Thursday, 9 November 2017

798.I'M A KILLER(POLISH,2016)

798.I'M A KILLER(POLISH,2016),|Crime|Mystery|Drama|,Dir:- Maciej Pieprzyca,*ing:-Miroslaw Haniszewski, Arkadiusz Jakubik, Agata Kulesza.


   പോളണ്ടില്‍ 1979 കളില്‍ കുപ്രസിദ്ധിയാര്‍ജിച്ച കേസ് ആണ് "The Silesian Vampire" എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കൊലയാളി നടത്തിയ പന്ത്രണ്ടോളം സ്ത്രീകളുടെ കൊലപാതകങ്ങള്‍.കൊലപാതകങ്ങള്‍ നടത്തിയ രീതി കാരണം ആണ് അയാള്‍ക്ക്‌ "The Silesian Vampire" എന്ന പേര് വരുന്നത്.അതി ക്രൂരമായി തല തകര്‍ത്തു കൊലപാതകം നടത്തുന്ന ആള്‍ സ്ത്രീകളെ ആരെയും ബലാല്‍സംഘം ചെയ്തിരുന്നും ഇല്ല.ആകെ കേസിന്‍റെ പ്രാരംഭ ദിശയില്‍ ലഭിക്കുന്നത് 42 സൈസില്‍ ഉള്ള ഒരു ഷൂവിന്റെ അടയാളം മാത്രമാണ്.

  പോലീസിന്റെ വിവിധ യൂണിറ്റുകള്‍ ശ്രമിച്ചിട്ടും കൊലപാതകി അജ്ഞാതന്‍ ആയി തുടരുമ്പോള്‍ പോലീസ് അധികാരികളില്‍ സമ്മര്‍ദം ഏറുന്നു.പ്രത്യേകിച്ചും അയാളുടെ ഇരകളില്‍ ഒരാള്‍ പോളീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ First Secretary യുടെ ബന്ധു കൂടി ആയിരുന്നു.കേസ് അന്വേഷണം ജനുസ്കി എന്ന അധികം സീനിയര്‍ അല്ലാത്ത പോലീസ് ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കുന്നു.പരിചയക്കുറവ് ഉണ്ടായിരുന്നുവെങ്കിലും ജനുസ്കി മികച്ച  നയ ചാതുര്യ വിദഗ്ധന്‍ ആയിരുന്നു.ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഉള്ളവര്‍ തന്‍റെ ആവശ്യങ്ങളോട് ചേര്‍ന്ന് പോകുന്ന രീതിയില്‍ പ്രവര്‍ത്തിപ്പിക്കാനും അയാള്‍ക്ക്‌ സാധിക്കുന്നുണ്ടായിരുന്നു.

  പോളീഷ് കമ്യൂണിസ്റ്റ് രാഷ്ട്രീയ  നിലപാടുകള്‍ക്ക് വിരുദ്ധം ആയിരുന്നിട്ടു പോലും അന്നത്തെ കാലത്തെ ആദ്യ കമ്പ്യൂട്ടറുകളില്‍ ഒന്ന് ഈ കേസന്വേഷണത്തില്‍ ഭാഗമാകാന്‍ അയാളുടെ ഇടപ്പെടലുകള്‍ മൂലം സാധിച്ചു.അന്വേഷണ വൈദഗ്ധ്യം കുറഞ്ഞത്‌ കൊണ്ടാണ് അതോ അന്നത്തെ കാലത്തെ സൌകര്യമില്ലായ്മ കാരണമോ ആകാം കേസ് നീണ്ടു പോയത്.എന്നാല്‍ കുറച്ചു സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ ജനുസ്ക്കി ,വീസ്ലോ എന്നയാളെ അറസ്റ്റ് ചെയ്യുന്നു.എന്നാല്‍ അയാള്‍ കുറ്റം സമ്മതിക്കുന്നില്ല.എന്നാല്‍ ജനുസ്കി അയാളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു.

  സ്ഥിരം പരമ്പര കൊലയാളിയെ കുറിച്ചുള്ള അന്വേഷണത്തില്‍ നിന്നും ചിത്രം ഇവിടെ വഴി മാറുന്നു.ചിത്രം മുഖ്യമായും ശ്രദ്ധിച്ചിരിക്കുന്നത്‌ ജനുസ്ക്കി ആ കേസില്‍ നടത്തിയ ഇടപ്പെടലുകള്‍ ആണ്.പ്രത്യേകിച്ചും മറ്റൊരാളെ സംശയത്തിന്‍റെ ആനുകൂല്യത്തില്‍ കിട്ടിയെങ്കിലും അയാളുടെ അശ്രദ്ധയും തന്‍റെ നിലപാട് തെറ്റാണ് എന്നും മറ്റുള്ളവര്‍ പറയാതെ ഇരിക്കാനും വേണ്ടി അയാള്‍ നടത്തിയ നീക്കങ്ങള്‍ കേസ് കൂടുതല്‍ സങ്കീര്‍ണമാക്കി.കേസന്വേഷണം മുന്നോട്ടു പോകാന്‍ ഉള്ള സാഹചര്യം മറ്റുള്ളവര്‍ അയാള്‍ക്കായി ഉണ്ടാക്കി കൊടുത്തെങ്കിലും തന്‍റെ ഈഗോ ജനുസ്ക്കിയ്ക്ക് വില്ലനായി മാറുന്നു.

  ഈഗോ,കോമ്പ്ലക്സ് എന്നിവ ഒരാളെ എത്ര മാത്രം ജീവിതത്തില്‍ ബാധിക്കും?ജനുസ്ക്കിയുടെ ഭാഗത്തുള്ള ശരികള്‍ എന്തൊക്കെയാണ്?വീസ്ലോ യഥാര്‍ത്ഥത്തില്‍ കുറ്റവാളി ആണോ?പ്രേക്ഷകന്റെ മുന്നില്‍ ചോദ്യചിഹ്നം ആയി പല കാര്യങ്ങളും അവശേഷിക്കും.സ്ഥിരം സീരിയല്‍ കില്ലര്‍ ഫോര്‍മാറ്റില്‍ ഉള്ള ചിത്രം അല്ല I'm A Killer.പകരം,അന്വേഷണത്തിന്റെ ഒപ്പം പോലീസ് ഉദ്യോഗസ്ഥരുടെ ശരികളും,തെറ്റുകളും അവരുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളും എല്ലാം പല രീതിയില്‍ കേസിന്‍റെ മുന്നോട്ടുള്ള നിലപാടുകളെ നിര്‍ണയിക്കും.അന്വേഷണ ഉദ്യോഗസ്ഥന്‍റെ കാഴ്ചപ്പാടുകള്‍ ശരിയായ ദശയില്‍ ആണെങ്കില്‍ കൊലപാതകി പിടിയിലാകും.തിരിച്ചു ആയാലോ?ഇത്തരത്തില്‍ ഉള്ള ചിത്രത്തില്‍ മികച്ച ഒന്നായി തോന്നി I'm A Killer.പ്രത്യേകിച്ചും പഴയ സോവിയറ്റ്,പോളീഷ് സിനിമകളിലെ പശ്ചാത്തല സംഗീതം ,സീനുകളെ വേഗത്തിലാക്കാന്‍ നല്ല രീതിയില്‍ ഉപയോഗിച്ചിട്ടുമുണ്ട്.


  

No comments:

Post a Comment