പ്രേക്ഷകന്റെ ഭാവനയില്‍ വിരിയുന്ന ഒരു ചിത്രമാണ് "ദി ഫൗണ്ടന്‍".അതിനായുള്ള സന്ദര്‍ഭങ്ങള്‍ ഒരുക്കി കൊടുത്തിരിക്കുകയാണ് "Pi" ,ബ്ലാക്ക് സ്വാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഡാരന്‍ അറ്നോഫ്സ്കി എന്ന സംവിധായകന്‍.നോണ്‍ ലീനിയര്‍ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ സിനിമയില്‍ മൂന്നു കാലഘട്ടത്തില്‍ ഉള്ള കഥകളാണ് അവതരിപ്പിച്ചിരിക്കുന്നത്.പ്രപഞ്ചാരംഭം മുതല്‍ തുടങ്ങുന്ന ഈ സിനിമയില്‍ ഭൂതം,ഭാവി,വര്‍ത്തമാനം എന്നീ മൂന്നു കാലഘട്ടങ്ങളെ സമര്‍ത്ഥമായി ഉപയോഗിച്ചിരിക്കുന്നു.ഈ കാലഘട്ടങ്ങള്‍ തമ്മില്‍ ഒരു ബന്ധമുണ്ട്.അവയുടെ എല്ലാം ലക്‌ഷ്യം ഒന്നാണ്.സര്‍വ ജീവന്റെയും തുടിപ്പെന്ന് വിശ്വസിക്കുന്ന ഒരു രഹസ്യത്തിലേക്ക്.മായന്മാരുടെ മിത്തുകളിലെ ശിബാബ എന്ന നക്ഷത്രക്കൂട്ടം ലക്ഷ്യമാക്കി യാത്ര തിരിക്കുന്ന ടോമാസ് എന്ന സ്പാനിഷ് പോരാളിയും , മരണം ഒരു രോഗമായി കാണണം എന്നും അതിനു മരുന്നുണ്ട് എന്ന് വിശ്വസിക്കുന്ന ക്രിയോ എന്ന ഡോക്റ്ററും ഭാവിയില്‍ മരണത്തെ അതിജീവിച്ച ക്രിയോ തന്‍റെ പ്രിയതമയെ തേടുന്ന ലോകവും എല്ലാം അവസാനിക്കുന്നത് ആ രഹസ്യത്തിലാണ്.
ഡോക്റ്റര്‍ ക്രിയോയുടെ ഭാര്യ ഇസ്സി തലച്ചോറിലെ ട്യൂമര്‍ മൂലം മരണത്തെ കാത്തിരിക്കുകയാണ്.അതിനെതിരായി ഒരു വൃക്ഷത്തില്‍ നിന്നുമെടുക്കുന്ന മരുന്ന് അവളെ സുഖപ്പെടുത്തും എന്നുള്ള വിശ്വാസത്തില്‍ പരീക്ഷണങ്ങള്‍ നടത്തുന്നു ക്രിയോ.അതേ സമയം ഇസ്സി ഒരു കഥയുടെ പണിപ്പുരയിലാണ്.സ്പാനിഷ് യോദ്ധാവായ ടോമാസ് മനുഷ്യനെ അജയനാക്കുന്ന മായന്‍ രഹസ്യത്തെ തേടി പോകുന്ന കഥ.എന്നാല്‍ അതിന്‍റെ അവസാന ഭാഗം എഴുതി ചേര്‍ക്കാന്‍ ഉള്ള നിയോഗം ക്രിയോയ്ക്കാണ് എന്ന് ഇസ്സി വിശ്വസിക്കുന്നു.പിന്നീടുള്ളത് ഭാവിയില്‍ മരണത്തെ അതിജീവിച്ച് തന്‍റെ പ്രിയതമയുമായി ഒന്നിക്കാന്‍ വെമ്പുന്ന കുമിള മനുഷ്യനും അവസാനം ആ രഹസ്യം കണ്ടെത്തുന്നു.നേരത്തെ പറഞ്ഞത് പോലെ ജീവന്‍റെ രഹസ്യം എന്ന് പറയാവുന്ന ആ പ്രാചീന സത്യത്തിന്റെ പൊരുള്‍ എന്താണ് എന്നുള്ളതാണ് ബാക്കി ചിത്രം പറയുന്നത്.
പെരുന്തച്ചന്‍റെ കുളം പോലെ ഒരു വശത്ത് നിന്ന് നോക്കിയാല്‍ ഒരു സയന്‍സ് ഫിക്ഷന്‍ ആണെന്ന് തോന്നുകയും,മറുഭാഗത്ത് നിന്നും നോക്കിയാല്‍ ഒരു ഫാന്റസി ആണെന്ന് തോന്നുന്ന ചിത്രത്തിന് യാഥാര്‍ത്ഥ്യം പറയുന്ന മുഖവും ഉണ്ട്. ഈ ചിത്രത്തില്‍ എടുത്തു പറയേണ്ടത് ഇതിന്‍റെ പശ്ചാതല സംഗീതമാണ്.ക്ലിന്റ് മാന്‍സേല്‍ ചിത്രത്തിന്‍റെ മൊത്തത്തില്‍ ഉള്ള ഒരു കാല്‍പ്പനിക അന്തരീക്ഷത്തെ പ്രതിനിധീകരിക്കുന്നുണ്ട്.പിന്നെ ഇതിന്‍റെ പല രംഗങ്ങളും കണ്ടപ്പോള്‍ ഇത് 3 D ചിത്രമായി ഇന്നെങ്ങാനും റിലീസ് ആയെങ്കില്‍ ഉള്ള സൌന്ദര്യം ഓര്‍ത്തു പോയി.അത്രയ്ക്കും മനോഹരമായാണ് ഇതിലെ ഭൂത-ഭാവി കാലങ്ങള്‍ അവതരിപ്പിക്കുന്നത്.ഹ്യൂജ്ക ജാക്ക്മാന്‍ നന്നായി മൂന്ന്‍ കാലത്തുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.ഒരു കഥയെക്കാളുപരി രംഗങ്ങള്‍ പ്രേക്ഷകന്‍റെ ഭാവനയ്ക്ക് അനുസൃതമായി സങ്കല്‍പ്പിക്കാന്‍ ഉള്ള അവസരം ആരോന്ഫസ്കി നല്‍കിയിട്ടുണ്ട്.ഒരു പ്രത്യേക ക്രമത്തില്‍ അല്ലാതെ രൂപപ്പെടുത്തിയ സീനുകള്‍ പോലും അത്തരമൊരു ചിന്തയ്ക്കുള്ള സാധ്യത നല്‍കുന്നുണ്ട്.വളരെ മനോഹരമായ ഒരു കോണ്‍സെപ്റ്റ് ഈ സിനിമയ്ക്കുണ്ട്.എന്നാല്‍ അത് എല്ലാവരെയും എത്രത്തോളം തൃപ്തിപ്പെടുത്തും എന്ന് പറയുക അസാധ്യമാണ്.2046 പോലെ ഉള്ള ചിത്രങ്ങള്‍ ഇഷ്ടമായവര്‍ക്ക് തീര്‍ച്ചയായും ഈ സിനിമ കണ്ടു നോക്കാവുന്നതാണ്.ഈ ചിത്രത്തിന് എന്‍റെ മാര്‍ക്ക് 7.5/10!!
More reviews @ www.movieholicviews.blogspot.com
No comments:
Post a Comment