ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം അഭ്രപാളികളില്‍ നിറം ചാലിച്ച് രചിച്ചപ്പോള്‍ ദേശ സ്നേഹത്തിന്‍റെ തീവ്രമായ വൈകാരികത ഉണര്‍ത്തുന്ന ചില ചിത്രങ്ങള്‍ നമുക്കുണ്ടായി.ഐതിഹാസിക സമര ചരിത്രത്തിലെ മറന്നു പോയ ഏടുകള്‍ പലപ്പോഴും ഒരല്‍പം അതിഭാവുകത്വത്തോടെ ആണെങ്കിലും വെള്ളിത്തിരയില്‍ നമുക്ക് കാണാന്‍ സാധിച്ചിരുന്നു.എന്നാല്‍ അവ പലപ്പോഴും നമ്മില്‍ അസാധാരണമായ ഒരു ദേശീയ വികാരം നിറച്ചിരുന്നു.സ്വാതന്ത്ര സമരം മാത്രമല്ല ദേശിയതയും ദേശിയ ചിഹ്ന്നങ്ങളും കളികളും എല്ലാം പ്രമേയമായി വന്ന സിനിമകള്‍ ഇത്തരം വികാരങ്ങള്‍ ആളി കത്തിക്കുക പോലും ചെയ്തു പലപ്പോഴും.അത് തെരുവുകളിലേക്ക് ഇറങ്ങിയില്ലെങ്കില്‍ കൂടിയും യുവാക്കളുടെ ഇടയില്‍ ചെറിയ ഒരു ദേശിയത ബോധം ജ്വലിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.സ്വാതന്ത്ര്യ സമരത്തിന്‍റെ സമയം വിദേശ ശക്തികള്‍ക്ക് എതിരെ പോരാടാന്‍ ആളുകളെ പ്രാപ്തരാക്കാനും സമരമുഖങ്ങളിലേക്ക് ജനങ്ങളെ /എത്തിക്കാനും അക്കാലത്തെ എഴുത്തുകാര്‍ക്ക് കഴിഞ്ഞിരുന്നു.തൂലിക പടവാളാക്കിയ ആ പ്രതിഭകള്‍ പാകിയ സ്വാതന്ത്ര്യത്തിനായുള്ള വിത്തുകള്‍ മുളച്ച് പാകമായപ്പോള്‍ അവിടെ ഇന്ത്യന്‍ മഹാരാജ്യത്തിന്റെ വൈദേശിക അധിനിവേശത്തിന്റെ അവസാനം ആയിരുന്നു പിറന്നത്.ഭാരതത്തിന്‍റെ ദേശിയ ഗീതമായ "വന്ദേ മാതരം" ആദ്യം അവതരിപ്പിക്കപ്പെട്ട ബങ്കീം ചന്ദ്ര ചാറ്റര്‍ജിയുടെ "ആനന്ദ മഠം " എന്ന ബംഗാളി നോവലും ഇത്തരത്തില്‍ ഒന്നായിരുന്നു.
1857 ലെ ആദ്യ സ്വാതന്ത്ര്യ സമരത്തിന് ഏറെക്കാലം മുന്‍പ് നടന്ന ഫക്കീര്‍-സന്യാസി പോരാട്ടങ്ങളെ കുറച്ചു ആളുകള്‍ എങ്കിലും സ്വാതന്ത്ര്യത്തിനായി ഇന്ത്യന്‍ ജനത ആദ്യ യോജിച്ച പോരാട്ടം ആയി കരുതുന്നു.എന്നാല്‍ ആത്മീയതയില്‍ ഊന്നിയുള്ള ആ പോരാട്ടങ്ങള്‍ക്ക് പലപ്പോഴും ജന പിന്തുണ ലഭിക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു.മറിച്ചാണെങ്കില്‍ കൂടിയും ബ്രിട്ടീഷുകാര്‍ ആ സമര നായകന്മാരെ കൊള്ളക്കാരായി ആണ് അവതരിപ്പിച്ചത്.ഹിന്ദു സന്യാസിമാരും മുസ്ലീം ഫക്കീരുകളും നടത്തിയ ആ പോരാട്ടങ്ങള്‍ സാമ്രാജ്യ ശക്തിയെ കുറച്ചൊന്നും അല്ല ഭയപ്പെടുത്തിയത്.ചരിത്രം എഴുതപ്പെട്ടപ്പോള്‍ ഒരു പക്ഷേ അവരെ കൊള്ളക്കാരായി ചിത്രീകരിച്ചതും ആകാം.1952 ല്‍ പ്രദര്‍ശിപ്പിക്കപ്പെട്ട "ആനന്ദ് മഠം" നോവലിന്റെ ചലച്ചിത്ര ഭാഷ്യം ആണ് അതേ പേരില്‍ ഉള്ള ചിത്രവും.ഹേമന്‍ ഗുപ്ത സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രിത്വിരാജ് കപൂര്‍,പ്രദീപ് കുമാര്‍,ഭരത് ഭൂഷന്‍,രഞ്ജന തുടങ്ങിയവര്‍ ആയിരുന്നു പ്രധാന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.കറുപ്പിലും വെളുപ്പിലും തിരശ്ശീലയില്‍ അവതരിപ്പിക്കപ്പെട്ട ഈ ചിത്രം സ്വാതന്ത്ര്യ സമര ചരിത്രം കൂടാതെ അന്നത്തെ സാമൂഹിക പരിസ്ഥിതികളിലേക്കും ശ്രദ്ധ തിരിക്കുന്നുണ്ട്.അവയില്‍ പലതും ഇന്നത്തെ കാലത്തും പ്രസക്തം ആണെന്നതും ശ്രദ്ധേയം ആണ്.
പ്ലാസ്സി യുദ്ധം കഴിഞ്ഞു 20 വര്‍ഷം ആയപ്പോള്‍ ഉള്ള ഭാരതത്തിലെ അവസ്ഥ ആണ് ചിത്രത്തില്‍ അവതരിപ്പിക്കപ്പെടുന്നത്.ആത്മീയതയില്‍ ഊന്നിയുള്ള ജീവിതം നയിച്ചിരുന്നവരെ കള്ളന്മാരാക്കി ബ്രിട്ടീഷുകാര്‍ ചിത്രീകരിച്ച ആ സമരത്തിന്‍റെ സത്യാവസ്ഥ മനസ്സിലാക്കുവാന്‍ ആണ് ഈ ചിത്രത്തിന്‍റെ ശ്രമം എന്ന് ആമുഖത്തില്‍ നിന്നും മനസ്സിലാകുന്നുണ്ട്.ദാരിദ്ര്യവും,ദുരിതങ്ങളും ജനങ്ങളെ വേട്ടയാടി.വര്‍ദ്ധിപ്പിച്ച നികുതികള്‍ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുഷ്ക്കരമാക്കി.ജനങ്ങളില്‍ പകുതിയും പകര്‍ച്ചവാധിയും രോഗങ്ങളും മൂലം മരണപ്പെടുന്നു.ജീവിച്ചിരിക്കുന്നവരുടെ അവസ്ഥ മൃഗതുല്യവും.സ്വന്തം വീട്ടിലെ സ്ത്രീകളെ വിറ്റാല്‍ പോലും ഒരു പിടി ധാന്യം വാങ്ങാനാവാത്ത അവസ്ഥ.ഭൂനികുതി പിരിക്കാന്‍ ഉള്ള അവകാശം നവാബ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് തീറെഴുതി കൊടുത്തിരുന്നു.കമ്പനിയുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം ഒരു കളിപ്പാവയെ പോലെ ഭരണം നടത്തിയ നവാബ് തന്‍റെ സുഖങ്ങള്‍ക്ക് മാത്രമായി ജീവിച്ചു.മറ്റൊന്നും അയാളുടെ മുന്നില്‍ പ്രശ്നങ്ങള്‍ അല്ലായിരുന്നു.എന്നാല്‍ ഒരു കാലത്ത് ബംഗാളിലെ ഏറ്റവും സമ്പന്നന്‍ ആയ രാജാ മഹേന്ദ്ര സിന്ഘും കുടുംബവും കമ്പനിക്കു കപ്പം കൊടുക്കാന്‍ സാധിക്കാത്തതിനാല്‍ അധികാരം നഷ്ടപ്പെടുന്നു.കുട്ടിക്ക് നല്‍കാന്‍ പാല്‍ പോലും വാങ്ങാന്‍ ഉള്ള അവസ്ഥയില്‍ അല്ലായിരുന്നു അവര്‍.രാജാവും പോലും ഭിക്ഷക്കാരന്‍ ആയ സമയം.
ഒരു ഒഴിഞ്ഞ വീട്ടില്‍ തന്റെ ഭാര്യ കല്യാണിയും കുട്ടിയേയും ഇരുത്തിയത്തിനു ശേഷം രാജാ മഹേന്ദ്ര സിംഗ് കുട്ടിക്ക് പാല്‍ വാങ്ങാന്‍ ആയി പോകുന്നു.എന്നാല്‍ അവിടെ എത്തിയ പ്രാകൃതരായ ഒരു കൂട്ടം ആളുകള്‍ കല്യാണിയേയും മകളെയും അപായപ്പെടുത്താന്‍ ശ്രമിക്കുന്നു.അവരുടെ പിടിയില്‍ അകപ്പെടുന്ന രാജ്ഞിയും കുട്ടിയേയും ഗുരുദേവ് എന്ന സത്യാനന്ദ് സംരക്ഷിക്കുന്നു/സന്താന്‍ എന്ന സംഘടനയുടെ തലവന്‍ ആയിരുന്നു അദ്ദേഹം.നമ്മളെ കൊല്ലയടിക്കുന്നവരില്‍ നിന്നും സമ്പത്ത് തിരിച്ചു എടുക്കുകയും ജനങ്ങള്‍ക്ക് അത് വീതിച്ചു നല്‍കുകയും ചെയ്തിരുന്നു അവര്‍. അത് പോലെ ഈസ്റ്റ് ഇന്ത്യ കമ്പനിയെ പരാജയപ്പെടുത്താന്‍ അവര്‍ ശ്രമിക്കുകയും ചെയ്തിരുന്നു .രാജ മഹേന്ദ്ര സിംഗിനെ അന്വേഷിക്കാന്‍ തന്‍റെ അനുയായികളില്‍ പ്രമൂഖരായ ഭവാനന്ദിനെയും ജീവാനന്ദിനെയും നിയോഗിക്കുന്നു.മഹേന്ദ്ര സിംഗിന്‍റെ കൈ വശം തോക്ക് കണ്ട ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭടന്മാര്‍ അദ്ധേഹത്തെ ബന്ദിയാക്കുന്നു.എന്നാല്‍ സത്യാനന്ദിന്റെ നിര്‍ദേശ പ്രകാരം ഭാവാനന്ദും ജീവാനന്ദും തങ്ങളുടെ "വന്ദേമാതരം" വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ അദ്ധേഹത്തെ രക്ഷിക്കുന്നു.കല്യാണിയും മകളുമായി രാജാ മഹേന്ദ്രസിംഗ് വീണ്ടും കണ്ടു മുട്ടുന്നു .എങ്കിലും സ്വയ രക്ഷയ്ക്കായി കല്യാണി സൂക്ഷിച്ചിരുന്ന വിഷം അബദ്ധത്തില്‍ കുട്ടി കഴിക്കുന്നു.വിഷമം താങ്ങാന്‍ ആകാതെ കല്യാണിയും വിഷം കഴിക്കുന്നു.എന്നാല്‍ അതിനു മുന്‍പ് തന്നെ "സന്താന്‍" എന്ന സത്യാനന്ദ് ഗുരുവിന്‍റെ മാര്‍ഗങ്ങളിലും അത് പ്രതിനിധാനം ചെയ്യുന്ന ലക്ഷ്യങ്ങളിലും ആകൃഷ്ടരായിരുന്നു അവര്‍.തന്റെ മകളും ഭാര്യയും നഷ്ടപ്പെട്ട രാജ മഹേന്ദ്ര സിംഗ് സന്താനില്‍ അംഗമാകുന്നു.അദ്ദേഹം അവരുടെ അതി കഠിനമായ പ്രതിജ്ഞ എടുക്കുന്നു.എന്നാല്‍ മരിച്ചെന്നു കരുതിയ റാണിയും കുട്ടിയും യഥാക്രമം ഭാവാനന്ദ്,ജീവാനന്ദ് എന്നിവരുടെ സംരക്ഷണയില്‍ പുറം ലോകം അറിയാതെ ജീവിക്കുന്നു.ജീവാനന്ദ് ആദ്യം വിവാഹം ചെയ്ത ശാന്തി തന്‍റെ ഭര്‍ത്താവിന്റെ ഒപ്പം ജീവിക്കാന്‍ എന്ത് ത്യാഗത്തിനും തയ്യാറായിരുന്നു.എന്നാല്‍ സന്താന്‍ സംഘടനയുടെ കഠിനമായ നിയമങ്ങളില്‍ പ്രധാനം ആണ് ഒരാള്‍ അനുഷ്ടിക്കുന്ന ബ്രഹ്മചര്യം.അത് നഷ്ടപ്പെടുത്തുന്ന ആള്‍ പിഴയായി തന്‍റെ ജീവന്‍ തന്നെ നല്‍കണം.
ഇതിലെ ശാന്തി എന്ന കഥാപാത്രം ഇക്കാലത്തെ ഇതൊരു പൗരനേയും പോലെ തന്നെ ചിന്തിക്കുന്നവല്‍ ആണ്.ഒരു പക്ഷേ കാലത്തിനു മുന്‍പ് സഞ്ചരിച്ച ചിന്തകള്‍ ആയിരുന്നു ശാന്തിക്ക്.തന്‍റെ ഭര്‍ത്താവ് അനുഷ്ടിക്കുന്നു എന്ന് പറയപ്പെടുന്ന ബ്രഹ്മച്ചര്യത്തെ അവള്‍ ചോദ്യം ചെയുന്നു.സത്യാനന്ദ ഗുരുവിനോട് തന്നെ ശാന്തി അത് തുറന്നു ചോദിക്കുന്നുണ്ട്.താന്‍ സമ്മതിച്ചില്ലായിരുന്നു എങ്കില്‍ ജീവാനന്ദ് ഈ സമരത്തില്‍ പങ്കെടുക്കില്ല എന്ന് അവര്‍ പറയുന്നു.അത് പോലെ തന്നെ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വാറന്‍ ഹേസ്ടിങ്ങ്സ് തന്‍റെ ഒപ്പം വരാന്‍ ശാന്തിയെ കഷനിക്കുമ്പോള്‍ അവര്‍ അയാളെ പരിഹസിക്കുകയും ചെയ്യുന്നു.ഭാരതത്തില്‍ തമ്മില്‍ അടിക്കൂടുന്ന നാട്ടു രാജ്യങ്ങളില്‍ നിന്നും ഭാരതീയരെ സംരക്ഷിക്കാന്‍ ആണ് അവര്‍ വന്നതെന്ന് പറയുമ്പോള്‍ ശാന്തി അയാളോട് പറയുന്നു."ഞങ്ങളുടെ ഇടയില്‍ ഉള്ള പ്രശ്നങ്ങള്‍ ഞങ്ങള്‍ തമ്മില്‍ തീര്‍ത്തു കൊള്ളാം.അതിന് പുറത്തു നിന്നുള്ള ആരുടേയും സഹായം ആവശ്യമില്ല".അന്നത്തെ ഈ വാക്കുകള്‍ ഇന്ന് ലോകത്തിന്‍റെ പല ഭാഗത്തും നടക്കുന്ന സംഭവങ്ങളുമായി കൂട്ടി വായിക്കുമ്പോള്‍ മനസ്സിലാകും "ആനന്ദ് മഠം" കാലത്തിനു അതിതീതമായി ചിന്തിച്ച കൃതി ആണെന്നുള്ള വസ്തുത.അത് പോലെ തന്നെ രാജ്ഞി കല്യാണി തന്‍റെ അഭിപ്രായങ്ങളില്‍ ഉറച്ച് നില്‍ക്കുകയും അവര്‍ സ്വാഭിമാനം സംരക്ഷിക്കാന്‍ എടുക്കുന്ന നിലപാടുകളും ഇന്നത്തെ ജീവിത സാഹചര്യങ്ങളില്‍ എന്ത് മാത്രം പ്രസക്തം ആണെന്നുള്ള കാര്യവും ചിന്തിക്കേണ്ടത് ആണ്.
ചരിത്രത്തില്‍ ഉന്നതമായ സ്ഥാനങ്ങള്‍ ഒന്നും അന്ന് നടന്ന ഈ പോരാട്ടങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല.എന്നാല്‍ അതിനെ ആസ്പദമാക്കി എഴുതിയ കൃതിയും സിനിമയും ഇന്നും ചില സത്യങ്ങള്‍ നമ്മളോട് വിളിച്ചു പറയുന്നു.ഭാരതത്തെ വിഭജിച്ചത് സാമ്രാജത്യ ശക്തികളുടെ ഗൂഡാലോചനയുടെ ഭാഗം തന്നെ ആയിരുന്നു.അതിനായി നിലകൊണ്ട നേതാക്കന്മാരും ചിന്തിയ ചോരയുടെ കണക്കും ഇന്നും വര്‍ദ്ധിക്കുന്നു.രാജ്യം ഈ ആഗസ്റ്റ് 15 ന് അറുപത്തിയെട്ടാം സ്വാതന്ത്ര ദിന വാര്‍ഷികം ആഘോഷിക്കുമ്പോള്‍ സ്വാതന്ത്രതിനായി ആഘോരാത്രം ശ്രമിക്കുകയും ഇപ്പോള്‍ നമ്മള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം നേടി തന്ന ധീരന്മാരെ ഓര്‍ക്കുകയും ചെയ്യാം.ജാതി-മതഭേദമെന്യ ആ സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കാന്‍ ഉള്ള ശ്രമങ്ങള്‍ നമുക്ക് തുടരാം.
More reviews @ www.movieholicviews.blogspot.com
No comments:
Post a Comment