Wednesday, 18 February 2015

301.MURDER ON THE ORIENT EXPRESS(ENGLISH,1974)

301.MURDER ON THE ORIENT EXPRESS(ENGLISH,1974),|Crime|Mystery|Thriller|,Dir:-Sidney Lumet,*ing:-Albert Finney, Lauren Bacall, Ingrid Bergman .

  കുറ്റാന്വേഷണ നോവലുകളുടെ ചരിത്രം ശ്രദ്ധിച്ചാല്‍ 'അഗതാ ക്രിസ്റ്റി' എന്ന 66 കുറ്റാന്വേഷണ നോവലുകള്‍ എഴുതിയ മഹതിക്ക് ഉള്ളത് അമൂല്യമായ സ്ഥാനം ആണ്.നോവലുകള്‍ പിന്നീട് പലപ്പോഴും അത് പോലെ തന്നെയും ചിലപ്പോള്‍ അതിലെ മുഖ്യ ഭാഗങ്ങള്‍ ഉപയോഗപ്പെടുത്തിയും ദൃശ്യാവിഷ്ക്കാരം നടത്തപ്പെട്ടിട്ടുണ്ട്.'സര്‍ ആര്‍തര്‍ കോണാന്‍ ഡോയലിനോടും' അദ്ദേഹം അവതരിപ്പിച്ച 'ഷെര്‍ലോക്ക് ഹോംസിനോടും' തുല്യം നില്‍ക്കുന്ന പാത്ര സൃഷ്ടി ആയിരുന്നു 'ഹെര്‍ക്യുല്‍ പോയിറോറ്റ്' എന്ന അഗതാ ക്രിസ്റ്റി കഥാപാത്രം.33 നോവലുകളിലും 54 ചെറുകഥയിലും പോയിറോറ്റ് മുഖ്യ കഥാപാത്രം ആയി അഗതാ ക്രിസ്റ്റി അവതരിപ്പിച്ചു.പോയിറോറ്റ് മുഖ്യ  കഥാപാത്രമായ "The Murder on the Orient Express" എന്ന നോവലിനെ ആസ്പദം ആക്കി 'സിഡ്നി ലുമറ്റ്' ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

  നോവല്‍ രചിക്കപ്പെട്ടത്‌ 1934 ല്‍ ആയിരുന്നെങ്കിലും സിനിമയായി മാറിയത് നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു ശേഷം ആയിരുന്നു.ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കുവാന്‍ ആയി ബെല്‍ജിയന്‍ വംശജന്‍ ആയ പോയിറോറ്റ് തിരഞ്ഞെടുത്തത് ഒറിയന്റ് എക്സ്പ്രസ് ആയിരുന്നു.ആ മഞ്ഞുക്കാലത്ത് ട്രെയിനിലെ ഫസ്റ്റ് ക്ലാസ് എല്ലാം നേരത്തെ ബുക്ക് ചെയ്യപ്പെട്ടിരുന്നു.അത് കൊണ്ട് തന്നെ പോയിറോറ്റ് സീറ്റ് കിട്ടാതെ വലയുന്നു.അപ്പോഴാണ്‌ ട്രെയിന്‍ ശ്രുംഖലയുടെ മേധാവികളില്‍ ഒരാളായ ബിയാഞ്ചി അദ്ദേഹത്തിന് സഹായവും ആയി എത്തുന്നത്‌.ബിയാഞ്ചിയുടെ ശുപാര്‍ശയില്‍ പോയിറോറ്റ് യാത്ര ആരംഭിക്കുന്നു.

  യാത്രക്കാരില്‍ മിക്കവാറും അതി സമ്പന്നര്‍ ആയിരുന്നു ഒരു പക്ഷേ സമൂഹത്തില്‍ ഉന്നത സ്ഥാനം ഉള്ളവര്‍ എങ്കിലും ആയിരുന്നു.അവരില്‍ പലരുടെ ഒപ്പവും സഹായികളും ഉണ്ടായിരുന്നു.ഭക്ഷണം കഴിക്കാന്‍ ഇരിക്കുമ്പോള്‍ ആണ് പോയിറോട്ടിന്റെ അടുക്കല്‍ സമ്പന്നനായ രാച്ചറ്റ് ഒരു സഹായവും ചോദിച്ചു കൊണ്ട് എത്തുന്നത്‌.തന്‍റെ ജീവന്‍ അപകടത്തില്‍ ആണെന്നും ഭീഷണിപ്പെടുത്തി കൊണ്ടുള്ള കത്തുകള്‍ തനിക്കു ലഭിക്കുന്നതായും അയാള്‍ പറയുന്നു.എന്നാല്‍ ആ സംഭവത്തില്‍  പ്രത്യേകിച്ച് താല്‍പ്പര്യം ഇല്ലാതെ ഇരുന്ന പോയിറോറ്റ് അതേറ്റ് എടുക്കുന്നില്ല,രാച്ചറ്റിന്റെ പ്രതിഫലം ആയി വന്‍ തുക നല്‍കാം എന്നുള്ള വാഗ്ദാനം പോലും മുഖവിലയ്ക്ക് എടുക്കുന്നില്ല.

  എന്നാല്‍ പിറ്റേ ദിവസം പോയിറോറ്റ് രാവിലെ അറിഞ്ഞത് ഞെട്ടിക്കുന്ന ഒരു വാര്‍ത്ത ആണ്.രാച്ചറ്റ് കൊല്ലപ്പെട്ടിരിക്കുന്നു.മഞ്ഞില്‍ അകപ്പെട്ടു പോയ ട്രെയിന്‍ യൂഗോസ്ലോവിയയില്‍ എത്തിയാല്‍ മാത്രമേ പോലീസിനു കേസ് അന്വേഷണം നടത്താന്‍ സാധിക്കൂ.എന്നാല്‍ ബിയാഞ്ചി അതിനു മുന്‍പ് കുറ്റവാളിയെ കണ്ടെത്താന്‍ പോയിറോട്ടിനോട് അഭ്യര്‍ത്ഥിക്കുന്നു.കത്തിച്ച നിലയില്‍ കണ്ടെത്തിയ ഒരു പേപ്പറും ശരീരത്തില്‍ കണ്ടെത്തിയ പന്ത്രണ്ടു കുത്തുകളും മാത്രം ആയിരുന്നു പോയിറോട്ടിനു മുന്നില്‍ ഉണ്ടായിരുന്ന തെളിവുകള്‍.യാത്രക്കാരന്‍ ആയി ആ ട്രെയിനില്‍ ഗ്രീക്ക് ഡോക്റ്റര്‍ ആയ കോന്‍സ്ട്ടാന്റിന്റെ സഹായത്തോടെ പോയിറോറ്റ് കേസ് അന്വേഷണം ആരംഭിക്കുന്നു.

  പോയിറോറ്റ് നടത്തുന്ന അന്വേഷണത്തില്‍ ഭാഗം ആകാന്‍ എല്ലാ യാത്രക്കാരും തയ്യാറായിരുന്നു.അന്വേഷണം ആരംഭിക്കുന്നു.അതില്‍ നടക്കുന്ന സംഭവങ്ങള്‍ ആണ് ബാക്കി ചിത്രം.ഒരു പക്ഷേ കുറ്റാന്വേഷണം ഇത്ര സമഗ്രമായി അവതരിപ്പിച്ച ചിത്രങ്ങള്‍ വിരളം ആയിരിക്കും.ഓരോ മൊഴിയും പോയിറോറ്റ് വിശകലനം ചെയ്യുന്ന രീതി ഒക്കെ ഒരു മികച്ച ത്രില്ലര്‍ ആക്കി മാറ്റുന്നുണ്ട് ഈ ചിത്രത്തെ.പലപ്പോഴും മൊഴികളിലെ വൈരുധ്യങ്ങള്‍ പോയിരോട്ടിനെ തേടി എത്തുന്നത്‌ ഇത്തരം വിശകലനത്തില്‍ ആണ്.ഷെര്‍ലോക്ക് ഹോംസിനെ പോലെ തന്നെ പോയിറോട്ടും അഗതാ ക്രിസ്റ്റിയിലൂടെ ഏതൊരു ത്രില്ലര്‍ സിനിമ സ്നേഹിയുടെ മനസ്സിലും കടന്നു കയറുന്നു ഈ ചിത്രത്തിലൂടെ.

1975 ലെ ഓസ്ക്കാര്‍ പുരസ്ക്കാര വേളയില്‍ 'ഇന്ഗ്രിട് ബെര്‍ഗ്മാന്‍' മികച്ച സഹ നടിയായി തിരഞ്ഞെടുക്കപ്പെട്ടത് ഈ ചിത്രത്തിലൂടെ ആയിരുന്നു.മികച്ച നടന്‍ ഉള്‍പ്പെടെ 6 ഓസ്ക്കാര്‍ നാമ നിര്‍ദേശം ആണ് ചിത്രം നേടിയത്.തികച്ചും ത്രില്ലര്‍ സിനിമകളിലെ ഒരു ക്ലാസിക് എന്ന് തന്നെ ഈ ചിത്രത്തെ പറയാന്‍ സാധിക്കും.ത്രില്ലര്‍ സിനിമ പ്രേമികള്‍ തീര്‍ച്ചയായും കാണേണ്ട ചിത്രം.

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment