1665. The Whale (English, 2022)
Psychological Drama.
⭐️⭐️⭐️⭐️⭐️/5
ചാർളി മരണം കാത്തു ഇരിക്കുകയാണ്. അയാൾ തന്റെ സങ്കടങ്ങളെ മാറ്റി നിർത്തുന്നത് അമിതമായി ഭക്ഷണം കഴിച്ചും, മരണത്തെ അകറ്റി നിർത്തുന്നത് മോബി ഡിക്ക് നോവലിലെ ഭാഗങ്ങൾ വായിച്ചു കേട്ടും ആണ്. മനസിലാക്കാൻ അൽപ്പം ബുദ്ധിമുട്ട് ഉള്ള ആളാണ് ചാർളി എന്നു തോന്നുന്നുണ്ടോ? എന്നാൽ ചാർളി അങ്ങനെ അല്ല. ചാർളി സാധാരണ മനുഷ്യൻ ആയിരുന്നു. എന്നാൽ ഇപ്പോൾ അയാൾ ഒരു തിമിംഗലം ആണ്. ഇപ്പോൾ പ്രത്യേകിച്ച് വികാരം ഒന്നും ഇല്ലാത്ത ഒരു തിമിംഗല മനുഷ്യൻ. തന്റെ ഭൂതക്കാലത്തെ കുറിച്ച് ഉള്ള ഓർമകളെ നേരിടേണ്ടി വരുന്ന ആൾ. അതിനുള്ള വഴികളും അയാൾക്ക് അറിയാം. നേരത്തെ പറഞ്ഞ പോലെ അമിതമായി ഭക്ഷണം കഴിക്കുക.
എന്നാൽ അയാളെ കാർന്നു തിന്നുന്ന ഒന്നുണ്ട്. മോബി ഡിക്ക് നോവലിൽ പ്രത്യേകത ഉള്ള തിമിംഗലത്തെ വേട്ടയാടാൻ ശ്രമിക്കുന്ന ക്യാപ്റ്റനെ പോലെ അയാളെ പിന്തുടരുന്ന ഭൂതകാലം. ആ ഭൂതകാലം ക്യാപ്റ്റനെ പോലെ ആണെന്ന് അയാൾ കരുതുന്നു. വികാരം ഇല്ലാത്ത തിമിംഗലവും വികാരം ഉള്ള ക്യാപ്റ്റനും. അവർ തമ്മിൽ ഉള്ള സംഘർഷങ്ങൾ ചാർലിയുടെ ജീവിതം ആയി മാറുമ്പോൾ അത് പ്രേക്ഷകനെയും വിഷമിപ്പിക്കും.
ബ്രാൻഡൻ ഫ്രേസറിന്റെ ചാർളി അത്ര മാത്രം പ്രേക്ഷകനെ പിന്തുടരും. ഞാൻ സിനിമ കണ്ടപ്പോൾ പലപ്പോഴും കരഞ്ഞു. അത്രയും മനോഹരമായി ആണ് അദ്ദേഹം ചാർളി എന്ന കഥാപാത്രം ആയി തകർത്തത്. സങ്കടങ്ങൾ വരുമ്പോൾ അമിതമായി ഭക്ഷണം കഴിക്കുന്ന, ഒരു പക്ഷെ ആത്മഹത്യ ചെയ്യാൻ പോലും അമിതമായി ഭക്ഷണം കഴിച്ചാൽ മതി എന്ന് ചിന്തിക്കുന്ന ആളെ ഒറ്റ വരിയിൽ തമാശ കഥാപാത്രം ആക്കാൻ സാധിക്കുമായിരിക്കും.അയാളുടെ ജീവിതത്തിലെ ഇഷ്ടങ്ങളും അയാൾ പ്രാധാന്യം കൊടുത്ത സ്നേഹവും എല്ലാം മറ്റുള്ളവരുടെ കണ്ണിൽ തെറ്റായിരുന്നു എന്നാണ് അയാൾ മനസ്സിലാക്കിയതും.
എന്നാൽ, ഒറ്റ മുറിയിൽ നടക്കുന്ന സംഭവങ്ങൾ ചാർലിയുടെ ജീവിതം എന്തായിരുന്നു എന്നും അയാളുടെ നഷ്ടങ്ങൾ എന്തായിരുന്നു എന്നും പ്രേക്ഷകൻ മനസിലാക്കുമ്പോൾ അയാൾക്ക് സഹായം ആവശ്യം ഉണ്ടെന്നു നമുക്കും തോന്നാം. എന്നാൽ അവസാന രംഗങ്ങളിൽ നമുക്ക് എന്താകും തോന്നുക എന്നതിൽ ആണ് സിനിമയുടെ കഥയ്ക്ക് പൂർണത ഉണ്ടാകുന്നത്. സിനിമയുടെ ക്ലൈമാക്സ് കണ്ടു എന്തോ ഒരു പ്രത്യേക വികാരം ആണ് ഉണ്ടായത്. അതെന്താണ് എന്ന് പറഞ്ഞു അറിയിക്കാൻ പറ്റാത്ത എന്തോ ആയിരുന്നു അത്.ഒരു ഫാന്റസി കഥ പോലെ ആയി ചാർളി മാറുന്നു.
സിനിമയുടെ കഥയെ കുറിച്ച് പറയുവാൻ വിട്ടു പോയി.ചാർളി ഇപ്പൊ ഓൺലൈനിൽ വിദ്യാർത്ഥികൾക്ക് ഉപന്യാസ രചനയിൽ ക്‌ളാസുകൾ എടുക്കുക ആണ്. അയാളുടെ ജീവിതത്തിലെ ഒരു അദ്ധ്യായത്തിൽ നിന്നും അയാളുടെ ജീവിതത്തിലെ വിവിധ അദ്ധ്യായങ്ങളിലേക്ക് പ്രേക്ഷകനെ കൂട്ടി കൊണ്ട് പോവുകയാണ് ഡാരൻ അരാണോഫ്‌സ്കിയുടെ മാജിക്കിലൂടെ.
തീർച്ചയായും കാണേണ്ട സിനിമ ആണ്. ഒരു എന്റെർറ്റൈൻർ എന്ന നിലയിൽ അല്ല. എന്നേ സംബന്ധിച്ച് ഞാൻ കണ്ട ഏറ്റവും വലിയ ഡിപ്രഷൻ തന്ന സിനിമ ആണെന്ന് പറയാം The Whale. അല്ലെങ്കിൽ ഏറ്റവും വിഷമിപ്പിച്ച ചിത്രം.അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ച ഫ്രേസർ തന്നെ ആണ് സിനിമയുടെ നട്ടെല്ല്. മികച്ച നടൻ ഉൾപ്പടെ 3 ഓസ്‌ക്കാർ നാമനിർദേശം ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.ഹോങ് ചോയുടെ അഭിനയവും നന്നായിരുന്നു.
കാണുക.
#Oscars_2023
No comments:
Post a Comment