Thursday 3 December 2020

1308. Scam 1992: The Harshad Mehta Story( Hindi,2020)

 1308. Scam 1992: The Harshad Mehta Story( Hindi,2020)


"Risk Hai Toh, Ishq Hai"- The Harshad Mehta Story



          ഇന്ത്യൻ രാഷ്ട്രീയം വല്ലാത്ത ഒരു അവസ്ഥയിലൂടെ ആണ് തൊണ്ണൂറുകളുടെ തുടക്കം പൊയ്ക്കൊണ്ടിരുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ അസ്ഥിരമായ സർക്കാറുകർ, ബൊഫോഴ്‌സ്, പുരുലിയ ആയുധ വർഷം തുടങ്ങിയ അഴിമതി ആരോപണങ്ങൾ ഒക്കെ കത്തി നിന്ന സമയം. നരസിംഹ റാവു- ചന്ദ്രസ്വാമി അവിശുദ്ധ കൂട്ടുക്കെട്ടു കൊടുമ്പിരി കൊണ്ടിരുന്ന സമയം.അതിലേക്കുള്ള വെടി മരുന്നു പോലെ ആയിരുന്നു ഹർഷദ് മേത്ത കേസ് വരുന്നത്‌.


  ഷെയർ മാർക്കറ്റിലെ ലൂപ്പ് ഹോളുകൾ , സിസ്റ്റത്തെ തന്നെ ഉപയോഗിച്ചു തനിക്കു അനുകൂലമാക്കി മാറ്റിയ ഹർഷദ് മേത്ത എന്ന "The Big Bull" ന്റെ കഥയാണ് സുചേത ദലാൽ- ദേബാശിഷ് ബസു എന്നിവർ ചേർന്ന് എഴുതിയ Scam: Who Won, Who Lost, Who Got Away  എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ഹൻസൽ മേത്ത ഈ പരമ്പര SonyLiv നു വേണ്ടി ഒരുക്കിയിരിക്കുന്നത്.


  ഹർഷദ് മേത്ത പത്രത്താളുകളിൽ സ്ഥാനം പിടിച്ചിരുന്ന സമയം വലിയ എന്തോ ഫ്രോഡ് പരിപാടി നടത്തി എന്നതിലുപരി അന്ന് 7 വയസ്സുകാരൻ ആയ എനിക്ക് വലിയ പിടിയിലായിരുന്നു സംഭവങ്ങൾ.പിന്നീട് പലപ്പോഴായി വായനയിലൂടെ അന്നത്തെ ഇന്ത്യൻ സാമ്പത്തിക ചരിത്രത്തിലെ തന്നെ വലിയ മാറ്റങ്ങളിലേക്കു വഴിതെളിച്ച ആളാണ് ഹർഷദ് എന്നു മനസ്സിലായി.


  സാമ്പത്തിക രംഗത്തെ പല കാര്യങ്ങളും Layman's Terms ലൂടെ അവതരിപ്പിച്ചു എന്നത് ആണ് ഈ പരമ്പരയുടെ ഏറ്റവും വലിയ വിജയം.അതിനൊപ്പം ഹർഷദ് എന്ന, അന്നത്തെ  അമിതാഭ് ബച്ചനോടൊപ്പം ആരാധനയോടെ നോക്കിയിരുന്ന, ചെറുപ്പക്കാരുടെ എല്ലാം ആരാധന പാത്രമായ ഹർഷദ് മേത്തയുടെ കഥയുടെ സ്റ്റൈലിഷ് ആയ അവതരണം കൂടി ആകുമ്പോൾ ഇന്ത്യൻ സീരീസുകളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പരമ്പരകളിൽ ഒന്നായി Scam 1992 മാറുന്നു.


  ഇന്ത്യയുടെ 80 കൾ മുതലുള്ള വളർച്ചയും തളർച്ചയും എല്ലാം വിശദമായി ഹർഷദ് മേത്തയുടെ കഥയിലൂടെ പറഞ്ഞു പോകുന്നുണ്ട്.ബോംബൈ ഭരിക്കാൻ ഗുണ്ടായിസം വേണ്ട, പകരം തന്റെ ഭ്രാന്തമായ(വിദഗ്ധരുടെ അഭിപ്രായത്തിൽ) ആശയങ്ങൾക്ക് കഴിയും എന്ന് മനസ്സിലാക്കി കൊടുത്തു ഹർഷദ് മേത്ത.RBI യ്ക്ക് പോലും എന്തോ കള്ളത്തരം നടക്കുന്നുണ്ട് എന്നു മാത്രം അറിവ് ഉണ്ടായിരുന്നുള്ളൂ.അതിന്റെ അപ്പുറത്തേക്ക് അയാൾ അതു എങ്ങനെ operate ചെയ്തു എന്നത് അവിശ്വസനീയമായ കഥയായി മാറുന്നു.ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കുകൾ മുതൽ അങ്ങു താഴെത്തട്ടിൽ വരെ ഹർഷദ് സ്വാധീനിച്ചത് എങ്ങനെ ആണ് എന്നതാണ് സീരിസിന്റെ കഥ.ഒപ്പം elite ക്ലസ്സിനു മാത്രം കടന്നു ചെല്ലാൻ കഴിഞ്ഞിരുന്ന ഒരു മേഖലയിൽ വിജയി ആവുകയും പിന്നീട് അയാളുടെ തളർച്ചയിലൂടെയും കഥ പോകുന്നു.


  അയാളുടെ കഥ ഒരു ഇതിഹാസം ആണ്.കാറുകൾ ഉൾപ്പടെ ഉള്ള ആഡംബരങ്ങളോട് താല്പര്യമുള്ള, കുടുംബ ബന്ധങ്ങൾക്ക് സ്ഥാനം നൽകിയിരുന്ന,തന്നെ അവഗണിച്ചവരെ എല്ലാം നേരിട്ടു ഒറ്റയ്ക്ക് സാമ്രാജ്യം ഒരുക്കിയ ഒറ്റയാൻ ആയിരുന്നു ഹർഷദ്.ഒരു പക്ഷെ ഈ കഥയിൽ സുചേത പോലും അയാളെ ആരാധനയോടെ നോക്കി കാണുന്നുണ്ട് എന്നു തോന്നി.ഹർഷദിന്റെ നീക്കങ്ങൾ സസൂക്ഷ്മം പഠിച്ചു അയാളുടെ അധഃപതനത്തിനു വഴിയൊരുക്കിയ സുചേത എന്തോ ഒരു വാശിയോടെ ആണ് അയാളെ തകർത്തതായി തോന്നിയത്.


  രാഷ്ട്രീയമായ ചില conspiracy theory കൾ പണ്ട് ഇതിനെ കുറിച്ചു വായിച്ചതായി ഓർമയുണ്ട്.കേന്ദ്ര സർക്കാർ 2006 ൽ നൽകിയ പദ്മശ്രീ പുരസ്‌കാരത്തിന്റെ സമയം ആയിരുന്നു എന്ന് തോന്നുന്നു.രാഷ്ട്രീയമായി വേറെ മാനങ്ങൾ ആയിരുന്നു എന്ന് ആ കഥയ്ക്ക് ഉണ്ടായിരുന്നത്.ഓർക്കുട്ട് കാലത്തെ ഏതോ ഗ്രൂപ്പിൽ ആയിരുന്നു എന്നാണ് ഓർമ.


  പ്രതീക് ഗാന്ധി ശരിക്കും ഈ കഥാപാത്രമായി ജീവിക്കുക ആണോ എന്ന് പോലും തോന്നി പരമ്പര കാണുമ്പോൾ.ഇടയ്ക്കൊക്കെ ഉള്ള മാസ് ഡയലോഗുകൾ, അയാളുടെ ചിരി എന്നു വേണ്ട ശരീര ഭാഷയിൽ മൊത്തം ഒരു മാസ് കഥാപാത്രമായി അയാൾ മാറി.പ്രത്യേകിച്ചും ബി ജി എം കൂടി ആകുമ്പോൾ ഓരോ എപ്പിസോഡും  മികച്ചതായി മാറുന്നു. 


  ഹർഷദ് മേത്തയുടെ കഥ കണ്ടിരിക്കേണ്ട ഒന്നു തന്നെയാണ്.10 എപ്പിസോഡുകൾ ആയി ഏകദേശം 45- 1 മണിക്കൂറിന്റെ അടുത്തുണ്ട് പരമ്പര.പക്ഷെ മികച്ച ഒരു ത്രില്ലർ ആയി ആകും അനുഭവപ്പെടുക.മികച്ച ആഖ്യാന ശൈലി.അതു കൂടി ആകുമ്പോൾ Scam 1992 എന്റെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നായി മാറുന്നു.


 Netflix പോലുള്ള platform കളിൽ വന്നിരുന്നേൽ കുറെ കൂടി സ്വീകാര്യത വന്നേനെ എന്നു തോന്നി.എന്തായാലും കണ്ടു കഴിഞ്ഞതോടെ The Office ന്റെ റിങ്ടോൻ മാറ്റി ഇതിന്റെ ആക്കിയിട്ടുണ്ട്.


No comments:

Post a Comment

1818. Lucy (English, 2014)