ഷേ
ന്യായീകരിക്കാന്‍ ആകാത്ത തെറ്റുകളുടെ മേലെ ഉള്ള സത്യങ്ങളുടെ കണക്കുകള്‍ പലപ്പോഴും ഇങ്ങനെ ആണ്.അജ്ഞാതമായ,നിഗൂഡതകള്‍ ഏറെയുള്ള തെറ്റുകളുടെ സൂത്ര വാചകം.

Friday, 3 November 2017

794.MISHAWR RAWHOSHYO(BENGALI,2013)

794.MISHAWR RAWHOSHYO(BENGALI,2013),|Mystery|Thriller|Adventure|,Dir:-Srijit Mukherji,*ing:-Prasenjit Chatterjee, Indraneil Sengupta, Rajit Kapoor.


    ദക്ഷിണേന്ത്യന്‍ സിനിമ താരങ്ങളില്‍ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് എത്തി ചേരാന്‍ ഉള്ള വഴിയായി താരങ്ങളും അല്ലെങ്കില്‍ ആരാധകരും തിരഞ്ഞെടുക്കുന്ന വഴി ആ അഭിനേതാവിന്റെ ആയി വരുന്ന മാസ്/ആക്ഷന്‍ സിനിമയായിരിക്കും.പൊതുവായി പറയുന്നു എന്നതിനപ്പുറം ഇതിന്റെ ആധികാരികത ഒന്നും അവകാശപ്പെടുന്നില്ല.പക്ഷെ അങ്ങനെ ഒരു ചിന്ത ശക്തമായി ഉണ്ടെന്നു തന്നെ വിശ്വസിക്കുന്നു.നിര്‍മാതാക്കള്‍ക്ക് ഒരു താരത്തിന്റെ വില അവതരിപ്പിക്കാന്‍ ലഭിക്കുന്ന ഏറ്റവും വലിയ അവസരങ്ങളില്‍ ഒന്നാകും അത്.

  എന്നാല്‍ ബംഗാളി സിനിമയില്‍ ഇത്തരത്തില്‍ ഒരു നടന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലു എന്ന് പറയുന്നത് ഐതിഹാസിക ഡിട്ടക്ട്ടീവ് കഥാപാത്രങ്ങളെ അവതരിപ്പിക്കപ്പെടുമ്പോള്‍ ആണെന്ന് തോന്നുന്നു.ശക്തവും പ്രശസ്തവുമായ ധാരാളം കഥാപാത്രങ്ങള്‍ ഇത്തരത്തില്‍ ബംഗാളില്‍ നിന്നും പിറവി കൊണ്ടിട്ടുണ്ട്.ശരദിന്ദു ബന്ധോപധയുടെ ബ്യോമ്കേഷ്,സത്യജിത് റേയുടെ ഫെലുദ,സുനില്‍ ഗംഗോപധ്യയുടെ കക്കാബന്ദു എന്നിവര്‍ ഇവരില്‍ ചിലര്‍ മാത്രം.പലപ്പോഴും വായനയിലൂടെ പ്രേക്ഷകര്‍ക്ക്‌ പരിചിതര്‍ ആയവര്‍ പിന്നീട് ബംഗാളിന്റെ സിനിമ സംസ്ക്കാരത്തിന്റെ കൂടെ ഭാഗമായി തീര്‍ന്നൂ എന്ന് വേണം പറയാന്‍.

   ഇജിപ്തില്‍ നടന്ന ഭരണ മാറ്റത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു രഹസ്യം കണ്ടുപ്പിടിക്കാന്‍ കക്കബന്ധുവും അദ്ധേഹത്തിന്റെ ബന്ധുവായ ശോന്തുവും ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.ഇജിപ്റ്റിലെ ഏകാധിപത്യ ഭരണം അവസാനിക്കുന്ന ദിവസങ്ങളില്‍ ആരംഭിക്കുന്ന സിനിമയുടെ കഥയില്‍ നിന്നും അല്‍പ്പം പുറകോട്ടു പോകുമ്പോള്‍ 2010ല്‍ അല്‍ മാമൂന്‍ എന്ന ബിസിനസ്സുകാരന്‍, അയാളുടെ ഗുരുവും കലാപങ്ങളിലെ സൂത്രധാരനും ആയ മുഫ്തി മുഹമ്മദ്‌ അബോധാവസ്ഥയില്‍ കുറിച്ചിട്ട Hieroglyphic അടയാളങ്ങളുടെ അര്‍ത്ഥം കണ്ടെത്താന്‍ സാധിക്കുന്നു.

  കലാപത്തിന്റെ ഇടയില്‍ മുഫ്തി മുഹമ്മദിന്റെ പക്കല്‍ എത്തി ചേര്‍ന്ന നിധിയുടെ ശേഖരത്തെ കുറിച്ചുള്ള വിവരങ്ങള്‍ ആണ് അത് എന്ന് അല്‍ മാമൂന്‍ സംശയിക്കുന്നു.അത് കൊണ്ട് അതിലെ രഹസ്യങ്ങള്‍ കണ്ടെത്താന്‍ കക്കബന്ധുവിനെ സമീപിക്കുന്നു.എന്നാല്‍ കക്കാബന്ദു ആ അഭിപ്രായത്തോട് യോജിക്കുന്നില്ല.ഡല്‍ഹിയില്‍ ഉള്ള മുഫ്തി മുഹമ്മദിനെ സന്ദര്‍ശിച്ച ശേഷം കക്കാബന്ദു ശോന്തോയുടെ ഒപ്പം ഇജിപ്തിലേക്ക് യാത്രയാകുന്നു ആ അടയാളങ്ങളുടെ രഹസ്യം കണ്ടെത്താന്‍.ഇതേ സമയം മുഫ്തിയുടെ മറ്റൊരു ശിഷ്യനും കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന ഹാനി അല്‍ ഖദിയും ആയി കക്കാബന്ദു പരിചയത്തില്‍ ആകുന്നു.അഭിപ്രായ വ്യത്യാസങ്ങളെയും വിശ്വാസമില്ലായും മൂലം അല്‍ മാമൂനും ഹാനിയും ഇപ്പോള്‍ ശത്രുക്കള്‍ കൂടിയാണ്.


   കക്കാബന്ദു മുഫ്തി മുഹമ്മദിന്റെ അവ്യക്തമായ അടയാളങ്ങള്‍ കണ്ടെത്തുമോ ?അതിന്റെ രഹസ്യം എന്താണ്?ഈ ചോദ്യങ്ങളുടെ എല്ലാം ഉത്തരം അറിയാന്‍ ചിത്രം കാണുക.തൊണ്ണൂറുകളിലെ ബാല പ്രസിദ്ധീകരണങ്ങളില്‍ ഇത്തരത്തില്‍ ഉള്ള കഥകളും കഥാപാത്രങ്ങളും ധാരാളം വന്നിരുന്നു.അത്തരത്തില്‍ ഉള്ള ഒരു നൊസ്റ്റാള്‍ജിയയുടെ അകമ്പടിയോടെ ആണ് ഇത്തരം കഥാപാത്രങ്ങളെ പലപ്പോഴും അവതരിപ്പിക്കുക.എന്നാല്‍ 1979ല്‍ രൂപകല്‍പ്പന ചെയ്ത കഥാപാത്രത്തെ ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് നന്നായി ഇളക്കി പ്രതിഷ്ടിച്ചിരിക്കുന്ന ഈ ചിത്രത്തില്‍.


  ബംഗാളി സിനിമയില്‍ വന്‍ വിജയങ്ങളില്‍ ഒന്നായി തീര്‍ന്ന ഈ പ്രസേന്ജിത് ചാറ്റര്‍ജി ചിത്രം സമാനമായ രീതിയില്‍ അവതരിപ്പിക്കപ്പെട്ട ചിത്രങ്ങളില്‍ ,സ്ഥിരം ഷെര്‍ലോക്ക് ഹോംസ് pattern ആണ് പിന്തുടര്‍ന്നതെങ്കിലും ഇത്തരത്തില്‍ ഉള്ള കഥകള്‍ വായനയിലൂടെയും സിനിമകളിലൂടെയും ആസ്വദിക്കാന്‍ കഴിയുന്നവര്‍ക്ക് മികച്ചതായി തന്നെ അനുഭവപ്പെടും.ഈ ചിത്രത്തിന്റെ അടുത്ത ഭാഗം ഈ അടുത്ത് റിലീസ് ചെയ്തിരുന്നു."യതി ഒഭിജാന്‍" എന്ന പേരില്‍.ശ്രീജിത്ത്‌ മുഖര്‍ജി തന്നെയായിരുന്നു അതിന്റെയും സംവിധാനം ഒപ്പം ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളും.

793.THE OTHERS(ENGLISH,2001)

793.THE OTHERS(ENGLISH,2001),|Thriller|Mystery|Horror|,DIr:-Alejandro Amenábar,*ing:-Nicole Kidman, Christopher Eccleston, Fionnula Flanagan.


   രണ്ടാം ലോക മഹായുദ്ധം നടക്കുന്ന കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് The Others അവതരിപ്പിക്കുന്നത്‌.ഹൊറര്‍ ചിത്രങ്ങള്‍ക്ക് പൊതുവായി ഉള്ള പല ക്ലീഷേകളും ഒരു പരിധി വരെ മാറ്റി വച്ചാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ഒരു ഹൊറര്‍ ചിത്രം എന്ന ലേബലില്‍ നിന്നും മാറി കൂടുതലായി മിസ്റ്ററി/ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് The Others.

    ഗ്രേസ് അവളുടെ രണ്ടു മക്കളുമായി ചാനല്‍ ദ്വീപുകളില്‍ ഒന്നായ  ജേര്‍സിയിലെ ആ വലിയ ബംഗ്ലാവില്‍ കഴിയുന്നു.മക്കളായ അന്നയും നിക്കോളാസും Xeroderma Pigmentosum എന്ന ജനിതക രോഗം മൂലം സൂര്യ പ്രകാശത്തില്‍ നിന്നും അകന്നാണ് ജീവിക്കുന്നത്.ഗ്രേസ് വീടുകളുടെ ജനാലകള്‍ മുഴുവന്‍ കട്ടിയേറിയ കര്‍ട്ടനുകള്‍ ഉപയോഗിച്ച് അവിടെ ഉള്ള ഇരുട്ട് നിലനിര്‍ത്താന്‍ ശ്രമിക്കുന്നു.കത്തോലിക്കാ വിശ്വാസിയായ ഗ്രേസ് ബൈബിള്‍ പ്രകാരം ആണ് ജീവിക്കുന്നത്.കുട്ടികളുടെ ചോദ്യങ്ങള്‍ക്കുള്ള അവരുടെ പല ഉത്തരങ്ങളും ബൈബിള്‍ അനുസരിച്ചായിരുന്നു അവര്‍ നല്‍കിയിരുന്നത്.

   മകളായ അന്ന എന്നാല്‍ പലപ്പോഴും ഗ്രേസിന്റെ ചിന്തകളോട് യോജിക്കുന്നില്ലായിരുന്നു.പ്രത്യേകിച്ചും അവള്‍ ആ വീട്ടില്‍ അവള്‍ക്കു മാത്രം കാണാനും സംസാരിക്കാനും സാധിക്കുന്ന വിക്റ്റര്‍ എന്ന ആണ്ക്കുട്ടി.എന്നാല്‍ അന്നയുടേത് വെറും കള്ളക്കഥകള്‍ ആണെന്നാണ് ഗ്രേസ് പറയുന്നത്.ആ ബംഗ്ലാവിലേക്ക് ഒരു ദിവസം ജോലി അന്വേഷിച്ചു മൂന്നു പേര്‍ എത്തി ചേരുന്നു.ഗ്രേസ് അവര്‍ക്ക് ജോലി നല്‍കുന്നു.എന്നാല്‍ അല്‍പ്പ ദിവസത്തിനകം പത്രത്തില്‍ കൊടുക്കാനായി ഗ്രേസ് ജോലിക്കാരെ അന്വേഷിച്ചുള്ള എഴുത്ത് പോസ്റ്റ്മാന്‍ കൊണ്ട് പോയിട്ടില്ല എന്ന് മനസ്സിലാക്കുമ്പോള്‍ പുതുതായി വന്ന മൂന്നു പേരെയും സംശയിക്കുന്നു.അവര്‍ അത് സമ്മതിക്കുകയും,മറ്റെന്തെങ്കിലും പറയുന്നതിന് മുന്‍പ് ഗ്രേസ് അവര്‍ പരസ്യം കണ്ടു എത്തിയതാണ് എന്ന് തെറ്റിദ്ധരിക്കുകയും ചെയ്തതായി അറിയിക്കുന്നു.അവര്‍ അവിടെ തുടരുന്നു.

  ഗ്രേസിന്റെ ഭര്‍ത്താവായ ചാള്‍സ് യുദ്ധത്തിനായി പോയിട്ട് ഇത് വരെ മടങ്ങി വന്നിരുന്നില്ല.ഗ്രേസ് അയാളെയും കാത്തു കൊണ്ട് ആ ദ്വീപില്‍ കഴിയുമ്പോള്‍ ആണ് അവിടെ ഭയപ്പെടുത്തുന്ന ശബ്ദങ്ങള്‍,മറ്റാരുടെയോ ഒക്കെ സാന്നിധ്യം മുതലായവ അനുഭവപ്പെടുന്നത്.ഭയചകിതയായ ഗ്രേസ് തന്‍റെ വിശ്വാസങ്ങളില്‍ നിന്നും അല്‍പ്പം പിന്നോട്ട് പോവുകയും തങ്ങള്‍ നേരിടുന്ന പ്രതിസന്ധിയെ നേരിടാനും ശ്രമിക്കുന്നു.ഈ സമയമാണ് പുതുതായി വന്ന ജോലിക്കാരെ കുറിച്ച് അവള്‍ ചില സത്യങ്ങള്‍ മനസ്സിലാക്കുന്നത്.എന്തായിരുന്നു ആ സത്യങ്ങള്‍?ഗ്രേസിന്റെ നിലനില്‍പ്പ്‌ തന്നെ ആശങ്കയില്‍ ആകുന്ന സംഭവങ്ങള്‍ ആണ് പിന്നീട് സംഭവിക്കുന്നത്‌.സാധാരണയായ ഒരു പ്ലോട്ടിനും അപ്പുറം നിഗൂഡതകള്‍ ഏറെ നിറഞ്ഞ കാഴ്ചകള്‍ ആണ് പ്രേക്ഷകനെ പിന്നീട് കാത്തിരിക്കുന്നത്.

   ഹെന്‍റി ജെയിംസ് 1898ല്‍ എഴുതിയ The Turn of the Screw, എന്ന നോവലില്‍ നിന്നുമുള്ള പ്രചോദനം ഈ ചിത്രത്തിനുണ്ടായിരുന്നു.സ്പാനിഷ് ഭാഷയില്‍ ഒരു വാക്ക് പോലും സംസാരിക്കാത്ത ഈ ചിത്രം ,സ്പെയിനിലെ ദേശിയ പുരസ്ക്കാരമായ ഗോയ പുരസ്ക്കാരങ്ങളില്‍ 8 വിഭാഗത്തില്‍ വിജയി ആയി.ഒരു സൈക്കോളജിക്കല്‍ ഹൊറര്‍ ചിത്രം എന്ന് കൂടി വിളിക്കവുന്നത്ര സ്ക്കോപ്പ് ഈ ചിത്രത്തിനുണ്ട്.നമ്മള്‍ ജീവിക്കുന്ന ലോകം ,അത് യാഥാര്‍ത്ഥ്യം ആണോ അതോ മിഥ്യയില്‍ പണിതെടുത്ത ലോകമാണോ എന്നുള്ള സംശയം പ്രേക്ഷകനില്‍ ഉണ്ടാക്കിയെടുക്കാന്‍ The Others നു സാധിക്കും.കാരണം അതിന്റെ പശ്ചാത്തലം അത്തരത്തില്‍ ഒന്നാണ്.

Wednesday, 1 November 2017

792.WHO KILLED COCK ROBIN(MANDARIN,,2017)

792.WHO KILLED COCK ROBIN(MANDARIN,,2017),|Crime|Mystery|Thriller|,Dir:-Wei-Hao Cheng,*ing:-Wei-Ning Hsu, Kaiser Chuang, Chia-Yen Ko.


   നാടോടി പാട്ടുകളിലൂടെ  പ്രസിദ്ധിയാര്‍ജിച്ച കഥയുടെ  Nursery Rhyme വളരെയധികം പ്രസിടി നേടിയതാണ്.മരണത്തിനെ കുറിച്ചുള്ള സൂചനകളിലൂടെ അവതരിപ്പിക്കപ്പെടുന്ന Who Killed Cock Robin.Cock Robin എന്ന പക്ഷിയെ കൊന്നത് ആരാണെന്നും,പിന്നെയുള്ള കാര്യങ്ങളും ആണ് ആ പാട്ടില്‍ അവതരിപ്പിക്കപ്പെടുന്നത്.വ്യക്തമായ ഒരു Folk Culture പല രാജ്യങ്ങളിലും അവരുടെ പ്രധാന സംഭവങ്ങളുമായി ബന്ധപ്പെട്ടു അവതരിപ്പിച്ചിരിക്കുന്നു.അത് മാത്രമല്ല,ഈ പാട്ടിലെ സംഭവങ്ങള്‍ക്ക് ഇരട്ട ക്ലൈമാക്സ്‌ പോലുമുണ്ട്.

     Who Killed Cock Robin  എന്ന തായ്‌വാന്‍ ചിത്രം മേല്‍പ്പറഞ്ഞ കവിത പോലെ ആണ്.അസാധാരണമായ രീതികളിലൂടെ ,ഏകദേശം പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ഒരു അപകടം ,അതില്‍ ഉള്‍പ്പെട്ടിരുന്ന പലരുടെയും മാറിയ ജീവിത സാഹചര്യത്തില്‍ അവരെ എങ്ങനെ ഒക്കെ ബാധിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്നതിനോടൊപ്പം ദുരൂഹതകള്‍ ഏറെ ഉള്ള ഒന്നായി മാറുന്നു.

   വാംഗ് ഒരു പത്രപ്രവര്‍ത്തകനാണ്.വാര്‍ത്തകള്‍ കണ്ടെത്താന്‍ വേണ്ടി സാഹസികതകള്‍ക്ക് മടിക്കാത്ത യുവാവ്.ഒരു ദിവസം അപകടത്തില്‍പ്പെടുന്ന വാങ്ങിന്റെ Second-hand കാര്‍ മെക്കാനിക് പരിശോധിച്ചപ്പോള്‍ ആണ് അയാള്‍ ആ സത്യം മനസ്സിലാക്കുന്നത്.പണ്ട് അപകടത്തില്‍ ഉള്‍പ്പെട്ട വണ്ടിയുടെ എഞ്ചിനും ആ വണ്ടിയോട് ചേര്‍ന്ന് നില്‍ക്കുന്ന ഭാഗങ്ങളും ഉള്‍പ്പെടുന്നതാണ് വാങ്ങിന്റെ കയ്യില്‍ ഉള്ള ഇപ്പോഴത്തെ കാര്‍.അന്നത്തെ അപകടത്തെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുമ്പോള്‍ ആണ് പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് വാംഗ് ദൃക്സാക്ഷി ആകേണ്ടി വന്ന ഒരു അപകടവും ആ കാറുമായി ബന്ധം ഉണ്ടെന്നു മനസ്സിലാകുന്നത്‌.

   അതെ സമയത്ത് വാംഗിന്റെ ഒരു പിഴവ് മൂലം ജോലി നഷ്ടപ്പെടുന്നു.അയാള്‍ അന്ന്  അപകടം നടന്ന സമയത്ത് എടുത്ത അവ്യക്തമായ ഫോട്ടോ ഉപയോഗിച്ച്  സംഭവങ്ങളിലേക്ക് ഒരു തിരിച്ചു പോക്ക് നടത്തുന്നു.എന്നാല്‍ സംഭവം വിചാരിക്കുന്ന പോലെ അല്ലായിരുന്നു.സാധാരണ ഒരു അപകടം ആയി എല്ലാവരും കരുതിയിരുന്ന ആ സംഭവത്തിന്‌ ദുരൂഹതകള്‍ ഏറെ ഉണ്ടായിരുന്നു.അപ്രതീക്ഷിതമായ സംഭവങ്ങള്‍,വ്യക്തികള്‍ എല്ലാം ഈ അപകടത്തില്‍ പങ്കുണ്ടായിരുന്നു.വര്‍ഷങ്ങള്‍ക്കു ശേഷം സമൂഹത്തില്‍ സുരക്ഷിതരായി കഴിഞ്ഞിരുന്ന പലരും അവരുടെ മറ നീക്കി പുറത്തു വരുന്നു.അന്ന് രാത്രി യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്?വാംഗ് കണ്ടെത്തുന്ന സത്യങ്ങള്‍ ആരെയെല്ലാം ബാധിക്കുന്നു?വാംഗിന് ഈ സംഭവങ്ങളില്‍ പ്രത്യേക താല്‍പ്പര്യങ്ങള്‍ വല്ലതും ഉണ്ടോ?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.


  പലപ്പോഴും സത്യവും മിഥ്യയും ആയി ധാരാളം വേര്‍ഷനുകള്‍ അന്നത്തെ രാത്രിയില്‍ നടന്ന സംഭവങ്ങളിലൂടെ അവതരിപ്പിക്കുന്നുണ്ട്.വളരെ എളുപ്പം മനസ്സിലാകും എന്ന് ചിന്തിക്കുന്ന കഥാഗതി ആണ് ചിത്രത്തിന് ഉള്ളത്.എന്നാല്‍ ഓരോ കഥാപാത്രവും ഈ സംഭവവും ആയുള്ള ബന്ധം അവതരിപ്പിക്കുമ്പോള്‍ പ്രേക്ഷകന്‍ അല്‍പ്പമെങ്കിലും കുഴപ്പത്തില്‍ ആകും.അന്ന് നടന്ന യഥാര്‍ത്ഥ സംഭവം എന്താണ് എന്നുള്ളത് എന്ന്.സിനിമയുടെ അവസാന ഭാഗങ്ങളില്‍ ചിത്രം വ്യക്തമാകുമ്പോള്‍ അവിടെയും അപ്രതീക്ഷിതമായ നഷ്ടങ്ങളും ലാഭങ്ങളും മാത്രം.Realistic ആയി ചിത്രത്തെ അവതരിപ്പിക്കാന്‍ വേണ്ടി Handheld Camera ഉപയോഗിച്ചായിരുന്നു ഈ ചിത്രത്തിന്റെ ഭൂരിഭാഗം സീനുകളും ഷൂട്ട്‌ ചെയ്തത്.അതിനു സംവിധായകന്‍ നല്‍കിയ വിശദീകരണം,പ്രേക്ഷകന്‍ അന്ന് നടന്ന അപകടം അവര്‍ നേരിട്ട് കണ്ട feel ഉണ്ടാകാന്‍ വേണ്ടി ആയിരുന്നു എന്നതാണ്.

  അവസാനം Who Killed Cock Robin എന്ന നേഴ്സറി ഗാനം പോലെ ആര്?എന്തിനു?എങ്ങനെ? തുടങ്ങി ധാരാളം ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും,അത് പോലെ ഒരു സംഭവത്തിന്‌ വ്യത്യസ്തമായ കാഴ്ചയിലൂടെ സിനിമ അവസാനിക്കുന്നു.

Monday, 30 October 2017

791.MIDNIGHT RUNNERS(KOREAN,2017)

791.MIDNIGHT RUNNERS(KOREAN,2017),|Thriller|Action|Comedy|,Dir:-Kim Joo-Hwan,Seo-joon Park, Ha-Neul Kang, Ha-seon Park


Synopsis:-


  കൊറിയയിലെ പോലീസ് അക്കാദമിയില്‍ നിന്നുള്ള രണ്ടു ചെറുപ്പക്കാരുടെ കഥയാണ് Midnight Runners അവതരിപ്പിക്കുന്നത്‌.സാധാരണ ജീവിത സാഹചര്യങ്ങളില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥര്‍ ആവുക എന്ന താല്‍പ്പര്യത്തോടെ വന്ന യുവാക്കളാണ് കി-ജൂനും,ഹീ-യൂലും.ഒരു പ്രത്യേക സാഹചര്യത്തില്‍ ഹീ-യൂലിനെ സഹായിച്ചതിലൂടെ കീ-ജൂന്‍ അവന്റെ ഉറ്റ സുഹൃത്തായി മാറുന്നു.അവരുടെ സ്വപ്നങ്ങളും കുസൃതികളും എല്ലാം അവര്‍ പങ്കു വച്ചു.

  രസകരമായ സൗഹൃദം ആയിരുന്നു അവരുടേത്.ജീവിതം ഒരുമിച്ചു ആസ്വദിക്കുമ്പോള്‍ തന്നെ അവര്‍ ഇരുവരും തങ്ങളുടെ പരിശീലനത്തിലും തങ്ങള്‍ പിന്നീട് ചെയ്യാന്‍ പോകുന്ന ജോലിയുടെ വില തിരിച്ചറിഞ്ഞു തന്നെ പ്രവര്‍ത്തിക്കുന്നു.ഒരു ദിവസം രാത്രിയില്‍ അക്കാദമിയില്‍ നിന്നും ഒഴിവുക്കിട്ടിയ സമയം പുറത്തു പോയ അവര്‍,സുന്ദരിയായ ഒരു പെണ്‍ക്കുട്ടിയെ വഴിയില്‍ വച്ച് കാണുന്നു.എന്നാല്‍ നിമിഷ നേരം കൊണ്ട് അജ്ഞാതരായ കുറച്ചാളുകള്‍ അവളെ ഒരു കാറില്‍ വന്നു തട്ടിക്കൊണ്ടു പോകുന്നു.

 കിം-ജൂനും ,ഹീ-യൂലും തങ്ങള്‍ പഠിച്ചത് ജീവിതത്തില്‍ പ്രായോഗികം ആക്കാന്‍ ശ്രമിക്കുന്നു.അവര്‍ അതില്‍ ഒരു പരിധി വരെ വിജയിച്ചുവെങ്കിലും പഠനം കഴിയാത്ത അവര്‍ക്ക് തങ്ങളുടേതായ പരിമിതികള്‍ ഏറെ ഉണ്ടായിരുന്നു.എന്നാല്‍ അവരിലെ കര്‍ത്തവ്യ ബോധം തങ്ങളുടെ നിസഹായവസ്ഥയെ തരണം ചെയ്യാന്‍ അവരെ പ്രാപ്തരാക്കുന്നു.ആരായിരുന്നു ആ പെണ്‍ക്കുട്ടി? അവളെ തട്ടി കൊണ്ട് പോയത് ആരായിരുന്നു?എന്തായിരുന്നു അവരുടെ ഉദ്ദേശം?കൂടുതലറിയാന്‍ ചിത്രം കാണുക.


PoV:-

  കൊറിയന്‍ കൊമേര്‍ഷ്യല്‍ സിനിമകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് Midnight Runners.2017 ലെ മികച്ച വിജയങ്ങളില്‍ ഒന്നായി മാറിയ ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത് തമാശകള്‍ ഇട ചേര്‍ന്ന ഒരു കുറ്റാന്വേഷണ ത്രില്ലര്‍ ആയാണ്.അല്‍പ്പം പോലും മുഷിപ്പിക്കാതെ ഒറ്റയിരുപ്പില്‍ കാണാന്‍ കഴിയുന്ന അത്ര വേഗത്തില്‍ ആയിരുന്നു സിനിമയുടെ കഥ അവതരിപ്പിച്ചിരിക്കുന്നത്.ചിത്രത്തിലെ മികച്ച പ്രകടനങ്ങളിലൂടെ 2 മുഖ്യ കഥാപാത്രങ്ങളും പ്രേക്ഷകനെ രസിപ്പിക്കാന്‍ കഴിഞ്ഞൂ.

  വ്യത്യസ്തമായ സ്വഭാവങ്ങള്‍ ഉള്ള സുഹൃത്തുക്കള്‍ ആയിരുന്നെങ്കിലും അവരുടെ ചിന്തകള്‍ പലപ്പോഴും യോജിച്ചു പോകുന്നു.ചിത്രത്തിന്റെ കഥയുടെ സ്വഭാവം മാറുന്ന സ്ഥലം മുതല്‍ കൊറിയന്‍ സിനിമകളിലെ ഡാര്‍ക്ക്‌ ത്രില്ലറുകളില്‍ ഒന്നായി മാറിയെങ്കിലും കി-ജൂനും ,ഹിയൂളും ചിത്രത്തെ കൂടുതല്‍ ആസ്വാദ്യകരം ആക്കി തീര്‍ത്തൂ.നവീന ലോകത്തിലെ പുത്തന്‍ കുറ്റ കൃത്യങ്ങള്‍ പലപ്പോഴും വിചിത്രമായിരിക്കും.അതില്‍ ഇരയായി മാറുന്ന പലരും ഉണ്ടാകാം.അത്തരത്തില്‍ ഒരു ഗൗരവമേറിയ പ്രമേയം ആയിരുന്നു ചിത്രത്തില്‍ അവതരിപ്പിച്ചത്,


  സൌഹൃദത്തിലൂടെ ആരംഭിക്കുന്ന ചിത്രം പിന്നീട് മികച്ച രണ്ടു പോലീസ് ഉദ്യോഗസ്ഥന്മാരിലേക്ക് മാറാനുള്ള ലക്‌ഷ്യം വന്ന രണ്ടു യുവാക്കളിലേക്ക്‌ മാറുന്നു.തങ്ങളുടെ നിസഹായവസ്ഥയിലും സ്വാര്‍ത്ഥത ഇല്ലാതെ തങ്ങള്‍ എന്ത് ലക്‌ഷ്യം വയ്ക്കുന്നോ അതിനു പ്രമൂഖ്യം നല്‍കിക്കൊണ്ട് ഏതറ്റം വരെ പോയിട്ടാണെങ്കിലും തങ്ങളുടെ കടമ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇവരുടെ കഥ പ്രേക്ഷകന് താല്‍പ്പര്യത്തോടെ അല്ലാതെ കാണാന്‍ കഴിയില്ല.ഈ വര്‍ഷത്തിലെ മികച്ച കൊറിയന്‍ ചിത്രങ്ങളില്‍ ഒന്ന് തന്നെയാണ് Midnight Runners.

790.V.I.P(KOREAN,2017)

790.V.I.P(KOREAN,2017),|Thriller|Crime|,Dir:-Park Hoon-Jung,*ing:-Jang Dong-Gun,Kim Myung-MinPark Hee-Soon,Lee Jong-Suk.


  Synopsis:-

   ഒരു പ്രത്യേക ദൗത്യത്തിന് വേണ്ടി ആണ് ഹോംഗ് കോംഗില്‍ വച്ച് FBI ഉദ്യോസ്ഥനായ പീറ്റര്‍ പാര്‍ക്ക്-ജേ യുടെ സഹായം തേടുന്നത്.കൊറിയന്‍ ഇന്റലിജന്‍സ് സര്‍വീസിലെ ഉദ്യോഗസ്ഥനായ പാര്‍ക്ക്,പോളിനോടുള്ള അനിഷ്ടം പ്രകടിപ്പിച്ചു കൊണ്ട് തന്‍റെ ദൗത്യത്തിന് ഒരുങ്ങുന്നു.ഒരു കെട്ടിടത്തില്‍ നിന്നും പോളിന് ആവശ്യമുള്ള ആളെ പാര്‍ക്ക് അവിടെ ഉള്ള ആളുകളുടെ കയ്യില്‍ നിന്നും എത്തിച്ചു കൊടുക്കുക എന്ന ലക്ഷ്യവുമായി കൊറിയന്‍ ചിത്രം VIP ആരംഭിക്കുന്നു.

  കഥ പിന്നീട് പോകുന്നത് അഞ്ചു വര്‍ഷം മുന്‍പ് നടന്ന കൊറിയയില്‍ പലയിടത്തായി ക്രൂരമായ രീതിയില്‍ കൊല്ലപ്പെട്ട പെണ്‍ക്കുട്ടികളുടെ മരണത്തിലേക്ക് ആണ്.ഉത്തര കൊറിയയിലെ ഒരു കുടുംബത്തില്‍ മൂന്നു പേരെ കൊല്ലുകയും അവിടത്തെ പെണ്‍ക്കുട്ടിയെ കൂട്ടം ചേര്‍ന്ന് ഭീകരമായ രീതിയില്‍ കൊല്ലപ്പെട്ട പെണ്‍ക്കുട്ടിയുടെ ഘാതകരെ കണ്ടെത്തിയ ഡേ-ബം എന്ന ഉത്തര കൊറിയന്‍ പോലീസ് ഉദ്യോഗസ്ഥന് അവര്‍ സമ്മാനിച്ചത്‌ അവഗണന ആയിരുന്നു.കാരണം കൊലപാതകി ആയ കിം ഗ്വാംഗ് II ഉത്തര കൊറിയയിലെ ഉന്നത ഉദ്യോഗസ്ഥന്‍റെ മകനായിരുന്നു.

  ഒരു പരമ്പര കൊലയാളി ആയി മാറിയ അവന്‍ കൂട്ടം ചേര്‍ന്ന് പെണ്‍ക്കുട്ടികളെ കൊല്ലുന്നതില്‍ ആനന്ദം കണ്ടെത്തിയിരുന്നു.അവിടെ നിന്നും കഥ ചെല്ലുന്നത് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം സിയോളില്‍ വീണ്ടും സമാനമായ രീതിയില്‍ ഉള്ള കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ ആണ്.കിമ്മിന്റെ പിതാവ്,മാറിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍  ഉത്തര കൊറിയന്‍ അധികാരികള്‍ക്ക് അഭിമതന്‍ ആവുകയും,അതിന്റെ ഫലമായി ഉത്തര കൊറിയയില്‍ നിന്നും ദക്ഷിണ കൊറിയയില്‍ അഭയം പ്രാപിച്ച കിം  തന്‍റെ ക്രൂരതകള്‍ ദക്ഷിണ കൊറിയയില്‍ തുടരുകയും ചെയ്തതിന്റെ തെളിവായി ധാരാളം മൃത ദേഹങ്ങള്‍ കണ്ടെത്തുന്നു.മുന്‍പ് നടന്ന കൊലപാതകങ്ങളുടെ അതെ രീതിയില്‍.  പോലീസ് ഉദ്യോഗസ്ഥനായ ചേ-യി ഡോ ആണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.

 ആ സമയം കിമ്മിനെ അന്വേഷിച്ചു വേറൊരു കൂട്ടരും എത്തുന്നു.അമേരിക്കയില്‍ നിന്നും.അവര്‍ക്ക് അജ്ഞാതമായ ഉദ്ദേശ്യങ്ങള്‍ ഉണ്ട്.അവരുടെ താല്‍പ്പര്യങ്ങള്‍ നടപ്പിലാക്കാനായി അവര്‍ സമീപിച്ചിരിക്കുന്നത് പാര്‍ക്കിനെ ആയിരുന്നു.ഇതേ സമയം കിമ്മിനെ പിടിക്കൂടന്‍ മറ്റൊരാള്‍ കൂടി എത്തുന്നു.കിം തന്‍റെ ക്രൂരതകള്‍ ഫോട്ടോ ആയും വീഡിയോ ആയും പകര്‍ത്തുമ്പോള്‍ തെളിവുകള്‍ ഉണ്ടാകുന്നു.എന്നാല്‍ കിമ്മിനെ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി സംരക്ഷിക്കാം ഒരുങ്ങുന്ന FBI യും,കൊറിയന്‍ ഇന്റലിജന്‍സും ആയി പോലീസിനു നേരിട്ട് ഏറ്റുമുട്ടേണ്ടി വരുന്നു.ഈ സാഹചര്യം കിമ്മിന് കൂടുതല്‍ എളുപ്പമാക്കി,കേസില്‍ നിന്നും രക്ഷപ്പെടാന്‍.ഇവരില്‍ അവസാന വിജയം ആരുടെ ആയിരിക്കും? ബാക്കി എന്തുണ്ടായി എന്നതാണ് V.I.P എന്ന കൊറിയന്‍ ക്രൈം ത്രില്ലര്‍ പറയുന്നത്.

  PoV

വളരെയധികം വിമര്‍ശങ്ങള്‍ ലഭിച്ചിരുന്നു ബോക്സോഫീസില്‍ വന്‍ വിജയം ആയിരുന്നിട്ടും ഈ ചിത്രത്തിന്.അതിനുള്ള കാരണം ചിത്രത്തില്‍ കൊല ചെയ്യപ്പെടുന്ന പെണ്‍ക്കുട്ടികളുടെ  ആയി വരുന്ന രംഗങ്ങളില്‍ കണ്ടെത്തിയ അശ്ലീലതയും വയലന്‍സും  ആയിരുന്നു.ഒരു പരിധി വരെ കുറ്റപ്പെടുത്തലുകള്‍ ശരിയായിരുന്നു.കാരണം ,അക്കാദമിക് താല്‍പ്പര്യങ്ങള്‍ ഉള്ള ചിത്രത്തില്‍ നിന്നും ഭിന്നമായി ജനകീയ താരങ്ങള്‍ അഭിനയിച്ച ചിത്രം കുടുതല്‍ ആളുകളില്‍ എത്തിച്ചേരുമ്പോള്‍  വ്യാപകമായി  ഉണ്ടാകാന്‍ സാധ്യതയുള്ള മാനസിക സംഘര്‍ഷം ആയിരുന്നു.

   എന്നാല്‍ ഇത്തരം വിമര്‍ശനങ്ങളെ മുഖവിലയ്ക്ക് എടുക്കാതെ പ്രേക്ഷകര്‍ ചിത്രത്തെ വന്‍ വിജയം ആക്കിയതും ചരിത്രം.തുടക്കം കൊറിയന്‍ സിനിമകളിലെ സ്ഥിരം മഴയും കൊലപാതകങ്ങളും എല്ലാം സ്ഥിരം ഫോര്‍മാറ്റില്‍ ഉള്ള ചിത്രത്തിന്റെ പ്രതീതി ഉണ്ടാക്കിയെങ്കിലും പിന്നീട് കൊലപാതകങ്ങള്‍ക്ക് രാഷ്ട്രീയമായ ലക്ഷ്യങ്ങളും മുഖവും നല്കുംമ്പോള്‍ അവിടെ സംഭവിക്കുന്നത്‌ അധികാരവും കടമയും തമ്മില്‍ ഉള്ള സംഘര്‍ഷങ്ങള്‍ ആയിരുന്നു.ലേ-ബൂമ്മും,യി-ഡോയും സമാനമായ സാഹചര്യങ്ങളോട് പോരുതിയവര്‍ ആയിരുന്നു.കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ എത്തിയ FBI ഉദ്യോഗസ്ഥന്‍ സാഹചര്യങ്ങള്‍ വേറെ ഒരു തലത്തിലേക്ക് എത്തിക്കുന്നു.


  ഈ അടുത്ത് ഇറങ്ങിയ കൊറിയന്‍ ചിത്രങ്ങളില്‍ മികച്ച ഒന്നായിരുന്നു V.I.P.സ്ഥിരം രീതിയില്‍ തുടങ്ങുകയും എന്നാല്‍ പിന്നീട് സങ്കീര്‍ണമായ ഒരു കഥയും അതിന്റെ ദുരൂഹതകളും മാറി വരുമ്പോള്‍ മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ചിരിക്കുന്നു.കൊറിയന്‍ ത്രില്ലര്‍ ചലച്ചിത്രങ്ങളുടെ പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമാകും V.I.P

Saturday, 28 October 2017

789.LIAR'S DICE(HINDI,2013)

789.LIAR'S DICE(HINDI,2013),|Drama|Mystery|,DIr:-Geethu Mohandas,*ing:-Nawazuddin Siddiqui, Geetanjali Thapa, Manya Gupta.


87 ആമത് ഓസ്ക്കാര്‍ പുരസ്ക്കാരങ്ങളില്‍ ഇന്ത്യയില്‍ നിന്നുമുള്ള ഔദ്യോഗിക നാമനിര്‍ദേശം ലഭിച്ച ചിത്രമാണ് ഗീതു മോഹന്‍ദാസ്‌ സംവിധാനം ചെയ്ത "Liar's Dice".റോഡ്‌ മൂവി ആയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്

   Synopsis:-

       ഹിമാചല്‍ പ്രദേശിലെ ഒരു ഗ്രാമത്തില്‍ ജീവിക്കുന്ന കമല എന്ന യുവതി അവരുടെ ഭര്‍ത്താവിനെ അന്വേഷിച്ചു ഡല്‍ഹിയിലേക്കു നടത്തുന്ന യാത്രയും അതിന്റെ പരിണിത ഫലവും ആണ് ചിത്രത്തിന്റെ പ്രമേയം.യഥാസ്ഥികമായ വിശ്വാസങ്ങള്‍ ഏറെ പുലര്‍ത്തുന്ന ഗ്രാമത്തില്‍ നിന്നും ഉള്ള അവളുടെ യാത്രയെ ആരും അവിടെ പിന്താങ്ങുന്നില്ല.എന്നാല്‍ തന്‍റെ ഭര്‍ത്താവിനു എന്ത് പറ്റി എന്നറിയാന്‍ ഉള്ള ത്വരയില്‍ അവള്‍ തന്‍റെ യാത്ര ആരംഭിക്കുന്നു.

   യാത്രയ്ക്കിടയില്‍ കണ്ടു മുട്ടുന്ന നവാസുധീന്‍ എന്ന പട്ടാളക്കാരന്‍ ആണെന്ന് തോന്നിപ്പിക്കുന്ന ആളുമായി ഉടലെടുക്കുന്ന ബന്ധവും  (അത് പ്രണയത്തിന്‍റെ അല്ല).കമലയും മകളും അവരുടെ യാത്രയില്‍ കണ്ടെത്തുന്ന രഹസ്യങ്ങളും ആണ് ചിത്രത്തിന്റെ ബാക്കിയുള്ള കഥ.

 PoV:-


  അസംഘിടതമായ ഒരു തൊഴില്‍ മേഘലയാണ്‌ ഇന്ത്യയിലെ കെട്ടിടം നിര്‍മാണ തൊഴിലാളികളുടെ.പല സ്ഥലങ്ങളിലും നിന്നുമായി വന്നു മതിയായ സുരക്ഷ ഉപകരണങ്ങള്‍ പോലുമില്ലാതെ ജോലി ചെയ്യുന്ന അവരില്‍ പലരും അപകടത്തില്‍ പെടുകയും ,പിന്നീട് കാഴ്ചയില്‍ നിന്നും മറയുകയും ചെയ്യുന്നത് പതിവ് കാഴ്ചകളാണ്.അവരുടെ അപകടങ്ങളുടെ മേല്‍ നിര്‍മാണ കമ്പനികള്‍ ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ തയ്യാറല്ല എന്ന ഭീകരമായ സത്യം മനുഷ്യന് ജീവന്,അവന്‍ ചെയ്യുന്ന ജോലിയനുസരിച്ചു നല്‍കുന്ന തുച്ഛമായ വില പേടിപ്പിക്കുന്നതാണ്.

  Liar's Dice എന്ന ചിത്രം പറയാന്‍ ശ്രമിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഈ ഒരു വിഷയമാണ്.കമലയോട് ഒരു ദയയും ഇല്ലാതെ പെരുമാറുന്ന നവാസുധിന്‍,അപരിചിതയായ സ്ത്രീയോട് ,അവളുടെ സാഹചര്യങ്ങളെ മുതലെടുക്കാന്‍ ശ്രമിക്കുന്ന ചിന്താഗതിയിലേക്ക് താഴുന്നുണ്ട്‌.എന്നാല്‍ അയാളില്‍ ചില നന്മയോക്കെ ഉണ്ടായിരുന്നു എന്ന് ഇടയ്ക്ക് തോന്നി പോകും.

  ചിത്രത്തിന്റെ അവസാനം നവാസുധീന്‍ നടത്തുന്ന നീക്കങ്ങള്‍ക്ക്‌ ചേരുന്ന ഏറ്റവും മികച്ച പേരാണ് Liar's Dice.എതിരാളികളെ പറ്റിക്കാനും അവരുടെ പറ്റിക്കാനുള്ള ശ്രമങ്ങളെ കണ്ടെത്താനും ഉള്ള ഈ കളി പോലെ നവാസുധീനും അവസാനം തന്‍റെ ഭാവങ്ങള്‍ മാറുന്നു.ചിത്രം അവതരിപ്പിക്കുന്ന പ്രമേയം എല്ലാവര്‍ക്കും അറിയാവുന്ന ,എന്നാല്‍ പ്രതികരിക്കാന്‍ താല്‍പ്പര്യം ഇല്ലാത്ത ഒരു വിഷയമാണ്.ഇത്തരമൊരു പ്രമേയം തിരഞ്ഞെടുത്ത ഗീതു മോഹന്‍ദാസ്‌ പ്രശംസയര്‍ഹിക്കുന്നു.നവാസുധീന്‍ സിദ്ധിഖിയുടെയും ഗീതാഞ്ജലി ഥാപ്പയുടെയും മികച്ച അഭിനയം ചിത്രത്തിന് മുതല്‍ക്കൂട്ടാണ്.

  ഒരു റോഡ്‌ മൂവിയുടെ അധികം ആഡംബരങ്ങള്‍ ഇല്ലാതെ,എന്നാല്‍ പ്രമേയപരമായും സിനിമ എന്ന നിലയിലും പ്രസക്തവും മികച്ചു നില്‍ക്കുന്ന  ഒന്നാണ് Liar's Dice.



   

788.GUKORORKU:TRACES OF SIN(JAPANESE,2016)

788.GUKORORKU:TRACES OF SIN(JAPANESE,2016),|Mystery|Drama|,Dir:-Kei Ishikawa,*ing:-Satoshi Tsumabuki, Hikari Mitsushima, Keisuke Koide.


   Synopsis:-

    ടനാക ഒരു മാസികയില്‍ ജേര്‍ണലിസ്റ്റ് ആയി ജോലി ചെയ്യുന്നു.വളരെയധികം പ്രശ്നങ്ങളുടെ ഇടയില്‍ ആണ് അയാള്‍.കുട്ടിക്കാലം നല്‍കിയ വേദനിക്കുന ഓര്‍മ്മകള്‍ അയാളെ അലട്ടുന്നതിനോടൊപ്പം പുതുതായി ഒരു പ്രശ്നം കൂടി ഉണ്ടായി.സഹോദരിയായ മിട്സുകോയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.കുറ്റം:അശ്രദ്ധമായ രീതിയില്‍ തന്‍റെ കുഞ്ഞിനെ നോക്കിയതിന്റെ ഫലമായി മരണത്തോട് മല്ലിട്ട് കഴിയുന്നു.അവളെ സന്ദര്‍ശിച്ച ശേഷം ഓഫീസില്‍ എത്തിയ ടനാക ഒരു വര്ഷം മുന്‍പ് നടന്ന നിഗൂഡതകള്‍ ഏറെ ഉള്ള ഒരു കൊലപാതകത്തിനെ കുറിച്ച് സ്വന്തമായ രീതിയില്‍ അന്വേഷണം നടത്താനുള്ള അനുവാദം നേടുന്നു.ഒരു വര്‍ഷത്തില്‍ മരണപ്പെട്ടവരും ആയി ബന്ധമുള്ള ആളുകളെ കണ്ടെത്തി, സന്തുഷ്ടമായ ഒരു കുടുംബത്തിലെ മൂന്നു പേര്‍ എങ്ങനെ കൊല്ലപ്പെട്ടു എന്ന അന്വേഷണം ആയിരുന്നു ഉദ്ദേശ്യം.

  ടനാകയുടെ അന്വേഷണത്തിലെ കണ്ടെത്തലുകളോടൊപ്പം അയാളുടെ ജീവിതത്തില്‍ നടക്കുന്ന സംഭാവങ്ങള്‍ക്കുള്ള ഉത്തരം കൂടി കണ്ടെത്താന്‍ ഉണ്ട്.വളരെ വലിയ ഒരു ലക്‌ഷ്യം ആണ് അയാളുടെ മുന്നില്‍ ഉള്ളത്.മരണപ്പെട്ടവരുടെ ഭൂതക്കാലവും ,പുറമേ ഉള്ള കാഴ്ചയില്‍ നിന്നും വിഭിന്നമായ അവരുടെ താല്‍പ്പര്യങ്ങളും അവരുടെ സുഹൃത്തുക്കളിലൂടെയും,ശത്രുക്കളിലൂടെയും അനാവരണം ചെയ്യപ്പെടുന്നു.ഇതിനോടൊപ്പം കൊലപാതകിയെയും അവരെ കുറിച്ചുള്ള ഞെട്ടിക്കുന്ന രഹസ്യങ്ങളും ചുരുളഴിയുന്നു.


   Point-of-View

   വളരെ എളുപ്പം പറഞ്ഞു പോകാവുന്ന ഒരു കഥയാണ് പ്രത്യക്ഷത്തില്‍ ചിത്രതിനുള്ളതായി തോന്നുക.എന്നാല്‍ ടോകുരു നുകുയിയുടെ   "Gukoroku" എന്ന നോവലിനെ ആസ്പദം ആകി വന്ന ചിത്രം അതിലുമുപരി ആയുള്ള കാര്യങ്ങള്‍ ആണ് ചര്‍ച്ച ചെയ്യുന്നത്.കൊലപാതകങ്ങളുടെ ചുരുളഴിയുമ്പോള്‍ തന്നെ ജാപ്പനീസ് സമൂഹത്തിലെ ജനനം കൊണ്ട് ഉയര്‍ന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഒരു കൂട്ടം ആളുകളുടെയും അതിനോടൊപ്പം അതില്‍ ഉള്‍പ്പെടാത്ത ആളുകളുടെയും കഥ അവതരിപ്പിക്കുന്നു.

  അതിനായി തിരഞ്ഞെടുത്തത് പ്രശസ്തമായ ഒരു സര്‍വകലാശാല ആണ്.മാതാപിതാക്കന്മാരുടെ സമൂഹത്തിലെ പണവും പ്രതാപവും ആണ് ഇവിടെ ആളുകളെ തരം തിരിച്ചിരിക്കുന്നത്."Insiders" എന്ന് അറിയപ്പെടുന്ന സമൂഹത്തിലെ Elite വിഭാഗവും,"Outsiders" എന്ന് അറിയപ്പെടുന്ന മറുഭാഗവും ആണ് ഇവിടെ ഉള്ളത്.അനാവശ്യമായ ഒരു വിടെയത്വം,അല്ലെങ്കില്‍ തങ്ങളുടെ മുകളില്‍ ഉള്ളവരുടെ ഒപ്പം ചേരണം എന്ന് ആഗ്രഹിക്കുന്നവരാണ് "Outsiders" ല്‍ ഭൂരിഭാഗവും.ജാതി-മത വ്യവസ്ഥിതികള്‍ അല്ല ഇവിടെ അവരെ വിഭജിക്കുന്നത്.അത് പൂര്‍ണമായും അവര്‍ ഓരോരുത്തരും ജനിച്ച കുടുംബങ്ങളെ അടിസ്ഥാനമാക്കിയാണ്.

  സ്വന്തം ഉയര്‍ച്ചയ്ക്ക് വേണ്ടി ആരെയും കരുവാക്കുന്ന,മറ്റുള്ളവരുടെ ജീവിതം തങ്ങളുടെ വളര്‍ച്ചയ്ക്കുള്ള ഏണിപ്പടി ആക്കാന്‍ കൊതിക്കുന്നവര്‍.അവരുടെ ജീവിതത്തിനു ചുറ്റും പൊള്ളയായ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കഥകളാണ് ഉള്ളത്.മരിച്ചവരുടെ എല്ലാം യഥാര്‍ത്ഥ മുഖം പുറം ലോകത്തിനു അന്യം ആയിരുന്നെങ്കിലും മനുഷ്യ സഹജമായ പ്രതികാരം,തനിക്കു ലഭിക്കാത്തത് മറ്റുള്ളവര്‍ക്ക് ലഭിക്കുന്നതില്‍ ഉള്ള അസൂയ ,തങ്ങളുടെ ജീവിതം മറ്റുള്ളവരുടെ ഉയര്‍ച്ചയ്ക്കായി ഉപയോഗിക്കപ്പെട്ടവരുടെ പ്രതികാരം.അങ്ങനെ എന്തും ആകാം മരണത്തിനു കാരണം.

    ടനാകയെ ആദ്യം ബസ്സില്‍ വച്ച് കാണുമ്പോള്‍ ഉണ്ടാകുന്ന സംഭവവും,അതില്‍ നിന്നും സമാനമായ സാഹചര്യത്തില്‍ ബസ്സില്‍ അയാളുടെ ഭാഗത്ത്‌ നിന്നും ഉണ്ടാകുന്ന പ്രതികരണം ചിത്രത്തിന്റെ മൊത്തത്തില്‍ ഉള്ള സ്വഭാവം അവതരിപ്പിക്കുന്നു.തുടക്കത്തില്‍ കാണുന്നതല്ല ഈ ചിത്രം.ടനാകയെ പോലെ തന്നെ ഏറെ മാറ്റങ്ങള്‍ ചിത്രത്തിനും ഉണ്ടാകുന്നു;നിഗൂഡതയുടെ അകമ്പടിയോടെ


 




  

Wednesday, 25 October 2017

787.SON OF CAIN(SPANISH,2013)

787.SON OF CAIN(SPANISH,2013),|Crime|mystery|Thriller|,Dir:-Jesús Monllaó,*ing:-Jose Coronado, Abril García, Paco González.


   കൗമാര പ്രായത്തില്‍ ഉള്ള ഒരാളുടെ ജീവിതത്തില്‍ ഏറ്റവും സങ്കീര്‍ണമായ ബന്ധം ആയിരിക്കും ഭൂരിഭാഗം സാഹചര്യങ്ങളിലും പിതാവും ആയി ഉള്ളത്.Generation gap എന്ന പദം വളരെയധികം ഉപയോഗിക്കപ്പെടാറുണ്ട് ഈ കാലഘട്ടത്തില്‍.ഒരാള്‍ ഭൂതക്കാല തന്‍റെ ഭൂതക്കാല ജീവിതവും ആയി പുതിയ കാലഘട്ടത്തില്‍ ജീവിക്കുന്ന മകനെ താരതമ്യം ചെയ്തു തുടങ്ങുമ്പോള്‍ Generation Gap എന്ന പദം ഉപയോഗിക്കപ്പെട്ടു തുടങ്ങുന്നു.മകന്റെ ഓരോ നീക്കങ്ങളിലും സ്വന്തം പ്രതിച്ഛായ കണ്ടെത്താന്‍ തുടങ്ങുന്ന പിതാവും ആയുള്ള മാനസിക സംഘര്‍ഷങ്ങള്‍ അസാധാരണം അല്ല പലപ്പോഴും.വ്യക്തമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുക്കുമ്പോള്‍ അമ്മയോടുള്ള അടുപ്പം പോലെ മൃദുവാകില്ല അച്ഛനുമായുള്ള ബന്ധം.


Synopsis:

   Son of Cain എന്ന സ്പാനിഷ് ചിത്രം  ആരംഭിക്കുമ്പോള്‍ പ്രേക്ഷകനില്‍ കഥാപരമായി ഇത്തരം ഒരു പ്രമേയം ആണ് ഊഹിക്കാന്‍ സാധിക്കുക.ധനികരായ മാതാപിതാക്കളുടെ മൂത്ത മകനാണ് നിക്കോ.ഒരു പതിന്നാലു വയസ്സുകാരന്‍റെ ചിന്തകളായി അവന്റെ പല പ്രവര്‍ത്തികളും വിലയിരുത്തപ്പെടുന്നു.കാര്‍ലോസ് ആല്‍ബര്‍ട്ട് എന്ന ധനികനായ പിതാവും ആയി ഉള്ള പ്രശ്നങ്ങള്‍ അവനുണ്ടായിരുന്നു.പ്രധാനമായും അവര്‍ തമ്മില്‍ സ്നേഹത്തോടെ സംസാരിച്ചിട്ടു കാലം കുറെ ആയി.കാര്‍ലോസ് ഒരു പരിധി വരെ നിക്കോയുടെ ഈ സ്വഭാവം അവന്റെ പ്രായത്തിന്റെ ആയി അവഗണിക്കുന്നു.

   എന്നാല്‍ അപകടകരമായ അവന്റെ ചില പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍ വന്നപ്പോള്‍ ആണ് കാര്‍ലോസ് ജൂലിയോ എന്ന മനശാസ്ത്ര വിദഗ്ദ്ധന്റെ സഹായം തേടിയത്.ചെസ്സില്‍ വളരെയധികം താല്‍പ്പര്യം ഉണ്ടായിരുന്ന നിക്കൊയ്ക്കു അവന്റെ ഇഷ്ടങ്ങളിലൂടെ ഉള്ള ഒരു തെറാപ്പി നടത്താന്‍ ആയിരുന്നു ജൂലിയോ ശ്രമിക്കുന്നത്.നിക്കോ ജൂലിയോയും ആയി നല്ല ഒരു ബന്ധം സ്ഥാപിക്കുന്നു.എന്നാല്‍ നിക്കോയെ ചുറ്റിപ്പറ്റി കുറെ അധികം രഹസ്യങ്ങള്‍ ഉണ്ടായിരുന്നു.അവന്റെ വിചിത്രവും അപകടകരവുമായ സ്വഭാവത്തിന് കാരണം എന്തായിരുന്നു?ധാരാളം രഹസ്യങ്ങള്‍ അനാവരണം ചെയ്യാനുണ്ട് കാര്‍ലോസ് ആല്‍ബര്‍ട്ടിന്റെ ആ കുടുംബത്തില്‍ നിന്നും.ഒരു പക്ഷെ ഏറ്റവും അപകടകരമായത്.കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

  PoV:

 നേരത്തെ പറഞ്ഞത് പോലെ പ്രേക്ഷകന് ഊഹിക്കാനാകുന്നു വഴിയിലൂടെ സഞ്ചരിക്കുന്ന ചിത്രം പിന്നീട് പലപ്പോഴും അതിന്റെ നിഗൂഡം ആയ വശം അവതരിപ്പിക്കുന്നു.പ്രത്യേകിച്ചും ജൂലിയനും ആ കുടുംബവും ആയുള്ള ബന്ധം,നിക്കോയുടെ ലക്ഷ്യങ്ങള്‍ എന്നിവ.ചിത്രം ക്ലൈമാക്സ്‌ ആകുമ്പോള്‍ നിക്കോയുടെ പ്രവര്‍ത്തികളും അത് മറ്റുള്ളവരെ എങ്ങനെ ബാധിക്കുന്നു എന്ന്‍ അവതരിപ്പിക്കുമ്പോള്‍ പൂര്‍ണം ആകുന്നു.തന്‍റെ ഭ്രാന്തമായ ഇഷ്ടങ്ങള്‍ക്ക് വേണ്ടി ഒരാള്‍ പൊരുതുമ്പോള്‍ അവിടെ നഷ്ടം പലരിലും എത്തുന്നു.പ്രേക്ഷകന്‍ എന്ന നിലയില്‍ ഒരു നിമിഷം എങ്കിലും ഞെട്ടലോടെ ആകും അവസാനം രഹസ്യങ്ങളുടെ ചുരുളഴിയുമ്പോള്‍ Son of Cain എന്ന ചിത്രത്തെ സമീപിക്കാന്‍ കഴിയുക.Ignacio Garcia-Valino രചിച്ച Dear Cain എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ സൈക്കോളജിക്കല്‍ ക്രൈം ത്രില്ലര്‍ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

Monday, 23 October 2017

786.JULIA'S EYES(SPANISH,2010)

786.JULIA'S EYES(SPANISH,2010),|Mystery|Thriller|,DIr:-Guillem Morales,*ing:-Belén Rueda, Lluís Homar, Pablo Derqui



ഒരു മിനിട്ട് നേരം പോലും പരിപൂര്‍ണമായ അന്ധകാരം നേരിടേണ്ടി വരുമ്പോള്‍ പോലും അന്ധകാരത്തിന്റെ ലോകത്തെ ഭയത്തോടെ ആകും കാണുക.അസാധാരണമായ രോഗം നിമിത്തം അന്ധതയെ പുല്‍കേണ്ടി വരുന്ന ഇരട്ട സഹോദരിമാരിലൂടെ വികസിക്കുന്ന കഥയാണ് ജൂലിയയുടെ കണ്ണുകള്‍ എന്ന സ്പാനിഷ് ചിത്രം അവതരിപ്പിക്കുന്നത്‌.ഭയാനകമായ ഒരു അവസ്ഥയാണ് അത്.പ്രത്യേകിച്ചും,ജന്മന ഉള്ള അന്ധതയില്‍ നിന്നും വ്യത്യസ്തമായി ഇത് വരെ കണ്മുന്നില്‍ ഉണ്ടായിരുന്ന കാഴ്ചകള്‍ എല്ലാം കാണാമറയത്ത് അസ്തമിക്കുമ്പോള്‍ ,ആ ചിന്ത പോലും ആളുകളെ അശക്തരാക്കും.


  കഥാസംഗ്രഹം:

          ജന്മനാ ഉള്ള പ്രത്യേകതരം അസുഖം കാരണം കാഴ്ചശക്തി നഷ്ടപ്പെടുന്ന അവസ്ഥ ആണ് ഇരട്ട സഹോദരിമാര്‍ ആയ സാറ-ജൂലിയ എന്നിവര്‍ക്കുള്ളത്.ജൂലിയ ജോലി സംബന്ധമായ തിരക്കുകള്‍ കാരണം സൈക്കാട്രിസ്റ്റ് ആയ ഭര്‍ത്താവിനോടൊപ്പം മറ്റൊരു സ്ഥലത്താണ് ജീവിക്കുന്നത്.കാഴ്ച കുറഞ്ഞു വരുന്ന സാറ ഒരു ദാതാവിനെ ലഭിച്ചാല്‍ ഉടന്‍ തന്നെ ഓപറേഷന്‍ ചെയ്യാന്‍ ഉള്ള ഒരുക്കത്തിലായിരുന്നു.അവളെ കാണാനായി എത്തുന്ന ജൂലിയ  കാണുന്നത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ അവളുടെ ശവശരീരം ആയിരുന്നു.

    പോലീസിനു ആ മരണത്തില്‍ ദുരൂഹത ഒന്നും തോന്നിയില്ലെങ്കിലും ജൂലിയയ്ക്ക് അവളുടേതായ സംശയങ്ങള്‍ ഉണ്ടായിരുന്നു.അവളുടെ സംശയങ്ങള്‍ കൊണ്ടെത്തിക്കുന്നത് അധികം ആര്‍ക്കും പരിചിതം അല്ലാതിരുന്ന സാറയുടെ കാമുകന്‍ ആയിരിക്കും എന്ന് കരുതപ്പെടുന്ന ആളിലേക്കും,അവളുടെ ഓപ്പറേഷന്‍ നേരത്തെ തന്നെ കഴിഞ്ഞൂ എന്ന അറിവിലേക്കും ആയിരുന്നു.ഓപ്പറേഷന്‍ കഴിഞ്ഞെങ്കില്‍ എന്തിനവള്‍ മറച്ചു വച്ചു എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയെങ്കിലും ദുരൂഹമായിരുന്നു ജൂലിയയെ പോലും പിന്തുടരുന്നു എന്ന് തോന്നിയ ,സാറയുടെ കാമുകന്‍ ആണെന്ന് പലരും കരുതിയ ആള്‍ക്ക്.ജൂലിയയ്ക്ക് തന്‍റെ കാഴ്ച നഷ്ടപ്പെടാന്‍ തുടങ്ങിയിരുന്നു.എന്നാല്‍ തന്‍റെ സഹോദരിയുടെ മരണത്തിലെ ദുരൂഹത കണ്ടെത്താന്‍,തന്‍റെ കാഴ്ച നഷ്ടമാകുന്നതിനു ഉള്ള ശ്രമം അവള്‍ തുടങ്ങുന്നു.എന്നാല്‍ കൈപ്പിടിയില്‍ അവളുടെ സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ എത്തും എന്ന് ചിന്തിക്കുമ്പോള്‍ മരണങ്ങള്‍ ദുരൂഹമായി സംഭവിക്കുന്നു.ജൂലിയയുടെ അന്വേഷണത്തിന്റെ കഥയാണ് ബാക്കി ചിത്രം അവതരിപ്പിക്കുന്നത്‌.


പ്രേക്ഷകന്റെ കണ്ണിലൂടെ:

 
സിനിമയുടെ തുടക്കം മുതല്‍ ഉള്ള ദുരൂഹത അവസാനം വരെ നില നിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്.അപ്രതീക്ഷിതമായ കഥാഗതി ആണെങ്കിലും ചില കഥാപാത്രങ്ങളുടെ അവതരണത്തില്‍ നിന്ന് തന്നെ അവരുടെ ഉള്ളിലെ ദുരൂഹതയ്ക്ക്‌ മറ്റൊരു വശം നല്‍കാന്‍ സാധിച്ചിട്ടുമുണ്ട്.ഇടയ്ക്ക് ചിത്രം ഒരു സൈക്കോ ത്രില്ലര്‍ ആണെന്നുള്ള തോന്നല്‍ ഉലവക്കുമെങ്കിലും മികച്ച ഒരു മിസ്റ്ററി/ത്രില്ലര്‍ ആയി മാറുന്നു.അന്ധയായ സ്ത്രീ എന്ന നിലയില്‍ ഉള്ള പരിഗണന പോലും നല്‍കാതെ അവളുടെ ശരീരതിനായി കൊതിക്കുന്ന കഥാപാത്രം ഇടയ്ക്ക് അല്‍പ്പം വെറുപ്പ്‌ ഉളവാക്കുകയും സിനിമയുടെ പ്ലോട്ടില്‍ ശക്തമായ ഒരു ട്വിസ്റ്റിനു വഴിവയ്ക്കുകയും ചെയ്യുന്നുണ്ട്.ജൂലിയയുടെ കണ്ണുകള്‍ക്ക്‌ ഒരു പക്ഷെ "Feel Good Movie" യുടെ ആനുകൂല്യം ഒന്നും ലഭിക്കുന്നില്ല.അങ്ങനെ ഒരു അവസാനം സിനിമയ്ക്ക് യോജിക്കാത്ത രീതിയില്‍  സിനിമയുടെ മൊത്തത്തില്‍ ഉള്ള അവതരണത്തിന് വലിയൊരു പങ്കുണ്ട്.