Saturday, 30 August 2014

166.STRANGERS ON A TRAIN(ENGLISH,1951)

STRANGERS ON A TRAIN(ENGLISH,1951),|Crime|Thriller|,Dir:-Alfred Hitchcock,*ing:-Farley Granger,Robert Walker.

  സംവിധാനത്തിന്‍റെ പ്രത്യേകത മൂലം തന്‍റെ മിക്ക സിനിമയിലും ത്രില്ലര്‍ സ്വഭാവം കൊണ്ട് വരുന്നതില്‍ മുന്‍പന്തിയില്‍ ആണ് ആല്‍ഫ്രെഡ് ഹിച്ച്കോക്ക് .പ്രത്യേകിച്ച് ഒരു മുഖവുര ആവശ്യമില്ലാത്ത സംവിധായക പ്രതിഭയാണ് അദ്ദേഹം.സിനിമകളെ കുറിച്ച് ആഴത്തില്‍ പഠിക്കുന്നവര്‍ക്ക് ഒരു പഠന വിഷയം ആയിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പലതും.AFI (അമേരിക്കന്‍ ഫിലിം ഇന്‍സ്റിറ്റ്യൂട്ട്) യുടെ നൂറു വര്‍ഷത്തെ മികച്ച ത്രില്ലര്‍ സിനിമകളുടെ ലിസ്റ്റില്‍ ആദ്യ സ്ഥാനം അദ്ദേഹം തന്നെ സംവിധാനം ചെയ്ത "സൈക്കോ" എന്ന ചിത്രമാണ്."Strangers on a Train" ആ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.മുപ്പത്തിരണ്ടാം സ്ഥാനത്താണ്‌ ഈ ചിത്രം.അദ്ദേഹത്തിന്റെ മൂന്നു സിനിമകള്‍ ആദ്യ പത്തില്‍ ഉണ്ടെന്നറിയുമ്പോള്‍ അദ്ദേഹം ചെയ്ത  ത്രില്ലര്‍ സിനിമകളുടെ നിലവാരം മനസ്സിലാകും.ആദ്യ നൂറില്‍ തന്നെ അദ്ദേഹത്തിന്റെ ഒട്ടു മിക്ക സിനിമകളും ഇടം പിടിക്കുകയും ചെയ്തിരുന്നു. പൂര്‍ണത ഉള്ള കൊലപാതകങ്ങള്‍ പലപ്പോഴും ത്രില്ലര്‍ സിനിമകള്‍ക്ക്‌ വിഷയം ആയി മാറിയിട്ടുണ്ട്.ആല്‍ഫ്രെഡ് ഹിച്ച്കോക്ക് തന്നെ തന്റെ "Rope" പോലെ ഉള്ള സിനിമകള്‍ക്ക്‌ ഇത്തരം പ്രമേയങ്ങള്‍ സ്വീകരിച്ചിട്ടും ഉണ്ട്.ഓരോ കൊലപാതകത്തിലും ദൈവം അവശേഷിപ്പിക്കുന്ന തെളിവുകള്‍ പോലും ശ്രദ്ധിക്കപ്പെടാത്ത രീതിയില്‍ ആക്കുവാന്‍ ഒരു പക്ഷേ ഇത്തരം രീതിയില്‍ ആവിഷ്ക്കരിച്ച കൊലപാതകങ്ങള്‍ക്ക് സാധിക്കും.ശരിക്കും ഇത്തരം കൊലപാതകങ്ങള്‍ക്ക് മാനസികമായ ഒരു തലം കൂടി ഉണ്ട്.എതിരാളികളുടെ നീക്കങ്ങള്‍ മുന്‍ക്കൂട്ടി മനസ്സിലാക്കി കളിക്കുന്ന ചെസ്സ്‌ മത്സരം പോലെ ആണ് ഇത്തരം കൊലപാതകങ്ങളും.

     ആരുടെ മനസ്സിലും ഒരു സംശയവും അവശേഷിപ്പിക്കാതെ അല്ലെങ്കില്‍ അതിനായുള്ള തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും മറച്ച് പിടിക്കുമ്പോള്‍ ആണ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പൂര്‍ണത വരുക.അതിനായി ഒരു പക്ഷേ മറ്റുള്ളവര്‍ ഒരു സംഭവത്തെ എങ്ങനെ അവലോകനം ചെയ്യും എന്ന് ഈ സംഭവങ്ങള്‍ക്ക് മുന്‍പ് തന്നെ കണക്കു കൂട്ടി എടുക്കാന്‍ കഴിയുന്ന ഒരാള്‍ക്ക്‌ ഇത്തരം കുട്ടാ കൃത്യങ്ങള്‍ വളരെയധികം എളുപ്പം ആണ്.ചുരുക്കി പറഞ്ഞാല്‍ ഒരാള്‍ എങ്ങനെ അല്ലെങ്കില്‍ എന്ത് ചിന്തിക്കും എന്ന് കൊലയാളി മനസ്സില്‍ കണക്ക് കൂട്ടുന്നു.അത് ശരി ആകുമ്പോള്‍ പൂര്‍ണത ഉള്ള കൊലപാതകം ജനിക്കുന്നു."Perfect crime" പ്രമേയം ആക്കി വന്ന സിനിമകളായ "Perfect Crime","Rope","El Aura" തുടങ്ങി ഉള്ള ചിത്രങ്ങള്‍ എല്ലാം തന്നെ ഇത്തരം പ്രമേയത്തിലൂന്നിയുള്ള സിനിമകള്‍ ആയിരുന്നു.മലയാളത്തില്‍ ഇറങ്ങിയ "ദൃശ്യം","ചരിത്രം","സി ബി ഐ ഡയറിക്കുറിപ്പ്" പരമ്പരയിലെ ചിത്രങ്ങള്‍ എന്നിവയില്‍ ഒക്കെ ഇത്തരം പ്രമേയങ്ങള്‍ കാണാം.കൊറിയന്‍,സ്പാനിഷ് ,ഫ്രഞ്ച് സിനിമ ഭാഷ്യങ്ങള്‍ എല്ലാം ഈ പ്രമേയം അവതരിപ്പിച്ച സിനിമകള്‍ നല്‍കിയിട്ടുണ്ട്.

  ഒരു ട്രെയിന്‍ യാത്രയില്‍ ആണ് അവിചാരിതമായി "ഗയ് ഹെയിന്‍സ്" എന്ന യുവ ടെന്നീസ് കളിക്കാരന്‍ "ബ്രൂണോ ആന്തണി"യെ പരിചയപ്പെടുന്നത്.സംസാര പ്രിയന്‍ ആയ അയാള്‍ ഗയ് ഹെയിന്‍സിന്റെ ഇഷ്ടക്കുറവിനെ അവഗണിച്ച് അയാളോട് സംസാരിക്കുന്നു.കുറച്ചു നേരത്തിനുള്ളില്‍ തന്നെ ബ്രൂണോ ഹെയിന്‍സുമായി സൗഹൃദത്തില്‍ ആകുന്നു.തന്‍റെ ശല്യക്കാരി ആയ ആദ്യ ഭാര്യയെ ഉപേക്ഷിച്ച് തന്‍റെ കാമുകിയായ സെനട്ടറിന്റെ മകളെ വിവാഹം ചെയ്യുവാന്‍ ഹയിന്‍സ് തീരുമാനിച്ചിരുന്നു.അതിന്റെ ഭാഗം ആയാണ് ഹയിന്‍സ് ഭാര്യയെ കാണുവാന്‍ ഉള്ള യാത്രയില്‍ ആയിരുന്നു.ഒരു പക്ഷേ ഗോസ്സിപ്പുകളില്‍ ഒക്കെ താല്‍പ്പര്യം ഉള്ള ബ്രൂണോ ഹയിന്‍സ് അത് പറയുന്നതിന് മുന്‍പ് തന്നെ മനസ്സിലാക്കിയിരുന്നു.സംസാരത്തിന്റെ ഇടയില്‍ ബ്രൂണോ തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ശത്രുവായ സ്വന്തം പിതാവിനെ കുറിച്ച് പറയുന്നു.മദ്യപിച്ചു കഴിഞ്ഞപ്പോള്‍ ബ്രൂണോ തങ്ങളുടെ രണ്ടു പേരുടെയും ശത്രുക്കളെയും വിദഗ്ദ്ധമായി ഒഴിവാക്കാന്‍ ഉള്ള ഒരു പദ്ധതി ഹയിന്‍സിനോട് പറയുന്നു.ഒരാളുടെ ശത്രുവിനെ മറ്റെയാള്‍ കൊള്ളുന്നു.ഒരിക്കലും പരിചയം ഇല്ലാത്ത ഒരാള്‍ അവരെ കൊല്ലേണ്ട ആവശ്യം വരില്ല എന്നുള്ള ഒരു സാമാന്യ ബുദ്ധി ആണ് ബ്രൂണോ അവതരിപ്പിക്കുന്നത്‌.എന്നാല്‍ ഒരു കൊലപാതകം നടത്താന്‍ പദ്ധതി ഇല്ലാതിരുന്ന ഹയിന്‍സ് ആ നിര്‍ദേശം അവഗണിക്കുന്നു.എന്നാല്‍ തന്‍റെ ഭാര്യയായ മിറിയത്തെ കണ്ടു സംസാരിച്ചപ്പോള്‍ അവര്‍ക്ക് വിവാഹ മോചനത്തിന് താല്‍പ്പര്യം ഇല്ല എന്ന് അറിയിക്കുന്നു.പിന്നീട് ബ്രൂണോ ഹയിന്സിനെ വിളിക്കുമ്പോള്‍ ഈ കാര്യം അറിയുന്നു.ബ്രൂണോ തന്‍റെ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിക്കുന്നു.ഹയിന്സിന്റെ ശത്രുവിനെ ബ്രൂനോയും ബ്രൂനോയുടെ ശത്രുവിനെ ഹയിന്സും വധിക്കുക എന്ന പദ്ധതി!!

  ആ പദ്ധതിയുടെ പ്ലാന്നിങ്ങും അത് ബ്രൂണോയെയും ഹെയിന്സിനെയും എങ്ങനെ ആണ് ബാധിക്കുക എന്നറിയാനും ആ പദ്ധതിയുടെ വിജയ-പരാജയങ്ങളെ കുറിച്ച് അറിയാനും ബാക്കി സിനിമ കാണുക. ക്രൈം ത്രില്ലറുകളില്‍ മികച്ച ഒന്നാണ് ഈ ചിത്രം.ചലച്ചിത്രത്തിന്റെ പിന്നോടുള്ള ഗതിയും ഉദ്വേഗജനകം ആയിരുന്നു.തീര്‍ച്ചയായും ഒരിക്കലും നഷ്ടപ്പെടുത്തരുതാത്ത മികച്ച ഒരു ക്രൈം ത്രില്ലര്‍ ആണ് ഈ സിനിമ.

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment