Sunday, 26 October 2014

203.LET'S BE COPS(ENGLISH,2014)

203.LET'S BE COPS(ENGLISH,2014),|Comedy|,Dir:-Luke Greenfield,*ing:-Jake Johnson,Damon Wayns.

  ജീവിതത്തില്‍ തങ്ങള്‍ എന്തിലാണോ നല്ലത് അതില്‍ വിജയം നേടാന്‍ കഴിയാത്ത രണ്ടു സുഹൃത്തുക്കള്‍ ആണ് രയാനും ജെസ്റ്റിനും.റയാന്‍ കോളേജ് സമയങ്ങളില്‍ മികച്ച ഒരു റഗ്ബി കളിക്കാരന്‍ ആയിരുന്നു.എന്നാല്‍ മുട്ടില്‍ ഏറ്റ ക്ഷതം അയാളുടെ ജീവിതത്തില്‍ ഒരു പ്രൊഫഷനല്‍ കളിക്കാരന്‍ ആകാന്‍ ഉള്ള സാധ്യത നഷ്ടമാക്കി.ജസ്റ്റിന്‍ ഒരു ഗെയിം ഡെവലപ്പര്‍ ആണ്.ജസ്റ്റിന്‍ വികസിപ്പിച്ച പോലീസ്മാന്‍ എന്ന ഗെയിം അയാളുടെ കമ്പനിയില്‍ ആരും സ്വീകരിക്കുന്നില്ല.ചുരുക്കത്തില്‍ നാട്ടുകാര്‍ക്കൊക്കെ മോശം അഭിപ്രായം ഉള്ള രണ്ടു പേര്‍ ആയിരുന്നു രയാനും ജസ്റ്റിനും .അവര്‍ ഒരുമിച്ചാണ് താമസിക്കുന്നതും.ജസ്റ്റിന്റെ ഗെയിം കമ്പനി നിരസിച്ച ദിവസം പഴയ സഹപാഠികള്‍ ഒന്നിച്ചു കൂടുന്ന ഒരു പാര്‍ട്ടി ഉണ്ടായിരുന്നു.

   കോസ്ട്യൂം പാര്‍ട്ടി ആണെന്ന് കരുതി ജസ്റ്റിന്‍ ഗെയിമിനു വേണ്ടി തയ്യാറാക്കിയ പോലീസ് വേഷം അണിഞ്ഞാണ് അവര്‍ അവിടെ ചെന്നത്.എന്നാല്‍ അതൊരു Masquerade പാര്‍ട്ടി ആയിരുന്നു.അവര്‍ അവിടെ വച്ച് ചിലരോട് എങ്കിലും പോലീസില്‍ ആണെന്ന് പറഞ്ഞു.എന്നാല്‍ റയാന്‍ ആകെ നിരാശനായി മാറി.പഴയ സുഹൃത്തുക്കള്‍ എല്ലാം സമ്പന്നതയില്‍ നില്‍ക്കുന്നു.അവര്‍ ആരും ഇവരോട് രണ്ടു താല്‍പ്പര്യം കാണിക്കുന്നും ഇല്ല.നിരാശരായ അവര്‍ രണ്ടു പേരും അവിടെ നിന്നും ഇറങ്ങി.ആ പോലീസ് യൂണിഫോര്‍മില്‍ തന്നെ.ആളുകള്‍ അവര്‍ ശരിക്കുള്ള പോലീസ് ആണെന്ന് കരുതുന്നു.അന്ന് രാത്രി അവര്‍ ദു:ഖങ്ങള്‍ മാറ്റാന്‍ ആ വേഷത്തില്‍ അര്‍മാദിച്ചു.എന്നാല്‍ റയാന്‍ അടുത്ത ദിവസം തന്നെ പോലീസ് ആകാന്‍ ഉള്ള തയാറെടുപ്പുകള്‍ നടത്തുന്നു.യൂടൂബ് വീഡിയോകളില്‍ നിന്നും പോലീസ് ഉപയോഗിക്കുന്ന കോഡുകള്‍ മനസ്സിലാക്കുന്നു.ഇ-ബേ യില്‍ നിന്നും പോലീസ് കാര്‍ പോലുള്ളത് ഒരെണ്ണം വാങ്ങുന്നു.ആദ്യം ഇതിനെ എതിര്‍ത്ത ജസ്റ്റിന്‍ എന്നാല്‍ രയാന്റെ ഒപ്പം ചേരുന്നു.അതിന്റെ ഇടയ്ക്ക് ജസ്റ്റിന്റെ പേര് ചാംഗ് എന്നാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നു.പോലീസ് വേഷത്തില്‍ അവരുടെ ജീവിതത്തിലെ വിഷമങ്ങള്‍ മറക്കുമ്പോള്‍ ആയിരുന്നു അവയ്ക്ക് ശരിക്കുള്ള അപകടം നേരിടേണ്ടി വരുന്നത്.കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

  തീര്‍ച്ചയായും കണ്ടിരിക്കണ്ട സിനിമ എന്നൊന്നും ഒരിക്കലും ഈ ചിത്രത്തെ കുറിച്ച് പറയില്ല.എന്നാല്‍ Jump Street പരമ്പര,Harold and Kumar പരമ്പര  പോലെ ഉള്ള സിനിമകള്‍ ആസ്വധിചിട്ടുള്ളവര്‍ക്ക്ഈ സിനിമയും ഇഷ്ടം ആകും എന്ന് തോന്നുന്നു.വെറുതെ ഒരു ടൈം പാസ് സിനിമ മാത്രമായി കാണാവുന്ന ഒന്ന്.അമേരിക്കന്‍ കോമഡി സിനിമകളുടെ അതേ രീതിയില്‍ ഒന്നാണ് ഈ ചിത്രം.ചിലപ്പോള്‍ ഒരു രണ്ടാം ഭാഗം ഒക്കെ വരുമായിരിക്കും എന്ന് തോന്നുന്നു.എന്തായാലും സമ്മിശ്ര പ്രതികരണം ആണ് ഈ ചിത്രത്തെ കുറിച്ച് ലഭിച്ചത്.എന്തായാലും ഒരു കാഴ്ചക്കാരന്‍ എന്ന നിലയില്‍ സിനിമ കുറച്ചൊക്കെ ചിരിപ്പിച്ചു.

More reviews @ www.movieholicviews.blogspot.com

Saturday, 25 October 2014

202.KILLER TOON(KOREAN,2013)

202.KILLER TOON(KOREAN,2013),|Thriller|Horror|Crime|,Dir:-Yong Gyun Kim,*ing:-Si Young Lee,Ki Joon Hum.

  "പ്രേതങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടോ?അതോ മനസ്സിലെ തിന്മയുടെ പ്രതിനിധി ആണോ"?

  കാംഗ് ജി യുംഗ് തന്റെ ആദ്യ വെബ്ടൂണ്‍ ആയ "History of Lunacy" യുടെ വിജയത്തിന് ശേഷം അടുത്തത് പ്രസിദ്ധീകരിക്കാന്‍ ഉള്ള ഒരുക്കത്തില്‍ ആണ്.പ്രേതങ്ങളുടെയും പകയുളള ആത്മാക്കളുടെയും കഥ പറയുന്ന ആദ്യ വെബ്ടൂണും അതിന്‍റെ പുസ്തക രൂപവും എല്ലാം വലിയ ഹിറ്റുകള്‍ ആയിരുന്നു.അവര്‍ തന്റെ ആദ്യ സമാഹാരം പ്രസിദ്ധീകരിച്ച പ്രസാധകയുടെ അടുക്കല്‍ തന്‍റെ പുതിയ കഥ അയച്ചു കൊടുക്കുന്നു.പ്രസാധകയുടെ സെര്‍വറിലേക്ക് നേരിട്ട് അയച്ച ആ സമാഹാരത്തില്‍ കണ്ട ചിത്രങ്ങള്‍ അവരെ ഭയചകിത ആക്കുന്നു.അവരുടെ ജീവിതത്തില്‍ അവരിലൂടെ മാത്രം ജീവിക്കുന്ന ഒരു രഹസ്യത്തിന്റെ കഥ ആയിരുന്നു അതില്‍.ഭയന്ന് പോയ അവര്‍ കാംഗ് ജി യുംഗിനെ ഫോണില്‍ ബന്ധപ്പെടുന്നു.എന്നാല്‍ അവരുടെ വോയിസ് മെയിലിലേക്ക് ആണ് ആ കോള്‍ പോയത്.അവര്‍ തന്റെ ജീവിതത്തിലെ ആ ഇരുണ്ട രഹസ്യം കാംഗ് എങ്ങനെ മനസ്സിലാക്കി എന്ന് ചോദിക്കുന്നു.അല്‍പ്പ സമയത്തിന് ശേഷം അവര്‍ ആ വെബ്ടൂണില്‍ ഉള്ള അതെ രീതിയില്‍ കൊല്ലപ്പെടുന്നു.മരിച്ച രീതിയും മരിച്ചു കിടക്കുന്ന രീതി പോലും ആ വെബ്ടൂണില്‍ ഉള്ളത് പോലെ തന്നെ ആയിരുന്നു.

   കേസ് അന്വേഷണം ഡിറ്റക്ടീവ് ആയ ലീ കി ചിയോളും സഹായിയും കേസ് അന്വേഷണം ഏറ്റെടുക്കുന്നു.അവര്‍ക്ക് സംഭവ സ്ഥലത്തുള്ള കമ്പ്യൂട്ടറില്‍ തുറന്ന വച്ച രീതിയില്‍ നേരത്തെ നടന്ന കൊലപാതകത്തിന്റെ വെബ്ടൂണ്‍ ലഭിക്കുന്നു.അവിടെ നിന്നുള്ള തെളിവുകള്‍ പരിശോദിച്ചതില്‍ നിന്നും വ്യത്യസ്തമായി ഒന്നും കണ്ടെത്താന്‍ സാധിക്കുന്നില്ല.ആദ്യം ആത്മഹത്യ ആണെന്ന് കരുതിയ മരണം യഥാര്‍ത്ഥത്തില്‍ കൊലപാതകം ആണെന്നുള്ള ഒരു സംശയം ഒഴികെ.അവര്‍ കാംഗിനെ കണ്ടെത്തുന്നു.എന്നാല്‍ കാംഗ് അവിടെ ഇല്ലായിരുന്നു എന്നവരെ അറിയിക്കുന്നു.കാംഗ് പറഞ്ഞതില്‍ അസ്വാഭാവികത ഒന്നും അവര്‍ക്ക് തോന്നുന്നും ഇല്ല.മരണം സംഭവിച്ച ആയുധത്തില്‍ പ്രസാധകയുടെ വിരല്‍പ്പാടുകള്‍ മാത്രം ലഭിച്ച സാഹചര്യത്തില്‍ പ്രത്യേകിച്ചും.എന്നാല്‍ പിന്നീട് ആ വെബ്ടൂണ്‍ വായിക്കുന്നതിന്റെ ഇടയ്ക്ക് ആണ് ലീ അത് ശ്രദ്ധിക്കുന്നത്.പരിചിതമായ സ്ഥലം പരിചിതമായ സന്ദര്‍ഭങ്ങള്‍.അതെ,ആ വെബ്ടൂണില്‍ ഉള്ളത് പോലെ ഉള്ള ഒരു കൊലപാതകം അടുത്തതായി നടക്കാന്‍ പോകുന്നു.കാംഗും അടുത്ത് സംഭവിക്കാന്‍ പോകുന്ന ആപത്തു തിരിച്ചറിയുന്നു.അവര്‍ ആ സ്ഥലത്തേക്ക് പോകുന്നു.ബാക്കി അറിയാന്‍ ഈ ചിത്രം കാണുക.

  ഒരു ഹൊറര്‍ ചിത്രം എന്ന് ഒരു ജോനറില്‍ ഈ ചിത്രത്തെ തളച്ചു ഇടാം  എന്ന് ഞാന്‍ കരുതുന്നില്ല.ലോജിക്കല്‍ ആയുള്ള കാരണങ്ങളിലൂടെ നടക്കുന്ന സംഭവങ്ങള്‍ ആണ് ഈ ചിത്രത്തില്‍ പലപ്പോഴും.പ്രത്യേകിച്ചും പ്രേതം ഉണ്ടെന്ന് തോന്നുന്ന സ്ഥലങ്ങള്‍ പല്ലും കാണിച്ചു വെട്ടാത്ത വിരലുകള്‍ കാണിച്ചു ഭയപ്പെടുത്തുന്ന രീതിയില്‍ ഒന്നും തന്നെ ഇല്ല.അത് കൊണ്ട് തന്നെ ഭയപ്പെടുത്തുന്ന ഒരു ചിത്രമല്ല ഇത്.പിന്നെ ക്ലൈമാക്സ് അല്‍പ്പം കുഴപ്പിച്ചു എന്നെ.പ്രേതം യഥാര്‍ത്ഥത്തില്‍ ഉണ്ടോ അതോ ഇല്ലയോ എന്ന് ഒരു സംശയം .സീരിയല്‍ കില്ലിംഗ് ഒക്കെ ആയി കുറച്ചും കൂടി കൊഴുപ്പിക്കാന്‍ ഉണ്ടായിരുന്നു ഈ തീമില്‍.കുറച്ചും കൂടി ഒരു ഗ്രിപ്പ് എങ്കില്‍ ഈ ചിത്രത്തിന് ലഭിക്കുമായിരുന്നു എന്ന് തോന്നുന്നു.മടുപ്പില്ലാതെ കാണാവുന്ന ഒരു കൊറിയന്‍ ചിത്രം.

More reviews @ www,movieholicviews.blogspot.com

201.THE EXTERMINATING ANGEL(SPANISH,1962)

201.THE EXTERMINATING ANGEL(SPANISH,1962),|Fantasy|Drama|,Dir:-Luis Bunuel,*ing:-Silvia Pinal,Jacqueline Andere,Enrique Rambel.

  ഒരു വിനോധോപാധി എന്ന നിലയില്‍ നിന്നും ആളുകളെ ചിന്തിപ്പിക്കാന്‍ തക്ക ശക്തമായ പ്രമേയങ്ങള്‍ ചില ചിത്രങ്ങളുടെ മുഖമുദ്ര ആണ്.അത്തരം ചിത്രങ്ങളില്‍ പ്രേക്ഷകന് ഒരു പ്രത്യേകം ഇരിപ്പിടം സംവിധായകന്‍ നല്‍കിയിട്ടുണ്ടാകും.തന്റെ ഭാവനയില്‍ വിരിയുന്ന സിനിമയില്‍ പ്രേക്ഷകനും കൂടി പങ്കാളിത്തം ഉറപ്പാക്കുന്ന സിനിമകള്‍.അത്തരം ചിത്രങ്ങളുടെ ഒരു പ്രത്യേകത എന്താണെന്ന് വച്ചാല്‍ കൂടുതല്‍ ആളുകളുടെ ഭാവനയിലൂടെ ഈ ചിത്രം സഞ്ചരിക്കുമ്പോള്‍ ഓരോ പുതിയ സിനിമകള്‍ ജനിക്കുകയാണ് പലപ്പോഴും എന്ന് തോന്നി പോകും.ഇത്തരം ആശയങ്ങള്‍ പങ്കു വയ്ക്കുന്ന സിനിമകളെ "സറിയലിസം" എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്താം.തികച്ചും അപരിചിതമായ ഒരു കഥാ തന്തുവും അതിലും അപരിചിതമായ കഥാ സന്ദര്‍ഭങ്ങളും തീര്‍ച്ചയായും പ്രേക്ഷകന് നേരത്തെ പറഞ്ഞത് പോലെ ചിന്തിക്കാന്‍ ഒരിടം നല്‍കുന്നുണ്ട്.

  ഇത്തരത്തില്‍ ഒരാശയം അവതരിപ്പിക്കുന്ന ചിത്രം ആണ് "The Exterminating Angel".ലൂയിസ് ബുനുവേലിന്റെ സംവിധാനത്തില്‍ രൂപം കൊണ്ട സിനിമ Bunuel/Alatriste/Pinal സിനിമ പരമ്പരയിലെ രണ്ടാമത്തെ ചിത്രമാണ് (Viridana,Simon of the  Desert എന്നിവയാണ് മറ്റു രണ്ടു ഭാഗങ്ങള്‍).ഈ സംവിധായകന്‍റെ തന്നെ "The Discreet Charm of Bourgeoisie"(1972) ഇതേ മാതൃകയില്‍ ഉള്ള ചിത്രം ആണ്.ഒരു രാത്രിയില്‍ എഡ്മുണ്ടോ-ലൂസിയ ദമ്പതികള്‍ അവരുടെ കൊട്ടാര സദൃശ്യമായ വീട്ടില്‍ നടത്തിയ അത്താഴത്തിന് മുന്‍പ് അവിടെ ഉള്ള ജോലിക്കാര്‍ ദുരൂഹമായി  കൂട്ടത്തോടെ  അവരുടെ ജോലികള്‍ ഉപേക്ഷിച്ചു പോകുന്നു.അത്താഴത്തിനു ശേഷം അവിടെ വന്ന വിശിഷ്ടാതിഥികള്‍ ബ്ലാങ്ക എന്ന യുവതിയുടെ പിയാനോ വായന ശ്രവിക്കുന്നു.അവര്‍ അതിനെ പുകഴ്ത്തുകയും ചെയ്യുന്നു.വേറൊരു ഗാനം അവരോടു വായിക്കാന്‍ അതിഥികള്‍ ആവശ്യപ്പെടുന്നു.എന്നാല്‍ അവര്‍ തീരെ തളര്‍ന്നിരിക്കുക ആണെന്ന് അവര്‍ പറയുന്നു.അതിനു ശേഷം അതിഥികള്‍ അവിടെ നിന്നും തിരിച്ചിറങ്ങാന്‍ പോവുകയാണ് എന്ന രീതിയില്‍ പെരുമാറുന്നു എങ്കിലും അവര്‍ വളരെയധികം രാത്രി യെന്നും പറഞ്ഞു അന്ന് അവിടെ തന്നെ താമസിക്കാന്‍ തീരുമാനിക്കുന്നു.

  അവര്‍ ഒരു മായാ വലയത്തിലേക്ക് സഞ്ചരിക്കുന്നത് പോലെ ആയിരുന്നു പിന്നെ.പിറ്റേന്ന് രാവിലെ ഉണര്‍ന്ന അവര്‍ എന്നാല്‍ ഓരോ കാരണങ്ങള്‍ നിരത്തി അവിടെ നിന്നും തിരിക്കാന്‍ ശ്രമിക്കുന്നില്ല.അവര്‍ രാത്രി കിടന്നുറങ്ങിയ ആ മുറിയുടെ പുറത്തു പോകുവാന്‍ അവര്‍ക്ക് സാധിക്കുന്നില്ല.അദൃശ്യമായ കാരണങ്ങളും സംഭവങ്ങളും അവരെ അവിടെ തളച്ചിടുന്നു.അവിടെ അവശേഷിച്ചിരുന്ന  ജോലിക്കാരന്‍ പോലും ആ മുറിയില്‍ നിന്നും പുറത്തു കടക്കുവാന്‍ വിമൂഖത കാണിക്കുന്നു.അവര്‍ അവിടെ ഉണ്ടായിരുന്ന ഭക്ഷണം വെള്ളം എന്നിവയെല്ലാം ഉപയോഗിക്കുന്ന.തോട്ടപുറത്തെ മുറിയില്‍ പോയാല്‍ ഭക്ഷം കഴിക്കാം എങ്കിലും അവര്‍ ആരും അതിനു മുതിരുന്നില്ല.പൊതു സമൂഹത്തില്‍ ഉന്നതരായ വ്യക്തികള്‍ എന്നാല്‍ അത്തരം ഒരു സ്ഥലത്ത് വിചിത്രമായ സ്വഭാവ വിശേഷതകള്‍ പ്രകടിപ്പിക്കുന്നു.ഉള്ളിന്റെയുള്ളില്‍ വേരുപ്പുന്ടെങ്കില്‍ കൂടിയും അവര്‍ അവിടെ നിന്നും വിട്ടു പോകുന്നില്ല.അതിതികള്‍ക്കും ആതിഥേയനുമെല്ലാം മനസ്സിന് മടുപ്പ് ഉണ്ടാകുന്നു.അവര്‍ അത് ദിവസം കൂടും തോറും പ്രകടിപ്പിക്കുന്നും ഉണ്ട്.സമ്പന്നതയുടെ പൊള്ളത്തരങ്ങളുടെ മുഖമൂടി അഴിച്ചു മാറ്റാന്‍ സംവിധായകന്‍ ചെയ്യുന്നുണ്ട് "The Discreet Charm of Bourgeoisie" യില്‍ ചെയ്തത് പോലെ തന്നെ.അവര്‍ ആരോടും അനുകമ്പ കാണിക്കുന്നില്ല.രോഗിയായ ആളുകളോട് പോലും അവര്‍ മോശമായി പെരുമാറുന്ന അവസ്ഥയില്‍ ആയിരുന്നു.അവരുടെ ഇടയില്‍ തന്നെ ഒരു തരാം വിദ്വേഷം ഉടലെടുക്കുന്നു.

  ഇതിന്‍റെ ഇടയില്‍ പുറത്തു നിന്നും ഉള്ളവര്‍ക്കും ആ വീട്ടില്‍ കയറാന്‍ ആകാത്ത ഒരു അവസ്ഥ ഉണ്ടാകുന്നു.തങ്ങളുടെ സമനില തെറ്റിയ അവര്‍ മനുഷ്യനില്‍ നിന്നും മൃഗത്തിന്റെ ചിന്തകളിലേക്ക് മാറുന്നു.കഥയില്‍ അവ്യക്തത ഉണ്ടെങ്കിലും സിനിമയുടെ പേരില്‍ നിന്നും സംവിധായകന്‍ ഇജിപ്റ്റിലെ ആദ്യ ശിശുവിനെ വധിച്ച "The Exterminating Angel"നെ പ്രതിനിധീകരിക്കുന്നതായി ഒരിടത് വായിച്ചിരുന്നു.അതോടു കൂടി ചേര്‍ത്ത് വായിക്കാവുന്നതാണ് അവര്‍ക്ക് ഭക്ഷണമാകാന്‍ വേണ്ടി ആ മുറിയില്‍ വരുന്ന ആടുകള്‍.മാലാഖ അയച്ചു കൊടുത്ത ഭക്ഷണം പോലെ.മൂന്നു മരണങ്ങള്‍ നടന്ന ആ വീട്ടില്‍ നടന്നത് അനുഭവിച്ചറിയണം പിന്നെ.സറിയലിസത്തിലൂന്നിയുള്ള സിനിമകളില്‍ ഉന്നത സ്ഥാനം ഉണ്ട് ഈ ചിത്രത്തിന്.കണ്ടറിയണ്ട അനുഭവം ആണ് ഈ ചിത്രം.വ്യക്തമായി അവ്യക്തത ഈ ചിത്രത്തില്‍ കാണാം.എന്നാല്‍ ഈ അവ്യക്തതയില്‍ ആണ് ഈ ചിത്രത്തില്‍ പ്രേക്ഷകന്‍റെ ഭാവനയ്ക്ക് ഉള്ള സ്ഥലം.ഭാവന ചിറകു വിടര്‍ത്താന്‍ ഈ ചിത്രം തീര്‍ച്ചയായും കണ്ടു നോക്കാം.

More reviews @ www.movieholicviews.blogspot.com

Friday, 24 October 2014

200.Dr.BABASAHEB AMBEDKAR(HINDI,2000)

200.Dr.BABASAHEB AMBEDKAR(HINDI,2000),|Biography|History|,Dir:-Jabbar Patel,*ing:-Mammootty,Sonali Kulkarni.

  "ഭാരത ഭരണഘടന ശില്‍പ്പിയുടെ ജീവിതത്തിലൂടെ ഒരു യാത്ര-Dr.ബാബസാഹേബ് അംബേദ്‌കര്‍."

  "Dr.ബാബ സാഹെബ് അംബേദ്കര്‍" ചരിത്ര പുസ്തകങ്ങളിലൂടെയും അമര്‍ ചിത്ര കഥകളിലൂടെയും  ആണ് എനിക്ക് പരിചയം.പിന്നെ ഉത്തര്‍ പ്രദേശിലെ മായാവതിയുടെ പാര്‍ട്ടിയും നമ്മുടെ നാട്ടില്‍ ഇടയ്ക്ക് മുള പൊട്ടിയ DHRM എന്ന സംഘടനയുടെ പേരിലും.പറഞ്ഞു വരുന്നത് അദ്ധേഹത്തിന്റെ ജീവ ചരിത്രം അധികം ചര്‍ച്ച ചെയ്യപ്പെടുന്നത് കണ്ടിട്ടില്ല എന്നാണു.എന്തായാലും ഈ ചിത്രം കണ്ടതോട്‌ കൂടി ഒരു നല്ല അഭിപ്രായരൂപീകരണം ഉണ്ടാക്കാന്‍ സാധിച്ചു എന്ന് കരുതുന്നു.ബ്രിട്ടീഷ് ഭരണക്കാലത്ത് ജനിച്ച അംബേദ്‌കര്‍ തന്‍റെ പട്ടാളക്കാരന്‍ ആയ പിതാവിന്‍റെ പതിനാലാമത്തെ പുത്രന്‍ ആയിരുന്നു."മഹര്‍" എന്ന ജാതിയില്‍ ജനിച്ച അദ്ദേഹം തൊട്ടു കൂടായ്മ നിലനിന്നിരുന്ന ആ കാലത്ത് സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ പലരും ശ്രമിച്ചിരുന്നു.എന്നാല്‍ പട്ടാളത്തില്‍ സുബേദാര്‍ ആയ പിതാവിന്‍റെ പ്രേരണയാല്‍ വിദ്യാഭ്യാസത്തില്‍ മുന്‍പന്തിയില്‍ ആയിരുന്നു അദ്ദേഹം.അതിന്റെ തെളിവുകള്‍ ആണ് അദ്ദേഹത്തിന് ഉന്നത വിദ്യാഭ്യാസം ലഭിച്ച പ്രശസ്ത യൂണിവേര്സിട്ടികള്‍.നിയമത്തില്‍ ആഴമായ പഠനം നടത്തിയ അദ്ദേഹം എന്നാല്‍ അന്ന് ഇന്ത്യയിലും വിദേശത്തും  പ്രചാരത്തില്‍ ഉണ്ടായിരുന്ന ദേശിയ പ്രസ്ഥാനങ്ങളില്‍ തുടക്കത്തില്‍ ഇടപ്പെട്ടിരുന്നില്ല.

  പിന്നീട് ഭാരതത്തില്‍ മടങ്ങി എത്തി ജോലിയില്‍ ഏര്‍പ്പെടുന്ന സമയത്താണ് അദ്ദേഹം താന്‍ ഉള്‍പ്പടെ ഉള്ള താഴ്ന്ന ജാതി എന്ന് സമൂഹം കരുതിപോകുന്ന സമൂഹത്തിന്റെ ജിവിത വ്യവസ്ഥകള്‍ നേരിട്ട് മനസ്സിലാക്കിയത്.ഉന്നത ഉദ്യോഗസ്ഥന്‍ ആയാണ് ഉദ്യോഗത്തില്‍ പ്രവേശിച്ചതെങ്കിലും കുടി വെള്ളം പോലും മേല്‍ജാതിക്കാരായ താഴ ഉദ്യോഗസ്ഥരുടെ കൂടെ പങ്കു വയ്ക്കുന്നതില്‍ നിന്നും അദ്ധേഹത്തെ വിലക്കിയിരുന്നു.താമസിക്കാന്‍ ഒരു വീട് പോലും കിട്ടാതെ താന്‍ ഒരു പാര്‍സി ആണെന്ന് കള്ളം പറഞ്ഞു വരെ അദ്ദേഹത്തിന് ജീവിക്കാണ്ടി വന്നിട്ടുണ്ട്/എന്നാല്‍ ഒരു ദിവസം അദ്ദേഹം ഈ അനീതികള്‍ക്കു എതിരെ പോരാടാന്‍ തീരുമാനിക്കുന്നു."മനു സ്മൃതിയില്‍" ഊന്നി പിടിച്ചു ചാതുര്‍വര്‍ണ്യ വ്യവസ്ഥയെ പിന്തുണയ്ക്കുന്ന ഭാരതീയര്‍ ആണ് ബ്രിട്ടീഷുകാരെക്കാളും അപകടകാരികള്‍ എന്ന് അദ്ദേഹം തിരിച്ചു അറിയുന്നു.ഗാന്ധിജിയുടെ ഹരിജന്‍ പ്രയോഗത്തോട്‌ പോലും അദ്ദേഹം മുഖം തിരിക്കുന്നു.പ്രത്യേകിച്ചും ഹിന്ദു മതത്തിന്‍റെ നിലനില്‍പ്പ്‌ ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ അധിഷ്ഠിതമായ ഒന്നാണ് ഏന് ഗാന്ധിജി പറയുമ്പോള്‍ അംബേദ്‌കര്‍ അതിനോട് യോജിക്കുന്നില്ല.അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ അദ്ദേഹം എടുത്ത നിലപാടുകള്‍ ബ്രിട്ടീഷുകാരെ പോലും അത്ഭുതപ്പെടുത്തി/അദ്ദേഹം ഒരു ദേശിയ വാദി ആണോ അതോ കലാപകാരി ആണോ എന്ന് പോലും ആര്‍ക്കും മനസ്സിലാകാത്ത ഒരവസ്ഥ.മറ്റു മതങ്ങളുടെ ഇടയില്‍ അദ്ദേഹം രാജ്യദ്രോഹി വരെ ആയി മുദ്ര കുത്തപ്പെട്ടു.പ്രത്യേകിച്ചും "റൌണ്ട് ടേബിള്‍ കൊണ്ഫ്രാന്സിനു" ശേഷം.അംബേദ്‌കര്‍ ഇതിനോടെല്ലാം പട പൊരുതി അവസാനം ഭാരത ഭരണഘടനയുടെ ശില്‍പ്പി ആയതെങ്ങനെ ആണ് എന്നാണു ജബ്ബാര്‍ പട്ടേല്‍ ബാക്കി ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്‌.

  പപ്പിലിയോ ബുദ്ധയില്‍ ഗാന്ധിജിയെ അവഹേളിക്കുന്ന രംഗങ്ങള്‍ ഉണ്ടായിരുന്നു.പ്രത്യേക പദവി ദളിത്‌ വംശജര്‍ക്ക് നല്‍കാന്‍ ഉള്ള തീരുമാനത്തിന് എതിരെ അദ്ദേഹം നിരാഹാര സമരം ചെയ്യുന്നത് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തന്നെ നിര്‍മിച്ച ചിത്രം ആയതു കൊണ്ട് രാഷ്ട്രീയ ബിംബങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പ്രശ്നം ഉണ്ടാക്കി ഇല്ല ഈ ചിത്രത്തില്‍ എന്ന് മാത്രം.ഇനി സിനിമയെ കുറിച്ച്.മമ്മൂട്ടി എന്ന നടന്‍ ആണ് നായകന്‍ എന്ന് കേട്ടിരുന്നു.എന്നാല്‍ ഈ ചിത്രത്തില്‍ അങ്ങനെ ഒരു വ്യക്തിയെ കാണാന്‍ സാധിച്ചില്ല.പകരം അംബേദ്‌കര്‍ ആയി അദ്ദേഹം ജീവിക്കുക തന്നെ ആയിരുന്നു.അംബേദ്‌കര്‍ അഭ്രപാളികളില്‍ ശരീരം സ്വീകരിച്ചപ്പോള്‍ അതില്‍ കൃത്രിമത്വം ഇല്ലാത്ത രീതിയില്‍ തന്നെ അദ്ദേഹം അവതരിപ്പിച്ചു.1998 ലെ മികച്ച നടനുള്ള പുരസ്ക്കാരം ഇതിലൂടെ അദ്ധേഹത്തെ തേടി എത്തുകയും ചെയ്തു.ജീവിത കഥകള്‍ സിനിമയാക്കുമ്പോള്‍ പലപ്പോഴും മസാല ചേരുവകകള്‍ ചേര്‍ക്കുന്നതായി കണ്ടിട്ടുണ്ട്.എന്നാല്‍ ആദ്യ പത്നിയായ രമാഭായ് ആയും അവര്‍ മരണപ്പെട്ടപ്പോള്‍ ജീവിതത്തില്‍ ഒപ്പം കൂട്ടിയ ഡോ.കബീര്‍ ആയുള്ള രംഗങ്ങളില്‍ ഒന്നും അത് കൊണ്ട് തന്നെ അതിഭാവുകത്വം കലര്‍ത്താതെ അവതരിപ്പിക്കാന്‍  സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്.മികച്ച ഒരു ഇന്ത്യന്‍ ബയോഗ്രഫി ചിത്രം ആയാണ് ഈ ചിത്രം എനിക്ക് അനുഭവപ്പെട്ടത്.

More reviews @ www.movieholicviews.blogspot.com

Wednesday, 22 October 2014

199.GOOD MORNING,VIETNAM(ENGLISH,1987)

199.GOOD MORNING,VIETNAM(ENGLISH,1987),|Comedy|War|Drama|,Dir:-Barry Levinson,*ing:-Robbin Williams,Forest Whitaker.

 അറുപതുകളുടെ പശ്ചാത്തലത്തില്‍ അമേരിക്ക വിയട്നാമില്‍ സേനയെ വിന്യസിപ്പിച്ച കാലഘട്ടത്തില്‍ ആണ് "ഗുഡ് മോര്‍ണിംഗ് വിയട്നാമിന്റെ" കഥ നടക്കുന്നത്."റോബിന്‍ വില്യംസ്" അഡ്രിയാന്‍ ക്രോണര്‍ എന്ന "ആര്‍ ജെ"യെ അവതരിപിക്കുന്നു.അഡ്രിയാന്‍ വ്യോമസേനയിലെ എയര്‍മാന്‍ ആണ്.അയാള്‍ പട്ടാളക്കാര്‍ക്ക് വേണ്ടി മറ്റു രാജ്യങ്ങളില്‍ അമേരിക്ക നടത്തുന്ന റേഡിയോയില്‍ ജോക്കി ആണ്.തന്റേതായ ഒരു രസികന്‍ ശൈലിയില്‍ ആണ് അദ്ദേഹം തന്റെ പരിപാടികള്‍ അവതരിപ്പിക്കുന്നത്‌.അത് കൊണ്ട് തന്നെ പട്ടാളക്കാര്‍ക്കിടയില്‍ അയാള്‍ പ്രശസ്തന്‍ ആണ്.സെയ്ഗോനിലേക്ക് ക്രെറ്റില്‍ എന്ന സ്ഥലത്ത് നിന്നും വന്ന അഡ്രിയാന്‍ അതിവേഗം തന്നെ വിയട്നാമില്‍ ഒരു തരംഗം ആയി മാറി.രാവിലത്തെ പ്രോഗ്രാമില്‍ "ഗുഡ് മോര്‍ണിംഗ് വിയട്നാം" എന്ന് തുടങ്ങുന്ന അഡ്രിയാന്‍ പട്ടാളക്കാര്‍ക്ക് വേണ്ടി കേള്‍പ്പിച്ചിരുന്ന പാട്ടുകളുടെ പട്ടികയില്‍ പോലും മാറ്റം വരുത്തി.പട്ടാളക്കാരുടെ ജീവിതത്തിലെ അവിഭാജ്യം ആയി മാറുക ആയിരുന്നു അഡ്രിയാന്‍.വാര്‍ത്തകള്‍ രസകരമായി അവതരിപ്പിക്കാന്‍ ഉള്ള പ്രത്യേക കഴിവും വാക്ചാരുതയും അഡ്രിയാന്‍ സഹ ജോക്കികളുടെ ഇടയിലും ബ്രിഗേഡിയര്‍ ജെനറലിന്റെ ഇടയിലും പ്രിയങ്കരന്‍ ആക്കി.

  എന്നാല്‍ അഡ്രിയാന്റെ തമാശകള്‍ ഇഷ്ടപ്പെടാത്തവര്‍ ഉണ്ടായിരുന്നു.പ്രത്യേകിച്ചും സ്വയം വലിയൊരു തമാശക്കാരന്‍ ആണ് താന്‍ എന്ന് കരുതുന്ന ഹോക് എന്ന ലെഫ്ടനന്റും സെര്‍ജന്റ്  മേജര്‍ ആയ ഫിലിപ്പും.പട്ടാളത്തിന്റെ ചട്ടവട്ടങ്ങളില്‍ നിന്നും അഡ്രിയാന്‍ നടത്തിയ അവതരണ ശൈലി അവര്‍ക്ക് ഇഷ്ടം ആകുന്നില്ല.ആയിടയ്ക്കാണ് അഡ്രിയാന്‍   ഒരു വിയട്നാമീസ് പെണ്‍കുട്ടിയോട് ഇഷ്ടം തോന്നുന്നത്.അവളെ പിന്തുടര്‍ന്ന അഡ്രിയാന്‍ ആ പെണ്‍ക്കുട്ടി ഇംഗ്ലീഷ് പഠിക്കുന്ന സ്ക്കൂള്‍ കാണുന്നു.അയാള്‍ അവിടത്തെ അധ്യാപകന് കാശ് കൊടുത്തു ഇംഗ്ലീഷ് ക്ലാസുകള്‍ സ്വയം എടുക്കാന്‍ തുടങ്ങുന്നു.അതിന്റെ പിന്നില്‍ ഉള്ള താല്‍പ്പര്യം ഒന്ന് മാത്രം ആ പെണ്‍ക്കുട്ടിയെ സ്വന്തമാക്കുക.എന്നാല്‍ അവിടെ പഠിക്കുന്ന അവളുടെ സഹോദരന്‍ ആദ്യം അത് എതിര്‍ക്കുന്നു.അഡ്രിയാന്‍ അവനെ അയാളുടെ കൂട്ടുകാരന്‍ ആക്കുന്നു.സന്തോഷകരമായി പോയിരുന്ന അഡ്രിയാന്റെ ജീവിതം എന്നാല്‍ അവിടത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മൂലം മാറുന്നു.തന്റെ ജീവന് അപകടം പിണയുന്ന സമയങ്ങള്‍ എത്തുന്നു.പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ആളുകള്‍ ഉണ്ട്.എന്നാല്‍ അഡ്രിയാന്‍ അതില്‍ നിന്നും രക്ഷപ്പെടുകയും വേണം.

 വിയട്നാം യുദ്ധത്തിന്‍റെ പശ്ചാത്തലം ആയതു കൊണ്ട് തന്നെയും അതില്‍ അധിനിവേശത്തിന്റെ എല്ലാ വശങ്ങള്‍ കടന്നു വരുകയും ചെയ്യുന്നത് കൊണ്ടും അമേരിക്കാര്‍ക്ക് ഇടയില്‍ അതിനെതിരെ ഉള്ള വികാരം അഡ്രിയാന്റെ കഥാപാത്രം പലപ്പോഴും അവതരിപ്പിക്കുന്നുണ്ട്.പ്രത്യേകിച്ചും നിക്സന്‍ സന്ദര്‍ശനം നടത്തിയ സമയത്തെ ബ്രോട്കാസ്ട്ടിംഗ് അവതരണം .അതിലും അപ്പുറം ആയിരുന്നു അമേരിക്ക ഒളിപ്പിക്കാന്‍ നോക്കി സെന്‍സര്‍ ചെയ്തിരുന്ന അവിടത്തെ സ്ഥിതികള്‍. അഡ്രിയാന്‍ പ്രശ്നങ്ങളിലേക്ക് എടുത്ത് ചാടുക  ആയിരുന്നു .റോബിന്‍ വില്യംസിന് ഇതിലെ അഡ്രിയാന്‍ എന്ന കഥാപാത്രത്തിന്റെ പേരില്‍ "അക്കാദമി അവാര്‍ഡിന്" നാമനിര്‍ദേശം ലഭിച്ചതാണ്.കൂടാതെ ഈ ചിത്രം "അമേരിക്കന്‍ ഫിലിം ഇന്‍സ്ടിട്ട്യൂട്ടിന്റെ" "മികച്ച നൂറു തമാശ സിനിമകളുടെ" പട്ടികയില്‍ ഇടം നേടിയിട്ടും ഉണ്ട്.മനസ്സിന് നല്ലൊരു ആശ്വാസവും സുഖവും ആയിരുന്നു ഇ ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍.നല്ല ചിത്രം,!!

More reviews @ www.movieholicviews.blogspot.com

Sunday, 19 October 2014

198.SEVEN DAYS(KOREAN,2007)

198.SEVEN DAYS(KOREAN,2007),|Thriller|Crime|,Dir:-Shin Yeon Won,*ing:-Yunjin Kim,Mi Suk Kim.

  യൂ ജിയോണ്‍ ഒരു അഡ്വക്കേറ്റ് ആണ്.നൂറു ശതമാനം കേസുകളും വിജയിച്ച അഡ്വക്കേറ്റ് ആയിരുന്നു അവര്‍.തന്‍റെ മകളോടൊപ്പം സന്തോഷമായി ജീവിച്ചിരുന്നു അവര്‍.എന്നാല്‍ ഒരു ദിവസം മകളുടെ  സ്ക്കൂളില്‍ വച്ച് നടന്ന കായിക മത്സരങ്ങളുടെ ഇടയില്‍ അവളെ കാണാതാകുന്നു.പിന്നീട് അവളെ ആരോ തട്ടി കൊണ്ട് പോയതാണെന്ന് യൂ ജിയോനിനു മനസ്സിലായി.പോലീസില്‍ വിവരം അറിയിച്ച അവരെ തേടി അവസാനം ആ ഫോണ്‍ കോള്‍ എത്തി.കുട്ടിയെ തിരിച്ചു വേണമെങ്കില്‍ അയാള്‍ ആവശ്യപ്പെട്ട തുക നല്‍കണം എന്ന്.എന്നാല്‍ പോലീസ് ഇതില്‍ ഇടപ്പെടാന്‍  പാടില്ല എന്നും അറിയിക്കുന്നു.പോലീസ് യൂ ജിയോന്‍ കാശുമായി പോകുന്ന സമയത്ത് അവരെ പിന്തുടരുന്നു.എന്നാല്‍ അത് മനസ്സിലാക്കിയ അയാള്‍ കുട്ടിയെ കൊല്ലും എന്നും അറിയിക്കുന്നു.യൂ ജിയോണിനു കുട്ടിയെ കിട്ടുന്നില്ല.

  എന്നാല്‍ പിന്നീട് വന്ന ഫോണ്‍ കോളില്‍ നിന്നും കാശിനു വേണ്ടി അല്ല കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നും പകരം കാരണം അറിയണം എങ്കില്‍ ഒരു ലോക്കറില്‍ വച്ചിരിക്കുന്ന ഫോണ്‍ എടുക്കാന്‍ ആവശ്യപ്പെടുന്നു.ഒരു വോക്കി ടോക്കി പോലുള്ള ഫോണ്‍ ആയിരുന്നു അത്.യൂ ജിയോന്‍ അത് കണ്ടെത്തുന്നു.അയാള്‍ കുട്ടിയെ കൊണ്ട് പോയതിന്റെ ഉദ്ദേശ്യം അപ്പോള്‍ വ്യക്തം ആക്കുന്നു.നേരത്തെ അഞ്ചു പ്രാവശ്യം ബലാല്‍സംഗ കേസില്‍ അകത്തു കിടന്ന "സി ജെ" എന്ന കുറ്റവാളി എന്നാല്‍ അവസാനം ചെയ്തു എന്ന് പറയുന്ന കൊലയ്ക്കും ബലാല്‍സംഗത്തിന്റെയും പേരില്‍ വധശിക്ഷ കാത്തു ജയിലില്‍ കഴിയുകയാണ്.എന്നാല്‍ അതാണ്‌ പൂര്‍ണ സത്യം എന്ന് അയാള്‍ വിശ്വസിക്കുന്നില്ല,അത് കൊണ്ട് കേസിന്റെ സത്യാവസ്ഥ തെളിയിക്കാന്‍ യൂ ജിയോനിനു മാത്രമേ സാധിക്കൂ എന്നയാള്‍ വിശ്വസിക്കുന്നു.സി ജെയെ കുറ്റ വിമുക്തന്‍ ആക്കണം.എങ്കില്‍ കുട്ടിയെ തിരിച്ചു നല്‍കാം എന്ന് അയാള്‍ ഉറപ്പു നല്‍കുന്നു.എന്നാല്‍ അന്തിമ വാദം മൂന്നു ദിവസത്തിനുള്ളില്‍ ആരംഭിക്കും.ആ സമയം യൂ ജിയോന്‍ കേസിന്റെ എല്ലാ തെളിവും കണ്ടെത്തണം.അവര്‍ക്ക് അതിനു കഴിയുമോ?ആരാണ് യഥാര്‍ത്ഥത്തില്‍ കുട്ടിയെ തട്ടി കൊണ്ട് പോയത്?ആരാണ് യഥാര്‍ത്ഥ കൊലപാതകി?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

 വീണ്ടും ഒരു കൊറിയന്‍ ത്രില്ലര്‍.ഒരേ ഫോര്‍മാറ്റില്‍ ആണ് പല ചിത്രമെങ്കില്‍ പോലും അവയെല്ലാം വളരെയധികം താല്‍പ്പര്യത്തോടെ കാണാന്‍ ഉള്ള ഒരു പശ്ചാത്തലം ഉണ്ടാക്കി എടുക്കാന്‍ കൊറിയയിലെ സംവിധായകര്‍ ശ്രമിക്കുന്നുണ്ട്.അത് തന്നെ ആകും ആ ചിത്രങ്ങള്‍ക്ക് ഒക്കെ ഒരു ത്രില്ലര്‍ മൂഡ്‌ ഉടനീളം കാത്തു സൂക്ഷിക്കാന്‍ സാധിക്കുന്നത്.കൊറിയന്‍ ത്രില്ലര്‍ പ്രേമികള്‍ക്ക് ഇഷ്ടമാകുമായിരിക്കും ഈ ചിത്രം.

More reviews @ www.movieholicviews.blogspot.com 

Saturday, 18 October 2014

197.THE CASE OF ITAEWON HOMICIDE(KOREAN,2009)

197.THE CASE OF ITAEWON HOMICIDE(KOREAN,2009),|Mystery|Thriller|Crime|,Dir:-Ki-Seong Hong,*ing:-Peter Holman,Jin Yeong.

 "യഥാര്‍ത്ഥത്തില്‍ അന്ന് രാത്രി ഇട്ടവോനില്‍ നടന്നത് എന്ത്?യഥാര്‍ത്ഥ കൊലപാതകത്തെ ആസ്പദമാക്കി ഒരു കൊറിയന്‍ ത്രില്ലര്‍"

  കൊറിയന്‍ സിനിമകളുടെ വലിയൊരു പ്രത്യേകത ആണ് അവരുടെ പല പ്രശസ്ത ക്രൈം ത്രില്ലറുകളും യഥാര്‍ത്ഥ സംഭവങ്ങളും ആയുള്ള ബന്ധം.നാടകീയത ആവശ്യം ഉള്ള സ്ഥലത്ത് മാത്രം നല്‍കി ബാക്കി എല്ലാം യഥാര്‍ത്ഥ സംഭവങ്ങളോട് നീതി പുലര്‍ത്താന്‍ അവര്‍ ശ്രമിക്കാറുണ്ട് എന്ന് തോന്നിയിട്ടുണ്ട്."ഇട്ടാവോണ്‍ കേസിലും" അവര്‍ അത് ചെയ്തു വിജയിച്ചിട്ടും ഉണ്ട്.1997 ല്‍ കൊറിയയെ നടുക്കിയ സംഭവം ആയിരുന്നു "ജോ ജോംഗ് പില്‍" എന്ന വിദ്യാര്‍ഥിയുടെ കൊലപാതകം.23 വയസ്സുള്ള ആ യുവാവ് സ്വയം പ്രയത്നത്താല്‍ ആണ് പാവപ്പെട്ട തന്‍റെ കുടുംബത്തെയും നോക്കി പഠിക്കാന്‍ ഉള്ള പണവും കണ്ടെത്തിയിരുന്നത്.എന്നാല്‍ ഒരു ബര്‍ഗര്‍ കടയില്‍ ഉള്ള ടോയിലറ്റില്‍ വച്ച് അവനെ ആരോ കൊല്ലുന്നു.കഴുത്തിന്‌ പുറകു വശത്തായി ഏറ്റ രണ്ടു കുത്തും നെഞ്ചില്‍ ഏറ്റ നാല് കുത്തും ഹൃദയത്തില്‍ കൊണ്ട രണ്ടു കുത്തും ആ യുവാവിന്റെ മരണത്തില്‍ അവസാനിച്ചു.

   സംഭവം നടന്ന സമയം ഒരാള്‍ ടോയിലറ്റില്‍ നിന്നും പുറത്തു പോയതായി ദൃക്സാക്ഷികള്‍ ഉണ്ടാകുന്നു.എന്നാല്‍ കേസ് അന്വേഷിക്കാനായി അടുത്ത ദിവസം സംഭവം നടന്ന ടോയിലറ്റില്‍ എത്തിയപ്പോള്‍ അവിടെ ഉള്ളവര്‍ രക്തക്കറ മുഴുവന്‍ കഴുകി കളഞ്ഞതായി മനസിലാക്കുന്നു.പ്രോസിക്യൂട്ടര്‍ "പാര്‍ക്കിനും" അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ഇനി സാഹചര്യ തെളിവുകളില്‍ ആശ്രയിക്കണ്ട അവസ്ഥയില്‍ ആയി ഈ കേസ് ."പിയര്‍സന്‍" എന്ന മെക്സികന്‍-കൊറിയന്‍ മാതാപിതാക്കള്‍ക്ക് ജനിച്ച വിദ്യാര്‍ഥിയെ പോലീസ് കുറ്റവാളി ആയി കണക്കാക്കുന്നു.എന്നാല്‍ അമേരിക്കന്‍ പൗരത്വം ഉള്ള അവനു അതിന്റെ പരിരക്ഷയും ഉണ്ട്.പിയര്‍സന്‍ കൊറിയന്‍ സംസാരിക്കാന്‍ അറിയാത്ത അത് മനസ്സിലാകുന്ന ആളാണ്‌.പിയര്‍സന്‍ താന്‍ അല്ല കൊലപാതകം ചെയ്തതെന്ന് പോലീസിന്റെ മുന്നില്‍ ആണയിടുന്നു.അപ്പോഴാണ്‌ സംഭവം നടന്ന സമയം ടോയിലറ്റില്‍ നിന്നും പുറത്തു ആദ്യം വന്ന "അലക്സ് ജംഗ്" പിയര്‍സന് എതിരായ മൊഴിയും ആയി എത്തിയത്.എന്നാല്‍ പ്രോസിക്യൂട്ടര്‍ ആയ പാര്‍ക്കിനു അലക്സിന്റെ മൊഴിയില്‍ സംശയം തോന്നുന്നു.പിന്നീടുള്ള സംഭവവികാസങ്ങളില്‍ തെളിവുകളുടെ ബലത്തില്‍ അലക്സ് ആണ് കൊലയാളി എന്ന് പാര്‍ക്ക് കരുതുന്നു.അയാള്‍ക്ക്‌ അതിനായി തന്റെ ഭാഗത്തില്‍ ന്യായവും ഉണ്ട്.അലക്സിന്റെ അച്ഛന്‍ എന്നാല്‍ സമൂഹത്തില്‍ അത്യാവശ്യം സ്വാധീനം ഉള്ള ആളാണ്‌.അതിനാല്‍ തന്നെ അയാള്‍ തനിക്കു സ്വാധീനിക്കാന്‍ ആകുന്ന രീതിയില്‍ ഒക്കെ എല്ലാം ചെയ്യുന്നും ഉണ്ട്.പക്ഷെ ഇവരില്‍ ഒരാള്‍ ആണ് കൊലയാളി എന്ന് എല്ലാവര്‍ക്കും അറിയാം.എന്നാല്‍ അത് ആരാണ്?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

   വളരെയധിക, മികച്ച ഒരു ത്രില്ലര്‍ ആയി എനിക്ക് ഈ ചിത്രത്തെ തോന്നി.പ്രത്യേകിച്ചും കോടതിയില്‍ അവതരിപ്പിക്കുന്ന തെളിവുകളും സാക്ഷി മൊഴികളും.പ്രേക്ഷകനെ തന്നെ സംശയത്തില്‍ ആക്കുന്നുണ്ട്‌.എന്നാല്‍ സിനിമയില്‍ അവര്‍ അവസാനം ക്ലൈമാക്സില്‍ കാണിച്ച ട്വിസ്റ്റും ഗംഭീരം ആയിരുന്നു.ഒരു പക്ഷേ ആരും പ്രതീക്ഷിക്കാത്ത ഒന്ന്.യഥാര്‍ത്ഥത്തില്‍ നടന്ന സംഭവം എന്ന നിലയില്‍ ആ സംഭവ വികാസങ്ങളോട് നീതി പുലര്‍ത്തി ഈ ചിത്രം എന്ന് മനസ്സിലായി.കൊറിയന്‍ ത്രില്ലര്‍ സിനിമകളുടെ ആരാധകര്‍ക്ക് തീര്‍ച്ചയായും കാണാവുന്ന ഒരു ചിത്രം.

More reviews @ www.movieholicviews.blogspot.com

1995. Drop ( English, 2025)