Friday, 1 December 2017

806.CROOKED HOUSE(ENGLISH,2017)

806.CROOKED HOUSE(ENGLISH,2017),|Mystery|Thriller|
       Dir:-Gilles Paquet-Brenner
       Characters Played by: Christina Hendricks, Honor Kneafsey, Gillian Anderson
     
MH Views rating: 2.75/5



    സ്റ്റീഫന്‍ കിംഗ്‌,അഗത ക്രിസ്റ്റി തുടങ്ങിയ എഴുത്തുകാരുടെ കഥകള്‍ക്ക് സിനിമ ലോകത്തില്‍ നല്ല മാര്‍ക്കറ്റ് ഉണ്ടായിരുന്നു എപ്പോഴും.ഇവരുടെ രണ്ടു പേരുടെയും കഥകള്‍ ചിത്രങ്ങള്‍ ആയി ഇപ്പോഴും പലതും ഇറങ്ങുന്നത് കൊണ്ടാണ് ഇരുവരെയും ഒരേ ലീഗില്‍ ഉള്‍പ്പെടുത്തിയത്.കഥകളില്‍ ഒക്കെ വ്യക്തമായ ശൈലി വ്യത്യാസം ഇവരില്‍ രണ്ടു പേരിലും കാണാന്‍ സാധിക്കുമെങ്കിലും.അഗത ക്രിസ്റ്റിയുടെ Poirot എന്ന കുറ്റാന്വേഷണ വിദഗ്ധന്‍ ഇതിഹാസം ആയതു പോലെ സ്റ്റെഫാന്‍ കിങ്ങിന്റെ സിഗ്നേച്ചര്‍ കഥാപാത്രമായി മാറി IT ലെ കോമാളി.

   ഇനി സിനിമയിലേക്ക്.Crooked House ഒരു കുറ്റാന്വേഷണ സിനിമയാണ്.എംബസി ഉദ്യോഗസ്ഥന്‍ ആയിരുന്ന ചാര്‍ല്സ് ഹേയ്വാര്‍ഡ്‌ തന്‍റെ ജോലി വ്യക്തിപരമായ കാരണങ്ങളാല്‍  ഉപേക്ഷിച്ച് ഒരു കുറ്റാന്വേഷണ ഏജന്‍സി നടത്തുകയാണ്,തന്‍റെ അച്ഛന്റെ പാത പിന്തുടര്‍ന്ന്.സോഫിയ എന്ന ഒരു യുവതി ഒരു ദിവസം ചാര്‍ല്സിനെ കാണാന്‍ എത്തുന്നു.ധനികനായ അവരുടെ മുത്തശന്‍ കൊല്ലപ്പെട്ടിരിക്കുന്നു.ഹൃദയാഘാതം ആണ് മരണത്തിനു കാരണം എന്ന് ആദ്യം കരുതിയിരുന്നെങ്കിലും പിന്നീട് ഇന്‍സുലിന്‍ കുപ്പിയില്‍ വിഷം മാറ്റി വച്ച് ആരോ ചെയ്ത കൊലപാതകം ആണെന്നുള്ള സൂചന ലഭിച്ചു തുടങ്ങിയിരുന്നു.

  പോലീസ് അന്വേഷണം തുടരുന്നതിനിടയില്‍ അരിസ്ട്ടിദ് ലയനിടിസ് കൊല്ലപ്പെട്ട ആ ബംഗ്ലാവില്‍ തന്നെ ഉണ്ടാകും കൊലപാതകി എന്ന് സോഫിയ വിശ്വസിക്കുന്നു.പോലീസ് ആ രഹസ്യം കണ്ടെത്തുന്നതിനു മുന്‍പ് ചാര്‍ല്സ് ആ കേസ് അന്വേഷണം ഏറ്റെടുക്കാന്‍ അവള്‍ അഭ്യര്‍ത്ഥിക്കുന്നു.ചാര്‍ല്സ് തീരുമാനം എടുക്കാന്‍ ആകാതെ കുഴയുമ്പോള്‍ ആണ് ചാര്‍ല്സിന്റെ പിതാവിന്റെ സുഹൃത്തായ സ്കോട്ട്ലന്റ് ഉദ്യോഗസ്ഥന്‍ ചാര്‍ല്സിനോട് കേസ് അന്വേഷണം നടത്താന്‍ ആവശ്യപ്പെടുന്നു.അതിനു അയാള്‍ക്ക്‌ വ്യക്തമായ കാരണങ്ങള്‍ ഉണ്ടായിരുന്നു.ലയനിടിസിനു ഉള്ള പല അന്താരാഷ്ട്ര ബിസിനസ്സുകളിലും പല വിദേശ ഇന്റലിജന്‍സ് ഏജന്‍സികളുമായി ബന്ധം ഉണ്ടായിരുന്നു.അവര്‍ ആരെങ്കിലും ആണോ ഇത് ചെയ്തതെന്ന് അറിയാന്‍ ഉള്ള ആഗ്രഹം ആയിരുന്നു സ്കോട്ട്ലന്റ് യാര്‍ഡിന് ആ കേസില്‍ ഉള്ള താല്‍പ്പര്യം.

  ചാര്‍ല്സ് അന്വേഷണം ഏറ്റെടുക്കുന്നു.അയാള്‍ അതിനായി ആ വീട്ടിലേക്കു പോകുന്നു.ലയനിടിസ് എന്ന കോടീശ്വരന്റെ സാമ്രാജ്യത്തിന്റെ രഹസ്യങ്ങളുടെ നിഗൂഡത പോലെ തന്നെ നിഗൂഡത പേറി ജീവിക്കുന്ന അയാളുടെ മക്കള്‍,ബന്ധുക്കള്‍ എന്നിവര്‍.അവിടെ ഉള്ള എല്ലാവരിലും കൊലപാതകി ആണെന്നുള്ള സൂചനകള്‍ ഉണ്ടായിരുന്നു.കേസന്വേഷണം നടത്താന്‍ സമീപിച്ച സോഫിയയില്‍ പോലും.ചാര്‍ല്സിന്റെ അന്വേഷണത്തില്‍ കൊലപാതകിയെ കണ്ടെത്താന്‍ സാധിക്കുമോ?ആരാണ് യഥാര്‍ത്ഥ കൊലപാതകി?എന്തായിരുന്നു ആ കൊലപാതകത്തിന്റെ ഉദ്ദേശ്യം?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

    ഈ ചിത്രത്തില്‍ Poirot നു കൊടുത്ത പോലെ ഉള്ള ഒരു കഥാപാത്ര സൃഷ്ടിക്ക് അഗത ശ്രമിച്ചില്ല എന്ന് തോന്നും.കാരണം,പലപ്പോഴും അപ്രസക്തമായിരുന്നു അയാളുടെ ഇടപെടലുകള്‍ ആ അന്വേഷണത്തില്‍.അപൂര്‍വ്വം ആയി മാത്രം ആയിരുന്നു അയാളില്‍ കുറ്റാന്വേഷകന്‍ എന്ന ഗുണം കാണാന്‍ സാധിക്കുക.ഇത് മനപ്പൂര്‍വം ആണെന്നും തോന്നുന്നു.കാരണം,അഗതയ്ക്ക് പറയാന്‍ ഉണ്ടായിരുന്നത് ആ വലിയ ബംഗ്ലാവിലെ നിഗൂഡതയുടെ കഥയാണ്.സ്വാതന്ത്ര്യമില്ലായ്മയുടെ പ്രതിഷേധത്തിന്റെ കഥ ആയിരുന്നു.

No comments:

Post a Comment