Friday, 12 September 2014

173.PARQUE VIA(SPANISH,2008)

173.PARQUE VIA (SPANISH,2008),|Drama|,Dir:-Enrique Rivero,*ing:-Nolberto Coria,Nancy Orozco.

 "Parque Via" ഒരു മെക്സിക്കന്‍ ഡ്രാമ ചിത്രമാണ്.ഒരു ചെറു ചിലന്തിയെ ചവിട്ടി അരച്ച് പോകുന്ന ഷൂസിലൂടെ ആണ് സിനിമയുടെ തുടക്കം.സിനിമയുടെ പ്രമേയത്തിന് പുറത്തു നില്‍ക്കുന്ന ഈ രംഗത്തിന് എന്നാല്‍ സിനിമയില്‍ പ്രാധാന്യം ഉണ്ട് എന്ന് പിന്നീട് തോന്നാം.ഈ രംഗം ഒരു പക്ഷേ മനസ്സ് മടുപ്പിക്കുന്ന ആവര്‍ത്തന വിരസമായ സംഭവങ്ങളിലേക്കുള്ള ഒരു ചൂണ്ടു പലക ആയിരുന്നിരിക്കാം.ചിത്രം അവതരിപ്പിക്കുന്നത് "ബെറ്റോ" എന്നയാളുടെ ജീവിതമാണ്.ബെറ്റോ മുപ്പതു വര്‍ഷമായി ഒരു വലിയ വീടിന്‍റെ കാവല്‍ക്കാരന്‍ ആണ്.അയാളുടെ ജീവിതത്തില്‍ പുതിയതായി ഒന്നും നടക്കുന്നില്ല.ദിവസവും രാവിലെ എഴുന്നേറ്റതിന് ശേഷം നടക്കുന്ന പ്രവര്‍ത്തികളുടെ ആവര്‍ത്തനം ആണ് എല്ലാ ദിവസവും അയാളുടെ ജീവിതത്തില്‍ ഉള്ളത്. ഇടയ്ക്കിടെ അയാളെ കാണാന്‍ വരുന്ന ആ വീടിന്‍റെ ഉടമസ്ഥയായ ധനികയും പിന്നെ അയാളുടെ രാത്രി സൗഹൃദമായ "ലൂപേ" എന്ന വേശ്യയും മാത്രം ആണ് അയാളുടെ ലോകത്തിനു പുറത്തുള്ള അതിഥികള്‍.ടെലിവിഷന്‍ ആണ് അയാളുടെ പുറം ലോകത്തേക്കുള്ള വാതില്‍.അയാള്‍ കാണുന്ന വാര്‍ത്തകള്‍ പലപ്പോഴും ഭീകരമായ സംഭവങ്ങളെ കുറിച്ചുള്ളത് ആണ്.ഒരു പക്ഷെ സിനിമയില്‍ പലപ്പോഴും കാണിക്കുന്നത് അയാള്‍ അത്തരം വാര്‍ത്തകള്‍ കാണുന്ന രംഗങ്ങള്‍ ആണ്.

 ബെറ്റോ കഴിഞ്ഞ മുപ്പത് വര്‍ഷമായി താമസിക്കുന്ന വീട് വില്‍ക്കാന്‍ അതിന്‍റെ ഉടമസ്ഥ തീരുമാനിക്കുന്നു.വീടിന്‍റെ വില്‍പ്പനയ്ക്ക് ശേഷം ഉള്ള ബെറ്റൊയുടെ ജീവിതവും ഒരു ചോദ്യ ചിഹ്നം ആയി മാറുന്നു.പ്രധാനമായും ബെറ്റോ ഇനി എന്ത് ജോലി ചെയ്യും എന്നുള്ളതാണ്.പിന്നെ പുറം ലോകത്തിലേക്ക്‌ ഇറങ്ങാന്‍ വിമൂഖത ഉള്ള ബെറ്റോ എങ്ങനെ ജീവിക്കും എന്നതും ഒരു പ്രശ്നമാണ്.ഒരു ദിവസം തന്‍റെ യജമാനത്തിയോടൊപ്പം മാര്‍ക്കറ്റില്‍ പോയ ബെറ്റോ അവിടെ ബോധം കേട്ട് വീഴുന്നു.പുറം ലോകം അയാള്‍ക്ക്‌ ഒരു ശല്യമായി മാറുന്നു.അയാള്‍ ഇടയ്ക്ക് പറയുന്നുണ്ട് അയാള്‍ ആദ്യം അവിടെ വന്നപ്പോള്‍ ഒറ്റയ്ക്ക് ആ വലിയ വീട്ടില്‍ താമസിക്കാന്‍ അയാള്‍ക്ക്‌ തീരെ താല്‍പ്പര്യം ഇല്ലായിരുന്നു എന്നും അത് അയാളെ ഭയപ്പെടുത്തിയിരുന്നു എന്നും,പിന്നീട് വീട് നോക്കാന്‍ വന്നവര്‍ ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു അയാള്‍ ആ സ്ഥലം കൂടുതലായി ഇഷ്ട്പ്പെടുന്നു എന്ന്,ആ സ്ഥലത്തെ ഏകാന്ത അയാളുടെ ജീവിതത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു.ആവര്‍ത്തന വിരസമായ ജീവിതം മുന്നോട്ടു പോകുമ്പോള്‍ ഒരു ദിവസം അയാളുടെ സ്വപ്നങ്ങളില്‍ പോലും ചിന്തിക്കാത്ത ആ സംഭവം നടക്കുന്നു.സിനിമയുടെ ആരംഭത്തില്‍ കാണിച്ച മരണം എന്തിലേക്കുള്ള സൂചന ആയിരുന്നു എന്ന് പിന്നീടുള്ള സിനിമ കാഴ്ചയിലൂടെ മനസ്സിലാകും.ഇത്തവണ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു അവസാനം ആകും നമുക്ക് ഈ ചിത്രത്തില്‍ കാണുവാന്‍ സാധിക്കുക.

  മെക്സിക്കന്‍ സിനിമയില്‍ മാറ്റത്തിന്റെ അലയൊലികള്‍ അതും സാധാരണ മനുഷ്യനുമായി സംവേദിക്കുന്ന രീതിയില്‍ അയാളുടെ വ്യാകുലതകളും ദു:ഖവും ആണ് സിനിമയിലൂടെ "റിവേരോ" അവതരിപ്പിച്ചിരിക്കുന്നത്.അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ വളരെയധികം പ്രശംസിക്കപ്പെട്ട ഈ ചിത്രം ഈ അടുത്ത് ഇറങ്ങിയ ഒരു മലയാള സിനിമയും ആയി സാമ്യം ഉണ്ടെന്ന് ചിലര്‍ പറയുന്നത് ശ്രദ്ധിച്ചിരുന്നു.എന്നാല്‍ പ്രമേയപരമായും കഥാപരമായും ആ ചിത്രമായി ഒരു ബന്ധവും ഇല്ലന്നിരിക്കെ വെറും രണ്ട് സീന്‍ മാത്രം അടര്‍ത്തിയെടുത്ത്‌ ബന്ധം കാണിക്കാന്‍ ആണ് ചിലര്‍ ശ്രമിച്ചതെന്ന് തോന്നി പോകും.എന്തായാലും ആ അഭിപ്രായങ്ങള്‍ കാരണം ആ സിനിമയ്ക്ക് ഒപ്പമോ അല്ലെങ്കില്‍  അതിന് മുകളിലോ നില്‍ക്കുന്ന ഒരു ചിത്രം കാണാന്‍ കഴിഞ്ഞു എന്നതില്‍ സന്തോഷം.

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment