1307. Andhaghaaram(Tamil, 2020)
Horror, Mystery
Streaming on Netflix
Rating:4.5/5
മൂന്ന് മണിക്കൂറിന്റെ അടുത്തുള്ള സിനിമ.സാധാരണഗതിയിൽ ഇത്രയും നീളമുള്ള സിനിമ കണ്ടു തീർക്കുന്നത് തന്നെ ശ്രമകരമാണ്.പ്രത്യേകിച്ചും ഇന്നത്തെക്കാലത്ത്, 3 മണിക്കൂർ ഉള്ള content അര മണിക്കൂർ വീതമുള്ള 6 എപ്പിസോഡ് ആയി മിനി സീരീസ് ആക്കിയാൽ പോരെ എന്നു പോലും വിചാരിച്ചിരുന്നു സിനിമ കണ്ടു തുടങ്ങിയപ്പോൾ.
ആദ്യ അര മണിക്കൂറോളം സ്‌ക്രീനിൽ ഉള്ള സംഭവങ്ങൾ കാര്യമായി ഒന്നും മനസ്സിലാകാതെ പോയി.അടുത്തത് എന്താണ് സംഭവിക്കുന്നത് എന്നു ചിന്തിച്ചു തുടങ്ങി.അൽപ്പം കഴിഞ്ഞപ്പോൾ കഥ മനസ്സിലായി തുടങ്ങിയപ്പോൾ ആകാംക്ഷയും കൂടി.അവസാനം മൂന്നു മണിക്കൂറിന്റെ അടുത്തുള്ള സിനിമ ഈ അടുത്തു കണ്ടതിൽ ഏറ്റവും മികച്ച ഒന്നായി മാറി എന്നതാണ് സത്യം.
ഇത്രയും പറഞ്ഞതു ഇന്ന് Netflix ൽ റിലീസ് ആയ 'അന്ധകാരം' എന്ന ചിത്രത്തെ കുറിച്ചാണ്.മൂന്നു മണിക്കൂറോളം ഉണ്ടെങ്കിലും എഡിറ്റിങ് കൂടുതലായി ആവശ്യം ഉണ്ടെന്നു തോന്നിപ്പിക്കാത്ത, ഒരു സീൻ പോലും അനാവശ്യം ആയി തോന്നിക്കാത്ത സിനിമ ആയി മാറി അന്ധകാരം.
വി.വിഗ്നരാജൻ കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ ഏറ്റവും കൂടുതൽ പ്രശംസ കിട്ടേണ്ടതും ഇദ്ദേഹത്തിനാണ്.തന്റെ ആദ്യ ചിത്രം തന്നെ ഇത്തരത്തിൽ ഒരു ക്ലാസ് ചിത്രം ആക്കിയ എഴുത്തുകാരനിൽ നിന്നും ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.അഭിനേതാക്കളുടെ കാര്യവും അതു പോലെ.പ്രത്യേകിച്ചും അർജുൻ ദാസ്,വിനോദ് കിഷൻ എന്നിവർ.മികച്ച പ്രകടനങ്ങൾ ആയിരുന്നു ഇരുവരും കാഴ്ച്ച വച്ചതു.
പ്രേക്ഷകനിൽ പലപ്പോഴും ഭീതി ഉണ്ടാക്കുന്ന ഒരു പ്രമേയം അവസാനം ആകുമ്പോൾ ട്വിസ്റ്റുകൾ ഒക്കെ ആയി ഒരു ഹോറർ/മിസ്റ്ററി വിഭാഗത്തിലെ ഇന്ത്യൻ സിനിമകൾക്ക് ഒരു ബെഞ്ചമാർക് സെറ്റ് ചെയ്തു എന്ന് പറഞ്ഞാൽ പോലും അതിശയോക്തി ആകില്ല.
കഥയെ കുറിച്ചു ഒരു ചെറിയ സൂചന തരാം.കുറെയേറെ മരണങ്ങൾ,കൊലപാതകങ്ങൾ, പ്രതികാരം, ചതി.ഇതൊക്കെ പരസ്പ്പരം എങ്ങനെ ബന്ധിക്കുന്നു എന്നതാണ് സിനിമയുടെ കഥയും.പലപ്പോഴും പ്രേക്ഷകന്റെ മനസ്സിൽ ചോദ്യങ്ങൾ ആയി തുടങ്ങുന്ന സംഭവങ്ങൾ.സൈക്കോളജിക്കൽ ത്രില്ലർ എന്നും വിശേഷിപ്പിക്കാവുന്ന ചിത്രം പലപ്പോഴും സങ്കീർണമായി തോന്നാം.
പലപ്പോഴും അവിശ്വാസനീയത തോന്നിക്കുന്ന സന്ദർഭങ്ങളിൽ പോലും കഥയിലെ കഥാപാത്രങ്ങളെ കുറിച്ചു പ്രേക്ഷകന്റെ മനസ്സിൽ രെജിസ്റ്റർ ചെയ്യാൻ സമയം എടുത്തത്തിന്റെ ഗുണവും കാണാൻ സാധിക്കും.
സിനിമയുടെ ഴോൻറെയുടെ പുറത്തേക്കു പോകാതെ വിഷയത്തിൽ മാത്രം ശ്രദ്ധിച്ചു സിനിമ അവതരിപ്പിച്ചതിലെ ശ്രമവും അഭിനന്ദാർഹം ആണ്.തീർച്ചയായും കണ്ടു നോക്കുക.സമയം നഷ്ടം ആകും എന്നു കരുതേണ്ട.നെഗറ്റീവ് ആയി ആദ്യം തന്നെ തോന്നിക്കാവുന്ന ഈ സംഭവം തന്നെ ആണ് സിനിമയുടെ ശക്തിയും ആയി മാറുന്നത്.
OTT റിലീസ് ഇല്ലായിരുന്നു എങ്കിൽ, ഒരു പക്ഷെ തിയറ്ററിൽ ഇറങ്ങിയിരുന്നെങ്കിൽ സമയ ദൈർഘ്യം കാരണം ഈ സിനിമ പിന്തള്ളപ്പെട്ടേനെ.ഇന്നത്തെ സാഹചര്യത്തിൽ OTT റിലീസുകളിൽ നിന്നും ഇത്തരം നിലവാരമുള്ള സിനിമകൾ ആണ് ഇനിയും പ്രതീക്ഷിക്കുന്നത്.
ഈ വർഷത്തെ എന്റെ ഇഷ്ട സിനിമകളുടെ ലിസ്റ്റിൽ ഉറപ്പായും 'അന്ധകാരം' ഉണ്ടാകും.
No comments:
Post a Comment