Friday, 7 December 2018

986.Varathan(Malayalam,2018)


986.Varathan(Malayalam,2018)

     വരത്തന്‍, സ്ട്രോ ഡോഗ്സ് (1971)  ന്‍റെ   "ഈച്ച കോപ്പി" ആണെന്ന് പറയാമെങ്കിലും അമല്‍ നീരദ് മലയാളം പതിപ്പ് അവതരിപ്പിച്ച രീതി ഇഷ്ടപ്പെട്ടൂ.'Four Brothers' 'Big B' ആയപ്പോഴും വിദഗ്ധമായി അത് പ്രാദേശിക രീതികളോട് ഇണങ്ങുന്ന രീതിയില്‍ പറിച്ചു നട്ടത് നന്നായിരുന്നു.ഇവിടെയും അതാണ്‌ സംഭവിച്ചിരിക്കുന്നത്.നായികയുടെ കുട്ടിക്കാലം ചിലവഴിച്ച നാട്ടിലേക്ക് അവള്‍ കാമുകനോടൊപ്പം(SD),ഭര്‍ത്താവിനു ഒപ്പം (വരത്തന്‍) എത്തുന്നു.സ്ട്രോ ഡോഗ്സില്‍ ,തുടക്കത്തില്‍ തന്നെ അമേരിക്കന്‍ ആയ നായകനോടുള്ള അപ്രിയത ആ ചെറിയ ഇംഗ്ലീഷ് ഗ്രാമത്തിലെ ആളുകള്‍ കാണിക്കുന്നുണ്ട്.സായിപ്പന്മാരുടെ എക്കാലത്തെയും സ്വഭാവ രീതി അതായിരിക്കണം.അവരില്‍ ഉള്‍പ്പെടാത്തവരെ എല്ലാം സംശയത്തോടെ കാണുന്ന മനസ്ഥിതി.ഇപ്പോഴും പ്രകടമായ മാറ്റം ഉണ്ടെന്നും തോന്നുന്നില്ല..അവിടെ നായികയുടെ വസ്ത്രധാരണത്തെ കുറിച്ച് നായകന്‍ ചെറിയ ഉപദേശം നല്‍കുന്നും ഉണ്ട്.കാരണം നായിക ആ ചെറിയ ഗ്രാമത്തില്‍ അങ്ങനെ നടക്കാന്‍ പാടില്ലായിരുന്നു എന്നത് അവിടത്തെ മനസ്ഥിതിയും ആയിരുന്നിരിക്കണം.

    എന്നാല്‍ മലയാളം പതിപ്പില്‍ മൊത്തത്തില്‍ കപട സദാചാര വാദം പുലര്‍ത്തുന്ന ആളുകളെ ആണ് കാണിക്കുന്നത്.'തനിക്കു കിട്ടാത്തത് മറ്റുള്ളവര്‍ക്ക് കിട്ടുന്നതില്‍ ഖിന്നനാണ്‌' എന്ന് തുറന്നു പറയുന്നത് പോലെ ഉള്ളവര്‍.മറ്റുള്ളവരുടെ മുറികളിലേക്ക് ഒളിഞ്ഞു നോക്കുന്ന അവര്‍ എന്നാല്‍ ഒരാണും പെണ്ണും ഒരുമിച്ചു ഇരുന്നാല്‍ 'മറ്റേ പരിപാടി' ആണെന്ന് കരുതുന്ന കൂട്ടത്തിലും ആണ്.'കിട്ടാത്തവന്‍,കിട്ടുന്നവനോട് കാട്ടുന്ന അസഹിഷ്ണുത' എന്ന് പറയാം.പൊളിറ്റിക്കല്‍ കറക്റ്റ്നസ് ഒക്കെ നോക്കിയാല്‍ ഒരു പക്ഷെ വളരെ തെറ്റായ ഒരു വാചകം ആയിരിക്കാം അത്.എന്നാല്‍ അങ്ങനെ ഉള്ള മനസ്ഥിതി ഉള്ളവരെ സൂചിപ്പിക്കാന്‍ വേറെ നല്ല വാക്കുകള്‍ ഇല്ല.സമാനമായ,മറ്റുള്ളവരുടെ ജീവിതത്തില്‍ ഒളിഞ്ഞു നോക്കുന്നവരെ വാര്‍ത്തകളില്‍ പലപ്പോഴും കാണുന്നതും ആണ്.

   രണ്ടു ഭാഷകളിലും ഇത് പോലത്തെ സംഭവത്തില്‍ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും പണക്കാരന്റെ മകള്‍ പാവപ്പെട്ടവനെ പ്രണയിക്കുക.അതില്‍ അങ്കക്കലി കൊണ്ട് വരുന്ന ബന്ധുക്കള്‍ എന്നിവയ്ക്ക് ഒന്നും വ്യത്യാസം ഇല്ല.അത് എല്ലായിടത്തും അങ്ങനെ ആയിരിക്കുന്നത് കൊണ്ടാകും.സമത്വ സുന്ദര ലോകം ഒക്കെ ബന്ധങ്ങളുടെ കണക്കില്‍ ഇപ്പോഴും അകലെയാണ്.പണത്തിനു നല്ല പ്രാധാന്യം ബന്ധങ്ങളില്‍ സ്വാധീനം ഉണ്ടാക്കാറുണ്ട്,അത് എത്ര സ്വാതന്ത്ര്യം ഉള്ള ലോകത്ത് ആയാലും.മറ്റൊരു തരത്തില്‍ ആയിരിക്കും എന്ന് മാത്രം.

  ഡേവിഡ്,എബി എന്നിവര്‍ അവരുടെ പ്രിയതമകളെ പോലും അമ്പരിപ്പിച്ചു കൊണ്ട് നടത്തുന്ന 'transformation' രണ്ടു സിനിമയിലും ഗംഭീരം ആയിരുന്നു.അത്രയും നേരം സിനിമ കണ്ട പ്രേക്ഷകന് പോലും ഒരു ക്ലൂ കൊടുക്കാതെ അവസാന രംഗങ്ങള്‍,തങ്ങളുടെ ജീവിതത്തിലേക്ക് അതിക്രമിച്ചു കയറിയവര്‍ക്ക് മരണസമാനമായ അവസ്ഥ ആയി മാറിയത് ആയിരുന്നു രണ്ടിലും ഹൈലൈറ്റ്.നായിക കഥാപാത്രങ്ങളുടെ 'attitude'  ആണ് കാര്യമായ വ്യത്യാസം ഉണ്ടായിരുന്നത്.സ്ട്രോ ഡോഗ്സിലെ 'ആമി' ആകെ കണ്ഫ്യൂഷനില്‍ ആയിരുന്നു.അതാണ്‌ അവള്‍ പഴയ കാമുകനോട് ഒപ്പം അല്‍പ്പ സമയം പങ്കിടുന്നതും,അതിനെ തുടര്‍ന്ന് പരമ്പരയായി സംഭവങ്ങള്‍ ഉണ്ടാകുന്നതും.എന്നാല്‍ മലയാളിയായ പ്രിയയെ കൊണ്ട് അങ്ങനെ ഒരു സാഹസത്തിനു സംവിധായകന്‍ പോയില്ല.ഒരു പക്ഷെ,മലയാളികളുടെ സല്‍ഗുണ സമ്പന്നയായ നായികാ സങ്കല്പം ആയിരിക്കും ഇങ്ങനെ ഒരു കാര്യത്തിനു വ്യത്യാസം വരുത്തുന്നത്.ആമിയുടെ കുറ്റബോധവും,പ്രിയയുടെ പ്രതികാരവും ആണ് ചിത്രങ്ങളിലെ പ്രധാന വ്യത്യാസവും.

   'സ്ട്രോ ഡോഗ്സ്' ന്‍റെ പാളിപ്പോയ റീമേക്കുകള്‍ വച്ച് നോക്കുമ്പോള്‍ 'വരത്തന്‍' നിലവാരം പുലര്‍ത്തി എന്ന് തന്നെ പറയാം.ക്യാമറ കൊണ്ട് ഓരോ ഫ്രെയിമും stylish ആക്കിയ ചിത്രം 1971 ലെ ചിത്രത്തിന് നല്ല ഒരു homage ആയി കണക്കാക്കാന്‍ ആണ് ഇഷ്ടം.കാരണം 'വരത്തന്‍' ആ പ്രമേയത്തെ വിദഗ്ദ്ധമായി,മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ചിരുന്നു എന്നത് തന്നെ കാരണം.ശരഫുധീന്‍,വിജിലേഷ് തുടങ്ങിയവരുടെ ഒക്കെ ഞെട്ടിപ്പിക്കുന്ന പ്രകടനം ആണ് മറ്റൊരു മേന്മ.'Villain-ism at it's peak' എന്നൊക്കെ പറയാവുന്ന അത്ര വൃത്തിക്കെട്ടവന്മാര്‍ ആയിരുന്നു ആ കഥാപാത്രങ്ങള്‍.പ്രേക്ഷകന് പോലെ 'അടിച്ചു ചെള്ള തെറുപ്പിക്കാന്‍' തോന്നുന്ന രീതിയില്‍ ഉള്ളവര്‍.

  എന്തായാലും ഈ സിനിമകള്‍ എല്ലാം നന്ദി പറയേണ്ടത് 'ഗോര്‍ഡന്‍ N  വില്യംസിന്‍റെ' "The Siege of Trencher's Farm' എന്ന നോവലിനോട് ആണ്.(അവ:വിക്കിപീഡിയ).ത്രില്ലര്‍ സിനിമകളിലെ മികച്ച രണ്ടു അനുഭവങ്ങള്‍ ആണ് 'Straw Dogs' ഉം 'വരത്തനും'.ഇതില്‍ ഏതെങ്കിലും ഒരെണ്ണം കണ്ടാല്‍ മറ്റേതു കാണാന്‍ താല്‍പ്പര്യം ഉണ്ടാകില്ല എന്ന് കരുതുന്നതിനു പകരം രണ്ടും കാണണം എന്ന അഭിപ്രായം ആണ്.ഒരേ കഥ ആണെങ്കില്‍ പോലും രണ്ടു കാലഘട്ടങ്ങളില്‍,രണ്ടു സംസ്ക്കാരങ്ങളില്‍ ഈ സിനിമകള്‍ എങ്ങനെ 'place' ചെയ്തു എന്ന് കണ്ടു നോക്കുന്നതില്‍ തന്നെ കൌതുകം ഉണ്ട്.അത് കൊണ്ടാണ്...

No comments:

Post a Comment