Monday, 25 May 2015

371.NJAAN STEVE LOPEZ(MALAYALAM,2014)

371.NJAAN STEVE LOPEZ(MALAYALAM,2014),Dir:-Rajiv Ravi,*ing:-Farhaan Faazil,Ahaana Krishna.

  തന്‍റെ സങ്കല്‍പ്പത്തില്‍ ഉള്ള സിനിമയ്ക്ക് എഴുതിയ  തിരക്കഥ ആവശ്യം ഇല്ല എന്ന് പറഞ്ഞ സംവിധാകന്‍ രാജീവ് രവി ക്യാമറമാനില്‍ നിന്നും സിനിമയുടെ അമരക്കാരന്‍ ആയപ്പോള്‍ പതിവ് കാഴ്ചകള്‍ സിനിയില്‍ നിന്നും മാറ്റണം എന്ന് തോന്നിയിരിക്കാം.അത് കൊണ്ടാകും ഈ ചിത്രത്തിലെ നായകന്‍ സ്റ്റീവ് സാധാരണക്കാരന്റെ പ്രതിനിധി ആകുന്നതു.ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍  ആയ അച്ഛന്റെ മകന്‍ സ്റ്റീവ് ഒരു കോളേജ് വിദ്യാര്‍ഥി ആണ്.അപ്പുറത്തെ വീട്ടിലെ ചേച്ചിയോട് ഒരു പ്രത്യേക തരം ഇഷ്ടം തോന്നുകയും ബാത്ത്റൂമില്‍ ആവശ്യത്തില്‍ കൂടുതല്‍ സമയം ചിലവഴിക്കുകയും ചെയ്യുന്ന പ്രത്യേകതകള്‍ ഒന്നും ഇല്ലാത്ത സോഷ്യല്‍ മീഡിയ അഡിക്റ്റ്‌.എപ്പോഴും സെല്‍ ഫോണില്‍ കുത്തിക്കുറിച്ച് നടക്കുന്ന ജന്മം.

  ഉള്ള കൂട്ടുകാരോടൊപ്പം അങ്ങനെ ജീവിച്ചു പോന്നിരുന്ന സ്റ്റീവ് ഒരു ദിവസം അപ്രതീക്ഷിതമായി ഒരു ആക്രമണ സംഭവത്തില്‍ സാക്ഷി ആകുന്നു.ആ ഒരു സംഭവം നടക്കുമ്പോള്‍ അടുത്ത സീനില്‍ ബാക്ക് ഗ്രൌണ്ട് മ്യൂസിക്കിന്റെ പിന്‍ബലത്തില്‍ എതിരാളിയെ ചാടി തല്ലുന്ന "മാസ്" നായകനെ ആകും നമുക്ക് പെട്ടന്ന്  ഓര്‍മ വരുക.എന്നാല്‍ രാജീവ് രവി അവിടെ മുതല്‍ പതിവുകള്‍ തെറ്റിച്ചു ഈ സിനിമയില്‍.സ്റ്റീവ് ലോപസ് ആരാണെന്ന് പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ അവതരിപ്പിക്കുമ്പോഴും പതിവ് ക്ലീഷേ രംഗങ്ങള്‍ സ്ക്രീനില്‍ തെളിയാത്തത് കൊണ്ട് "നായകന്‍ വെറും പഴം" ആണെന്ന് വിളിച്ചു കൂവുന്ന പ്രേക്ഷക സമൂഹത്തില്‍ താന്‍ സ്വന്തമായി ആ അവസ്ഥയില്‍ എന്താകും ചെയ്യുക എന്ന് വിചാരിക്കാന്‍ ഉള്ള സാമാന്യ ബോധം പോലും മാറിയതിനു കാരണം ഒരു പക്ഷേ സ്ക്രീനില്‍ കാണിക്കുന്ന പറന്നു ചാടുന്ന നായകന്‍റെ ഗിമ്മിക്കുകള്‍ ആകാം.അതാകും നമ്മുടെ മനസ്സില്‍ ഒട്ടി ചേര്‍ന്ന് നില്‍ക്കുന്നത്.

ഗുണ്ടാ സംഘങ്ങളുടെ ഇടയിലേക്ക് അപ്രതീക്ഷിതമായി കടന്ന യുവാവിനു വേണമെങ്കില്‍ മറ്റൊരു ക്ലീഷേ ആയ പുതിയ ഗുണ്ടാ തലവന്‍ ആയി മാറാമായിരുന്നു.എന്നാല്‍ പാതി അടഞ്ഞ കണ്ണുകളും ആയി കഞ്ചാവ് അടിച്ചത് പോലെ അലസനായി നടക്കുന്ന നായകനെ കൊണ്ട് കഥയില്‍ അത്തരം ഒരു സാഹസികത കാണിക്കുവാന്‍ സംവിധായകന്‍ ശ്രമിച്ചോ ഇല്ലയോ എന്നതും ഈ ചിത്രത്തിന്‍റെ പരാജയ കാരണങ്ങളില്‍ ഒന്നാകും.പ്രണയ രംഗങ്ങള്‍ പോലും സാധാരണയില്‍ കവിഞ്ഞ പ്രാധാന്യത്തോടെ അവതരിപ്പിച്ചില്ല ഈ ചിത്രത്തില്‍.സോഷ്യല്‍ മീഡിയയുടെ ഉപയോക്താവ് ആയ സ്റ്റീവ് ജീവിതം എത്ര സിമ്പിള്‍ ആണെന്ന് വിചാരിചിടത് നിന്നും കണ്മുന്നില്‍ കാണുന്ന മനുഷ്യ രൂപങ്ങളില്‍ നിന്നും വ്യത്യസ്തമായ മുഖമൂടി അണിഞ്ഞ ഒരു രൂപം ഉണ്ടെന്നു മനസ്സിലാകുമ്പോള്‍ "ഞാന്‍ സ്റ്റീവ് ലോപസ്" ആണെന്ന് സ്റ്റീവിന് നേരെ നോക്കി പറയാന്‍ സാധിക്കും.ഒരു പക്ഷേ സാധാരണ സിനിമകളില്‍ നായക കഥാപാത്രത്തിന് സ്വന്തമായി അത്തരം ഒരു വ്യക്തിത്വം ഉണ്ടാകാന്‍ ഉള്ള സാധ്യത വിരളം ആണ്.അത് കൊണ്ട് തന്നെ പരീക്ഷണ ചിത്രങ്ങളില്‍ പരീക്ഷണം നടത്തിയിരിക്കുന്ന ഈ ചിത്രം തിയറ്ററില്‍ പോയി കാണാത്തവര്‍ സി ഡി ഇറങ്ങുമ്പോള്‍ കാണും എന്ന് പ്രതീക്ഷിക്കുന്നു.എന്നാല്‍ അപ്പോഴും "നായകന്‍ പഴമാണ്" എന്ന് കേള്‍പ്പിക്കാന്‍ ഉള്ള സാധ്യത കൂടുതല്‍ ആണ്.ജീവിതത്തിലെ ഇരുണ്ട ഭാഗങ്ങള്‍ തിരശീലയില്‍ അവതരിപ്പിക്കുന്നത്‌ കണ്ടു പരിചയം ഇല്ലാത്ത പ്രേക്ഷകന് ചിത്രത്തോട് പ്രത്യേക പ്രതിബദ്ധത ഉണ്ടാകേണ്ട കാര്യമില്ല എന്നതും ഒരു സത്യം ആയി നില്‍ക്കുമ്പോള്‍ തന്നെ സിനിമ എന്നത് കാല്‍പ്പനികതകള്‍  മാത്രം അവതരിപ്പിക്കാന്‍ ഉള്ള സ്ഥലം ആണോ എന്ന് ആരെങ്കിലും ഒക്കെ ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു.

(എന്‍റെ സുഹൃത്തിന്റെ ഒപ്പം തിയറ്ററില്‍  ചിത്രം കാണാന്‍ പോയ എനിക്ക് ചിത്രം ഇഷ്ടം ആയെങ്കിലും നായക കഥാപാത്രത്തിന്റെ നിര്‍ഗുണത മാത്രം കണ്ട അവന്‍ എന്നെ ചീത്ത വിളിച്ചു;സെക്കണ്ട്‌ ഷോ ആയി ആ പടം  കൊണ്ട് കാണിച്ചതിന് )

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment