Thursday 16 May 2024

1800. 8 A.M. Metro (Hindi, 2023)

 

1800. 8 A.M. Metro (Hindi, 2023)

          Drama



⭐⭐⭐⭐/5


ഇരാവതിയുടെയും പ്രീതത്തിന്റെയും ബന്ധത്തെ എന്താണ് വിളിക്കേണ്ടത് എന്ന് മനസ്സിലാകില്ല. അത്രയ്ക്കും സങ്കീർണം ആണ് അവരുടെ ബന്ധം. ഒരു മെട്രോ ട്രെയിനിൽ വച്ച് കണ്ട് മുട്ടിയ രണ്ടു പേര്. അതിൽ ഇരാവതിയ്ക്കു ട്രെയിനിൽ യാത്ര ചെയ്യാൻ ഭയമാണ്. അതിനു പിന്നിൽ ഒരു കാരണമുണ്ട്.അവളുടെ ഭൂതക്കാലവും ആയി ബന്ധപ്പെട്ടത്.


അവൾ വിവാഹിത ആണ്. ഭർത്താവിനോടും രണ്ടു കുട്ടികളോടും ഒപ്പമാണ് അവളുടെ ജീവിതം. ജോലി തിരക്കിൽ ആയ ഭർത്താവും കുട്ടികളുടെ ജീവിതവുമായി അവൾ പോകുമ്പോൾ ആണ് അനുജത്തിയുടെ ഡെലിവറിയും ആയി ബന്ധപ്പെട്ട് അവൾ ഹൈദരാബാദിൽ എത്തുന്നത്. അവിടെ വച്ചാണ് അവൾ പ്രീതത്തെ കണ്ട് മുട്ടുന്നത്. അവരുടെ ആദ്യ കൂടിക്കാഴ്ച പോലും വിചിത്രം ആയിരുന്നു എന്ന് പറയേണ്ടി വരും.


അവരുടെ ബന്ധത്തിൽ മുൻവിധികൾ ഇല്ലായിരുന്നു. അവർ കുറേ കാര്യങ്ങൾ സംസാരിച്ചു. പരസ്പ്പരം എല്ലാ കാര്യങ്ങളും തുറന്നു പറയുന്നു എന്ന തോന്നലുണ്ടാക്കി.അവരുടെ ഇടയിൽ കവിതകളും കഥകളും പുസ്തകങ്ങളും എല്ലാം വിഷയമായി. അവർ പരസ്പ്പരം ആ ബന്ധത്തെ സാധാരണയായി ഒരു സ്ത്രീയും പുരുഷനും തമ്മിൽ ഉണ്ടായേക്കാവുന്ന ബന്ധത്തിൽ നിന്നും വ്യത്യസ്തമായി നിന്നു. പറയാൻ മറന്നു പോയി. പ്രീതവും വിവാഹിതൻ ആയിരുന്നു. ഭാര്യയും രണ്ടു കുട്ടികളും ഉള്ള ജീവിതം.


 ഇരാവതിയുടെ പേര് ആദ്യമായി ശരിക്കും ഉച്ചരിച്ച ആൾ, അവളുടെ ഭയത്തെ മനസിലാക്കിയ ആൾ, അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന ആൾ എന്ന നിലയിൽ അവൾക്കു പ്രീതത്തിനോട് ജീവിതത്തിൽ തന്നെ അവളെ ആദ്യമായി മനസ്സിലാക്കിയ ഒരാൾ എന്ന രീതിയിൽ ആയിരുന്നു കണ്ടത്. എന്നാൽ പ്രീതത്തിനോ? 


സംഭാഷണങ്ങളിലൂടെ ആണ് 8 A.M. Metro മുന്നോട്ടു പോകുന്നത്. സാധാരണ ഒരു ഹിന്ദി സിനിമയുടെ ധാരാളിത്തമോ ത്രില്ലോ ഒന്നും ഇല്ലാത്ത ഒരു ചിത്രം. എന്നാൽ ലോകത്തിൽ എവിടെയും പെട്ടെന്ന് പരിചിതമാകുന്ന വികാരങ്ങൾ ആണ് കഥാപാത്രങ്ങൾ തമ്മിൽ ഉള്ളത്. ഒരുപക്ഷെ ഇവരുടെ രണ്ടുപേരുടെയും ജീവിത പശ്ചാത്തലം വച്ച് നോക്കുമ്പോൾ ഒരു അവിഹിത ബന്ധത്തിന് സ്കോപ് എപ്പോഴും ഈ ചിത്രത്തിൽ ഉണ്ട്. എന്നാൽ ഇരാവതിയും പ്രീതവും അവരുടെ ബന്ധത്തെ ഈ കാര്യത്തിൽ എങ്ങനെ നോക്കി കണ്ടൂ എന്നും ചിത്രം പറയുന്നുണ്ട്. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ അവരുടെ ബന്ധത്തിന്റെ പേര് തന്നെ മാറുമായിരുന്നു.


 സംഭാഷണങ്ങൾ അതി മനോഹരമായിരുന്നു . കവിതകളും, ഒന്ന് മനസ്സിരുത്തി മനസ്സിലാക്കിയാൽ മികവുറ്റ ഭാവന അതിൽ കാണാൻ സാധിക്കുമായിരുന്നു. കാൽപ്പനികത ജീവിതത്തിൽ ഉൾപ്പെടുത്തിയ രണ്ടു മധ്യവയസ്ക്കർ എന്ന നിലയിൽ അവരുടെ സംഭാഷണങ്ങളിൽ കവിത നിറഞ്ഞു തുളുമ്പുന്നുണ്ട്.


ചിത്രത്തിന്റെ അവസാനം പ്രേക്ഷകന് ചെറിയ രീതിയിൽ ഷോക്ക് നൽകുന്നുണ്ട് കഥയിൽ. അതിനും അപ്പുറം ക്ലൈമാക്സ് തുറന്ന പുസ്തകം പോലെ വച്ച് അവസാനിപ്പിക്കുമ്പോൾ അതിലെ താളുകളിൽ പ്രേക്ഷകന് ബാക്കി എഴുതാൻ ഉള്ള ഇടവും ഉണ്ട്. അഭിനേതാക്കൾ subtle ആയ മികച്ച അഭിനയത്തിലൂടെ മനം കവർന്നു എന്നു പറയാം.


8 A.M. Metro എല്ലാവരും കാണണം എന്ന് പറയുന്നില്ല. ഒരു പക്ഷെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെ മാത്രം വികസിക്കുന്ന കഥ പറച്ചിൽ ആകുമ്പോൾ കഥാപാത്രങ്ങളെ സസൂക്ഷ്മമം വീക്ഷിക്കണം. എങ്കിൽ മാത്രമേ ഇരാവതിയിലൂടെ പ്രീതത്തിനെയും പ്രീതത്തിലൂടെ ഇരാവതിയെയും മനസ്സിലാക്കാൻ കഴിയൂ. എങ്കിൽ മാത്രേ 8 A.M. Metro ഇഷ്ടപ്പെടാൻ സാധിക്കൂ. താൽപ്പര്യം ഉള്ളവർക്ക് കണ്ട് നോക്കാം. ഓർക്കുക. ഇത് എല്ലാവർക്കും ഉള്ള ഒരു സിനിമ അല്ല. എനിക്ക് സിനിമ നന്നായി ഇഷ്ടപ്പെട്ടൂ.


സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.




No comments:

Post a Comment

1818. Lucy (English, 2014)