Tuesday, 19 August 2014

161.THE NIGHT OF THE SUNFLOWERS(SPANISH,2006)

161.THE NIGHT OF THE SUNFLOWERS(SPANISH,2006),|Thriller|Crime|,Dir:-Jorge Sanchez Carbezudo,*ing:-Carmelo Gomez,Judith Diakathe.

   കഥാപാത്രങ്ങളെ പലതായി വിഭജിച്ച്‌ അവര്‍ കണ്ടു മുട്ടുന്ന സ്ഥലത്തേക്ക് കൊണ്ട് വരുന്ന ഒരു പ്രത്യേക ശൈലി ആണ് 2006 ല്‍ ഇറങ്ങിയ ഈ സ്പാനിഷ് ചിത്രം ഉപയോഗിച്ചിരിക്കുന്നത്.കുറച്ചു ആളുകളുടെ ജീവിതം അപ്രതീക്ഷിതമായ ചില സംഭവങ്ങളിലൂടെ മാറിമറിയുന്നു.കുറ്റവാളി ആരെന്നുള്ള സങ്കല്‍പ്പങ്ങള്‍ക്ക് അതീതമായി കുറ്റം ആരോപിക്കപ്പെടുന്നവരും അവര്‍ അനുഭവിക്കേണ്ടി വരുന്ന അവസ്ഥകളും അതിനെ ചുറ്റിപ്പറ്റി ഉള്ള  സംഭവ വികാസങ്ങളും ആണ് ഈ ചിത്രത്തില്‍.ഗുഹകളെയും അവയുടെ പ്രത്യേകതകളെയും കുറിച്ചുള്ള പഠനങ്ങള്‍ നടത്തുന്ന "സ്പീലിയോലജിസ്റ്റ്" ആണ് "എസ്ടബാന്‍"."ബേണി" എന്ന ഒരു ഗ്രാമീണ യുവാവിന്‍റെ അഭിപ്രായത്തില്‍ അവന്‍ കണ്ടു പിടിച്ച ഗുഹയുടെ പിന്നില്‍ ഉള്ള രഹസ്യങ്ങള്‍ അറിയാന്‍ ആണ് എസ്ടബാന്‍ ആ ഗ്രാമത്തില്‍ എത്തുന്നത്‌.ആ ഗുഹയ്ക്ക് ചുറ്റും ഉള്ള സ്ഥലത്ത് പല കാരണങ്ങള്‍ കൊണ്ട് ജനവാസം കുറഞ്ഞ ഒരു ഗ്രാമം ആണുള്ളത്.അവിടത്തെ ഏക  അന്തേവാസിയാണ് വൃദ്ധനായ "സെസിലിയോ".ഒരിക്കലും ആ ഗ്രാമം വിട്ടു പോകില്ല എന്ന് പ്രതിജ്ഞ എടുത്ത ആള്‍.പുതുതായി കണ്ടെത്തിയ ഗുഹയ്ക്ക് തന്‍റെ പേര് നല്‍കണം എന്ന് ബേണി ആഗ്രഹിക്കുമ്പോള്‍ ആ സ്ഥലം ഒരു വിനോദ സഞ്ചാരകേന്ദ്രം ആക്കാന്‍ ആണ് അവിടത്തെ മേയറുടെ ആലോചന.ഈ ഒരു ലക്ഷ്യത്തോടെ ആണ് എസ്ടബാന്‍ അവിടെ എത്തുന്നത്‌.എസ്ടബാനു കൂട്ടായി അയാളുടെ സഹായി "പെദ്രോയും" ഭാര്യയായ "ഗബിയും" ഉണ്ട്.

        എന്നാല്‍ അവിടെ വച്ച് കുറച്ചാളുകളുടെ ജീവിതം തെറ്റും ശരിയും തമ്മില്‍ ഉള്ള വേര്‍തിരിവുകള്‍ തിരിച്ചറിയാന്‍ ആകാതെ മാറുന്നു.ഗുഹയിലേക്ക് കയറിയ എസ്ടബാനെയും പെദ്രോയെയും കാത്തിരുന്ന ഗബിയ്ക്ക് നേരിടേണ്ടി വന്നത് ജീവിതത്തിലെ ഏറ്റവും ഭീകരമായ സ്വപ്നം ആയിരുന്നു.സഞ്ചരിക്കുന്ന ഒരു കച്ചവടക്കാരന്‍റെ രൂപത്തില്‍ എത്തിയ ആ ദുരിതത്തില്‍ നിന്നും എന്നാല്‍ അവള്‍ കഷ്ട്ടിച്ചു രക്ഷപ്പെടുന്നു.വെള്ള ഷര്‍ട്ട്‌ ധരിച്ച ആ മനുഷ്യമൃഗത്തിന്റെ കാമാവേശം തീര്‍ക്കാന്‍ അയാള്‍ക്ക്‌ ആയില്ലെങ്കിലും ഗാബിയ്ക്ക് മുറിവേല്‍ക്കുന്നു.പിന്നീട് അവളെ കണ്ടെത്തിയ എസ്ടബാനും പെദ്രോയും തിരിച്ചെത്തി അവളെ രക്ഷിക്കുന്നു.എന്നാല്‍ അവരുടെ വഴിയില്‍ വീണ്ടും ഒരു വെള്ള ഷര്‍ട്ടുകാരന്‍ പ്രത്യക്ഷപ്പെടുന്നു.ഗബിയ്ക്ക് ഉറപ്പായിരുന്നു അയാള്‍ ആണ് തന്നെ ഉപദ്രവിച്ചത് എന്ന്.എസ്ടബാനും പെദ്രോയും അയാളെ പിന്തുടരുന്നു.അവര്‍ അയാളെ അപായപ്പെടുത്താന്‍ ശ്രമികുന്നെങ്കിലും അയാള്‍ സ്വയ പ്രതിരോധം തീര്‍ക്കുന്നു.അയാളുടെ പ്രത്യാക്രമണത്തില്‍ എസ്ടബാനും പെദ്രോയും പതറിയെങ്കിലും അവര്‍ അവരുടെ ശത്രുവിന് മേല്‍ വിജയം നേടുന്നു.അയാള്‍ മരണപ്പെടുന്നു.എന്നാല്‍ അവര്‍ മൂന്നു പേര്‍ക്കും അവിടെ ഒരു തെറ്റ് സംഭവിക്കുന്നു.ഇവിടെ ഇര സങ്കല്പം മാറ്റപ്പെടുന്നു.കഥാപാത്രങ്ങളുടെ വേഷങ്ങള്‍ക്ക് മാറ്റവും സംഭവിക്കുന്നു.അടുത്തതായി അവര്‍ തങ്ങളുടെ കുറ്റം ഏറ്റു പറയുന്ന പോലീസുകാരനായ തോമസിനും ഒരു കഥയുണ്ടായിരുന്നു.എന്നാല്‍ അയാള്‍ അവരുടെ തെറ്റില്‍ നിന്നും ലാഭം കൊയ്യാന്‍ ശ്രമിക്കുന്നു.ഇവിടെ വീണ്ടും വേട്ടക്കാരനും ഇരയും മാറുന്നു,

 ഇത്തരത്തില്‍ ഉള്ള ഒരുതരം സ്വഭാവത്തിലെ മാറ്റങ്ങളിലൂടെ ആണ് ഈ കഥാപാത്രങ്ങള്‍ സഞ്ചരിക്കുന്നത്.ഒരു നോവലിലെ അദ്ധ്യായങ്ങള്‍ പോലെ ആണ് ഈ സിനിമയുടെ സഞ്ചാരം.ആര്‍ക്കാണ് തെറ്റ് പറ്റിയത് ഇവിടെ?അതിന്റെ മുതലെടുപ്പ് നടത്തിയത് ആര് എന്നൊക്കെ ബാക്കി ചിത്രം അവതരിപ്പിക്കുന്നു."ആമോസ്" എന്ന മാനസിക നില തെറ്റിയ  വൃദ്ധന്‍ ശരിക്കും എത്തിച്ചേരുന്നത് മിത്തുകളില്‍ ഉള്ള അയാളുടെ വിശ്വാസം കൂട്ടുന്ന ഒരു അവസ്ഥയിലേക്ക് ആണ്.ഇവിടെ അയാള്‍ക്ക് അറിവില്ലാത്ത ഒരു സംഭവം ചെയ്തത് താന്‍ ആണെന്ന് കരുതുന്നു.അത് തെളിയിക്കാന്‍ അയാള്‍ ശ്രമിക്കുന്നും ഉണ്ട്.ഒരു ത്രില്ലര്‍ ചിത്രത്തില്‍ കഥാപാത്രങ്ങളുടെ ജീവിതം പല ഭാഗത്ത്‌ നിന്നും അവതരിപ്പിക്കപ്പെടുമ്പോള്‍ അതില്‍ ഒരു നിഗൂഡത കൈവരും എന്ന് തോന്നുന്നു;വിഷയം എത്ര നിസ്സാരം ആണെന്ന് തോന്നുന്ന ഒരു അവസ്ഥയില്‍ പോലും.വ്യത്യസ്തമായ ഒരു ത്രില്ലര്‍ സിനിമ അനുഭവം ആയി തോന്നി "സൂര്യകാന്തി പൂക്കളുടെ ആ രാത്രി".

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment