Tuesday, 30 June 2020

1244. Manhunt (English, 2019)



1244. Manhunt (English, 2019)
          Mystery, Crime

   
 
ഒരു ഫ്രഞ്ച് യുവതിയുടെ മരണവും ആയി ബന്ധപ്പെട്ട കേസ് അന്വേഷണവും, തെളിവുകൾ ഒന്നും ഇല്ലാതിരുന്ന കേസിൽ നിന്നും മുൻപ് നടന്ന കൊലപാതകങ്ങളിലേക്കു കൂടി വെളിച്ചം വീശിയ കേസ് അന്വേഷണത്തിന്റെ കഥയാണ് Manhunt അവതരിപ്പിക്കുന്നത്.itv യുടെ ചരിത്രത്തിലെ ഏറ്റവും ജനപ്രീതി ലഭിച്ച സീരീസ് ആണ് 3 എപ്പിസോഡുകൾ ഉള്ള Manhunt.

  Number of Episodes:3
  Duration per Episode: 46 mins
  Streaming Platform : itv/Acorn TV

 യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയെടുത്ത 3 എപ്‌സോഡ് മാത്രമുള്ള ലിമിറ്റഡ് സീരീസ് ആണ് Manhunt. ലണ്ടനിലെ സുരക്ഷിതം എന്നു കരുതിയിരുന്ന സ്ഥലത്താണ് തലയിൽ ആരോ ശക്തമായി അടിച്ച നിലയിൽ ബോധമറ്റ യുവതിയെ കണ്ടെത്തുന്നത്.പിന്നീട് ആശുപത്രിയിൽ വച്ചു അവർ മരിക്കുന്നു.കേസ് അന്വേഷണം ഏറ്റെടുത്തത് തന്റെ കരിയറിലെ തന്നെ ആദ്യ വലിയ കേസ് അന്വേഷണത്തിന് നിയോഗിക്കപ്പെട്ട കോളിൻ സട്ടനും.

  പ്രായം കൂടിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ കഴിവിൽ പലർക്കും സംശയം ഉണ്ട് താനും.പ്രത്യേകിച്ചും തന്റെ അന്വേഷണത്തിൽ അടിസ്ഥാനപരമായ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം എന്ന നിഷ്ക്കർഷ ഉള്ള ഉദ്യോഗസ്ഥൻ എന്ന നിലയിൽ വിട്ടു വീഴ്ചയില്ലാതെ അപ്രധാനം എന്നു തോന്നാവുന്ന  സ്ഥലങ്ങളിൽ പോലും അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥൻ ആണ് അദ്ദേഹം.

  വായുവിൽ നിന്നും പ്രതിയെ പിടിക്കേണ്ടിയ അവസ്ഥയിലും അദ്ദേഹം തന്റെ രീതിയിൽ വിശ്വസിക്കുന്നു.തന്റെ ജീവിതം തന്നെ അദ്ദേഹം ഈ കേസിനായി ഉഴിഞ്ഞു വച്ചിരിക്കുന്നത് പോലെ ആയിരുന്നു.എന്നാൽ കേസിനെ മുന്നോട്ട് നയിക്കുന്ന വ്യക്തമായ ഒന്നും കയ്യിൽ ഇല്ലാതാനും. ഒരിക്കലും ഷെർലോക് ഹോംസിന്റെ രീതിയിൽ ഉള്ള കുറ്റാന്വേഷണം അല്ല ഇവിടെ.പകരം ഒരു സാധാരണ മനുഷ്യൻ തനിക്ക് ലഭ്യമായ ആയ സ്രോതസ്സുകൾ വച്ചു എങ്ങനെ ഒരു അന്വേഷണം നടത്തും?വരൂ, കോളിൻ സട്ടന്റെ അന്വേഷണം കാണൂ.

  ഏറെക്കുറെ 2 വർഷത്തോളം നടന്ന അന്വേഷണം മറ്റു കേസുകളിലേക്കും വെളിച്ചം വീശിയതോടെ കേസിന്റെ പ്രാധാന്യം തന്നെ മാറി.തികച്ചും വിശ്വസനീയമായ, മികച്ച ഒരു ലിമിറ്റഡ് സീരീസ് ആണ് Manhunt.തീർച്ചയായും കണ്ടിരിക്കേണ്ട ഒരു പരമ്പര എന്നു പറയാം.

Mh Views Rating: 4/5

 പരമ്പരയുടെ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews or @mhviews  ൽ ലഭിക്കുന്നതാണ്.

  

     

Monday, 29 June 2020

1243. In Plain Sight(English,2016)



1243. In Plain Sight(English,2016)
          Crime.

"The Beast of Birkenshaw" എന്നറിയപ്പെട്ടിരുന്ന പീറ്റർ മാനുവലിന്റെ ജീവിതത്തെ ആസ്പദമാക്കി അവതരിപ്പൂച്ച സ്‌കോട്ടിഷ് സീരീസ് ആണ് In Plain Sight.

  Number of Episodes:3
  Episode Duration:45+ mins
  Streaming Platform: itv/ BBC Worldwide

   ഇവിടെ കൊലപാതങ്ങൾ നടക്കുന്നു. കൊലപാതകങ്ങൾ ചെയ്തത് ആരാണ് എന്നു പൊലീസിന് അറിയാം.പ്രത്യേകിച്ചും വില്യം മുൻസി എന്ന പൊലീസ് ഉദ്യോഗസ്ഥന്.കാരണം അയാൾ നേരത്തെ മറ്റു കുറ്റങ്ങൾക്ക് പീറ്ററിന് ജയിൽ വാസം ശിക്ഷയായി വാങ്ങി കൊടുത്തതാണ്.ഒമ്പതു വർഷങ്ങൾക്കു ശേഷം ഇന്ദു ചൂഡൻ..സോറി..പീറ്റർ തിരികെ വന്നിരിക്കുകയാണ്, വില്യമിനെ ചില പാഠങ്ങൾ പഠിപ്പിക്കാൻ. Mystery എന്ന ഘടകം ഈ പരമ്പരയിൽ പ്രാധാന്യം ഉള്ളതല്ല.

  ഒരു പ്രതികാര കഥ എന്ന നിലയിൽ പോകുന്ന സംഭവങ്ങൾ എന്നാൽ മറ്റൊരു ലെവലിലേക്കു മാറുകയാണ്.കുറെയേറെ കൊലപാതകങ്ങൾ നടക്കുന്നു.എന്നാൽ വില്യം ഉൾപ്പെടുന്ന പൊലീസിന് യാതൊരു തെളിവും ലഭിക്കുന്നില്ല.പ്രത്യേകിച്ചു ഒരു ക്രമം പിന്തുടരാതെ, ഇരകൾ തമ്മിൽ യാതൊരു ബന്ധവും ഇല്ലാത്ത കൊലപാതകങ്ങൾ.പീറ്റർ ആണ് കൊലയാളി എന്ന വിശ്വാസം വില്യമിനു ഉണ്ട്.Whodunnit എന്ന ചോദ്യം അപ്രസക്തം ആണെങ്കിലും തെളിവുകൾ ഇല്ലാത്തതു കൊണ്ടും, അതിലുപരി സ്വയം വാദിച്ചു കേസ് ജയിക്കാൻ കഴിവുള്ള പീറ്ററിന്റെ ക്രിമിനൽ ബുദ്ധിയും പോലീസിനെ കുഴയ്ക്കുന്നു.

  ഇവിടെ ആണ് പരമ്പരയുടെ കഥ പ്രസക്തമാകുന്നത്.ഒരു ക്യാറ്റ് ആൻഡ് മൗസ് ഗെയിം പോലെ മുന്നോട്ട് പോകുന്ന സംഭവങ്ങൾ.പിന്നീട് എന്തു സംഭവിക്കും എന്നത് ഈ ലിമിറ്റഡ് സീരീസ് പറയും.

  സ്‌കോട്ടിഷ് കുറ്റാന്വേഷണ ചരിത്രത്തിൽ ഇത്രയേറെ കൊലപാതക കുറ്റങ്ങൾ ഒരാൾക്ക് മേൽ അതിനു മുന്നേ ആരോപിക്കപ്പെട്ടിട്ടില്ല എന്നതും കേസ് അന്വേഷണത്തിൽ പുതുമ ആയിരുന്നു.1950 കളിൽ നടന്ന സംഭവങ്ങളിൽ അന്ന് ലഭ്യമായ സാങ്കേതികതയുടെ അപ്പുറം ബുദ്ധി കൊണ്ടുള്ള കളി കൂടി ഉണ്ട് കഥാപാത്രങ്ങൾ തമ്മിൽ.

  കണ്ടു നോക്കൂ.ഇഷ്ടമാകും.യഥാർത്ഥത്തിൽ സംഭവിച്ച കാര്യങ്ങൾ ആണെന്ന് അറിയുമ്പോൾ ഉള്ള താൽപ്പര്യം വേറെയും.

MH Views Rating:4/5

 സീരിസിന്റെ ലിങ്ക് t.me/mhviews or @mhviews എന്ന ടെലിഗ്രാം സെർച്ചിൽ ലഭ്യമാണ്.

1242. Redbelt (English, 2008)



1242. Redbelt (English, 2008)
           Drama

  ചിലരുടെ ജീവിതത്തിൽ പ്രാധാന്യം അവർ വിശ്വസിക്കുന്ന കാര്യങ്ങളെ ആകും.അതിന്റെ അപ്പുറം വരുന്ന ഒന്നും ഉൾക്കൊള്ളാൻ സാധ്യം അല്ലാതെയും ആകും.ഒരു കഥ പറയാം.ഒരിടത്തു ഒരു കരാട്ടെ മാസ്റ്റർ ഉണ്ടായിരുന്നു.സ്വന്തം ജീവിതത്തിൽ മറ്റെന്തിനേക്കാളും പ്രാധാന്യം താൻ ആഗ്രഹിച്ചു പഠിച്ച ആയോധന കലയോട് ആയിരുന്നു.കുടുംബം പോലും അതിനു ശേഷം ആയിരുന്നു.എന്നാൽ സ്വന്തമായി അതിനു ഒരു കച്ചവട മൂല്യം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല,അതിനൊപ്പം കുറെ principles ഉം.ധാരാളം ശിഷ്യന്മാർ ഒക്കെ ഉണ്ടായിരുന്നിട്ടു കൂടി.സ്വന്തമായി തൃപ്തി തോന്നിയ ജീവിതം ആയിരിക്കാം.പക്ഷെ കൂടെ ഉള്ളവരെ സംബന്ധിച്ചോ?

  ഇതു നേരിട്ടു പരിചയം ഉള്ള ജീവിത കഥയാണ്.Redbelt ലെ ടെറി എന്ന കഥാപാത്രം മുകളിൽ പറഞ്ഞ ആളെ ഓർമിപ്പിച്ചു.ടെറിയുടെ ജീവിതം Jiu-jitsu ആയിരുന്നു.ബ്രസീലിയൻ അയോധനകല.അയാളുടെ ജീവിതത്തിൽ ചില principles ഉണ്ടായിരുന്നു.ഒപ്പം സ്വന്തമായി സ്വായത്തമാക്കിയ ആയോധന കലയിൽ സ്വയം ആയി ആവിഷ്‌കരിച്ച രീതികളും.

  ജീവിതത്തിൽ ഒരു ഘട്ടത്തിൽ ധാരാളം ആളുകൾ അയാളെ പരിചയപ്പെടുന്നു.അതിനു ശേഷം പരിചിതമല്ലാത്ത ഒരു ലോകത്തിലേക്ക്‌ അയാൾ എറിയപ്പെടുക ആണ്.ഒരു ആയോധന കലയാണ് ചിത്രത്തിലെ മുഖ്യ പ്രമേയം എങ്കിലും അത്തരത്തിൽ ഉള്ള സ്ഥിരം സിനിമ അല്ല ഇതു.ഒരു റോക്കി ഒന്നും പ്രതീക്ഷിക്കരുത് എന്നു ചുരുക്കം.ജീവിതമാണ്.ജീവനുള്ള മനുഷ്യരുടെ ജീവിതം.ഒരാൾ മറ്റൊരാൾക്ക് വേണ്ടി ജീവിക്കുക എന്നതൊക്കെ കഥയിൽ മാത്രമായി പോകുന്ന ജീവിതം.

David Mamet ന്റെ മികച്ച സിനിമ ആകില്ല Redbelt.പക്ഷെ അപ്രതീക്ഷിതമായി മാറുന്ന ജീവിതത്തിലെ ചതികളും ആളുകളെ സ്വാധീനിക്കുന്ന പണത്തിന്റെ ശക്തിയും ഒക്കെ കാണാം പലയിടത്തും.കഥാപാത്രങ്ങളെ വൈകാരികമായി സമീപിക്കേണ്ടതുണ്ട് പലപ്പോഴും.കറുത്ത ബോൾ കിട്ടുന്ന ആൾ വികലാംഗനായി മത്സരിക്കുമ്പോൾ എതിരാളിക്കു ലഭിക്കുന്ന മേൽക്കോയ്മ ഉണ്ട്, അതു ഇവിടെ ടെറിയുടെ ജീവിതത്തിലും ബാധകമായി മാറുന്നു.(ആ കറുത്ത ബോളിന്റെ കഥ സിനിമ കാണുമ്പോൾ മനസ്സിലാകും)

  നിങ്ങളുടെ മനസ്സിൽ ഉള്ള സ്ഥിരം ആക്ഷൻ സിനിമയിൽ നിന്നും മാറി ചിന്തിക്കാൻ തോന്നുന്നെങ്കിൽ കണ്ടു നോക്കൂ.ഇഷ്ടമായേക്കാം.നേരത്തെ പറഞ്ഞ കഥ കാരണം കൂടുതൽ relate ചെയ്യാൻ കഴിഞ്ഞത് കൊണ്ടു സിനിമ എനിക്ക് ഇഷ്ടമായി.

  MH Views Rating :3.5/5

സിനിമയുടെ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews അഥവാ @mhviews എന്ന ടെലിഗ്രാം സെർച്ച് ചെയ്യുമ്പോൾ ലഭ്യമാണ്.

Sunday, 28 June 2020

1241. Bulbbul (Hindi,2020)



1241. Bulbbul (Hindi,2020)

    അടച്ചിട്ട കൊട്ടാരങ്ങളിലെ രഹസ്യങ്ങളുടെ കഥയാണ് ബുൾബുൾ.ബുൾബുൾ ഒരു ഫാന്റസി കഥയായി സമീപിക്കാവുന്ന ഒന്നാണ്.പക്ഷെ ചില കഠിന യാഥാർഥ്യങ്ങളും പറയുന്നുണ്ട്.ബാലിക വധു മുതൽ സ്ത്രീകളുടെ സുരക്ഷാ എത്ര മാത്രം ലാഘവത്തോടെ ആണ് ചില ആളുകൾ കാണുന്നത് എന്ന യാഥാർഥ്യവും.

   സ്ത്രീകൾ ഏറ്റവും കൂടുതൽ പീഡനം നേരിടുന്നത് ഏറ്റവും അടുപ്പം ഉള്ളവരിൽ നിന്നും ആണ്.അതു വികസിത രാജ്യങ്ങളിൽ ആണെങ്കിലും വികസ്വര രാജ്യങ്ങളിൽ ആണെങ്കിലും വ്യത്യാസമില്ല.ഏകദേശം 6 ദിവസങ്ങളിൽ  ഒരു സ്ത്രീ intimate partner കാരണം മരണപ്പെടുന്നു എന്നാണ് കാനഡയിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.ഇന്ത്യയിലും സ്ഥിതി വ്യത്യസ്തം അല്ല.ഈ ഒരു വിഷയത്തെ ഒരു ഫെമിനിസ്റ്റിക് സമീപനത്തോടെ മുത്തശ്ശി കഥകളിലെ പോലെ ഒരു പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു ബുൾബുൾ എന്ന ചിത്രത്തിൽ.

  തന്റെ കുട്ടിക്കാലത്തു ,ഒരു രാജകീയ കുടുംബത്തിലെ വധുവായി വന്ന നിഷ്കളങ്കയായ ബുൾബുൾ എന്നാൽ പിന്നീട് അവിടെ അനുഭവിക്കുന്നത് ക്രൂരമായ യാഥാർഥ്യങ്ങൾ ആണ്.ഫാന്റസി കഥാപാത്രമായ ഒരു യക്ഷി കാരണം ഉണ്ടാകുന്ന കൊലപാതകങ്ങൾ അതിനോടൊപ്പം സംഭവിക്കുന്നു.എന്നാൽ ഇതിന് പിന്നാലെ ഉള്ള രഹസ്യം എന്താണ് എന്നാണ് സിനിമ അന്വേഷിക്കുന്നത്.

  ഹൊറർ മൂഡ് നിലനിർത്തിക്കൊണ്ട് വിഷയത്തിൽ നിന്നും മാറാതെ നന്നായി അവതരിപ്പിച്ചിരിക്കുന്നു ബുൾബുൾ.തൃപ്തി ദിംറി സുന്ദരിയായിരുന്നു ബുൾബുൾ എന്ന രാജകുമാരി ആയി.രാഹുൽ ബോസ്, പരമ്പറത ചാറ്റർജി ഒക്കെ  ഉൾപ്പടെ ഉള്ള നല്ലൊരു താരനിരയും.ചിത്രത്തിന്റെ പ്രത്യേകത ആയി തോന്നിയത് Jump Scare ഒന്നും ഉപയോഗിക്കാതെ നൽകിയ ഹൊറർ മൂഡ് ആണ്.ചില രംഗങ്ങൾ ഒക്കെ ക്രൂരമായി തന്നെ തോന്നി.അതു പോലെ തന്നെ കഥാപാത്രങ്ങളുടെ സമീപനവും.

  ഇത്തരത്തിൽ ഉള്ള വിഷയത്തെ പണ്ട് മുതലേ സിനിമകളിൽ ഇതേ സമീപനത്തോടെ അവതരിപ്പിച്ചിട്ടും ഉണ്ട്.പുതിയ സിനിമ കാഴ്ചപ്പാടുകളിൽ ആ വിഷയത്തിന് അവതരണ രീതിയിൽ വ്യത്യാസം വന്നിരിക്കുന്നു എന്നു മാത്രം.

  കഴിയുമെങ്കിൽ കാണാൻ ശ്രമിക്കുക.വിഷയത്തോട് ഒരു വിട്ടു വീഴ്ചയും ഇല്ലാതെ തന്നെ സിനിമ അവതരിപ്പിച്ചിരിക്കുന്നു.അതും ഇരുണ്ട പശ്ചാത്തലത്തിൽ, വലിയ കൊട്ടാരങ്ങളുടെ ഇരുണ്ട മുറിയിൽ നടക്കുന്ന സംഭവങ്ങൾ.

ചിത്രം Netflix ൽ ലഭ്യമാണ്

MH Views Rating: 3.5/5

More movie suggestions @www.movieholicviews.blogspot.ca

1240. Kappela (Malayalam, 2020)



1240. Kappela (Malayalam, 2020)


    സ്പൂണ് ഫീഡിങ് നൽകാതെ സിനിമ അവതരിപ്പിച്ച കപ്പേളയുടെ അണിയറ പ്രവർത്തകർക്ക് വേണം ആദ്യ അഭിനന്ദനം നൽകാൻ.Director Brilliance എന്നൊക്കെ പറഞ്ഞു മാറ്റി നിർത്താതെ അത്തരം ഒരു ട്രീട്മെന്റ് ആവശ്യപ്പെടുന്ന സിനിമ ആണ് കപ്പേള എന്നു പറയാൻ തോന്നുന്നു.ഒരു സാധാരണ കഥ.സാധാരണ കഥ എന്നു ഉദ്ദേശിച്ചത് പലപ്പോഴും വാർത്തകളിൽ നിറയുന്ന ഇത്തരം സംഭവങ്ങൾ കാരണമാണ്.ഒരു wrong number call .അതിൽ നിന്നും ഉടലെടുക്കുന്ന പ്രണയം ഒന്നും അത്ര അസാധാരണവും അല്ല ഇപ്പോൾ.പ്രണയത്തിന് അതിന്റെതായ രസം ഉണ്ടല്ലോ.കപ്പേളയിൽ ജെസിയുടെയും വിഷ്ണുവിന്റെയും പ്രണയത്തിനും അതൊക്കെ ഉണ്ടായിരുന്നു.ഫോണ് വിളിയിലൂടെ പ്രണയിച്ചവർക്കു ഒക്കെ relate ചെയ്യാൻ പറ്റുമായിരിക്കും അതൊക്കെ.

   എന്നാൽ പിന്നീട് അവരുടെ പ്രണയത്തിൽ cinematic എന്നു പറയാൻ കഴിയാത്ത ചില സംഭവങ്ങൾ ഉണ്ടാകുന്നു.അതാണ് നേരത്തെ പറഞ്ഞ പത്രവാർത്തകൾ.മൂന്നു പ്രധാന കഥാപാത്രങ്ങൾ: ജെസി,വിഷ്ണു,റോയ്.ഇവർ തങ്ങളുടെ ജീവിതത്തിൽ ഒരിക്കൽ കണ്ടു മുട്ടേണ്ടി വരുന്നു.ഇതാണ് കപ്പേളയുടെ കഥ.

  ധാരാളം സംവാദങ്ങൾക്കു തുടക്കം കുറിക്കുന്ന പ്രമേയം ആണ് ചിത്രത്തിന് ഉള്ളത്.പ്രത്യേകിച്ചും സദാചാര വാദി എന്നു ആക്ഷേപിക്കപ്പെട്ട കഥാപാത്രം.നേരത്തെ പറഞ്ഞ സ്പൂണ് ഫീഡിങ് ഇല്ലാത്തതു കൊണ്ടു തെറ്റിദ്ധരിക്കാൻ ആണ് സാധ്യത.പ്രത്യേകിച്ചും ആ ഫോണിന് കഥയിൽ ഉള്ള പ്രാധാന്യം നോക്കുമ്പോൾ.

  വിഷ്ണുവിനെ പോലെ ഉള്ള കഥാപാത്രങ്ങൾ ഇത്തരത്തിൽ ഉള്ള ആദ്യ കഥാപാത്രം ഒന്നും ആകില്ല.യഥാർത്ഥ ജീവിതത്തിൽ എത്രയോ 'വിഷ്ണു'മാർ ഉണ്ടാകാം?ജെസിയെ പോലത്തെ പെണ്ക്കുട്ടികളും?കപ്പേള യഥാർത്ഥത്തിൽ അവിടെയാണ് പ്രസക്തമാകുന്നത്.ഒരാൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ പോലും സദാചാര വാദത്തിന്റെ നുകത്തിൽ കെട്ടുന്നത് ഒരു പക്ഷെ ഇത്തരം അനുഭവങ്ങൾ ഒരിക്കലും കാണുകയും കേൾക്കുകയും ചെയ്യാത്തവർ ആയിരിക്കും.എന്തായാലും അതൊക്കെ ഓരോ കാഴ്ചപ്പാടുകൾ!!

  ശ്രീനാഥ് ഭാസി ഇപ്പോഴത്തെ നടന്മാരിൽ ഏറ്റവും നല്ല വില്ലൻ മെറ്റീരിയൽ ആണെന്ന് തോന്നി പോകുന്നു ഇത്തരം വേഷങ്ങൾ അവതരിപ്പിച്ച സിനിമകൾ കാരണം.പറവ, ഇതിലെ റോയ് ഒക്കെ.കലിപ്പ്,ക്രൂരത ഒക്കെ ഒരു സൈക്കോയെ പോലെ അവതരിപ്പിച്ചു ഫലിപ്പിക്കാൻ കഴിയുന്നുണ്ട്.മലയാളത്തിലെ എന്റെ ഇഷ്ട നടന്മാരിൽ ഒരാളാണ് ശ്രീനാഥ് ഭാസി.ചെയ്യുന്ന വേഷങ്ങൾക്കു അനുസരിച്ചു അയാൾ നന്നായി മാറുന്നുണ്ട് സിനിമകളിൽ.

  കപ്പേള ഇപ്പോഴത്തെ സമൂഹത്തിൽ പ്രസക്തമായ ഒരു കഥയാണ്.തെറ്റും ശരിയും ഒന്നും തിരിച്ചു അറിയാൻ സഹായിക്കുന്ന മെഷീൻ ഒന്നും നിലവിൽ ഇല്ലാത്തതും ഒരു മനുഷ്യനെ വിശ്വസിക്കുന്ന മനുഷ്യന്റെ സ്വതസിദ്ധമായ സ്വഭാവം കാരണം എപ്പോഴും ഇതൊക്കെ സംഭവിക്കാം.പ്രണയം തെറ്റാണ് എന്നൊക്കെ പറയേണ്ട കാര്യവും ഇല്ല.എല്ലാത്തിലും നല്ലതും ചീത്തയും ഒക്കെയുണ്ട്.ഓരോ അവസരത്തിലും ഇതു രണ്ടും ജീവിതത്തിൽ പ്രവർത്തിക്കുന്നത് എങ്ങനെ ആണെന്ന് പ്രവചിക്കാൻ ആർക്കു സാധിക്കും?സങ്കീർണമായ ഒരു വിഷയം ആണ്.പ്രത്യേകിച്ചും കണ്ണും മൂക്കും ഇല്ലാത്ത പ്രണയം എന്നു പറയുന്നതും.

  അതിരുകൾ ഇല്ലാതെ എല്ലാവരും പ്രണയിക്കട്ടെ.അതാണല്ലോ അതിന്റെ സൗന്ദര്യം?എല്ലാം നല്ല രീതിയിലും നടക്കട്ടെ.കപ്പേളയിലെ പോലെ ആകാതെ ഇരിക്കട്ടെ എല്ലാ പ്രണയങ്ങളും.

ഒരു സിനിമ എന്ന നിലയിലും ചിത്രം engaging ആയിരുന്നു.കാണാത്തവർ ഉണ്ടെങ്കിൽ കണ്ടു നോക്കൂ.

 ചിത്രം Netflix ൽ ലഭ്യമാണ്

MH Views Rating: 3.5/5

More movie suggestions @www.movieholicviews.blogspot.ca

Friday, 26 June 2020

1239. SK1 (French, 2014)



1239. SK1 (French, 2014)
          Crime, Drama


  The Beast of Bastille എന്നു ഫ്രാൻസിൽ കുപ്രസിദ്ധി നേടിയ, 7 സ്ത്രീകളെ ക്രൂരമായി വധിച്ച ആൾ അവിടത്തെ ആദ്യ സീരിയൽ കില്ലർ ഒന്നും അല്ല.പക്ഷെ, DNA ടെസ്റ്റിലൂടെ ആദ്യമായി ഫ്രാൻസിൽ കുറ്റം തെളിയിച്ച കേസ് ആണ് അയാളുടെ.

  SK1 എന്നത് ഫ്രഞ്ച് പോലീസ് പരമ്പര കൊലയാളികൾക്കു നൽകുന്ന പേരുകളിൽ ഒന്നാണ്.ക്രൂരമായി പീഡിപ്പിച്ചതിനു ശേഷം തന്റെ ഇരകളെ ക്രൂരമായി കഴുത്തറുത്തു കൊല്ലുന്ന കൊലയാളി.പൊലീസിന് വ്യക്തമായ തെളിവുകൾ ഒന്നുമില്ല.കിട്ടുന്ന തെളിവുകൾ പലതും എങ്ങും എത്താതെ പോവുകയും ചെയ്യുന്നു.ഈ അവസരത്തിൽ ആണ് ചാർളി എന്ന അന്വേഷണ ഉദ്യോഗസ്ഥൻ കേസ് ഏറ്റെടുക്കുന്നത്.അയാൾ താൻ അന്വേഷിക്കുന്ന ചെകുത്താന്റെ പുറകെ അലയാൻ തുടങ്ങി.പല കേസുകൾ തമ്മിലുള്ള ബന്ധം എല്ലാം കണ്ടു പിടിച്ചെങ്കിലും വീണ്ടും..

  നോൺ ലേസർ രീതിയിൽ പഴയ കാര്യങ്ങളും ഒരു കേസിന്റെ ട്രയലും ആണ് സിനിമയിൽ അവതരിപ്പിക്കുന്നത്.മിസ്റ്ററി ഉള്ള ഒരു കൊലപാതക സിനിമ എന്നതിലുപരി ആ കൊലകളുടെയും കൊലയാളിയുടെയും അന്വേഷണ- വിചാരണകളുടെയും മറ്റൊരു വശം കൂടി കാണിക്കാൻ ആണ് ചിത്രം ശ്രമിച്ചിരിക്കുന്നത്. അതു കൊണ്ടു തന്നെ വൈകാരികമായി ആണ് പ്രേക്ഷകനെ ഈ ചിത്രം കൂടുതൽ ചിന്തിപ്പിക്കുക.

  ഒരു പക്ഷെ Zodiac ന്റെ അതേ pattern ആണ് സിനിമയ്ക്ക് എന്നു തോന്നുമെങ്കിലും Zodiac നൽകിയ അവസാന ഭാഗങ്ങളിലെ പിരിമുറുക്കം ഈ ചിത്രത്തിന് നല്കാനായില്ല.പകരം ഒരു ചെകുത്താന്റെ കീഴടങ്ങൽ ആയിരിക്കും കാണാൻ സാധിക്കുക.

 ജേർണലിസ്റ്റ് ആയ പട്രീഷ്യയുടെ പുസ്തകത്തെ ആധാരമാക്കി അവതരിപ്പിച്ച യഥാർത്ഥ സംഭവങ്ങളുടെ ദൃശ്യവിഷ്‌ക്കാരം ആണ് ഈ ഫ്രഞ്ച് ചിത്രം.

 MH Views Rating:3/5

ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews or @mhviews എന്ന സെർച്ചിൽ  ലഭ്യമാണ്.

Sunday, 14 June 2020

1238. Budapest Noir (Hungarian, 2017)



1238. Budapest Noir (Hungarian, 2017)
          Crime, Drama

 വർഷം 1936.ഹങ്കറി ഒരു വലിയ രാഷ്ട്രീയ നീക്കത്തിന് ശ്രമിക്കുകയാണ്.ജൂതന്മാരെ ശത്രു ആക്കിയ ഹിറ്റ്ലറുടെ ഒപ്പം രാഷ്ട്രമായി പങ്കു ചേരാൻ.ആ സമയം ആണ് Budapest ൽ ഒരു മരണം നടക്കുന്നത്.വഴിയിൽ കണ്ട മരിച്ച സ്ത്രീയുടെ മൃതദേഹം സ്ഥിരമായി ആ ഭാഗങ്ങളിൽ മരണപ്പെടുന്ന വേശ്യയുടെ മൃതദേഹം മാത്രമായി ആണ് പോലീസ് കണക്കാക്കിയത്.
  എന്നാൽ ഈ മൃതദേഹത്തിന്റെ പിന്നിൽ ആരാന്നെനും കൊല്ലപ്പെട്ട സ്ത്രീ ആരാണെന്നു അറിയാനും ആഗ്രഹം ഉള്ള ഒരാൾ ഉണ്ടായിരുന്നു.ഗോർഡൻ എന്ന പത്രപ്രവർത്തകൻ.അയാൾ ആ കേസിലെ ഓരോ ഭാഗങ്ങളും കണ്ടെത്തി കൂട്ടി യോജിപ്പിക്കാൻ ശ്രമിക്കുന്നു.അയാൾക്ക്‌ അതിനു സാധിക്കുമോ?എന്താണ് ഈ സംഭവത്തിൽ നടന്നത്?ചിത്രം കാണുക.

  ഇരുണ്ട പശ്ചാത്തലത്തിൽ കറുപ്പിനെ വശ്യമായ സൗന്ദര്യമുള്ള ഫ്രെയിം ആണ് ചിത്രത്തിൽ മുഴുവനും.നിഗൂഢമായ ഒരു അന്തരീക്ഷം അവിടെയുണ്ട്.രാഷ്ട്രീയം വിഷയം ആയി വരുന്നത് കൊണ്ടു ആ ഭാഗത്തിൽ നിന്നും ചിന്തിക്കുക ആണ് എളുപ്പം ഈ കേസിൽ.എന്നാൽ അതിനും അപ്പുറം ഒന്നുണ്ടായിരുന്നു.സ്വന്തം സ്വത്വം വെളിപ്പെടുത്താതെ കഴിയുന്ന കുറെ കാര്യങ്ങളുടെ പ്രതിനിധി ആയി ഉള്ള ആളുകൾ.

  കണ്ടു നോക്കുക.രണ്ടാം ലോക മഹായുദ്ധതിനു മുന്നേ ഉള്ള കാലം ആണ് സിനിമയ്ക്ക് പശ്ചാത്തലം എന്നത് കൊണ്ട് പഴഞ്ചൻ ആണെന്ന് അർത്ഥമില്ല.മാത്രമല്ല, ഇതൊരു brian-twisting mystery യും അല്ല.ക്രൈം/ഡ്രാമ ആണ് വിഭാഗം.ഒപ്പം ഇന്നും പ്രസക്തമായ ഒരു വിഷയം കൈ കാര്യം ചെയ്യുന്നും ഉണ്ട്..

MH Views Rating 3.5/5

t.me/mhviews or @mhviews  യിൽ ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് ലഭിക്കും.

Wednesday, 10 June 2020

1237. Nemuri no Mori (Japanese, 2014)



1237. Nemuri no Mori (Japanese, 2014)
           Mystery, Drama

  സ്വയരക്ഷയ്ക്കു വേണ്ടി ആണ് അവൾ ശ്രമിച്ചതെന്നും അതിന്റെ ഇടയിൽ ആ അജ്ഞാതൻ മരണപ്പെടുകയും ആയിരുന്നുവെന്നുമാണ് പോലീസ് ആ കേസിനെ വിലയിരുത്തിയത്.എന്നാലും മറിച്ചെന്തെങ്കിലും ആ സംഭവത്തിൽ ഉണ്ടോ എന്ന് അറിയാൻ ആണ് ക്യോചിറോ കാഗയെ കൂടി ലോക്കൽ പോലീസിന്റെ ഒപ്പം അയക്കുന്നത്.കേസ് അന്വേഷണം നടക്കുമ്പോൾ മറിച്ചുള്ള ഒരു വിവരവും ലഭിക്കുന്നില്ല.എന്നാൽ, അതിനു പിന്നാലെ ഒരു മരണം സംഭവിക്കുന്നു.കേസിന്റെ ആകെ സ്വഭാവത്തെ മൊത്തം മാറ്റുന്നു.

  ഈ സംഭവങ്ങൾ നടക്കുന്നത് ഒരു ബാലെ കമ്പനിയിൽ ആയിരുന്നു.ആരൊക്കെയോ എന്തൊക്കെയോ മറയ്ക്കാൻ ശ്രമിക്കുന്ന പോലെ അന്വേഷണ ഉദ്യോഗസ്ഥർക്കും തോന്നി തുടങ്ങുന്നു.പിന്നീട് എന്താണ് സംഭവിക്കുന്നത്  എന്നറിയാൻ സിനിമ കാണുക.

  കീഗോ ഹിഗാഷിനോയുടെ കാഗയെ നായകനാക്കി ഉള്ള പരമ്പരയിലെ ഒരു ചിത്രമാണ് Nemuri No Mori.കീഗോയുടെ കഥ പറച്ചിലിലെ വൈകാരികമായ പരിസരങ്ങൾ ചിത്രത്തിൽ ഉടനീളം കാണാം.അതിനൊപ്പം കാഗയുടെ അന്വേഷണ രീതിയും.ഞാൻ ഇതൊന്റെ രണ്ടിന്റെയും വലിയ ആരാധകൻ ആണ്.പലപ്പോഴും വലിയ പ്രാധാന്യം ഇല്ല എന്നു പ്രേക്ഷകന് തോന്നുകയും എന്നാൽ കഥാപാത്രങ്ങളുടെ വ്യക്തിത്വത്തെ സംബന്ധിച്ചു പ്രാധാന്യം ഉള്ള കാര്യം എന്ന ഫോർമാറ്റ് കുറ്റാന്വേഷണ സിനിമകളെ സംബന്ധിച്ചു Whydunnit എന്ന ചോദ്യത്തിന് മികച്ച രീതിയിൽ ഉള്ള ക്ളൈമാക്സുകൾ നൽകാറുണ്ട്.ഇവിടെയും സ്ഥിതി വ്യത്യസ്തം അല്ലായിരുന്നു.

  കീഗോ ഹിഗാഷിനോയുടെ ആരാധകർ കണ്ടു നോക്കുക.ഒപ്പം കുറ്റാന്വേഷണ ചിത്രങ്ങൾ താൽപ്പര്യം ഉള്ളവരും.റോക്കറ്റ് സയൻസിനോട് ഉപമിക്കാവുന്ന സസ്പെൻസ്, ട്വിസ്റ്റ് ഒന്നുമല്ല.പക്ഷെ കഥാപാത്രങ്ങളെ ആഴത്തിൽ പഠിച്ചു അവരിലേക്ക്‌ അന്വേഷണം കൊണ്ടു പോയ രീതി നന്നായിരുന്നു.

MH Views Rating:3/5

t.me/mhviews or @mhviews എന്നു ടെലിഗ്രാം ആപ്പിൽ സെർച്ചിലൂടെ  ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് ലഭ്യമാണ്.

Sunday, 7 June 2020

1236. Code Of A Killer (English, 2015)



1236. Code Of A Killer (English, 2015)
          Mystery, Crime

 മനുഷ്യന്റെ 99.5 ശതമാനം DNA യും ഒരേ പോലെ ആണ്.എന്നാൽ ബാക്കി ഉള്ള .5 ശതമാനം ആണ് ഓരോരുത്തരെയും വ്യത്യസ്തരാകുന്നത്. അലക് ജെഫ്രിയുടെ വിശ്വാസം അതായിരുന്നു.ലോകമെമ്പാടും ഉള്ള ഫോറൻസിക് കുറ്റാന്വേഷണത്തിൽ വഴിത്തിരിവ് ആയി മാറിയ വിശ്വാസം.

IMDB Rating: 7.6/10
  Code of a Killer : Limited Mini-Series
 Number of Episodes:2
 Duration:1 hr
Streaming Platform:iTV

   മൂന്നു വർഷത്തിൽ നടന്ന രണ്ടു കൊലപാതകങ്ങൾ.കുറ്റവാളിയെ കുരുക്കാൻ ഒരു തെളിവും ഇല്ലാതെ പോലീസ്. 15 വയസ്സുള്ള രണ്ടു പെണ്ക്കുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ആൾ അവരുടെ എല്ലാം ഒപ്പം തന്നെ ഉണ്ട്.എന്നാൽ കുറ്റവാളിയെ കണ്ടെത്താൻ സഹായിക്കുന്ന ഒരു വിവരവും ഇല്ല.മരണം നടന്ന സ്ഥലങ്ങളിലെ വഴികൾ പരിചിതമായ ഒരാൾ ആണ് കൊലയാളി എന്നും 30 വയസ്സിനോട് അടുത്താണ് പ്രായം എന്നുള്ള അനുമാനങ്ങൾ മാത്രമാണ് പൊലീസിന് ഉള്ളത്.

  DCS ബേക്കർ എന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രത്യേക താൽപ്പര്യം ഈ കേസിൽ കാണിക്കുന്നു.എന്നാൽ അധികം ഫലപ്രദമായി തന്റെയും ടീമിന്റെയും സമയം വിനിയോഗിക്കാൻ കഴിയുന്നില്ല.ആ സമയം ആണ് ലീസ്റ്റർ സർവകലാശാലയിലെ അലേക് ജെഫ്രി ചരിത്രപരമായ ആ കണ്ടുപിടുത്തം നടത്തുന്നത്.പിന്നീട് ഈ കേസിൽ അദ്ദേഹത്തിന്റെ കണ്ടു പിടുത്തം എങ്ങനെ സഹായിക്കുന്നു എന്നതാണ് കഥ.

   ഒരു സി.ബി.ഐ ഡയറികുറിപ്പ് 1988 ൽ എസ്.എൻ സ്വാമി കഥ എഴുതുമ്പോൾ ഉറപ്പായും 1983-1986 കാലഘട്ടത്തിൽ നടന്ന സംഭവങ്ങൾ മനസ്സിൽ ഉണ്ടായിരുന്നിരിക്കണം.യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ പരമ്പര അവതരിപ്പിച്ചിരിക്കുന്നത്.രണ്ടു മണിക്കൂറിൽ  പ്രേക്ഷകനെ അത്യാവശ്യം ത്രിൽ അടിപ്പിക്കാൻ ഉള്ള എല്ലാം ഇതിലുണ്ട്.

  പ്രത്യേകിച്ചും ശാസ്ത്രീയമായ കുറ്റാന്വേഷണത്തിൽ നടന്ന ഏറ്റവും വലിയ മുന്നേറ്റം എന്നതിലും ലോകത്തിൽ തന്നെ ആദ്യമായി ഉപയോഗിച്ച സാങ്കേതിക വിദ്യ എന്ന നിലയിലും ഉള്ള റിസ്ക് എല്ലാം സീരിസിന്റെ മൂഡ് മറ്റൊരു തലത്തിൽ എത്തിക്കുന്നുണ്ട്. iTV പരമ്പരകളിലെ ഏറ്റവും മികച്ച ഒന്നാണ് Code of a Killer.ബ്രിട്ടീഷ് സീരീസുകളിൽ മികച്ച ഒന്നും.

  കുറ്റാന്വേഷണ പരമ്പരകൾ കാണാൻ താൽപ്പര്യം ഉള്ളവർ മറക്കാതെ കാണുക.ഡോ.ഉമാദത്തൻ എഴുതിയ പുസ്തകങ്ങളുടെ ആരാധകർക്ക് കൂടി ഈ പരമ്പര suggest ചെയ്യുന്നു.അദ്ദേഹം പറഞ്ഞ കഥകളുടെ തുടക്കം ഇവിടെ നിന്നായിരുന്നു, ലീസ്റ്ററിലെ ആ രണ്ടു പെണ്ക്കുട്ടികളുടെ മരണത്തിൽ നിന്നും.

MH Views Rating:4/5

t.me/mhviews or @mhviews എന്ന ടെലിഗ്രാം സെർച്ചിൽ ലിങ്ക് ലഭ്യമാണ്

 

Saturday, 6 June 2020

1235. Pagan Peak/Der Pas(German, 2019)



1235. Pagan Peak/Der Pas(German, 2019)
          Mystery

    ആദ്യ മൃതദേഹം കാണപ്പെടുമ്പോൾ ഒരു പ്രത്യേക രീതിയിൽ നിലയുറപ്പിച്ചതിനു ശേഷം കയ്യിൽ ഏതോ ജീവിയുടെ രോമത്തിൽ ഉണ്ടാക്കിയ എന്തോ ഒന്ന് കയ്യിൽ ഉണ്ടായിരുന്നു. 
 അതിന് ശേഷം ഒരു ജേര്ണലിസ്റ്റിന് ലഭിക്കുന്ന പെൻഡ് ഡ്രൈവിലെ ഓഡിയോയിൽ ഒരു സൂചന ഉണ്ടായിരുന്നു.

“The red time of year is coming!”.അതേ,മരണത്തിന്റെ ചുവപ്പു നിറമുള്ള ദിവസങ്ങൾ വന്നു തുടങ്ങിയിരിക്കുന്നു.

Number of Episodes:8
Duration: 45 mins
IMDB Rating: 8/10
Streaming Platform: Sky/NOW TV

   അതു ഒരു തുടക്കം മാത്രമായിരുന്നു.പിന്നീട് മൃതദേഹങ്ങൾ കാണപ്പെട്ടു തുടങ്ങി.എല്ലാത്തിലും ഒരു കൊലയാളിയുടെ signature ഉണ്ടായിരുന്നു.അയാൾ തന്റെ ജോലി തുടങ്ങിയിരുന്നു. അയാൾ പ്രതീക്ഷിച്ചിരുന്ന ദിവസങ്ങളുടെ തുടക്കം ആണ് ഈ കൊലകൾ.ആരോ ഒരാൾ സ്വയമായി അയാളുടെ ഭാഷ്യത്തിൽ ഉള്ള നീതി നടപ്പിലാക്കാൻ ആരംഭിച്ചിരുന്നു. ജർമനി- ഓസ്ട്രീയൻ അതിർത്തിയിൽ കാണപ്പെട്ട മൃതദേഹങ്ങൾ രണ്ടു രാജ്യത്തേയും പൊലീസുകാരെ കേസിൽ കൊണ്ടു വന്നൂ.

  വിന്റർ-എല്ലീ എന്നീ കുറ്റാന്വേഷണ ഉദ്യോഗസ്ഥർക്ക് ആണ് അന്വേഷണ ചുമതല.വ്യത്യസ്തമായ ജീവിത ശൈലി ഉള്ള രണ്ടു പേർ.വൈകാരികമായി ദുർബലർ.ഈ കേസ് എന്നാൽ അവരുടെ ഇടയിൽ മുഖ്യ സ്ഥാനം നേടുന്നു.കാരണം കൊലയാളി അവരുടെ കഴിവുകളെയും ജീവിതത്തെയും എല്ലാം സ്വാധീനിക്കാൻ ശ്രമിക്കുന്നു, അദൃശ്യനായി എവിടെയോ ഇരുന്നു.പാഗൻ വിശ്വാസത്തിൽ അധിഷ്ഠിതമായ ക്രാംപസ് അയാളെ പ്രതിനിധാനം ചെയ്യുന്നു.കേസ് അന്വേഷണം എങ്ങും എത്താതെ പോകുന്നു.എന്നാൽ മൃതദേഹങ്ങളുടെ എണ്ണം കൂടുന്നു.

   ഈ കേസിന്റെ അന്വേഷണം ആണ് ജർമൻ പരമ്പരയായ Der Pass അവതരിപ്പിക്കുന്നത്.The Border,The Tunnel എന്നീ പരമ്പരകളിലെ രാജ്യാന്തര അതിർത്തികളിലെ കൊലപാതകം ആണ് ഈ പരമ്പരയിലും.പരമ്പരാഗത വിശ്വാസങ്ങളെ കൂട്ടിയിണക്കി അതിനു രൗദ്ര ഭാവം നൽകിയാണ് കഥ അവതരിപ്പിച്ചിരിക്കുന്നത്.അതി ബുദ്ധിമാനായ കൊലയാളി ആണ് പരമ്പരയുടെ ഹൈലൈറ്റ്.അതു ക്ളൈമാക്സിൽ പോലും കാണാം.പതിഞ്ഞ താളത്തിൽ പോകുന്ന പരമ്പര ,യൂറോപ്യൻ സീരീസുകളുടെ ആരാധകർക്ക് ഇഷ്ടമാകും.ആ ഒരു അന്തരീക്ഷം ഉണ്ടല്ലോ,മഞ്ഞും മൂടിയ നിഗൂഢത നിറഞ്ഞ ഒന്നു.Der Pass ന്റെ സൗന്ദര്യം അതിലുണ്ട്.ഒപ്പം ഹാൻസ് സിമ്മർ ഉൾപ്പെടുന്ന സംഗീത പ്രൊഡക്ഷൻ ടീമും.

  കണ്ടു നോക്കുക.മിസ്റ്ററി/ത്രില്ലർ ആരാധകർക്ക് വേണ്ടി ഒരു മികച്ച പരമ്പര!!

MH Views Rating:4.5/5

 പരമ്പരയുടെ ടെലിഗ്രാം ചാനൽ ലിങ്ക്  t.me/ mhviews or @mhviews ലഭ്യമാണ്.

Friday, 5 June 2020

1234. Cochin Express(Malayalam,1967)



1234. Cochin Express(Malayalam,1967)

  ഒരു പക്ഷെ ഇറങ്ങിയ കാലഘട്ടത്തിലെ മാരക ട്വിസ്റ്റ് ആയിരിക്കണം കൊച്ചിൻ എക്സ്പ്രസ് എന്ന സിനിമയ്ക്ക് ഉണ്ടായിരിക്കുക.ഈ കാലത്തു പോലും അത്തരം ഒരു ട്വിസ്റ്റ് ഈ സിനിമ കണ്ടപ്പോൾ പ്രതീക്ഷിച്ചില്ല എന്നത് ആണ് മറ്റൊരു കാര്യം.പ്രശസ്തമായ ഒരു ഹോളിവുഡ് മൂവി സീരീസിലും, ഒരു മലയാള സിനിമയിലും പിന്നീട് കണ്ടെങ്കിലും ആ കാലത്തു പ്രേക്ഷകന്റെ മുന്നിലെ മികച്ച ട്വിസ്റ്റോട് കൂടിയ ചിത്രം ആയിരിക്കണം ഇതു.

  കൊച്ചിൻ എക്സ്പ്രസ് മൊത്തത്തിൽ ബ്ലാക് ആൻഡ് വൈറ്റ് മലയാള സിനിമയിലെ കുറ്റാന്വേഷണ ചിത്രങ്ങളിൽ മികച്ച ഒന്നാണ് എന്നു പറയാം.കഥയുടെ പോക്കിൽ വില്ലൻ ആരാണെന്നൊക്കെ അറിഞ്ഞതിനു ശേഷം പോലും സസ്പെൻസ് നിലനിർത്താൻ കഴിഞ്ഞു.കുറ്റാന്വേഷണം നടത്തുന്ന സി ഐ ഡി രാജനും ഒപ്പം അടൂർ ഭാസിയും മറുക്  വച്ചു വേഷം മാറുന്നത് "കൾട്ട്" ആയെങ്കിലും മൊത്തത്തിൽ ഒരു കൊലപാതകവും അതിന്റെ പിന്നാലെ ഉള്ള അന്വേഷണവും നന്നായിരുന്നു.

  കൊച്ചിൻ എക്സ്പ്രസ് ഒരു ട്രെയിൻ ആണ്.ട്രെയിൻ യാത്രയിൽ ആണ് പല പ്രധാനപ്പെട്ട സംഭവങ്ങളും നടക്കുന്നതും.അവിടുന്ന് പല കഥാപാത്രങ്ങളിലൂടെ സഞ്ചരിച്ചു അവസാനം കുറ്റാന്വേഷണ ഉദ്യോഗസ്ഥന് ഒരു ക്ലൂ പോലും ഇല്ലാതെ ക്ളൈമാക്‌സ് ട്വിസ്റ്റിൽ എത്തുകയാണ്.സിനിമ കണ്ടു നോക്കുക.മലയാള സിനിമയുടെ വളർച്ചയിലെ മികച്ച ഒരു ഏട് ആണ് കൊച്ചിൻ എക്സ്പ്രസ്.

ചിത്രം YouTube ൽ ലഭ്യമാണ്.

t.me/mhviews or @mhviews  യിൽ ടെലിഗ്രാം ചാനൽ ലിങ്ക് ലഭ്യമാണ്.

1233. Booksmart(English,2019)



1233. Booksmart(English,2019)
           Comedy.

  സ്ക്കൂളിൽ പഠിക്കുന്ന സമയത്തുള്ള ചിന്തകൾ ആകില്ല പലർക്കും അതിനു ശേഷം ഉള്ള ജീവിതം.ആകെ സങ്കീർണമായ ഒരു കാലഘട്ടം ആണ് സ്ക്കൂൾ കാലം.പ്രത്യേകിച്ചും പ്രണയം, പഠനം,സൗഹൃദം എല്ലാം കൂടി ചേരുകയും അതിനോടൊപ്പം മറ്റുള്ളവർ എന്തു ചിന്തിക്കും എന്നു ഉള്ള ചിന്തകൾ ഒക്കെ ഭൂരിഭാഗം ടീനേജ് പ്രായത്തിൽ ഉള്ള കുട്ടികളെയും ആകെ ചിന്താക്കുഴപ്പത്തിൽ ആക്കും.നമ്മളിൽ പലരും അത്തരം കാലഘട്ടത്തിലൂടെ കടന്നു പോയവരാകും.ഹോർമോണുകൾ ആണ് ശരി തെറ്റുകളെ തീരുമാനിക്കുന്നത് എന്നു കരുതി പോകേണ്ട പ്രായം.

  ഇവിടെ രണ്ടു പെണ്ക്കുട്ടികൾ സമാനമായ അവസ്ഥയിൽ ആണ്.മോളിയും ആമിയും പഠനത്തിൽ മുന്നിൽ ആണ്.സ്ക്കൂൾ പഠനത്തിന് ശേഷം എന്താകണം എന്നൊക്കെ വ്യക്തമായ കാഴ്ചപ്പാടുള്ളവർ.അതിനായി അവർ പഠന സമയം അതിനായി മാത്രം ഉപയോഗിച്ചു.കൂടെ പഠിക്കുന്നവർ ഒക്കെ എങ്ങും എത്തി ചേരില്ല എന്ന് സ്വയം വിശ്വസിക്കുകയും ചെയ്‌തു.എന്നാൽ സ്ക്കൂൾ ഗ്രാജുവേഷന്റെ തൊട്ട് മുന്നേ ആണ് അവർ ആ രഹസ്യം മനസ്സിലാക്കുന്നത്.തങ്ങൾ വില കുറച്ചു കണ്ട സഹപാഠികൾ പലരും വലിയ രീതിയിൽ തന്നെ അവരുടെ മുന്നോട്ടുള്ള ജീവിതവും ഡിസൈൻ ചെയ്തു കഴിഞ്ഞു എന്നത്.അതും ജീവിതം ആസ്വദിച്ചു കൊണ്ടു തന്നെ.അവർ രണ്ടു പേരും തങ്ങൾക്കു നഷ്ടമായത് അനുഭവിക്കാൻ തീരുമാനിക്കുന്നു.

  Good Boys (2019) ഈ ചിത്രത്തിന്റെ കുട്ടി വേർഷൻ ആണെന്ന് പറയാം.സൗഹൃദങ്ങൾ ഒരേ wave length ഉള്ളവരുടെ കൂടെ ആകുമ്പോൾ ഉള്ള സുഖം അനുഭവിക്കാൻ അത് കണ്ടെത്തണം.ആ ശ്രമങ്ങൾ ആണ് രണ്ടു ചിത്രത്തിലും.സ്വയം ജീവിതത്തിൽ ഇത്തരം അനുഭവങ്ങൾ ഉണ്ടായത് കൊണ്ടു തന്നെ പലപ്പോഴും relate ചെയ്യാനും കഴിഞ്ഞു.

  Coming of the age movie എന്ന നിലയിൽ മികച്ച അഭിപ്രായങ്ങൾ നേടിയ ചിത്രമായിരുന്നു Booksmart.കഴിയുമെങ്കിൽ കണ്ടു നോക്കുക.ഇത്തരം ചിത്രങ്ങൾ സ്വന്തമായി relate ചെയ്യാൻ പറ്റിയില്ലെങ്കിൽ ആസ്വാദനത്തെ ബാധിക്കും എന്നത് വേറെ കാര്യം.

 MH Views Rating:3.5/5

t.me/mhviews or @mhviews യിൽ ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് ലഭ്യമാണ്.

Monday, 1 June 2020

1232. Extreme Job (Korean, 2019)



1232. Extreme Job (Korean, 2019)
           Action, Comedy


 കൊറിയൻ സിനിമകൾ കാണുന്നതിൽ നിന്നു കുറെ ദിവസം ആയി മനപ്പൂർവം ഒരു ഇടവേള എടുത്തിരിക്കുക ആയിരുന്നു.പല നല്ല സിനിമകൾ കാണുമ്പോഴും കൊറിയൻ സിനിമകളുടെ ശൈലി മനസ്സിൽ ഉള്ളത് കൊണ്ട് നല്ലതു പോലെ ആസ്വദിക്കാൻ കഴിയാറില്ലയിരുന്നു.ഒരു ശല്യം ആയിരുന്നു എന്ന് പറയാം.വേറെ ഭാഷകളിൽ ഒക്കെ കുറെ സിനിമ കണ്ടു.എല്ലാം എപ്പോഴും ബാലൻസ് ചെയ്തില്ലെങ്കിൽ നല്ല കാര്യങ്ങൾ പലതും നഷ്ടമാകും എന്ന അഭിപ്രായകാരൻ ആയതു കൊണ്ട് സംഭവിച്ചതാണ് ഇതു. (പരിചയം ഉള്ളവർക്ക് വേണ്ടി മാത്രം ആണ് ഈ പാരഗ്രാഫ്.ഇല്ലാത്തവർ താഴെ ഉള്ളത് മുതൽ വായിക്കുക)

  അങ്ങനെ കൊറിയൻ സിനിമകൾ വീണ്ടും കാണണം എന്ന് തോന്നിയപ്പോൾ കണ്ടു തുടങ്ങിയത് Extreme Job ൽ ആണ്.പറയാൻ ഒന്നുമില്ല.കിടിലം എന്നു മാത്രമാണ് അഭിപ്രായം ചോദിച്ചാൽ പറയാൻ ഉള്ളത്. നാർക്കോട്ടിക് ഡിവിഷനിൽ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർ അവിടെ ഉള്ള വൻ സ്രാവുകളെ പിടിക്കാൻ ശ്രമിക്കുന്നു.എന്നാൽ അവരെക്കാളും മിടുക്കരായ ഗ്യാങ്ങുകൾ കാരണം അവരുടെ നിലനിൽപ്പ് തന്നെ പ്രശ്നം ആകുന്നു.ആ സമയം ആണ് അവർ ഒരു ബിസിനസ് തുടങ്ങിയത്.

  സിനിമയുടെ കഥ അങ്ങനെ പോകുമെങ്കിലും അവസാന ഒരു അര മണിക്കൂറോളം chaos ആയിരുന്നു.ചോയി ആ സ്ക്വാഡിലെ ആളുകളെ കുറിച്ചു പറഞ്ഞു തുടങ്ങുന്നത് മുതൽ മാസ് ആയി മാറി ചിത്രം.ക്ളീഷേ രീതി ആണ്.സമ്മതിക്കുന്നു.പക്ഷെ അത് വരെ ഉള്ള കഥയെ സംബന്ധിച്ചു ആ ഒരു ഭാഗം നല്ലതു പോലെ സ്‌കോർ ചെയ്‌തു.

  കൊറിയൻ കൊമേർഷ്യൽ സിനിമകളിൽ വിAൻ പണം വാരി ചിത്രങ്ങളില് ഒന്നാണ് Extreme Job.കൊറിയൻ സിനിമ ആരാധകർ എല്ലാം കണ്ടു കാണും എന്നു വിശ്വസിക്കുന്നു.ഇല്ലെങ്കിൽ ഒന്നും നോക്കേണ്ട അടുത്ത ഷോ ഇതായിക്കോ.നഷ്ടം ആകില്ല.ചിരിക്കാനും, മാസിനും എല്ലാം കൂടി അത്യാവശ്യം നല്ല സ്കോപ് ഉള്ള കൊറിയൻ കൊമേർഷ്യൽ സിനിമ ആണ് Extreme Job.

 MH Views Rating : 4.5/5

 ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews or @mhviews എന്ന ടെലിഗ്രാം സെർച്ച  ചെയ്യുമ്പോൾ ലഭ്യമാണ്.

1231. The Moorside(English, 2017)




1231. The Moorside(English, 2017)
           Drama, Mystery.

The Moorside ലെ ഒമ്പതു വയസ്സുകാരിയുടെ തിരോധാനത്തിന്റെ കഥ

Number of Episodes: 2
Duration Per Episode:58 mins
Streamed/Streaming : BBC Drama/Britbox

 Yorkshire ലെ The Moorside എസ്റ്റേറ്റിൽ താമസമാക്കിയ കാരന്റെ ഒമ്പതു വയസ്സുകാരി മകൾ ഷാനോൻ മാത്യൂസിനെ ഒരു ദിവസം കാണാതെയായി.ഒരു തെളിവും അവശേഷിക്കാതെ ആയിരുന്നു അവളുടെ തിരോധാനം. Yorkshire കണ്ട ഏറ്റവും വലിയ ജനപങ്കാളിതത്തോടെ ഉള്ള അന്വേഷണം ആണ് പിന്നീട് നടന്നത്. കാരൻ ആ അന്വേഷണങ്ങളിലെ പരിചിത മുഖം ആയി മാറുകയും ചെയ്ത്.അവരുടെ സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം സഹകരിച്ചു നടന്ന ഒരു അന്വേഷണം.എന്നാൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്?കഥ പിന്നീട് പോകുന്നത് വേറെ ഒരു വഴിയിലേക്ക് ആണ്.അതെന്താണ് എന്നു ഈ മിനി സീരീസ് പറയും.

  യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി അവതരിപ്പിച്ച BBC സീരീസ് ആണ് The Moorside.കേസിന്റെ അന്വേഷണം മറ്റു ചില കഥാപാത്രങ്ങളുടെ കണ്ണിലൂടെ ആണ് പലപ്പോഴും അവതരിപ്പിച്ചത്.കേസ് പിന്നീട് വലിയ രീതിയിൽ കുപ്രസിദ്ധിയാർജിച്ചു യഥാർത്ഥത്തിൽ. സാംസ്ക്കാരികമായി ഉള്ള ഉന്നതിയിലും തങ്ങളുടെ ഒപ്പം മറഞ്ഞിരിക്കുന്ന ചതികൾ പലരും സൗകര്യപൂർവം മറക്കുന്നു.എന്നാൽ ഒരു ദിവസം അതെല്ലാം പുറത്തു വരുമ്പോൾ നടക്കുന്നത് ഒരു സ്ഫോടനം ആകും.പല വികസിത രാജ്യങ്ങളിലും നടക്കുന്ന സംഭവങ്ങൾ ആയി മാത്രം കണക്കാക്കാതെ നമ്മുടെ ഇടയിലും നടക്കുന്ന പല സംഭവങ്ങളുമായി ചേർത്തു വായിക്കണം.എന്നാൽ വികസിത രാജ്യങ്ങളിൽ ഇതിൽ എല്ലാം ഇൻഡ്യ പോലെ ജനങ്ങൾ ഏറെ ഉള്ള രാജ്യത്തിൽ ലഭിക്കുന്നതിനെക്കാൾ ഏറെ ശ്രദ്ധ ലഭിക്കുന്നു.

  സമാനമായ ഒരു മേഖലയിൽ ജോലി ചെയ്യുന്നത് കൊണ്ടു ഇത്തരം അനുഭവങ്ങൾ ഉള്ള ധാരാളം ആളുകളെ കണ്ടു മുട്ടുന്നത് ആണ്.രാജ്യത്തിലെ നിയമങ്ങൾ സംരക്ഷണത്തിനായി വരുമ്പോൾ അതിനനുസരിച്ചു ജീവിക്കാതെ വരുമ്പോൾ രാജ്യത്തിലെ നിയമങ്ങൾ അതിൽ ഇടപെടുന്നു.പുറത്തു നിന്നു നോക്കുമ്പോൾ അതു ക്രൂരമായി തോന്നുമെങ്കിലും അതിലേക്കു നമ്മളും ഭാഗം ആകുമ്പോൾ പല കാര്യങ്ങളും നമ്മളെ ഞെട്ടിക്കുകയും ചെയ്യും. The Moorside ലെ സംഭവങ്ങൾ ഇന്ത്യൻ പരിതസ്ഥിതിയിൽ അത്രയും വലിയ വിഷയം ആയി മാറില്ല.എന്നാൽ വിദേശ രാജ്യങ്ങളിൽ, പ്രത്യേകിച്ചും പുരോഗതി ഏറെ കൈ വരിച്ച രാജ്യങ്ങളിൽ മുഖ്യ പ്രശ്നങ്ങളിൽ ഒന്നായി മാറും.

കണ്ടു നോക്കുക.അതിനു ശേഷം ഈ കേസിനെ കുറിച്ചു വായിക്കുമ്പോൾ മനസ്സിലാകും എത്ര മാത്രം ഈ സംഭവം ജനങ്ങളെ മാനസികമായി അലട്ടിയിരുന്നു എന്നു.

 പലപ്പോഴായി പഠന സമയത്തു കേട്ട കഥയുടെ സ്ക്രീനിലെ അവതരണം നന്നായി ഇഷ്ടപ്പെട്ടൂ.
താൽപ്പര്യം ഉണ്ടെങ്കിൽ കണ്ടു നോക്കുക.

MH Views Rating:4/5

 www.movieholicviews.blogspot.ca യിൽ സീരിസിന്റെ ലിങ്ക് ലഭ്യമാണ്.

1230. Ponmagal Vandhal (Tamil, 2020)



1230. Ponmagal Vandhal (Tamil, 2020)
         

 OTT റിലീസുകൾ പുതിയ ലോകത്തിന്റെ ഭാഗം ആകുമ്പോൾ വലിയ ഒരു താര നിരയും ആയി വന്ന പൊന്മകൾ വന്താൽ നല്ല പ്രതീക്ഷയോടെ ആണ് കാണാൻ തുടങ്ങിയത്.എന്നാൽ ആ പ്രതീക്ഷകൾക്കു ഒപ്പം ഉയരാൻ ചിത്രത്തിന് കഴിഞ്ഞോ എന്നു ചോദിച്ചാൽ ഉത്തരം നിരാശ എന്നായിരിക്കും.

  ഒരു സൈക്കോ കില്ലർ ആയ സ്ത്രീയുടെ 15 വർഷം മുൻപുള്ള കഥയിൽ നിന്നും തുടങ്ങി തരക്കേടില്ലാത്ത ട്വിസ്റ്റ് എന്നു പറയേണ്ടി വരുന്ന ക്ളൈമാക്‌സ് വരെ വെറുതെ കഥ ആയി പറഞ്ഞാൽ നന്നായിരിക്കും. എന്നാൽ സിനിമ ആയി വന്നപ്പോൾ മനോരമ വാരികയിൽ കിനാവും കണ്ണീരും പോലെ ആക്കി മാറ്റി ചിത്രം.ഒരു കുറ്റാന്വേഷണ കഥ മികച്ചതാക്കൻ ഉള്ള എല്ലാ സാഹചര്യവും ഉണ്ടായിരുന്നിട്ടും അതിനു ശ്രമിക്കാതെ ഓവർ ആയി സെന്റി ആക്കി കരയിപ്പിക്കാൻ ആണ് നോക്കിയതെന്നു തോന്നുന്നു.

 കോടതി സീനുകൾ കഥയല്ലിത് ജീവിതം പോലെ ഒക്കെ തോന്നി.ഒരു സിനിമയെ കുറിച്ചും മോശം പറയാൻ താൽപ്പര്യം ഇല്ലാത്ത ആളാണ്.പക്ഷെ waste of resources എന്ന കാര്യത്തിൽ ചിത്രം മുന്നിട്ടു നിന്നു.സ്പാർക്ക് ഉണ്ടായിരുന്ന പല കഥാപാത്രങ്ങളും ഈ സെന്റിയിൽ വീണു പോയി എന്ന് തന്നെ പറയാം.കഥ കേട്ടപ്പോൾ കൊള്ളാം എന്നു തോന്നിയാകും സൂര്യയും ജ്യോതികയും ചിത്രം നിർമിക്കാൻ തീരുമാനിച്ചത് എന്നു തോന്നുന്നു.പക്ഷെ തിരക്കഥ ഒന്നും നോക്കി കാണില്ല എന്നു തോന്നുന്നു.അതു പോലെ ആണ് ഭാഗ്യരാജ് മുതൽ ത്യാഗരാജൻ വരെ ഉള്ള സീനിയർ നടന്മാരുടെയും അവസ്ഥ എന്നു തോന്നുന്നു.

  OTT യിൽ നേരിട്ടു റിലീസ് ചെയ്ത ഇന്ത്യൻ സിനിമ എന്ന കൗതുകം മാത്രം ഉണ്ടെങ്കിൽ പടം കാണാം.

  MH Views Rating: 2/5

More movie suggestions @www.movieholicviews.blogspot.ca 

1890. Door (Japanese, 1988)