Monday, 24 February 2014

101.MIRACLE IN CELL NO.7(KOREAN,2013)

101.MIRACLE IN CELL NO.7(KOREAN,2013),|Comedy|Drama|,Dir:-Hwan-kyung Lee,*ing:-Ryu Seung-RyongKal So-WonDal-su Oh

  കൊറിയന്‍ സിനിമകളുടെ പൊതുവായുള്ള സാമ്യം എന്ന് പറയാവുന്നത് വൈകാരികമായ രീതിയില്‍ കഥാപാത്രങ്ങളോട് കാണിക്കുന്ന അനുകമ്പയാണ്.അത് കഥയിലെ നായകനും വില്ലനും എല്ലാം ഒരേ പോലെ ലഭിക്കുന്നുണ്ട് പലപ്പോഴും.കഥാപാത്ര രൂപീകരണത്തില്‍ അത്തരമൊരു സാധ്യത അവര്‍ മിയ്ക്കവാറും എല്ലാ ചിത്രങ്ങളിലും കാത്തു സൂക്ഷിക്കുന്നു എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.ഏതു ജോണരില്‍ ഉള്‍പ്പെടുത്താവുന്ന സിനിമയിലും ഇത്തരം കഥാപാത്രങ്ങളെ കാണുവാന്‍ സാധിക്കും.ഒരു ഡ്രാമ-കോമഡി ജോണരില്‍ ഉള്‍പ്പെടുത്താവുന്ന "മിറാക്കിള്‍ ഇന്‍ സെല്‍ നമ്പര്‍.7 എന്ന ചിത്രത്തിലും ഇത്തരം ഒരു രീതി പിന്തുടര്‍ന്നതായി കാണാം.ഈ ചിത്രം മാനസികമായ വളര്‍ച്ചയില്‍ പിന്നോട്ട് നില്‍ക്കുന്ന ഒരു അച്ഛനും ,അമ്മയില്ലാത്ത മകളും തമ്മിലുള്ള ബന്ധം ആണ് അവതരിപ്പിക്കുന്നത്‌.ഈ സിനിമയുടെ തീമില്‍ തന്നെ വൈകാരികമായ ഘടകങ്ങള്‍ എല്ലാം ഉള്‍പ്പെടുത്താന്‍ ഉള്ള സാധ്യതയുണ്ട്.അത് ഉചിതമായ രീതിയില്‍ സിനിമയില്‍ ഉപയോഗിച്ചിട്ടുമുണ്ട്.

      ആറു വയസ്സിന്റെ ബുദ്ധിവളര്‍ച്ച ഉള്ള ലീ യംഗ് ഗൂ തന്‍റെ ആറു വയസ്സ് പ്രായമുള്ള മകള്‍ യെ-സുംഗുമായി സന്തോഷത്തോടെ ജീവിച്ചു വരുകയായിരുന്നു.ബുധിവലര്ച്ചയില്‍ പിന്നോട്ട് ആയിരുന്നെങ്കിലും കാര്യങ്ങള്‍ തന്റേതായ രീതിയില്‍ മനസ്സിലാക്കുവാന്‍ ഉള്ള കഴിവ് ലീ യോംഗിനു ഉണ്ടായിരുന്നു.ഒരു സൂപ്പര്‍ മാര്‍ക്കറ്റിലെ കാര്‍ പാര്‍ക്കിംഗ് ജീവനക്കാരനായിരുന്നു അയാള്‍.മകളുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കുവാന്‍ ആഗ്രഹമുള്ള ലീ യോംഗ് അവള്‍ ആവശ്യപ്പെട്ടത് പോലെ "സെയിലര്‍ മൂണ്‍" ബാഗ് വാങ്ങിക്കുവാനായി ശ്രമിക്കുന്നു.എന്നാല്‍ തന്റെ ശമ്പള ദിവസം ആകുമ്പോള്‍ വാങ്ങിക്കുവാന്‍ തയ്യാറെടുക്കുകയും ചെയ്യുന്നു.എല്ലാ ദിവസവും അവര്‍ ആ ബാഗ് വില്‍ക്കുന്ന കടയില്‍ പോയി അതിന്റെ ഭംഗി ആസ്വദിക്കുകയും ചെയ്യും.എന്നാല്‍ ഒരു ദിവസം ആ ബാഗ് പോലീസ് ചീഫിന്റെ മകള്‍ക്കായി ആ ബാഗ് വില്‍ക്കപ്പെടുന്നു.തങ്ങളുടെ ഇഷ്ട കഥാപാത്രത്തിന്റെ പേരില്‍ ഉള്ള ആ ബാഗ് നഷ്ടമായപ്പോള്‍ അവര്‍ അത് വാങ്ങിക്കരുത് എന്ന് പോലീസ് ചീഫിനോട് അഭ്യര്‍ത്ഥിക്കുന്നു.എന്നാല്‍ അയാള്‍ അവരെ വക വച്ചില്ല.മാത്രമല്ല ലീ യോംഗിനെ തല്ലുകയും ചെയ്യുന്നു.അടുത്ത ദിവസം പോലീസ് ചീഫിന്റെ മകള്‍ വഴിയില്‍ മരിച്ചു കിടക്കുന്നതായി കാണുന്നു.തൊട്ടടുത്തായി ലീ യോംഗും.ദൃക്സാക്ഷി മൊഴിയില്‍ നിന്നും അയാളെ പോലീസ് അറസ്റ്റ് ചെയ്തു.

  ബുദ്ധിവളര്‍ച്ച ഇല്ലാത്ത ലീ യോംഗിന്റെ കുറ്റ സമ്മതം ഒപ്പിട്ടു വാങ്ങുകയും ചെയ്യുന്നു.അങ്ങനെ ജയിലില്‍ അടയ്ക്കപ്പെട്ട ലീ യോംഗിനെ ആദ്യം അവിടെയുള്ളവര്‍ എല്ലാം ഒരു കൊച്ചു കുട്ടിയുടെ കൊലപാതകി ആണെന്നും പറഞ്ഞ് ദ്രോഹിക്കുന്നു.എന്നാല്‍ ലീ യോംഗ് അവരുടെയെല്ലാം പ്രതീക്ഷകള്‍ക്കും അപ്പുറം ആയിരുന്നു.ലീ യോംഗിനെ അടുത്തറിഞ്ഞ അവര്‍ അയാളുടെ എല്ലാമെല്ലാം ആയ മകളെ അയാളെ കാണിക്കുവാന്‍ വേണ്ടി ഉള്ള ശ്രമം തുടങ്ങി.ലീ യോംഗിനു മകളെ കാണുവാന്‍ സാധിച്ചോ?ലീ യോംഗ് ആണോ യഥാര്‍ത്ഥ കുറ്റവാളി?അല്ലെങ്കില്‍ ലീ-യോമ്ഗിനു നീതി ലഭിക്കുമോ?ഇതിനെല്ലാം ഉള്ള ഉത്തരം ഒരു വ്യത്യസ്തമായ രീതിയില്‍ കണ്ടെത്തുകയാണ് ഈ ചിത്രം.യെ-സുംഗിന്റെ കുട്ടിക്കാലം അവതരിപ്പിച്ച കുട്ടിയുടെ ഓമനത്വം നിറയുന്ന മുഖവും അഭിനയവും മികച്ചതായിരുന്നു.അത് പോലെ തന്നെ ചില കഥാപാത്രങ്ങള്‍ ഒക്കെ ചിരിപ്പിക്കുകയും അല്‍പ്പം നൊമ്പരം ഉണര്‍ത്തുകയും ചെയ്തു.സാധാരണമായ ഒരു കഥയെ ഒരു കൊച്ചു പെണ്‍ക്കുട്ടിയുടെ കാഴ്ചപ്പാടില്‍ അവതരിപ്പിച്ചിരിക്കുന്നു ഈ ചിത്രത്തില്‍.കഥ സഞ്ചരിക്കുന്നത് അവളുടെ വാക്കുകളില്‍ ആണ്.സത്യം തേടിയുള്ള യാത്രയും അങ്ങനെ തന്നെ.

  വളരെ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രമായിരുന്നു ഇത്.ഒരു നല്ല ഫീല്‍ ഗുഡ് മൂവി എന്ന് വിളിക്കാം ഈ ചിത്രത്തെ.ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 7.5/10!!

  More reviews @ www.movieholicviews.blogspot.com

No comments:

Post a Comment