Friday, 3 November 2017

793.THE OTHERS(ENGLISH,2001)

793.THE OTHERS(ENGLISH,2001),|Thriller|Mystery|Horror|,DIr:-Alejandro Amenábar,*ing:-Nicole Kidman, Christopher Eccleston, Fionnula Flanagan.


   രണ്ടാം ലോക മഹായുദ്ധം നടക്കുന്ന കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് The Others അവതരിപ്പിക്കുന്നത്‌.ഹൊറര്‍ ചിത്രങ്ങള്‍ക്ക് പൊതുവായി ഉള്ള പല ക്ലീഷേകളും ഒരു പരിധി വരെ മാറ്റി വച്ചാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ഒരു ഹൊറര്‍ ചിത്രം എന്ന ലേബലില്‍ നിന്നും മാറി കൂടുതലായി മിസ്റ്ററി/ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് The Others.

    ഗ്രേസ് അവളുടെ രണ്ടു മക്കളുമായി ചാനല്‍ ദ്വീപുകളില്‍ ഒന്നായ  ജേര്‍സിയിലെ ആ വലിയ ബംഗ്ലാവില്‍ കഴിയുന്നു.മക്കളായ അന്നയും നിക്കോളാസും Xeroderma Pigmentosum എന്ന ജനിതക രോഗം മൂലം സൂര്യ പ്രകാശത്തില്‍ നിന്നും അകന്നാണ് ജീവിക്കുന്നത്.ഗ്രേസ് വീടുകളുടെ ജനാലകള്‍ മുഴുവന്‍ കട്ടിയേറിയ കര്‍ട്ടനുകള്‍ ഉപയോഗിച്ച് അവിടെ ഉള്ള ഇരുട്ട് നിലനിര്‍ത്താന്‍ ശ്രമിക്കുന്നു.കത്തോലിക്കാ വിശ്വാസിയായ ഗ്രേസ് ബൈബിള്‍ പ്രകാരം ആണ് ജീവിക്കുന്നത്.കുട്ടികളുടെ ചോദ്യങ്ങള്‍ക്കുള്ള അവരുടെ പല ഉത്തരങ്ങളും ബൈബിള്‍ അനുസരിച്ചായിരുന്നു അവര്‍ നല്‍കിയിരുന്നത്.

   മകളായ അന്ന എന്നാല്‍ പലപ്പോഴും ഗ്രേസിന്റെ ചിന്തകളോട് യോജിക്കുന്നില്ലായിരുന്നു.പ്രത്യേകിച്ചും അവള്‍ ആ വീട്ടില്‍ അവള്‍ക്കു മാത്രം കാണാനും സംസാരിക്കാനും സാധിക്കുന്ന വിക്റ്റര്‍ എന്ന ആണ്ക്കുട്ടി.എന്നാല്‍ അന്നയുടേത് വെറും കള്ളക്കഥകള്‍ ആണെന്നാണ് ഗ്രേസ് പറയുന്നത്.ആ ബംഗ്ലാവിലേക്ക് ഒരു ദിവസം ജോലി അന്വേഷിച്ചു മൂന്നു പേര്‍ എത്തി ചേരുന്നു.ഗ്രേസ് അവര്‍ക്ക് ജോലി നല്‍കുന്നു.എന്നാല്‍ അല്‍പ്പ ദിവസത്തിനകം പത്രത്തില്‍ കൊടുക്കാനായി ഗ്രേസ് ജോലിക്കാരെ അന്വേഷിച്ചുള്ള എഴുത്ത് പോസ്റ്റ്മാന്‍ കൊണ്ട് പോയിട്ടില്ല എന്ന് മനസ്സിലാക്കുമ്പോള്‍ പുതുതായി വന്ന മൂന്നു പേരെയും സംശയിക്കുന്നു.അവര്‍ അത് സമ്മതിക്കുകയും,മറ്റെന്തെങ്കിലും പറയുന്നതിന് മുന്‍പ് ഗ്രേസ് അവര്‍ പരസ്യം കണ്ടു എത്തിയതാണ് എന്ന് തെറ്റിദ്ധരിക്കുകയും ചെയ്തതായി അറിയിക്കുന്നു.അവര്‍ അവിടെ തുടരുന്നു.

  ഗ്രേസിന്റെ ഭര്‍ത്താവായ ചാള്‍സ് യുദ്ധത്തിനായി പോയിട്ട് ഇത് വരെ മടങ്ങി വന്നിരുന്നില്ല.ഗ്രേസ് അയാളെയും കാത്തു കൊണ്ട് ആ ദ്വീപില്‍ കഴിയുമ്പോള്‍ ആണ് അവിടെ ഭയപ്പെടുത്തുന്ന ശബ്ദങ്ങള്‍,മറ്റാരുടെയോ ഒക്കെ സാന്നിധ്യം മുതലായവ അനുഭവപ്പെടുന്നത്.ഭയചകിതയായ ഗ്രേസ് തന്‍റെ വിശ്വാസങ്ങളില്‍ നിന്നും അല്‍പ്പം പിന്നോട്ട് പോവുകയും തങ്ങള്‍ നേരിടുന്ന പ്രതിസന്ധിയെ നേരിടാനും ശ്രമിക്കുന്നു.ഈ സമയമാണ് പുതുതായി വന്ന ജോലിക്കാരെ കുറിച്ച് അവള്‍ ചില സത്യങ്ങള്‍ മനസ്സിലാക്കുന്നത്.എന്തായിരുന്നു ആ സത്യങ്ങള്‍?ഗ്രേസിന്റെ നിലനില്‍പ്പ്‌ തന്നെ ആശങ്കയില്‍ ആകുന്ന സംഭവങ്ങള്‍ ആണ് പിന്നീട് സംഭവിക്കുന്നത്‌.സാധാരണയായ ഒരു പ്ലോട്ടിനും അപ്പുറം നിഗൂഡതകള്‍ ഏറെ നിറഞ്ഞ കാഴ്ചകള്‍ ആണ് പ്രേക്ഷകനെ പിന്നീട് കാത്തിരിക്കുന്നത്.

   ഹെന്‍റി ജെയിംസ് 1898ല്‍ എഴുതിയ The Turn of the Screw, എന്ന നോവലില്‍ നിന്നുമുള്ള പ്രചോദനം ഈ ചിത്രത്തിനുണ്ടായിരുന്നു.സ്പാനിഷ് ഭാഷയില്‍ ഒരു വാക്ക് പോലും സംസാരിക്കാത്ത ഈ ചിത്രം ,സ്പെയിനിലെ ദേശിയ പുരസ്ക്കാരമായ ഗോയ പുരസ്ക്കാരങ്ങളില്‍ 8 വിഭാഗത്തില്‍ വിജയി ആയി.ഒരു സൈക്കോളജിക്കല്‍ ഹൊറര്‍ ചിത്രം എന്ന് കൂടി വിളിക്കവുന്നത്ര സ്ക്കോപ്പ് ഈ ചിത്രത്തിനുണ്ട്.നമ്മള്‍ ജീവിക്കുന്ന ലോകം ,അത് യാഥാര്‍ത്ഥ്യം ആണോ അതോ മിഥ്യയില്‍ പണിതെടുത്ത ലോകമാണോ എന്നുള്ള സംശയം പ്രേക്ഷകനില്‍ ഉണ്ടാക്കിയെടുക്കാന്‍ The Others നു സാധിക്കും.കാരണം അതിന്റെ പശ്ചാത്തലം അത്തരത്തില്‍ ഒന്നാണ്.

No comments:

Post a Comment