Friday, 13 March 2020

1157. Ayyappanum Koshiyum ( Malayalam, 2020)


1157. Ayyappanum Koshiyum ( Malayalam, 2020)

 
  കാട്ടിൽ ഉള്ള രണ്ടു മദയാനകൾ പരസ്പ്പരം പോരടിക്കുന്ന രംഗം ഒന്നു മനസ്സിൽ ആലോചിച്ചു നോക്കിക്കേ.വന്യതയാണ് ഇവിടെ കഥ. മൃഗങ്ങളുടെ ഒപ്പം പോന്ന ശക്തി ഉള്ള രണ്ടു പേർ. അവർ പോരാടിക്കാൻ ഉള്ള കാരണം അവരുടെ ഈഗോ ആയിരുന്നു.ഒരാൾ തന്റെ സ്വാധീന ശക്തിയിൽ അഹങ്കരിച്ചിരുന്നു.മറ്റൊരാൾ അയാൾക്ക്‌ 25 വർഷത്തിന് ശേഷം ലഭിച്ച സ്വാതന്ത്ര്യത്തിലും.മലയാളത്തിലെ ലക്ഷണമൊത്ത machismo നിറഞ്ഞ ചിത്രമാണ് അയ്യപ്പനും കോശിയും. സ്ത്രീ പക്ഷക്കാർ ക്ഷമിക്കുക.അവരെ തൃതിപ്പെടുത്താൻ ഉള്ള കഥാപാത്രങ്ങൾ രണ്ടു പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അവരുടേതായ ശക്തി കാണിച്ച രണ്ടു കഥാപാത്രങ്ങൾ.അതിനും അപ്പുറം ഇതു അയ്യപ്പൻ നായരുടെയും കോശി കുര്യന്റെയും കഥയാണ്.

   മനുഷ്യ ജീവിതത്തിൽ അഭിമാനം എന്ന വാക്കിന്റെ അർത്ഥം എത്രത്തോളം വലുതാണ്? അഭിമാനം എന്നത് പല സംഭവങ്ങളിലും ആകാം.തൊഴിൽ സ്ഥലങ്ങളിൽ, നിത്യ ജീവിതത്തിൽ, എന്തിനു വഴിയിൽ കൂടി നടന്നു പോകുമ്പോൾ പോലും ഉണ്ടാകുന്ന ചെറിയ സംഭവങ്ങൾ പോലും അഭിമാനം തോന്നാനും അഭിമാനക്ഷതം എൽക്കാനും ഉള്ള അവസരം ഉണ്ടാക്കുന്നു.

  ഇവിടെയും അങ്ങനെയാണ്.കഥാപാത്രങ്ങൾ തമ്മിൽ തുടക്കം ഉണ്ടായ ഉരസൽ അവരുടെ ജീവന്റെ അപ്പുറത്തും മരണത്തെ പോലും ഭയം ഇല്ലാത്ത അവസ്ഥയിൽ ആക്കി.ഇതിഹാസങ്ങൾ നോക്കിയാൽ പോലും ഇത്തരത്തിൽ ഉള്ള അവസരങ്ങൾ ആണ് വലിയ യുദ്ധങ്ങൾക്കു പോലും കാരണം ആയതിനു പറയാം.അയ്യപ്പനും കോശിയും ആ വഴി തന്നെ പിന്തുടരുന്നു.

  അയ്യപ്പനും കോശിയും കാണുമ്പോൾ ഓർമ വരുന്ന ഒരു സിനിമ ആണ് ഡ്രൈവിങ് ലൈസൻസ്.ഒരു പക്ഷെ അതിൽ ഉള്ള സുരാജിന്റെ കഥാപാത്രത്തിന് അയ്യപ്പന്റെ അത്ര കരുത്തും പ്രിത്വിയുടെ കഥാപാത്രത്തിന് കോശിയുടെ വന്യതയും നൽകിയിരുന്നെങ്കിൽ ഈ ചിത്രത്തിന് ഒപ്പം നിന്നേനെ.മികച്ച ഒരു വില്ലൻ മെറ്റീരിയൽ ആണ് പ്രിത്വി.സ്ഥിരം നായക വേഷത്തിൽ പല കഥാപാത്രങ്ങളിൽ കണ്ടിട്ടുണ്ടെങ്കിലും പ്രിത്വിയുടെ വില്ലൻ കഥാപാത്രം തന്നെ ഒരു പടി മുന്നിൽ നിൽക്കും.ബിജു മേനോൻ കുറിച്ചു പ്രത്യേകം ഒന്നും പറയാൻ ഇല്ല.പല സിനിമകളിലും കണ്ടിട്ടുള്ള കഥാപാത്രങ്ങളുടെ ശക്തമായ വേർഷൻ. കുട്ടമണിയോട് ചെയ്യുന്ന സൈക്കോത്തരം ഒക്കെ ഒരു രക്ഷയും ഇല്ലായിരുന്നു.

   രഞ്ജിത്തിന്റെ അച്ചായൻ കഥാപാത്രവും അനിൽ നെടുമങ്ങാടിന്റെ പോലീസ് വേഷം ഒക്കെ മികച്ചു തന്നെ നിന്നൂ.ഫുൾ ലൈവ് ആയ, ആക്ഷൻ- ത്രില്ലർ ഴോനറിൽ മികച്ച ഒരു സിനിമ ആണ് അയ്യപ്പനും കോശിയും.കഥാപരമായി ഒറ്റ വാക്കിൽ പറഞ്ഞു തീർക്കാവുന്ന കഥ.രണ്ടു ആണുങ്ങൾ തമ്മിൽ ഉള്ള മല്ലയുദ്ധം.ക്ളൈമാക്‌സ് സംഘട്ടനം ഒക്കെ ഈ വാക്കുകളെ ശരി വയ്ക്കും.

  ഈ സിനിമയിലെ ഹീറോ ആരാണ് എന്നത് പ്രേക്ഷകന് കണ്ടു തീരുമാനിക്കാവുന്നത് ആണ്.ഒരു കാലത്തു മലയാള സിനിമയിൽ ഇത്തരത്തിൽ ഉള്ള പൗരുഷത്തിന്റെ കഥകൾ ആയിരുന്നു.പിന്നീട് എപ്പോഴോ അന്യം വന്ന ഒന്നു.പിന്നീട് അതിൽ പലതിലും പൊളിറ്റിക്കൽ കരക്റ്റനസ് ഒക്കെ തിരയാൻ പോയി ആ സിനിമകൾ മൊത്തം കുറ്റം നിറഞ്ഞത് ആക്കിയിട്ടും ഉണ്ട്.പൊളിറ്റിക്കൽ കരക്റ്റനസിനോട് വിരോധം ഉണ്ടായിട്ടല്ല.അത്തരം സിനിമകൾക്ക് സംഭവിച്ച പരിണാമത്തെ കുറിച്ചു സൂചിപ്പിച്ചു എന്നേ ഉള്ളൂ.

  അയ്യപ്പനും കോശിയും നല്ല ഒരു സിനിമ ആയിട്ടാണ് തോന്നിയത്.ചിത്രം Amazon Prime ൽ ലഭ്യമാണ്.അവസരം കിട്ടിയാൽ കാണുക!!

  ടെലിഗ്രാം ലിങ്ക് : t.me/mhviews

No comments:

Post a Comment